യു പി: സ്തുതിപാഠകര്‍ക്കിത് നല്ല ദിനങ്ങള്‍

യു പി: സ്തുതിപാഠകര്‍ക്കിത് നല്ല ദിനങ്ങള്‍

2014 മെയില്‍ കേവലഭൂരിപക്ഷവുമായി നരേന്ദ്രമോഡി കേന്ദ്രഭരണം പിടിച്ചെടുത്തപ്പോള്‍ കാണാന്‍ സാധിക്കാത്ത അന്ധാളിപ്പാണ് ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ സാധാരണക്കാരിലും രാഷ്ട്രീയനിരീക്ഷകരിലും അവലോകന പടുക്കളിലുമെല്ലാം ഒരുപോലെ ദൃശ്യമായത്. സംശയമില്ല, യു.പിയിലും ഉത്തരാഖണ്ഡിലും മോഡിയുടെ പാര്‍ട്ടി കരഗതമാക്കിയ വിജയം ഞെട്ടിപ്പിക്കുന്നതാണ്. മോഡിഅമിത്ഷാ പ്രഭൃതികള്‍ പോലും സ്വപനം കാണാത്ത മൂന്നില്‍ രണ്ട് ഭൂരിപക്ഷം! 403 അംഗ സഭയില്‍ ബി.ജെ.പിക്കു മാത്രം 312സീറ്റ്. തൂക്കുസഭയായിരിക്കുമെന്ന് പ്രവചിച്ച സീഫോളിജിസ്റ്റുകള്‍ക്കും എക്‌സിറ്റ് പോള്‍ ഏജന്‍സികള്‍ക്കും തല കുനിക്കേണ്ടിവന്ന നിമിഷം. എണ്ണമറ്റ രാഷ്ട്രീയ സിദ്ധാന്തങ്ങളും വിവിധങ്ങളായ മുന്നറിയിപ്പുകളുമാണ് അതോടെ അപഗ്രഥനങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വയുടെ ഈ മുന്നേറ്റം നരേന്ദ്രമോഡി എന്ന ദേശീയപ്രഭാവവമുള്ള നേതാവിന്റെ തൃപ്പാദങ്ങളില്‍ അര്‍പ്പിക്കാനാണ് ഭൂരിഭാഗത്തിനും താല്‍പര്യം. ജവഹര്‍ലാല്‍ നെഹ്‌റുവിനും ഇന്ദിരാഗാന്ധിക്കും ശേഷം ദേശീയരാഷ്ട്രീയത്തിന്റെ ദിശയും ഗതിയും തിരുത്തിക്കുറിക്കുന്ന നേതാവായി മോഡി വളര്‍ന്നു എന്ന് വിലയിരുത്തലിലാണ് എല്ലാവരും ചെന്നെത്തുന്നത്. പ്രശസ്ത സിഫോളജിസ്റ്റ് (തെരഞ്ഞടുപ്പ് വിദഗ്ധന്‍ ) യോഗേന്ദ്രയാദവ് ബിജെ.പിയുടെ മിന്നും വിജയത്തില്‍ അത്ഭുതം കൂറിക്കൊണ്ട് പറഞ്ഞു; ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഇത് ആധിപത്യപരമായ (hegemonic)നിമിഷമാണ്. ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ചൂണ്ടിക്കാട്ടാനില്ലാതെ നേടിയെടുത്ത വിജയം മോദിയുടെ ജനകീയ പിന്തുണയുടെ അംഗീകാരമാണ്. ഈ തെരഞ്ഞെടുപ്പ് വിജയത്തോടെ രാജ്യമാസകലം ബി.ജെ.പിയുടെ മേല്‍ക്കോയ്മ ഉറപ്പിച്ചിരിക്കുന്നു. മോഡിയുടെ അപ്രമാദിത്വങ്ങളെയും താന്‍പോരിമയെയും കുറിച്ചുള്ള നല്ല വാക്കുകള്‍ക്കപ്പുറം രാഷ്ട്ര പ്രത്യയശാസ്ത്രപരമായി പോലും മോഡിയുടെ ലൈനിനെ അംഗീകരിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നുവെന്നതിന് യാദവിന്റെ വാക്കുകള്‍ സാക്ഷി: ബി.ജെ.പി ഇതര പാര്‍ട്ടികളുടെ രാഷ്ട്രീയ പാപ്പരത്തമാണ് തുറന്നുകാട്ടപ്പെട്ടത്. എസ്.പിയും ബി.എസ്.പിയും കൊണ്ടുനടക്കുന്ന ‘സാമൂഹിക നീതി’ ജാതീയതയല്ലാതെ മറ്റെന്താണ്? മതേതരത്വം ഒന്നുകില്‍ മുസ്‌ലിംകളെ പ്രീണിപ്പിക്കുന്നതാവും അല്ലെങ്കില്‍ അവരെ ബന്ദികളായി വെക്കുന്നത്. ‘സോഷ്യലിസം’ പാവപ്പെട്ടവന്റെ ആവശ്യങ്ങളും അഭിലാഷങ്ങളും അഭിമുഖീകരിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. വോട്ടര്‍മാരില്‍ ഏശാത്ത മോഡിവിരുദ്ധ രാഷ്ട്രീയമാണ് പ്രതിപക്ഷം പയറ്റുന്നത്. മോഡി ക്രിയാത്മകതയും അതിശക്തമായി കടന്നുകയറുന്നതുമാണ്. പ്രതിപക്ഷമാവട്ടെ, പ്രതിരോധത്തിലും നിഷേധാത്മകതയിലുമാണ്.

പ്രകീര്‍ത്തിക്കപ്പെടുന്ന മോഡി മാജിക്ക്
വരുംദിവസങ്ങള്‍ മോഡിസ്തുതിപാഠകരുടേതായിരിക്കും. മൂന്നുമാസക്കാലം സാമാന്യജനത്തിനു ദുരിതജീവിതം സമ്മാനിച്ച നോട്ട് അസാധുവാക്കല്‍ ഇന്ദിരാ ഗാന്ധിയുടെ ‘ഗരീബീ ഹഠാവോ’ മുദ്രാവാക്യം പോലെ ജനങ്ങളുടെ ഹൃദയാന്തരങ്ങളിലേക്ക് ഇറങ്ങിച്ചെന്ന പദ്ധതിയായിരുന്നുവെന്ന് വരെ മുഖപ്രസംഗങ്ങള്‍ കുറിച്ചിടാന്‍ ദേശീയ മാധ്യമങ്ങള്‍ മല്‍സരിക്കുന്ന ജുഗുപ്‌സാവഹമായ കാഴ്ചകള്‍! മതേതരത്വത്തെയും സാമൂഹിക നീതിയെയും സമത്വവാദത്തെയുമൊക്കെ ഹിന്ദുത്വക്കുവേണ്ടി തള്ളിപ്പറയാന്‍ വിദഗ്ധരും വിശകലന വിശാരദന്മാരും ഇനി ആവേശപൂര്‍വം രംഗപ്രവേശം ചെയ്യുമെന്ന് തീര്‍ച്ച. നരേന്ദ്രമോഡി ഉത്തര്‍പ്രദേശില്‍ കാണിച്ച ഇന്ദ്രജാലത്തിന്റെ പൊരുളെന്ത് എന്ന അന്വേഷണത്തില്‍ വിവിധങ്ങളായ ഭാഷ്യങ്ങളും വ്യാഖ്യാനങ്ങളും അവതരിപ്പിക്കപ്പെടുന്നുണ്ടിവിടെ. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഹാരിഷ് ഖരെ, യു.പിയിലെ മോഡിവിജയത്തെ കാണുന്നത് മറ്റൊരു തരത്തിലാണ്. 2015ല്‍ ഡല്‍ഹിയിലും ബീഹാറിലും മോഡിമാജിക് ഫലം കണ്ടില്ലെങ്കിലും സമീപകാലത്ത് മഹാരാഷ്ട്രയിലും ഒഡീസയിലും നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒഡീസയില്‍ 2012ല്‍ ജില്ലാ പരിഷത് തെരഞ്ഞെടുപ്പില്‍ 36സീറ്റുകള്‍ നേടിയ സ്ഥാനത്ത് 2017ആയപ്പോഴേക്കും 306സീറ്റുകള്‍ നേടി അടിത്തറ വിപുലപ്പെടുത്തുന്നതും നാം കണ്ടു. മഹാരാഷ്ട്രയില്‍ ശിവസേനയുടെ സഖ്യമില്ലാതെ മല്‍സരിച്ചിട്ടും നില മെച്ചപ്പെടുത്തി. എന്നാല്‍, യു.പിയില്‍ ഏറ്റവും വലിയ ഒന്നാമത്തെ കക്ഷിയായി ഉയര്‍ന്നേക്കാം എന്നല്ലാതെ കേവല ഭൂരിപക്ഷത്തിലൂടെ ലഖ്‌നോവിലെ അധികാര സോപാനത്തിലെത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും പലരും കണക്കൂകൂട്ടി. ആ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് കോണ്‍ഗ്രസ് അതിന്റെ സുവര്‍ണ കാലഘട്ടത്തില്‍ വാരിക്കൂട്ടുന്ന പിന്തുണക്ക് സമാനമായ മാന്‍ഡേറ്റ് എങ്ങനെ താമരപ്പാര്‍ട്ടി കൈക്കലാക്കി എന്ന ചോദ്യത്തിന് നമ്മുടെ മുന്നില്‍ ചില ഉത്തരങ്ങളുണ്ട്. ഒരൊറ്റ മുസ്‌ലിം സ്ഥാനാര്‍ഥിയെയും നിറുത്താതെ, പ്രീണനത്തിന് തയാറാവാത്ത പാര്‍ട്ടി എന്ന പ്രതിഛായ സൃഷ്ടിച്ചെടുക്കുന്നതില്‍ ബി.ജെ.പി നേടിയവിജയമാണ് ഇപ്പോഴത്തെ തിളക്കത്തിന്റെ നിദാനമെന്ന് ഹാരിഷ് ഖരെ തൊട്ടുകാണിക്കുന്നു. 1952നു ശേഷം ആദ്യമായി മുസ്‌ലിംകളെ മാറ്റിനിര്‍ത്തി തെരഞ്ഞെടുപ്പ് നേരിട്ടത് 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലാണ്. ആ തന്ത്രം വിജയപ്രദമാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിംകളുടെ അന്യവത്കരണം പൂര്‍ത്തീകരിക്കുന്ന തന്ത്രത്തിനു ഇത്തവണയും ആധികാരികത നല്‍കുന്നത്. ദലിത്മുസ്‌ലിം കൂട്ടുക്കെട്ടില്‍ പ്രതീക്ഷ അര്‍പ്പിച്ച മായാവതി നൂറോളം സീറ്റുകളില്‍ മുസ്‌ലിം സ്ഥാനാര്‍ഥികളെ നിറുത്തുമ്പോള്‍, അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി മറ്റൊരു മുസ്‌ലിം പടയെ ഗോദയിലിറക്കുമ്പോള്‍ തങ്ങള്‍ അത്തരം പ്രീണനങ്ങള്‍ക്കൊന്നും തയാറല്ല എന്ന സന്ദേശവുമായി ഹിന്ദുത്വ പാര്‍ട്ടി നടത്തിയ പരീക്ഷണം വിജയിച്ചു. അതിലടങ്ങിയ വിഭാഗീയതയെയും വര്‍ഗീയതയെയും കാണാന്‍ ആരും കൂട്ടാക്കിയില്ല എന്നല്ല , അത് മികച്ച തെരഞ്ഞെടുപ്പ് അടവായി പ്രകീര്‍ത്തിക്കപ്പെടുക പോലും ചെയ്യുന്നു. എല്ലാ വിഭാഗം ഹിന്ദുക്കള്‍ക്കും സ്വീകാര്യനായ ഒരു വ്യക്തിപ്രഭാവം കടഞ്ഞെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ജാതിഉപജാതി വേര്‍തിരിവുകളുടെ അതിര്‍വരമ്പുകള്‍ തട്ടിനിരത്തുന്ന തരത്തില്‍ ഭൂരിപക്ഷസമൂഹം അഭിലഷിക്കുന്ന ഇന്ത്യ എന്ന ആശയത്തെ അല്ലെങ്കില്‍ സ്വപ്‌നത്തെ പ്രതിനിധീകരിക്കാന്‍ മോഡിക്കു സമീപകാലത്തായി സാധിച്ചു.
ഹിന്ദുരാഷ്ട്രീയത്തില്‍നിന്ന് വേര്‍തിരിക്കപ്പെട്ട നിലയില്‍ മുസ്‌ലിംകളെ അഭിമുഖീകരിക്കുന്ന കാലത്തോളം ഹിന്ദുത്വ രാഷ്ട്രീയം ഇവിടെ നിലനില്‍ക്കുക തന്നെ ചെയ്യുമെന്ന് നൗഷിന്‍ റഹ്മാന്‍ എന്ന യുവാവ് ഹിന്ദിയില്‍ പ്രസിദ്ധീകരിച്ച ഒരു കുറിപ്പ് ഇന്ന് ആംഗല മാധ്യമങ്ങളില്‍ വൈറലാവുന്നുണ്ട്. അതായത്, മുസ്‌ലിംകളുടെ പേരില്‍ ആരും വോട്ട് ചോദിക്കുകയോ അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയോ അരുത്; അങ്ങനെ ചെയ്യുന്ന കാലത്തോളം ഹിന്ദുക്കള്‍ വര്‍ഗീയമായി മാത്രമേ ചിന്തിക്കുകയുള്ളൂവെന്ന പശ്ചാത്തപ ധ്വനിയോടെയുള്ള വികലവീക്ഷണത്തിന് സ്വീകാര്യത കിട്ടുകയാണ്. ജനായത്ത വ്യവസ്ഥിതിയില്‍നിന്ന് 20കോടി വരുന്ന ജനവിഭാഗത്തെ മാറ്റിനിര്‍ത്തി അവരെ രാഷ്ട്രീയമായി ഷണ്ഡീകരിക്കാനുള്ള ഗൂഢചിന്തയാണ് ഇത്തരം വിതണ്ഡവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് . മുസ്‌ലിം നേതാക്കന്മാരെല്ലാം രാഷ്ട്രീയത്തില്‍ ഇടപെടുന്നത് അവരവരുടെ കൊച്ചുകൊച്ചു താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും സാമൂഹിക നീതിയെ കുറിച്ചും പാര്‍ലമെന്റിലെ പ്രാതിനിധ്യത്തെ കുറിച്ചുമൊക്കെ ശബ്ദിക്കുന്നത് മുസ്‌ലിം നേതാക്കളുടെ അധികാരമോഹം കൊണ്ടാണെന്നും മുസ്‌ലിം സമൂഹത്തിനു നേരെ ഭൂരിപക്ഷസമുദായം തിരിയുന്നത് ഇത് കൊണ്ടാണെന്നും വാദിക്കാന്‍ പുതിയ സാഹചര്യം നിര്‍ബന്ധിക്കുന്നത് ഒരുതരം ഭീതി മൂലമാണ്. മുസ്‌ലിംകളോടുള്ള വിദ്വേഷം കൂടാന്‍ കാരണം മുസ്‌ലിം രാഷ്ട്രീയം കൊണ്ടാണത്രെ. അബൂ അസ്മിയും അസദുദ്ദീന്‍ ഉവൈസിയും ആസംഖാനും ഇമാം ബുഖാരിയും സല്‍മാന്‍ ഖുര്‍ഷിദും ശാഹിദ് സിദ്ദീഖിയും കമാല്‍ ഫാറൂഖിയുമെല്ലാം രാഷ്ട്രീയം കളിക്കുന്നത് സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണെന്നും ഇവര്‍ മുസ്‌ലിം ജനസാമാന്യത്തിനായി ഒന്നും ചെയ്യുന്നില്ലെന്നുമാണ് ഇയാളുടെ വാദം. സ്വാഭാവികമായും എത്തിച്ചേരുന്ന അനുമാനം, മുസ്‌ലിം സമൂഹത്തിനു വേണ്ടി ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കുന്നത് നരേന്ദ്രമോഡിയും കൂട്ടരുമാണ് എന്നാവണം. 400 സ്ഥാനാര്‍ഥികളെ നിര്‍ത്തുമ്പോള്‍ 20ശതമാനം വരുന്ന, നാല് കോടിജനങ്ങളുടെ ഒരു പ്രതിനിധി ഉണ്ടാവരുതെന്ന് ശഠിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിനു മുന്നില്‍ കീഴടങ്ങി ജീവിച്ചിരുന്നുവെങ്കില്‍ ഹിന്ദുക്കളാരും നമ്മെ ശത്രുക്കളായി കാണില്ലല്ലോ എന്ന മണ്ടന്‍വാദങ്ങള്‍ പെരുത്തും ഇനി കേള്‍ക്കാനിരിക്കുന്നേയുള്ളൂ. മാനസികമായി നൈരാശ്യത്തിലേക്ക് എടുത്തെറിയപെടുന്ന ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ ആത്മഹത്യാപരമായ വികല ചിന്തകള്‍ പലതും കടന്നുവരുക തന്നെ ചെയ്യും. യു.പിയിലും ഒരുവേള യു.പിയുടെ ഭാഗമായിരുന്ന ഉത്തരാഖണ്ഡിലും ആഞ്ഞടിച്ച രാഷ്ട്രീയസുനാമി തീവ്രവലതുപക്ഷ വികാരത്തിന്‍േറതാണ്. രാഷ്ട്രീയത്തിന്റെ വര്‍ഗീയവത്കരണം താഴേതട്ടില്‍ എത്ര ഗുരുതരമായിരുന്നുവെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തക വിദ്യാ സുബ്രഹ്ണ്യം പങ്കുവെക്കുന്നുണ്ട്. മോഡിയുടെ ഖബറിസ്ഥാന്‍, ശ്മശാന പ്രയോഗങ്ങളും യോഗി ആദിത്യനാഥിനെ പോലുള്ള വിഷം വമിക്കുന്ന ആര്‍.എസ്.എസ്‌കാരുടെ മുസ്‌ലിം ഭര്‍ത്സന ആക്രോശങ്ങളും സാമാന്യജനത്തിന്റെ മനസ്സുകളില്‍ കൊടിയ വിഷം കുത്തിവെച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നിയമസഭകളിലേക്കാണെങ്കിലും കിട്ടാവുന്ന സന്ദര്‍ങ്ങളിലെല്ലാം ശത്രുരാജ്യമായ പാകിസ്ഥാന്റെ പേര് പരാമര്‍ശിക്കാന്‍ മോഡിയും സംഘികളും നടത്തിയ ശ്രമങ്ങള്‍ സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടാണ്. കാണ്‍പൂര്‍ തീവണ്ടി അപകടത്തിന്റെ പിന്നില്‍ അതിര്‍ത്തികടന്നുള്ള ഭീകരവാദികളാണെന്ന് മോഡി പലവട്ടം ആവര്‍ത്തിച്ചു. റെയില്‍പാളത്തിന്റെ പഴക്കമാണ് അപകട കാരണമെന്നും സ്‌ഫോടനത്തിന്റെയോ തീവ്രവാദികളുടെ പങ്കാളിത്തത്തിന്റെയോ തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും യു പി പോലീസ് മേധാവി അസന്ദിഗ്ധമായി പറഞ്ഞിട്ടും അതിര്‍ത്തിക്കപ്പുറത്തേക്ക് വിരല്‍ചൂണ്ടുന്നത് മുസ്‌ലിംകള്‍ക്കെതിരെ വികാരമുണര്‍ത്താനാണ്. മുംബൈ സ്‌ഫോടനക്കേസിലെ പ്രതി കസബിന്റെ പേര് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ എടുത്തിട്ടതും അതേ ലക്ഷ്യത്തിനാണ്. (ഈ തെരഞ്ഞെടുപ്പില്‍ വില്ലന്മാര്‍ മുസ്‌ലിംകളായിരുന്നു. അലഹബാദ് ഹൈകോടതിയിലെ 30ലേറെ അഭിഭാഷകരുമായി സംസാരിച്ചപ്പോള്‍ അവരെല്ലാം മോഡിക്ക് വോട്ട് ചെയ്യുമെന്ന് തറപ്പിച്ചുപറഞ്ഞതായി വിദ്യാ സുബ്രഹ്മണ്യം അനുസ്മരിക്കുന്നു. തനിക്കു മോഡിയോട് ഒരുതരത്തിലുള്ള മമതയുമില്ലെങ്കിലും 403 സ്ഥാനാര്‍ഥിലകളില്‍ ഒരു മുസ്‌ലിമിനെ പോലും നിര്‍ത്താന്‍ കൂട്ടാക്കാത്ത ആ ധീരതയെ മാനിക്കുന്നുവെന്നും അതുകൊണ്ടാണ് താമരക്ക് വോട്ട് ചാര്‍ത്തുന്നതെന്നും ഒരു വനിത അഭിഭാഷക തുറന്നുപറഞ്ഞത്രെ. ‘സീനോഫോബിയ’ അഥവാ അന്യരോടുള്ള വിദ്വേഷം ഇത്രമാത്രം തിളച്ചുമറിഞ്ഞ ഒരു തെരഞ്ഞെടുപ്പ് അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍, മോഡിയുടെ ‘ശ്രേഷ്ഠവ്യക്തിത്വം’ കൊണ്ട് എല്ലാ ആസുര ചിന്തകളെയും മറച്ചുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

അടിത്തട്ടില്‍ സംഭവിച്ചതും സംഭവിക്കാന്‍ പോകുന്നതും
മോഡിപ്രഭാവത്തെ കുറിച്ച് ഊറ്റംകൊള്ളുന്നവര്‍ ഒഴിഞ്ഞുമാറുന്ന ഒരു ചോദ്യം, എന്തുകൊണ്ട് പഞ്ചാബിലും ഗോവയിലും മണിപ്പുരിലും ആ പ്രഭാവം ബി.ജെ.പിക്കു ഗുണം ചെയ്തില്ല എന്നതാണ്. പഞ്ചാബില്‍ കോണ്‍ഗ്രസ് മികച്ച തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. എക്കാലവും ഹിന്ദുത്വ രാഷ്ട്രീയത്തെ മാറോടണക്കാറുള്ള ഗോവയില്‍ 40ല്‍ 17സീറ്റ് നേടി കോണ്‍ഗ്രസാണ് മേല്‍കൈ സ്ഥാപിച്ചത്. മണിപ്പൂരിലും സ്ഥിതി മറിച്ചല്ല. എന്തേയ് മോദിത്വ അവിടെ വിലപ്പോയില്ല. ഇവിടെയാണ് ഹിന്ദി ഹൃദയഭൂവിന്റെ രാഷ്ട്രീയഭാഗധേയം നിര്‍ണയിക്കുന്ന ജാതിസമവാക്യത്തില്‍ സംഭവിച്ച വ്യതിയാനങ്ങള്‍ യു.പിയിലെയും ഉത്തരാഖണ്ഡിലെയും തെരഞ്ഞെടുപ്പ് ഫലം ഏതുവിധം സ്വാധീനിച്ചുവെന്ന് തെളിയുന്നത്. 1990കളില്‍ രൂപപ്പെട്ട മണ്ഡല്‍ പ്രതിഭാസത്തോടെ ശക്തിയാര്‍ജിച്ച സ്വത്വരാഷ്ട്രീയമാണ് മുലായംസിംഗ് യാദവിനെയും ലാലുപ്രസാദിനെയും മായാവതിയെയുമൊക്കെ ദേശീയ രാഷ്ട്രീയത്തിനു സംഭാവന ചെയ്തത്. പിന്നോക്കവിഭാഗങ്ങളും ദലിതുകളും മുസ്‌ലിംകളും കൈകോര്‍ത്തുകൊണ്ടുള്ള ഈ രാഷ്ട്രീയസമവാക്യം നിഷ്പ്രഭമാക്കിയത് സവര്‍ണബ്രാഹ്മണരാഷ്ട്രീയമേല്‍ക്കോയ്മയെയായിരുന്നു. ഹിന്ദിബെല്‍റ്റില്‍ കേണ്‍ഗ്രസ് തകര്‍ന്നടിഞ്ഞത് അവര്‍ണരാഷ്ട്രീയത്തിന്റെ ശാക്തീകരണം വഴിയായിരുന്നു. അതിനിടയിലേക്ക് കയറി വന്ന ഹിന്ദുത്വരാഷ്ട്രീയത്തിന്റെയും അടിബലം സവര്‍ണരായിരുന്നു. പിന്നോക്കന്യൂനപക്ഷദലിതുവിഭാഗങ്ങളില്‍ കാര്യമായ കടന്നുകയറ്റം നടത്തുന്നതില്‍ ഒരു പരിധിവരെ മാത്രമേ അവര്‍ വിജയിച്ചുള്ളു. ദലിതുകളുടെ ഹിന്ദുത്വവത്കരണമാണ് ഗുജറാത്തില്‍ ബി.ജെ.പിക്ക് അടിത്തറ ഉണ്ടാക്കിക്കൊടുത്തത്. എന്നാല്‍, 2014ലെ പൊതുതെരഞ്ഞെടുപ്പോടെ യു.പിയുടെ രാഷ്്വട്രീയ സമവാക്യം മാറ്റിയെഴുതാന്‍ ഹിന്ദുത്വക്ക് സാധിച്ചതോടെ ബി.ജെ.പി, യാദവ ഇതര പിന്നോക്കവിഭാഗത്തിലേക്കും ജാദവ ഇതര ദലിതുവിഭാഗങ്ങളിലേക്കും സ്വാധീന മേഖല വ്യാപിപ്പിച്ചു. അങ്ങനെയാണ് ഇതുവരെ എസ്.പിയെയും ബി.എസ്.പിയെയും മാത്രം പിന്തുണച്ച ജനവിഭാഗത്തിന്റെ വോട്ട് പിടിച്ചെടുക്കുന്നതും ഇതുവരെ കടന്നുചെല്ലാത്ത മേഖലകളില്‍ ആധിപത്യം സ്ഥാപിക്കുന്നതും. അങ്ങനെയാണ് പട്ടികജാതി/പട്ടിക വിഭാഗത്തിനു സംവരണം ചെയ്ത മൊത്തം 86സീറ്റുകളില്‍നിന്ന് 76ഉം മോദിയുടെ പാര്‍ട്ടി സ്വന്തമാക്കുന്നത്. ‘സെക്കുലര്‍വോട്ട്’ അഖിലേഷിന്റെയും മായാവതിയുടെയും പാര്‍ട്ടികള്‍ വീതം വെച്ചപ്പോള്‍ അതിനിടയിലൂടെ കടന്നുകയറിയാണ് മുസ്‌ലിംവോട്ടര്‍മാര്‍ 50ശതമാനത്തിലേറെയുള്ള ഏതാനും മണ്ഡലങ്ങളില്‍പോലും വിജയമുറപ്പിക്കുന്നത്. കോണ്‍ഗ്രസ് അസ്തമിച്ചുകൊണ്ടിരിക്കെ സാക്ഷാത്കരിച്ച ‘സോഷ്യല്‍ എഞ്ചിനീയറിംഗ്’ റിവേഴ്‌സ് ഗിയറിലൂടെ എതിര്‍ദിശയിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങിയതാണ് നാമിപ്പോള്‍ കാണുന്നത്.

കോണ്‍ഗ്രസിന്റെ പഴയ ഭൂമിക ബി.ജെ.പി പിടിച്ചടക്കിക്കഴിഞ്ഞു. ഒരു മാപ്പ് വരച്ച് വിവിധ പാര്‍ട്ടികളുടെ സ്വാധീനം നിറം കൊടുത്ത് അടയാളപ്പെടുത്തുമ്പോള്‍ ആകെ ഒരു കാവിമയം. അങ്ങിങ്ങ് കാണുന്ന നിറഭേദം പ്രാദേശിക കക്ഷികളുടേതായിരിക്കും. എക്കാലവും കോണ്‍ഗ്രസിന്റെ ഈറ്റില്ലമായി വര്‍ത്തിച്ച വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മൂന്നിടത്ത് അസമിലും അരുണാചല്‍ പ്രദേശിലും മണിപ്പുരിലും, കാവി ധ്വജം പറന്നുകഴിഞ്ഞു. 2022ഓടെ പുതിയൊരു ഇന്ത്യ രൂപപ്പെടുമെന്നും ഈ തെരഞ്ഞെടുപ്പ് ഫലം അതിനുള്ള അടിത്തറയാണ് പാകിയിരിക്കുന്നതെന്നും മോഡി പ്രഖ്യാപിക്കുമ്പോള്‍ ആ ഇന്ത്യ ആര്‍.എസ്.എസിന്റെ വിഭാവനയിലുള്ള ഹിന്ദു ഇന്ത്യ ആയിരിക്കുമെന്ന് ഭയപ്പെടാതിരിക്കാന്‍ കാരണം കാണുന്നില്ല.

എന്നിരുന്നാലും, ജനാധിപത്യ ഇന്ത്യയില്‍ വിശ്വാസമര്‍പ്പിക്കാന്‍ ഇവിടുത്തെ ഓരോ പൗരനും അവകാശമുണ്ട്. മോഡിസ്ഥാനിലേക്കാണ് രാജ്യത്തിന്റെ ഗമനം എന്ന് സ്വയം വിലപിച്ച് നൈരാശ്യത്തിന്റെ പടുകുഴിയില്‍ ആപതിക്കുന്നതിനു പകരം ഇപ്പോഴും മതേതരപക്ഷത്ത് ഉറച്ച് നില്‍ക്കുന്ന 60ശതമാനം പൗരന്മാരെ വിലകുറച്ചുകാണേണ്ടതില്ല. മോഡി പ്രതിഭാസം ശാശ്വതമാണെന്ന് വിചാരിക്കേണ്ട. മോഡിയെപോലുള്ള ഒരു നേതാവിന്റെ സാന്നിധ്യം സൃഷ്ടിക്കുന്ന ഭാവിയിലെ ആഭ്യന്തരവൈരുധ്യങ്ങള്‍ ഹിന്ദുത്വ വിചാരധാരയെ ഒരു ഘട്ടത്തില്‍ തകര്‍ക്കുക തന്നെ ചെയ്യും.

ശാഹിദ്‌