ഒരു മുസ്‌ലിമിന്റെ കാമ്പസ് ജീവിതം

ഒരു മുസ്‌ലിമിന്റെ കാമ്പസ് ജീവിതം

വിശുദ്ധ ഇസ്‌ലാം ഗതകാലത്തെന്ന പോലെ തന്നെ ഇന്നും ആദര്‍ശപരമായും ആശയപരമായും ലോകത്തേറ്റവും അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയും വളര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന മതമാണ്. അബ്ബാസീ ഖലീഫയായ മഅ്മൂന്റെ കൊട്ടാരത്തില്‍ നടന്ന ഒരു സംഗമം. ചിന്തകരും എഴുത്തുകാരും കവികളും സാംസ്‌കാരിക രംഗത്തെ സമുന്നതരും സംഗമിക്കുന്ന മഅ്മൂന്റെ മജ്‌ലിസില്‍ ഒരു ദിനം ഒരാള്‍ കടന്നുവന്നു. ചര്‍ച്ചകളിലിടപെട്ട് വളരെ ഭംഗിയായി സംസാരിച്ച അദ്ദേഹത്തോട് മഅ്മൂന്‍ ചോദിച്ചു. ”താങ്കള്‍ ഇസ്‌റാഈലിയ്യാണോ? വിശുദ്ധ ഇസ്‌ലാമിനെക്കുറിച്ച് നിങ്ങള്‍ക്കെന്ത് തോന്നുന്നു? ഇസ്‌ലാമിലേക്ക് നിങ്ങള്‍ക്ക് സ്വാഗതം.” അപ്പോള്‍ അദ്ദേഹം പറഞ്ഞു. ”ഇല്ല, എന്റെ പാരമ്പര്യ മതത്തില്‍ എനിക്കേറെ അഭിമാനമുണ്ട്. അത് വിട്ടൊഴിഞ്ഞു വരാന്‍ എനിക്ക് പറ്റില്ല”

ഒരു വര്‍ഷം കഴിഞ്ഞ് വീണ്ടും അതേ സദസില്‍ ഈ മനുഷ്യനെ കാണുകയാണ്. അദ്ദേഹത്തിന്റെ വേഷഭാവത്തില്‍ മാറ്റമുണ്ട്. തികഞ്ഞ ഒരു മുസ്‌ലിം പണ്ഡിതനെപ്പോലെ – ആധികാരികമായി മതവിഷയങ്ങള്‍ സംസാരിക്കുന്നു. മഅ്മൂന്‍ ചോദിച്ചു: ”കഴിഞ്ഞ വര്‍ഷം ഇവിടെ കണ്ട ആളല്ലേ താങ്കള്‍? പിന്നെ എന്താണ് സംഭവിച്ചത്?” അദ്ദേഹം പറഞ്ഞു: ”ഞാന്‍ ഒരു കലാകാരനാണ്. അക്ഷരങ്ങളെ വശ്യമായി ആവിഷ്‌കരിക്കാന്‍ കഴിയുന്ന ഞാന്‍ ഈ ഒരു വര്‍ഷത്തിനിടയില്‍ തൗറാത്ത് പൂര്‍ണ്ണമായും എഴുതിയുണ്ടാക്കി. ഇഞ്ചീലും ബൈബിളും എഴുതി. ചിലഭാഗങ്ങള്‍ ഒഴിവാക്കുകയും ചിലത് എന്റേതായി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ജൂത പാതിരിമാര്‍ക്കു മുന്നില്‍ ഞാനത് സമര്‍പ്പിച്ചപ്പോള്‍ വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും എനിക്ക് വലിയ തുക സമ്മാനിക്കുകയും ചെയ്തു. പിന്നീട് ഞാന്‍ ബൈബിള്‍ വില്‍പനക്ക് വെച്ചപ്പോള്‍ അതിന്റെ സൗന്ദര്യം കണ്ട് ബൈബിളിന്റെ വക്താക്കള്‍ വാങ്ങുകയും എനിക്ക് വലിയ ഉപഹാരങ്ങള്‍ തരികയും ചെയ്തു. ശേഷം ഞാന്‍ ഖുര്‍ആന്‍ ആദ്യാവസാനം എഴുതിയുണ്ടാക്കി. നേരത്തെ ചെയ്ത പോലെ ഖുര്‍ആനിലും ചില ഭാഗങ്ങള്‍ ഒഴിവാക്കുകയും എന്റെ വക കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. മുസ്‌ലിംകള്‍ അത് വാങ്ങി. എന്നാല്‍ വലിയൊരു സന്തോഷപ്രകടനം നടത്താന്‍ കണ്ടമാത്രയില്‍ അവര്‍ തയാറായില്ല. അവരത് മറിച്ചുനോക്കി. കുറച്ച് സമയത്തിന് ശേഷം തിരിച്ചു തരിക മാത്രമല്ല, എന്നെക്കുറിച്ചുള്ള പരാതികള്‍ കോടതിയില്‍ ഉന്നയിക്കുകയും ചെയ്തു. എന്നെ നീതിപീഠത്തിനു മുന്നില്‍ ഹാജരാക്കപ്പെട്ടു. അവിടെ ഞാന്‍ സത്യം തുറന്നു പറഞ്ഞു. ഒപ്പം അന്നെനിക്ക് ബോധ്യപ്പെട്ട ഒന്നുകൂടെ ഞാന്‍ പറഞ്ഞു: ”ഖുര്‍ആന്‍ സത്യവേദ ഗ്രന്ഥമാണ്. അത് പരിവര്‍ത്തനം ചെയ്യപ്പെടുക സാധ്യമല്ല. ഖുര്‍ആന്‍ സമ്പൂര്‍ണമായി മനഃപാഠമാക്കുകയും സൂക്ഷിച്ച് പോരുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം ഈ സമൂഹത്തിലുണ്ട് എന്നെനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു. അങ്ങനെ ഞാന്‍ ഇസ്‌ലാമിലേക്ക് കടന്നു. പിന്നീട് കൂടുതല്‍ പഠിക്കാനും അടുത്തറിയാനും സാധിച്ചു. ഞാനിന്ന് ഒരു സമ്പൂര്‍ണ്ണ മുസ്‌ലിമാണ്.”

ആദര്‍ശ വിശ്വാസ കാര്യങ്ങളെക്കൊണ്ട് ഉയര്‍ന്നു നില്‍ക്കുന്ന മതമാണ് ഇസ്‌ലാം. ചരിത്രം നമ്മോടത് പറയുന്നുണ്ട്. ഉമര്‍ (റ) വിന്റെ കാലത്ത് ഖാലിദ് ബ്‌നു വലീദ്(റ) ന്റെ നേതൃത്വത്തില്‍ ഖുദ്‌സ് കീഴടക്കിയ സമയം, സഫര്‍ദോസ് മാര്‍പ്പാപ്പ പറഞ്ഞു: ”താക്കോല്‍ തരണമെങ്കില്‍ ഭരണാധികാരി തന്നെ നേരിട്ട് വരണം. സേനാധിപന്റെ കയ്യില്‍ തരാന്‍ കഴിയില്ല.” ഇതറിഞ്ഞ ഖലീഫ ഉമര്‍(റ) മദീനയില്‍ നിന്നും പുറപ്പെട്ടു. ഫലസ്തീനിലേക്കടുക്കാന്‍ സമയം, സഹയാത്രികള്‍ പറഞ്ഞു: ”അമീറിന്റെ ഈ കഷ്ണം വെച്ച വസ്ത്രമൊന്ന് മാറ്റണം.” ഉമര്‍ (റ) സന്തോഷത്തോടെ മറ്റൊരു കോട്ട് വാങ്ങി ധരിച്ചു. കുറച്ചു മുന്നോട്ട് നീങ്ങിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ”എന്തോ ഒരു പൊറുതികേട്, ഇതെനിക്ക് ശരിയാവില്ല” എന്നിട്ട് പഴയതുതന്നെ എടുത്തിട്ടു. അവിടെ ചെന്ന സമയം, മാര്‍പ്പാപ്പ ഉമര്‍(റ) വിനെ നോക്കിയിട്ട് പറഞ്ഞു: ”ഇത് അമീറുല്‍ മുഅ്മിനീന്‍ തന്നെ, ഇതിലുപരി എനിക്ക് മറ്റൊരു തെളിവും വേണ്ട. അദ്ദേഹത്തിന്റെ കോട്ട് തന്നെയാണ് എനിക്ക് തെളിവായിട്ടുള്ളത്.” വേഷഭൂഷാദികള്‍ കൊണ്ടോ ജാഢകൊണ്ടോ അല്ല, വിശ്വാസം കൊണ്ടും ആദര്‍ശ വിശുദ്ധി കൊണ്ടും സമ്പന്നമായ മതത്തിന്റെ വക്താക്കളാണ് നാം. ഉമര്‍(റ)ന്റെ ജീവിതം അതാണ് കാണിച്ചത്. ”അല്ലാഹു നിങ്ങളെ ഇസ്‌ലാം കൊണ്ടാണ് ഉന്നതമാക്കിയിട്ടുള്ളത്. മറ്റേതെങ്കിലും കാരണം കൊണ്ട് ഉന്നതിക്കായ് ശ്രമിച്ചാല്‍ അത് നിങ്ങള്‍ക്ക് നിന്ദ്യത മാത്രമേ നല്‍കൂ” എന്ന ഉമര്‍(റ) വിന്റെ വാക്കുകള്‍ മുസ്‌ലിമിന്റെ ജീവിത രേഖയാണ്. ഇസ്‌ലാം കൊണ്ടഭിമാനം കൊള്ളണം. ഇസ്‌ലാം കൊണ്ടഭിമാനിക്കുന്ന മുസ്‌ലിമിനെ അമുസ്‌ലിംകള്‍ ആദരിക്കുന്നു. അവര്‍ ബഹുമാനത്തോടെ കാണുന്നു. അദ്ധ്യാത്മിക പുരുഷന്മാര്‍ ഈ നാട്ടില്‍ ജീവിച്ചപ്പോള്‍ ഇവിടെ കലാപങ്ങള്‍ ഉണ്ടായിട്ടില്ല. തര്‍ക്കങ്ങളുണ്ടായിട്ടില്ല. മുസ്‌ലിമിനെ, മുസ്‌ലിം പണ്ഡിതനെ, മുസ്‌ലിമായി ജീവിക്കുന്നവരെ സന്തോഷത്തോടെ ആദരിക്കാന്‍ മറ്റുള്ളവര്‍ തയാറായിരുന്നു.

മമ്പുറം തങ്ങളുടെയും ഉമര്‍ഖാസിയുടെയും ടിപ്പുസുല്‍ത്താന്റെയും ചരിത്രമാണിവിടെ പഠിപ്പിച്ചിട്ടുള്ളത്. നാം മുസ്‌ലിമായി ജീവിക്കുന്നവരാണ്. ഇസ്‌ലാമിന്റെ ഏതെങ്കിലുമൊരു വിഷയത്തില്‍ നമുക്ക് അപകര്‍ഷതാ ബോധം തോന്നുന്നുണ്ടെങ്കില്‍ അവന്‍ പരിപൂര്‍ണ്ണ മുസ്‌ലിമല്ല. അവന് ഇസ്‌ലാമിനെ അവതരിപ്പിക്കാനും സാധിക്കില്ല. ഇസ്‌ലാം കൈമാറിയിട്ടുള്ളത് ജീവിത വിശുദ്ധിയിലൂടെയും സ്വഭാവമഹിമയിലൂടെയുമാണ്. പകര്‍ന്നു കൊടുത്തത് വ്യക്തിപരമായ ബന്ധങ്ങളിലൂടെയാണ്. ആ ഒരു പകര്‍പ്പ് പോലെ ഇസ്‌ലാമിനെ ലോകത്തിന് മനസ്സിലാക്കിക്കൊടുക്കാന്‍ മറ്റൊരു സാങ്കേതിക വിദ്യക്കും സാധിച്ചിട്ടില്ല.

ലോകപ്രശസ്ത വസ്ത്ര നിര്‍മാണ കമ്പനി, നൈക്, സ്‌പോര്‍ട്‌സ് ഹിജാബ് എന്ന പേരില്‍ ഒരു പുതിയ വസ്ത്രം വിപണിയിലിറക്കി. മള്‍ട്ടി നാഷണല്‍ കമ്പനി പോലും ഹിജാബ് അംഗീകരിച്ചുവരികയാണ്. അമേരിക്കന്‍ സെനറ്റില്‍ ഹിജാബ് ധരിക്കാന്‍ അംഗീകാരം കൊടുത്തതും ഇസ്‌ലാം എന്നു പറയുന്ന മഹത്തായ വ്യവസ്ഥക്ക്, ഇസ്‌ലാമിക വേഷത്തിന് ലോകം വിശുദ്ധി കല്‍പിച്ചതിന്റെ നിദര്‍ശനമാണ്. ഇസ്‌ലാം എന്നു പറയുന്ന പ്രസ്ഥാനത്തിന്റെ വ്യവസ്ഥകള്‍ക്കനുസരിച്ച് കാമ്പസുകളില്‍ ജീവിക്കുമ്പോള്‍ പലതും പരിമിതികളായി തോന്നിയേക്കാം. സത്യത്തില്‍ അവ പരിമിതികളല്ല. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ നിയന്ത്രണങ്ങളാണ്. പെണ്ണിന് കൊടുത്ത സ്വാതന്ത്ര്യത്തെ പെണ്ണിനെ അടക്കിയൊതുക്കലാണ് എന്ന് വായിക്കുന്നവര്‍, പെണ്ണിന്റെ നൈസര്‍ഗിക സ്വഭാവം മാറ്റിവെച്ച് പുരുഷന്മാര്‍ക്കിടയില്‍ ഇടകലരാന്‍ വേണ്ടി നിര്‍ബന്ധിക്കുന്നവര്‍, യഥാര്‍ത്ഥത്തില്‍ പെണ്ണിനെ ദ്രോഹിക്കുകയാണ്. അവര്‍ക്ക് സ്വതന്ത്രമായി അവരുടെ ആദര്‍ശവിശ്വാസമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം അവരുടെ മേഖലയില്‍ തന്നെ കൊടുക്കണം. പുരുഷനും സര്‍വ്വ സ്വതന്ത്രമായി വിഹരിക്കാന്‍ പറ്റില്ല. ജീവിതത്തിന്ന് ചില ചിട്ടവട്ടങ്ങളുണ്ട്. സൂര്യനുദിക്കും മുമ്പ് എഴുന്നേറ്റ് വൃത്തിയായി പ്രാര്‍ത്ഥന നടത്തുക. ഒരു മുസ്‌ലിമിന് ഐച്ഛികമല്ലത്, നിര്‍ബന്ധമാണ്. സ്വുബ്ഹിയുടെ മുമ്പ് എഴുന്നേറ്റ് ശുദ്ധി വരുത്തി പ്രാര്‍ത്ഥന നടത്തുന്ന ഒരാള്‍ക്ക് ഉണ്ടാകുന്ന ആരോഗ്യവും ബുദ്ധിശക്തിയും ഉത്സാഹവും സന്തോഷവും പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. ക്ലാസിലിരിക്കുന്നവരെല്ലാം മറ്റ് മതക്കാരോ, മതമില്ലാത്തവരോ, മറ്റെന്തെങ്കിലും തരത്തിലുള്ള സാംസ്‌കാരിക സ്വഭാവമുള്ളവരോ ആണെങ്കിലും നിസ്‌കരിക്കാന്‍ പോകുന്ന മുസ്‌ലിമിനെ അവര്‍ ഒരിക്കലും തീവ്രവാദിയായി കാണില്ല.

ഇസ്‌ലാം സമൂഹത്തിന് നന്മ ചെയ്യാനാണ് പഠിപ്പിച്ചിട്ടുള്ളത്. പുറത്ത് പോകുമ്പോള്‍ മുസ്‌ലിം സുഗന്ധം ഉപയോഗിക്കണം. മറ്റുള്ളവര്‍ക്ക് സന്തോഷം പകരാനാണിത്. മീശവെട്ടിയൊതുക്കണം, താടി നന്നാക്കണം, കാടന്‍ വേഷഭൂഷാദികള്‍ മുസ്‌ലിമിന് പാടില്ല. കണ്ടാല്‍ തന്നെ അവനൊരു ചിട്ടയുണ്ട് എന്ന് തോന്നണം. അങ്ങനെയുള്ളൊരു മുസ്‌ലിമിനെ എല്ലാവരും സന്തോഷത്തോടെയാണ് നോക്കിക്കാണുക. ഇസ്‌ലാമിക വിശ്വാസത്തെ താത്വികമായി എതിര്‍ക്കുന്നവര്‍ തന്നെ പ്രാക്ടിക്കലായി ഇസ്‌ലാമിനെ അംഗീകരിക്കുകയാണ്. സ്ത്രീകളുടെ കൂടെ മഹ്‌റമ് വേണം, സ്ത്രീ തനിച്ച് പുറത്ത് പോവരുത് എന്നെല്ലാം ഇസ്‌ലാം പറയുമ്പോള്‍ അത് കാടത്തമായി കാണുന്നു ഒരു വിഭാഗം. സിനിമാ നടി അക്രമിക്കപ്പെട്ടപ്പോള്‍ അമ്മ തന്നെ പറയുന്നു, പെണ്ണ് ബന്ധുവില്ലാതെ പുറത്ത് പോവരുതെന്ന്. മനേകാ ഗാന്ധി പറയുന്നു, വൈകുന്നേരം ആറുമണി കഴിഞ്ഞാല്‍ പെണ്‍കുട്ടികളെ പുറത്തവിടരുത്. പെണ്‍കുട്ടികളുടെ മോശം വസ്ത്രധാരണമാണ് അവര്‍ക്ക് പീഢനത്തിന് കാരണമാകുന്നതെന്നാണ് യേശുദാസ് പറഞ്ഞത്. പ്രാക്ടിക്കല്‍ ലോകത്ത് മതനിയമങ്ങളെ എല്ലാവരും അംഗീകരിക്കുന്നു. താത്വികമായി പറയുമ്പോള്‍ അതിനെ അംഗീകരിക്കാന്‍ അവര്‍ക്ക് മനസ്സ് വരുന്നില്ല.

കാമ്പസുകളില്‍ ഒരു മുസ്‌ലിം ജീവിക്കേണ്ടത് അനുവദനീയമായ എല്ലാ വിഷയത്തിലും മികവോടുകൂടിയായിരിക്കണം. പഠനത്തില്‍ ഏറ്റവും മുന്നിലായിരിക്കണം. പഠനത്തില്‍ പിറകില്‍ നില്‍ക്കുന്ന ഒരാള്‍ നല്ല താടിയും തൊപ്പിയും വെച്ച് സൂഫി ചമഞ്ഞ് നടക്കുന്നത് ദുഷ്‌പേരാണുണ്ടാക്കുക. സ്‌പോര്‍ട്‌സില്‍ കേമരാവണം. കലാ സാംസ്‌കാരിക മത്സരങ്ങളില്‍ പ്രൈസ് വിന്നറായിരിക്കണം. കലാലയത്തില്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് നാമായിരിക്കണം. ഹരിതവത്കരണം നടത്തുന്നതിനും, കാമ്പസ് വൃത്തിയാക്കുന്നതിനും എല്ലാം മുന്നില്‍ നില്‍ക്കുന്ന ഒരാള്‍ ഒരു നല്ല മുസ്‌ലിമായി ജീവിക്കുന്നതിനെ നല്ലതായി മാത്രമേ ആളുകള്‍ നോക്കിക്കാണുകയുള്ളൂ.

കുട്ടിക്കാലത്ത് നാട്ടില്‍ റമളാന്‍ മാസമേ ഇസ്‌ലാമിനെ കാണാന്‍ കഴിയൂ എന്ന് ഒരു സുഹൃത്ത് പറഞ്ഞു. അന്ന് സാധാരണയായി പരസ്യമായി മുസ്‌ലിംകളാരും ഭക്ഷണം കഴിക്കുന്നത് കാണില്ല. ഇസ്‌ലാമിക ചര്യയില്‍ ഒരു മാറ്റം പ്രത്യക്ഷമാണവിടെ. മതത്തിന്റെ ചില കാര്യങ്ങള്‍ പ്രകടമായി കാണുന്നു. ലൈലത്തുല്‍ ഖദ്‌റിന് അപ്പം ചുട്ട് അന്യസുഹൃത്തുക്കളെ സത്കരിക്കുമ്പോള്‍ അതിലും സൗഹാര്‍ദ്ദം ഉള്‍ച്ചേര്‍ന്നിരിക്കുന്നു. തന്റെ ആത്മീയതയുടെ ഭാഗമായി മറ്റുള്ളവരെ സന്തോഷിപ്പിക്കണം എന്നത് ഒരു മുസ്‌ലിമിന്റെ കടമയാണ്.

കാമ്പസുകളില്‍ ജീവിക്കുന്ന മുസ്‌ലിം വിദ്യാര്‍ത്ഥിയെക്കാണുമ്പോള്‍ മറ്റുള്ളവര്‍ക്ക് അവനില്‍ നിന്നും ഇസ്‌ലാമിനെ വായിക്കാന്‍ സാധിക്കണം. അഞ്ചു നേരത്തെ നിസ്‌കാരവും റമളാന്‍ മാസത്തിലെ നോമ്പും അല്ലെങ്കില്‍ സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കലും മാത്രമല്ല ഇസ്‌ലാം. മറ്റുള്ളവരുമായുള്ള സഹവാസവും പെരുമാറ്റവും ഇടപെടലുകളുമടങ്ങിയ വ്യവഹാരമാണ് ഇസ്‌ലാം എന്ന് പറയുന്നത്. അവിടെ മതം നോക്കാതെ, ജാതി നോക്കാതെ പഠിക്കാനും പഠിപ്പിക്കാനും സഹായിക്കുന്ന, ആര്‍ക്കും ശല്യമാകാത്ത, പുകവലിക്കാത്ത, മയക്കുമരുന്നിന്റെ അധിനിവേശത്തെ ചെറുക്കുന്ന, നന്മക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന ഒരാളായി ജീവിക്കുമ്പോള്‍ എല്ലാവരും ആ മനുഷ്യനെ കാണുന്നത് ഇസ്‌ലാമിന്റെ പ്രതിനിധിയായിട്ടാണ്. അങ്ങനെയുള്ള ഒരു നല്ല മുസ്‌ലിമായി ജീവിക്കാന്‍ സാധിക്കുക എന്നതാണ് നമുക്ക് അനിവാര്യമായിട്ടുള്ളത്. ഉറച്ച വിശ്വാസം ഉണ്ടെങ്കില്‍ കലാലയത്തില്‍ നടക്കുന്ന അനിസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ നമ്മെ ബാധിക്കില്ല. അങ്ങനെയുള്ളൊരു ഈമാനിന്റെ കരുത്താണ് നമ്മെ ഒരു മുഅ്മിനായി ജീവിക്കാന്‍ സഹായിക്കുന്നത്. കള്ളം പറയാത്ത, പരദൂഷണം പറയാത്ത, ഏഷണിയുണ്ടാക്കാത്ത, മറ്റുള്ളവരെ യാതൊരു നിലക്കും ദ്രോഹിക്കാത്ത ഒരാളായി വളരെ മലീമസമായ, മോശമായ അന്തരീക്ഷമുള്ള ഒരു കാമ്പസില്‍ കഴിയുക എന്നതാണ് തനിക്ക് വേണ്ടി മാത്രം രൂപപ്പെടുത്തപ്പെട്ട യാതൊരു വിപത്തുകള്‍ക്കും അവസരങ്ങളില്ലാത്ത കാമ്പസില്‍ കഴിയുന്നതിനേക്കാള്‍ ഈമാന്‍ എന്ന് പറയുന്നത്.
പഠനത്തിന് വേണ്ടി ത്യാഗം ചെയ്യണം. കലാലയങ്ങള്‍ കലുഷിതമാകുന്നതെങ്ങനെയെന്നത് വിചിന്തനം നടത്തേണ്ടതുണ്ട്. ഋാു്യേ ാശിറ ശ െവേല ണീൃസവെീു ീള വലഹഹ പണിയില്ലാത്തവന്റെ മനസ്സില്‍ പിശാച് പണിയെടുക്കും. ഒരു വിദ്യാര്‍ത്ഥി ഒരിക്കലും വെറുതെയിരിക്കുന്ന ഘട്ടം ഉണ്ടാവരുത്. പഠന-പര്യവേഷണ മേഖലകളിലൂടെ മുന്നോട് നീങ്ങുന്നവര്‍ക്ക് എവിടെയാണ് ഒഴിവ് സമയം.? ഇമാം മുഹ്‌യുദ്ദീനുന്നവവി (റ) തന്റെ പഠനത്തിലും അധ്യാപനത്തിലും മുഴുകിയപ്പോള്‍ വിവാഹം കഴിക്കാന്‍ മറന്നു പോയി. ഭക്ഷണം ഒരിക്കലും അവരുടെ ശ്രദ്ധാ വിഷയമായിരുന്നില്ല. ഇബ്‌നു ഹജര്‍ ഹൈതമി(റ) പറയുന്നു. നാല് വര്‍ഷം അസ്ഹറില്‍ പഠിക്കുമ്പോള്‍ ചോറും പരിപ്പും മാത്രമായിരുന്നു പതിവ്. ഒരു ഇറച്ചിക്കഷ്ണം കിട്ടണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഒരു ദിവസം ഒരാളുടെ വീട്ടിലെ മൗലിദിന് പാതിരാ വരെ നിന്നിട്ട് അവസാനം ഒരു കഷ്ണം ഇറച്ചി കിട്ടി. അതുതന്നെ കടിച്ചാല്‍ കിട്ടാത്ത, ഒരു മാംസക്കഷ്ണമായിരുന്നു. പരുക്കന്‍ ജീവിതത്തിലൂടെ വിദ്യ നേടുന്നതിന് വേണ്ടി അധ്വാനിച്ച ഈ മഹാന്മാര്‍ നമുക്ക് മാതൃകയാണ്. പട്ടിണി കിടക്കാനും, തണുപ്പും ചൂടും സഹിക്കാനും, ഏത് സാഹചര്യത്തിലും അറിവ് നുകരുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തെ സന്തോഷമാക്കിയെടുത്തൊരു വിദ്യാര്‍ത്ഥിയില്‍ നിന്ന് ഒരിക്കലും തന്നെ കലഹം ഉണ്ടാവുകയില്ല. അതിനവര്‍ക്ക് സമയം വരുന്നില്ല.

കാമ്പസുകളില്‍ മുസ്‌ലിം പ്രതിനിധാനത്തിന് വലിയ ഭൂരിപക്ഷം വേണമെന്നില്ല. ഒരാളുടെ ജീവിതം കൊണ്ട് മുഴുവരെയും നന്മയിലേക്ക് ചിന്തിപ്പിക്കുന്നിടത്താണ് വിജയം. ഇദ്ദേഹം എല്ലാവര്‍ക്കും ഗുണം ചെയ്യുന്ന ആളാണ്, എല്ലാവര്‍ക്കും വേണ്ടപ്പെട്ടവനാണ്, ആരുടെയും പഠിപ്പ് മുടക്കാത്തവനാണ്, അദ്ദേഹത്തിന്റെ പഠിപ്പ് നാം മുടക്കരുത് എന്ന് മറ്റുള്ളവര്‍ മുഴുവന്‍ ചിന്തിക്കുന്ന, എല്ലാവര്‍ക്കും വേണ്ടപ്പെട്ടവനായി മാറേണ്ടവനാണ് ഒരു വിദ്യാര്‍ത്ഥി. പഠിതാക്കള്‍ക്ക് വലിയ മഹത്വമാണ് ഇസ്‌ലാം കൊടുത്തിട്ടുള്ളത്. നബി(സ്വ) തങ്ങളുടെ അടുത്ത് ഒരിക്കല്‍ സ്വഫ്‌വാന്‍ എന്ന വിദ്യാര്‍ത്ഥി വരികയാണ്. അറിവ് നുകരാന്‍ വരുന്ന അദ്ദേഹത്തെ ”മര്‍ഹബന്‍” എന്നരുളി നബി(സ്വ) സ്വീകരിച്ചു. വിജ്ഞാനം പഠിക്കുന്നവര്‍ക്ക് വേണ്ടി മാലാഖമാര്‍ ചിറക് വിടര്‍ത്തിക്കൊടുക്കുമെന്ന് തിരുനബി(സ്വ) പഠിപ്പിച്ച വചനത്തില്‍ നമുക്ക് കാണാം.

ജീവിക്കുന്ന ഒരു മുസ്‌ലിമായി മാറുകയാണ് വേണ്ടത്. ലോകത്ത് ഇസ്‌ലാമിനെപ്പോലെ സംസ്‌കാരം പഠിപ്പിച്ച മറ്റു മതങ്ങളില്ല. ജീവിതത്തിലുടനീളം മനുഷ്യന് ശ്രദ്ധ ഏറ്റവുമാവശ്യമുള്ള ഒരു കാര്യം മുസ്‌ലിമിന്റേത് ഇബാദത്താണ്. വൃത്തിയുടെ കാര്യത്തില്‍ നാം നന്നായി ശ്രദ്ധിക്കണം. മൂത്രമൊഴിച്ചാല്‍ ശരീരത്തില്‍ തെറിക്കരുത്, അത് കഴുകി വൃത്തിയാക്കണം, അവിടം ശുദ്ധിയാക്കണം എന്നതൊക്കെ മതത്തിന്റെ ഭാഗമായി പഠിപ്പിച്ചിട്ടുണ്ട് ഇസ്‌ലാം. ഗോമൂത്രം ഭക്ഷണമായും ഔഷധമായും വിതരണം ചെയ്ത് മനുഷ്യനെ മുഴുവന്‍ എങ്ങോട്ടോ നയിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ഒരു കരുത്തുറ്റ പാറയുടെ മുകളില്‍ നാല് ദിവസം തുടര്‍ച്ചയായി മൂത്രമൊഴിച്ചാല്‍ പാറ ദ്രവിക്കുന്നത് കാണാം. മാലിന്യം, വിഷം, പോയ്‌സന്‍ അടങ്ങിയിട്ടുള്ള ഇത് ശുദ്ധിയാക്കണമെന്ന് പഠിപ്പിച്ചു ഇസ്‌ലാം. നമ്മുടെ സാംസ്‌കാരിക വളര്‍ച്ചയുടെ മികവ് മനസ്സിലാക്കാന്‍ നമുക്കിത്രയും മതി. ഇവിടെ മുസ്‌ലിമിന്റെ വിശുദ്ധിയെ മറ്റുള്ളവര്‍ കണ്ടുപഠിക്കും. കണ്ടുപഠിക്കുമ്പോള്‍ നാട്ടില്‍ സംസ്‌കാരം വളര്‍ന്നുയരും.

മധ്യമ സ്വഭാവമുള്ള ഒരു സമൂഹമായിട്ടാണ് നിങ്ങളെ പടച്ചതെന്ന് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു. തീവ്രവാദത്തിന്റെയും ഉദാരവാദത്തിന്റെയുമിടയില്‍. തീവ്രവാദത്തിന്റെ ആളുകളായി മാറാന്‍ പാടില്ല. എന്റെ മതം എങ്ങനെയും അടിച്ചേല്‍പ്പിക്കുമെന്ന് പറയുന്ന ഒരു സിദ്ധാന്തം ഇസ്‌ലാമിന്റേതല്ല. അത് ലോകത്തിന് ആപത്താണ്. എന്നാല്‍ ഇസ്‌ലാമെന്ന് പറയുന്നത് കേവലം ചില ധാരണകള്‍ മാത്രമാണ്, തനിക്ക് തോന്നിയത് പോലെയാവാം എന്ന സ്വഭാവവും പാടില്ല. രണ്ടിനുമിടയില്‍ മധ്യമമായ ഒരു സ്വഭാവം മനുഷ്യന് വേണം. ‘വസ്ത്വ ്’ എന്ന അറബി പദത്തിന് ‘മധ്യമം’ എന്ന പോലെ ഉച്ചിയില്‍ നില്‍ക്കുന്ന ഒരര്‍ത്ഥമാണുള്ളത്. ഒരു കുന്നിന്‍ മുകളില്‍ ഇസ്‌ലാം പ്രശോഭിച്ചു നില്‍ക്കണം. മറ്റുള്ളവര്‍ക്കിടയില്‍ തെളിഞ്ഞു കാണണം. എന്നാല്‍ അത് മിതമായ സ്വഭാവം പ്രകടമാക്കുന്നതുമായിരിക്കണം.

കോര്‍ദോവ യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെ നിരവധി യൂണിവേഴ്‌സിറ്റികള്‍ ഉള്‍കൊള്ളുന്ന സ്‌പെയ്ന്‍, ഒരു കാലത്ത് ലോകത്തിന് തന്നെ വിജ്ഞാനം പഠിപ്പിച്ച സ്ഥാപനങ്ങളുള്‍ക്കൊള്ളുന്ന മഹാനഗരമായിരുന്നു. യൂറോപ്യന്മാര്‍ ആദ്യമായി യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നത് എഡി 1090 കളിലാണ്. അതിന്റെ രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഒട്ടേറെ യൂണിവേഴ്‌സിറ്റികള്‍ മുസ്‌ലിംകള്‍ക്ക് ലോകത്ത് നിലനിന്നിരുന്നു. മൊറോക്കോയിലെ ഫാസില്‍ ഖറവീന്‍ യൂണിവേഴ്‌സിറ്റി, തുനീസിലെ സൈത്തൂന്‍ യൂണിവേഴ്‌സിറ്റി, ജാമിഅത്തുല്‍ അസ്ഹര്‍ ഇങ്ങനെ ലോകത്തിന് സര്‍വകലകളും പഠിപ്പിച്ചിരുന്ന സര്‍വകലാശാലകള്‍ സ്ഥാപിച്ച ഒരു മതത്തിന്റെ വക്താക്കള്‍ അഭിമാനപൂര്‍വം മറ്റുള്ളവര്‍ക്കിടയില്‍ ജീവിക്കാനും ആ പാരമ്പര്യം ഉള്‍ക്കൊണ്ട് മനസ്സിലാക്കാനും വരും തലമുറക്ക് ആ സന്ദേശം നല്‍കാനും സന്നദ്ധമാകണം. സ്‌പെയ്ന്‍ യൂറോപ്യന്‍ രാഷ്ട്രമാണ്. അവിടെ പഠിക്കുന്നവരുടെ ഭാഷ അറബിയായിരുന്നു. വേഷം അറബിയായിരുന്നു. അറേബ്യന്‍ സംസ്‌കാരം അവിടെ വ്യാപിച്ചിരുന്നു. മുസ്‌ലിമിന്റെ സംസ്‌കാരം ഉയര്‍ത്തിപ്പിടിച്ചതു കൊണ്ട് ലോകത്തിനൊരിക്കലും സ്‌പെയ്‌നിന്റെയും മറ്റും പ്രതാപ കാലത്തെ മുസ്‌ലിംകളുടെ മികവിനെക്കുറിച്ചുള്ള കാര്യങ്ങള്‍ മറച്ചു വെക്കാന്‍ സാധിക്കുന്നില്ല.

നമ്മുടെ ജീവിതത്തില്‍ കാണുന്ന ഏതെങ്കിലും തെറ്റുകള്‍ അത് നമ്മുടെ മതത്തെ മോശമായി ചിത്രീകരിക്കപ്പെടാന്‍ ഹേതുവാകും എന്ന കാര്യം നാം മനസ്സിലാക്കാണം. ഉമര്‍ (റ) മുആവിയത്ത്ബ്‌നു അബീസുഫ്‌യാന്‍(റ) വിന് റോമില്‍ ഇസ്‌ലാമിന്റെ സത്യസന്ദേശമെത്തിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയ സമയത്ത്, റോമിന്റെ ഗവര്‍ണ്ണറായി നിയമിക്കാന്‍ വേണ്ടി അബ്ദുല്ലാഹി ബ്‌നു ഖുദാഫ (റ) വിനെയാണ് നിര്‍ദ്ദേശിച്ചിരുന്നത്. അബ്ദുല്ലാഹിബ്‌നു ഖുദാഫയുടെ നേതൃത്വത്തില്‍ മുസ്‌ലിം സംഘം റോമിന്റെ ഭാഗത്തേക്ക് നീങ്ങി. ഹിര്‍ഖലിന്റെ സൈന്യം അവരെ പിടികൂടി ബന്ധനസ്ഥരാക്കി. അവരെ പട്ടിണിക്കിട്ടു. ഹിര്‍ഖല്‍ പറഞ്ഞു: ”നിങ്ങളവര്‍ക്ക് പന്നി മാംസവും മദ്യവും കൊടുക്കണം.” വിശന്നവശരായ, ഇനിയൊന്നും കഴിച്ചില്ലെങ്കില്‍ മരിക്കുമെന്ന ഘട്ടത്തിലെത്തിയപ്പോഴും, കഴിക്കാന്‍ അവര്‍ തയാറായില്ല. ഹിര്‍ഖലിന്റെ ആളുകള്‍ ആവലാതിപ്പെട്ടു:” ഇവര്‍ക്കിപ്പോള്‍ എന്തെങ്കിലും കൊടുത്തില്ലെങ്കില്‍ ഇവരിപ്പോള്‍ മരിച്ചു പോകും.” ഹിര്‍ഖല്‍ പറഞ്ഞു: ”എങ്കില്‍ സാധാരണ ഭക്ഷണം കൊടുക്കൂ.” അങ്ങനെ നല്ല സാധാരണ ഭക്ഷണം കൊടുത്തു. അത് കഴിച്ചു. അതിനു ശേഷം ഹിര്‍ഖല്‍ പറഞ്ഞു:” നമ്മളവരെ പീഡിപ്പിച്ചു പരീക്ഷിച്ചു, ഇനി പ്രലോഭിപ്പിച്ച് പരീക്ഷിച്ച് നോക്കൂ.” നല്ല നര്‍ത്തകികളായ സ്ത്രീകളെ കൊണ്ടുവന്ന് അവരുടെ മുമ്പില്‍ നൃത്തം ചെയ്യിച്ചു. അബ്ദുല്ലാഹിബ്‌നു ഖുദാഫ അങ്ങോട്ട് ശ്രദ്ധിച്ചതേയില്ല. അവസാനം ഒരു നിലക്കും പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് കണ്ടപ്പോള്‍ ഹിര്‍ഖല്‍ പറഞ്ഞു: ”താങ്കള്‍ എന്റെ തലയൊന്ന് ചുംബിച്ചാല്‍ താങ്കളെ വിട്ടയക്കാം.” അഭിമാന ബോധത്തോടെ അവര്‍ പറഞ്ഞു: ”ഇല്ല, അവിശ്വാസത്തെ ചുംബിക്കാന്‍ എനിക്ക് കഴിയില്ല”. ഹിര്‍ഖല്‍ പറഞ്ഞു: ”നിന്നെയും നിന്റെ കൂടെയുള്ളവരെയെല്ലാം വെറുതെ വിടും. എന്റെ തലയൊന്ന് ചുംബിച്ചാല്‍ മതി.” തന്റെ കൂടെയുള്ളവരുടെ ജീവന് പ്രാധാന്യം കൊടുത്ത്, തല പിടിച്ച് ചുംബിച്ച് മദീനയിലേക്ക് തിരിച്ചുവരുന്ന അബ്ദുല്ലാഹിബ്‌നു ഖുദാഫ അസ്സഹ്മി(റ)നെ ഉമര്‍(റ) സ്വീകരിച്ചു. അവരുടെ തലപിടിച്ച് ചുംബിച്ചു. അബ്ദുല്ലാഹിബ്‌നു ഖുദാഫയുടെ തല എല്ലാവരും ചുംബിക്കണം എന്ന് പറഞ്ഞാദരിച്ചു. ശേഷം ഉമര്‍(റ) ചോദിച്ചു: എന്തേ? വിശന്ന് പരവശനായി ജീവന്‍ നഷ്ടപ്പെടുമെന്ന് കാണുന്ന ഘട്ടത്തില്‍ പന്നി മാംസമാണ് മുന്നിലുള്ളതെങ്കില്‍ ഭക്ഷിക്കാമല്ലോ. എന്തുകൊണ്ട് ആ സമയം താങ്കള്‍ ഭക്ഷിച്ചില്ല? കുടിക്കാന്‍ ഒന്നും തരാതെ കള്ള് മാത്രം തന്നാല്‍ ആ സമയത്തെങ്കിലും അത് കുടിക്കാമല്ലോ? പിന്നെന്തു കൊണ്ട് കുടിച്ചില്ല?. അവര്‍ പറഞ്ഞു: ”അല്ലാഹുവാണ് സത്യം, എനിക്കത് കഴിക്കാന്‍ പറ്റും എന്നെനിക്കറിയാം, പക്ഷെ, എന്റെ കാരണത്താല്‍ വിശുദ്ധ ഇസ്‌ലാമിനെ മോശമായിക്കാണുന്ന ഒരവസ്ഥ ഉണ്ടാവരുത് എന്ന് മനസ്സിലാക്കിയിട്ടാണ് ഞാനങ്ങനെ ചെയ്തത്.” ഇങ്ങനെ ജീവിച്ച വിശുദ്ധ സ്വഹാബത്തിന്റെ, താബിഉകളുടെ ഈ വിശുദ്ധ മതം നമ്മുടെ കൈകളിലെത്തുന്നതിന് ജീവത്യാഗം വരിച്ചിട്ടുള്ള മഹാന്മാരുടെ നാമം ലോകത്ത് ഉയര്‍ന്നു കേള്‍ക്കുന്നത് ഈയൊരു കാരണം കൊണ്ടുതന്നെയാണ്.

ഈ മഹാന്മാരുടെ മഖ്ബറകളിലേക്ക് പോകുന്നവര്‍, അവിടെ നിസ്‌കരിക്കാനും, ഖുര്‍ആന്‍ ഓതാനും, അത് പോലെ മറ്റുള്ള ഇബാദത്തുകള്‍ എടുക്കാനും പോകുന്നവരാരും, ഖബര്‍ പൂജിക്കുന്നില്ല. ചരിത്ര സ്മാരകങ്ങള്‍ കണ്ട് കേരളത്തിന്റെ തീരപ്രദേശങ്ങളിലൂടെ നടക്കുന്ന വിദ്യാര്‍ത്ഥികള്‍ ചോദിക്കണം, ഇതെന്താണ് ഈ കെട്ടിടം.? ഇവിടെയാരാണ് കിടക്കുന്നത്? അപ്പോള്‍ പറയും, ഇത് വലിയൊരു ചരിത്ര പുരുഷന്റെതാണ്. അവര്‍ പോര്‍ചുഗീസുകാര്‍ക്കെതിരെ പോരാടിയ ആളാണ്. അവര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ആളാണ്. അവര്‍ ഈ നാട്ടില്‍ വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ച ആളാണ്. അവര്‍ ഈ നാട്ടിലെ കൃഷിക്കാര്‍ക്കായി പോരാടിയ ആളാണ്. ഇങ്ങനെ ചരിത്രം സ്മരിക്കപ്പെടണമെങ്കില്‍ അവര്‍ക്ക് ഉയര്‍ത്തപ്പെടുന്ന സ്മാരകങ്ങളുണ്ടാകണം. അങ്ങനെ ഇവിടെ ഉയര്‍ത്തപ്പെട്ട സ്മാരകങ്ങളുള്ള സ്വഹാബികളെയും ഇമാമുമാരെയും സ്വൂഫികളെയുമെല്ലാം നമുക്ക് കാണാന്‍ സാധിക്കുന്നത്, അവരുടെ ജീവിതത്തില്‍ വിശുദ്ധ മതത്തിന്റെ മഹത്തായ ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അവര്‍ നടന്നപ്പോള്‍ അല്ലാഹു അവര്‍ക്ക് നല്‍കിയ ആദരവ് നിമിത്തമാണ്. അങ്ങനെ ഉയര്‍ന്നുവന്നവരില്‍ ഒരാളാണ് നാഗൂരില്‍ അന്തിയുറങ്ങുന്ന ശാഹുല്‍ ഹമീദ് മീരാന്‍ അന്നാഗൂരി. നോര്‍ത്ത് ഇന്ത്യയിലെ മാനികപൂരില്‍ നിന്നും തെക്കോട്ട് നടന്ന്, കോഴിക്കോട് വന്ന് ക്ലാസെടുത്ത് അവിടെ താമസിച്ചു നാല്‍പത് വര്‍ഷം, മുച്ചുന്തിപ്പള്ളിയില്‍. പിന്നെ പൊന്നാനിയല്‍ ചെന്ന് അവിടെ ദര്‍സ് നടത്തി. അങ്ങനെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലൂടെ നടന്നു. അവസാനം അങ്ങ് നാഗപട്ടണത്തെ രാജാവിന്റെ മകള്‍ക്ക് ചികിത്സ നടത്തി. വിഷം തീണ്ടി മരിക്കാന്‍ കിടക്കുന്ന മകളെ ചികിത്സിക്കാന്‍ ആരുമില്ലാത്തിടത്ത്, എല്ലാ ഭിഷഗ്വരന്മാരും പരാജയപ്പെട്ടിടത്ത്, മുസ്‌ലിം പണ്ഡിതന്റെ വൈദ്യം ഫലിച്ചു, അദ്ദേഹത്തിന്റെ കറാമത്ത് മുഖേന രോഗം ചികിത്സിച്ച് സുഖപ്പെടുത്തിയപ്പോള്‍ ആ നാട് മുഴുവന്‍ അദ്ദേഹത്തിന് നല്‍കി. അങ്ങനെ ഇസ്‌ലാമിക പ്രതാപം ആ നാട്ടില്‍ ഉയര്‍ന്നു വന്നു.

ഇത്തരത്തില്‍ നമ്മുടെ നാട്ടില്‍ നിറഞ്ഞു നില്‍ക്കുന്ന എല്ലായിടങ്ങളിലും പരിശോധിച്ചാല്‍, പഠനകാലത്ത് ത്യാഗം സഹിക്കുകയും, മതം ജീവിതത്തില്‍ നിലനിര്‍ത്തുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്താതിരിക്കുകയും, എന്നാല്‍ സമൂഹത്തിന്റെ നന്മക്കും, ഗുണത്തിനും വേണ്ടി എന്തും സഹിക്കാന്‍ തയാറാവുകയും ചെയ്തിട്ടുള്ള നിരവധി പേരെ കാണാം. ആ വഴിയിലൂടെ നമുക്ക് സഞ്ചരിക്കാന്‍, നാം വൈദ്യശാസ്ത്ര മേഖലയിലാണെങ്കിലും എഞ്ചിനീയറിംഗിലാണെങ്കിലും മറ്റു നിയമ സഹായ മേഖലയിലാണെങ്കിലും മറ്റേത് തലത്തിലുള്ള പ്രൊഫഷനുകളില്‍ ആണെങ്കിലും നമുക്ക് സാധിക്കും. നമ്മെപ്പറ്റി ചിന്തിക്കേണ്ടത് നാം സമൂഹത്തിന്റെയും രാജ്യത്തിന്റെയും സഹായികള്‍ ആണ് എന്നാണ്.

ഡോ. അബ്ദുല്‍ ഹകീം അസ്ഹരി