കുരിശിന്റെ വഴികള്‍

കുരിശിന്റെ വഴികള്‍

അറേബ്യയില്‍ ഇസ്‌ലാമിന്റെ ആഗമനത്തെ തുടര്‍ന്ന് ലോകത്തൊന്നാകെ മുസ്‌ലിം നിയന്ത്രണത്തില്‍ വന്ന രാജ്യങ്ങളിലെല്ലാം തന്നെ അനുകരണീയവും മാതൃകാപരവുമായ ഭരണമാണ് മുസ്‌ലിം ഭരണാധികാരികള്‍ കാഴ്ച്ചവെച്ചത്. ഖലീഫ ഉമറി(റ)ന്റെ ഭരണകാലത്ത് ഈജിപ്ത്, സിറിയ, ഇറാഖ്, ഫലസ്തീന്‍, തുര്‍ക്കി, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ മുസ്‌ലിം ഭരണത്തിനു കീഴിലായി. ജറുസലേമില്‍ എത്തിയ ഖലീഫാ ഉമറിര്‍(റ)നെ നിസ്‌കാര സമയമായപ്പോള്‍ ക്രിസ്തീയ ദേവാലയത്തില്‍ നിസ്‌കരിക്കാന്‍ ക്രിസ്തീയ പരമോന്നത മേലധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് ക്ഷണിച്ചു. സ്‌നേഹപൂര്‍വം അദ്ദേഹം അത് നിരസിച്ചു. താന്‍ നിസ്‌കരിച്ച ദേവാലയത്തിന് ഭാവിയില്‍ മുസ്‌ലിംകള്‍ അവകാശമുന്നയിച്ചേക്കാം എന്ന ആശങ്കയാല്‍ ദേവാലയത്തിന് പുറത്താണ് അദ്ദേഹം പ്രാര്‍ത്ഥന നടത്തിയത്.

മുസ്‌ലിംകള്‍ നീതിയുള്ളവരാണ്. യാതൊരു രീതിയിലും അവര്‍ ഞങ്ങള്‍ക്കെതിരെ ബലം പ്രയോഗിക്കുകയോ അതിക്രമം പ്രവര്‍ത്തിക്കുകയോ ചെയ്യുന്നില്ല എന്നാണ് ഒമ്പതാം നൂറ്റാണ്ടിലെ പാത്രിയാര്‍ക്കീസ് കോണ്‍സ്റ്റാന്റിനോപ്പിളിലെ സഹപ്രവര്‍ത്തകര്‍ക്ക് സന്ദേശമയച്ചത്. ക്രിസ്ത്യാനികളില്‍ ഒരു വിഭാഗം ജെറുസലേമിലെ ദേവാലയങ്ങള്‍ നശിപ്പിച്ചപ്പോള്‍ അന്നത്തെ ഖലീഫ അവയെല്ലാം പുനര്‍ നിര്‍മ്മിച്ചുകൊടുക്കുന്നതോടൊപ്പം പുതിയ ദേവാലയങ്ങള്‍ പണിതുകൊടുക്കുകയും ചെയ്തു. അക്കാലത്ത് അവിടത്തെ ജനസംഖ്യയില്‍ അധികവും ക്രിസ്ത്യാനികളായിരുന്നു. ക്രൈസ്തവ സേനാനായകന്‍ ബാള്‍വിന്‍ ഒന്നാമന്‍ അമീറെന്ന പേര് സ്വീകരിച്ചു. മുസ്‌ലിംകളുടെ മാതൃകാപരമായ ഇടപെടലുകള്‍ ഹേതുവായി വടക്കന്‍ ആഫ്രിക്ക, സ്‌പെയ്ന്‍ തുടങ്ങിയ പല രാഷ്ട്രങ്ങളും മുസ്‌ലിം അധീനത്തിലായി.

മുസ്‌ലിം സ്‌പെയ്‌നിന്റെ ഉദയവും അസ്തമയവും
നൂറ്റാണ്ടുകളായി ക്രിസ്തീയ സമുദായം വിവിധ സഭകളുടെ കീഴിലാണ് ആത്മീയ പ്രവര്‍ത്തനം നടത്തിവരുന്നത്. അന്തോക്യയും റോമും യേശുവിന്റെ ശിഷ്യന്‍ വി.പത്രോസാണ് സ്ഥാപിച്ചത്. ലണ്ടനും ജര്‍മനിയും ആസ്ഥാനമായുള്ള ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും ലൂദറേന്‍ സഭയും യഥാക്രമം ഹെന്‍ട്രി എട്ടാമനും ലൂദറുമാണ് രൂപം നല്‍കിയത്. ഈ നാല് സഭകളാണ് ആഗോളതലത്തില്‍ പ്രധാനമായും മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ജര്‍മ്മനിയിലെ ബാസല്‍ നഗരം ആസ്ഥാനമായുള്ള ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍, ഓര്‍ത്തൊഡോക്‌സ്, പെന്തൊക്കോസ്ത്, യാക്കോബിയ, സി എസ് ഐ മാര്‍ത്തോമ തുടങ്ങി നിരവധി സഭകള്‍ ആഗോള, പ്രാദേശിക തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

ഒരവസരത്തില്‍ ആഗോളതലത്തില്‍ സജീവമായിരുന്ന പല സഭകളോടും യൂറോപ്യന്‍ രാജ്യങ്ങളിലിപ്പോള്‍ വിരക്തി തോന്നിത്തുടങ്ങിയിരിക്കുന്നു. അന്തോക്യ ആസ്ഥാനമായുള്ള സുരിയാനി സഭയും റോം ആസ്ഥാനമായുള്ള കത്തോലിക്ക സഭയും പരസ്പരം ഭിന്നിപ്പിലായിരുന്നു. സുരിയാനി സഭ മുസ്‌ലിംകളോട് മൃദുത്വനിലപാടാണ് സ്വീകരിച്ചിരുന്നത്.
ക്രി.വ. 717ല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ വരെയുള്ള മുസ്‌ലിം സൈന്യത്തിന്റെ മുന്നേറ്റം യൂറോപ്യരെ പരിഭ്രാന്തിയിലാക്കി. തന്മൂലം മുസ്‌ലിം ക്രിസ്തീയ ബന്ധത്തില്‍ ക്രമാനുഗതമായി തകര്‍ച്ചക്ക് തുടക്കം കുറിച്ചു. ഇതിന് ആറ് വര്‍ഷം മുമ്പാണ് മൊറോക്കൊ ഗവര്‍ണ്ണറായ മൂസബ്‌നുസയറിന്റെ സൈന്യാധിപന്‍ താരിഖ്ബ്‌നു സിയാദിന്റെ നേതൃത്വത്തില്‍ ക്രി. വ 711 ല്‍ തെക്കന്‍ സ്‌പെയ്ന്‍ (അന്ദലൂസിയ) മുസ്‌ലിം ഭരണത്തിന്‍ കീഴിലാകുന്നത്. തുടര്‍ന്ന് 780 വര്‍ഷങ്ങളോളം ശാസ്ത്ര, സാങ്കേതിക, കലാസാംസ്‌കാരിക, വൈജ്ഞാനിക രംഗത്ത് പൂര്‍ണ്ണമായും ഭാഗികമായും യൂറോപ്പിന് വെളിച്ചം വിതറിയത് മുസ്‌ലിം സ്‌പെയ്‌നായിരുന്നു.

യൂറോപ്പില്‍ ഐബീരിയ ഉപദ്വീപില്‍ ഇന്നത്തെ സ്‌പെയ്‌നിന്റെയും പോര്‍ച്ചുഗലിന്റെയും ഭാഗങ്ങളും ഫ്രാന്‍സിന്റെ ചെറിയൊരു ഭാഗവും ഉള്‍പ്പെട്ട, മദ്ധ്യകാലഘട്ടത്തില്‍ നിലനിന്നിരുന്ന മുസ്‌ലിം ഭൂപ്രദേശങ്ങള്‍ അടങ്ങിയതാണ് ജസീറത്തുല്‍ അന്ദലൂസ്.

തെക്കന്‍ സ്‌പെയ്‌നില്‍ 1236 വരെ മുസ്‌ലിം ഭരണത്തില്‍ നിലനിന്നിരുന്ന കൊര്‍ദോവയായിരുന്നു യൂറോപ്പിലെ ഏറ്റവും വലിയ പട്ടണവും സാംസ്‌കാരിക പരിഷ്‌കൃത കേന്ദ്രവും. ആയിരം പള്ളികളും അറുന്നൂറ് പബ്ലിക് ബാത്ത്‌റൂമുകളും തദനുസൃത ഗതാഗത സൗകര്യവും കെട്ടിട സമുച്ചയവും അടങ്ങിയതായിരുന്നു അവിടത്തെ പശ്ചാത്തല സൗകര്യം. അക്കാലത്തെ യൂറോപ്പിലെ ഇതര പട്ടണങ്ങളുമായി തുലനം ചെയ്യുമ്പോള്‍ മികച്ച സംവിധാനമായിരുന്നു അത്.

അമവിയ്യ ഗോത്രത്തില്‍പ്പെട്ട അബ്ദുറഹിമാന്‍ അല്‍ നസീര്‍ (889 961) ഇരുപത് വയസ്സ് കഴിഞ്ഞ ഉടനെ കോര്‍ദോവയിലെ അമീറും ഖലീഫയുമായി ഭരണമേറ്റു. അന്ദലൂസിയന്‍ ഭരണരംഗത്തെ ശക്തനായ ഭരണാധികാരിയായിരുന്ന അദ്ദേഹം പണികഴിപ്പിച്ചതാണ് കോര്‍ദോവയ്ക്ക് പടിഞ്ഞാറ് മധ്യകാലഘട്ടത്തിലെ അറബ് മുസ്‌ലിം കൊട്ടാര നഗരിയായിരുന്ന അല്‍സഹറ സമുച്ചയം. രണ്ടാം ഖലീഫയും അല്‍ നാസറിന്റെ മകനുമായ അല്‍ഹക്കമിബ്‌നു അബ്ദുറഹ്മാന്‍ (915 976) ന്റെ ഭരണകാലം സമാധാനപൂര്‍ണ്ണവും സമ്പന്നവുമായിരുന്നു. അക്കാലത്താണ് കൊര്‍ദോവ ലോകത്തിന്റെ ആഭരണം (ഓര്‍ണമെന്‍സ് ഓഫ് ദി വേള്‍ഡ്) എന്ന് പുകള്‍പെറ്റത്.

ആഗോള പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട, ഒരുകാലത്ത് ഇസ്‌ലാമിക ശില്‍പകലയുടെയും നാഗരികതയുടെയും മഹനീയമാതൃകയായി പുകള്‍പ്പെറ്റതും പിന്നീട് ഔവര്‍ ലേഡി ദി അസംപഷന്‍ കത്തീഡ്രല്‍ ആയി പരിവര്‍ത്തിതവുമായ കോര്‍ദോവയിലെ ഇസ്‌ലാമിക സംസ്‌കൃതിയുടെ ഗാംഭീര്യം ഗ്രേറ്റ് മസ്ജിദ് (മസ്ജിദുല്‍ ഖുര്‍തുബ), 1987ല്‍ യുനസ്‌കൊ ലോകപൈതൃകമായി പ്രഖ്യാപിച്ച യൂറോപ്പില്‍ ഏറ്റവും പഴക്കമുള്ള സെവിലി പാലസ്, അല്‍ഹംറ പാലസ്, കുന്നിന്‍പുറത്ത് വ്യാപിച്ചുകിടക്കുന്ന അല്‍ബേസിന്‍ നഗരസമുച്ചയം തുടങ്ങി നിരവധി പൈതൃകങ്ങള്‍ ഇന്നും കോള്‍മയിര്‍ കൊള്ളിക്കുന്ന ശേഷിപ്പുകളായി നിലനില്‍ക്കുന്നു.

യൂസുഫുബ്‌നു അബ്ദുറഹ്മാന്‍, അബ്ദുറഹ്മാനുബ്‌നുമുആവിയ്യ, അബ്ദുറഹ്മാന്‍ രണ്ടാമന്‍, അബ്ദുറഹ്മാന്‍ മൂന്നാമന്‍, അബുല്‍ ഹസന്‍, മുഹമ്മദ്ബ്‌നുഅമീര്‍, അബ്ദുല്‍മാലിക്, മുഹമ്മദ്ബ്‌നുഅബുഅമീര്‍ (അല്‍ മന്‍സൂര്‍), അമീര്‍ അബ്ദുല്‍ മാലിക്, അമീര്‍ അബ്ദുറഹ്മാന്‍, അമീര്‍ യൂസുഫുബ്‌നുതാശൂഫ്, അബുയൂസുഫുയാക്കൂബ്, മുഹമ്മദ്ഖാലിബുല്ലാ തുടങ്ങിയ പല ഭരണാധികാരികളും ഘട്ടങ്ങളായി വിവിധ പ്രവിശ്യകള്‍ ഭരിച്ചു. റുസൈസ് തുടങ്ങിയ പ്രഗത്ഭ മഹതികള്‍ പൊതു ഭരണത്തിലും ദേശസുരക്ഷയിലും നേതൃപരമായ പങ്ക് വഹിച്ചിരുന്നു. ഖലീഫയായിരുന്ന അബ്ദുറഹ്മാന്‍ അല്‍ നാസറിനോടൊപ്പം റുസൈസ് തൊപ്പി ധരിച്ച് കയ്യില്‍ വാളുമേന്തി നഗരത്തിലൂടെ കോര്‍ദോവക്ക് പടിഞ്ഞാറ് മുസ്‌ലിം സ്‌പെയ്‌നിലെ തലസ്ഥാനമായ അല്‍ സഹറാ വരെ കുതിരപ്പുറത്ത് സഞ്ചരിച്ചിരുന്നു.

മതകീയ കൊളോണിയലിസവും മുസ്‌ലിംകള്‍ക്കിടയിലെ അന്തഃഛിദ്രവും ഹേതുവായി അന്ദലൂസ് ഉപഭൂഖണ്ഡം സെവില്‍, ഗ്രാനഡ, ടൊളിഡൊ, സാരഗോസ, ബഡജോസ് തുടങ്ങിയ പ്രവിശ്യകളായി പിന്നീട് പിരിഞ്ഞു. ഓരോ ഗോത്രത്തിനും ഓരോ പള്ളിയും ഓരോ ഖിബ്‌ലയും ഉണ്ടായിരുന്നുവെന്നാണ് ഭിന്നതയെക്കുറിച്ച് ഒരു അറബി കവി പാടിയത്.

മുസ്‌ലിം അധീനതയിലെ അവസാന പ്രവിശ്യയായ ഗ്രാനഡയിലെ ഭരണാധികാരി അബു അബ്ദുല്ല മുഹമ്മദ് അസ്വഗീറിന്റെ കാലത്താണ് മുസ്‌ലിം സ്‌പെയ്‌നിന്റെ പതനം പൂര്‍ണ്ണമായത്. പത്താം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ബാദിസ്ഹാബൂസ് പണികഴിപ്പിച്ച അല്‍ ഹംറ കൊട്ടാരത്തില്‍ ഒമ്പത് മാസത്തോളം ഉപരോധിക്കപ്പെട്ട മുഹമ്മദ് അസ്വഗീര്‍ 1492 ജനുവരി 21ന് ഫെര്‍ഡിനെന്റ് അഞ്ചാമന് ഭരണം കൈമാറി. ഏകീകൃത സ്പാനിഷ് സ്റ്റേറ്റ് നിലവില്‍ വന്നു. മുസ്‌ലിംകളോടും യഹൂദരോടും ക്രിസ്ത്യാനികളാവുക അല്ലെങ്കില്‍ ഇവിടം വിടുക എന്ന കര്‍ശന നിലപാടാണ് ഭരണകൂടം സ്വീകരിച്ചത്. തന്മൂലം പതിനായിരക്കണക്കിന് മുസ്‌ലിംകള്‍ കണ്ണീരുംകയ്യുമായി ഓട്ടോമെന്‍ മുസ്‌ലിം പ്രവിശ്യകളിലേക്കും ഉത്തരാഫ്രിക്കയിലേക്കും ഇതര രാജ്യങ്ങളിലേക്കും പലായനം ചെയ്തു.
ഒരു ലക്ഷത്തിലധികം തദ്ദേശീയരെ ഭവനരഹിതരാക്കിക്കൊണ്ടാണ് ഫ്രഞ്ച്, സ്പാനിഷ് സൈന്യം മുസ്‌ലിം സ്‌പെയ്ന്‍ പിടിച്ചടക്കിയത്. മുസ്‌ലിംകള്‍ തമ്മിലുള്ള ഭിന്നിപ്പ് ശത്രുക്കളുടെ കടന്നാക്രമണത്തിന് ആക്കം കൂട്ടി. സ്‌പെയിനില്‍ ഇസ്‌ലാമിക ഭരണത്തിന്റെ തകര്‍ച്ചയെ തുടര്‍ന്ന് ഏഷ്യാ ഭൂഖണ്ഡത്തിലൂടെ യൂറോപ്പിലേക്ക് മുസ്‌ലിം കച്ചവടക്കാര്‍ മുഖേന ലഭിച്ചുകൊണ്ടിരുന്ന വാണിജ്യ വിഭവങ്ങളുടെ ലഭ്യത നിലച്ചു.

കുരിശുയുദ്ധങ്ങളുടെ തുടക്കം
ഭൂമിയിലെ ദൈവത്തിന്റെ ആധികാരിക പ്രതിനിധി പോപ്പാണെന്നും തന്മൂലം മതത്തെയും രാജഭരണത്തെയും നിയന്ത്രിക്കാന്‍ ദൈവം തനിക്ക് രണ്ടു വാളുകള്‍ തന്നിട്ടുണ്ടെന്നുമാണ് പോപ്പ് ഇന്നസെന്റ് മൂന്നാമന്റെ വീക്ഷണം. അതിനാല്‍ റോം കേന്ദ്രീകൃതമായി യൂറോപ്പില്‍ ക്രിസ്തീയ വിഭാഗത്തിന്റെ മതഭരണ ഇടപെടലുകള്‍ വ്യാപകമായി. വിവിധ ക്രിസ്തീയ വിഭാഗങ്ങള്‍ തമ്മില്‍ യൂറോപ്പില്‍ നിലനിന്നിരുന്ന ഉള്‍പ്പോരുകള്‍ക്ക് മുസ്‌ലിംകളെ ശത്രുക്കളായി ചിത്രീകരിച്ച് ആക്രമിക്കുക എന്ന പ്രതിവിധിയാണ് അവര്‍ കണ്ടെത്തിയ മാര്‍ഗം.

1085 മുതല്‍ അറബ് തുര്‍ക്കി ഭരണാധികാരികള്‍ ശക്തരായി. 1095ല്‍ ജെറുസലേമിന്റെ ഭരണം തുര്‍ക്കിയുടെ അധീനത്തിലായി.

തുര്‍ക്കിയിലെ ഒരു വിഭാഗം ഇസ്‌ലാം മതം സ്വീകരിച്ച് അയല്‍ പ്രദേശങ്ങളിലേക്ക് പലായനം ചെയ്ത് മതപ്രചരണം നടത്തിയത് ക്രിസ്തീയരെ ചൊടിപ്പിച്ചു. തുടര്‍ന്ന് തങ്ങളുടെ വിശുദ്ധഭൂമി വീണ്ടെടുക്കുന്നതിനുവേണ്ടി ക്രിസ്ത്യന്‍ സമൂഹമൊന്നാകെ മതനിന്ദകര്‍(മുസ്‌ലിംകള്‍)ക്കെതിരില്‍ പുണ്യയുദ്ധത്തിന് ഒരുങ്ങണമെന്ന് ക്ലെര്‍മോന്റ് കൗണ്‍സിലില്‍ പോപ്പ് അര്‍ബന്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ക്രിസ്ത്യന്‍ സമുദായത്തില്‍ മതാവേശത്തിന്റെ ഉരുള്‍പൊട്ടല്‍തന്നെ സംഭവിച്ചു. തുടര്‍ന്നാണ് കുരിശ് യുദ്ധങ്ങളുടെ തുടക്കം.

റോമന്‍ ചക്രവര്‍ത്തിയായിരുന്ന പിലാത്തോസ് യേശുക്രിസ്തുവിനെ കുരിശിലേറ്റാന്‍ വിധിച്ചതുപ്രകാരം, ശിക്ഷ നടപ്പാക്കാനായി കൊണ്ടുപോകുമ്പോള്‍ ക്രിസ്തു കുരിശ് ചുമന്നിരുന്നു. ഇതിന്റെ സ്മരണാര്‍ത്ഥമാണ് പ്രഥമ യുദ്ധത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നവരെല്ലാം ക്രിസ്തുവിന്റെ മാതൃക അനുകരിച്ച് കുരിശ് ചുമന്നുകൊണ്ട് പ്രയാണം ആരംഭിച്ചത്. തന്മൂലം പ്രഥമ യുദ്ധവും ക്രി.വ. 1270 വരെ നടന്ന ഇതേരീതിയിലുള്ള യുദ്ധങ്ങളും കുരിശ് യുദ്ധം എന്നറിയപ്പെട്ടു.

തുടക്കത്തില്‍ രാജാവും പ്രജയും, ധനികനും ദരിദ്രനും, സ്വദേശിയും പരദേശിയും, ഭക്തനും കുറ്റവാളിയും, വലിയവനും ചെറിയവനും, ഉപദേശിയും അനുയായിയും യാചകനും ഉള്‍പ്പെടെ ക്രിസ്തീയ സമൂഹത്തിലെ നാനാവിഭാഗങ്ങളും നാടും വീടും ഉപേക്ഷിച്ചാണ് യുദ്ധത്തില്‍ പങ്കെടുത്തിരുന്നത്.

പൗരസ്ത്യ ക്രിസ്ത്യന്‍ കേന്ദ്രമായ സിറിയയിലെ അന്തോക്യയായിരുന്നു പ്രഥമ ലക്ഷ്യം. അക്കാലത്ത് അവിടം ഭരിച്ചിരുന്നത് മുസ്‌ലിംകളായിരുന്നു. 1097 ഒക്‌ടോബര്‍ മുതല്‍ 1098 ജൂണ്‍ വരെ കുരിശുസൈന്യം ജറുസലേമിനെ വളഞ്ഞിട്ടാക്രമിച്ചു. ഈ യുദ്ധത്തില്‍ അവര്‍ വിജയിച്ചു.

യൂറോപ്യര്‍ക്ക് ലോകം കയ്യടക്കാനുള്ള ഉദ്യമത്തിന് പ്രധാന തടസ്സം മുസ്‌ലിംകളായിരുന്നു എന്ന തിരിച്ചറിവിനെ തുടര്‍ന്നായിരുന്നു കുരിശ് യുദ്ധങ്ങളുടെ ആരംഭം. തങ്ങളുടെ ഉദ്ദേശസഫലീകരണത്തിന് വിശിഷ്ടമായ ഒരു പുണ്യ പോരാട്ടമായി യുദ്ധങ്ങളെ മതകീയവത്കരിച്ചു. എന്നാല്‍ യുദ്ധങ്ങളുടെ ഉള്ളറ തുറന്നാല്‍ പൗരസ്ത്യ രാജ്യങ്ങളെ കീഴടക്കലും മുസ്‌ലിംകളുടെ കച്ചവട കുത്തക തകര്‍ക്കലും വ്യാവസായിക താല്‍പര്യങ്ങളുമായിരുന്നു ഈ യുദ്ധങ്ങളുടെ മുഖ്യ ലക്ഷ്യമെന്നു കാണാം.

1111ല്‍ യൂറോപ്പില്‍ സൈന്യത്തിനെതിരെ തുര്‍ക്കി യുദ്ധം പ്രഖ്യാപിച്ചെങ്കിലും അടുത്ത വര്‍ഷമാണ് മുസ്‌ലിം സൈന്യം സഗൗരവം യുദ്ധത്തില്‍ പങ്കെടുത്തത്. അമീര്‍ സങ്കിയും തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ നൂറുദ്ദീനും മുസ്‌ലിം സേനയുടെ നേതൃത്വം ഏറ്റെടുത്തു. 1114ല്‍ സങ്കി എഡീഷ്യ പിടിച്ചപ്പോള്‍ അവിടത്തെ ക്രിസ്ത്യാനികള്‍ അദ്ദേഹത്തിന്റെ പക്ഷത്തായിരുന്നു. കാരണം മുസ്‌ലിംകളില്‍നിന്ന് അവര്‍ക്ക് നീതിയും കുരിശുയുദ്ധക്കാരില്‍നിന്ന് അവര്‍ക്ക് അനീതിയുമാണ് ലഭിച്ചത്. ഈ അവസരത്തില്‍ സുല്‍ത്താന്‍ യാക്കോബ മെത്രോപൊലീത്തായോടൊപ്പമാണ് അവരുടെ പള്ളികള്‍ സന്ദര്‍ശിച്ചത്.

മൂന്നാം കുരിശുയുദ്ധത്തില്‍ ശ്ലാഘനീയമായ രീതിയില്‍ മുസ്‌ലിം സൈന്യത്തിന് നേതൃത്വം നല്‍കിയത് സിറിയയുടെയും ഈജിപ്തിന്റെയും ഭരണാധികാരി ആയിരുന്ന സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി ആയിരുന്നു. മുസ്‌ലിം സൈന്യത്തെ പൂര്‍വ്വോപരി ഏകീകരിച്ച് 1187ല്‍ നടന്ന യുദ്ധത്തില്‍ അദ്ദേഹം ജറുസലം തിരിച്ചുപിടിച്ചു. തദ്ദേശീയരായ ക്രിസ്ത്യാനികള്‍ അദ്ദേഹത്തിന് സഹായവാഗ്ദാനം നല്‍കി. ഐസക് എഞ്ചിലസ്സ് ചക്രവര്‍ത്തി അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തി.

യുദ്ധം ശക്തമായി നടന്ന സമയത്തുപോലും എത്യോപ്യയിലെ ക്രിസ്തീയരെ ഈജിപ്തിലൂടെ ജെറുസലേമിലേക്ക് തീര്‍ത്ഥാടനം നടത്താന്‍ അദ്ദേഹം അനുവദിച്ചു. വാദ്യമേളക്കൊഴുപ്പുകളോടെ കാല്‍നടയായാണ് അവര്‍ ജറുസലേമിലേക്ക് യാത്രയായത്. യാത്രാദുരിതത്തിന് ആശ്വാസമേകി ഓരോ ദിവസവും താമസിക്കുന്നതിന് തന്റെ നിയന്ത്രണത്തിലുള്ള ഈജിപ്ത് സര്‍ക്കാറിന്റെ വാസസ്ഥലങ്ങളും ജെറുസലേമില്‍ അവര്‍ക്കായി ചര്‍ച്ചും നിര്‍മ്മിച്ചുകൊടുത്തു.

സൗദി അറേബ്യ, ഇറാഖ്, യമന്‍, വടക്കന്‍ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ സ്വലാഹുദ്ദീന്‍ അയ്യൂബി തന്റെ ഭരണത്തിന്‍ കീഴിലാക്കി. തന്മൂലം അറബി മുസ്‌ലിംകള്‍ക്ക് പുതിയ വ്യാപാര മാര്‍ഗ്ഗങ്ങള്‍ വെട്ടിത്തുറക്കാന്‍ അവസരം ലഭിച്ചു. മൂന്നാം കുരിശുയുദ്ധത്തില്‍ ജര്‍മ്മനിയിലെ ഫെഡറിക് ബര്‍ബറോസ രാജാവും ഇംഗ്ലണ്ടിലെ റിചാര്‍ഡ് രാജാവും ഫ്രാന്‍സിലെ ഫിലിപ്അഗസസ രാജാവും പങ്കെടുത്തിരുന്നുവെങ്കിലും പരസ്പര ധാരണയില്ലായ്മ കാരണം യുദ്ധം പരാജയപ്പെട്ടു.

ക്രൈസ്തവ ദേവാലയങ്ങള്‍ക്കോ മഠങ്ങള്‍ക്കോ ആശ്രമങ്ങള്‍ക്കോ ഒരു പോറല്‍പോലും ഏല്‍പ്പിക്കില്ലെന്ന പ്രതിജ്ഞയോടെയാണ് ആരംഭത്തില്‍ യുദ്ധത്തിന് പുറപ്പെട്ടത്. പക്ഷേ, കുരിശുസൈന്യം കൊള്ളയും ആക്രമണങ്ങളും നടത്തി പ്രതിജ്ഞ ലംഘിച്ചു. സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ നിര്യാണത്തിനുശേഷം നടന്ന നാലാം കുരിശ് യുദ്ധത്തില്‍, 1202ല്‍, കോണ്‍സ്റ്റാന്റിനോപ്പിള്‍ (ഇസ്താംബൂള്‍) കീഴടക്കിയ കുരിശ് ഭടന്മാര്‍ സെന്റ് സോഫിയ പള്ളിയിലെ ബലിപീഠം പോലും തകര്‍ത്ത് തരിപ്പണമാക്കി കൊള്ളയടിച്ചു. യുദ്ധം പിന്നീട് ഹീനമായ രീതിയിലായിരുന്നു പര്യവസാനിച്ചത്.

1218 21 കാലത്ത് നടന്ന അഞ്ചാം കുരിശുയുദ്ധം ഈജിപ്തിന് എതിരെയായിരുന്നു. ഏഴാമത്തെ കുരിശ് യുദ്ധവും പരാജയത്തിലാണ് അവസാനിച്ചത്. ഒരു കൊച്ചുകുട്ടിയുടെ നേതൃത്വത്തില്‍ ക്രിസ്തുമതം വിജയിക്കുമെന്ന ബൈബിള്‍ വാക്യത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചുകുട്ടികളെ ഉള്‍പ്പെടുത്തി പോരാട്ടങ്ങള്‍ക്ക് നവീന മുഖം നല്‍കിയെങ്കിലും വിജയം കണ്ടില്ല. അമ്പതിനായിരത്തോളം അംഗങ്ങളുള്ള കുട്ടിപ്പട്ടാളം നടത്തിയ പോരാട്ടവും പരാജയത്തില്‍ കലാശിച്ചു.

കപ്പലുകള്‍ തകര്‍ന്നതിനാലും അതിശൈത്യം കാരണവും കുരിശുയുദ്ധങ്ങളിലൂടെ മുസ്‌ലിംകളെ ജെറുസലേമില്‍നിന്നും തുരത്താനുള്ള റോമന്‍ ചര്‍ച്ചിന്റെ ഉദ്യമങ്ങള്‍ക്ക് വേരോട്ടം ലഭിച്ചില്ല. ഇസ്‌ലാം പൂര്‍വ്വോപരി പ്രചരിക്കുകയും ചെയ്തു. എന്നാല്‍ യൂറോപിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ളവര്‍ക്ക് ഇതര പ്രദേശത്തുകാരുമായി ബന്ധപ്പെടാന്‍ യുദ്ധം ഒരവസരമായി.

യുദ്ധങ്ങളില്‍ ഉദ്ദേശിച്ച ലക്ഷ്യപ്രാപ്തി നേടാന്‍ സാധ്യമാകാതെ വന്നപ്പോള്‍ വ്യാപാരരംഗത്ത് മുസ്‌ലിംകളെ ആശ്രയിക്കാതെയുള്ള നവീനമാര്‍ഗ്ഗവും അതോടൊപ്പം തന്നെ മതപ്രചരണവും സമന്വയിപ്പിച്ച് കൊണ്ടുപോകാനുള്ള ആസൂത്രണങ്ങള്‍ ദ്രുതഗതിയിലായി. ഇതിഹാസ പുരുഷനായ പ്രസ്റ്റര്‍ ജോണ്‍ വിഭാവനം ചെയ്ത ‘സമ്പല്‍സമൃദ്ധമായ ക്രൈസ്തവ ലോകമെന്ന’ സ്വപ്‌നം സാക്ഷാത്ക്കരിക്കലും മുസ്‌ലിംകളെ തകര്‍ക്കലുമായിരുന്നു തുടര്‍ന്നുള്ള അവരുടെ ലക്ഷ്യം. ക്രൈസ്തവ ആചാര്യനായ പ്രസ്റ്റര്‍ ജോണിന്റെ രാജ്യത്ത് എത്തിച്ചേരുക എന്നത് മത പ്രചരണവ്യാപനത്തിനും സമ്പല്‍സമൃദ്ധിക്കും അനിവാര്യമാണെന്നും ഇന്ത്യ ഉള്‍പ്പെടെയുള്ള ഭൂപ്രദേശങ്ങള്‍ അടങ്ങിയ ഉപഭൂഖണ്ഡമാണ് അതെന്നും അവര്‍ വിശ്വസിച്ചു. ഇതിനായുള്ള ശ്രമങ്ങള്‍ യാത്രക്ക് പൂര്‍വ്വോപരി പ്രചോദനമേകി.

പോര്‍ച്ചുഗീസ് ചക്രവര്‍ത്തി ഹെന്‍ട്രിയുടെ ഭരണത്തില്‍ ഇതിനായി കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു. മതത്തിന്റെയും വ്യാപാരത്തിന്റെയും പുരോഗതിക്കായി സമ്പത്തില്‍ വലിയൊരു ഭാഗം ചിലവഴിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിട്ട ഘട്ടങ്ങളില്‍ തനിക്ക് ലഭിക്കുന്ന ലാഭത്തില്‍നിന്ന് വലിയൊരു വിഹിതം നല്‍കാമെന്ന വാഗ്ദാനത്തോടെ ഫ്‌ളോറന്‍സ്, വെനീസ്, ജെനീവ തുടങ്ങിയ രാജ്യങ്ങളിലെ വ്യവസായ പ്രമുഖരെ ലിസ്ബനിലേക്ക് ക്ഷണിച്ച് പര്യവേഷണത്തില്‍ പങ്കാളികളാക്കി. തന്മൂലം 1445 ആകുമ്പോഴേക്കും 26 മികച്ച കപ്പലുകള്‍ക്കും വിദഗ്ധരായ ഒരുപറ്റം യുവ നാവികര്‍ക്കും രൂപം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഒരിക്കല്‍പോലും കപ്പല്‍യാത്ര ചെയ്യാത്ത ഹെന്‍ട്രി ‘ഹെന്‍ട്രി ദ നാവിഗേറ്റര്‍’ എന്ന അപരനാമത്താല്‍ പുകള്‍പ്പെറ്റു.

ഹെന്‍ട്രിയുടെ സഹോദരനും സാഹസികനുമായ ഡോം പെന്‍ഡ്രോയുടെ ഒരു വ്യാഴവട്ടക്കാലത്തെ ദീര്‍ഘമായ ലോകസഞ്ചാരത്തിനിടയില്‍ ലഭിച്ച, മാര്‍ക്കോപോളോ തയാറാക്കിയ ഭൂപടത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ, സിലോണ്‍, ചൈന തുടങ്ങിയ രാഷ്ട്രങ്ങളെ കുറിച്ച് വ്യക്തമായ ദിശാബോധമുണ്ടാക്കി. തുടര്‍ന്ന് തങ്ങള്‍ക്ക് ആവശ്യമായ വിഭവങ്ങള്‍ ലഭിക്കുന്നതിനും മതപ്രചരണം നടത്തുന്നതിനും പുതിയ വ്യാപാരമാര്‍ഗ്ഗം കണ്ടെത്തുന്നതിനും ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. ഏഷ്യന്‍ വന്‍കരയിലേക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും കടന്ന് ചെല്ലാനുള്ള സംരംഭങ്ങള്‍ തകൃതിയായി നടന്നു. ഇതിന്റെ ഭാഗമായി 1416 മുതല്‍ 1441 വരെ ഓരോ വര്‍ഷവും രണ്ടും മൂന്നും കപ്പലുകള്‍ പര്യവേഷണങ്ങള്‍ക്കായി അയച്ചുകൊണ്ടിരുന്നു. തന്മൂലം ആഫ്രിക്കയിലെ പല പ്രദേശങ്ങളും പോര്‍ച്ചുഗലിന്റെ അധീനത്തിലായി. ഇന്ത്യ ഉള്‍പ്പെടെ പൂര്‍വ്വേഷ്യന്‍ നാടുകള്‍ കീഴടക്കാനും സാമ്രാജ്യം വ്യാപിപ്പിക്കാനും 1454ല്‍ പോര്‍ച്ചുഗല്‍ രാജാവിന് പോപ്പ് അധികാരം നല്‍കിയിരുന്നു.

കിഴക്കന്‍ റോമാ സാമ്രാജ്യത്തിന്റെ ആസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിളിലൂടെയായിരുന്നു കരവഴിയായുള്ള ചരക്കുകള്‍ യൂറോപ്പിന് ലഭിച്ചിരുന്നത്. ഈ രാജ്യം 1453ല്‍ ഒട്ടോമന്‍ തുര്‍ക്കിയുടെ അധീനത്തിലായതിനെ തുടര്‍ന്ന് യൂറോപ്യര്‍ക്ക് അനായാസം ലഭിച്ചുക്കൊണ്ടിരുന്ന വിഭവസമാഹാരം അനുക്രമമായി കുറഞ്ഞുവന്നു. വ്യാപാരങ്ങള്‍ മുസ്‌ലിം നിയന്ത്രണത്തിലായതോടെ ഈജിപ്തിലെ പ്രമുഖ തുറമുഖ പട്ടണമായ അലക്‌സാണ്ട്രിയയും യൂറോപ്യര്‍ക്ക് അപ്രാപ്യമായി. തന്മൂലം അടിയന്തിരമായി നവീന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. അതോടൊപ്പം വടക്കുനോക്കിയന്ത്രം, കടലാസ്, അച്ചടി തുടങ്ങി മധ്യകാലഘട്ടത്തില്‍ പ്രചാരത്തില്‍വന്ന എല്ലാ ആധുനിക സംവിധാനങ്ങളും അവര്‍ യഥാസമയം ഉപയോഗപ്പെടുത്തി. യൂറോപ്യരുടെ മുന്‍പന്തിയില്‍ പോര്‍ച്ചുഗീസുകാര്‍ മുഖ്യസ്ഥാനം നേടി.

1460ല്‍ ഹെന്‍ട്രിയുടെ മരണശേഷം അധികാരമേറ്റ അദ്ദേഹത്തിന്റെ അനന്തരവനായ അല്‍ഫോണ്‍സാ അഞ്ചാമനും അദ്ദേഹത്തിന്റെ അനന്തരാവകാശി ജോണ്‍ രണ്ടാമനും സര്‍വ്വവിധ സന്നാഹങ്ങളും ഒരുക്കി മുന്‍ഗാമികളുടെ പരിശ്രമങ്ങള്‍ക്ക് പൂര്‍വ്വോപരി ഊര്‍ജ്ജം പകര്‍ന്നു. മൂന്നുവര്‍ഷത്തെ തീവ്രശ്രമത്താല്‍ 1464 ല്‍ പുതിയൊരു ഭൂപടം തയാറാക്കിയതിന്റെ അടിസ്ഥാനത്തില്‍ അല്‍ഫോണ്‍സയുടെ പരിവാരത്തിലെ പ്രധാനിയും വ്യപാരപ്രമുഖനുമായിരുന്ന ഫര്‍ണാവോ ഗോമസ് 1471ല്‍ ഭൂമധ്യരേഖ മുറിച്ചു കടന്ന് സെന്റ് കാതറയിന്‍ മുനമ്പുവരെ എത്തി. ക്രിസ്തീയ മതപ്രചരണം, സമുദ്രാധിപത്യവും കച്ചവടകുത്തകയും കരസ്ഥമാക്കുക, പൂര്‍വ്വ വൈരാഗ്യത്തോടെ മുസ്‌ലിംകളെ മതനിനന്ദകരാക്കി മുദ്രകുത്തി ഉന്‍മൂലനം ചെയ്യുക തുടങ്ങിയ വ്യക്തമായ ലക്ഷ്യങ്ങളോടെയായിരുന്നു പുതിയ തീരങ്ങള്‍ തേടിയുള്ള പറങ്കികളുടെ സഞ്ചാരം.

പൈശാചികതയുടെ പര്യായം
എന്ത് നികൃഷ്ടരീതികളും അവലംബിച്ച് ലക്ഷ്യത്തിലെത്താന്‍ ക്രിസ്തീയ മതമേധാവികളും ഭരണാധികാരികളും സര്‍വ്വവിധ സഹായവും ആശീര്‍വാദവും അനുവാദവും നല്‍കിയിരുന്നു. തന്മൂലം യൂറോപ്യന്‍ രാജ്യങ്ങള്‍ തുര്‍ക്കിക്കെതിരെയും മുസ്‌ലിംകള്‍ക്കെതിരെയും നികൃഷ്ട നരഹത്യ ഉള്‍പ്പെടെയുള്ള പൈശാചിക കൃത്യങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി.

ഈ നരഹത്യയില്‍നിന്നാണ് രക്തരക്ഷസ്സിന്റെ കഥ പറയുന്ന ലോകത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച പ്രേത ചലചിത്രത്തിന്റെ തിരക്കഥക്ക് ആധാരമായ ഭീകര നോവലായ ഡ്രാക്കുള രൂപമെടുത്തത്. ബ്രോംസ്‌റ്റോക്കറാണ് നോവലിസ്റ്റ്. നൂറോളം എഡിഷനുകളിലായി ദശലക്ഷക്കണക്കിന് കോപ്പികളാണ് ഡ്രാക്കുള വിറ്റുപോയത്. ഹംഗറി ഭരണകൂടം ഉസ്മാനിയ ഖിലാഫത്തി (ഒട്ടോമന്‍ തുര്‍ക്കി) ലെ മുസ്‌ലിംകളെ പ്രതിരോധിക്കാന്‍ പൈശാചിക രീതിയിലുള്ള നരനായാട്ടാണ് നടത്തിയത്.

1431 മുതല്‍ 77 വരെ ജീവിച്ച വ്‌ളാഡ് ദി ഇംപെയ്‌ലറിനെയാണ് ഇതിനായി ഭരണകൂടം നിയോഗിച്ചത്. ഇംപെയിലിംഗ് എന്ന ഇംഗ്ലീഷ് വാക്കിന് ജീവനോടെ ശൂലത്തില്‍ക്കുരുക്കി കൊല്ലുക എന്നാണര്‍ത്ഥം. തുറസ്സായ സ്ഥലത്തെ തറയില്‍ ശൂലങ്ങള്‍ കുത്തനെ ഉറപ്പിച്ച് നിര്‍ത്തി അതില്‍ തുര്‍ക്കി മുസ്‌ലിംകളെയും രാജ്യദ്രോഹകുറ്റം ചുമത്തിയവരെയും കൊരുത്തിയിട്ടും ജീവനോടെ അംഗവിച്ഛേദനം നടത്തിയും മദ്യപിച്ച് ആനന്ദലഹരിയില്‍ കോപ്രായങ്ങള്‍ കാട്ടി കൊല്ലുക വ്‌ളാഡിന്റെ ക്രൂരവിനോദമായിരുന്നു. ഏതാണ്ട് നാല്‍പ്പതിനായിരത്തിനും ഒരു ലക്ഷത്തിനും ഇടയില്‍ മനുഷ്യരെ ഇയാള്‍ ഈ രീതിയില്‍ കൊന്നിട്ടുണ്ട്.

ഡ്രാക്കുള്‍ എന്ന റൊമേനിയന്‍ പദത്തിന് ചെകുത്താന്‍ എന്നും ഡ്രാക്കുളയെന്നാല്‍ ചെകുത്താന്റെ മകനെന്നുമാണ് അര്‍ത്ഥം. ക്രൂരതയുടെ പര്യായമായാണ് ഈ പദം കുപ്രസിദ്ധി നേടിയത്. എന്നിട്ടുപോലും ഇയാള്‍ക്ക് പ്രഭു എന്ന ബഹുമതി നല്‍കിയും നാണയങ്ങളിലും രാജമുദ്രകളിലും ഈ പൈശാചികനാമം മുദ്രണം ചെയ്തും ഭരണകൂടം അയാളെ ആദരിച്ചു.
ഡ്രാക്കുളയുടെ പിതാമഹനെന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്‌ളാഡ് ശൂലത്തിലൂടെ ഒലിച്ചിറങ്ങിയ രക്തം കുടിച്ചിരുന്നതായോ നരഭോജിയായിരുന്നതായോ ചരിത്രം വ്യക്തമാക്കുന്നില്ലെങ്കിലും രക്തദാഹത്തിന്റെ പ്രതീകമമമായിട്ടായിരിക്കാം ഡ്രാക്കുളയെന്ന് നോവലിന് പേര് നല്‍കിയത്.
ഡ്രാക്കുളക്കോട്ടകളെന്ന് പിന്നീട് കുപ്രസിദ്ധിനേടിയ സര്‍ക്കാരിന്റെ ഔദ്യോഗിക പതാക നാട്ടിയ റൊമേനിയയിലെ അര്‍ഗസ് നദീതീരത്ത് കിഴക്കാംത്തൂക്കായ പാറക്കെട്ടില്‍ പതിമൂന്നാം നൂറ്റാണ്ടില്‍ പണി തീര്‍ത്ത പൊയ്‌നോരി കാസിലും ബ്രാന്‍ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ബ്രാന്‍ കാസിലും പതിനഞ്ചാം നൂറ്റാണ്ടില്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള നരഹത്യയുടെയും ഗൂഢതന്ത്രങ്ങളുടെയും മുഖ്യ കേന്ദ്രങ്ങളായിരുന്നു.

ലക്ഷ്യം നേടിയ പോര്‍ച്ചുഗീസ് കപ്പലോട്ടങ്ങള്‍
പോര്‍ച്ചുഗീസ് രാജാവ് ജോണ്‍ രണ്ടാമന്‍ നിയോഗിച്ച ബര്‍ത്തലാമ്യു ഡി ഡയാസ് കടല്‍ സഞ്ചാരത്തിന് കൂടുതല്‍ വാതായനങ്ങള്‍ തുറന്നുകൊടുത്തു. 1487ല്‍ ലിസ്ബനില്‍നിന്ന് പുറപ്പെട്ട അദ്ദേഹവും സംഘവും അതിഭയങ്കരമായ കൊടുങ്കാറ്റും പട്ടിണിയും തരണംചെയ്ത് 1400 മൈലുകള്‍ കഠിനമായ യാതനകള്‍ അനുഭവിച്ച് സഞ്ചരിച്ച് ആഫ്രിക്കയുടെ തെക്കേ മുനമ്പ് 1488 മാര്‍ച്ച് 12 ന് മറികടന്നെങ്കിലും ഇന്ത്യന്‍ സമുദ്രത്തില്‍ പ്രവേശിക്കാന്‍ ധൈര്യപ്പെട്ടില്ല. ഈ മുനമ്പിനെ തന്റെ യാത്രാനുഭവങ്ങളില്‍ കൊടുങ്കാറ്റിന്റെ മുനമ്പ് (Cape of Storms) എന്നാണ് ഡയാസ് വിശേഷിപ്പിച്ചത്.

എന്നാല്‍ ഡയാസും സംഘവും സംഘര്‍ഷ മുനമ്പെന്ന് വിശേഷിപ്പിച്ചെങ്കിലും പതിനേഴ് മാസത്തെ സഞ്ചാര അനുഭവത്തിന്റെ വിവരണം തനിക്ക് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജോണ്‍ രണ്ടാമന്റെ നിരീക്ഷണത്തില്‍ ശുഭപ്രതീക്ഷയുടെ മുനമ്പ് (Cape of Good Hope) ആയിട്ടാണ് അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടത്. ഇത് പോര്‍ച്ചുഗീസുകാര്‍ക്ക് ശുഭപ്രതീക്ഷയുടെ മുനമ്പായിരുന്നെങ്കിലും മലബാറിനും മുസ്‌ലിംകള്‍ക്കും ദുര്‍ദശയുടെ ആരംഭമായിരുന്നു.

ഇതിനിടയില്‍ ജോണ്‍ രണ്ടാമന്‍ ക്രൈസ്തവ സമ്രാട്ടായ പ്രസ്റ്റര്‍ ജോണിന്റെ ആസ്ഥാനവും ഇന്ത്യയും കണ്ടെത്താന്‍ ജോണ്‍ പെരസ്ദ കോവില്‍ഹൊയുടെയും അല്‍ഫോണ്‍സദപാവിയയുടെയും നേതൃത്വത്തില്‍ രണ്ട് സംഘത്തെ നിയോഗിച്ചു. ഇന്ത്യയെയും പെസ്റ്റര്‍ ജോണിന്റെ രാജകീയ സഭയുടെ ആസ്ഥാനം എത്യോപ്യയെയും അടയാളപ്പെടുത്തലായിരുന്നു സംഘത്തിന്റെ ദൗത്യം. പെരസ്ദ കോവില്‍ഹൊ ഈജിപ്ത്, യമന്‍ തുടങ്ങിയ രാജ്യങ്ങിലൂടെയുള്ള അതിസാഹസിക യാത്രയ്‌ക്കൊടുവില്‍ 1488ല്‍ മലബാറില്‍ കണ്ണൂരും കോഴിക്കോടുമെത്തി. പെസ്റ്റര്‍ ജോണിനെ കണ്ടെത്താനുള്ള ശ്രമത്തിനൊടുവില്‍ എത്യോപ്യയിലെത്തിയ ബഹുഭാഷാ പണ്ഡിതനും ധീരനുമായ കോവില്‍ഹൊയെ അവിടത്തെ രാജാവ് സര്‍വ്വവിധ സുഖസൗകര്യങ്ങളോടുകൂടി തന്റെ രാഷ്ട്രീയ തടവുകാരനായി പാര്‍പ്പിച്ചു. അദ്ദേഹത്തെ കാണാനെത്തിയ പോര്‍ച്ചുഗീസ് പ്രതിനിധി ജോസഫ് മുഖേന മലബാറിലെ അതിവിശിഷ്ടമായ പ്രകൃതി സമ്പത്തിന്റെയും യാത്രാനുഭവങ്ങളുടെയും വിവരണം പോര്‍ച്ചുഗീസ് രാജാവിന് എത്തിച്ചുകൊടുത്തു. മലബാറില്‍ ആദ്യമായി എത്തുന്ന യൂറോപ്യനാണ് കോവില്‍ഹൊ. ഇതിനും 200 വര്‍ഷങ്ങള്‍ക്ക്മുമ്പാണ് 1300കളുടെ ആദ്യപകുതിയില്‍ ഇവിടെ പലവട്ടം താമസിച്ച് വിശദമായ യാത്രാനുഭവം രേഖപ്പെടുത്തിയ സഞ്ചാരി ഇബ്‌നുബത്തൂത്ത എന്ന പേരില്‍ വിശ്രുതനായ അബു അബ്ദുല്ല മുഹമ്മദ് ബത്തൂത്ത (1304 1368) മലബാറിലെത്തുന്നത്.

1495ല്‍ ജോണ്‍ രണ്ടാമന്റെ വിയോഗത്തെ തുടര്‍ന്ന് 1521വരെ അധികാരത്തിലിരുന്ന മാനുവല്‍ രാജാവ് കോവില്‍ഹൊ, ബര്‍ത്തലാമ്യൂ ഡയാസ് തുടങ്ങിയവര്‍ മുഖേന തനിക്ക് ലഭിച്ച ബൃഹത്തായ സഞ്ചാരവിവരണങ്ങളുടെ അടിസ്ഥാനത്തില്‍ ശുഭ പ്രതീക്ഷ മുനമ്പുചുറ്റി ഇന്ത്യയിലേക്കു തന്റെ നാവികവ്യൂഹത്തെ അയക്കാനുള്ള സന്നാഹങ്ങള്‍ ആരംഭിച്ചു. മുസ്‌ലിംകളുടെ ആധിപത്യമവസാനിപ്പിച്ച് കടല്‍ വ്യാപാരത്തിന്റെ കുത്തകയും പുണ്യഭൂമിയായ ജറുസലേമും തിരിച്ചുപിടിക്കലായിരുന്നു ലക്ഷ്യം. അവസാനത്തെ കുരിശ് യുദ്ധത്തിനുള്ള പുറപ്പാട് എന്നാണ് ചരിത്രം ഇതിനെ വിശേഷിപ്പിച്ചത്.

അക്കാലത്ത് ഇന്ത്യയുള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളുമായി കൂടുതല്‍ വ്യാപാര ബന്ധങ്ങള്‍ നടത്തിയിരുന്നത് അറബിമുസ്‌ലിംകളായിരുന്നു. അറേബ്യന്‍ നാടുകള്‍ നമ്മുടെ രാജ്യത്തെപ്പോലെ ഫലഭൂവിഷ്ടമായിരുന്നില്ല. അധികവും മരുഭൂമിയായതിനാല്‍ വിവിധ രീതിയിലുള്ള തൊഴിലുകള്‍ ചെയ്ത് ജീവിക്കാനുള്ള അവസരങ്ങള്‍ അക്കാലത്ത് കാര്യമായി അവര്‍ക്കില്ലായിരുന്നു. മുഖ്യ ഉപജീവന മാര്‍ഗം കച്ചവടവുമായതിനാല്‍ അവരില്‍ വലിയൊരു വിഭാഗം പൂര്‍വ്വകാലത്ത് വര്‍ഷത്തില്‍ അധികസമയവും ചിലവഴിച്ചത് വിവിധ ഉപഭൂഖണ്ഡങ്ങളിലും സമുദ്രങ്ങളിലുമായിരുന്നു.

തന്റെ അധീനത്തിലാവുന്ന രാജ്യങ്ങളുടെ പൂര്‍ണ്ണ അധികാരം പോര്‍ച്ചുഗല്‍ രാജാവിന് തന്നെയാണെന്നതിന് പോപ്പില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് 1502ല്‍ രാജാവിന് ലഭിച്ചു. $

റഫറന്‍സ്
1. കേരള മുസ്‌ലിം ചരിത്രം
സ്ഥിതിവിവരക്കണക്ക്
– ഡോ. സി.കെ. കരീം
2. മാപ്പിള മുസ്‌ലിംകള്‍
– റോളണ്ട് ഇ. മില്ലര്‍
3. കേരള മുസ്‌ലിംകള്‍ പോരാട്ടത്തിന്റെ ചരിത്രം
– പ്രൊഫ. കെ.എം. ബഹാവുദ്ദീന്‍
4. ഡ്രാക്കുള പ്രഭുവിന് 120
– എന്‍.എസ്. അരുണ്‍കുമാര്‍
(ഭാഷാപോഷിണി)
5. ഇന്ത്യ ഇരുളും വെളിച്ചവും –
പി. ഹരീന്ദ്ര നാഥ്