ഗുരുസ്മരണയില്‍ ഒരു ഖുര്‍ആന്‍ കലാലയം

ഗുരുസ്മരണയില്‍ ഒരു ഖുര്‍ആന്‍ കലാലയം

1985 ജൂലായ് മാസത്തില്‍ കോഴിക്കോട് കുറ്റിച്ചിറ ജുമുഅത്ത് പള്ളിയില്‍ വികാര നിര്‍ഭരമായ ഒരു യാത്രയയപ്പ് നടക്കുകയാണ്.പള്ളിയിലെ മുദരിസ് ഹജ്ജിന് പോവുകയായിരുന്നു. അക്കാലത്ത് ഹജ്ജിന് വേണ്ടിയുള്ള വേര്‍പാട് തന്നെയും വൈകാരികമായ ഒരു അനുഭവം തന്നെയാണ്. എന്നാല്‍ ഇവിടെ മുദരിസ് കുഞ്ഞറമുട്ടി മുസ്‌ലിയാര്‍ തന്റെ ശിഷ്യന്മാരോട് പറയുന്നത് ‘ഞാനിനി തിരിച്ചുവരില്ല. വിശുദ്ധ ഭൂമിയില്‍ ആറടി മണ്ണാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ എന്നാണ്. അതുകൊണ്ടുതന്നെ കേട്ടുനിന്ന ശിഷ്യന്മാരെല്ലാം വിതുമ്പിക്കരഞ്ഞു. ആ വൈകാരിക നിമിഷങ്ങള്‍ക്കിടയില്‍ ഖുര്‍ആന്‍ പാരായണ ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രസിദ്ധമായ മൂന്ന് ഗ്രന്ഥങ്ങള്‍- ഇത്ഹാഫ്, ശാത്വബി, ജസ്‌രി- കയ്യിലെടുത്ത് ഉസ്താദ് ഒരു ശിഷ്യന് നേരെ നീട്ടി. എന്നിട്ട് പറഞ്ഞു: ‘ഖിറാഅത്തും തജ്‌വീദും ഇശാഅത്ത് ചെയ്യണം, മുഖദ്ദിമായിരിക്കണം.’ ആ സമയത്ത് തന്റെ ഗുരുനാഥന്‍ എന്താണ് പറയുന്നതെന്ന് ആ ശിഷ്യന് മനസ്സിലായില്ല. ഉസ്താദ് വിശുദ്ധ ഭൂമിയിലേക്ക് യാത്ര തിരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ പുണ്യ ഭൂമിയില്‍ വെച്ച് അല്ലാഹു അദ്ദേഹത്തെ തിരിച്ചുവിളിച്ചു. ആ ശൂന്യതയിലിരിക്കെ ഉസ്താദ് പറഞ്ഞതിന്റെ പൊരുള്‍ ശിഷ്യന്റെ മനസ്സില്‍ തെളിഞ്ഞുവന്നു. ഉസ്താദ് പേരെടുത്ത പണ്ഡിതനും പ്രബോധകനുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഏറ്റവും താല്‍പര്യമുണ്ടായിരുന്നത് ഖുര്‍ആന്‍ പാരായണ ശാസ്ത്രമായിരുന്നു. പലയിടങ്ങളിലും അതിനുവേണ്ടി പരിശീലനക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ തന്റെ കൈവഴിയെ അടുത്ത തലമുറക്ക് കൈമാറാന്‍ കൃത്യമായ ഒരു വഴി രൂപപ്പെട്ടിട്ടില്ല. അതാണ് തനിക്കുനേരെ നീട്ടിയ മൂന്ന് ഗ്രന്ഥങ്ങളിലൂടെ ഇശാഅത്തിനുള്ള നിര്‍ദേശത്തിലൂടെ ഉസ്താദ് ഏല്‍പിച്ചുപോയിരിക്കുന്നത്. കൂടുതലൊന്നും ആലോചിക്കാതെ ഉസ്താദ് വിടപറഞ്ഞ അതേ മാസത്തില്‍ തന്റെ വീട്ടില്‍വെച്ചുതന്നെ ഖുര്‍ആന്‍ പാരായണ ശാസ്ത്രം അഭ്യസിപ്പിക്കാന്‍ തുടങ്ങി. ഇടവേളകളില്ലാതെ മുപ്പത്തിരണ്ട് വര്‍ഷം പിന്നിട്ടുകഴിഞ്ഞു. പൊതു സമൂഹത്തിന് അത്രയൊന്നും പരിചിതനല്ലെങ്കിലും മുജവ്വിദ് അബ്ദുറസാഖ് ഉസ്താദ് എന്ന ആ ശിഷ്യന്‍ ഇന്ന് ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തില്‍ തത്പരരായവര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഒരു നാമമാണ്.

1956 ജൂണ്‍ 22(വെള്ളി)നാണ് അബ്ദുറസാഖ് ഉസ്താദ് ജനിക്കുന്നത്. ഖുര്‍ആന്റെ മാസം എന്ന വിശേഷണത്തിന് അര്‍ഹമായ റമളാനിലായിരുന്നു ഖുര്‍ആന്റെ ഈ സേവകന്‍ ജനിച്ചത് എന്നത് യാദൃഛികമായിരിക്കില്ല. പില്‍ക്കാലത്ത് ചേര്‍ത്തുവായിക്കാന്‍ അല്ലാഹു ബാക്കിവെച്ച ദൃഷ്ടാന്തങ്ങളിലൊന്നായിരിക്കാം. കച്ചവടക്കാരനായ ആലിക്കോയയാണ് അബ്ദുറസാഖ് ഉസ്താദിന്റെ പിതാവ്. ഉമ്മയുടെ പേര് ബിയ്യാത്തു.

കുറ്റിച്ചിറ മദ്‌റസത്തുല്‍ അന്‍സാരിയിലാണ് മതപഠനം ആരംഭിച്ചത്. അഞ്ചാം തരം വരെ അവിടെ പഠിച്ചു. പരപ്പില്‍ എം എം എച്ച് എസിലായിരുന്നു ഒന്നുമുതല്‍ പത്തുവരെയുള്ള സ്‌കൂള്‍ പഠനം. മീഞ്ചന്ത ആര്‍ട്‌സ് കോളേജില്‍നിന്നും പ്രീഡിഗ്രിയും പഠിച്ചു. ശേഷം പ്രൈവറ്റായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്നും അറബിയില്‍ ഡിഗ്രിയും സ്വന്തമാക്കി. അക്കാലത്തെ പ്രധാന യോഗ്യതകളിലൊന്നായ ടൈപ്പ്‌റൈറ്റിംഗും അദ്ദേഹം കൈവശപ്പെടുത്തിയിരുന്നു.

മതബോധമുള്ള കുടുംബമായിരുന്നെങ്കിലും ദര്‍സില്‍ പോകാനുള്ള സമ്മര്‍ദമൊന്നും ആരില്‍നിന്നും ഉണ്ടായിരുന്നില്ല. സ്‌കൂളില്‍ ഒമ്പതാം തരത്തില്‍ പഠിക്കുന്ന കാലത്ത് കൂട്ടുകാര്‍ക്കൊപ്പം ഒരു കൗതുകത്തിനാരംഭിച്ചതാണ് ദര്‍സ് പഠനം. കുറ്റിച്ചിറയിലെ ജിഫ്രി മഖാമിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ജലാലിയ്യ അറബിക് കോളേജിലാണ് യാതൊരു മുന്‍വിധിയുമില്ലാതെ കടന്നുചെന്നത്. എന്നാല്‍ പാണ്ഡിത്യത്തിന്റെ നിറവിനൊപ്പം അധ്യാപനത്തിന്റെ രസതന്ത്രങ്ങളെല്ലാം കൈവശപ്പെടുത്തിയ ഒരു മഹാമനീഷിയായിരുന്നു അവിടെ സ്വീകരിക്കാനുണ്ടായിരുന്നത്. പേര് അഹ്മദ് മുസ്‌ലിയാര്‍. മാവൂര്‍ പാറമ്മല്‍ സ്വദേശി. തിളങ്ങുന്ന മുഖവും പുഞ്ചിരി മായാത്ത ഭാവവും സ്‌നേഹ നിര്‍ഭരമായ പെരുമാറ്റവും. ആ പ്രതിഭക്കുമുമ്പില്‍ ആ ഒമ്പതാം ക്ലാസുകാരന്‍ കീഴടങ്ങി. ആദ്യം മഗ്‌രിബിന് ശേഷം മാത്രമായിരുന്നു ദര്‍സില്‍ ചെന്നിരുന്നത്. നാളുകള്‍ കഴിയുന്നതിനനുസരിച്ച് അതിന്റെ സമയം കൂടിക്കൂടി വന്നു. അവസാനം മുഴുസമയവും ഉസ്താദിന്റെ അരികില്‍ തന്നെ കൂടി. നാലു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉസ്താദ് അഹ്മദ് മുസ്‌ലിയാര്‍ വഫാതായി. ശേഷം കുറ്റിച്ചിറ ജുമുഅത്ത് പള്ളിയിലേക്ക് ഫറോക്ക് സ്വദേശി കുഞ്ഞറമുട്ടി മുസ്‌ലിയാര്‍ മുദരിസായി വന്നപ്പോള്‍ അവിടെ ചേര്‍ന്നു. നീണ്ട പതിനൊന്ന് വര്‍ഷങ്ങള്‍ ആ ഗുരുവും ശിഷ്യനും അനുഭവിച്ചുതീര്‍ത്തു.

കര്‍ക്കശമായി നിയന്ത്രിക്കുന്ന സ്വഭാവം ഉസ്താദിനില്ലായിരുന്നു. അല്ലെങ്കില്‍ അങ്ങനെ നിയന്ത്രിക്കേണ്ട അവസരം ശിഷ്യന്‍ വരുത്തിവെക്കാറില്ലായിരുന്നു. അനുവദനീയമായതൊന്നും തടഞ്ഞില്ല. ഡിഗ്രി വരെ ഭൗതിക വിദ്യാഭ്യാസം നേടിയതും ടൈപ്പ് റൈറ്റിംഗ് പഠിക്കാന്‍ അവസരമുണ്ടായതുമെല്ലാം ഉസ്താദിന്റെ നിലപാടിന്റെ പ്രത്യേകത കൊണ്ടാണ്. മതാധ്യാപനത്തില്‍ കേരളത്തിലെ അക്കാലത്തെ എണ്ണപ്പെട്ട പണ്ഡിതന്മാരില്‍ ഒരാളായ ഉസ്താദില്‍നിന്നും ഒരു കുറവും വരില്ല എന്നതില്‍ ഒട്ടും സംശയവുമില്ല.

കുഞ്ഞറമുട്ടി മുസ്‌ലിയാര്‍ എന്ന പേരില്‍ പ്രസിദ്ധനായ ഉസ്താദിന്റെ യഥാര്‍ത്ഥ നാമം കുഞ്ഞര്‍മിയാഅ് മുസ്‌ലിയാര്‍ എന്നാണ്. ഹിജ്‌റ 1320ലാണ് അദ്ദേഹം ജനിക്കുന്നത്. പിതാവ് മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍. മാതാവ് ആക്കോട് കുറുന്തോട്ടത്തില്‍ മാമുക്കുട്ടിയുടെ മകള്‍ ഉമ്മയ്യ. കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ (സമസ്ത ഉപാദ്ധ്യക്ഷന്‍ എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ പിതാവ്), മാമുക്കുട്ടി മുസ്‌ലിയാര്‍(പ്രൊഫ. എ കെ അബ്ദുല്‍ഹമീദ് സാഹിബിന്റെ പിതാവ്), ഇബ്‌റാഹിം കുട്ടി മുസ്‌ലിയാര്‍, മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ സഹോദരന്മാരാണ്. കോഴിക്കോട് ഫാറൂഖ് കോളേജിനടുത്ത് അണ്ടിക്കാടന്‍ കുഴിയാണ് കുഞ്ഞറമുട്ടി ഉസ്താദിന്റെ സ്വദേശം.

കക്കോവ്, നല്ലളം, കോഴിക്കോട് മുദാക്കര പള്ളി, കാപ്പാട്, കുഞ്ഞുണ്ണിക്കര, വാഴക്കാട് ദാറുല്‍ഉലൂം, പാനൂര്‍, പൂക്കോം, പാനായിക്കുളം തുടങ്ങിയ സ്ഥലങ്ങളിലായി മതപഠനം നടത്തിയ ഉസ്താദ് പൊന്നാനിയിലെ വിളക്കത്തിരുന്ന ശേഷമാണ് അധ്യാപനം ആരംഭിച്ചത്. ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, പാനായിക്കുളം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കാപ്പാട് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ എന്നിവരാണ് പ്രധാന ഗുരുനാഥന്മാര്‍. പൊന്നാനിയില്‍ വിളക്കത്തിരുന്ന കാലത്ത് തുന്നന്‍ വീട്ടില്‍ മുഹമ്മദ് മുസ്‌ലിയാരായിരുന്നു അവിടത്തെ ഉസ്താദ്. തലശ്ശേരി, മട്ടാമ്പ്രം, ചപ്പാരപ്പടവ്, കോഴിക്കോട് മുദാക്കര, പുറക്കാട്ടിരി, ജലാലിയ്യ അറബിക്കോളേജ് കുറ്റിച്ചിറ, കുറ്റിച്ചിറ ജുമുഅത്ത് പള്ളി എന്നിവിടങ്ങളില്‍ ദര്‍സ് നടത്തിയിട്ടുണ്ട്.

പൊന്നാനിയില്‍ പഠിക്കുന്ന കാലത്ത് ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തില്‍ തത്പരനാവുകയും അഗാധ ജ്ഞാനം നേടിയെടുക്കുകയും ചെയ്യാനിടയായി. കേരളത്തിലെ പണ്ഡിതന്മാരെല്ലാം ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കുഞ്ഞറമുട്ടി ഉസ്താദിനുമുമ്പ് അതില്‍ പ്രത്യേകം പ്രാവീണ്യം നേടിയ മറ്റൊരാള്‍ അറിയപ്പെട്ടിരുന്നില്ല. സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ ഹിസ്ബ് ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ അതിന് യോഗ്യരായവരെ കണ്ടെത്താനുള്ള ഉത്തരവാദിത്വം കുഞ്ഞറമുട്ടി ഉസ്താദിനെയാണ് സമസ്ത ഏല്‍പ്പിച്ചിരുന്നത്. അതുപ്രകാരം ഖാരിഅ് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ വി കൊടുവള്ളി എന്നിവരെ ഇന്റര്‍വ്യൂ ചെയ്തതും നിയമിച്ചതും ഉസ്താദാണ്. 1960നു മുമ്പ് കേരളത്തിന്റെ പല ഭാഗങ്ങളിലും സ്വന്തമായി ഉസ്താദ് ഹിസ്ബ് ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ടെല്ലാമായിരുന്നു അദ്ദേഹം സമസ്തയുടെ ആദ്യത്തെ ഖാരിഅ് എന്ന പേരില്‍ അറിയപ്പെട്ടത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഹിസ്ബ് ക്യാമ്പുകള്‍ നയിച്ചിരുന്ന അദ്ദേഹം ദര്‍സിലും തജ്‌വീദ് പഠനത്തിന് പ്രത്യേകമായ രീതി അവലംബിച്ചിരുന്നു. എല്ലാ ദിവസവും സുബ്ഹിക്ക് ശേഷം ഖുര്‍ആന്‍ പാരായണ ശാസ്ത്രമായിരുന്നു അദ്ദേഹത്തിന്റെ ദര്‍സിലെ പാഠ്യവിഷയം.

പതിനൊന്ന് വര്‍ഷക്കാലം കുഞ്ഞറമുട്ടി ഉസ്താദിനൊപ്പം ചിലവഴിക്കാനവസരം കിട്ടിയതിനാല്‍ മറ്റ് ശിഷ്യന്മാര്‍ക്കൊന്നും ലഭിക്കാത്ത വിധം ഖുര്‍ആന്‍ പാരായണ നിയമങ്ങളില്‍ അഗാധമായ പ്രാവീണ്യം നേടാന്‍ അബ്ദുറസാഖ് ഉസ്താദിന് അവസരമുണ്ടായി. നാട്ടില്‍ ഒറ്റപ്പെട്ട തജ്‌വീദ് ക്ലാസുകള്‍ നടത്താറുണ്ടായിരുന്നെങ്കിലും തനിക്ക് ലഭിച്ച അപാരമായ സിദ്ധിയെക്കുറിച്ച് അബ്ദുറസാഖ് ഉസ്താദ് ബോധവാനായിരുന്നില്ല. അങ്ങനെയിരിക്കെയാണ് 1985ല്‍ ഉസ്താദ് ഹജ്ജ് യാത്രക്ക് പുറപ്പെടുന്നത്. ഇനി നാട്ടിലേക്കില്ലെന്ന് പറഞ്ഞ് ഇത്ഹാഫും ശാത്വബിയും ജസ്‌രിയും എടുത്ത് നീട്ടി ഗുരു തജ്‌വീദിന്റെ പ്രചാരണം ഏറ്റെടുക്കാന്‍ നിര്‍ദേശിച്ചപ്പോഴും തന്റെ അറിവിനെ കുറിച്ചോ ഏറ്റെടുക്കേണ്ട ദൗത്യത്തെക്കുറിച്ചോ ബോധവാനായിരുന്നില്ല. 1985 ആഗസ്തില്‍ ദുല്‍ഹജ്ജ് മാസത്തിലെ അറഫാ രാവില്‍ മിനായിലെ തമ്പില്‍ വെച്ച് കുഞ്ഞറമുട്ടി മുസ്‌ലിയാര്‍ മരണപ്പെട്ടു. മിനായിലെ തന്നെ മസ്ജിദുല്‍ ഖൈഫിന്റെ പരിസരത്ത് ഉസ്താദിനെ മറവുചെയ്തു. ഈ വിവരം അറിഞ്ഞ ശേഷമാണ് തന്റെ ദൗത്യം അബ്ദുറസാഖ് ഉസ്താദ് തിരിച്ചറിയുന്നത്. അങ്ങനെ ആ മാസം തന്നെ ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങി.

അധ്യാപനം ഒരു തൊഴിലായി സ്വീകരിക്കാന്‍ ആദ്യമേ താത്പര്യമുണ്ടായിരുന്നില്ല അബ്ദുറസാഖ് ഉസ്താദിന്. താനൊരു പണ്ഡിതനല്ല എന്ന വിനയത്താല്‍ തലപ്പാവ് ധരിക്കാന്‍ പോലും മടികാണിച്ചു. ജ്യേഷ്ഠന്‍ നേരത്തെ തുടങ്ങിയിരുന്ന ചെരിപ്പ് കച്ചവടം ഏറ്റെടുത്ത് നടത്താനായിരുന്നു തീരുമാനം. അതുതന്നെയായിരുന്നു ജീവിതമാര്‍ഗവും. ഇന്നും കോഴിക്കോട് മിഠായിത്തെരുവിലുള്ള ചെരിപ്പ് കട തന്നെയാണ് അദ്ദേഹത്തിന്റെ വരുമാനമാര്‍ഗം. അതുകൊണ്ടുതന്നെ പണമുണ്ടാക്കുക എന്ന ലക്ഷ്യം ക്ലാസുകള്‍ക്ക് പിന്നില്‍ ഒരു ഘട്ടത്തിലുമുണ്ടായിരുന്നില്ല. നീണ്ട 32 വര്‍ഷങ്ങള്‍ക്കിടയില്‍ അതിന് ഒരു മാറ്റവും വന്നിട്ടില്ല. പകല്‍ സമയത്ത് ബിസിനസും കുടുംബ കാര്യങ്ങളുമെല്ലാമായി ചിലവഴിക്കുകയും രാത്രി ക്ലാസ് നടത്തുകയുമായിരുന്നു പതിവ്. രാത്രി 9.30ന് ആരംഭിക്കുന്ന ക്ലാസ് പുലര്‍ച്ചെ 4 മണി വരെ തുടരും. ചിലപ്പോള്‍ സുബ്ഹി ബാങ്ക് ഉയരുന്നതോടെയാണ് അവസാനിക്കുക. തുടങ്ങിയ അന്ന് മുതല്‍ ഇന്നുവരെ അത് തന്നെയാണ് പതിവ്. കേരളത്തിലെ ആറ് ജില്ലകളില്‍നിന്നും ഉസ്താദിന്റെ ക്ലാസുകളില്‍ ബിരുദം നേടിയവരും അല്ലാത്തതുമായ നിരവധി പണ്ഡിതന്മാര്‍ ചേര്‍ന്നു പഠിക്കുന്നുണ്ട്. ഉസ്താദ് നല്‍കിയ മൂന്ന് കിതാബുകള്‍ കയ്യില്‍ വെച്ചാണ് തുടങ്ങിയത്. പിന്നെ തദ്വിഷയ സംബന്ധമായി കിട്ടാവുന്ന ഗ്രന്ഥങ്ങളെല്ലാം സംഘടിപ്പിക്കാന്‍ തുടങ്ങി. ഈ വിഷയത്തില്‍ പുതിയ ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചതായി അറിഞ്ഞാല്‍ അത് കൈവശപ്പെടുത്താനുള്ള ധൃതിയാണ് പിന്നീട്. ഇപ്രകാരം സംഘടിപ്പിച്ച നാനൂറിലേറെ ഗ്രന്ഥങ്ങള്‍ അബ്ദുറസാഖ് ഉസ്താദിന്റെ കൈവശമുണ്ട്. പലതും കേരളത്തില്‍ മറ്റൊരിടത്തും കാണാത്തത്. അവയെല്ലാം അവലംബിച്ച് തയാറാക്കിയ പ്രത്യേകമായ ഒരു പാഠ്യപദ്ധതിയാണ് അദ്ദേഹം തന്റെ ക്ലാസുകള്‍ക്കായി ഉപയോഗിക്കുന്നത്.

മുപ്പത്തിരണ്ട് വര്‍ഷക്കാലം കൊണ്ട് അനേകം പ്രഗത്ഭരായ ശിഷ്യര്‍ പഠനം പൂര്‍ത്തിയാക്കി. കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലെ ഉസ്താദുമാരായും പള്ളികളിലെ ഇമാമുമാരായും അവര്‍ സേവനം ചെയ്യുന്നു. വിവിധ രാഷ്ട്രങ്ങളിലെ പള്ളികളില്‍ അവരുടെ ശബ്ദം മുഴങ്ങുന്നു. അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരങ്ങളില്‍നിന്ന് പലവിധ പുരസ്‌കാരങ്ങളുമായി ശിഷ്യന്മാര്‍ ഉസ്താദിന്റെ സന്നിധിയിലെത്തുന്നു. കുഞ്ഞറമുട്ടി ഉസ്താദ് പറഞ്ഞ ഇശാഅത്ത് നിര്‍വഹിക്കാനായി എന്ന സന്തോഷം അദ്ദേഹത്തിന്റെ വാക്കുകളിലും മുഖത്തും നിറഞ്ഞുനില്‍ക്കുന്നു.

തന്റെ ദൗത്യം സുഗമമാകാന്‍ അബ്ദുറസാഖ് ഉസ്താദ് സഹിച്ച ചില ത്യാഗങ്ങള്‍ കൂടി പറയേണ്ടതുണ്ട്. ശിഷ്യന്മാര്‍ക്ക് അറിവുനല്‍കി ക്ലാസുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ അവര്‍ക്ക് സനദ് നല്‍കേണ്ടതുണ്ട്. പുതിയ കാലത്ത് അത് പ്രിന്റ് ചെയ്തുതന്നെ നല്‍കണം. കുഞ്ഞറമുട്ടി ഉസ്താദിലൂടെയുള്ള ഉസ്താദുമാരുടെ സനദ് പൊന്നാനി വഴി ഹഫ്‌സ്(റ)വില്‍ സന്ധിക്കുന്നതാണെന്ന് ഉസ്താദ് പറഞ്ഞ ഓര്‍മയുണ്ട്. എന്നാല്‍ പരമ്പരയിലെ എല്ലാവരുടെയും പേരുകള്‍ ചോദിക്കുകയോ എഴുതിവെക്കുകയോ ചെയ്തിരുന്നില്ല. അപ്രകാരമുള്ള ഒരു സനദിന്റെ അഭാവം തന്റെ ദൗത്യ നിര്‍വഹണത്തെ ബാധിക്കരുത് എന്ന് നിര്‍ബന്ധമുള്ളതിനാല്‍ അധ്യാപനത്തിനും ബിസിനസിനും ഇടക്ക് വീണ്ടും പഠനത്തിനായി സമയങ്ങള്‍ മാറ്റിവെച്ചു. വെല്ലൂര് ബാഖിയാതുസ്വാലിഹാത്തിലെ മുദരിസായിരുന്ന ഹാഫിസ് മുഹമ്മദുല്‍ മദനി എന്നവരുടെ ഹാസിം(റ)ന്റെ ഖിറാഅത്തുപ്രകാരമുള്ള സബ്അ് ഖിറാഅത്തിന്റെ മറ്റൊരു സനദും കൂടി അദ്ദേഹം കൈവശപ്പെടുത്തി. ഇതുപ്രകാരം ഉസ്താദിന്റെ സനദ് നബി(സ)യിലേക്ക് മുപ്പതാം കണ്ണിയായി എത്തിച്ചേരുന്നു. കൂടാതെ കേരളത്തിലെ പ്രമുഖരായ സൂഫികളും ആലിമുകളുമായ പലരെയും സമീപിച്ച് ഇജാസത്ത് സ്വന്തമാക്കി. സമസ്തയുടെ നേതൃത്വത്തില്‍ ഖുര്‍ആന്‍ പാരായണ പഠനം വ്യാപകമാക്കാന്‍ വേണ്ടി നിയമിതനായ കെ വിയില്‍നിന്നും അബ്ദുറസാഖ് ഉസ്താദ് ഓതിയിട്ടുണ്ട്. അദ്ദേഹം തിരിച്ചും ഓതിയിട്ടുണ്ട്. ഉസ്താദിന്റെ ഈ സാഹസം കൊണ്ട് ഒരേ സമയം രണ്ട് വഴികളിലൂടെയുള്ള ഇജാസത്ത് സ്വന്തമാക്കാന്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ക്ക് അവസരമുണ്ടായി. കൂടാതെ തബറുകിനു വേണ്ടി മസ്ജിദുന്നബവിയില്‍ വെച്ച് ഹാഫിസ് ഉമര്‍ അല്‍ മദനിയില്‍നിന്നും ഓതിയിട്ടുണ്ട്.

കേരളത്തിലെ സുന്നികള്‍ക്കിടയിലെ വിവിധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും തന്നെ അവലംബിക്കാവുന്ന സാഹചര്യം ഉണ്ടാക്കി എന്നതാണ് അബ്ദുറസാഖ് ഉസ്താദിന്റെ മറ്റൊരു സാഹസം. എല്ലാ സംഘടനകളിലെയും പണ്ഡിതന്മാരെ അംഗീകരിച്ചു. അവരോടെല്ലാം നല്ല ബന്ധം പുലര്‍ത്തി. എന്നാല്‍ ഒരു വിവാദത്തിലും പങ്കാളിയാകാതിരിക്കാന്‍ ശ്രദ്ധിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ശിഷ്യന്മാരില്‍ എല്ലാ വിഭാഗത്തിലുമുള്ള ആളുകളുണ്ടായി. ഇന്നും ആ സ്ഥിതിയില്‍ മാറ്റമില്ലാതെ കൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിക്കുന്നു.

ഖുര്‍ആന്‍ പാരായണ ശാസ്ത്രം പഠിക്കുന്നവര്‍ക്ക് ഉപകാരപ്രദമായ മികച്ച ചില രചനകളുണ്ട് അബ്ദുറസാഖ് ഉസ്താദിന്. അടിസ്ഥാനപരമായ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന അല്‍ഫരീദ്, പാരായണ ശാസ്ത്രവുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച ചോദ്യങ്ങളുടെ മറുപടികള്‍ ക്രോഡീകരിച്ച അല്‍ഫുര്‍ഖാന്‍ ഫീ ഇല്‍മില്‍ ഖിറാഅഃ, തയ്‌സീറു അഹ്കാമി തജ്‌വീദ് എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.

അല്‍ഫുര്‍ഖാന്റെ രണ്ടാം ഭാഗം, ഫളാഇലുല്‍ഖുര്‍ആന്‍, അല്‍ഉമൂറുല്‍മുഹിമ്മ ഫീ സൂറത്തില്‍ ഫാത്വിഹ എന്നിവ രചന കഴിഞ്ഞ് പ്രസിദ്ധീകരണത്തിന് തയാറായിക്കൊണ്ടിരിക്കുന്നു. പണിപ്പുരയില്‍ വേറെയും രണ്ട് ഗ്രന്ഥങ്ങളുണ്ട്.

1994ല്‍ കുറ്റിച്ചിറയില്‍ അബ്ദുറസാഖ് ഉസ്താദിന്റെ നേതൃത്വത്തില്‍ ഒരു സ്ഥാപനം ജന്മമെടുത്തു. അല്‍മര്‍കസുല്‍ ഫാറൂഖി. കുഞ്ഞറമുട്ടി ഉസ്താദ് ഫാറൂഖിയാണല്ലോ. ആ പേരാണ് സ്ഥാപനത്തിന് നല്‍കിയത്. ഉസ്താദിന്റെ ദൗത്യം നിര്‍വഹിക്കാനും പരമ്പര നിലനിര്‍ത്താനുമാണ് ഖുര്‍ആന്‍ പാരായണ ശാസ്ത്രം പഠിപ്പിക്കാന്‍ തുടങ്ങിയത്. 1994 പ്രമേഹം വന്ന് അല്‍പം പ്രയാസപ്പെട്ടപ്പോഴാണ് തനിക്കു ശേഷവും ഉസ്താദിന്റെ സ്മരണ നിലനില്‍ക്കണമെന്ന ആഗ്രഹത്തോടെ ഒരു സ്ഥാപനം എന്ന സങ്കല്‍പത്തെ യാഥാര്‍ത്ഥ്യമാക്കിയത്. തജ്‌വീദ് മാത്രം പഠിപ്പിക്കുന്ന കോഴ്‌സ് നടത്തുന്ന കേരളത്തിലെ ആദ്യത്തെ സ്ഥാപനം എന്ന പേര് അല്‍മര്‍കസുല്‍ഫാറൂഖിക്ക് അനുയോജ്യമാണ് എന്നാണ് മനസ്സിലാക്കുന്നത്. കേരളത്തിലെ പള്ളിദര്‍സുകളില്‍ തജ്‌വീദ് പഠനം ഉണ്ടായിരുന്നെങ്കിലും അതിനു മാത്രമായുള്ള സ്ഥാപനം മുമ്പ് അറിയപ്പെട്ടിട്ടില്ല. സ്ഥാപനത്തിന്റെ മുഖ്യ രക്ഷാധികാരിയാണ് ഉസ്താദ്. അതിന്റെ നടത്തിപ്പും വിപുലീകരണവുമെല്ലാമാണ് അദ്ദേഹത്തിന്റെ ചിന്തയില്‍ നിറഞ്ഞുനില്‍ക്കുന്നത്. അവിടെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാറുണ്ട്. എന്നാല്‍ വീട്ടില്‍ നടക്കുന്ന ക്ലാസുകള്‍ക്ക് ശമ്പളമോ ഫീസോ ഇല്ല എന്ന പോലെ സ്ഥാപനത്തിലും ഉസ്താദിന് ശമ്പളമില്ല. ഭക്ഷണം പോലും അവിടെ നിന്നും കഴിക്കില്ല. ‘എനിക്ക് കഴിയാന്‍ മാത്രം എന്റെ ബിസിനസില്‍ നിന്ന് തന്നെ അല്ലാഹു നല്‍കുന്നുണ്ട്’ എന്ന ഉറച്ചവാക്കിനുമുന്നില്‍ സമ്മര്‍ദം ചെലുത്താനിറങ്ങുന്നവര്‍ പോലും പിന്‍വാങ്ങേണ്ടിവരുന്നു. അദ്ദേഹത്തിന് ഒരു ലക്ഷ്യം മാത്രമാണുള്ളത്. ഉസ്താദ് ഏല്‍പിച്ച ദൗത്യം. അത് സാധിക്കണം. ഖുര്‍ആന്‍ പാരായണ നിയമത്തിന്റെ പാഠങ്ങള്‍ വ്യാപിക്കണം; ആകാവുന്നത്രയും പ്രദേശങ്ങളിലേക്ക്.

കൊയിലാണ്ടി കൊല്ലത്ത് നിന്നാണ് അബ്ദുറസാഖ് ഉസ്താദ് വിവാഹം കഴിച്ചത്. അവിടത്തെ പള്ളിയുടെ മുതവല്ലിയായിരുന്ന മൊയ്തീന്‍ കുട്ടി എന്നവരുടെ മകള്‍ ആമിനയാണ് ഉസ്താദിന്റെ ഭാര്യ. ഫാത്വിമത്തുല്‍ ഹസീന, അബ്ദുല്‍വദൂദ്, ആഇശ രിഫ്ഹത്ത്, അബ്ദുല്‍ബാസ്വിത്ത് എന്നിവരാണ് മക്കള്‍. കോഴിക്കോട് കുറ്റിച്ചിറയില്‍ പ്രസിദ്ധമായ മിശ്കാല്‍ പള്ളിയുടെ പരിസരത്താണ് ഉസ്താദ് താമസിക്കുന്നത്.

എം ടി ശിഹാബുദ്ദീന്‍ സഖാഫി