സലഫിസത്തെ എങ്ങനെ നേരിടും?

സലഫിസത്തെ എങ്ങനെ നേരിടും?

അത്യന്തം ജനവിരുദ്ധമായിരിക്കുമ്പോള്‍ പോലും ഫാഷിസത്തിനും സാമ്രാജ്യത്വത്തിനും ജനാധിപത്യത്തെ വെച്ച് കളിക്കാന്‍ കഴിയുന്നു. നോട്ടുപ്രശ്‌നമെന്ന ഭരണകൂട തീരുമാനത്തിന്റെ കെടുതികള്‍ നേരിട്ടുനുഭവിച്ച ഒരു സൂമഹത്തിലാണ് ഫാഷിസം ജയിച്ചുകയറുന്നത്. ലോകത്താകമാനം മനുഷ്യരുടെ അടിസ്ഥാന പ്രശ്‌നങ്ങളെ ചവിട്ടിത്താഴ്ത്തിയാണ് തീവ്രവലതുപക്ഷം വിജയങ്ങള്‍ നേടിക്കൊണ്ടിരിക്കുന്നത്. സ്വീഡനിലെ ഡമോക്രാറ്റിക് പാര്‍ട്ടി ആര്‍ എസ് എസിനോട് തുല്യമാണ്. ഫ്രാന്‍സിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അഭിപ്രായ സര്‍വേകളില്‍ മുന്നിട്ട് നില്‍ക്കുന്ന മാറിന ലീബെന്‍ എന്ന സ്ത്രീ സ്വാധി പ്രാച്ചിക്ക് സമാനമാണ്. കുടിയേറ്റ വിരുദ്ധതയും മുസ്‌ലിം വിരുദ്ധതയും വര്‍ണവിവേചനവും വെച്ചുപുലര്‍ത്തുന്നവര്‍ അധികാരത്തില്‍ വരുമ്പോള്‍ നമുക്ക് സ്വാഭാവികമായും ബുദ്ധിപരമായ അപകര്‍ഷത അനുഭവിക്കേണ്ടിവരും.

ഇനി വഹാബിസത്തിന്റെ കാര്യം നോക്കൂ. ഇസ്‌ലാമിലെ സുന്ദരമായ വാക്കുകളിലൊന്നിനെ മറയാക്കിക്കൊണ്ടാണ് അത് സലഫി എന്ന വാക്കുപയോഗിക്കുന്നത്. സച്ചരിതരായ മുന്‍ഗാമികള്‍ക്കാണ് സലഫി എന്ന് പറയുന്നത്. ഈ പാതയെ വഴിതിരിച്ചുവിടുന്നവരാണത് ഉപയോഗിക്കുന്നത്, ജനാധിപത്യത്തെ ഫാഷിസവും സാമ്രാജ്യത്വവും ഉപയോഗിക്കുന്നപോലെത്തന്നെ. അതിന് ചേരുന്ന പേര് വഹാബിസം എന്നാണ്. ഇബ്‌നു അബ്ദുല്‍വഹാബ്(1702-1792) എന്ന വ്യക്തിയുടെ തലയിലുദിച്ച ആശയമാണ് വഹാബിസം. പ്രവാചകര്‍ മതത്തില്‍ വലിയ കലഹങ്ങളുയര്‍ത്തുന്ന നാട് എന്ന് പ്രവചിച്ച നജ്ദിലാണ് ഇബ്‌നു അബ്ദുല്‍വഹാബിന്റെ ജനനം. നിലവിലുള്ള ഇസ്‌ലാമിക സംവിധാനങ്ങളും പ്രാര്‍ത്ഥന- അനുഷ്ഠാനങ്ങളും മതവിരുദ്ധമായതിനാല്‍ അവയെ പരിഷ്‌കരിച്ചേ അടങ്ങൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. പല ആരാധനകളും ശിര്‍ക്ക് കലര്‍ന്നതാണെന്നതടക്കമുള്ള തന്റെ ആശയത്തെ അദ്ദേഹം സംവാദാത്മകമായല്ല മുന്നോട്ടുവെച്ചത്. അതിന്ന് വേണ്ടി ആളുകളുടെ ആശയ സ്വാതന്ത്ര്യത്തിനു മേല്‍ ബലം പ്രയോഗിച്ചു. ഈ ബലപ്രയോഗത്തിലൂടെ പതിയെപ്പതിയെ കയ്യറപ്പു തീര്‍ന്ന കശാപ്പുകളെ മതശുദ്ധീകരണത്തിന്റെ പേരില്‍ ന്യായീകരിക്കാനുള്ള തൊലിക്കട്ടി കൂടി അതിന്ന് കൈവന്നു. വഹാബിന്റെ മരണശേഷം ഒരു ഭാഗത്ത് ഭരണകൂടത്തിലൂടെയും മറുഭാഗത്ത് സലഫി സന്നദ്ധസേനയിലൂടെയും അത് ജനജീവിതത്തിന്റെ മേല്‍ ചോരക്കുതിപ്പ് തന്നെ നടത്തി. ഇതാണ് ജനവിരുദ്ധമായി സലഫിസം അവതരിപ്പിക്കപ്പെടാനുള്ള മുഖ്യകാരണം.

ഇസ്‌ലാമില്‍ ഐഡിയോളജിക്കു വേണ്ടിയുള്ള ഹിംസയില്ല. പക്ഷേ വഹാബികള്‍ ഹിംസയെയും അതിക്രമങ്ങളെയും ഐഡിയോളജിക്കുവേണ്ടി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ഖവാരിജുകളോട് സലഫിസത്തെ സാദൃശ്യപ്പെടുത്തുന്നത്. ബി മാധവന്‍ പിള്ളയുടെ ഇംഗ്ലീഷ് മലയാള ഡിക്ഷ്ണറിയില്‍ വഹാബിസത്തിന് നിര്‍വചനം നല്‍കുന്നതിങ്ങനെ: ഒരു മുഹമ്മദീയ തീവ്രവാദി വിഭാഗം. അല്ലെങ്കില്‍ അതിലെ ഒരംഗം. ഗില്ലെസ് കെപ്പല്‍ The war for Muslim Minds എന്ന പുസ്തകത്തില്‍ പറയുന്നതിങ്ങനെ:”a corpus of doctrines”, and “a set of attitudes and behavior, derived from the teachings of a particularly severe religious reformist who lived in central Arabia in the mid-eighteenth century”. വഹാബി മിഷന്‍ ആന്‍ഡ് സഊദി അറേബ്യ എന്ന പുസ്തകമെഴുതിയ ഡേവിഡ് കൊമിന്‍സ് വഹാബിസത്തെ പരിചയപ്പെടുത്തുന്നതിങ്ങനെ; “a misguided creed that fosters intolerance, promotes simplistic theology, and restricts Islam’s capacity for adaption to diverse and shifting circumstances.’ ഇതില്‍ വളരെ വ്യക്തമാക്കി പറയുന്നത് വഹാബിസത്തിന്റെ അസഹിഷ്ണുതയുടെ തലത്തെയും ഇസ്‌ലാമിന്റെ ഉള്‍ക്കൊള്ളല്‍ ശേഷിയെ പരിമിതപ്പെടുത്തുന്നതിനെയുമാണ്. എന്‍സൈക്ലോപീഡിയ ഓഫ് ഇസ്‌ലാം ആന്‍ഡ് മുസ്‌ലിം വേള്‍ഡ്: “a conservative reform movement … the creed upon which the kingdom of Saudi Arabia was founded, and [which] has influenced Islamic movements worldwide”   എന്നാണ് വഹാബിസത്തിന് നല്‍കിയിരിക്കുന്ന നിര്‍വചനം. ഈ നിര്‍വചനം കൂറെക്കൂടി അതിന്റെ രാഷ്ട്രീയത്തെയാണ് അര്‍ത്ഥമാക്കുന്നത്. സുന്നികളെ സാധാരണയായി യാഥാസ്ഥിതികര്‍ എന്നാണ് നാം വിളിക്കുന്നതെങ്കിലും ഈ നിര്‍വചന പ്രകാരം വഹാബിസം യാഥാസ്ഥിതികമാണ്. എന്നാല്‍ ചിലര്‍ ഇത് പരിഷ്‌കരണ പ്രസ്ഥാനമാണെന്നും പറഞ്ഞിട്ടുണ്ട്. അത് അവരുടെ താല്‍പര്യങ്ങളുടെ ഭാഗം മാത്രമാണ്.

വഹാബിസത്തിനകത്ത് കടും പിടുത്തവും ഹിംസയും അസഹിഷ്ണുതയും അന്യവത്കരണവുമുണ്ട്. മതത്തിനകത്ത് ഇത്രയും കാലമുണ്ടായിരുന്ന വിശ്വാസികളെ അവര്‍ മതത്തില്‍നിന്ന് നിഷ്‌കാസനം ചെയ്തയക്കുന്നു. ട്രംപ് അമേരിക്കന്‍ മുസ്‌ലിംകളോട് എടുക്കുന്ന നിലപാടുകളും ഫാസിസത്തിന്റെ പാക്കിസ്ഥാന്‍ നിര്‍ദേശങ്ങളും അന്യവത്കരണത്തിന്റെ ഭാഗമാണ്. വിശ്വാസത്തില്‍നിന്നുള്ള ആട്ടിയോടിക്കല്‍ ഇവയെക്കാള്‍ കാഠിന്യം നിറഞ്ഞതാണ്. വഹാബിസത്തിനും ഇസ്‌ലാമിസത്തിനും കൂട്ടക്കൊലകളുടെ നിരവധി ചരിത്രങ്ങള്‍ തന്നെയുണ്ട്. സൈദ്ബ്‌നു ഖത്താബ്(റ)ന്റെ മഖ്ബറ തകര്‍ത്തുകൊണ്ടാണ് ഈ നശീകരണത്തിന് തുടക്കം കുറിക്കുന്നത്. അതിനെ പ്രതിരോധിച്ച ജനങ്ങളെ കൊന്നൊടുക്കുകയും നഗരം ഇടിച്ച് നിരപ്പാക്കുകയും ചെയ്തിട്ടുണ്ട് അവര്‍. അതിനുപുറമെ അവിടെയുണ്ടായിരുന്ന സ്വത്ത് വകകള്‍ കൊള്ളയടിക്കുകയും ചെയ്തു. മുഹമ്മദ് അസദിന്റെ റോഡ് ടു മക്കയില്‍ ഇത് വിശദമായി പറയുന്നുണ്ട്. ശേഷം ഇറാഖിലെ ബസറയിലാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. അവിടെ നിന്നും കനത്ത എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. ഈ ചെറുത്തുനില്‍പ്പുകള്‍ക്കൊപ്പം അസ്തമിച്ചുപോകേണ്ടതായിരുന്നു വഹാബിസം. എന്നാല്‍ 1744ല്‍ മുഹമ്മദ്ബ്‌നു സഊദുമായി ഇബ്‌നു അബ്ദുല്‍വഹാബ് ഒരു കരാറുണ്ടാക്കി. ഇസ്‌ലാമിനന്യമായ രാഷ്ട്രീയവത്കരണമാണ് അവിടെ നടന്നത്. രാഷ്ട്രീയ കാര്യങ്ങള്‍ സഊദ് കുടുംബവും മതകാര്യങ്ങള്‍ ആലു ശൈഖും നോക്കുമെന്നായിരുന്നു കരാറിന്റെ ആകെത്തുക. ഈ കരാറിനു ശേഷം ചെറുത്തുനില്‍പ്പുകളെ അപ്രസക്തമാക്കും വിധം കഠിനമായ അതിക്രമങ്ങള്‍ അഴിച്ചുവിട്ടു. ത്വാഇഫ് അക്രമണത്തില്‍ ചെറിയ കുഞ്ഞുങ്ങള്‍ പോലും ഇരയായി. അവര്‍ ചെയ്ത കുറ്റം, ഭാവിയില്‍ ശിര്‍ക്കുകാരാവാന്‍ സാധ്യതയുണ്ട് എന്നതാണ്. ഹുസൈന്‍ ഹില്‍മിയെ പോലുള്ളവര്‍ ഇത് വളരെ വിശദമായി പറയുന്നുണ്ട്. 1801ല്‍ ഇതേ പോലെ കര്‍ബല അക്രമണം നടന്നു. മുസ്‌ലിം(റ)ന്റെ മഖ്ബറയും ഗ്രന്ഥശാലകളും അഗ്നിക്കിരയാക്കി. ശേഷം ഇത്തരം ഭീകരതാണ്ഡവങ്ങള്‍ അരങ്ങേറിയത് ഹിജാസിലായിരുന്നു. കര്‍ബല അക്രമണത്തിന്റെ രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം മക്കയും മദീനയും പിടിച്ചെടുത്തു. ഫാത്വിമ ബീവി(റ)യുടെയും ഖദീജ ബീവി(റ)യുടെയും മഖ്ബറകള്‍ അന്ന് തകര്‍ക്കപ്പെടുകയുണ്ടായി. ഹാമിദ് അല്‍ഗാര്‍ അതേപ്പറ്റി വിശദമായി പറയുന്നുണ്ട്. സഊദി അറേബ്യന്‍ സാമ്രാജ്യം സ്ഥാപിതമായത് സമാധാനപരമല്ല എന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്.

ഉപഭൂഖണ്ഡത്തിനു മേല്‍ രണ്ടാം തവണ വഹാബി-സഊദി അധിനിവേശമുണ്ടാകുന്നത് നാല് ലക്ഷം പേരെ കൊലപ്പെടുത്തിയും അതിലേറെ പേരെ പരുക്കേല്‍പിച്ചുമാണ്. ത്വാഇഫ്, ഹുറൈദ തുടങ്ങിയ നഗരങ്ങളില്‍ നേരിട്ടും മറ്റു ഭാഗങ്ങളില്‍ പ്രതിപുരുഷന്മാരെ ഉപയോഗിച്ചുമാണ് ഈ നരഹത്യകള്‍ ചെയ്തത്. ഇന്നത്തെ ഭീകരതയോട് എത്രമാത്രം സമാനമാണിത്. ഒരു ഭാഗത്ത് ചരിത്രശേഷിപ്പുകളെയും മറുഭാഗത്ത് അതിന്റെ സൂക്ഷിപ്പുകാരെയും അക്രമിക്കുന്നു. ആദ്യം ഒരു മതവിഭാഗത്തിന്റെ സായുധസംഘം എന്ന രൂപത്തില്‍ രംഗ പ്രവേശം ചെയ്യുകയും ശേഷം അതിലേക്ക് സാമ്രാജ്യത്വം കടന്നുവരുന്നതുമാണ് നാം കാണുന്നത്. തുര്‍ക്കി ഖിലാഫത്തിനെ തകര്‍ക്കുക എന്നത് സാമ്രാജ്യത്വത്തിന്റെ ആശയപരവും ജിയോ-പൊളിറ്റിക്കല്‍ പരവുമായ ഒരു അഭിലാഷമായിരുന്നു. ഇസ്‌ലാമിന്റെ വ്യാപനം തടയുക എന്നതായിരുന്നു അവരുടെ ആശയപരമായ ലക്ഷ്യം. ഈ അഭിലാഷപൂര്‍ത്തീകരണത്തിന് ബാഹ്യ ശക്തികളെക്കാള്‍ സാധിക്കുക ആഭ്യന്തര ശക്തികള്‍ക്കാണെന്ന് അവര്‍ മനസ്സിലാക്കിയിരിക്കണം. സായുധമായി അക്രമണം നടത്തുന്ന വഹാബികളെ നോട്ടമിട്ടുകൊണ്ടാണ് ടി ഇ ലോറന്‍സ് എന്ന ചാരനെ സാമ്രാജ്യത്വം നിയോഗിച്ചത്. അദ്ദേഹം അവിടെയുണ്ടാക്കിയ ബന്ധങ്ങള്‍ മൂലം ഖിലാഫത്തിനകത്ത് വലിയ ശൈഥില്യങ്ങള്‍ ഉണ്ടാവുകയും അത് ദുര്‍ബലപ്പെടുകയും ചെയ്തു. അതിലൊരു മുഖ്യഭാഗം സഊദ് വിഭാഗത്തിന് നല്‍കുകയും ചെയ്തു. അതാണ് ആധുനിക സഊദി അറേബ്യ. യഥാര്‍ത്ഥത്തില്‍ ഖിലാഫത്തിനെ തകര്‍ക്കുന്നത് വഹാബിസമാണ്.

സോവിയറ്റ് യൂണിയന്‍ സാമ്രാജ്യ വികസന സ്വപ്‌നങ്ങളുമായാണ് അഫ്ഗാനില്‍ അധിനിവേശം നടത്തുന്നത്. ബ്രിട്ടന്‍ അറേബ്യയില്‍ വഹാബിസത്തെ ഉപയോഗിച്ചപോലെ സോവിയറ്റ് യൂണിയന്‍ അഫ്ഗാനില്‍ താലിബാനിസം എന്ന ആശയധാരക്ക് രൂപം നല്‍കി. താലിബാന്റെ അടിസ്ഥാന ആദര്‍ശ വിഭാഗം വഹാബികളാണ്. അവിടെ നജീബ് സര്‍ക്കാറിനെ പുറത്താക്കാനും സായുധ വിപ്ലവം നടത്താനും അവര്‍ക്ക് ആയുധമെത്തിച്ചുകൊടുത്തത് അമേരിക്കയാണ്. അതിന്റെ ശേഷിപ്പാണ് ഇന്നും ഉപഭൂഖണ്ഡത്തിലെ തീവ്രവാദത്തിന്റെ മൂലധനം. ലഷ്‌കറെ ത്വയിബ അടക്കമുള്ള എല്ലാ തീവ്രവാദികളുടെയും ആശയധാരയായി ഒരു ഭാഗത്ത് വഹാബിസം നില്‍ക്കുന്നുണ്ട്.

ഇസില്‍ എന്ന ശക്തി വംശീയ വിഭാഗീയതയില്‍ നിന്ന് രൂപം കൊണ്ടതാണ്. സദ്ദാം ഹുസൈന്റെ അനുയായികളായ അതൃപ്തരായ കുറെ സൈനികരും കേണല്‍മാരും ബഗ്ദാദിയുടെ നേതൃത്വത്തില്‍ ഒരു പുതിയ പേരില്‍ സംഘടിച്ചു. ബഗ്ദാദി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്, വഹാബിസം തന്റെ ആശയസ്രോതസ്സാണെന്ന്. ഇസിലിന്റെ പ്രവര്‍ത്തനരീതികള്‍ ഇബ്‌നു അബ്ദുല്‍ വഹാബിന്റെ കാലത്ത് ഉണ്ടായതിന്റെ തനി പകര്‍പ്പാണ്. അവരുടെ ആദ്യ അജണ്ട പുണ്യകേന്ദ്രങ്ങള്‍ തകര്‍ക്കുകയും അകാരണമായി ജനങ്ങളെ കൊലപ്പെടുത്തുകയുമാണ്. വഹാബിസം ഉപയോഗിച്ച അതേ ഐഡിയോളജിക്കല്‍ വയലന്‍സാണ് ഇസിലിന്റെയും അടിത്തറ. ഒട്ടുമിക്ക മുസ്‌ലിം ഭീകരവാദ സംഘടനകളും അപ്രകാരം തന്നെയാണ്.

മതത്തില്‍ ബലാല്‍ക്കാരമില്ല എന്ന തത്വത്തെ മാറ്റിമറിച്ച് ബലാല്‍ക്കാരത്തിലൂടെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുക എന്ന രീതി കൊണ്ടുവന്നത് സലഫിസമാണ്. അതു ഉയര്‍ത്തിക്കാട്ടിയാണ് സാമ്രാജ്യത്വം ഭീകരവിരുദ്ധ യുദ്ധം ആരംഭിക്കുന്നത്. ഈ ആശയം ചൂണ്ടിക്കാണിച്ച് സാമ്രാജ്യത്വം ശിഥിലമാക്കിയ രാജ്യങ്ങള്‍ക്ക് കണക്കില്ല. കൊളോണിയല്‍ കാലഘട്ടത്തിനു ശേഷം സാമ്രാജ്യത്വം നേരിട്ട വിഭവ ദൗര്‍ലഭ്യതയെ തന്ത്രപരമായി പരിഹരിക്കുകയായിരുന്നു അവര്‍. ലിബിയന്‍ തീരത്ത് നങ്കൂരമിടുന്ന സാമ്രാജ്യത്വ കപ്പലുകള്‍ തുഛമായ വിലക്ക് എണ്ണ ഊറ്റിക്കൊണ്ടുപോകുന്നു. മറ്റൊരു വശത്ത് അവര്‍ക്ക് വിപുലമായ ആയുധ വിപണിയും ലഭിക്കുന്നു. ഡോളറിനു പിടിച്ചുനില്‍ക്കാന്‍ കഴിയുന്നത് മറ്റുരാജ്യങ്ങള്‍ അതിനെ നീക്കിയിരുപ്പിലൂടെ അഥവാ റിസര്‍വുകളിലൂടെ സംരക്ഷിക്കുന്നതുകൊണ്ടാണ്. ഡോളറിന്റെ മൂല്യവും ലോകമേധാശക്തിയും അമേരിക്കക്ക് അനിവാര്യമാണ് എന്ന പശ്ചാതലത്തിലാണ് 9/11 അമേരിക്കയും ജൂതന്മാരും ചേര്‍ന്നുണ്ടാക്കിയതാണോ എന്ന സംശയം ഉയരുന്നത്. 9/11 നു ശേഷം ഒരുപാട് രാഷ്ട്രങ്ങളില്‍ കടന്നുകയറാന്‍ അവര്‍ക്ക് വളരെ വേഗത്തില്‍ കഴിഞ്ഞു. ഇതിനെല്ലാം വഴിയൊരുക്കിക്കൊടുത്തത് തീവ്രവാദ സംഘടനകളാണ്.

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് പുറമെയുള്ള അവരുടെ പൊതു വിശേഷമാണ് പാരമ്പര്യ നിഷേധവും സൂഫി വിരുദ്ധതയും. മതത്തിന്റെ അക്ഷരവായനയാണ് സലഫിസത്തിന്റെ പ്രത്യേകത. മതത്തിന്റെ തത്വങ്ങള്‍ വാക്കര്‍ത്ഥത്തിലെടുക്കുമ്പോഴാണ് ജിഹാദ് പോലെയുള്ള ആശയങ്ങള്‍ തെറ്റായി വായിക്കപ്പെടുന്നത്. മനുഷ്യധ്വംസനത്തിന്റെ വഴിയിലൂടെയാണ് അവര്‍ സ്വര്‍ഗത്തിലേക്കുള്ള പാത വെട്ടിക്കൊണ്ടിരിക്കുന്നത്. അതേ പോലെത്തന്നെ അന്യവത്കരണവും പാരമ്പര്യഗ്രന്ഥങ്ങളുടെ സ്വവ്യാഖ്യാനവും അവരുടെ മുഖമുദ്രയാണ്. ഇതിനെല്ലാം പുറമെ സാമ്രാജ്യത്വത്തോട് മൃദു സമീപനമാണ് അവര്‍ പുലര്‍ത്തുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ അവര്‍ സാമ്രാജ്യത്വശക്തികളോട് സമരസപ്പെടുകയായിരുന്നു. സാമ്രാജ്യത്വത്തിന് വ്യാഖ്യാനിക്കാവുന്ന തരത്തില്‍ മതത്തെ പരിവര്‍ത്തിപ്പിച്ചു എന്നതും അവരുടെ കൃത്യമാണ്. സാംസ്‌കാരിക കേന്ദ്രങ്ങളായ പാരമ്പര്യ ശേഷിപ്പുകളോട് വഹാബിസത്തിന് എന്നും എതിര്‍പ്പുകളുണ്ട്. പാരമ്പര്യനിരാസം സാമ്രാജ്യത്വത്തിന്റെ ഇഷ്ടമാണ്.

ബഹുസ്വരതയോടുള്ള കലഹം വഹാബിസം ഉയ ര്‍ത്തിപ്പിടിക്കുന്നു. ഇസ്‌ലാമില്‍ ഒരിക്കലും ആശയപരമായ യുദ്ധങ്ങള്‍ നടന്നിട്ടില്ല. രാഷ്ട്രരൂപീകരണത്തിനു ശേഷം മാത്രമാണ് കൃത്യമായ സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള അതിന്റെ യുദ്ധങ്ങള്‍ നടന്നത്. ഖുര്‍ആന്‍ പറയുന്നത് യുദ്ധാഹ്വാനം ചെയ്യുക എന്നതല്ല. മറിച്ച്, അനുമതി നല്‍കുക എന്നതാണ്. എന്നാല്‍ സലഫികള്‍ ഇതിന് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചത്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായിത്തന്നെയാണ് ഉലമ ഈ ഐഡന്റിറ്റിയെ എതിര്‍ത്തത്. ഇന്ന് നമ്മുടെ നാട്ടില്‍നിന്ന് വരെ സമാധാന ജീവിതമാഗ്രഹിച്ച് ചിലര്‍ കലുഷിതഭൂമിയിലേക്ക് യാത്ര പോയിട്ടുണ്ട്. സ്വന്തം മണ്ണില്‍ കാലുറപ്പിച്ച് നില്‍ക്കാനുള്ള ആത്മവിശ്വാസമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ സംഭവവികാസങ്ങളെ ഫാസിസം വരെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ഇതിനെ മറികടക്കേണ്ടതുണ്ട്. ഒരുമകളിലൂടെ, പ്രാദേശിക വകഭേദങ്ങളെ പഠിച്ചുകൊണ്ട് സൗഹൃദച്ചായകള്‍ ഒരുക്കിക്കൊണ്ട് നാം കൂടുതല്‍ ബഹുസ്വരമാകണം. ഇതിന് നേതൃത്വം കൊടുക്കാന്‍ സൂഫിധാരക്ക് മാത്രമേ കഴിയൂ.

മുസ്തഫ പി എറയ്ക്കല്‍