ആര്‍ത്തിയല്ല പ്രൊഫഷണലിസം

ആര്‍ത്തിയല്ല പ്രൊഫഷണലിസം

സൂറതുല്‍ ബഖറയിലെ 282-ാമത്തെ സൂക്തത്തില്‍ അല്ലാഹു പറയുന്നു: അക്ഷരാഭ്യാസമുള്ള ഒരാളും അല്ലാഹു അവന് നല്‍കിയ വിദ്യ സ്വാര്‍ത്ഥതയോടെ പിടിച്ചുവെക്കരുത്, അന്യര്‍ക്ക് നിഷേധിക്കരുത്.’ മെഡിസിനും എന്‍ജിനീയറിംഗും ലോയും മതവിദ്യയും തുടങ്ങി എന്ത് പഠിച്ചവരായാലും തങ്ങളുടെ വിജ്ഞാനം ഒരു കച്ചവടച്ചരക്കാക്കി മാറ്റരുത് എന്നതാണ് ഈ ആയതിന്റെ സന്ദേശം. പ്രസവിക്കപ്പെടുമ്പോള്‍ ഒരു നീറ്റ് പരീക്ഷക്കിരിക്കാനുള്ള യോഗ്യതയോ എന്‍ട്രന്‍സ് പരീക്ഷ എഴുതാനുള്ള തന്റേടമോ ലോ പരീക്ഷയെ അഭിമുഖീകരിക്കാനുള്ള പ്രാപ്തിയോ ഇല്ലായിരുന്ന അവനെ അല്ലാഹുവാണിതിനെല്ലാം സജ്ജമാക്കിയത്. ഈ വസ്തുത സൂറത്തുനഹ്‌ലിലെ 78-ാം ആയതിലൂടെ അല്ലാഹു നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. വിദ്യാശൂന്യരായി പിറന്ന നിങ്ങള്‍ക്ക് കണ്ണും കാതും ഹൃദയവും തുടങ്ങിയ ജ്ഞാന മാര്‍ഗങ്ങള്‍ അല്ലാഹു നല്‍കിയത് നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടിയാണ്. വിദ്യയില്ലായ്മയില്‍നിന്നാണ് ഞാന്‍ വിദ്യാസമ്പന്നനായത് എന്ന ചിന്ത ഇല്ലായ്മയനുഭവിക്കുന്ന അപരനോടുള്ള സമീപനങ്ങളില്‍ നിറഞ്ഞുനില്‍ക്കണം. ഒരു കാലത്ത് താനനുഭവിച്ച ഇല്ലായ്മയെ ഓര്‍ക്കുമ്പോള്‍ അവന്‍ വിദ്യക്ക് വിലപറയില്ല.

ഞാന്‍ എങ്ങനെയായിരുന്നു എന്ന ചിന്ത നിരന്തരമുണ്ടാകണം. എന്നെ അല്ലാഹു കടാക്ഷിച്ചത് കൊണ്ടല്ലേ ഇവിടെ എത്തിയത് എന്ന നന്ദിബോധമുണ്ടാകണം. അതുകൊണ്ടുതന്നെ എന്റെ ജ്ഞാനം അല്ലാഹുവിന്റെ സര്‍വ സൃഷ്ടികള്‍ക്കുമുള്ള ഒരു പൊതുസ്വത്താണ്, അത് അപരന് നല്‍കിയേ പറ്റൂ. എന്റെ അറിവ് എപ്പോഴും അല്ലാഹു തിരിച്ചെടുത്തേക്കാം. ഈയൊരു വിചാരമാണ് പ്രഫഷണലുകളെ നയിക്കേണ്ടത്.

മെഡിസിന്റെ പ്രാധാന്യമന്വേഷിക്കുന്ന സമയത്ത് നാം ചെന്നെത്തുന്നത് വിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ മാഇദയിലെ 32-ാം ആയത്തിലേക്കാണ്. ഒരാള്‍ക്ക് ജീവന്‍ പകരാന്‍ സാധിച്ചാല്‍ മനുഷ്യകുലത്തിന് മുഴുവനുമാണവന്‍ ചേതന പകര്‍ന്നത്. മെഡിസിന്‍ പാസായവര്‍ പണമോ പദവിയോ അല്ല സ്വപ്‌നം കാണേണ്ടത്. അല്ലാഹുവിന്റെ വിശുദ്ധമായ ഈ വചനമാകണം അവന്റെ മനസ്സില്‍ ഉണ്ടാകേണ്ടത്. ഒരു ഡോക്ടര്‍ക്ക് മരണത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ഒരാളെ സര്‍ജറി വഴിയോ താന്‍ പഠിച്ച മറ്റേതെങ്കിലും മെഡിസിന്‍ വിദ്യയിലൂടെയോ രക്ഷപ്പെടുത്താന്‍ സാധിച്ചാല്‍ അയാള്‍ ആദം നബി(അ) മുതല്‍ ഖിയാമത് നാള്‍ വരെയുള്ള ജനങ്ങള്‍ക്ക് മുഴുവന്‍ ചേതന പകര്‍ന്നിരിക്കുകയാണ്.

മെഡിസിന്‍ പാസായി ബിരുദം നേടിയിറങ്ങി, ഒരു രോഗിക്ക് ജീവന്‍ പകരാന്‍ സാധിച്ചാല്‍ രോഗിയുടെ ആളുകള്‍ തരുന്ന സമ്മാനങ്ങള്‍ ഒന്നുമല്ല. അല്ലാഹുവിന്റെ പ്രതിഫലമാണ് അതിനെക്കാള്‍ വലുത്. എം ബി ബി എസും എം ഡിയും പിന്നിട്ട് കര്‍മനിരതനാകുന്ന തനിക്ക് ഒരു രോഗിയെ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ നബി(സ) അടക്കമുള്ള മുഴുവന്‍ ശ്രേഷ്ഠ ജനങ്ങളെയും ചികിത്സിച്ച് സുഖപ്പെടുത്തിയതിന് സമാനമായ പ്രതിഫലമാണ് അല്ലാഹു പ്രഖ്യാപിച്ചിരിക്കുന്നത് എന്ന ബോധം നമുക്കുണ്ടാകണം.

എന്‍ജിനീയറിംഗ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ദുല്‍ഖര്‍നൈന്‍ എന്ന മഹാനുഭാവന്റെ പിന്തുടര്‍ച്ചക്കാരാണ്. ഇന്ന് നാം ഇവിടെ സൈ്വരവിഹാരം നടത്തുന്നതിന് പിന്നില്‍ ഒരു രഹസ്യമുണ്ട്. ഏതെങ്കിലും ഒരു നഗരത്തില്‍ പുലിയിറങ്ങിയാല്‍ ആ നഗരം സ്തംഭിക്കുന്നു. ഭീകര ഹിംസ്ര ജന്തുക്കള്‍ നാടിറങ്ങിയാല്‍ നമുക്ക് സൈ്വരവിഹാരം നഷ്ടപ്പെടുന്നു. അതിനെക്കാള്‍ അപായകരമായിരുന്നു യഅ്ജൂജ് മഅ്ജൂജ് എന്ന് പറയുന്ന വിഭാഗത്തിന്റെ പരാക്രമണങ്ങള്‍. ഒരു എന്‍ജിനീയറായിരുന്നു ആ വന്‍ ആപത്തില്‍നിന്ന് മനുഷ്യകുലത്തെ രക്ഷിച്ചത്. മഹാനായ ദുല്‍ഖര്‍നൈന്‍ എന്നവരാണ് ആയാസകരമായ ആ കൃത്യം നിര്‍വഹിച്ചതെന്ന് നാം വെള്ളിയാഴ്ച തോറും പാരായണം ചെയ്യുന്ന സൂറത്തുല്‍കഹ്ഫിന്റെ അവസാന ഭാഗത്ത് പറയുന്നുണ്ട്.

മഹാനവര്‍കള്‍ ഒരു പ്രദേശത്തേക്ക് കടന്നുചെന്നപ്പോള്‍ ഈ വിഭാഗത്തിന്റെ വിളയാട്ടം നടന്നുകൊണ്ടിരിക്കുകയായിരുന്നു അവിടെ. പ്രദേശവാസികള്‍ കാര്യം ബോധിപ്പിച്ചപ്പോള്‍ ദുല്‍ഖര്‍നൈന്‍ ചുട്ടുപഴുപ്പിച്ച സ്റ്റീല്‍പാളികള്‍കൊണ്ടുവരാനായി ആവശ്യപ്പെട്ടു. അദ്ദേഹത്തിന് അല്ലാഹു നല്‍കിയ സാങ്കേതിക വിദ്യകൊണ്ട്, അദ്ദേഹത്തിന്റെ എന്‍ജിനീയറിംഗ് പാടവം കൊണ്ട് ഒരു വലിയ സംരക്ഷണ ഭിത്തി നിര്‍മിച്ച് ജനങ്ങള്‍ക്ക് സുരക്ഷിതത്വം പ്രദാനം ചെയ്തു. ഖിയാമത്ത് നാളിന്റെ അടയാളമായി തകര്‍ക്കപ്പെടും വരെ ഗ്യാരണ്ടിയുള്ള ഒരു നിര്‍മാണപ്രവര്‍ത്തനമായിരുന്നു അത്.

നമ്മുടെ രാജ്യത്തെ റെയില്‍ പാളങ്ങളില്‍ ബ്രിട്ടീഷുകാര്‍ പണിതതും ഇന്ത്യക്കാര്‍ പണിതതുമുണ്ട്. ബ്രിട്ടീഷുകാരുടെ നിര്‍മാണ മേഖലയിലെ വൈദഗ്ധ്യം നാം ആശ്ചര്യപൂര്‍വം ചര്‍ച്ച ചെയ്യാറുണ്ട്. എങ്കിലും അഞ്ഞൂറോ അറുനൂറോ ഒക്കെ വര്‍ഷം പിന്നിടുമ്പോള്‍ അവക്ക് പലയിടത്തും ശോഷണം സംഭവിച്ചതായി കാണുന്നുണ്ട്. എന്നാല്‍ ദുല്‍ഖര്‍നൈനിയുടെ മതില്‍ സഹസ്രാബ്ദങ്ങള്‍ക്കിപ്പുറവും യാതൊരു പോറലുമേല്‍ക്കാതെ നിലകൊള്ളുന്നു. അതിന്റെ ഗുണഫലമനുഭവിച്ചുകൊണ്ടിരിക്കുന്ന നാം അദ്ദേഹത്തോട് കടപ്പെട്ടിരിക്കയാണ്.

ഇരുനൂറ്റമ്പതിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മൈസൂര്‍- ബാംഗ്ലൂര്‍ റോഡിനോട് ചേര്‍ന്ന സ്ഥലത്ത് ടിപ്പു സുല്‍ത്താന്‍ പണികഴിപ്പിച്ച ആയുധപ്പുരക്ക് 900 ടണ്‍ ഭാരമുണ്ടായിരുന്നു. 250 വര്‍ഷങ്ങള്‍ക്കിപ്പുറവും യാതൊരു പരിക്കും പറ്റാതെ പുരാവസ്തു കേന്ദ്രത്തില്‍ ഒരു അത്ഭുത കാഴ്ചയായി ഇരിക്കുന്നുണ്ടത്. ടിപ്പുസുല്‍ത്താന്റെ എന്‍ജിനീയറിംഗ് സംവിധാനത്തിന് മുമ്പില്‍ നാം നമ്രശിരസ്‌കരാവുകയാണ്. ഇവരുടെയൊക്കെ അനുഗാമികളായി അപരന് സഹായ ഹസ്തവുമായി എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ രംഗത്ത് വരേണ്ടതുണ്ട്.

സൂറതുല്‍അലഖില്‍ അല്ലാഹു പറയുന്നത് കാണാം: ‘മനുഷ്യന് അറിയാത്തത് നാം പഠിപ്പിച്ചു.’ പഠിപ്പിച്ചു എന്നതിന് പ്രയോഗിച്ച അല്ലമ എന്നത് ഒരു വെര്‍ബ് ആണ്. വെര്‍ബ് സമയത്തെക്കുറിക്കും. സമയം നൈമിഷികമായി ഗമിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഏതൊരു വെര്‍ബും തജദ്ദുദ്, ഹുദൂസ്(നവരൂപം പ്രാപിക്കല്‍, പുതുതാകല്‍) നെ അറിയിക്കും. അങ്ങനെ വരുമ്പോള്‍ ഈ ആയതിന്റെ അര്‍ത്ഥമനുസരിച്ച് ഇന്നലെവരെ മനസ്സിലാകാത്ത പല കാര്യങ്ങളും ഇന്ന് അല്ലാഹു മനുഷ്യന് നല്‍കിക്കൊണ്ടിരിക്കുന്നു. പൂര്‍വികര്‍ക്ക് ലഭിക്കാത്ത പല വിജ്ഞാനങ്ങളും പുതിയ മനുഷ്യന് നല്‍കിക്കൊണ്ടിരിക്കുന്നു എന്നതാണ്. അത് ഗവേഷണം ചെയ്ത് കണ്ടെത്തി ദുല്‍ഖര്‍നൈനി ചെയ്തതുപോലെ ജനങ്ങളിലേക്ക് പകര്‍ന്നുനല്‍കുക എന്നതാണ് ഓരോ വിദ്യാര്‍ത്ഥിയുടെയും ധര്‍മം.

കേരളം 3.80 കോടിയാളുകള്‍ ഒന്നിച്ച് താമസിക്കുന്ന, ജനസാന്ദ്രത കൂടിക്കൊണ്ടിരിക്കുന്ന ഒരു സംസ്ഥാനമാണ്. പക്ഷേ എത്ര കൂടിയാലും താമസിക്കാന്‍ ബുദ്ധിമുട്ട് വരുന്നില്ല. കാരണം ജനങ്ങള്‍ ഒരു കോടിയായിരുന്ന സമയത്തെക്കാള്‍ സുഭിക്ഷതയിലും സൗകര്യങ്ങളിലും മൂന്നേമുക്കാല്‍ കോടി ജനങ്ങളുള്ള സമയത്തും ജീവിക്കാനുള്ള വിദ്യ പുതിയ മനുഷ്യന്റെ തലച്ചോറിലേക്ക് അല്ലാഹു പകര്‍ന്നുകൊടുത്തുകൊണ്ടേയിരിക്കുകയാണ്. നേരത്തെ അഞ്ച് സെന്റ് ഭൂമിയിലൊരാള്‍ താമസിക്കുമ്പോള്‍ അദ്ദേഹവും തന്റെ ഭാര്യയും കുട്ടികളുമടക്കം പരമാവധി അഞ്ചോ പത്തോ ആളുകള്‍ക്ക് താമസിക്കാനുള്ള സൗകര്യമേ അവിടെയുണ്ടാക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇന്ന് ഒരേക്കര്‍ ഭൂമിയുണ്ടെങ്കില്‍ ഇരുനൂറ്റി അമ്പതിലധികം കുടുംബങ്ങള്‍ക്ക് ഒന്നിച്ച് താമസിക്കാന്‍ കഴിയുന്ന അമ്പതും നൂറും നിലകളുള്ള കെട്ടിടങ്ങള്‍ പണിയാനാവശ്യമായ സാങ്കേതികവിദ്യ അല്ലാഹു മനുഷ്യന് പഠിപ്പിച്ചുകൊടുത്തു. പഴയ മനുഷ്യന് ആവശ്യമില്ലാത്തത് കൊണ്ട് അല്ലാഹു കൊടുത്തില്ല. ആ ഫ്‌ളാറ്റുകളില്‍ കഴിയുന്നവര്‍ ജുമുഅ നിര്‍വഹിച്ച് അയല്‍വാസികള്‍ വീട്ടിലേക്ക് തിരിച്ചെത്തും മുമ്പ് ലിഫ്റ്റ് വഴി റൂമുകളിലെത്തിയിട്ടുണ്ടാകും. അല്ലാഹു നിമിഷം തോറും മനുഷ്യന് നല്‍കിക്കൊണ്ടിരിക്കുന്ന വിദ്യയിലൂടെ കാലഘട്ടങ്ങളിലെ സമ്മര്‍ദങ്ങള്‍ അതിജയിക്കാന്‍ മനുഷ്യന് കഴിയുന്നു.

ഇങ്ങനെയുള്ള ഗവേഷണങ്ങളിലൂടെ ആശ്ചര്യകരമായ പലതും കണ്ടെത്തുമ്പോഴും മനുഷ്യ ശരീരത്തില്‍ ഒരു ബയോളജിക്കല്‍ ക്ലോക്ക് സംവിധാനത്തില്‍ കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത ഓരോ വിദ്യാര്‍ത്ഥിയുടെയും മനസ്സില്‍ ഉണ്ടായിരിക്കേണ്ടതാണ്. 24 മണിക്കൂറിലെ ഓരോ മണിക്കൂറും കഴിഞ്ഞുപോകുമ്പോള്‍ അവന്റെ ശരീരം അതിനോട് വ്യത്യസ്ത സ്വഭാവത്തില്‍ പ്രതികരിച്ചുകൊണ്ടിരിക്കുന്നുണ്ട്. രാത്രി പന്ത്രണ്ട് മണിയുടെയും ഒരുമണിയുടെയും ഇടയിലുള്ള സമയത്ത് ശരീരത്തിലെ പ്രതിരോധ ശേഷി നിയന്ത്രിക്കുന്ന അണുക്കള്‍ സുസജ്ജമായിരിക്കും. പുലര്‍ച്ചെ അഞ്ചുമണിയുടെയും ആറുമണിയുടെയും ഇടക്കുള്ള സമയം പ്രതിരോധാണുക്കള്‍ വീക്കായിക്കൊണ്ടിരിക്കും.

ഈ ഇരുപത്തിനാല് മണിക്കൂറില്‍ രക്തസമ്മര്‍ദം ഉയരുന്ന പല സമയങ്ങളും മാറി മാറി വരുന്നുണ്ട്. ആ സമയങ്ങള്‍ നോക്കി കൃത്യമായി അവന്റെ ശരീര ഭാഗങ്ങള്‍ മണ്ണിലേക്ക് ചേര്‍ത്തുവെപ്പിച്ചുകൊണ്ട് ആ പ്രഷറിന്റെ അളവ് കുറക്കാന്‍ അഞ്ചു വഖ്ത് നിസ്‌കാരങ്ങള്‍ കൊണ്ട് സാധ്യമാകും. ഒരാള്‍ തന്റെ രക്തസമ്മര്‍ദം കൂടിക്കൊണ്ടിരിക്കുന്ന നേരത്ത് അവന്റെ വലതുകാലിന്റെ പെരുവിരല്‍ ശക്തിയായും മറ്റുള്ള വിരലുകള്‍ അതിന് സഹായകമായും ഭൂമിയില്‍ അമര്‍ത്തിപ്പിടിച്ച് നിന്നാല്‍ തന്റെ ശരീരത്തില്‍ പ്രകൃതിപരമായുണ്ടാകുന്ന കമ്പനങ്ങള്‍ ബ്രേക്ക് ചെയ്യാന്‍ സഹായകമാകുന്നത് കൊണ്ടാണ് നിസ്‌കാരത്തില്‍ തവറുകിന്റെയും ഇഫ്തിറാശിന്റെയും ഇരുത്തം സംവിധാനിച്ചുവെച്ചിട്ടുള്ളത്. ഇത് മനസ്സിലാക്കാനും മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാനും മെഡിസിന്‍ വിഭാഗത്തിന് സാധിക്കേണ്ടതുണ്ട്. അവരുടെ കയ്യിലുള്ള മരുന്ന് ലിസ്റ്റുകള്‍ ഇത്തരം പ്രതിവിധികള്‍ കൊണ്ട് നിറയണം.

ജനനവും മരണവും ആപേക്ഷികമായി രാത്രി പന്ത്രണ്ട് മണിയുടെയും രാവിലെ ആറുമണിയുടെയും ഇടയിലാണ് കൂടുതലുണ്ടാകാറുള്ളത്. ഇങ്ങനെ ഓരോ സമയത്തും ബയോളജിക്കല്‍ ക്ലോക്കിന്റെ അടിസ്ഥാനത്തില്‍ മനുഷ്യരുടെ വ്യത്യസ്ത ശാരീരിക മാറ്റങ്ങളും വ്യതിയാനങ്ങളും തിരിച്ചറിഞ്ഞ് ചികിത്സ നല്‍കാന്‍ കഴിയേണ്ടതുണ്ട്.

ഓരോ ദിവസവും ഒരാള്‍ക്ക് നിശ്ചിത കണക്ക് സൂര്യപ്രകാശം ലഭിക്കേണ്ടതുണ്ട്. ഒരു ഫ്‌ളാറ്റിനു വേണ്ടി നാം ഡിസൈന്‍ തയാറാക്കുമ്പോള്‍ അതിലെ എല്ലാ മുറികളിലേക്കും സൂര്യപ്രകാശ രശ്മികള്‍ കടന്നുചെല്ലുന്ന രീതിയിലായിരിക്കണം പ്ലാന്‍ തയാറാക്കേണ്ടത്. മനുഷ്യശരീരത്തിന് അനിവാര്യമായും വേണ്ടതാണ് സൂര്യപ്രകാശം. ആ സൂര്യപ്രകാശം കിട്ടേണ്ട സമയത്ത് കിട്ടിയില്ലെങ്കില്‍ അയാള്‍ക്ക് നിരവധി ചര്‍മരോഗങ്ങള്‍ പിടിപെടാനും എല്ലുകള്‍ക്ക് ശക്തിക്ഷയം വരാനും സാധ്യതയുണ്ട്. അതുകൊണ്ട് സൂര്യപ്രകാശം സുഗമമായി കടന്നുവരുന്ന പ്ലാനുകളാണ് തയാര്‍ ചെയ്യേണ്ടത്. വിദേശത്ത് രണ്ട് വര്‍ഷക്കാലം ജോലിക്ക് പോയി തിരിച്ചുവരുന്ന കുടുംബം രോഗത്തിന്റെ അടിമകളായി മാറുന്നത് സൂര്യപ്രകാശത്തിന്റെ ഊര്‍ജം അവര്‍ക്ക് വേണ്ടവിധം ലഭിച്ചിട്ടില്ലാത്തതിനാലാണ്.

നമ്മുടെ ബയോളജിക്കല്‍ ക്ലോക്ക് പ്രകാരം ഏകദേശം രാത്രി എട്ടരമണിമുതല്‍ അല്ലാഹു മനുഷ്യശരീരത്തില്‍ സംവിധാനിച്ചിട്ടുള്ള ഉറക്കത്തിന്റെ ഹോര്‍മോണുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. ആ സമയം മുതല്‍ ലവലേശം പ്രകാശരശ്മികള്‍ ശരീരത്തില്‍ തട്ടാന്‍ പാടില്ല എന്നതാണ് പ്രകൃതി നിയമം. ആ സമയത്ത് സൂര്യപ്രകാശമുണ്ടാവില്ല, എങ്കിലും കൃത്രിമമായ രശ്മികളും ശരീരത്തില്‍ തട്ടാന്‍ പാടില്ല.

ടൗണ്‍ എന്‍ജിനീയര്‍മാര്‍ ഹൈമാസ് സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുമ്പോള്‍ സമീപത്തെ വീടുകളിലെ ജീവനുകളെ അത് ബാധിക്കുമെന്നതാണ് സത്യം. വലിയ റോഡുകളുടെ അരികില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുമ്പോള്‍ താഴെ ഭംഗിക്കുവേണ്ടി വെച്ചുപിടിപ്പിച്ച ചെടികളില്‍ ലൈറ്റ് തട്ടാത്ത വിധമായിരിക്കണം സംവിധാനിക്കേണ്ടത് എന്നത് നിയമമാണ്. കാരണം ഈ രശ്മികള്‍ നേരെ ചുവടെ നില്‍ക്കുന്ന വലിയ വേരുകളുള്ള ചെടികള്‍ക്ക് പോലും താങ്ങാന്‍ കഴിയില്ല. അവയുടെ വളര്‍ച്ചയെ അത് പ്രതികൂലമായി ബാധിക്കും.

ഉറങ്ങാന്‍ കിടക്കുന്ന സന്ദര്‍ഭത്തില്‍ അശേഷം വെളിച്ചം ബാക്കിവെക്കാതെ പൂര്‍ണമായും അണക്കണമെന്ന് നബി(സ) കല്‍പ്പിച്ചിരുന്നു. ആ കാലഘട്ടത്തിലേക്ക് നോക്കുമ്പോള്‍ കത്തിച്ചുവെച്ച വിളക്കുകളെടുത്ത് എലികള്‍ ഓടുമ്പോള്‍ അഗ്നി അപായം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ് നബി(സ) തങ്ങള്‍ അങ്ങനെ കല്‍പിച്ചതെന്ന് പറയാം. പക്ഷേ ഇന്ന് ബള്‍ബുകള്‍ പ്രകാശിക്കുമ്പോള്‍ എലിയുടെ പ്രശ്‌നമല്ല വരുന്നത്. നമ്മുടെ ആരോഗ്യകരമായ നിദ്രക്ക് തടസ്സമുണ്ടാക്കുന്ന പ്രകാശ രശ്മികളാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. അങ്ങനെ വരുമ്പോള്‍ മുപ്പത്തിയഞ്ച് നാല്‍പത് വയസ്സാകുമ്പോഴേക്ക് ഒരാളില്‍ വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു. ആവശ്യമായ അളവില്‍ പ്രകാശവും ഇരുട്ടും ലഭ്യമായില്ല എന്നതാണ് കാരണം.

തന്റെ കയ്യില്‍ വരുന്ന കാശ് മാത്രം കണ്ടുകൊണ്ടല്ല എന്‍ജിനീയര്‍ പ്ലാന്‍ വരക്കേണ്ടത്. ദുല്‍ഖര്‍നൈനിയുടെ ധര്‍മമാണെന്റെ ധര്‍മം എന്ന ബോധമുണ്ടായിരിക്കണം. മറ്റുള്ളവരെ ബുദ്ധിമുട്ടില്‍നിന്ന് സംരക്ഷിക്കുന്ന ബില്‍ഡിംഗ് പ്ലാനുകളാണ് വരക്കേണ്ടത്. ഇല്ലെങ്കില്‍ അല്ലാഹുവിന്റെ ശാപത്തിന് വിധയമാകുന്ന എന്‍ജിനീയര്‍മാരായി മാറേണ്ടിവരും.

ഡല്‍ഹിയില്‍ കെജ്‌രിവാള്‍ വാഹനനിയന്ത്രണത്തിന്റെ പേരില്‍ ഒറ്റ ഇരട്ട നമ്പര്‍ വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാന്‍ വ്യത്യസ്ത ദിനങ്ങള്‍ നിശ്ചയിക്കുകയുണ്ടായി. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള അന്തരീക്ഷ മലിനീകരണമായിരുന്നു കാരണം. പ്രധാനമായും അന്തരീക്ഷം മലിനമാക്കിയത് അവിടുത്തെ വിദ്യുഛക്തി ഉദ്പാദന കേന്ദ്രങ്ങളില്‍നിന്ന് പുറത്തുവരുന്ന വിഷവാതകങ്ങളാണ്. എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ഇലക്ട്രിസിറ്റി കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ അറിവോടെ തന്നെ അത്തരം കേന്ദ്രങ്ങളിലെ വിഷപ്പുകകള്‍ അന്തരീക്ഷത്തിലേക്ക് ഒഴുകുകയാണ്. രണ്ടാമതായി വാഹനങ്ങള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡുകളാണ് അവിടെ മലിനീകരണമുണ്ടാക്കുന്നത്. ഏത് തസ്തികയില്‍നില്‍ക്കുന്ന എന്‍ജിനീയറും പണത്തിനപ്പുറം താന്‍ ചെയ്യുന്ന പ്ലാനുകള്‍ വരുത്തിത്തീര്‍ക്കുന്ന റിയാക്ഷനുകളെക്കുറിച്ച് ചിന്തിക്കണം. വലിയ സൗകര്യങ്ങള്‍ സംവിധാനിക്കാനുള്ള തത്രപ്പാടില്‍ പാവപ്പെട്ടവന്റെ പ്രാണവായു മലിനപ്പെടുത്താതെയുള്ള പ്ലാനിങ്ങുകള്‍ തയാറാക്കാന്‍ മറക്കരുത്.

രണ്ടാം ലോക മഹായുദ്ധത്തിന്റെ പരിസമാപ്തിയെന്നോണം 1945 ല്‍ ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബ് വര്‍ഷിപ്പിച്ചതുകൊണ്ട് സഖ്യകക്ഷികള്‍ക്ക് പല നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ 2017ലെത്തിയിട്ടും ഹിരോഷിമയിലും നാഗസാക്കിയിലും ഒരു കുടുംബത്തിന് സമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്നില്ല. വികലാംഗരായി പ്രസവിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍, വിളവു നല്‍കാത്ത കൃഷികള്‍ ഇതെല്ലാം സൃഷ്ടിക്കപ്പെട്ടത് അന്ന ഉത്സര്‍ജിക്കപ്പെട്ട വാതകങ്ങളുടെ റിയാക്ഷനുകളാണ്.

നമ്മുടെ ബുദ്ധി ഉപയോഗിച്ചും എന്‍ജിനീയറിംഗ് സാമര്‍ത്ഥ്യം ഉള്‍ക്കൊണ്ടും നിര്‍മിക്കപ്പെടുന്ന വസ്തുക്കളുടെ അനന്തര ഫലത്തെക്കുറിച്ച് നല്ല ബോധമുണ്ടായിരിക്കണം. സൂറതു യാസീനിലെ 12-ാമത്തെ ആയത്ത് ഓര്‍ക്കേണ്ടതാണ്: ‘നിങ്ങളുടെ പ്രവര്‍ത്തനങ്ങളും അവകളുടെ അനന്തര ഫലങ്ങളും നാം രേഖപ്പെടുത്തിവെക്കും. അതിനനുസരിച്ചുള്ള പ്രതിഫലം നല്‍കും’ എന്ന് അല്ലാഹു നമ്മെ ഓര്‍മപ്പെടുത്തുന്നു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പല ഊര്‍ജസമവാക്യങ്ങളും തിയറികളും സംഭാവന ചെയ്തിട്ടുണ്ട്. പക്ഷേ, ആ തിയറികളുപയോഗിച്ച് നിര്‍മിക്കപ്പെടുന്ന ഓരോ ആറ്റം ബോംബ് പൊട്ടുമ്പോഴും നഷ്ടപ്പെടുന്ന ജീവനുകള്‍ക്കും പ്രകൃതിവിഭവങ്ങള്‍ക്കും ഉത്തരവാദിയാകേണ്ട ഒരു വ്യക്തിത്വമായി ഐന്‍സ്റ്റീനെ മാറ്റിയത് അദ്ദേഹത്തിന്റെ കണ്ടുപിടുത്തമാണ്.

ഡല്‍ഹിയില്‍ സ്ത്രീ പുരുഷ അനുപാതം തുല്യമാകുന്നില്ല എന്ന ഒരു പ്രതിസന്ധിയുണ്ട്. 1000 ആണ്‍കുട്ടികള്‍ക്ക് 750 പെണ്‍കുട്ടികളേ കാണുന്നുള്ളൂ. ഇത് ചെന്നൈയുടെയും മുംബൈയുടെയും ഒരളവോളം കേരളത്തിന്റെയും ദുരന്തം തന്നെയാണ്. ഈയടുത്ത ദിവസങ്ങളില്‍ മുംബൈയിലെ തെരുവില്‍ ഒരു ഓടയില്‍നിന്ന് 19 പെണ്‍ഭ്രൂണങ്ങള്‍ ഒരുമിച്ച് കിട്ടി എന്ന വാര്‍ത്ത ഈ ആനുപാതിക വ്യത്യാസം എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് ഉത്തരം തരുന്നുണ്ട്.

ഗര്‍ഭസ്ഥ ശിശുവിന് നാല് മാസം പൂര്‍ത്തിയാകുമ്പോഴേക്ക് മാതാവും പിതാവും ഹോസ്പിറ്റലില്‍ ചെന്ന് ലിംഗനിര്‍ണയം നടത്തി പെണ്ണാണെന്നറിയുമ്പോള്‍ ഭ്രൂണഹത്യ നടത്താനാവശ്യപ്പെടുന്നത് എം ബി ബി എസും എം ഡിയും കഴിഞ്ഞിട്ടുള്ള സാറന്മാരോടാണ്. മുന്നില്‍വെച്ചുനീട്ടുന്ന ലക്ഷങ്ങള്‍ക്ക് പകരം ഹത്യനടത്താനവര്‍ തയാറാവുകയാണ്.

ഇവിടെയാണ് സൂറതുല്‍ മാഇദയിലെ ‘ഒരാള്‍ക്ക് ജീവന്‍ പകര്‍ന്നുകൊടുക്കാന്‍ സാധിച്ചാല്‍ മനുഷ്യകുലത്തിന് മുഴുവനുമാണവന്‍ ചേതന പകര്‍ന്നിരിക്കുന്നത്’ എന്ന ഖുര്‍ആന്റെ സന്ദേശം നമ്മുടെ ഹൃദയത്തെ സജീവമാക്കേണ്ടത്. ചെറിയ കെട്ടിടങ്ങളില്‍ തുടങ്ങുന്ന ഹോസ്പിറ്റലുകള്‍ ഒന്ന് രണ്ട് വര്‍ഷങ്ങള്‍കൊണ്ട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി പദവിയിലേക്ക് ഉയരുന്നതിന് പിന്നില്‍ ഇത്തരം നീചവൃത്തികള്‍ കാണാന്‍ സാധിക്കും.

ഇത്തരം ദുര്‍വൃത്തികള്‍ക്ക് നമ്മുടെ മേലധികാരി പ്രേരിപ്പിച്ചാലും എനിക്ക് പറ്റില്ലെന്ന് പറഞ്ഞിറങ്ങിപ്പോകാന്‍ കഴിയുമ്പോഴാണ് നിങ്ങള്‍ മെഡിസിന്റെ ധര്‍മം കൃത്യമായി നിര്‍വഹിക്കുന്നവരാവുക. അതിന്റെ പേരില്‍ നഷ്ടപ്പെടുന്ന ശമ്പളമോര്‍ത്ത് പരിഭവപ്പെടേണ്ടതില്ല. ഖുര്‍ആന്‍ അതിനു പരിഹാരം പറയുന്നുണ്ട്. തന്റെ ധര്‍മം നിര്‍വഹിക്കാന്‍ ഇറങ്ങിപ്പോന്നവന് ജീവിക്കാനുള്ള എല്ലാ വഴികളും അല്ലാഹു തുറന്നുതരും. പ്രതീക്ഷിക്കാത്ത മാര്‍ഗത്തിലൂടെ അവന്‍ ഭക്ഷണം നല്‍കും(സൂറതുത്വലാഖ് 2-3).

ഒരൊറ്റ മനുഷ്യനും അവനവന്റെതായ ശരീരത്തെ നാശത്തിലേക്ക് കൊണ്ടെറിയരുത് എന്ന് സൂറത്തുല്‍ബഖറയിലെ 195-ാം ആയതിലൂടെ അല്ലാഹു കല്‍പിക്കുന്നുണ്ട്. ഓരോ മെഡിക്കല്‍ വിദ്യാര്‍ത്ഥിയും മനസ്സില്‍ സൂക്ഷിക്കേണ്ട ഒരു ആയതാണ് ഇത്. പുകവലിക്കുന്ന ഒരു രോഗി തന്റെ അടുത്തേക്ക് വരുമ്പോള്‍ ഫിഖ്ഹ് കൊണ്ട് ചികിത്സിക്കാന്‍ ഡോക്ടര്‍മാക്ക് കഴിയണം. നിക്കോട്ടിന്‍ തന്റെ രോഗിയുടെ ശരീരത്തെ ദ്രുതഗതിയില്‍ നാശത്തിലേക്ക് നയിക്കുന്നുണ്ടെങ്കില്‍ ഇനി വലിക്കരുതേ എന്ന് പറയല്‍ ഡോക്ടര്‍ക്ക് നിര്‍ബന്ധമാണ്. ഇല്ലെങ്കില്‍ അവന്‍ കുറ്റവാളിയാകും. ആ രോഗിക്ക് പുക വലിക്കല്‍ നിഷിദ്ധവുമാണ്. കാരണം മേല്‍പറഞ്ഞ ആയതാണ്. ഇങ്ങനത്തെ രോഗികള്‍ക്ക് പുകയില വില്‍പന നടത്തുന്ന കച്ചവടക്കാരനും കുറ്റക്കാരനാണ്. ഇനി ഒരാളെ നിക്കോട്ടിന്റെ ആഘാതം പെട്ടെന്ന് ബാധിക്കുന്നില്ലെങ്കിലും പുക വലിക്കല്‍ കറാഹതാണ്. ഇതും രോഗിക്ക് ഡോക്ടര്‍ ഉണര്‍ത്തിക്കൊടുക്കണം. മെഡിക്കല്‍ എന്‍ജിനീയറിംഗ് തലങ്ങളില്‍ ഇടപെടുമ്പോള്‍ ഓരോ സ്‌റ്റെപ്പും വരും വരായ്കകള്‍ ആലോചിച്ചുകൊണ്ട് ജാഗ്രതയോടെ മുന്നോട്ട് പോകണം.

നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമായി ലോ കടന്നുവരാറുണ്ട്. ലോ എന്ന് പറയുന്നത് സത്യാസത്യ വിവേചനമാണ്. ഒരു കേസേറ്റെടുക്കുന്ന സമയത്ത് അതിന്റെ സത്യാസത്യങ്ങളെ കുറിച്ച് ചിന്തിച്ച് അന്വേഷിച്ച് പരിപൂര്‍ണമായി സത്യമുണ്ടെന്ന് ബോധ്യമായതിനു ശേഷമേ നാം ഒരാള്‍ക്കുവേണ്ടി കേസേറ്റെടുത്ത് വാദിക്കാവൂ. നമ്മുടെ മനഃസാക്ഷിയാണ് നമ്മെ നിയന്ത്രിക്കേണ്ടത്. ആദ്യമായി വിഷയം നന്നായി പഠിക്കുകയാണ് വേണ്ടത്. നബി(സ്വ) കേസ് കൈകാര്യം ചെയ്യുന്നവരെ പറ്റി വ്യക്തമായി പറയുകയുണ്ടായി: ‘നിങ്ങളുടെ കൂട്ടത്തില്‍ ചിലര്‍ വാചാലത കൂടുതലുള്ളവരായിരിക്കാം. അതേ സമയം തന്നെ സഭാകമ്പം തീരാത്തവരും നിങ്ങളുടെ കൂട്ടത്തിലുണ്ടാകാം. ന്യായവും സത്യവും നോക്കാതെ വാചാലത കൊണ്ട് നിങ്ങള്‍ക്ക് പ്രതിയോഗിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞേക്കാം. ജഡ്ജിക്ക് കേട്ടതിന്റെ അടിസ്ഥാനത്തില്‍ വിധിക്കുവാനേ കഴിയൂ. വാചാലതയുടെ തിളക്കം കൊണ്ട് ആ ഭാഗത്താണ് സത്യമെന്ന് തെറ്റിദ്ധരിച്ച് ഒരു ജഡ്ജിയെങ്ങാനും വിധി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ആ സമയത്ത് ആ വാചാലന്‍ തിന്നുന്നത് നരകത്തിന്റെ തീക്കൊള്ളിയാണ്. നിങ്ങള്‍ ഭയന്നുകൊള്ളണം’- നബി(സ്വ)യുടെ ഈ മുന്നറിയിപ്പ് ഓരോ ലോ വിദ്യാര്‍ത്ഥിയുടെയും ഉള്ളിലുണ്ടാകണം. നരകക്കൊള്ളി തിന്നാനല്ല, സ്വര്‍ഗത്തിലെ പഴങ്ങള്‍ ഭുജിക്കാനാണ് ഞാന്‍ ജീവിക്കുന്നതെന്ന ബോധമുണ്ടാകണം. ആ വികാരമുള്‍ക്കൊണ്ട് സത്യാസത്യ വിവേചനത്തിന്റെ നിയന്ത്രണ രേഖ വിട്ട് കടക്കാതെ നമ്മുടെ പഠനവും പ്രയോഗവും മുന്നോട്ടുപോകണം.

ഓരോ പ്രൊഫഷണല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴും ഇത്തരം ധര്‍മങ്ങള്‍ പാലിക്കാന്‍ തയാറാകുകയും ആ ഒരു നിയന്ത്രണം കാത്തുസൂക്ഷിക്കുകയും ചെയ്താല്‍ എല്ലാ അര്‍ത്ഥത്തിലും എവിടെയും ജേതാക്കള്‍ നിങ്ങളായിത്തീരും എന്ന ആലു ഇംറാന്‍ സൂറത്തിലെ 139-ാമത്തെ ആയത് നമുക്ക് മുന്നോട്ടുള്ള വഴികള്‍ തുറന്നുതരുന്നു.

ബശീര്‍ ഫൈസി വെണ്ണക്കോട്‌