തൊപ്പി ഒരു സമരപ്രതീകമാവുന്നത്

തൊപ്പി ഒരു സമരപ്രതീകമാവുന്നത്

ഇന്ത്യനവസ്ഥ ഉത്പാദിപ്പിക്കുന്ന സംഘര്‍ഷങ്ങളുടെയും ഉത്കണ്ഡകളുടെയും പശ്ചാതലത്തില്‍ നിന്നുകൊണ്ട് മാത്രമേ സമകാലിക ഫാഷിസത്തെക്കുറിച്ച് സംസാരിക്കാന്‍ സാധിക്കുകയുള്ളൂ. തീവ്രവാദം, ഭീകരവാദം, മതമൗലികവാദം തുടങ്ങിയവ പോലെ ഒന്നല്ല ഫാഷിസം എന്ന സൂക്ഷ്മമായ തിരിച്ചറിവിലേക്ക് ആധുനിക ജനസമൂഹത്തെ നയിക്കേണ്ടതിന്റെ ധൈഷണിക ഉത്തരവാദിത്വം ഇന്നത്തെ ജനാധിപത്യ സമൂഹത്തിനുണ്ട്. ഈ പറയപ്പെട്ടവ ജനാധിപത്യ വിരുദ്ധവും അപകടകരവുമായ പ്രതിഭാസങ്ങളാണെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ടെങ്കിലും ഫാഷിസം അതില്‍നിന്നും വിഭിന്നമായ ഒരു പ്രത്യയ ശാസ്ത്രമാണ്. ഇത് തിരിച്ചറിയാന്‍ ചരിത്രപരമായ വിശകലനം അനിവാര്യമായതുകൊണ്ട് ക്ലാസിക്കല്‍ ഫാഷിസം രൂപപ്പെട്ടുവന്ന പശ്ചാതലത്തില്‍നിന്നും ആരംഭിക്കാം.

1919ല്‍ മുസോളിനി ആരംഭിച്ച പൊരുതുന്നതിനുവേണ്ടിയുള്ള പ്രസ്ഥാനം എന്ന് പരിഭാഷപ്പെടുന്ന ഫാഷിയോ ഡി കംപാറ്റിമെന്റോ എന്ന സംഘടനയുടെ ചുരുക്കപ്പേരായിട്ടാണ് ഫാഷിസം എന്ന് നാം പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. 1919ല്‍ രൂപപ്പെട്ട പ്രസ്ഥാനം 1922 ആയപ്പോഴേക്കും അധികാരം പിടിച്ചെടുക്കുന്നതാണ് നാം കാണുന്നത്. ഇതൊരു ചെറിയ പ്രശ്‌നമല്ല. ഇത് ചരിത്രത്തില്‍ വളരെ ആഴത്തില്‍ ചര്‍ച്ചക്ക് വിധേയമായിട്ടുണ്ട്. കാരണം ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കപ്പെട്ട് മൂന്നുവര്‍ഷം കഴിയും മുമ്പ് രാഷ്ട്രീയാധിപത്യം പിടിച്ചെടുക്കുന്നത് അപൂര്‍വമായ സംഗതിയാണ്. സാധാരണ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ജനമനസ്സുകളില്‍ വേരാഴ്ത്താന്‍ പത്തോ, ഇരുപതോ വര്‍ഷം വേണ്ടിവരുമെങ്കിലും, ചില സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് പെട്ടെന്ന് ജനമനസ്സുകളില്‍ വേരാഴ്ത്താന്‍ കഴിയാറുണ്ട്. അതിന് പിന്നില്‍ പല കാരണങ്ങളുമുണ്ടാകും. ഫാഷിസത്തെ സംബന്ധിച്ചിടത്തോളം അത് വേരാഴ്ത്തിയയത് സൗഹൃദത്തിലോ ബന്ധത്തിലോ അല്ല. മറിച്ച് വെറുപ്പിനെ ആളിക്കത്തിക്കുന്ന മുന്‍വിധികളിലാണ്. ഈ അര്‍ത്ഥത്തില്‍ അതിന്റെ വേരുകള്‍ ആയിരക്കണക്കിന് വര്‍ഷങ്ങളിലേക്ക് ആഴ്ന്നു കിടക്കുകയാണ്.

നമ്മുടെ സമൂഹത്തില്‍ ഒരു വംശത്തിന് മറ്റൊന്നിനോട്, ഒരു ജാതിക്ക് മറ്റൊന്നിനോട് ആഴത്തിലുള്ള പരിചയം ഉണ്ടാക്കിയെടുക്കാനുള്ള അവസരം നഷ്ടപ്പെട്ടതടക്കമുള്ള വിവിധ കാരണങ്ങളാല്‍ രൂപം കൊണ്ട മുന്‍വിധിയാണ് ഫാഷിസത്തിന്റെ രാഷ്ട്രീയ മൂലധനം. കേവലം ഒരു പാര്‍ട്ടി മൂന്ന് വര്‍ഷം കൊണ്ട് അധികാരം പിടിച്ചെടുത്തതല്ല. മറിച്ച് കാണാന്‍ കഴിയാത്ത ഒരു മൂലധനത്തിന്റെ കരുത്തിലാണ് ഇറ്റലിയെപ്പോലോത്ത ഒരു നവോത്ഥാന കേന്ദ്രത്തില്‍ അത് ആധിപത്യം സ്ഥാപിച്ചത്. ഇതേ പ്രസ്ഥാനമാണ് ജര്‍മന്‍ വകഭേദത്തോടുകൂടെ അഡോള്‍ഫ് ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ 1933ല്‍ നാഷണല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ പ്രത്യക്ഷപ്പെട്ടത്. അതിന്റെ ചുരുക്കനാമമാണ് നാസിസം. ഇതും മുപ്പതുകളുടെ പകുതിയില്‍തന്നെയാണ് ഫെലാഞ്ചലിസ്റ്റുകള്‍ എന്ന് പറയുന്ന ഒരു വലതുപക്ഷ പാര്‍ട്ടി മുന്‍ പട്ടാളമേധാവി ഫ്രാങ്കോയുടെ നേതൃത്വത്തില്‍ സ്‌പെയിനിലെ റിപ്പബ്ലിക്കന്‍ ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കുന്നത്. ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും ഫ്രാങ്കോയുടെയും പാര്‍ട്ടികള്‍ കൂടിച്ചേര്‍ന്ന പ്രതിലോമ ഫാഷിസ്റ്റ് പ്രത്യയ ശാസ്ത്രത്തെയാണ് നാം യൂറോപ്യന്‍ ഫാഷിസം അല്ലെങ്കില്‍ ക്ലാസിക്കല്‍ ഫാഷിസം എന്നൊക്കെ വിളിച്ചുകൊണ്ടിരിക്കുന്നത്.
ഈ രാഷ്ട്രീയ കക്ഷികള്‍ രൂപപ്പെടാനുള്ള പ്രധാന കാരണം 20കളുടെ പകുതി മുതല്‍ 30കളുടെ മധ്യം വരെ നീണ്ടുനിന്ന ലോക സാമ്പത്തിക പ്രതിസന്ധിയാണ്. ആ സാമ്പത്തിക പ്രതിസന്ധിയെ സൂചിപ്പിക്കാന്‍ പറഞ്ഞുവരുന്ന പ്രയോഗം ഇങ്ങനെയാണ്: മുമ്പൊക്കെ പോക്കറ്റില്‍ പണവുമായി പോയാല്‍ ബക്കറ്റില്‍ സാധനങ്ങളുമായി തിരിച്ചുവരാമായിരുന്നു. ഇപ്പോള്‍ ബക്കറ്റില്‍ പണവുമായി പോയാല്‍ പോക്കറ്റില്‍ സാധനങ്ങളുമായി തിരിച്ചുവരാം. തൊഴിലവസരങ്ങള്‍ കുറഞ്ഞതും അരക്ഷിതാവസ്ഥ ഉണ്ടായതും ജനജീവിതത്തില്‍ സന്ദേഹങ്ങള്‍ നിറഞ്ഞതുമടക്കമുള്ള പശ്ചാതലത്തിലാണ് നവോത്ഥാന കേന്ദ്രമെന്ന് കരുതപ്പെട്ട ഇറ്റലിയില്‍ തുടങ്ങി ആധുനിക ജനാധിപത്യത്തിന്റെയും തത്വചിന്തയുടെയും ഈറ്റില്ലമായ ജര്‍മനിയിലേക്ക് പടര്‍ന്ന് സ്‌പെയിനില്‍ പൂത്തുനില്‍ക്കുന്ന ക്ലാസിക്കല്‍ ഫാഷിസം ഉണ്ടാകുന്നത്.

ക്ലാസിക്കല്‍ ഫാഷിസത്തിന്റെ ഏതെങ്കിലും തരത്തിലുള്ള അവതരണമോ ആവര്‍ത്തനമോ അല്ല ഇന്ത്യന്‍ ഫാഷിസം. അതിനെക്കാള്‍ പ്രഹരശേഷിയുള്ളതാണ്. ജനാധിപത്യ സംവിധാനങ്ങളിലൂടെ അധികാരത്തില്‍ വരുന്നതിനാല്‍ ആപേക്ഷികമായി ഇന്ത്യന്‍ ഫാഷിസത്തിന് അപകടം കുറവാണെന്ന് പലരും വിചാരിക്കുന്നുണ്ടെങ്കിലും ഹിറ്റ്‌ലറും മുസോളിനിയും ഇതേ രൂപത്തില്‍ അധികാരത്തില്‍ വന്നതിനാല്‍ അത് ഫാഷിസ്റ്റ് സ്വഭാവത്തെ ഇല്ലായ്മ ചെയ്യുമെന്നതിന് ചരിത്രത്തില്‍ തെളിവില്ല. സമകാല ഇന്ത്യനവസ്ഥയും ഇതിന് സാക്ഷ്യം പറയും. യഥാര്‍ത്ഥത്തില്‍, ഇന്ത്യന്‍ ഫാഷിസം അവയെക്കാളേറെ പ്രഹരശേഷിയുള്ളതാണ്. കാരണം ക്ലാസിക്കല്‍ ഫാഷിസത്തിന്റെ ആയുസ്സ് കേവലം കാല്‍ നൂറ്റാണ്ട് മാത്രമായിരുന്നു(1922-1945). ഫാഷിസ്റ്റുകളും ഹിറ്റ്‌ലറും പരമാവധി സങ്കല്‍പിച്ചത് ഒരു ആയിരം വര്‍ഷത്തെ ഭരണമാണ്. പക്ഷേ ലഭിച്ചത് കാല്‍ നൂറ്റാണ്ടും. പക്ഷേ, ഇന്ത്യന്‍ ഫാഷിസത്തിന്റെ ആയുസ്സ് അമ്പരപ്പിക്കുന്നതാണ്. ലോകത്ത് തൊഴില്‍ വിഭജനത്തിന്റെ ഭാഗമായി പലതരം സാമൂഹിക കൂട്ടായ്മകള്‍ ഉയര്‍ന്നുവന്നിരുന്നു. സാമൂഹിക വികാസത്തിന്റെ ഏതെങ്കിലും സന്ദര്‍ഭങ്ങളില്‍ അവ ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇന്ത്യന്‍ ജാതി വ്യവസ്ഥ എല്ലാ സാമൂഹിക പരിവര്‍ത്തനങ്ങളെയും അതിജയിച്ച് ഇന്നും നിലനില്‍ക്കുന്നുണ്ട്. യൂറോപ്പ്യന്‍ ചരിത്രത്തെ അടിമ, ജന്മി, മുതലാളിത്തം എന്നിങ്ങനെ വര്‍ഗീകരിക്കാനാവുമെങ്കിലും ഇന്ത്യന്‍ ചരിത്രത്തില്‍ ഇക്കാലഘട്ടങ്ങളിലെല്ലാം ജാതി നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ ജാതി തുടരുക മാത്രമല്ല, ഇന്ത്യക്കാരുള്ളിടത്തൊക്കെ അത് ഉണ്ടാവുകയും ചെയ്യുമെന്ന യാഥാര്‍ത്ഥ്യം കാഞ്ച ഐലയ്യ തന്റെ പ്രശസ്തമായ ബഫലോ നാഷണലിസത്തില്‍ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാചകം കടമെടുത്താല്‍ കാസ്റ്റ് ഷാഡോ ഇന്‍ ലണ്ടന്‍. ജാതിമേല്‍ക്കോയ്മക്ക് പ്രാധാന്യമില്ലാത്ത സ്ഥലങ്ങളില്‍ പോലും അത് നിലനിര്‍ത്താന്‍ ഇന്ത്യക്ക് കഴിയുന്നു. മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍, സാമൂഹിക പരിവര്‍ത്തനങ്ങളെ അതിജയിക്കാനുള്ള ശേഷിയിലാണ് ഇന്ത്യന്‍ ഫാഷിസത്തിന്റെ വേരുകള്‍ ആഴ്ന്നു കിടക്കുന്നത്.

ദളിതരോടും ന്യൂനപക്ഷങ്ങളോടും ഇന്ത്യന്‍ ഫാഷിസം കാണിക്കുന്ന വിദ്വേഷത്തിന്റെ കാരണം സമകാലികം എന്നതിലുപരി ചരിത്രപരം കൂടിയാണ്. കാരണം ഇവരെല്ലാം ജാതി വ്യവസ്ഥക്ക് പ്രഹരമേല്‍പ്പിച്ച് ആ ചട്ടക്കൂട്ടില്‍നിന്നും പുറത്തുകടന്നവരാണ്. ഇതിനെ അവര്‍ക്ക് പ്രതിരോധിക്കേണ്ടതിനാല്‍ മറ്റേത് പ്രതിലോമ പ്രസ്ഥാനങ്ങളെക്കാളും ശക്തമായിരിക്കും അവരുടെ അക്രമണം. ഇന്ത്യന്‍ ജനത ഇത് അനുഭവിക്കുന്നുവെങ്കിലും അതിനെ രേഖപ്പെടുത്തുന്നിടത്ത് ഗുരുതരമായ വീഴ്ചകള്‍ സംഭവിക്കുന്നുവെന്നതാണ് മൗലികമായ പ്രശ്‌നം. ഇന്ത്യന്‍ ഫാഷിസത്തെയും ക്ലാസിക്കല്‍ ഫാഷിസത്തെയും താരതമ്യപ്പെടുത്തി സൂക്ഷ്മമായി വിലയിരുത്തിയ സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞു: നമ്മുടെ മനുവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ ഹിറ്റ്‌ലര്‍ പാവമാണ്. ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ ഭരണഘടനയെക്കാള്‍ പരിശുദ്ധമായി കരുതുന്നത് ഈ മനുസ്മൃതിയെയാണെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. ഇന്ത്യന്‍ ഫാഷിസത്തിന്റെ മഹാനായ നിയമദാതാവാണ് മനുസ്മൃതി. രാജസ്ഥാന്‍ ഹൈക്കോടതിക്കു മുമ്പിലും മനുവിന്റെ പ്രതിമ പ്രതിഷ്ഠിച്ചിട്ടുണ്ട്. ശൂദ്രന്‍ സവര്‍ണനെ അപമാനിച്ചാല്‍ പന്ത്രണ്ട് വിരല്‍ നീളമുള്ള ശൂലം അവന്റെ വായില്‍ കയറ്റിവെക്കണമെന്ന മനുസ്മൃതിയിലെ ഒരൊറ്റ വചനം മതി ഇന്ത്യയെ തീവ്രവാദരാഷ്ട്രമായി പ്രഖ്യാപിക്കാന്‍ എന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ശൂദ്രനെ കൊന്നാല്‍ സവര്‍ണന് ലഭിക്കുന്ന പരമാവധി ശിക്ഷ തലമുണ്ഡനം ആണ്. ഈ പശ്ചാതലത്തില്‍ നിന്നാണ് എന്റെ രോമത്തോളമേ ഉള്ളൂ എന്ന മലയാളത്തെറി രൂപ്പെട്ടുവന്നത്. തെറികളെല്ലാം ചരിത്രത്തില്‍നിന്നാണല്ലോ തെറിച്ചുവരുന്നത്.

ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നുമുള്ള നിയമങ്ങള്‍ മുറിച്ചെടുത്തുണ്ടാക്കിയ ഭരണഘടനയെ ഫാഷിസ്റ്റുകള്‍ അംഗീകരിക്കുന്നില്ല. അതില്‍ ഇന്ത്യന്‍ എന്ന് പറയാവുന്ന എന്തുണ്ട് എന്നാണവരുടെ ചോദ്യം. സത്യത്തില്‍ ഇന്ത്യന്‍ ദേശീയതയെയോ പതാകയെയോ ഭരണഘടനയെയോ അംഗീകരിക്കാനാവാത്തവരാണ് ദേശീയതാ വക്താക്കളായി നമ്മുടെ മുമ്പില്‍ തിമിര്‍ക്കുന്നത്. മനസ്സില്‍ മനുസ്മൃതിയെയും ഔപചാരികമായി ഭരണഘടനയെയും കണക്കാക്കുന്ന ഫാഷിസ്റ്റുകള്‍ക്ക് അധികാരത്തിലൂടെ മാത്രമേ ഉദ്ദേശിച്ചത് ചെയ്യാനാവൂ എന്നത് ശരിയല്ല. ഇന്ത്യന്‍ ജനതയുടെ ജീവിതത്തെ പിളര്‍ക്കുന്നതില്‍ അവര്‍ വന്‍വിജയം നേടിയിട്ടുണ്ട്. ജാതി മേല്‍ക്കോയ്മയുടെ പ്രത്യയശാസ്ത്രത്തിലൂടെ പീഡനമുറകള്‍ അഴിച്ചുവിടുന്ന ഒരു പ്രതിഭാസമാണ് ഫാഷിസമെന്ന് നാം മനസ്സിലാക്കണം.

യൂറോപ്യന്‍ ഫാഷിസം രൂപപ്പെട്ടുവന്നത് ആ വംശീയമായ മുന്‍വിധികളിലൂടെയും അല്‍പത്തരങ്ങളിലൂടെയുമാണ്. ഹിറ്റ്‌ലര്‍ പറഞ്ഞത് ജര്‍മന്‍കാര്‍ മാത്രമാണ് യഥാര്‍ത്ഥ മനുഷ്യരെന്നാണ്. ഹിറ്റ്‌ലറുടെ മെയിന്‍ കാംഫില്‍ മനുഷ്യസംസ്‌കാരത്തെ മൂന്നായിട്ടാണ് വിഭജിച്ചത്. ഫൗണ്ടേഴ്‌സ് ഓഫ് കള്‍ചര്‍, ബിയറേഴ്‌സ് ഓഫ് കള്‍ച്ചര്‍, ഡിസ്‌ട്രോയേഴ്‌സ് ഓഫ് കള്‍ചര്‍ എന്നിങ്ങനെ. സംസ്‌കാര സ്ഥാപകര്‍ എന്നതുകൊണ്ടുദ്ദേശിച്ചത് ജര്‍മന്‍കാര്‍, ആര്യന്മാര്‍, കുലീനര്‍ എന്നിവരെയാണത്രെ. രണ്ടാമത്തെത് സംസ്‌കാരത്തിന്റെ വാഹകര്‍. യൂറോപ്പുണ്ടാക്കുന്ന സംസ്‌കാരത്തിന്റെ വാഹകര്‍ മാത്രമാണെന്ന് ഹിറ്റ്‌ലര്‍ വരുത്തിത്തീര്‍ത്ത ഏഷ്യക്കാരെയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. മൂന്നാമത്തെ വിഭാഗമായ സംസ്‌കാരത്തെ സംഹരിക്കുന്നവര്‍ എന്നതുകൊണ്ട് ഹിറ്റ്‌ലര്‍ പ്രധാനമായും ഉദ്ദേശിച്ചത് ജൂതന്മാരെയാണ്.

ജീവിതരീതികളുടെ ആകെത്തുക എന്ന അര്‍ത്ഥപ്രകാരം ഓരോ ജീവിതവും ഓരോ സംസ്‌കാരമാണെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഇന്ത്യന്‍ ഫാഷിസം ജനതയെ രണ്ടായാണ് പകുക്കുന്നത്. സ്വാമി നിരഞ്ജന്‍ ജ്യോതി രാമന്റെ മക്കളെന്നും ഹറാം മക്കളെന്നും ഇന്ത്യന്‍ ജനതയെ വിഭജിച്ചപ്പോള്‍ അത് ഹിറ്റ്‌ലറെക്കാള്‍ ക്രൂരതയുടെ ഒരു പടി കയറുകയായിരുന്നു. ആ വര്‍ഗീയ വിത്തിന്റെ വിളയാണ് ഉത്തര്‍പ്രദേശിലെ സംഘ്പരിവാറിന്റെ വന്‍വിജയം.

ഇന്ത്യയുടെ സാംസ്‌കാരികവൈവിധ്യവും തനിമയും കണ്ട് എല്‍ എല്‍ ബാഷാമിനെപ്പോലെയുള്ള ഒരു ചരിത്രപ്രതിഭ വരെ വണ്ടര്‍, ദാറ്റ് ഈസ് ഇന്ത്യ എന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരം സാംസ്‌കാരിക തനിമയുള്ള ഒരു രാജ്യത്തെയാണ് അവര്‍ വെട്ടിക്കീറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നിരന്തരമായ വര്‍ഗീയ പ്രസ്താവനകളിലൂടെ വിദ്വേഷ പ്രചാരങ്ങള്‍ നടത്തുമ്പോള്‍ ജനാധിപത്യവാദികളും ചിലപ്പോള്‍ സംഘപരിവാര്‍ തന്നെയും അവയെ തള്ളിപ്പറയുന്നുണ്ടെങ്കിലും വിതച്ച വിത്തിന്റെ കൊയ്ത്താണ് അവര്‍ നേടിക്കൊണ്ടിരിക്കുന്നത്.

ഫാസിസം ഇന്ത്യനായാലും ക്ലാസിക്കലായാലും മൂന്നുതരം ഭീകരതകളുടെ സംയുക്ത കേന്ദ്രമാണ്. സൈദ്ധാന്തിക ഭീകരത, കായിക ഭീകരത, വികാര ഭീകരത എന്നിങ്ങനെ പറയാം. മറ്റൊരു ഭീകരതക്കുമില്ലാത്ത ഫാഷിസത്തിന്റെ പ്രത്യേകത, തന്മാത്രാതലത്തില്‍നിന്നും ജനപിന്തുണ നേടാന്‍ കഴിയുന്ന ഒരു മേല്‍ക്കോയ്മ ബോധമാണ് അതിനുള്ളത് എന്നതാണ്. പല ഭീകരതകളും മുകളില്‍നിന്ന് താഴേക്ക് കെട്ടിയിറക്കുന്നതാണെങ്കിലും ഫാഷിസ്റ്റ് ഭീകരതയുടെ പാറ്റേണ്‍ താഴെ നിന്നും മുകളിലേക്കാണ് പ്രഹരിക്കുന്നത്. ഈ പാറ്റേണ്‍ താഴെയിറങ്ങുന്നതിനെ പോലെ ദുര്‍ബലമാകില്ല. യു പി തിരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ അരങ്ങേറിയ വിദ്വേഷപ്രസ്താവനകളുടെ പട്ടിക പരിശോധിച്ചാല്‍ തല്‍സമയ വികാര വിക്ഷേപണങ്ങള്‍ക്കപ്പുറം അവ ആസൂത്രിത നീക്കമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും. യോഗി ആദിത്യനാഥ്, സ്വാധി പ്രാചി, സാക്ഷി മഹാരാജ്, നിരഞ്ജന്‍ ജ്യോതി, ശങ്കര്‍ കത്തേറിയ തുടങ്ങിയവര്‍ നടത്തിയ വിദ്വേഷ പ്രസ്താവനകളെ ജനാധിപത്യത്തിനോ സംഘടനകള്‍ക്കോ പിന്തുണക്കാനാവില്ല. വിദ്വേഷം കത്തിനില്‍ക്കുന്ന പടിഞ്ഞാറന്‍ യു പിയിലെ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ യോഗി ആദിത്യനാഥിന്റെ ഒരു പ്രസ്താവനയെ സദസ്സിലെ ജനങ്ങള്‍ കയ്യടിയോടെയാണ് ഏറ്റുവാങ്ങിയത്. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖത്ത് പതിച്ച അടിയാണ്. വിചാരധാരയിലൊക്കെ പറയുന്നതുപോലെ മുസ് ലിംകള്‍ പന്നികളെപ്പോലെ പെരുകിക്കൊണ്ടിരിക്കുകയാണ്, അവരെ കുഴിച്ചിടാനുള്ള ഭൂമി ഇവിടെ ഇല്ലാത്തതുകൊണ്ട് അവരെ ദഹിപ്പിക്കുകയാണ് വേണ്ടത് എന്നായിരുന്നു യോഗിയുടെ പ്രസ്താവന. ഇതുതന്നെയായിരുന്നു വംശഹത്യക്കാലത്ത് ഗുജറാത്തില്‍ അനാഥരായി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിഞ്ഞവരെക്കുറിച്ച്, ഇത് സന്താനോത്പാദന ക്യാമ്പുകളാണെന്ന് മോഡി പറഞ്ഞതും. സമാനമായ പ്രസ്താവനകളാണ് മുഖ്യമന്ത്രി പദവിയില്‍നിന്ന് പ്രധാനമന്ത്രിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള കാരണം. വെറുപ്പും വിദ്വേഷവും ജനാധിപത്യത്തിന്റെ ശക്തി ക്ഷയിപ്പിക്കുന്നതാണെങ്കില്‍ ഫാഷിസത്തിന് അവ ശക്തി കേന്ദ്രങ്ങളാണ്.

മറ്റൊരു സത്യം, ഫാഷിസത്തിന്റെ മുഖ്യശത്രുവായി കേരളീയ സമൂഹം മാറിക്കൊണ്ടിരിക്കുകയാണ്. മതനിരപേക്ഷ ഇടതുപക്ഷ തൊഴിലാളി കാഴ്ചപ്പാടുകള്‍ക്ക് മേല്‍ക്കയ്യുള്ള കേരളം പോലുള്ള ഒരു പ്രദേശത്തെ പ്രത്യേകം ടാര്‍ജറ്റ് ചെയ്തുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഫാഷിസം തുടക്കമിട്ട് കഴിഞ്ഞു. അതിന്റെ തെളിവാണ് കേരളത്തിലെ രാഷ്ട്രീയ പശ്ചാതലത്തില്‍ കൊല്ലപ്പെട്ട ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ പന്ത്രണ്ട് വയസ്സുള്ള മകള്‍ വിസ്മയയുടെ പോസ്റ്റ് ഏറെ ചര്‍ച്ചയായതും മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതും. ഈ ഭൂമിയില്‍ അഭിപ്രായ ഭിന്നതകളുടെയും ആശയങ്ങളുടെയും പേരില്‍ ഒരു തുള്ളി ചോരപോലും വീഴരുതെന്ന ആ സന്ദേശത്തോട് എല്ലാവര്‍ക്കും യോജിക്കാനാകും. പക്ഷേ, ആ പോസ്റ്റിന്റെ ലക്ഷ്യം അതായിരുന്നില്ല. അത്തരം നിര്‍ഭാഗ്യകരമായ രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഇനി ഒരിക്കലും ഉണ്ടാകരുതെന്ന കാഴ്ചപ്പാടോടെ സംഘടിപ്പിക്കപ്പെട്ട മുഖ്യമന്ത്രിയടക്കമുള്ളവര്‍ പങ്കെടുത്ത സമാധാന സമ്മേളനം നടന്നുകഴിഞ്ഞ ഒരു പശ്ചാതലത്തിലാണ് ഈ വീഡിയോ വൈറലാകുന്നത്. അതിന് മറ്റൊരു പശ്ചാതലം കൂടിയുണ്ട്. വ്യാജ ദേശീയതയുടെ വെള്ളപ്പൊക്കത്തില്‍ ഇന്ത്യന്‍ ജനാധിപത്യം മുങ്ങിക്കൊണ്ടിരിക്കുകയാണോ എന്ന് നാം ഭയപ്പെട്ട സമയത്താണ് ഗുല്‍മെഹര്‍ കൗര്‍ ഒരു പ്രതികരണം നടത്തിയത്. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ തന്റെ രണ്ടാം വയസ്സില്‍ കൊല്ലപ്പെട്ട അച്ഛനെ സ്മരിച്ച് തന്റെ അച്ഛനെ കൊന്നത് പാക്കിസ്ഥാനല്ല, യുദ്ധമാണ് എന്ന നിരീക്ഷണമാണ് ആ വിദ്യാര്‍ത്ഥി നടത്തിയത്. ഈ വിദ്യാര്‍ത്ഥിയുടെ അഭിപ്രായം സ്വാഗതം ചെയ്യപ്പെടേണ്ടതിന് പകരം അവള്‍ക്ക് ഡല്‍ഹിയില്‍നിന്നും ജലന്തറിലേക്ക് നിര്‍ബന്ധിതയായി തിരിച്ചുപോകേണ്ടിവന്നു. ഈ ശബ്ദത്തെ അടച്ചുവെക്കാനാണ് സംഘപരിവാര്‍ വിസ്മയയെ കരുവാക്കിയത്. അവളുടെ പോസ്റ്റ് ഹിന്ദിയിലാണെന്നതും പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഉത്തരേന്ത്യയിലെ പാവപ്പെട്ട മനുഷ്യരോട് കേരളത്തില്‍ ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെടുകയാണ് എന്നതിന് തീ പകരാന്‍ വേണ്ടിയാണ് വിസ്മയയുടെ പോസ്റ്റ് ഹിന്ദിയിലാക്കിയത്. ഇതിന്റെ അനന്തര ഫലം എന്തായിരിക്കും. ഉത്തരേന്ത്യയിലേക്ക് തൊഴിലിനോ വിനോദത്തിനോ പോകുന്ന മലയാളികള്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തപ്പെടും. മറ്റൊരര്‍ത്ഥത്തില്‍, ആശയപരമായും രാഷ്ട്രീയമായും സാംസ്‌കാരികമായും ഇന്ത്യന്‍ ഫാഷിസത്തെ വെല്ലുവിളിക്കുമെന്ന് അവര്‍ ഭയപ്പെടുന്ന കേരളത്തിന്റെ മതനിരപേക്ഷ-ജനാധിപത്യ കാഴ്ചപ്പാടിനെ കൊന്ന് കൊലവിളിക്കാനുള്ള അഖിലേന്ത്യാ അജണ്ട രൂപീകരണമാണിത്.

വികാരഭീകരതയുടെ അന്തരീക്ഷ സൃഷ്ടിപ്പാണ് ഇതിന്റെ ലക്ഷ്യം. ഡോ. കുന്ദന്‍ ചന്ദ്രാവത് പിണറായി വിജയന്റെ തലക്ക് ഒരു കോടി വില പറഞ്ഞത് ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ തലക്ക് വിലയിട്ടതല്ല, മതനിരപേക്ഷതക്കും ജനാധിപത്യത്തിനുമെതിരെയുള്ള ഫാഷിസത്തിന്റെ ആസൂത്രിത പദ്ധതിയാണിത്. ഈ വികാര ധീരതകളെ വിചാരധീരതകള്‍കൊണ്ട് പ്രതിരോധിക്കുക എന്ന ബദലാണ് ജനാധിപത്യം മുന്നോട്ടുവെക്കേണ്ടത്. അതെങ്ങനെ സാധ്യമാകുമെന്നതിനെക്കുറിച്ച് തീര്‍ച്ചയായും ജനാധിപത്യം ആലോചിക്കണം. മറ്റൊരു പ്രധാന വിഷയം കോര്‍പറേറ്റുവത്കരണത്തിന്റെയും ഭ്രാന്തന്‍ ദേശീയതയുടെയും ഉത്പന്നമാണ് ഇന്ത്യന്‍ ഫാഷിസം എന്നതാണ്. ലോകത്ത് എല്ലാ ഭീകരപ്രസ്ഥാനങ്ങളുടെയും രൂപീകരണത്തില്‍ കോര്‍പറേറ്റ് സാമ്രാജ്യത്വ ശക്തികള്‍ക്ക് മൗലികമായ നേതൃത്വമുണ്ട്. ഇസ്‌ലാമിക ഭീകരത അതിന്റെ തത്വങ്ങളില്‍നിന്നോ വിശ്വാസങ്ങളില്‍ നിന്നോ രൂപപ്പെടുത്തുന്നതല്ല. മറിച്ച്, സാമ്രാജ്യത്വം മതത്തിനകത്ത് ഇടപെടുമ്പോഴും അതിനെ റാഞ്ചുമ്പോഴും സംഭവിക്കുന്ന ഒന്നാണത്. വികാരധീരതയുടെ ബദല്‍ എന്നത് സൂചിപ്പിക്കുന്നത് കൂടുതല്‍ ജനാധിപത്യപരമാവുക എന്നതിനെയാണ്. ഈയര്‍ത്ഥത്തിലാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലുണ്ടായ പുതിയ സംഭവവികാസങ്ങളെ വിശകലനം ചെയ്യേണ്ടത്. ഇന്നലെവരെ സംവാദകേന്ദ്രമായിരുന്ന ജെ എന്‍ യുവിനെ സംഘര്‍ഷ കേന്ദ്രമാക്കുന്നതിന്റെ അടിസ്ഥാനപരമായ കാരണം ഫാഷിസത്തിന്റെ ധൈഷണിക വിരുദ്ധതയാണ്.

ജീവിതത്തെ സംവാദഭരിതമാക്കിയും സര്‍ഗാത്മകമാക്കിയും സമരോത്സുകമാക്കിയുമാണ് ഫാഷിസത്തെ പ്രതിരോധിക്കേണ്ടത്. മുമ്പിവിടെ നിലനിന്നിരുന്ന ഒരുമകള്‍ കണ്ടെടുക്കപ്പെടണം. ഇന്ത്യ പൂര്‍ണമായും ഫാഷിസത്തിന് കീഴടങ്ങിയിട്ടില്ല. കലാപങ്ങള്‍ക്കിടയില്‍ ഇവിടെ സൗഹാര്‍ദങ്ങളുണ്ടായിട്ടുണ്ട്. അതില്‍നിന്നാണ് ജനാധിപത്യം ശക്തി സംഭരിക്കേണ്ടത്. ഇന്ത്യന്‍ ഫാഷിസത്തെ പഠിക്കാന്‍ ആത്മാര്‍ത്ഥമായി വായിച്ചിരിക്കേണ്ട പുസ്തകങ്ങളാണ് ബഞ്ച് ഓഫ് തോട്‌സ്(1966) അഥവാ വിചാരധാര, വി ഓര്‍ ഒവര്‍ നാഷന്‍ഡ് ഡിഫൈന്‍ഡ്(1939) എന്ന കൃതിയും. വിചാരധാരയില്‍ പറയുന്നത് പ്രധാനമായും രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കള്‍ കമ്യൂണിസ്റ്റുകാരും മുസ്‌ലിംകളും ക്രിസ്ത്യാനികളുമാണെന്നാണ്. അതിനു താഴെ നെഹ്‌റുവിസ്റ്റുകള്‍, ഫെഡറലിസ്റ്റുകള്‍, സമാധാനവാദികള്‍ ഇവരെയും എണ്ണുന്നു. രാജ്യത്തിലെ പൗരന്മാരെ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിക്കുന്ന സൈദ്ധാന്തിക ഗ്രന്ഥം തന്നെ രാജ്യദ്രോഹപരമാണ്. പക്ഷേ അത്തരമൊരു സംവാദം ഇവിടെ ഉയര്‍ന്നുവരുന്നില്ല. അതിലൊരിടത്ത് പറയുന്നത് വലിയൊരു യുദ്ധമാണ് നമുക്കുവേണ്ടത് എന്നാണ്. പാക്കിസ്ഥാന് നമ്മുടെ ശത്രുവാകാനുള്ള സ്ഥാനമില്ല. വലിയ രാജ്യങ്ങളുമായാണ് നാം യുദ്ധം ചെയ്യേണ്ടത് എന്ന ക്ലാസിക്കല്‍ ഫാഷിസത്തിന്റെ മുദ്രാവാക്യത്തെയാണ് അത് ഏറ്റുപിടിക്കുന്നത്. രക്തം കൊണ്ട് ചിന്തിക്കുക എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. ജര്‍മനിയിലെ ബെര്‍ലിന്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികളെ കൊണ്ടടക്കം പറയിപ്പിച്ച ഞങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ മുഖത്ത് തുപ്പുന്നു എന്നതാണ് മറ്റൊരു മുദ്രാവാക്യം. ഇന്ന് വിദ്യാര്‍ത്ഥി സമൂഹം ഇവക്കെതിരെ പ്രതിരോധിക്കുന്നുണ്ടെങ്കിലും പൊതുസമൂഹത്തിന്റെ പിന്തുണ അവര്‍ക്ക് അത്യാവശ്യമാണ്. ഡല്‍ഹിയിലെ പല വിദ്യാര്‍ത്ഥികള്‍ക്കും പ്രബന്ധമത്സരത്തിന് നല്‍കിയ വിഷയം സംവരണം പരമാബദ്ധം എന്നതായിരുന്നുവത്രെ. സ്വകാര്യമേഖലയിലും സംവരണം ആവശ്യമാണെന്ന് ജനാധിപത്യം വാദിക്കുന്ന സമയത്താണ് അവരിത് പറയുന്നത്. കാരണം ഫാഷിസം ഒരു വികാര ഭീകരതയാണ്. സംവാദത്തിനോ ചര്‍ച്ചക്കോ ഇവിടെ ഇടമില്ല.

1980കള്‍ മുതല്‍ പാഠപുസ്തകത്തില്‍ നടന്ന വര്‍ഗീയ തിരുത്തലുകളാണ് 2002ലെ വംശഹത്യയുടെ ഒരു കാരണമെന്ന് റോമില ഥാപര്‍ നിരീക്ഷിക്കുന്നുണ്ട്. ഉംബര്‍ട്ടോ എക്കോ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ഇറ്റലിയില്‍ പ്രസംഗ മത്സരത്തിന് കിട്ടിയ വിഷയം മുസോളിനിയുടെ മഹത്വത്തിനും ഇറ്റാലിയന്‍ ദേശീയതയുടെ അനശ്വരതക്കും വേണ്ടി നിങ്ങള്‍ മരിക്കാന്‍ തയാറുണ്ടോ എന്നതായിരുന്നുവത്രെ. ഇതുപോലെ തന്നെയാണ് സംവരണത്തിന്റെ പരമാബദ്ധത്തെക്കുറിച്ച് എഴുതാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്നതും. ഇന്ന് നാം കളിയാക്കിപ്പറയുന്ന ഓരോ പ്രയോഗവും അധസ്ഥിത വര്‍ഗത്തിന് താങ്ങാന്‍ കഴിയാത്തതാണ്. അത്തരം വാക്കുകള്‍ പിന്നോക്ക വിഭാഗക്കാര്‍ക്ക് ചങ്കുതുളക്കുന്ന വെടിയുണ്ടകളായിത്തീരുന്ന അവസ്ഥാവിശേഷത്തിലാണ് നാമുള്ളത്.

ജനാധിപത്യ- മതനിരപേക്ഷ- മാനവിക മൂല്യങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ടാണ് ഇതിനെ നേരിടേണ്ടത്. അതിനുവേണ്ടി വിപുലമായ ജനകീയ കൂട്ടായ്മകള്‍ ഉയര്‍ന്നുവരണം. വ്യത്യസ്ത സംഘടനകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ സ്‌നേഹ സംവാദങ്ങളായും ഫാഷിസ്സ് വിരുദ്ധ ഐക്യം സമരോത്സുക മുന്നണിയായും മാറണം. അത്തരം ഐക്യങ്ങള്‍ക്ക് നിരവധി ഉദാഹരണങ്ങളുണ്ട്. ട്രംപ് അധികാരത്തില്‍ വന്നതിനുശേഷം മുസ്‌ലിംകള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് എത്രയോ അമുസ്‌ലിംകള്‍ തെരുവിലിറങ്ങി. ഫോറം ഓഫ് എത്ത്‌നിക് അണ്ടര്‍സ്റ്റാന്റിംഗ് എന്ന ഈ സംഘടന മതഭേദമന്യേ മുസ്‌ലിംകള്‍ക്ക് പിന്തുണ നല്‍കി. അത്തരമൊരു പശ്ചാതലത്തില്‍ തൊപ്പിയും മഫ്തയും ഇന്ത്യന്‍ പശ്ചാതലത്തില്‍ സമരപ്രതീകങ്ങളായി മാറും. അതിന്റെ മതാത്മകതയെക്കുറിച്ചുള്ള സംവാദം സ്‌നേഹസംവാദമായും ഫാഷിസ്റ്റ് പ്രതിരോധം സമരോന്മുഖമായും മാറണം. അല്ലെങ്കില്‍ ഇന്ത്യന്‍ ഫാഷിസം വളര്‍ന്നുകൊണ്ടിരിക്കും. ബീഹാറില്‍ ഫാഷിസത്തെ തോല്‍പ്പിക്കാന്‍ കഴിഞ്ഞതിനും യു പിയില്‍ കഴിയാത്തതിനും പിന്നില്‍ ഈയൊരു തത്വമാണ് പ്രവര്‍ത്തിച്ചത്. ഇവിടുത്തെ ഭൂരിപക്ഷം ജനതയും ജാതിമേല്‍ക്കോയ്മക്കുള്ള വെല്ലുവിളിയാണ്. ഒരു കാലത്ത് അവക്കുമുമ്പില്‍ മുട്ടുകുത്തി നിന്നവരാണ് ഇപ്പോള്‍ മുഷ്ടിചുരുട്ടി നില്‍ക്കുന്നത്. ഒരു വാക്കായാലും വരയായാലും പ്രവൃത്തിയായാലും ഓരോ വ്യക്തിയും ചെയ്യേണ്ടത് അയാള്‍ ചെയ്തിരിക്കണം. അപ്പോള്‍ അധികാരത്തിന്റെ എല്ലാ കോട്ടകൊത്തളങ്ങളും ഇടിഞ്ഞുവീഴുന്നത് വിമോചന ശക്തികള്‍ക്ക് കാണാം.

കെ ഇ എന്‍