വെമുലാനന്തര കാമ്പസ് ഏതു പക്ഷത്താണ്?

വെമുലാനന്തര കാമ്പസ് ഏതു പക്ഷത്താണ്?

‘സാംസ്‌കാരിക സങ്കുചിതത്വവും, വര്‍ഗീയ രാഷ്ട്രീയവും
തമ്മിലുള്ള കെട്ടിപ്പുണരലിനെതിരെ പോരാടുക.
കീഴാള ദ്രവീഡിയന്‍ ചരിത്രം പ്രചരിപ്പിക്കുക.
സ്വാതന്ത്ര്യത്തെ കുറിച്ചുള്ള വീമ്പുപറച്ചിലിനു
നടുവിലുള്ള റാഡിക്കല്‍ റിയലിസത്തിനു നേരെ
ശക്തിയുക്തം ശബ്ദമുയര്‍ത്തുക. മാര്‍ക്‌സിസത്താല്‍
രൂപം കൊണ്ട എന്റെ അടിസ്ഥാന ലോക വീക്ഷണം
വെച്ച് ബാബാ സാഹെബ് പ്രചോദിപ്പിച്ച സമൂഹത്തിനു
വേണ്ടി ഞാന്‍ സ്വപ്‌നം കാണുകയും
പ്രവര്‍ത്തിക്കുകയും ചെയ്യുന്നു’

(ഒക്ടോബര്‍ 10, 2015ല്‍ രോഹിത് വെമുല എഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റ്)
ഇന്ത്യയിലെ ഏറ്റവും മികച്ച അക്കാദമിക് നിലവാരം പുലര്‍ത്തുന്ന ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിനായി ആന്ധ്രയിലെ ഗുണ്ടൂരിലെ ഒരു ഉള്‍നാട്ടില്‍ നിന്നെത്തിയ രോഹിത് വെമുല എന്ന ദളിത് ചെറുപ്പക്കാരന്‍ തന്റെ ഫെയ്‌സ്ബുക്ക് ചുമരില്‍ ഈ സ്വപ്‌നം കുറിച്ചിട്ടു കൃത്യം മൂന്നുമാസത്തിനകം ആത്മഹത്യ ചെയ്തു.

കൃത്യമായരാഷ്ട്രീയ ബോധവും, ലക്ഷ്യവും, സ്വപ്‌നങ്ങളും ഉണ്ടായിരുന്ന രോഹിത്തിന് പക്ഷേ ബാബാ സാഹെബ് അംബേദ്ക്കര്‍ സ്വപ്‌നം കണ്ട ജാതി രഹിത സമൂഹത്തിനു വേണ്ടി സ്വന്തം ജീവിതം ബലികൊടുക്കേണ്ടി വന്ന രാഷ്ട്രീയ സാഹചര്യം എന്തായിരുന്നു? ജീവന്‍ കൊടുത്ത് രോഹിത്തുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ക്ക് ഇപ്പോള്‍ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? ആഴത്തിലുള്ള മനുഷ്യസ്‌നേഹവും സാമൂഹികബോധവും കാത്തു സൂക്ഷിക്കുന്ന, രാജ്യത്തെ രാഷ്ട്രീയ, സാമൂഹിക പ്രശ്‌നങ്ങളോട് യൗവ്വനത്തിന്റെ തീക്ഷ്ണമായ ഭാഷയില്‍ പ്രതികരിച്ചു കൊണ്ടിരുന്ന നമ്മുടെ കലാലയങ്ങളില്‍ നിന്ന് ഇപ്പോള്‍ ഉയരുന്ന വാര്‍ത്തകള്‍ എന്താണ്? ഈ ചോദ്യങ്ങള്‍ക്കുള്ള എല്ലാ അന്വേഷണങ്ങളും ചെന്നെത്തുന്നത് ബ്രാഹ്മണിക്കല്‍ മൂല്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ഹൈന്ദവ ഫാഷിസ്റ്റ് ശക്തികളുടെ വിദ്യാഭ്യാസ രംഗത്തേക്കുള്ള കടന്നു കയറ്റത്തിന്റെ വര്‍ത്തമാനത്തിലേക്കാണ് .

പുരോഗമന ഇടതുപക്ഷ ആശയങ്ങളും അംബേദ്ക്കര്‍ ഉയര്‍ത്തിയ ജാതി വിരുദ്ധ രാഷ്ട്രീയവുമെല്ലാം സജീവമായ ഇടപെടലുകള്‍ നടത്തിയിരുന്ന ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ ഏറ്റവും ശക്തമായി രാഷ്ട്രീയം സംസാരിക്കുന്ന ദളിത് രാഷ്ട്രീയത്തിനു മേല്‍കൈയുള്ള കാമ്പസായിരുന്നു ഹൈദരാബാദ് സര്‍വ്വകലാശാലയിലേത്. അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനും , ദളിത് സ്റ്റുഡന്റ്‌സ് യൂണിയനും, എസ് എഫ്‌ഐയുമെല്ലാം ശക്തമായ സാന്നിധ്യമായിരുന്ന കാമ്പസില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ നടക്കുന്ന എല്ലാത്തരം ആക്രമണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും എതിരെയുള്ള ശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധ പരിപാടികളും സംവാദങ്ങളും സജീവമായി സംഘടിപ്പിക്കപ്പെട്ടിരുന്നു. കാമ്പസിനകത്തു നിലനിന്നിരുന്ന, പ്രത്യേകിച്ചും അക്കാദമിക രംഗത്തുള്ള ജാതി വിവേചനത്തെ ശക്തമായി നേരിട്ടു കൊണ്ടാണ് എ എസ് എ പോലുള്ള സംഘടനകള്‍ കാമ്പസില്‍ വേരുറപ്പിച്ചത്. എന്നാല്‍ നരേന്ദ്ര മോഡി അധികാരത്തിലേറിയതിനു ശേഷം ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ പൂര്‍ണ്ണമായും നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കാമ്പസുകളില്‍ സ്വതന്ത്രമായി നടന്നിരുന്ന ഇത്തരം പ്രതിഷേധ പരിപാടികളെ തടയാനുള്ള ശ്രമം സര്‍വ്വകലാശാല അധികൃതരില്‍ നിന്നുണ്ടായി.

മുസാഫര്‍ നഗറില്‍ അമിത്ഷായുടെ നേതൃത്വത്തില്‍ അരങ്ങേറിയ വര്‍ഗീയ കലാപത്തെ വോട്ടാക്കി മാറ്റിയ ബി ജെ പിയുടെ രാഷ്ട്രീയ കുതന്ത്രങ്ങളെ തുറന്നു കാട്ടിയ ‘മുസാഫര്‍ നഗര്‍ ബാക്കി ഹെ’ എന്ന ഡോക്യുമെന്ററി കാമ്പസില്‍ എ എസ് എയുടെ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഇതിനു രോഹിത് വെമുലയടക്കമുള്ള ദളിത് വിദ്യാര്‍ത്ഥി നേതാക്കളായിരുന്നു നേതൃത്വം കൊടുത്തത്. ഇതിനെതിരെ എ ബി വി പി നേതാവ് സുശീല്‍ കുമാര്‍ ഫെയ്‌സ്ബുക്കില്‍ വളരെ മോശമായി എ എസ് എക്കാരെ അധിക്ഷേപിച്ചു പോസ്റ്റിട്ടതിനെ ചോദ്യം ചെയ്തതിനാണ് , സുശീല്‍ കുമാര്‍, തന്നെ എ എസ് എ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചെന്ന കള്ളക്കേസുണ്ടാക്കി രോഹിതടക്കമുള്ള 5 ദളിത് വിദ്യാര്‍ത്ഥി നേതാക്കളെ സര്‍വ്വകലാശാലയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യിച്ചത്. ബി ജെ പി എം പി ബംഗാരുദത്താത്രേയുടെയും വെങ്കയ്യ നായിഡുവിന്റെയും ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ഈ ദളിത് വിദ്യാര്‍ത്ഥികളുടെ ഫെലോഷിപ്പ് തടഞ്ഞുവെച്ചു. ഹോസ്റ്റലില്‍ നിന്നും, കാമ്പസില്‍ നിന്നും അവര്‍ പുറന്തള്ളപ്പെട്ടു. ഇതിനെ തുടര്‍ന്ന് രോഹിത്തും സുഹൃത്തുക്കളും കാമ്പസിനകത്തുള്ള ഷോപ്‌കോമില്‍ ‘വെള്ളിവാട'(ദളിത് ഗെറ്റോ) എന്ന താത്കാലിക ടെന്റ് നിര്‍മിച്ച് അവിടെ സമരം തുടങ്ങി. ഈ സമരത്തിന്റെ ഒരു ഘട്ടത്തിലാണ് ‘തങ്ങളിലാരെങ്കിലും രക്തസാക്ഷിയായില്ലെങ്കില്‍ ഈ സമരം മുന്നോട്ടുപോവില്ല എന്നും, ദളിതരായ തങ്ങള്‍ക്ക് നീതി കിട്ടില്ല’ എന്നും സുഹൃത്തുക്കളോട് കളിയായി പറഞ്ഞ് 2016 ജനുവരി 17ന് സുഹൃത്തിന്റെ ഹോസ്റ്റല്‍ മുറിയില്‍ ‘എന്റെ ജന്മം തന്നെ വലിയ ദുരന്തമാണ് ‘ എന്നെഴുതി വെച്ച് രോഹിത് ആത്മഹത്യ ചെയ്തത്. ആത്മബോധമുള്ള മനുഷ്യനായി ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ കാമ്പസുകളിലോ, സമൂഹത്തിലോ ജീവിക്കണമെങ്കില്‍ തങ്ങളുടെ ജീവന്‍ കൊടുത്തേ സാധിക്കൂകയുള്ളൂ എന്ന ആ ദളിത് പോരാളിയുടെ ഉള്‍കാഴ്ച ശരിവെക്കും വിധമായിരുന്നു തുടര്‍ന്നിങ്ങോട്ടു നടന്ന കാര്യങ്ങള്‍.

രോഹിത് വെമുലയുടെ മരണത്തിന് ശേഷം നാം കണ്ടത് ഹൈന്ദവ ഫാഷിസ്റ്റ് ശക്തികള്‍ അധികാര രാഷ്ട്രീയം ഉപയോഗിച്ചു നടത്തിയ ഏറ്റവും നികൃഷ്ടമായ ഇടപെടലുകളാണ്. രോഹിത് ദളിതല്ല എന്നു തെളിയിക്കാനുള്ള പെടാപാടും അവര്‍ നടത്തി. ഇന്ത്യയിലെ കാമ്പസുകളിലെ ദേശ വിരുദ്ധ ശക്തികളുടെ കൈകളിലെ പാവകളായിരുന്നു രോഹിത്തടക്കമുള്ള ദളിത് വിദ്യാര്‍ത്ഥികളെന്നും, അവര്‍ ദേശ ദ്രോഹികളാണെന്നും ആക്ഷേപമുന്നയിച്ചു.. രോഹിത്തിന്റെ മരണത്തിനുത്തരവാദിയായ എല്ലാതരത്തിലും ഹൈന്ദവശക്തികളെ പിന്തുണക്കുന്ന സവര്‍ണനായ വൈസ് ചാന്‍സിലര്‍ അപ്പറാവുവിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങളും ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടായി.

രോഹിത്ത് വെമുലയുടെ മരണം രാജ്യത്തിനകത്തും പുറത്തും ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയാക്കി. നോംചോസ്‌കിയെ പോലുള്ള പ്രശസ്തരായ സൈദ്ധാന്തികര്‍ ഇന്ത്യയിലെ ജാതി വിവേചനത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. ദളിത് ജീവിതാനുഭവങ്ങളെ കുറിച്ച് വളരെ ശക്തമായ ചര്‍ച്ചകളുണ്ടായി. ഏറ്റവും പ്രാകൃതമായ വര്‍ണ്ണ വ്യവസ്ഥക്കെതിരെയുള്ള സംവാദങ്ങള്‍ കനപ്പെട്ടു. സവര്‍ണ മൂല്യങ്ങളെ പിന്തുണക്കുന്ന ഭരണ വര്‍ഗ പാര്‍ട്ടിയായ ബി ജെ പി യെയും ഹൈന്ദവ ഫാഷിസ്സ്റ്റ് ശക്തികളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി. ഈ സമൂര്‍ത്തമായ സാഹചര്യത്തിലാണ് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍, 2011ലെ പാര്‍ലമെന്റ് അക്രമണത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയുടെ പാശ്ചാത്തലത്തില്‍ ‘ജുഡീഷ്യല്‍ കൊല’ക്കെതിരെയുള്ള സംവാദം നടക്കുന്നത്. അ തിന്റെ പേരിലാണ് ഉമര്‍ ഖാലിദ്, കനയ്യകുമാര്‍, അനിര്‍ഭന്‍ ഭട്ടാചാര്യ തുടങ്ങിയ വിദ്യാര്‍ത്ഥികളെ ദേശദ്രോഹികള്‍ എന്നാരോപിച്ച് അറസ്റ്റ് ചെയ്തത്. ജനാധിപത്യ രീതിയില്‍ സംഘടിപ്പിച്ച ഒരു സംവാദ സ്ഥലത്ത് വിദ്യാര്‍ത്ഥികള്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്നും, കാശ്മീര്‍ സ്വയം ഭരണാവകാശ മുദ്രാവാക്യം വിളിച്ചെന്നും എ ബി വി പി ആരോപിക്കുകയും അതിനെ തുടര്‍ന്ന് കാമ്പസിനകത്ത് പോലീസ് അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുകയും നേതാക്കന്‍മാരെ അറസ്റ്റുചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് ആസൂത്രിതമായ ഒരു നീക്കമായിരുന്നു. കാരണം രോഹിത്തിന്റെ മരണത്തോടെ ഹൈന്ദവ ഫാഷിസ്റ്റ് ശക്തികളുടെ ദളിത് വിരുദ്ധതയും ന്യൂനപക്ഷ വിരുദ്ധതയും എല്ലാ മറയും നീക്കി പുറത്തു വന്ന സാഹചര്യത്തില്‍ അതിനെതിരെ ശക്തമായ വിദ്യാര്‍ത്ഥി, ബഹുജന പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന ഘട്ടമായിരുന്നു അത്. ‘ദേശീയത’ എന്ന വ്യാജ ബോധത്തിന്റെ ആയുധം ഉപയോഗിച്ച് ആ മുന്നേറ്റങ്ങളെ നേരിടാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ ശ്രമത്തിന്റെ ഭാഗമായിരുന്നു ജെ എന്‍ യു വിഷയം. യഥാര്‍ത്ഥത്തില്‍ ഇതിലൂടെ രാജ്യത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വരുതിയില്‍ കൊണ്ടുവരാനും, സ്വതന്ത്രമായ അക്കാദമിക് സംവാദങ്ങളെയും വിദ്യാര്‍ത്ഥി രാഷ്ട്രീയ ഇടപെടലുകളെയും നിയന്ത്രിക്കാനും മോഡി സര്‍ക്കാറിനു കഴിഞ്ഞു. ഭരണകൂടത്തിന്റെ നിലപാടുകളെ ശക്തമായി വിമര്‍ശിക്കാനും അനീതികളെ ചോദ്യം ചെയ്യാനുമുള്ള ഇടങ്ങളായിരുന്ന കലാലയങ്ങളെ സംഘപരിവാര്‍ ശക്തികള്‍ക്ക് തീറെഴുതിക്കൊടുക്കപ്പെട്ട കാഴ്ചകളാണ് പിന്നീട് കണ്ടത്.

കനയ്യ കുമാറിനെയും ഉമര്‍ ഖാലിദിനെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങുകയും വലിയ പ്രതിഫലനങ്ങള്‍ ഉണ്ടാവുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും ദുരാരോപണങ്ങള്‍ ശരി വെക്കുന്ന ഒരു തെളിവുപോലും ഹാജരാക്കാന്‍ ഭരണകൂടത്തിനു കഴിഞ്ഞിട്ടില്ല. വിദ്യാര്‍ത്ഥികളോടൊപ്പം നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ച അധ്യാപകരെയും ഭരണകൂടം ക്രൂശിച്ചു. ലോകപ്രശസ്ത എഴുത്തുകാരിയും അക്കാദമിക് പ്രവര്‍ത്തകയുമായ പ്രൊഫ. നിവേദിതാ മേനോനെതിരെ സര്‍വ്വകലാശാല തന്നെ രംഗത്തുവന്നു. കര്‍ശനമായ നിയന്ത്രണങ്ങളും നിയമങ്ങളും കൊണ്ടുവന്ന് ജെ എന്‍ യു കാമ്പസിനെ നിശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ക്കാണ് പിന്നീട് നാം സാക്ഷ്യം വഹിച്ചത്. ആര്‍ എസ് എസ്, എബി വി പി ഗുണ്ടകള്‍ കാമ്പസില്‍ നിന്നുയരുന്ന എല്ലാ എതിര്‍പ്പുകളെയും കായികമായി നേരിട്ടുകൊണ്ടിരിക്കുകയാണ്. നജീബ് എന്ന വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ കയറി അക്രമിക്കുകയും തുടര്‍ന്ന് അയാളെ കാണാതാവുകയും ചെയ്ത ഈ കേസില്‍ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ പൊതുസ്ഥലത്തു വെച്ചു നടക്കുന്ന പ്രകടനങ്ങളും പ്രതിഷേധങ്ങളുമെല്ലാം നിയന്ത്രിക്കുകയാണിപ്പോള്‍. കാമ്പസിന്റെ മുക്കിലും മൂലയിലും ക്യാമറകള്‍ സ്ഥാപിച്ച് വിദ്യാര്‍ത്ഥികളെ രഹസ്യ നിരീക്ഷണത്തില്‍ വെച്ചിരിക്കുകയാണ് സര്‍വവകലാശാല. രോഹിത് വെമുല പ്രക്ഷോഭത്തില്‍ നേതൃത്വം വഹിച്ച കാവ്യശ്രീ, മാനസി എന്നീ മലയാളികളായ എ എസ് എ നേതാക്കള്‍ക്ക് ഇഫ്‌ലു യൂണിവേഴ്‌സിറ്റിയില്‍ പി എച്ച് ഡി എന്‍ട്രന്‍സിനുള്ള അനുമതി നിഷേധിച്ചതും ദളിത് വിരുദ്ധ രാഷ്ട്രീയത്തിന്റെ ഇരുണ്ട അധ്യായമാണ്.
ഒരു വശത്ത് വി സിമാരെ വിലക്കെടുത്ത് സര്‍വ്വകലാശാലകളെ വരുതിയിലാക്കിയ ഫാഷിസ്റ്റ് ശക്തികള്‍ മറുവശത്ത് അക്കാദമിക് സിലബസ്സുകളില്‍ ഇടപെടാനുള്ള തീവ്രശ്രമങ്ങളും നടത്തുന്നുണ്ട്. ആര്‍ എസ് എസിന്റെ നേതൃത്വത്തില്‍ അന്‍പത്തൊന്ന് യൂണിവേഴ്‌സിറ്റികളിലെ വൈസ് ചാന്‍സലര്‍മാരെയും എഴുനൂറോളം അക്കാദമിക പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് ഇക്കഴിഞ്ഞ മാസം രണ്ട് ദിവസത്തെ വര്‍ക്ക് ഷോപ്പ് ‘ജ്യാന്‍ സംഗം’എന്ന പേരില്‍ നടത്തുകയുണ്ടായി. ഈ വര്‍ക്‌ഷോപ്പിലെ പ്രധാന നിര്‍ദേശം ‘നാഷണലിസ്റ്റ് നരേറ്റീവ്’ ഇന്ത്യന്‍ കാഴ്ചപ്പാടില്‍ ഉന്നത വിദ്യാഭ്യാസ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുക എന്നതായിരുന്നു. നിലവിലുള്ള പാഠ്യ പദ്ധതികളില്‍ ‘ഇന്ത്യന്‍ ദേശീയ ബോധം’ വളരെ കുറവാണെന്നും, കാമ്പസുകളില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ സംസ്‌കാരവും, സാംസ്‌കാരിക പരിപാടികളുടെ സ്വഭാവവും ദേശീയ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നും, അവയൊന്നും ഇന്ത്യന്‍ ‘സംസ്‌കാര’ത്തിനു ചേര്‍ന്നതല്ലെന്നും ഈ വര്‍ക്‌ഷോപ്പ് ചൂണ്ടിക്കാട്ടുന്നു. ഇതിനെ തുടര്‍ന്നുള്ള വളരെ കൃത്യമായ ആക്ഷന്‍ പ്ലാനോടെയാണ് സംഘപരിവാര്‍ ശക്തികള്‍ കാമ്പസുകളില്‍ ഇടപെടുന്നത് എന്നതിന്റെ തെളിവാണ് ഡല്‍ഹി യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള രാജാസ് കോളേജില്‍ സംഘടിപ്പിച്ച ‘കള്‍ച്ചര്‍ ഓഫ് പ്രൊട്ടസ്റ്റ്’ എന്ന സെമിനാര്‍ എ ബി വി പി തടസ്സപ്പെടുത്തിയതും സെമിനാറില്‍ പങ്കെടുക്കാനെത്തിയ ജെ എന്‍ യു വിദ്യാര്‍ത്ഥി നേതാക്കളായ ഉമര്‍ ഖാലിദ്, ഷെഹ്‌ലാ റാഷിദ് എന്നിവരെ പോലീസ് തടഞ്ഞതും. സ്വതന്ത്രമായ സംവാദങ്ങളും, ഹിന്ദുത്വ പ്രത്യയശാസ്ത്രങ്ങളെ ചോദ്യം ചെയ്യുന്ന പരിപാടികളും ഭരണകൂടത്തിന്റെ സഹായത്തോടെ തടയുകയും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നവരെ രാജ്യ ദ്രോഹികളെന്നും, തീവ്ര ഇടതുപക്ഷ മാവോയിസ്റ്റുകളെന്നും മുദ്രകുത്തി ഒറ്റപ്പെടുത്തുകയും ചെയ്യാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ജോദ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിവേദിതാ മേനോന്റെ പ്രസംഗം സംഘടിപ്പിച്ചതിന് അവിടുത്തെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. ഹരിയാന സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ മഹാശ്വേതാ ദേവിയുടെ ചെറുകഥയെ ആസ്പദമാക്കിയുള്ള നാടകം കളിച്ചതിന് അധ്യാപകര്‍ക്കെതിരെ ഷോക്കോസ് നോട്ടീസ് നല്‍കി. ജാര്‍ഖണ്ഡ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്തു. ഇങ്ങനെ എല്ലാ എതിര്‍ശബ്ദങ്ങളെയും ഇല്ലായ്മ ചെയ്യുവാനുള്ള ഫാഷിസ്റ്റു ശക്തികളുടെ ശ്രമങ്ങള്‍ ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയില്‍ അതിവേഗം നടന്നു കൊണ്ടിരിക്കുകയാണ്.

എന്നാല്‍ ഹൈന്ദവ സംഘപരിവാര്‍ ശക്തികള്‍ക്കെതിരായി രാജ്യത്തുടനീളം എല്ലാ പുരോഗമന, രാഷ്ട്രീയ, സാമൂഹിക, ശക്തികളും ഒന്നിച്ചു നില്‍ക്കേണ്ട നിര്‍ണായക സാഹചര്യത്തില്‍ രോഹിത് വെമുല ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ എത്രത്തോളം തീവ്രമായി ഏറ്റെടുക്കപ്പെട്ടു എന്നു പരിശോധിക്കപ്പെടേണ്ടതാണ്. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ രോഹിതിന്റെ മരണശേഷമുണ്ടായ തിരഞ്ഞെടുപ്പ് വളരെ പ്രാധാന്യം നിറഞ്ഞതായിരുന്നു. സവര്‍ണ ഫാസിസത്തിനെതിരെ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും പ്രത്യയ ശാസ്ത്ര ഭിന്നതകളും മാറ്റി വെച്ച് ഒന്നിച്ചു നില്‍ക്കേണ്ട പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ഈ തിരഞ്ഞെടുപ്പിനെ തങ്ങളുടെ സങ്കുചിത അധികാര നേട്ടങ്ങള്‍ക്കു വേണ്ടി ബലികഴിച്ചു എന്നുവേണം കരുതാന്‍. എ എസ് എ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചത് രോഹിതിനോടൊപ്പം ഭ്രഷ്ടനായ പി വിജയകുമാറിനെയായിരുന്നു. എന്നാല്‍ ഈ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണക്കാന്‍ എസ് എഫ് ഐ തയാറായില്ല എന്നു മാത്രമല്ല, ദളിത് സ്റ്റുഡന്റ്‌സ് യൂണിയന്‍, ട്രൈബല്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍(ഠടഎ)എന്നീ സംഘടനകളുമായി ചേര്‍ന്ന് ഇടത്, ദളിത്, ആദിവാസി സഖ്യം ഉണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിട്ടു. കേവലം യൂണിയന്റെ അധികാരം ഉറപ്പാക്കുക എന്ന സങ്കുചിതമായ ലക്ഷ്യത്തിലേക്കു എസ് എഫ് ഐ തരം താഴുകയും എ എസ് എ ഉള്‍പ്പെടുന്ന ഒരു മഹാ സഖ്യത്തിലൂടെ സവര്‍ണ്ണ ഫാഷിസ്റ്റ് ശക്തികള്‍ക്ക് കനത്ത താക്കീത് നല്‍കാനുള്ള അവസരം നഷ്ടപ്പെടുത്തുകയും ചെയ്തു. എ എസ് എ ആകട്ടെ ഒറ്റക്കു മത്സരിക്കുകയാണുണ്ടായത്. രോഹിത്തിന്റെ മരണശേഷം എ ബി വി പി ഒഴിച്ചുള്ള എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും അധ്യാപകരും ചേര്‍ന്ന് രൂപീകരിച്ച ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അതോടെ തകരുകയും കാമ്പസിനകത്തും പുറത്തുമായി നടക്കുന്ന പോരാട്ടങ്ങള്‍ ദുര്‍ബലപ്പെടുകയും ചെയ്തു. എ എസ് എയുടെ സ്വത്വവാദരാഷ്ട്രീയവും , എസ് ഐ ഒ എന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയുമായുള്ള കൈകോര്‍ക്കലും, കടുത്ത ഇടതുപക്ഷവിരുദ്ധതയും അതിന്റെ ദളിത് സ്വാഭിമാന പോരാട്ടങ്ങള്‍ക്കു കടുത്ത തിരിച്ചടിയായി മാറി. ദളിത്-ന്യൂനപക്ഷ ഐക്യമെന്ന ഈ സംഖ്യത്തിന് മുസ്‌ലിം വിഭാഗത്തിലെ മറ്റു വിദ്യാര്‍ത്ഥി സംഘടനകളുമായി ആരോഗ്യകരമായ ഒരു സംവാദത്തിനോ, കൂട്ടുചേരലിനോ ഉള്ള സാധ്യത ഇല്ലാതാവുകയും മുഴുവന്‍ മുസ്‌ലിം ശബ്ദത്തിന്റെയും വക്താക്കളായി എസ് ഐ ഒ മാറുകയും ചെയ്തു. ജെ എന്‍ യുവും സമാനമായ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്കു സാക്ഷ്യം വഹിച്ചു. ജെ എന്‍ യുവില്‍ നിന്നുയര്‍ന്ന നീല്‍ സലാം ലാല്‍ സലാം മുദ്രാവാക്യങ്ങളിലെ പ്രത്യയ ശാസ്ത്ര വ്യത്യസ്തതകളെ ദളിത് ഇടതു ബുദ്ധിജീവികള്‍ ഇഴകീറി പരിശോധിക്കുകയും വ്യവസ്ഥാപിത ഇടതുപക്ഷം ഈ മുദ്രാവാക്യത്തെ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഉപയോഗിക്കുകയും ചെയ്തു.

സര്‍വ്വകലാശാലകളും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫാഷിസത്തിന്റെ പരീക്ഷണ ശാലകളായി മാറിക്കൊണ്ടിരിക്കുകയാണ്. സ്വതന്ത്രമായി സംഘടിക്കാനും അഭിപ്രായം പറയുവാനും, എന്തിന് ജീവിക്കാന്‍ പോലുമുള്ള അവകാശങ്ങള്‍ ദളിതനും, ന്യൂനപക്ഷക്കാര്‍ക്കുമെല്ലാം നിഷേധിക്കപ്പെടുന്ന, തികച്ചും അടിമക്കൂട്ടങ്ങളെ ഉത്പാദിപ്പിക്കുന്ന ഫാക്ടറികളാക്കി അവര്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റിപ്പണിതു കൊണ്ടിരിക്കുമ്പോള്‍ അതിശക്തമായ ജനകീയ പോരാട്ടങ്ങളിലൂടെയല്ലാതെ നമുക്കു മുന്നോട്ടു പോവാന്‍ കഴിയില്ല. കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെ വികസന നയങ്ങളുടെ ഭാഗമായി മനുഷ്യര്‍ ഭൂമി നഷ്ടപ്പെട്ട്, കിടപ്പാടം നഷ്ടപ്പെട്ട് തെരുവിലേക്ക് ആട്ടിയിറക്കപ്പെടുമ്പോള്‍, പശുവിനെ കൊന്നെന്നും, മാംസം സൂക്ഷിച്ചെന്നും ആരോപിച്ച് ദളിതനും, മുസ്‌ലിമും തെരുവില്‍ കൊല ചെയ്യപ്പെടുമ്പോള്‍, ഫാസിസത്തിന്റെ ഏറ്റവും ക്രൂരമായ ഇടപെടലുകള്‍ നമ്മുടെ ജീവിതത്തെ അരക്ഷിതമാക്കുമ്പോള്‍, വ്യാജ ദേശീയ ബോധവും, സങ്കുചിത മതബോധവും ജനങ്ങളില്‍ വര്‍ഗീയമായ ചേരിതിരിവുകള്‍ ഉണ്ടാക്കുമ്പോള്‍, മത തീവ്രവാദത്തിന്റെ തൊഴുത്തുകളിലേക്ക് വിശ്വാസികള്‍ ആട്ടിത്തെളിക്കപ്പെടുമ്പോള്‍ നിസംഗരായി, നിശബ്ദമായി നമുക്കെത്രനാള്‍ ഇങ്ങനെ ജീവിക്കാന്‍ സാധിക്കും. സവര്‍ണ ഫാഷിസത്തിന്റെയും, കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെയും ഈ നീരാളിപ്പിടിത്തത്തില്‍ നിന്ന് ജനതയെ വിമോചിപ്പിക്കാന്‍ ശക്തമായ ബദലുകള്‍ ഇനിയും ഉയര്‍ന്നു വരേണ്ടതുണ്ട്. വിശാലമായ ദളിത്- ന്യൂനപക്ഷ- ആദിവാസി-സഖ്യവും, പുരോഗമന ഇടതു രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചേര്‍ന്നുള്ള ഒരു വിശാലമായ ജനകീയ മുന്നേറ്റങ്ങളുടെ നാളെകളെയാണ് ഇന്ത്യ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

ചിത്രങ്ങള്‍ക്ക് കടപ്പാട്: തുഞ്ചത്തെഴുത്തഛന്‍ മലയാള
സര്‍വകലാശാല മാഗസിന്‍ 2015-16
സ്മിത നെരവത്ത്‌