യോഗി ആദിത്യനാഥിന്റെ ‘ഹിന്ദുരാഷ്ട്രം’

യോഗി ആദിത്യനാഥിന്റെ ‘ഹിന്ദുരാഷ്ട്രം’

1992 ഡിസംബര്‍ ആറിനു ചരിത്രത്തിലേക്ക് പിഴുതെറിയപ്പെട്ട ബാബരി മസ്ജിദ് രണ്ടുതരത്തില്‍ വീണ്ടും ഓര്‍മകളിലേക്ക് തിരിച്ചുവരികയാണ്. ‘അയോധ്യതര്‍ക്കം’ കോടതിക്കു പുറത്ത് മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ നിര്‍ദേശം വരുംദിവസങ്ങളില്‍ സംവാദം ചൂടുപിടിപ്പിക്കാനാണ് സാധ്യത. ശാഹിദ് ഈ വാരം വിഷയമാക്കുന്നത് ആ വശമല്ല. അധികമാരും എടുത്തുകാട്ടാത്ത ഒരു ചരിത്ര യാഥാര്‍ഥ്യമാണ്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മുഖ്യ സംന്യാസിയും പാര്‍ലമെന്റംഗവുമായ യോഗി ആദിത്യനാഥ് മാര്‍ച്ച് 16നു സത്യപ്രതിജ്ഞ ചൊല്ലിയപ്പോള്‍ രാമജന്മഭൂമി പ്രക്ഷോഭത്തിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദിശ തിരിച്ചുവിട്ട ഒരു തീവ്ര വര്‍ഗീയ പാരമ്പര്യത്തെ അധികാരച്ചെങ്കോല്‍ നല്‍കി രാജ്യം ആദരിക്കുകയാണെന്ന വലിയ സത്യം ആരും വിളിച്ചുപറഞ്ഞില്ല. ബാബരിമസ്ജിദ് രാമജന്മഭൂമി തര്‍ക്കത്തിന് ബീജാവാപം നല്‍കിയതും 1949 ഡിസംബര്‍ 22നു പുലര്‍ച്ചെ പള്ളിക്കകത്ത് രാമസീത വിഗ്രഹങ്ങള്‍ കൊണ്ടിടുന്നതും ആദിത്യനാഥിന്റെ ഗുരുക്കളുടെ കൃപാശിസ്സുകളോടെയാണ്. കിഴക്കന്‍ യു.പിയിലെ വലിയ പട്ടണമായ ഗോരഖ്പൂരിലെ ഗോരക്‌നാഥ് പീഠത്തിലെ സംന്യാസിയായിരുന്ന ദ്വിഗ്‌വിജയ്‌നാഥാണ് 1935 തൊട്ട് രാമജന്മഭൂമിയെ കുറിച്ച് തെറ്റായ ചരിത്രം പ്രസരിപ്പിച്ച് അയോധ്യയില്‍ കുഴപ്പങ്ങള്‍ക്ക് വിത്തുപാകുന്നത്. ഹിന്ദുത്വ താത്ത്വികാചാര്യന്‍ വിനായക് ദാമോദര്‍ സവര്‍ക്കറുടെ ഗുരുവായ ഈ സംന്യാസിയാണ് 1969ല്‍ മരിക്കുന്നത് വരെ രാമക്ഷേത്രത്തിന്റെ പേരില്‍ ഭൂരിപക്ഷസമുദായത്തെ സംഘടിപ്പിക്കാനും ആക്രമണോത്സുകമായ പ്രക്ഷോഭം നയിക്കാനും മുന്‍പന്തിയിലുണ്ടായിരുന്നത്. 1925ല്‍ ആര്‍.എസ്.എസ് രൂപവത്കരിക്കപ്പെടുന്നതിനു രണ്ടുദശകം മുമ്പ,് 1906ല്‍ ഇന്ത്യയിലെ ഹിന്ദുക്കളെ ഏകോപിപ്പിച്ച് ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഹിന്ദുമഹാസഭയുടെ ആസ്ഥാന സംന്യാസിയായിരുന്നു ദ്വിഗ്‌വിജയ്‌നാഥ്. 1934ല്‍ ഗോരഖ്‌നാഥിന്റെ മഠത്തിന്റെ അമരത്ത് അവരോധിക്കപ്പെട്ടതോടെ അദ്ദേഹം മുന്നോട്ടുവെച്ച ഒരാശയം മുസ്‌ലിംകളുടെ വോട്ടവകാശം എടുത്തുകളയണം എന്നതായിരുന്നു. 1949ഡിസംബര്‍ 22നു പുലര്‍ച്ചെ ബാബരിമസ്ജിദിന്നകത്ത് രാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ കൊണ്ടിടുന്നത് ഈ സംന്യാസിയുടെ ശിഷ്യന്മാരാണ്. ഹിന്ദുമഹാസഭയുടെ തീവ്രചിന്താഗതിക്കാരായ വളണ്ടിയര്‍മാരെയാണ് അതിനു ഉപയോഗിച്ചത്; ഓള്‍ ഇന്ത്യ രാമായണ മഹാസഭ എന്ന പേരില്‍. 1935തൊട്ട് അണിയറയില്‍ ഗൂഢനീക്കങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ഹിന്ദുമഹാസഭയിലൂടെയാണ് ഗോരഖ്‌നാഥ് സംന്യാസിമാര്‍ തീവ്രഹിന്ദുയിസത്തെ ആക്രമണോത്സുക കള്‍ട്ടായി വളര്‍ത്തിയത്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിന് ഏതറ്റം വരെയും പോകാമെന്ന വാദവുമായി ബ്രിട്ടീഷ്‌കാര്‍ക്കെതിരെ തീവ്രവാദവഴികള്‍ തെരഞ്ഞെടുക്കാനും അക്കാലത്ത് ഹിന്ദുമഹാസഭ മടിച്ചിരുന്നില്ല. കടുത്ത ഗാന്ധി വിരുദ്ധതയായിരുന്നു സഭയുടെ മുഖമുദ്ര. മഹാത്മാഗാന്ധിയുടെ അഹിംസ സിദ്ധാന്തത്തെ നഖശിഖാന്തം എതിര്‍ത്ത ഗോരഖ്‌നാഥ് സംന്യാസിമാരാണ് 1922ല്‍ ചൗരചൗര പോലിസ് സ്‌റ്റേഷന്‍ ആക്രമണത്തിനു നേതൃത്വം കൊടുക്കുന്നത്. 23പോലിസുകാരെ ചുട്ടുകൊന്ന ആ സംഭവത്തിനു ശേഷമാണ് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം പിന്‍വലിക്കുന്നത്. ഇന്ത്യയുടെ വിഭജനം ഹിന്ദുമഹാസഭയോ ഗോരഖ്‌നാഥ് സംന്യാസിമാരോ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. 1947 ജൂണ്‍ നാലിനു ഹിന്ദു മഹാസഭ അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നത്, ഇന്ത്യ ഒന്നാണെന്നും ഒരിക്കലും വിഭജിക്കാനാവില്ലെന്നും വേര്‍പെടുത്തപ്പെട്ട ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത് വരെ രാജ്യത്ത് സമാധാനം പുലരില്ല എന്നുമാണ്. ഗാന്ധി വധത്തിനു പിന്നിലെ ഗൂഢാലോചനയില്‍ ദ്വിഗ്‌വിജയ്‌നാഥിന്റെ പങ്ക് സംശയിക്കപ്പെട്ടിരുന്നു. 1967ല്‍ ഹിന്ദുമഹാ സഭയുടെയും ജനസംഘത്തിന്റെയും പിന്തുണയോടെ ഇദ്ദേഹം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ദ്വിഗ്‌വിജയ്‌നാഥിന്റെ മരണത്തോടെ ശിഷ്യന്‍ യോഗി അവൈദ്യനാഥ് രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുത്തു. അഞ്ചുതവണ എം.എല്‍.എയായും നാല് തവണ എം.പിയായും തെരഞ്ഞെടുക്കപ്പെട്ടു. അലഹബാദില്‍ കുംഭമേളയോടനുബന്ധിച്ച് സംഘടിപ്പിച്ച സംന്യാസി സംഗമത്തില്‍ (‘ധര്‍മസന്‍സദ് ‘) അവൈദ്യനാഥ് നടത്തിയ പ്രസംഗമാണ് ബാബരിമസ്ജിദ് തകര്‍ക്കാനുള്ള ഗൂഢപദ്ധതിക്ക് അടിത്തറ പാകുന്നത്. 1989ല്‍ അയോധ്യയില്‍ ബൃഹത്തായ ക്ഷേത്രം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച പാലംപൂര്‍ പ്രമേയത്തിന്റെ സുത്രധാരന്‍ അവൈദ്യനാഥായിരുന്നു. രാജ്യമൊട്ടുക്കും ശ്രീരാമന്റെ പേരില്‍ ഹൈന്ദവസമൂഹത്തില്‍ വൈകാരികവിക്ഷോഭം സൃഷ്ടിക്കാന്‍ ആ സംന്യാസി നടത്തിയ കരുനീക്കങ്ങളാണ് 92ഡിസംബറില്‍ പള്ളി തകര്‍ക്കുന്നതില്‍ കലാശിച്ചത്. ബാബരി ധ്വംസനത്തെ കുറിച്ച് അന്വേഷിച്ച ലിബര്‍ഹാന്‍ കമീഷന്‍, മസ്ജിദ് തകര്‍ക്കുന്നതിലേക്ക് പ്രകോപിപ്പിച്ച പ്രസംഗങ്ങള്‍ നടത്തിയത് ഉമാഭാരതി, സാധ്വി ഋതംബര, പരമഹംസ് രാമചന്ദ്രദാസ്, ആചാര്യ ധര്‍മേന്ദ്രദേവ്, മഹന്ത് അവൈദ്യനാഥ് എന്നിവരാണെന്നതിന് മതിയായ തെളിവുകളുണ്ട് എന്ന് പറയുന്നു. അവൈദ്യനാഥിന്റെ ഒരു ശിഷ്യന്‍ അന്നത്തെ വര്‍ഗീയ പോരാട്ടത്തില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. 1994ല്‍ അവൈദ്യനാഥ് തന്റെ പിന്‍ഗാമി ആരാണെന്ന് പ്രഖ്യാപിച്ചു(അദ്ദേഹം മരിക്കുന്നത് 2014ല്‍ ). അന്ന് ഗോരഖ്‌നാഥ് ക്ഷേത്രത്തിന്റെ ചുമതല ഏറ്റെടുത്ത അജയ് ബിഷ്ട് ആണ് പുതിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

രാമജന്മഭൂമിക്കു വേണ്ടി ആയുസ്സും വപുസ്സും നീക്കിവെച്ച് എല്ലാതരം ഗൂഢാലോചനകള്‍ക്കും നേതൃത്വം കൊടുത്ത ഒരു സംന്യാസി പരമ്പരയുടെ ഇങ്ങേ തലക്കലെ തീവ്രഹിന്ദുത്വവാദി. യു.പിയില്‍ വന്‍ഭൂരിപക്ഷം സ്ഥാപിക്കാനായപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട 325 അംഗങ്ങളെ മാറ്റിനിര്‍ത്തി, കഴിഞ്ഞ 20 വര്‍ഷമായി ലോക്‌സഭയില്‍ ഗോരഖ്പൂരിനെ പ്രതിനിധീകരിക്കുന്ന യോഗി ആദിത്യനാഥ് എന്ന തീവ്ര ചിന്താഗതിക്കാരനെ മുഖ്യമന്ത്രി കസേരയില്‍ പ്രതിഷ്ഠിച്ചപ്പോള്‍ ലോകം അന്ധാളിച്ചത് മതേതര ഇന്ത്യയില്‍ ഇങ്ങനെയും സംഭവിക്കുമോ എന്നാണ്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആദിത്യനാഥിന്റെ സ്ഥാനലബ്ധിയെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഹിന്ദുരാഷ്ട്രമായി മാറുന്നതിന്റെ ദൃഷ്ടാന്തമായാണ് വിശേഷിപ്പിച്ചത്.

ആര്‍.എസ്.എസിന്റെ കീഴിലുള്ള വിവിധ പോഷകസംഘടനകളില്‍നിന്ന് വേറിട്ട് സഞ്ചരിച്ച് സ്വന്തമായ പാത വെട്ടിയ ഹിന്ദു യുവവാഹിനി എന്ന തീവ്രവാദികളുടെ കൂട്ടുകെട്ടിലൂടെയാണ് കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി കടുത്ത മുസ്‌ലിം വിരുദ്ധത മുഖമുദ്രയാക്കി ഈ പൂജാരി മുഖ്യന്‍ ഭൂരിപക്ഷസമുദായത്തിന്റെ പിന്തുണ പിടിച്ചെടുത്തത്. രാമക്ഷേത്രത്തിന്റെ നിര്‍മാണം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ യോഗി ആദിത്യനാഥിനെ പോലെ യോഗ്യനായ ഒരു ഹിന്ദുത്വവാദിയെ കിട്ടില്ല എന്ന ഉറച്ച ബോധ്യമാവണം ‘പ്രചാരക്’ അല്ലാത്ത, അനുഭവസമ്പത്ത് കൊണ്ട് അനുഗ്രഹിക്കപ്പെടാത്ത, പലപ്പോഴും ബി.ജെ.പിയോട് നേരിട്ട് പോരാടിയ ഈ ധിക്കാരിയുടെ കൈയിലേക്ക് യു.പി ഭരണം ഏല്‍പിക്കാന്‍ ആര്‍.എസ്.എസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്.

ഉത്തര്‍ പ്രദേശിലെ ഏറ്റവുമൊടുവിലത്തെ ജനസംഖ്യ 22കോടിയാണ.് ഒരു സ്വതന്ത്ര രാജ്യമായിരുന്നുവെങ്കില്‍ ജനസംഖ്യയില്‍ ലോകത്ത് അഞ്ചാം സ്ഥാനത്താകുമായിരുന്നു. യു.പി ആരുടെ നിയന്ത്രണത്തിലാണോ അവരുടെ കരങ്ങളിലായിരിക്കും ഡല്‍ഹി ഭരണമെന്ന സൂത്രവാക്യം 1990വരെ നിലനിന്നിരുന്നു. 1990കള്‍ക്ക് ശേഷം യു.പിയുടെ ഭരണവും കേന്ദ്രഭരണവും ഒരേ കക്ഷിയുടെ കൈകളിലെത്തുന്നത് ഇപ്പോഴാണ്. അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടിയപ്പോള്‍ ഞെട്ടിയവര്‍ ഒരിക്കല്‍ക്കൂടി ഞെട്ടി. യോഗി ആദിത്യനാഥ് എന്ന തീവ്രഹിന്ദുവര്‍ഗീയവാദിയുടെ കൈകളിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ കടിഞ്ഞാണ്‍ ഏല്‍പിച്ചിരിക്കുന്നത്. ഇന്ത്യ ഹിന്ദുരാഷ്ട്രമായിക്കഴിഞ്ഞുവെന്ന് വിദേശമാധ്യമങ്ങള്‍ വരെ വിലയിരുത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പെട്ടെന്ന് വഴുതിവീണപ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് പോലും അറിയാതെ ‘സെക്കുലര്‍ പക്ഷം’ അന്ധാളിച്ചു നില്‍ക്കുന്ന കാഴ്ച പരമദയനീയം തന്നെ.

വിദ്വേഷരാഷ്ട്രീയത്തിന്റെ ഉപാസകന്‍
യോഗി ആദിത്യനാഥിനെ ആരാണ് യു.പി മുഖമന്ത്രിപദത്തില്‍ പ്രതിഷ്ഠിച്ചത്? ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്നില്‍ നിര്‍ത്താതെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഒരിക്കല്‍ പോലും ആദിത്യനാഥിന്റെ പേര് കടന്നുവന്നിരുന്നില്ല. എന്നല്ല, കിഴക്കന്‍ യു.പിയില്‍ പല മണ്ഡലങ്ങളിലും ബി.ജെ.പിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്ക് എതിരെ വിമതരെ നിറുത്തി തലവേദന സൃഷ്ടിച്ചയാളാണ് ഈ സംന്യാസി. എല്ലാ നിലക്കും മുഖ്യമന്ത്രിയാവാന്‍ അയോഗ്യനായിരുന്നു അദ്ദേഹം. എന്നിട്ടും എങ്ങനെ ആദിത്യനാഥ് പ്രധാനമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും വലിയ അധികാരസ്ഥാനമായ യു.പി മുഖ്യമന്ത്രിപദത്തിലെത്തി എന്ന ചോദ്യത്തിനു ഉത്തരം തേടേണ്ടത് പോയ രണ്ടുപതിറ്റാണ്ട് കാലം ഹിന്ദുത്വ അജണ്ടയെ പൊലിപ്പിക്കുന്നതിനു അദ്ദേഹം നടത്തിയ ദുഷ്‌കര്‍മങ്ങളിലാണ്. മനുഷ്യമനസ്സുകളില്‍ വിഷധൂളികള്‍ വിതക്കാന്‍ നോബല്‍ സമ്മാന ജേതാവ് മദര്‍ തെരേസയെ മുതല്‍ ഹോളിവുഡ് താരം ഷാറൂഖ് ഖാനെ വരെ ചിത്രവധം നടത്തിയത് വന്‍ പ്രാധാന്യം നേടിയ സംഭവങ്ങളായിരുന്നു. ‘ലൗജിഹാദ്’ സിദ്ധാന്തം ഹിന്ദുത്വ പദാവലിയായി അംഗീകരിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് യോഗി ആദിത്യനാഥാണ്. ‘സുഗന്ധം പരത്തുന്ന ഹിന്ദുപെണ്‍കുട്ടികളെ ദുര്‍ഗന്ധപൂരിതമായ ലോകത്തുനിന്ന് വരുന്ന ചെറുപ്പക്കാര്‍ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി , സംസ്‌കൃതചിത്തരായ മാതാപിതാക്കളില്‍നിന്ന് വേര്‍പ്പെടുത്തുകയും ഒമ്പത് മാസം കൊണ്ട് കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്യുന്നതിനെ കുറിച്ചാണ് ‘ ലൗജിഹാദ് സിദ്ധാന്തത്തിലൂടെ ആകുലതകള്‍ പ്രചരിപ്പിച്ചത്. ‘ഘര്‍വാപസി’യുടെ ഉപാസകനായ യോഗി, 2005ല്‍ 1500 ക്രിസ്ത്യാനികളെ ഹിന്ദുമതത്തിലേക്ക് തിരിച്ചു കൊണ്ടുപോകുന്നതിനു യു.പിയിലെ ഇട്ടാവയില്‍ വിപുലമായ പരിപാടി സംഘടിപ്പിച്ചത് വന്‍ വാര്‍ത്തയായിരുന്നു. ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്ക് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അമേരിക്കയുടെ കവാടം കൊട്ടിയടച്ചപ്പോള്‍ ആ തീരുമാനത്തെ ആദ്യമായി സ്വാഗതം ചെയ്ത ഇന്ത്യന്‍ നേതാവാണ് ഗോരഖ്‌നാഥ് മഠത്തിന്റെ ഈ അധിപതി.

കൊലപാതകം, കൊലപാതക ശ്രമം, വിവിധ സമൂഹങ്ങള്‍ തമ്മില്‍ വിദ്വേഷം ജനിപ്പിക്കല്‍, ഖബര്‍സ്ഥാന്‍ അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ എണ്ണമറ്റ ക്രിമിനല്‍ കേസുകളാണ് ഇക്കാലത്തിനിടയില്‍ യോഗിയുടെമേല്‍ ചുമത്തപ്പെട്ടത്. എന്നിട്ടും ‘പുണ്യവാളന്‍’ ചമയാന്‍ ശ്രമിക്കുന്ന യോഗി, മാര്‍ച്ച് 21നു പാര്‍ലമെന്റില്‍ ചെന്ന് വിടവാങ്ങല്‍ പ്രസംഗം നടത്തവെ കല്ല് വെച്ച നുണ വിളമ്പിയത് കേട്ടില്ലേ? ”അഖിലേഷ് യാദവിന്റെ ഭരണകാലത്ത് നാനൂറിലേറെ വര്‍ഗീയകലാപങ്ങള്‍ യു.പിയില്‍ നടമാടിയിട്ടും തന്റെ മണ്ഡലമായ ഗോരഖ്പൂര്‍ ശാന്തമായി നിലകൊണ്ടു. വര്‍ഗീയകലാപമില്ലാത്ത സംസ്ഥാനമായി യു.പി മാറാന്‍ പോവുകയാണ്. ”.ഗോരഖ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെടാതിരുന്നത്, മറ്റിടങ്ങളില്‍ കലാപം പരത്തുന്നതില്‍ യോഗി ആദിത്യനാഥ് മുഴുകിയത് കൊണ്ടാവാനേ തരമുള്ളൂ. ഗോരഖ്പൂരില്‍ ന്യുനപക്ഷങ്ങള്‍ക്ക് മതപരമായ അനുഷ്ഠാനങ്ങള്‍ക്ക് പോലും അനുമതി നിഷേധിക്കുന്ന ധിക്കാരപരമായ സമീപനമാണ് യോഗിയും അനുയായികളും എന്നും സ്വീകരിച്ചത്. 2007ലെ മുഹര്‍റം ഘോഷയാത്ര രണ്ടുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചപ്പോള്‍ രാജ്കുമാര്‍ അഗ്രാഹതി എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. യോഗി ആദിത്യനാഥ് സംഘര്‍ഷഭരിത പ്രദേശത്തേക്ക് പോകരുതെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയെങ്കിലും അത് ഗൗനിച്ചില്ല. അതോടെ സ്ഥലത്ത് ‘അഹിംസ ധര്‍ണ’ ആരംഭിച്ചു. ജനങ്ങളെ പരസ്പരം തമ്മിലടിപ്പിക്കുന്ന വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തി. ജില്ലാ അധികാരികള്‍ക്ക് കര്‍ഫ്യു ഏര്‍പ്പെടുത്തേണ്ടിവന്നു. കര്‍ഫ്യൂ ലംഘിച്ച് കൂടുതല്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലിസിന് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കേണ്ടിവന്നു. സമാധാനലംഘനത്തിനു പ്രേരിപ്പിച്ചതായിരുന്നു കുറ്റം. അതോടെ അനുയായികളെ ഇളക്കിവിട്ടു. മുംബൈഗോരഖ്പൂര്‍ ഗോദാന്‍ എക്‌സ്പ്രസിന്റെ കോച്ചുകള്‍ യോഗിശിഷ്യന്മാര്‍ അഗ്‌നിക്കിരയാക്കി. ഹിന്ദുയുവവാഹിനി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പള്ളികളും മുസ്‌ലിംകളുടെ കടകളും കത്തിച്ചു, കൊള്ളയടിച്ചു. ജയിലില്‍നിന്നിറങ്ങി ചാനലില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ആദിത്യനാഥ് ഷാറൂഖ് ഖാനെ പാകിസ്താനിലെ തീവ്രവാദി ഹാഫിസ് സഈദിനോട് ഉപമിച്ചത്.

സമാജ്‌വാദി പാര്‍ട്ടി അധികാരത്തില്‍ വരുകയാണെങ്കില്‍ ഖജനാവിലെ പണം മുഴുവന്‍ ഖബര്‍സ്ഥാനിലേക്കായിരിക്കും പോവുകയെന്നും ബി.ജെ.പി വരുകയാണെങ്കില്‍ രാമക്ഷേത്രം നിര്‍മിക്കാനായിരിക്കും അത് നീക്കിവെക്കുക എന്നും ഗീര്‍വാണം മുഴക്കിയാണ് ആദിത്യനാഥ് ഇക്കുറി യു.പിയിലെ ജനങ്ങളില്‍ വര്‍ഗീയത ആളിക്കത്തിച്ചത്. വരും ദിവസങ്ങളില്‍ യു.പിയില്‍നിന്ന് രാജ്യം കേള്‍ക്കാന്‍ പോകുന്നത് രാമക്ഷേത്ര നിര്‍മാണത്തിന്റെയും ഗോരക്ഷയുടെയും വാര്‍ത്തകളായിരിക്കും. കോടതിക്കു പുറത്ത് വെച്ച് ബാബരിത്തര്‍ക്കം തീര്‍ക്കണമെന്ന പരമോന്നത നീതിപീഠത്തിന്റെ നിര്‍ദേശം പോലും മാറിവന്ന രാഷ്ട്രീയ കാലാവസ്ഥയോട് ന്യായാസനം എങ്ങനെ താദാത്മ്യം പ്രാപിക്കുന്നുവെന്നതിന്റെ തെളിവാണ്. യോഗി മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ അറവുശാലകള്‍ അടച്ചുപൂട്ടുന്നതിന്റെ ശബ്ദമാണ് കേട്ടുകൊണ്ടിരിക്കുന്നത്. രാജ്യം കണ്ട ഉഗ്രവര്‍ഗീയവാദിയുടെ കൈകളിലേക്ക് 22കോടി ജനതയുടെ ഭാഗധേയം വെച്ചുകൊടുത്തതോടെ, യഥാര്‍ഥ ‘ഹിന്ദുത്വ’ എന്താണെന്നും ഇതുവരെ നാം കേള്‍ക്കുക മാത്രം ചെയ്ത ഹിന്ദുരാഷ്ട്രം എങ്ങനെയുള്ളതാണെന്നും കണ്‍മുമ്പില്‍ കാണാന്‍ പോവുകയാണ്. ഒരുനിലക്ക് നോക്കുമ്പോള്‍ യോഗി ആദിത്യനാഥ് എന്ന കാവിയുടപ്പുകാരന്റെ ഈ വരവ് അനുഗ്രഹമായി ഭവിച്ചേക്കാം. കാരണം, ബി.ജെ.പിയുടെ യഥാര്‍ഥ മുഖം അനാവൃതമാക്കുന്നതിനു ഇത് സഹായകമാവും എന്ന് മാത്രമല്ല, പാര്‍ട്ടിക്കകത്തെ വൈരുധ്യങ്ങളും വ്യക്തികള്‍ തമ്മിലുള്ള കിടമല്‍സരത്തിന്റെ പുതിയ സമവാക്യങ്ങളും ഉരുത്തിരിയുന്നതിനുള്ള അന്തരീക്ഷമാണ് തെളിഞ്ഞുവരുന്നത്.അപ്പോഴും കരുതിയിരിക്കേണ്ടത് യു.പിയിലെ 20ശതമാനം വരുന്ന (ഏകദേശം നാല് കോടി) മുസ്‌ലിംകള്‍ തന്നെ. 2015ല്‍ ഒരു വീഡിയോ യു.പിയിലാകെ വൈറലായി. ഗോരഖ്‌നാഥ് മഠാധിപതി ഒരു സ്‌റ്റേജില്‍ നിശബ്ദനായി ഇരിക്കുന്നു. ഒരനുയായി ഉച്ചത്തില്‍ ആഹ്വാനം ചെയ്യുന്നത് മുസ്‌ലിം യുവതികളുടെ ഖബറുകള്‍ മാന്തി അവരെ ബലാല്‍സംഗം ചെയ്യാനാണ്. ഈ ദൃശ്യങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഹിന്ദുയുവ വാഹിനിയുടെ ഒരു ഭാരവാഹി പ്രസ്താവിച്ചതിങ്ങനെ: യോഗി ആദിത്യനാഥ് അധികാരത്തില്‍ വരട്ടെ. മുസ്‌ലിംകളുടെ വോട്ടവകാശം നിഷേധിച്ച് രണ്ടാംകിട പൗരന്മാരായി പ്രഖ്യാപിക്കുന്നത് അപ്പോള്‍ കാണാം.

മുസ്‌ലിംകളുടെ പൗരത്വം എടുത്തുകളയണമെന്നത് ആദിത്യനാഥിന്റെ ഗുരുക്കളുടെ കൂടി സ്വപ്‌നമാണ്. ഇപ്പോള്‍ മൃദുസ്വരത്തില്‍ സംസാരിച്ചുതുടങ്ങിയ യോഗിയുടെ ശബ്ദം ഉടന്‍ കനക്കും എന്ന കാര്യത്തില്‍ സംശയം വേണ്ടാ.

ശാഹിദ്‌