ഇസ്‌ലാമിന്റെ ലോകം സഹവര്‍ത്തിത്വത്തിന്റെയും

ഇസ്‌ലാമിന്റെ ലോകം സഹവര്‍ത്തിത്വത്തിന്റെയും

യൂറോപ്പ എന്ന സുന്ദരിയായ കന്യകയെ ജന്മദേശമായ ഫിനീഷ്യയില്‍ നിന്നും സൂയസ് ദേവന്‍ തട്ടിക്കൊണ്ടുപോവുകയും ക്രീറ്റ് എന്ന പൗരാണിക യൂറോപ്യന്‍ പ്രവിശ്യയില്‍ താമസിപ്പിക്കുകയും ചെയ്തു. ഒരുപാട് സമ്മാനങ്ങളും പാരിതോഷികങ്ങളും നല്‍കിയെങ്കിലും സൂയസിനൊപ്പം ജീവിതം ആസ്വദിക്കുവാനാവാതെ യൂറോപ്പ അതി സാഹസികമായി തന്റെ ജന്മദേശത്തേക്ക് മടങ്ങുകയും ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തുവത്രെ. പടിഞ്ഞാറന്‍ ദേശത്തെ ഭൂരിഭാഗം വരുന്ന ഭൂപ്രദേശത്തിന് യൂറോപ്പ് എന്ന് പേരുവന്നതിനുപിന്നില്‍ യൂറോപ്പയുടെ സാഹസിക ജീവിതമാണ് പശ്ചാതലമെന്ന ഒരു മിത്ത് യൂറോപ്പില്‍ പ്രചാരത്തിലുണ്ട്. യൂറോപ്പിന്റെ നാമകരണത്തില്‍പോലും വൈദേശീയതയുടെയും വൈജാത്യങ്ങളുടെയും സാന്നിധ്യമുണ്ടെന്ന് ഈ പഴങ്കഥ വിളിച്ചോതുന്നുണ്ട്. നാനാത്വങ്ങളും വൈജാത്യങ്ങളും കൊണ്ട് സമ്പന്നമാണ് യൂറോപ്പിന്റെ ചരിത്രം. ബൃഹത്തായ ഒരു ഭൂഖണ്ഡം എന്ന നിലക്കും സമ്പന്നമായ സംസ്‌കൃതി എന്ന നിലക്കും യൂറോപ്പിന്റെ സ്വത്വത്തോട് തൊട്ടുരുമ്മിക്കിടക്കുന്ന വൈജാത്യങ്ങള്‍ മറച്ചുവെക്കാനാവുന്നതല്ല. ഏകശിലാത്മകമായ ഒരു യൂറോപ്പ്യന്‍ വാര്‍പ്പുമാതൃകക്ക് ചരിത്രപരമായി തന്നെ സാധുതയില്ലെന്ന് ചുരുക്കം. നൂറ്റാണ്ടുകളായി യൂറോപ്പ് സ്വാംശീകരിക്കുകയും തങ്ങളുടേതെന്ന് ചേര്‍ത്തുവെക്കുകയും ചെയ്ത വിലാസത്തിന് തീര്‍ത്തും വ്യത്യസ്തമായും ചിലപ്പോഴൊക്കെ വിരുദ്ധമായുമാണ് ഇസ്‌ലാം നിലകൊണ്ടിരുന്നതെന്ന് എഡ്വേര്‍ഡ് സയ്ദിനെപ്പോലെയുള്ള ഗവേഷണ പടുക്കള്‍ വിലയിരുത്തുന്നുണ്ട്. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളിലായി യൂറോപ്പിന്റെ പര്‍വതീകരിക്കപ്പെട്ട സ്വത്വബോധത്തിന് ഭീഷണിയായി ഇസ്‌ലാം അതിന്റെ അതിര്‍വരമ്പുകളെ മാറ്റിവരക്കുന്നത് വര്‍ദ്ധിച്ചിട്ടുമുണ്ട്. പടിഞ്ഞാറന്‍ യൂറോപ്പിലെ ഭൂരിപക്ഷ മുസ്‌ലിം സമൂഹങ്ങളും ഇംഗ്ലണ്ടിലുള്ള സൗത്ത് ഏഷ്യന്‍സും, ഫ്രാന്‍സ്, സ്‌പെയിന്‍, ബെല്‍ജിയം, നെതര്‍ലാന്റ് എന്നിവിടങ്ങളിലെ മഗ്‌രിബികളും ജര്‍മനി, ഓസ്ട്രിയ, നെതര്‍ലന്റ് തുടങ്ങിയ രാജ്യങ്ങളിലെ തുര്‍ക്കികളും കുര്‍ദികളും രണ്ടാം ലോക മഹായുദ്ധത്തെത്തുടര്‍ന്നുണ്ടായ നിര്‍ബന്ധിത കുടിയേറ്റങ്ങളുടെ ഭാഗമായി രൂപപ്പെട്ട സമൂഹങ്ങളാണ്. അവരുടെ പിന്‍തലമുറ തങ്ങളുടെ പൂര്‍വ്വികരുടെ സംസ്‌കൃതിയെ നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇന്നും ജീവിച്ചുപോരുന്നുമുണ്ട്. യൂറോപ്പിനുള്ളില്‍തന്നെ നിര്‍ബന്ധിത കുടിയേറ്റങ്ങളുടെ ഭാഗമായി ഇസ്‌ലാം വരച്ചിട്ട സവിശേഷമായ വരമ്പുകളായി അവ ഇന്നും അവശേഷിക്കുന്നു. എന്നാല്‍ 9/11 നു ശേഷം യൂറോപ്പില്‍ മുസ്‌ലിംകളുടെതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഭീകരപ്രവര്‍ത്തനങ്ങളുടെ അനന്തര ഫലമായി ഇസ്‌ലാമും പാശ്ചാത്യതയും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുകയും മുസ്‌ലിം സമൂഹങ്ങളെയും അവരുടെ അനുഷ്ഠാന കര്‍മങ്ങളെയും ഭയത്തോടെയും സംശയത്തോടെയും നോക്കിക്കാണുന്ന സ്ഥിതിവിശേഷം യൂറോപ്പിന്റെ പല ഭാഗങ്ങളിലും ഉടലെടുക്കുന്നതിന് കാരണമാവുകയും ചെയ്തു. അനന്തര ഫലമായി ഇസ്‌ലാമിക സാന്നിധ്യമുള്ള പടിഞ്ഞാറന്‍ യൂറോപ്പില്‍ പാരീസിലെ ബ്രാഡ്‌ഫോര്‍ഡ് മുതല്‍ ബാന്‍ല്യൂസ് വരെയും മോളന്‍ബീക്കിലെ ചായമക്കാനികള്‍ മുതല്‍ ക്രൂസ്ബര്‍ഗിലെ മസ്ജിദുകള്‍ വരെയും മുസ്‌ലിം വിരുദ്ധമായ യൂറോ പ്യന്‍ സ്വത്വബോധം അഭൂതപൂര്‍വമായി ശക്തിപ്പെടുകയും ചെയ്തു. ഇസ്‌ലാമിനെതിരായുള്ള സംഘടിത യജ്ഞത്തില്‍ പക്ഷഭേദമന്യേ യൂറോപ്യന്‍ ബുദ്ധിജീവികള്‍ സംഘടിക്കുകയും സങ്കര സാംസ്‌കാരികതയും അഭിപ്രായ സ്വാതന്ത്ര്യവും പുതിയ ചര്‍ച്ചകള്‍ക്കും സങ്കുചിത നിയമങ്ങള്‍ക്കും പാത്രീഭൂതമാവുകയും ചെയ്തു. യൂറോപ്പിന്റെയും ഇസ്‌ലാമിന്റെയും സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തിന് പിന്നില്‍ നിക്ഷിപ്ത രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്നും വ്യക്തമാണ്. മുസ്‌ലിം ചരിത്ര സംഭാവനകളെയും സാംസ്‌കാരിക ശേഷിപ്പുകളെയും മറച്ചുവെച്ചുകൊണ്ടുള്ള ചരിത്രരചനകള്‍ക്കു പിന്നില്‍ ഇത്തരം രാഷ്ട്രീയ താല്‍പര്യങ്ങള്‍ നിഴലിച്ചുനില്‍ക്കുന്നത് കാണാം. എന്നാല്‍ നിഷ്പക്ഷമതികളായ ചുരുക്കം ചരിത്രകാരന്മാരെങ്കിലും ഇസ്‌ലാമിന്റെ യൂറോപ്പിലേക്കുള്ള ആഗമനം ഇന്നോ ഇന്നലെയോ സംഭവിച്ചതല്ലെന്നും തെക്ക് കിഴക്കന്‍ ഭാഗത്തും തെക്ക് പടിഞ്ഞാറന്‍ ഭാഗത്തുമുള്ള ഐബീരിയയിലും ബാള്‍ക്കാന്‍ പെനിന്‍സുലയിലുമുള്ള മുസ്‌ലിം സമൂഹങ്ങളുടെ ചരിത്രത്തിന് പടിഞ്ഞാറേതര മുസ്‌ലിം ലോകത്തുള്ളതുപോലെത്തന്നെ പ്രാധാന്യമുണ്ടെന്നും സമ്മതിക്കുന്നുണ്ട്.
ഇതര സംസ്‌കാരങ്ങളെ ഉള്‍വഹിച്ചുകൊണ്ടുതന്നെ സഹവര്‍ത്തിത്വത്തോടെയും സഹിഷ്ണുതയോടെയുമുള്ള സാമൂഹിക ജീവിതത്തിന്റെ ഉദാത്ത മാതൃകകളായാണ് യൂറോപ്പിലെ മുസ്‌ലിം സംസ്‌കാരത്തെയും അത് കടന്നുവന്ന പൗരാണിക സാംസ്‌കാരിക മാതൃകയെയും പല ചരിത്ര ഗവേഷകരും വിലാസപ്പെടുത്തിയിരുന്നത്. എ ഡി 711ല്‍ ഉമയ്യദ് ഭരണകൂടത്തിന്റെ സൈനികത്തലവനായിരുന്ന താരീഖ് ബിന്‍ സിയാദാണ് ജിബ്രാള്‍ട്ടര്‍ കടലിടുക്കുകള്‍ താണ്ടി ഐബീരിയയിലെത്തി മുസ്‌ലിം ചരിത്രത്തിന് നാന്ദികുറിക്കുന്നത്. 1492ല്‍ ഗ്രാനഡയിലെ അമീര്‍ മുഹമ്മദ് പന്ത്രണ്ടാമന്‍ കാസ്റ്റീലിയന്‍ ഏകാധിപതികളായ ഫെര്‍ഡിനാന്റിന്റെയും ഇസബെല്ലയുടെയും അധീശത്വത്തിന് കീഴടങ്ങുന്നതുവരെ ബാള്‍ക്കന്‍ പെനിസുലയില്‍ മുസ്‌ലിം രാഷ്ട്രീയ ശക്തി നിലനിന്നിരുന്നു. 1609ല്‍ ഫിലിപ്പ് രണ്ടാമന്റെ മോറിസ്‌കോസ് പടയോട്ടത്തോടുകൂടിയാണ് ഐബീരിയയില്‍നിന്ന് ഇസ്‌ലാം പിഴുതെറിയപ്പെടുന്നത്. അറബി സംസാരിക്കുകയും രഹസ്യമായി ഇസ്‌ലാമിക അനുഷ്ഠാനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന അവരുടെ മുസ്‌ലിം തലമുറകളെ ഇന്നും ഐബീരിയയില്‍ കാണാം. 1387ല്‍ വെനീഷ്യന്‍സില്‍നിന്ന് തെസ്സലോനകി എന്ന പ്രദേശം ഓട്ടോമന്‍ ഭരണകൂടം പിടിച്ചെടുത്തതുമുതലാണ് ബാള്‍ക്കനില്‍ ഇസ്‌ലാമിന്റെ ആവിര്‍ഭാവമുണ്ടാകുന്നത്. 1389ല്‍ കോസോവോ യുദ്ധം ജയിച്ചതോടുകൂടി ബാള്‍ക്കന്‍ പെനിന്‍സുല ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പൂര്‍ണ അധീനതയിലാവുകയും ചെയ്തു. 1912-13 വര്‍ഷങ്ങളില്‍ നടന്ന ബാള്‍ക്കന്‍ യുദ്ധങ്ങളുടെ അവസാനത്തോടെ പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ പ്രവിശ്യകളിലുള്ള ഓട്ടോമന്‍ ആധിപത്യം അവസാനിച്ചെങ്കിലും അര്‍മേനിയയും ടര്‍കിഷും പോമാകും റോമാനിയയും സംസാരിക്കുന്ന മുസ്‌ലിം സമൂഹങ്ങള്‍ ബാള്‍ക്കനില്‍ അവശേഷിക്കുകയും അവരുടെ സാംസ്‌കാരിക ശേഷിപ്പുകള്‍ക്കൊണ്ട് പിന്‍തലമുറയെ ആശീര്‍വദിക്കുകയും ചെയ്തു. യൂറോപ്പിന്റെ സാമൂഹികമായ വാര്‍പ്പുഘടനക്ക് അന്യമായിരുന്നുവെങ്കിലും സാംസ്‌കാരിക സ്വത്വവാദത്തിന്റെ പേരില്‍ അന്യര്‍ക്ക് ഭ്രഷ്ട് കല്‍പിക്കുന്ന പുതുകാലത്ത് അല്‍ അന്തലൂസിന്റെയും ഓട്ടോമന്‍ ഭരണകൂടത്തിന്റെയും മാതൃകാപരമായ സാമൂഹിക സംവിധാനങ്ങള്‍ യൂറോപ്പ്യന്‍ ചരിത്രത്തില്‍നിന്ന് മറച്ചുവെക്കാനാവുന്നില്ലെന്ന് ആധുനിക അക്കാദമിക രചനകള്‍ അടിവരയിടുന്നുണ്ട്. പ്രമുഖ ചരിത്ര ഗവേഷകനായിരുന്ന പയറിനോറയുടെ ചരിത്രരചനാ ശാസ്ത്രമനുസരിച്ച് ഭൂതകാലത്തെ ഓര്‍മകളില്‍നിന്ന് വര്‍ത്തമാനത്തെ വിലയിരുത്താനും ഭാവിയെക്കുറിച്ച് ചിന്തിക്കാനുമുള്ള ഒരു സാധ്യത യൂറോപ്പും ഇസ്‌ലാമും തമ്മിലുള്ള ചരിത്രപരമായ സമ്പര്‍ക്കങ്ങളെ പഠനവിധേയമാക്കിയ നിഷ്പക്ഷമതികളായ ചരിത്രരചയിതാക്കളിലധികവും പറഞ്ഞുവെക്കുന്നത്. ജമീല സഫ്രാന്‍ രചിച്ച ഉലളശിശിഴ യീൗിറലൃശലെ ശി മഹമിറമഹൗ:െ ങൗഹെശാ,െ രവൃശേെശമി െമിറ ഷലം െശി ശഹെമാശര കയലൃശ െഎന്ന ഗ്രന്ഥം ഇത്തരം രചനകളില്‍ പ്രമുഖമാണ്. ഒമ്പതും പത്തും നൂറ്റാണ്ടുകളില്‍ അല്‍അന്തലൂസില്‍, പ്രത്യേകിച്ച് കൊര്‍ദോവയിലുണ്ടായിരുന്ന മാലികി മദ്ഹബിലെ കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ ഫത്‌വകളും അമുസ്‌ലിംകളുമായുള്ള മുസ്‌ലിംകളുടെ വ്യവഹാരങ്ങളില്‍ സ്വാഭാവികമായുണ്ടാവുന്ന തര്‍ക്കങ്ങള്‍ക്ക് അവര്‍ സ്വീകരിച്ചിരുന്ന നടപടികളും സൗഹാര്‍ദപരമായ സാമൂഹിക ജീവിതത്തിന്റെ നേര്‍ചിത്രങ്ങളാണ് വരച്ചുകാട്ടുന്നതെന്ന് സഫ്രാന്‍ കുറിക്കുന്നുണ്ട്.

ഒരിക്കല്‍ മുസ്‌ലിം എന്ന വ്യാജേന ഒരു ക്രൈസ്തവ യുവാവ് ജമാഅത്തില്‍ പങ്കെടുക്കുകയും ആ നിസ്‌കാരം പരിഗണനീയമാകുമോ എന്ന തര്‍ക്കം ഖാളിയുടെ മുന്നില്‍ ചര്‍ച്ചക്കുവരികയും ചെയ്തുവത്രെ. മറ്റൊരിക്കല്‍ ഒരു ജൂതനും ക്രൈസ്തവനും മുസ്‌ലിമും ഒന്നിച്ചു താമസിച്ചിരുന്ന ഒരു വീട് കത്തി നശിക്കുകയും ശരീരങ്ങള്‍ പരസ്പരം തിരിച്ചറിയാനാകാതെ വന്നപ്പോള്‍ മരണാനന്തര ചടങ്ങുകള്‍ എങ്ങനെ നിര്‍വഹിക്കണമെന്ന് തര്‍ക്കമുണ്ടാവുകയും മുസ്‌ലിം പണ്ഡിതന്മാര്‍ സംയമനത്തോടുകൂടെ തര്‍ക്കം പരിഹരിക്കുകയും ചെയ്തു. വീഞ്ഞും മദ്യവും കഴിക്കുന്ന ജൂതന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കുമൊപ്പം പൊതുകിണറില്‍നിന്ന് മുസ്‌ലിമിന് വെള്ളം ഉപയോഗിക്കാമോ എന്നതായിരുന്നു മറ്റൊരു തര്‍ക്കം. ഇസ്‌ലാമിലേക്ക് കടന്നുവരുന്ന അമുസ്‌ലിംകളുമായുള്ള വൈവാഹിക പ്രശ്‌നങ്ങള്‍, അടിമകളുടെ ക്രയവിക്രയങ്ങളിലെ സങ്കീര്‍ണതകള്‍, അനന്തര സ്വത്ത് സമ്പാദത്തിന്റെ നിയമവശങ്ങള്‍, ഇസ്‌ലാമിലേക്കുള്ള വന്‍തോതിലുള്ള മതം മാറ്റങ്ങളെ തുടര്‍ന്നുള്ള സാമൂഹിക മാറ്റങ്ങള്‍ തുടങ്ങി മുസ്‌ലിംകളും ഇതര മതസ്ഥരുമായുള്ള സാമൂഹിക ജീവിത വ്യവഹാരങ്ങളിലെ നിഖില മേഖലകളിലുമുള്ള പ്രശ്‌നങ്ങള്‍ക്ക് വിധിതീര്‍പ്പുകള്‍ നടത്തിയിരുന്നത് മുസ്‌ലിം കര്‍മശാസ്ത്ര വിശാരദന്മാരായിരുന്നുവെന്നും ഇത്തരം സാമൂഹിക സംവിധാനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസ്യതയും അനുധാവനം മുസ്‌ലിം ഭരണകൂടത്തിന്റെ സഹജീവിത പദ്ധതിയുടെ മേന്മയാണ് വിളിച്ചോതുന്നതെന്നും സഫ്രാന്‍ പറയുന്നു. ഓട്ടോമന്‍ ഭരണകാലത്ത് ബാള്‍ക്കന്‍ പ്രവിശ്യകളിലുണ്ടായിരുന്ന മത സൗഹാര്‍ദ അന്തരീക്ഷവും ഇസ്‌ലാമിക സംസ്‌കൃതിയുടെ സുവര്‍ണ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ്. ഠവല ഛേേീാമി ങീശെര എന്ന പേരില്‍ പുറത്തിറങ്ങിയ പഠന സമാഹാരത്തില്‍ വിവിധ മത, ജാതി വര്‍ഗങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള മില്ലത്ത് സംവിധാനത്തിന്റെ സവിശേഷതകളെ പഠനവിധേയമാക്കുന്നുണ്ട്. പ്രവിശാലമായ ഭരണപ്രദേശത്തിനു കീഴില്‍ അനേകം മതസമൂഹങ്ങള്‍ പരസ്പര ഐക്യത്തോടെയും ഭരണകൂടത്തിന്റെ നിര്‍മാണാത്മകമായ പുരോഗതിയില്‍ പങ്കാളികളായും ജീവിച്ചിരുന്നുവെന്ന് പുസ്തകത്തിലെ ലേഖനങ്ങള്‍ പറയുന്നുണ്ട്. വാസ്തുശാസ്ത്രം മുതല്‍ സാഹിത്യ രചനകള്‍ വരെയും വൈയക്തിക അഭിപ്രായങ്ങള്‍ മുതല്‍ നിയമ സംഹിതകള്‍ വരെയും മുസ്‌ലിംകളും അമുസ്‌ലിംകളും കൂട്ടായുള്ള പ്രവര്‍ത്തനത്തിന്റെ വേദികളായിരുന്നു. ഠവല ഛേേീാമി ങീശെര ന്റെ എഡിറ്റര്‍മാരായ കമാല്‍ കര്‍പാതും യെറ്റ്കിന്‍ യെല്‍ദിരിമും ചേര്‍ന്നുള്ള ആമുഖ പഠനത്തില്‍ ഓട്ടോമന്‍ കാലത്തെ മില്ലത്ത് സംവിധാനത്തിന്റെ മേന്മകളെക്കുറിച്ച് സവിസ്തരം എഴുതിയ ശേഷം മതസമൂഹങ്ങള്‍ക്കിടയിലെ ബഹുസ്വരാത്മക സാമൂഹികതയുടെയും സംസ്‌കാരങ്ങള്‍ക്കിടയിലെ സഹവര്‍ത്തിത്വത്തിന്റെയും ചരിത്രത്തില്‍ കാണിച്ചുകൊടുക്കാവുന്ന ഏറ്റവും നല്ല മാതൃകയാണിതെന്ന് ചരിത്രത്തില്‍ തെളിവുകളോടുകൂടി സമര്‍ത്ഥിക്കുന്നുമുണ്ട്.

മത-സദാചാര സംഘട്ടനങ്ങള്‍ സജീവമായ സമകാലിക ലോകത്ത് മത സഹിഷ്ണുതയുടെ നല്ല പാഠങ്ങളാണ് ഒട്ടോമന്‍ ചരിത്രങ്ങളില്‍നിന്ന് വായിച്ചെടുക്കാന്‍ കഴിയുന്നത്. ആധുനിക തുര്‍ക്കിയില്‍ അതിന്റെ സാംസ്‌കാരിക ശേഷിപ്പുകള്‍ ഇന്നും പ്രകടമായിക്കാണാം.

ഒട്ടോമന്‍ ഭരണകൂടത്തിന് കീഴിലെ മില്ലത് സമ്പ്രദായത്തില്‍ എല്ലാ മത വിഭാഗങ്ങള്‍ക്കും സാംസ്‌കാരികവും ഭാഷാപരവും മതപരവുമായ സ്വാതന്ത്ര്യവും അവകാശവും നേതൃത്വത്തെ തിരഞ്ഞെടുക്കാനുള്ള സമ്മതിദാനാവകാശവും വകവെച്ചുനല്‍കിയിരുന്നു. സാമുദായികമായ നിയമ വ്യവസ്ഥകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഭരണകൂടത്തിന്റെ പൊതുവായ നിയമ വ്യവസ്ഥകള്‍ ശിരസാവഹിക്കുന്നതിന് അമുസ്‌ലിംകള്‍ക്ക് യാതൊരു തടസ്സവും നേരിട്ടതുമില്ല. സര്‍വമത സാഹോദര്യത്തിന് പ്രാമുഖ്യം കല്‍പിച്ചുകൊണ്ടുള്ള ഭരണരീതി ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പേരും പ്രശസ്തിയും ആഗോള തലത്തില്‍ വ്യാപിക്കുന്നതിന് കാരണമായി. 1453ല്‍ സുല്‍ത്താന്‍ മഹ്മൂദ് രണ്ടാമന്‍ ഇസ്തംബൂള്‍ പിടിച്ചെടുത്തതിനെക്കുറിച്ച് ചരിത്രകാരിയായ ലിന്റാ ദാര്‍ലിങ് പറയുന്നത് ക്രിസ്ത്യാനികളും ജൂതന്മാരും മുസ്‌ലിംകളും നീതിപൂര്‍വകമായി സമന്വയിച്ച ഒരു മുസ്‌ലിം ഭരണകൂടത്തിന്റെ വിജയം എന്നാണ്. 1492ല്‍ ഫെര്‍ഡിനാന്റ്- ഇസബെല്ല ഏകാധിപത്യത്തിനുകീഴില്‍ അല്‍ഹംറയില്‍നിന്ന് ജൂതന്മാരെ നിയമപരമായി നാടുകടത്തിയപ്പോള്‍ ഓട്ടോമന്‍ സുല്‍താനായിരുന്ന ബയാസിത് രണ്ടാമനാണ് അഭയാര്‍ത്ഥികള്‍ക്ക് ആതുര സേവനങ്ങളും താമസ സൗകര്യങ്ങളും ചെയ്തുകൊടുത്തിരുന്നത്. ഓട്ടോമന്‍ പട്ടണങ്ങളായിരുന്ന തെസ്സലോനിസ്‌കിയിലും ഇസ്മിരിലും ഇസ്തംബൂളിലും ചുരുങ്ങിയ കാലം കൊണ്ട് സ്പാനിഷ്‌കാരായ ജൂതന്മാര്‍ സമൂഹങ്ങളായി വളര്‍ച്ച പ്രാപിക്കുകയും ചെയ്തു. പ്രമുഖ ഭൂമിശാസ്ത്ര ഗവേഷകയായ ആമി മില്ല്‌സ് രചിച്ച ടൃേലലെേ ീള ീള ങലാീൃ്യ: ഘമിറരെമുല, ഠീഹല്യമിരല, മിറ ചമശേീിമഹ കറലിശേ്യേ ശി കേെമിയൗഹ എന്ന ഗ്രന്ഥത്തില്‍ ബോസ്ഫറസ് നദിയുടെ ഏഷ്യന്‍ തീരത്ത്സ്ഥിതിചെയ്യുന്ന കുസ്ഗുങ്കൂക്ക് ഗ്രാമത്തില്‍ ജൂതന്മാരും ഗ്രീക്ക് ഓര്‍തൊഡോക്‌സ് ക്രിസ്ത്യാനികളും അര്‍മേനിയന്‍ വംശജരും നൂറ്റാണ്ടുകളായി സാമൂഹിക സമത്വവും സാംസ്‌കാരിക വൈജാത്യങ്ങളും ഉള്‍ക്കൊണ്ടുതന്നെ സമത്വസുന്ദരമായ ജീവിതം നയിക്കുന്നുവെന്ന് കുറിച്ചിടുന്നുണ്ട്. ഓട്ടോമന്‍ മില്ലത്ത് സമ്പ്രദായവും ഐബീരിയയിലെ അന്തലൂസിയന്‍ മാതൃകയിലുള്ള ഇസ്‌ലാമിക ജീവിത വ്യവസ്ഥയും മതങ്ങളുടെ വേലിക്കെട്ടുകള്‍ക്കപ്പുറം ദേശീയമായവികാരങ്ങളെയും കൂട്ടിയിണക്കുന്നതായിരുന്നു. ഭരണകൂടത്തിന്റെ പുരോഗതിക്കും വളര്‍ച്ചക്കും ജനങ്ങളൊന്നടങ്കം തങ്ങള്‍ക്കാകുന്നത് ചെയ്തിരുന്നു. എന്നാല്‍ മുസ്‌ലിം ഭരണകൂടങ്ങളുടെ സാര്‍വദേശീയവും സമത്വപൂര്‍ണവുമായ സാമൂഹിക ജീവിത ചരിത്രത്തിന് ഇംഗ്ലീഷ് വലിയ ദാരിദ്ര്യമാണ് നേരിട്ടിരുന്നത്.പാട്രീഷ്യ ഹെര്‍ടര്‍ എന്ന ചരിത്രകാരി ജെര്‍മന്‍ ഭാഷയില്‍ രചിച്ച ഠവല ഇൃലരെലി േഞലാലായലൃലറ: കഹെമാ മിറ ചമശേീിമഹശാെ ീി വേല കയലൃശിെ ജലിശിൗെഹമ എന്ന ഗ്രന്ഥം അടുത്തിടെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തതാണ്. ഇത്തരം രചനയിലെ പ്രഥമ ചുവടുവെപ്പുകളിലൊന്നായി കണക്കാക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലെ ചരിത്രകാരന്മാരും കൊളോണിയല്‍ ഭരണത്തിന് അപ്രമാദിത്തം കല്‍പിക്കുന്ന ചരിത്ര രചനാ പദ്ധതികളും ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഇന്നലെകളെ ശത്രുതാ മനോഭാവത്തോടെ അരികുവല്‍കരിച്ചാണ് സമീപിച്ചിരുന്നതെന്ന് ഹെര്‍റ്റല്‍ തന്റെ പുസ്തകത്തില്‍ സമര്‍ത്ഥിക്കുന്നുണ്ട്. സ്‌പെയിനുമായും പോര്‍ച്ചുഗലുമായുള്ള കത്തോലിക്ക സഭയുടെ ദേശീയ സ്വത്വത്തെ പൊലിപ്പിച്ചുകാണിക്കാന്‍ ഇസ്‌ലാമിക ചരിത്രത്തെ പലപ്പോഴും മറച്ചുവെക്കുകയാണുണ്ടായത്. യാഥാസ്ഥിതിക കത്തോലിക്കാ ചിന്താഗതികള്‍ മുസ്‌ലിംകളുടെ ഇന്നലെകളെ അവജ്ഞയോടെയും അപരിചിത മനോഭാവത്തോടെയുമാണ് സമീപിച്ചത്. മാത്രമല്ല, മുസ്‌ലിം ചരിത്രവും അവരുടെ ദേശീയമായ അടയാളങ്ങളും തുടര്‍ച്ചയായുള്ള പുനരാഖ്യാനങ്ങള്‍ക്കും തിരുത്തലുകള്‍ക്കും വിധേയപ്പെടുത്തിക്കൊണ്ടേയിരുന്നു. സുസ്ഥിരവും വസ്തുതാപരവുമായ മുസ്‌ലിംകളുടെ നാഗരിക ചരിത്രത്തിന് ഇത് വിലങ്ങുതടിയാവുകയും ചെയ്തു. അല്‍അന്തലൂസും ഇസ്‌ലാമിക സംസ്‌കാരവും സ്‌പെയിനിന്റെ ദേശീയസ്വത്വത്തിന്റെ ഉയര്‍ച്ചക്ക് ഒരുപോലെ പങ്ക് വഹിച്ചെങ്കിലും രണ്ടായി അവതരിപ്പിക്കുകയാണ് പല സ്പാനിഷ് ചരിത്രകാരന്മാരും ചെയ്തതെന്നും ഹെര്‍ടലിന്റെ പുസ്തകത്തില്‍ കാണാം. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലെ അല്‍അന്തലൂസിന്റെ സാന്നിധ്യം മുസ്‌ലിം സാംസ്‌കാരിക പൈതൃകത്തിന്റെ മേന്മയായി വാഴ്ത്തുമ്പോഴും മതമെന്ന നിലക്കും രാഷ്ട്രീയ ശക്തി എന്ന നിലക്കുമുള്ള ഇസ്‌ലാമിന്റെ സാന്നിധ്യം വിമര്‍ശനാത്മകമായാണ് അവതരിപ്പിക്കപ്പെട്ടത്. നിഷ്പക്ഷമതികളായ ചരിത്രകാരന്മാരുടെ രചനകള്‍ ഇസ്‌ലാമിക നാഗരികതയും യൂറോപ്പുമായുള്ള സംഘട്ടനത്തിന്റെ സാധുതയെ കുറക്കുകയും സഹവര്‍ത്തിത്വ മനോഭാവമുള്ള മുസ്‌ലിം സാംസ്‌കാരികതയെ വരച്ചുകാട്ടുകയും ചെയ്യുന്നു. അല്‍അന്തലൂസും ഓട്ടോമന്‍ സാമ്രാജ്യവും സര്‍വമത സാമൂഹിക സൗന്ദര്യത്തിന്റെ വിശുദ്ധ ശേഷിപ്പുകളാണ് യൂറോപ്പിന്റെ മണ്ണില്‍ വരച്ചുചേര്‍ത്തത്. വൈദേശിക വിദ്വേഷം തലക്കുപിടിച്ച ആധുനിക യൂറോപ്യന്‍ പരിസരം ഇസ്‌ലാമിക സംസ്‌കാരത്തിന്റെ സാന്നിധ്യവും മുസ്‌ലിം അഭയാര്‍ത്ഥികളുടെ ആഗമനവും ഭയാശങ്കയോടെ നോക്കിക്കാണുമ്പോള്‍ സമ്പുഷ്ടമായ ഒരു ചരിത്ര സത്യമാണ് തമസ്‌കരിക്കപ്പെടുന്നത്. യൂറോപ്യന്‍ സ്വത്വത്തിന്റെ മൂലക്കല്ലില്‍ ഇസ്‌ലാം കൊത്തിവെച്ച സാമൂഹിക ബോധം ഇന്ന് സ്വാര്‍ത്ഥതയുടെ പേരില്‍ മലീമസപ്പെടുത്തുകയാണ്. ഇന്നലെകളുടെ സുഖസ്മരണകള്‍ പേറി അന്യവത്കരണത്തിന്റെയും അപരത്വത്തിന്റെയും നോവുകള്‍ പേറുകയാണ് ആധുനിക യൂറോപ്യന്‍ മുസ്‌ലിംകള്‍. വിവിധ വംശീയതകള്‍ ചേര്‍ന്നുള്ള ഊര്‍ജസ്വലമായ സംസ്‌കാരം മുസ്‌ലിം നാഗരികതകളുടെ തനത് സവിശേഷതയായിരുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ ദേശാന്തരങ്ങളിലും ഈ സവിശേഷത പ്രകടമായിരുന്നെങ്കിലും അധീശത്വപരവും സ്വത്വ വാദാധിഷ്ഠിതവുമായ പ്രത്യയശാസ്ത്രങ്ങളില്‍ അന്ധമായി വിശ്വസിക്കുന്നതുമൂലം വൈജാത്യങ്ങളെ തിരസ്‌കരിക്കാനും ഇതര സംസ്‌കാരങ്ങളുടെ സാന്നിധ്യത്തെ വെറുക്കാനുമാണ് പടിഞ്ഞാറന്‍ ബുദ്ധിജീവികള്‍ ശീലിച്ചുപോരുന്നത്. സഹവര്‍ത്തിത്വത്തിന്റെ സൗകുമാര്യത ഭൂതകാലത്തിന്റെ പുസ്തകത്തില്‍നിന്ന് ബഹുസ്വരാത്മക കാഴ്ചപ്പാടുകളിലൂടെ പുനരാവിഷ്‌കരിക്കാന്‍ നമുക്കാവണം. സാംസ്‌കാരിക അധിനിവേശത്തിലൂടെ പൗരസ്ത്യരെ നവീകരിക്കുക എന്ന യൂറോപ്പിന്റെ അജണ്ടക്കുമുന്നില്‍ സമ്പന്നമായ മുസ്‌ലിം സാംസ്‌കാരികത മുസ്‌ലിം സാമൂഹിക ജീവിതത്തിലെങ്കിലും പ്രകടമാക്കാന്‍ പാരമ്പര്യ മുസ്‌ലിംകള്‍ക്കാവണം. സ്വന്തം വിലാസത്തെ അടയാളപ്പെടുത്തുന്നതിനും കറ പുരളുന്ന സ്വന്തം സ്വത്വത്തിന് നിറം നല്‍കുന്നതിനും അത് ഏറെ സഹായകമായിരിക്കും.
സുഹൈല്‍ ഹുസൈന്‍ കോട്ടയം