പാദരക്ഷ രൂപകല്‍പ്പനയില്‍ ബി.എസ്‌സി., എം.എസ്‌സി.

പാദരക്ഷ രൂപകല്‍പ്പനയില്‍ ബി.എസ്‌സി., എം.എസ്‌സി.

ഫുട്‌വെയര്‍, ലെതര്‍ വ്യവസായ മേഖലയില്‍ മികവുറ്റ പ്രഫഷണലുകളെ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴില്‍ നോയിഡ ആസ്ഥാനമായി ആരംഭിച്ച സ്ഥാപനമാണ് ഫുട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്. 1986ല്‍ ആരംഭിച്ച ഇന്‍സ്റ്റിറ്റ്യൂട്ടിന് ഫര്‍സ്തഗഞ്ച് (ലക്‌നൗ), ചെന്നൈ, കൊല്‍ക്കത്ത, ചിന്ദ്‌വാര, റോത്തക്, ജോധ്പൂര്‍, ഗുണ, അങ്കലേശ്വര്‍, ചണ്ഡിഗഡ്, ഹൈദരാബാദ്, പാറ്റ്‌ന എന്നിവിടങ്ങളില്‍ കാമ്പസുകളുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ബി.എസ്‌സി, എം.എസ്‌സി കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

ജൂണ്‍ 9,10,11 തീയതികളില്‍ നടത്തുന്ന ഓള്‍ ഇന്ത്യ സെലക്ഷന്‍ ടെസ്റ്റിന്റെ (എ.ഐ.എസ്.ടി.) പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. ജൂണ്‍ 30ന് ഫലം പ്രഖ്യാപിക്കും. അഖിലേന്ത്യാ പ്രവേശന പരീക്ഷകളില്‍ മികച്ച സ്‌കോര്‍ നേടിയവര്‍ എ.ഐ.എസ്.ടി. എഴുതേണ്ടതില്ല.
ബി.എസ്‌സി കോഴ്‌സുകള്‍: ഫുട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് പ്രൊഡക്ഷന്‍, റീട്ടെയില്‍ ആന്‍ഡ് ഫാഷന്‍ മെര്‍ക്കന്‍ഡൈസ്, ഫാഷന്‍ ലെതര്‍ അക്‌സസറി ഡിസൈന്‍. മൂന്നു വര്‍ഷമാണു കോഴ്‌സുകളുടെ കാലാവധി.

എം.എസ്‌സി. കോഴ്‌സുകള്‍: ഫുട് വെയര്‍ ഡിസൈന്‍ ആന്‍ഡ് പ്രൊഡക്ഷന്‍, റീട്ടെയെില്‍ ആന്‍ഡ് ഫാഷന്‍ മെര്‍ക്കന്‍ഡൈസ്, ക്രിയേറ്റീവ് ഡിസൈന്‍. രണ്ടു വര്‍ഷമാണു കോഴ്‌സുകളുടെ കാലാവധി. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റാണു നല്‍കുന്നത്.

20,000 രൂപയാണ് ഒരു വര്‍ഷത്തെ ട്യൂഷന്‍ ഫീസ്. ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് 570 സീറ്റുകളും ബിരുദ കോഴ്‌സുകള്‍ക്ക് 1860 സീറ്റുകളുമാണുള്ളത്.

ബിരുദ കോഴ്‌സുകള്‍ക്ക് പ്ലസ്ടു പാസായവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. പ്രായം 2017 ജൂലൈ 31ന് 25 വയസ് കവിയരുത്. ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് ബിരുദധാരികള്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല.

കേരളത്തില്‍ കൊച്ചി മാത്രമാണു പരീക്ഷാ കേന്ദ്രം. 500 രൂപയാണ് അപേക്ഷാ ഫീസ്. രണ്ടര മണിക്കൂറാണു പ്രവേശന പരീക്ഷ. ബിരുദാനന്തര ബിരുദ കോഴ്‌സിന് ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് ആന്‍ഡ് റീസണിംഗ്, ഇംഗ്ലീഷ്, ജനറല്‍ അവയര്‍നസ്, ബിസിനസ് ആപ്റ്റിറ്റിയൂഡ് എന്നീ വിഭാഗങ്ങളായി 150 മാര്‍ക്കിന്റെ ചോദ്യങ്ങളാണു പ്രവേശന പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിരുദ കോഴ്‌സിനു മാത്തമാറ്റിക്‌സ്, ജനറല്‍ സയന്‍സ്, ഇംഗ്ലീഷ്, ജനറല്‍ അവേര്‍നസ് വിഭാഗങ്ങളിലായി 150 ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. വെബ്‌സൈറ്റ്:www.fddiindia.com

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: മേയ് 22.

ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എജ്യുക്കേഷന്‍ (അറബിക്, ഉറുദു) കോഴ്‌സിന് അപേക്ഷിക്കാം
ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എജ്യുക്കേഷന്‍ (അറബിക്, ഉറുദു) കോഴ്‌സ് പൊതുക്വാട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓറിയന്റല്‍ ടൈറ്റില്‍ പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കെ.പി.എസ്.സി. സംവരണ റൊട്ടേഷന് വിധേയമായിരിക്കും തിരഞ്ഞെടുപ്പ്. ആകെ സീറ്റില്‍ പകുതി സീറ്റ് വകുപ്പുതല ക്വാട്ടയാണ്. സര്‍ക്കാര്‍ മേഖലയിലെ അറബിക് 80, ഉറുദു 50 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടു ശതമാനം സീറ്റ് വികലാംഗര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. യോഗ്യത: എസ്.എസ്.എല്‍.സി. പരീക്ഷ ജയിച്ചിരിക്കണം. അറബിക്, ഉറുദു എന്നിവയിലേക്കുള്ള അപേക്ഷകള്‍ക്ക് കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ നല്‍കി അംഗീകരിച്ചു ടൈറ്റില്‍ ഇന്‍ ഓറിയന്റല്‍ ലേണിങ് അഥവാ അഫ്‌സല്‍ ഉല്‍ ഉലമ സര്‍ട്ടിഫിക്കറ്റോ, ബി.എ. അറബിക്/എം.എ. അറബിക് സര്‍ട്ടിഫിക്കറ്റോ ഉറുദുവിന് ആദിബ് ഐ ഫാസില്‍ സര്‍ട്ടിഫിക്കറ്റോ ബി.എ. ഉറുദു/എം.എ. ഉറുദു സര്‍ട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം. (യോഗ്യതാ പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഒ.ബി.സി. വിഭാഗക്കാര്‍ 45 ശതമാനം മാര്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ യോഗ്യത പരീക്ഷ വിജയിക്കുകയും ചെയ്താല്‍ മതി). പ്രായം 17നും 35 നും ഇടയില്‍. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷവും മറ്റു പിന്നാക്ക സമുദായക്കാര്‍ക്ക് മൂന്നു വര്‍ഷവും ഇളവ് ലഭിക്കും. അംഗീകാരമുള്ള ടീച്ചിംഗ് സര്‍വീസ്, മിലിട്ടറി സര്‍വീസ് എന്നിവയും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതിന് പരിഗണിക്കും. ഇതിന് വിമുക്ത ഭടന്‍മാര്‍ അതത് പ്രദേശത്തെ തഹസില്‍ദാരില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഏപ്രില്‍ 27.

കാലിക്കറ്റില്‍ എം.ബി.എ. പ്രവേശനം: അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാല കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് പഠനവകുപ്പ്, സര്‍വകലാശാലാ സ്വാശ്രയ കേന്ദ്രങ്ങള്‍ (ഫുള്‍ടൈം/പാര്‍ട്ട്‌ടൈം), സ്വാശ്രയ കോളജുകള്‍ എന്നിവയില്‍ എം.ബി.എ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍വകലാശാലാ ഫണ്ടിലേക്ക് 500 രൂപ ഇ-പെയ്‌മെന്റായി (എസ്.സി./എസ്.ടി. 167 രൂപ) അടച്ച് ഏപ്രില്‍ 29ന് വൈകുന്നേരം അഞ്ചിനകം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം.

സ്വാശ്രയ കോളജുകളിലെ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനമാഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. യോഗ്യത: കാലിക്കറ്റ് സര്‍വകലാശാലയുടെ അല്ലെങ്കില്‍ എ.ഐ.സി.ടി.ഇ./യു.ജി.സി. അംഗീകരിച്ച മറ്റേതെങ്കിലും സര്‍വകലാശാലയുടെ/സ്ഥാപനത്തിന്റെ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത അംഗീകൃത ബിരുദം. ബിരുദ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. മാര്‍ക്ക് ലിസ്റ്റിന്റെ ഒറിജിനല്‍ ഒക്‌ടോബര്‍ മൂന്നിനകം സമര്‍പ്പിക്കണം. മറ്റ് സര്‍വകലാശാലാ ബിരുദധാരികള്‍ റഗുലര്‍ സ്‌കീമില്‍ പഠനം പൂര്‍ത്തീകരിച്ചവരായിരിക്കണം. അപേക്ഷകര്‍ കെ-മാറ്റ് കേരള, സിമാറ്റ്, ക്യാറ്റ് യോഗ്യത നേടിയിരിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍ (എസ്.സി./എസ്.ടി. വിഭാഗം കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്) എന്നിവ സഹിതം 29ന് വൈകുന്നേരം അഞ്ചിനകം ദി ഹെഡ്, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് കോമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., മലപ്പുറം-673635 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494-2400297, 2407016.

സംസ്‌കൃത സര്‍വകലാശാലയില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
സംസ്‌കൃത സര്‍വകലാശാല 2017-18 വര്‍ഷത്തെ എംഎ, എംഎസ്‌സി, എം.എസ്.ഡബ്ല്യു., എം.പി.എഡ്, എം.എഫ്.എ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലടി മുഖ്യകേന്ദ്രത്തിലും പ്രാദേശിക കേന്ദ്രങ്ങളിലും നടത്തുന്ന വിവിധ കോഴ്‌സുകളിലേക്കാണ് പ്രവേശനം. മെയ്മാസത്തില്‍ നടത്തുന്ന പ്രവേശനപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് എംഎ, എംഎസ്‌സി., എം.എസ്.ഡബ്ല്യു കോഴ്‌സുകളിലേക്ക് പ്രവേശനം.

കാലടി മുഖ്യ കേന്ദ്രം: എം.എ. മലയാളം, ഇംഗ്ലീഷ്, ഹിസ്റ്ററി, ഫിലോസഫി, കംപാരറ്റീവ് ലിറ്ററേച്ചര്‍ ആന്‍ഡ് ലിംഗ്വിസ്റ്റിക്‌സ്, സംസ്‌കൃത സാഹിത്യം, സംസ്‌കൃത വേദാന്തം, സംസ്‌കരണ വ്യാകരണം, സംസ്‌കൃത ന്യായം, സംസ്‌കൃതം ജനറല്‍, വേദിക് സ്റ്റഡീസ്, സോഷ്യോളജി, എംഎസ്‌സി. സൈക്കോളജി, ജ്യോഗ്രഫി, എം.എസ്.ഡബ്ല്യു, എം.പി.എഡ്, എം.എഫ്.എ വിഷ്വല്‍ആര്‍ട്‌സ്.

തിരുവനന്തപുരം പ്രാദേശിക കേന്ദ്രം: എം.എ. മലയാളം, ഹിന്ദി, ഇംഗ്‌ളീഷ്, ഹിസ്റ്ററി, സംസ്‌കൃത സാഹിത്യം, സംസ്‌കൃത വേദാന്തം, സംസ്‌കൃത വ്യാകരണം, സംസ്‌കൃത ന്യായം.
പന്മന പ്രദേശിക കേന്ദ്രം: എം.എ. മലയാളം, ഹിന്ദി, സംസ്‌കൃത വേദാന്തം.
ഏറ്റുമാനൂര്‍ പ്രാദേശിക കേന്ദ്രം: എം.എ മലയാളം, ഹിന്ദി, സംസ്‌കൃത സാഹിത്യം.
തുറവൂര്‍ പ്രാദേശിക കേന്ദ്രം: എം.എ. മലയാളം, സംസ്‌കൃത സാഹിത്യം, ഹിസ്റ്ററി, എം.എസ്.ഡബ്ല്യു.

തൃശൂര്‍ പ്രാദേശിക കേന്ദ്രം: എം.എ. മലയാളം, ഹിന്ദി, സംസ്‌കൃത സാഹിത്യം, സംസ്‌കൃത ന്യായം.
തിരൂര്‍ പ്രാദേശിക കേന്ദ്രം: എം.എ. മലയാളം, ഹിന്ദി, ഹിസ്റ്ററി, ഇംഗ്‌ളീഷ്, അറബിക്, സംസ്‌കൃത സാഹിത്യം, സംസ്‌കൃത വ്യാകരണം, എം.എസ്.ഡബ്ല്യു.

കൊയിലാണ്ടി പ്രാദേശിക കേന്ദ്രം: എം.എ ഉറുദു, സംസ്‌കൃത സാഹിത്യം, സംസ്‌കൃത വേദാന്തം, മലയാളം, ഹിന്ദി, സംസ്‌കൃതം ജനറല്‍.

പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രം: എം.എ മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സംസ്‌കൃത സാഹിത്യം, സംസ്‌കൃത വ്യാകരണം, സംസ്‌കൃതം വേദാന്തം, എം.എസ്.ഡബ്ല്യു.
അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അവര്‍ 2017 ആഗസ്ത് 31നുമുമ്പ് പ്രൊവിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

www.ssusonlineorg വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ഏപ്രില്‍ 28നുമുമ്പ് അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൌട്ടും യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം മെയ് രണ്ടിനകം അതാത് വകുപ്പുമേധാവികള്‍/കോഴ്‌സുകള്‍ നടത്തുന്ന പ്രദേശിക കേന്ദ്രങ്ങളുടെ ഡയറക്ടര്‍മാര്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കണം. ഓരോ കോഴ്‌സിന്റെയും അപേക്ഷാഫീസുള്‍പ്പടെയുള്ള കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്.

രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാസ്റ്റേഴ്‌സ് പ്രോഗ്രാം
തമിഴ്‌നാട്ടിലെ ശ്രീപെരുംപുതൂരിലുള്ള രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്‌മെന്റ് യുവജന വികസനവുമായി ബന്ധപ്പെട്ട വിവിധ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര യുവജന മന്ത്രാലയത്തിനു കീഴിലുള്ള ഈ സ്ഥാപനം യൂത്ത് ഡവലപ്‌മെന്റ് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്.

എം.എസ്‌സി. കൗണ്‍സലിംഗ് സൈക്കോളജി, എം.എ ഡവലപ്‌മെന്റ് പോളിസി ആന്‍ഡ് പ്രാക്ടീസ്, എം.എ. സോഷ്യല്‍ ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്, എം.എ ലോക്കല്‍ ഗവേണന്‍സ് ആന്‍ഡ് ഡവലപ്‌മെന്റ്, എം.എ ജെന്‍ഡര്‍ സ്റ്റഡീസ്, എം.എ സോഷ്യല്‍ വര്‍ക്ക് (യൂത്ത് ആന്‍ഡ് കമ്യൂണിറ്റി ഡവലപ്‌മെന്റ്) എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30.

ഏതെങ്കിലും വിഷയത്തില്‍ 45 ശതമാനം മാര്‍ക്കോടെ ബിരുദമാണു യോഗ്യത. എം.എസ്‌സി. കൗണ്‍സലിംഗ് സൈക്കോളജിക്ക് ബിരുദതലത്തില്‍ സൈക്കോളജിയുമായി ബന്ധപ്പെട്ട രണ്ടു വിഷയങ്ങളെങ്കിലും പഠിച്ചിരിക്കണം.

യോഗ്യതാ പരീക്ഷയിലെ മാര്‍ക്കിന്റെയും ഇന്റര്‍വ്യുവിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. ഒരു സെമസ്റ്ററിന് 3000 രൂപയാണ് ട്യൂഷന്‍ ഫീസ്.

വിലാസം: ഡയറക്ടര്‍, രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്‌മെന്റ്, ശ്രീപെരുംപുതൂര്‍-602105. വെബ്‌സൈറ്റ്:www.rgniyd.gov.in

ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ പ്രവേശനം ഇപ്പോള്‍
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ 2017-18 അധ്യയന വര്‍ഷത്തിലെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും വിശദവിവരങ്ങള്‍ അടങ്ങിയ പ്രോസ്‌പെക്ടസും അതത് ടി.എച്ച്.എസുകളില്‍ നിന്ന് ലഭിക്കും. അപേക്ഷകള്‍ മെയ് മൂന്ന് വൈകിട്ട് നാല് വരെ സമര്‍പ്പിക്കാം. പൊതുപ്രവേശന പരീക്ഷ മെയ് അഞ്ച് രാവിലെ 10 മുതല്‍ 11.30വരെ നടക്കും.
റസല്‍