ജൈവികതയിൽ നിന്നുള്ള ഒളിച്ചോട്ടങ്ങൾ

ജൈവികതയിൽ നിന്നുള്ള ഒളിച്ചോട്ടങ്ങൾ

2015 സെപ്തംബറിലെ തണുപ്പ് ദേഹത്തെ കീഴടക്കുന്ന ഒരു ശൈത്യകാല സായന്തനത്തില്‍, ആദ്യമായി ബെര്‍ലിന്‍ നഗരത്തില്‍ വിമാനമിറങ്ങുമ്പോള്‍ എനിക്കു നന്നായി പനിക്കുന്നുണ്ടായിരുന്നു. പനിച്ചു വിറച്ചുകൊണ്ടാണ് ഞാനാദ്യമായി ഒരു യൂറോപ്യന്‍ നഗരത്തില്‍ ഉപരിപഠനത്തിനായി വന്നിറങ്ങുന്നത്. ഒരു ദശകത്തോളം നീണ്ട, പ്രാചീന ഇസ്‌ലാമിക ശാസ്ത്രങ്ങളുടെയും പാരമ്പര്യ വിജ്ഞാനീയങ്ങളുടെയും പഠനസപര്യ കഴിഞ്ഞാണ് ആധുനിക സര്‍വകലാശാലകളുടെ ഈറ്റില്ലമായ ജര്‍മ്മന്‍ കലാലയ വ്യവസ്ഥയിലേക്ക് ഞാന്‍ കൂടുമാറുന്നത്. ഹോട്ടല്‍ മുറിയിലെ കിടക്കയില്‍ വന്ന് മറിഞ്ഞതും ഉറങ്ങിയതും അറിഞ്ഞില്ല. നീണ്ട ഉറക്കത്തിന് ശേഷം നാട്ടിലെ ഒരു ആത്മസുഹൃത്തുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. സംസാരത്തിനിടയില്‍ എന്റെ പനിയെക്കുറിച്ചും സംസാരിച്ചു. ഞങ്ങളുടെ സംഭാഷണം ഇങ്ങനെയായിരുന്നു:

”സാലി, നിന്റെ പനിയെക്കുറിച്ച് ഞാനും ആലോചിച്ചു. ഇതൊരു അസാധാരണമായ പനിയാണെന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ ദര്‍സീ വ്യവസ്ഥയില്‍ നിന്ന് യൂറോപ്യന്‍ സര്‍വകലാശാലയിലേക്ക് കുടിയേറുന്നതിനോട് നിന്റെ ശരീരം പ്രതികരിക്കുന്നതിന്റെ ഭാഗമായിരിക്കാം ഈ പനി. പനി ഒരു ഡിഫന്‍സിവ് മെക്കാനിസം ആണെന്നല്ലേ മെഡിക്കല്‍ സയന്‍സിന്റെ തീര്‍പ്പ്.” ഇത് പറഞ്ഞ് ഒരു തറക്കുന്ന ചോദ്യം കൂടി ചോദിച്ചാണയാള്‍ നിര്‍ത്തിയത്:
”മഖ്ദൂമുമാര്‍ എഴുതിയ ഫത്ഹുല്‍ മുഈന്‍, അദ്കിയ എന്നീ ഗ്രന്ഥങ്ങളെക്കുറിച്ചാണല്ലോ നിന്റെ ഗവേഷണം. ഞാന്‍ ചോദിക്കട്ടെ, നീ ഇത്രയും നാള്‍ ഈ ഗ്രന്ഥങ്ങളുമായി ഇടപഴകിയ രൂപത്തിലും ശൈലിയിലും അവരോട് ഇടപഴകാന്‍ ഒരു യൂറോപ്യന്‍ സര്‍വകലാശാല നിന്നെ അനുവദിക്കുമോ? ഇതായിരിക്കാം ഒരുപക്ഷേ നിന്റെ പനിക്ക് കാരണം.”

”ഢലൃ്യ ശിലേൃലേെശിഴ” എന്ന് പറഞ്ഞ് ഒഴിവായെങ്കിലും അദ്ദേഹം നടത്തിയ ഈ നിരീക്ഷണങ്ങള്‍ പലപ്പോഴും പിന്നീട് തികട്ടി വരുന്നത് ഞാനനുഭവിച്ചിട്ടുണ്ട്.

എന്റെ സുഹൃത്തുമായി ഇതുവരെ പങ്കുവെച്ചിട്ടില്ലെങ്കിലും ആ സംഭാഷണം എന്നെ പെട്ടെന്ന് ഓര്‍മ്മിപ്പിച്ചത് വിശ്രുത സുഡാനീസ് നോവലിസ്റ്റ് തയ്യിബ് സാലിഹിന്റെ ‘വടക്കോട്ടുള്ള കുടിയേറ്റത്തിന്റെ കാലം’ എന്ന നോവലാണ്. നൈല്‍ നദിക്കരയിലെ ഒരു സുഡാനി ഗ്രാമത്തില്‍ അരങ്ങേറുന്ന കഥയാണത്. വര്‍ഷങ്ങള്‍ നീണ്ട യൂറോപ്പിലെ പഠനങ്ങള്‍ക്ക് ശേഷം തന്റെ ഗ്രാമത്തിലേക്കു തിരിച്ചു വരുന്ന ഒരാളാണ് കഥയിലെ ആഖ്യാതാവ്. 1960കളിലാണ് കഥ നടക്കുന്നത്. ആഖ്യാതാവ് തന്റെ രാജ്യത്തിന്റെ കോളനിയാനന്തര ജീവിതത്തിലേക്ക് എന്തെങ്കിലും സംഭാവനകള്‍ നല്‍കണമെന്ന മോഹത്തോടെയാണ് തിരിച്ചുവരുന്നത്. എന്നാല്‍, അയാളെ തീര്‍ത്തും ആശ്ചര്യപ്പെടുത്തിയ ഒരു അപരിചിതനെ അയാള്‍ തന്റെ ഗ്രാമത്തില്‍ കണ്ടുമുട്ടുന്നു. മുസ്തഫ സഈദ് എന്നാണയാളുടെ പേര്. തീര്‍ത്തും വിചിത്രമായ മൗനം അണിഞ്ഞു നില്‍ക്കുന്നയാള്‍. ആര്‍ക്കും അയാളുടെ കഥയറിയില്ല. ഒടുവില്‍ ആഖ്യാതാവ് തന്നെ അത് കണ്ടെത്തുന്നു. മുസ്തഫ സഈദ് ലണ്ടനിലെ ഏറ്റവും പ്രമുഖനായ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു ഒരു കാലത്ത്. പിന്നീട് കഥ വികസിക്കുന്നത് ആഖ്യാതാവും മുസ്തഫ സഈദും തമ്മിലുള്ള സ്വത്വ സംയോജനത്തിലൂടെയാണ്.

പലകാരണങ്ങളാല്‍ ‘വടക്കോട്ടുള്ള കുടിയേറ്റത്തിന്റെ കാലം’ എനിക്കു പ്രയിപ്പെട്ട നോവലാണ്. എഡ്വേര്‍ഡ് സെയ്ദ് അറബ് സാഹിത്യത്തിലെ ക്ലാസിക്കുകളുടെ കൂട്ടത്തില്‍ എണ്ണിയിട്ടുണ്ട്. കോളനിയാനന്തര ലോകത്തെ സ്വത്വ സംഘര്‍ഷങ്ങളെ അറിവിന്റെ അധിനിവേശങ്ങളെ സൂക്ഷ്മതലത്തില്‍ വരച്ചിടുന്ന ലിറിക്കല്‍ നോവലാണിത്. യൂറോപ്പില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ആ ഗ്രാമവാസികള്‍ക്ക് ആഖ്യാതാവിനോട് ചോദിക്കാനുണ്ടായിരുന്ന ചോദ്യങ്ങള്‍ വളരെ കൗതുകം ജനിപ്പിക്കുന്നതാണ്.

”അവരെല്ലാവരും എന്നോട് യൂറോപ്പിനെക്കുറിച്ച് ചോദിച്ചു കൊണ്ടിരുന്നു. അവിടെയുള്ള ആളുകള്‍ നമ്മെപ്പോലെത്തന്നെയാണോ, അതല്ല, അവര്‍ വേറെ തന്നെയാണോ? ശൈത്യകാലത്ത് ആളുകളെന്താ ചെയ്യാ? ചിലര്‍ പറയുന്നു: അവിടെയുള്ള പെണ്ണുങ്ങള്‍ ശരീരം കുറച്ചേ മറക്കാറുള്ളൂ, പെണ്ണുങ്ങളും ആണുങ്ങളും ഒരുമിച്ച് നൃത്തം ചെയ്യും, ഇതൊക്കെ ശരിയാണോ? വാദ് റയൂന്‍ എന്നോട് ചോദിച്ചു, അവര്‍ പാപം ചെയ്ത് ഒരുമിച്ച് ജീവിക്കും, പക്ഷെ കല്യാണം കഴിക്കൂലാന്ന് കേട്ടു. ഇതൊക്കെ ശരിയാണോ?”

ഒരു സുഡാനീ ഗ്രാമത്തിന്റെ നിഷ്‌കളങ്കമായ ചോദ്യങ്ങളാണിവ. എന്നാല്‍ ഈ നോവല്‍ വായിക്കുമ്പോള്‍ ഇതെന്റെ നാട്ടുകാരും ചോദിക്കാവുന്ന ചോദ്യങ്ങളല്ലേ എന്ന് ഞാന്‍ ഇപ്പോഴും ആശ്ചര്യപ്പെടാറുണ്ട്. തയ്യിബ് സാലിഹിന്റെ നോവലിലെ കഥാപാത്രങ്ങളുമായി എനിക്കും ഒരു ആത്മബന്ധം വന്നു കഴിഞ്ഞിരുന്നു. അത് കൊണ്ടൊക്കെയാണ്, എന്റെ സുഹൃത്തിന്റെ ഫോണ്‍ സംഭാഷണം ഇത്രയധികം മനോവ്യാപാരങ്ങള്‍ക്ക് നിമിത്തമായത്.
***
ഒരു ആധുനിക സര്‍വകലാശാലയില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ആത്മാവുമായുള്ള ബന്ധം എന്താണ്? നിങ്ങളുടെ ആത്മാവും ശരീരവും ഈ ഇടത്തില്‍ ഏത് രൂപത്തിലാണ് വര്‍ത്തിക്കുന്നത്? ഈ ഇടത്തില്‍ നിങ്ങളുടെ ആത്മാവുമായി ശാശ്വതമായ ധാര്‍മിക സന്ധിയിലേര്‍പ്പെടാന്‍ നിങ്ങള്‍ക്കാകുമോ? ആത്മാവിന്റെ ‘ഇരുണ്ട കോണുകളെ’ മെരുക്കിയെടുക്കാന്‍ നിങ്ങള്‍ക്കാവുമോ? കുഴക്കുന്ന, എന്നാല്‍ അടിസ്ഥാനപരമായ ചില ചോദ്യങ്ങളാണിവ.

സര്‍വകലാശാലകളും അറിവിന്റെ മുഴുവന്‍ വ്യവസ്ഥകളും ആധുനികതയുടെ അധീശത്വബോധത്തിന് കീഴില്‍ വന്നതില്‍ പിന്നെ മനുഷ്യന് നഷ്ടമായ ഏറ്റവും മൂല്യമേറിയ ഒന്ന് ആത്മാവാണ്. ആത്മാവുമായുള്ള ബന്ധം അറുത്തുമാറ്റിക്കൊണ്ടാണ് ആധുനികത സ്ഥാപിതമായത് എന്ന് മിഷേല്‍ ഫൂക്കോ പറയുന്നത് ഈയടുത്ത കാലത്താണ്. എന്നാല്‍ യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെ കഴിഞ്ഞ അഞ്ഞൂറു വര്‍ഷങ്ങള്‍, ദൈവത്തെയും മനുഷ്യന്റെ ജൈവികതയെയും പുറന്തള്ളിക്കൊണ്ടുള്ള സര്‍വാധിപത്യ പ്രയാണമായിരുന്നു

എന്താണിതിന്റെ പരിണിതി? ജൈവികതയില്‍ നിന്നുള്ള ബന്ധവിച്ഛേദനം ആധുനിക മനുഷ്യനെ ആന്തരികമായി പ്രക്ഷുബ്ധമാക്കിയിരിക്കുന്നു. നിത്യവും കുമിഞ്ഞുകൂടുന്ന പാപങ്ങള്‍, അവ ആത്മാവില്‍ തീര്‍ക്കുന്ന ഇരുട്ടുകള്‍, ശൂന്യതകള്‍. ഇവയെ മറികടക്കാനുള്ള ഉപാധികള്‍ ആധുനികതക്ക് എന്നോ നഷ്ടമായിരിക്കുന്നു.

”The Strange persistence of Guilt എന്ന തലക്കെട്ടില്‍ ഈ കഴിഞ്ഞയാഴ്ച ‘ന്യൂയോര്‍ക്ക് ടൈംസ്’ പ്രസിദ്ധീകരിച്ച ഒരു ലേഖനമുണ്ട്. പടിഞ്ഞാറന്‍ വികസിത രാജ്യങ്ങളില്‍ ജീവിച്ചു കൊണ്ടിരിക്കുന്ന മനുഷ്യര്‍ ഒരു വിരോധാഭാസത്തിന്റെ പിടിയിലാണെന്നാണ് ലേഖകന്‍ നിരീക്ഷിക്കുന്നത്. എല്ലാവരുടെ ഉള്ളിലും കുറ്റബോധം കൊണ്ട് നീറുകയാണ്. പാപങ്ങളും കുറ്റകൃത്യങ്ങളും കുമിഞ്ഞുകൂടിയതിന്റെ കുറ്റബോധങ്ങള്‍. വളരെ സംഹാരാത്മകമായ സര്‍വവ്യാപിയായ ഒരു ശക്തിയായി അത് സമകാലിക പടിഞ്ഞാറന്‍ ജീവിതത്തിന്റെ നാനാമൂലകളിലേക്ക് പടര്‍ന്നു പിടിച്ചിരിക്കുന്നു. ‘ഒന്നാം ലോകം’ ‘വികസിത സമൂഹം’ ‘പുരോഗമന സമൂഹം’ എന്നിങ്ങനെയുള്ള ഓമനപ്പേരുകളില്‍ അറിയപ്പെടുന്ന പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍, ഭൗതിക സാഹചര്യങ്ങളില്‍ പാരമ്യതയിലെത്തിയിട്ടും ആര്‍ക്കും പരിഹരിക്കാന്‍ കഴിയാത്ത ഒരു നീറ്റലായി കുറ്റബോധങ്ങള്‍ കുമിഞ്ഞു കൂടുന്നു.

മതങ്ങളായിരുന്നു നേരത്തെ കുറ്റങ്ങളെ നിര്‍ണ്ണയിച്ചിരുന്നത്. കുറ്റം ചെയ്താല്‍ ഏതു മതത്തിലും പശ്ചാതാപത്തിനുള്ള അവസരമുണ്ട്. എന്നാല്‍, ആധുനികത വന്നത് തന്നെ മതങ്ങളെ കടപുഴക്കിയെറിഞ്ഞാണ്. ‘ദൈവത്തെ കൊന്ന’ നീത്‌ഷേ, പടിഞ്ഞാറിന്റെ ഋഷിയാണെന്ന് പലരും വിധിയെഴുതാറുണ്ട്. നാഗരികത കൊണ്ടുവരുന്നത് അസ്വസ്ഥതകളും പ്രക്ഷുബ്ധതകളുമാണെന്ന് സിഗ്മണ്ട് ഫ്രോയ്ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മതങ്ങളെ തുരത്തിയെറിഞ്ഞ ആധുനിക മനുഷ്യന്, താന്‍ ചെയ്തു കൂട്ടുന്ന പാപങ്ങളില്‍ നിന്ന് മോക്ഷം നേടാന്‍ ഇപ്പോള്‍ മാര്‍ഗങ്ങളില്ലാതായിരിക്കുന്നു. ധാര്‍മികമായ പരാജയങ്ങള്‍ മാത്രം കണ്ട് ആധുനിക മനുഷ്യന്‍ ഇന്ന് ഉപഭോഗ സംസ്‌കാരത്തിലേക്കാണ്, അതിന്റെ വിവിധ ആശ്രമങ്ങളിലേക്കാണ് മോക്ഷത്തിന് വേണ്ടി തീര്‍ത്ഥാടനത്തിന് പോകുന്നത്.
***
തന്റെ ജൈവികതയില്‍ നിന്നുള്ള ബന്ധവിഛേദനമാണ് ആധുനിക മനുഷ്യന്റെ ആന്തരികതയെ പ്രക്ഷുബ്ധമാക്കുന്നത്. യൂറോപ്യന്‍ കലാലയങ്ങളില്‍ (അവ യൂറോപില്‍ മാത്രമല്ല എന്ന് ചേര്‍ത്ത് വായിക്കണം), ഈ ആന്തരിക പ്രക്ഷുബ്ധത ഒരു പകര്‍ച്ചവ്യാധി പോലെ കഴിഞ്ഞ നൂറ്റാണ്ടിലുടനീളം പടര്‍ന്നുപിടിച്ചിട്ടുണ്ട്. ബര്‍ലിന്‍ പോലുള്ള നഗരത്തില്‍, ഭൗതികതയുടെ പാരമ്യതയിലെത്തിയിട്ടും ധാര്‍മികമായി, അക്കാരണത്താല്‍ ആന്തരികമായി ഉഴറിവീഴുന്ന മനുഷ്യരെ നിരന്തരം കണ്ടുമുട്ടേണ്ടി വരുന്നു.

എന്തെല്ലാം വലിയ ഒച്ചകള്‍ നിറഞ്ഞതാണെങ്കിലും ആധുനികനഗരത്തില്‍ ഭീതിദമായ ഒരു ഏകാന്തതയുണ്ട്. ഈ ഏകാന്തതയില്‍ പലപ്പോഴും ചില പച്ച മനുഷ്യരെ കാണേണ്ടിവരും. അസംസ്‌കൃതമായ വികാരങ്ങള്‍ പൊട്ടിയൊലിച്ചു വരുന്നതു കാണാം. നഗരത്തിന്റെ ഭീതിദമായ ഈ ‘കൂട്ടാന്തത’ക്കിടയില്‍ എന്തിനോ വേണ്ടി വിതുമ്പുന്ന പെണ്ണുങ്ങളെ കാണാറുണ്ട്. അതീവ വൈകാരികമായ പ്രശ്‌നങ്ങള്‍ അവരെ അലട്ടുന്നുണ്ടായേക്കാം. സായന്തനങ്ങളില്‍, രാത്രികളില്‍ തിരക്കുപിടിച്ച് പായുന്ന മനുഷ്യര്‍ക്കിടയില്‍ ഇവരെ കണ്ടേക്കാം. എന്നാല്‍ അത്തരം കാഴ്ചയുടെ നൈരന്തര്യത്തിലും ആ കരയുന്ന സ്ത്രീയുടെ അടുത്തിരുന്ന് തീര്‍ത്തും ഗൗനിക്കാതെ മദ്യപിച്ച് വെടി പറയുന്ന ആണ്‍-പെണ്‍ സംഘങ്ങളെയും നിങ്ങള്‍ക്ക് കാണാം. ഇതാണ് യഥാര്‍ത്ഥ യാന്ത്രിക സമൂഹം എന്ന് അപ്പോള്‍ നിങ്ങള്‍ക്ക് തോന്നിയെങ്കില്‍ അത് തെറ്റല്ല തന്നെ.

ആത്മാവിന്റെ സ്പര്‍ശനം അകന്നുപോകുന്ന ഇടങ്ങളാണ് ആധുനിക ഇടങ്ങള്‍. ആധുനികജ്ഞാന വ്യവസ്ഥയും ഇതില്‍ നിന്ന് ഭിന്നമല്ല. ഈ പശ്ചാതലത്തിലാണ് ഞാനാദ്യം ഉദ്ധരിച്ച എന്റെ സുഹൃത്തിന്റെ ചോദ്യം കൂടുതല്‍ നിശിതമായി മാറുന്നത്. ആത്മാവിനെയും ശരീരത്തെയും വെവ്വേറെ ധ്രുവങ്ങളില്‍ സ്ഥാപിച്ചാണ് ഇന്നത്തെ ജ്ഞാനവ്യവസ്ഥ വികസിക്കുന്നത്. തത്ഫലമായി ഉള്ളില്‍ നിറച്ചുവെച്ച രോഗങ്ങളുടെ, പാപങ്ങളുടെ ഘോഷയാത്രയാണ് ഒരു ശരാശരി ആധുനിക ജീവിതം.

ബെര്‍ലിന്‍ നഗരത്തില്‍ ഇത് നേരിട്ട് കാണാം. രാപ്പകല്‍ ഭേദമന്യേ, ആണ്‍-പെണ്‍ ഭേദമന്യേ, ഭൂഗര്‍ഭ തീവണ്ടിയില്‍, തിരക്കുപിടിച്ച നഗര പ്രാന്തങ്ങളില്‍, കൂണുപോലെയുള്ള മദ്യശാലകളില്‍, ജീവിതത്തിന്റെ ജൈവികതയില്‍ നിന്ന് ഒളിച്ചോടുന്ന മനുഷ്യരെ കാണാം. ഇതൊരു വിരോധാഭാസമല്ലാതെ മറ്റെന്താണ്? വാഴ്ത്തപ്പെട്ട ‘ഒന്നാം ലോകം’ എന്തുകൊണ്ടായിരിക്കാം യാന്ത്രികമായ ജീവിതത്തിന്റെ ഷണ്ഡത്വത്തില്‍ വീണു പോകുന്നത്.? എന്തുകൊണ്ടായിരിക്കാം ജൈവികമായ ബന്ധങ്ങളുടെ ശ്മശാനങ്ങളായി ആധുനിക ജീവിതം മാറുന്നത് ?
***
ഇത് വായിച്ചുകഴിയുമ്പോള്‍ ഒരു ഇരുണ്ട, വിഷാദാത്മകമായ വിവരണമായി നിങ്ങള്‍ മനസ്സിലാക്കുന്നുവെങ്കില്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് തെറ്റിയേക്കാം. ധാര്‍മികതയെക്കുറിച്ചും ജൈവികതയെക്കുറിച്ചും അവയെ നിര്‍ണ്ണയിക്കുന്ന, അവ നിര്‍ണ്ണയിക്കുന്ന ജ്ഞാനവ്യവസ്ഥയെക്കുറിച്ചും എന്റെ ആശങ്കകള്‍ പങ്കുവെക്കാനാണ് ഞാന്‍ ഈ ലേഖനത്തില്‍ ശ്രമിച്ചത്. അതിനാല്‍, ശുഭാത്മകമായ, അത്ര വിഷാദാത്മകമല്ലാത്ത ഒരു കുറിപ്പോട് കൂടി ഈ ലേഖനം ഉപസംഹരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ബെര്‍ലിന്‍ നഗരത്തിലൂടെ നടക്കുമ്പോള്‍ ആത്മാവിന് കുളിരുപകരുന്ന ഒരു കാഴ്ച കുട്ടികളുടേതാണ്. പ്രഭാതത്തില്‍ സ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍, പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍, മാലാഖമാരെപ്പോലെയുള്ള അവരുടെ കണ്ണുകള്‍, പ്രകാശം പരത്തുന്ന അസ്തിത്വങ്ങള്‍. ചിലപ്പോള്‍ ആലോചിക്കാറുണ്ട്, എന്തുകൊണ്ടായിരിക്കാം കുട്ടികളുടെ ഈ കാഴ്ചക്ക് നമ്മുടെ ആത്മാവിന് കുളിരു പകരാന്‍ കഴിയുന്നത്?

ജീവിതത്തിന്റെ തുടക്കത്തിലുള്ളവര്‍, ജൈവികതയുമായുള്ള ബന്ധം മുറിയാത്തവര്‍, തങ്ങളെ വിഴുങ്ങാനായി കാത്തുനില്‍ക്കുന്ന യാന്ത്രികസമൂഹത്തിന്റെ വ്യാളീമുഖങ്ങളില്‍ നിഷ്‌കളങ്കരായി കളിച്ചുകൊണ്ടിരിക്കുന്നവര്‍, ഇതൊക്കെയായിരിക്കാം, ആദിമമായ ഒരു കൗതുകത്തോടെ കുട്ടികളെ നോക്കി നില്‍ക്കാന്‍, ഈ ആധുനിക നഗരത്തിലും നമുക്ക് പ്രേരണ നല്‍കുന്നത്.

മിഅ്‌റാജിന്റെ രാത്രിയില്‍ അന്ത്യപ്രവാചകന് മദ്യവും പാലും തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കി. തിരുനബി(സ്വ) തെരഞ്ഞെടുത്തത് പാലായിരുന്നു. ‘ഹുദീത ഇല്‍ ഫിത്‌റ’-‘നിങ്ങള്‍ പ്രകൃതിയുടെ തെരഞ്ഞെടുപ്പിലേക്കാണ് വഴി നടത്തപ്പെട്ടിരിക്കുന്നത് അല്ലെങ്കില്‍ ജൈവികമായ തെരഞ്ഞെടുപ്പിലേക്കാണ് വഴി നടത്തപ്പെട്ടിരിക്കുന്നത് നബിയേ’ എന്ന് ജിബ്‌രീല്‍(അ) പ്രതികരിക്കുകയുണ്ടായി. അതെ, തിരുനബിയുടെത് ഒരു ജൈവികമായ തിരഞ്ഞെടുപ്പായിരുന്നു. ജീവിതത്തിന്റെ നാനാ ഇടങ്ങളില്‍ മദ്യം സര്‍വവ്യാപിയായി പടര്‍ന്ന ഒരു ആധുനിക നഗരത്തിലിരുന്ന് ഈ സംഭവത്തെക്കുറിച്ച് ആലോചിക്കാറുണ്ട്. ഇസ്‌ലാം എന്നാല്‍ ജൈവികബന്ധങ്ങളുടെ മതമാണെന്ന് ഉറച്ച ബോധമുള്ള ഒരാള്‍ക്ക് ഈ സംഭവം നിരവധി ധാര്‍മിക ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നുമുണ്ട്. എന്നാല്‍, ബെര്‍ലിന്‍ നഗരത്തില്‍ ദിനേനെ കണ്ടുമുട്ടുന്ന ആയിരക്കണക്കിന് മനുഷ്യര്‍ അവരുടെ ധാര്‍മികതയെ ഏതു വിധത്തിലായിരിക്കും സമീപിക്കുന്നത്? ആധുനിക മനുഷ്യന്‍ ഇന്നനുഭവിക്കുന്ന മിക്ക സംഘര്‍ഷങ്ങളുടെയും മൂലകാരണം അടിസ്ഥാനപരമായ ഈ ബന്ധവിഛേദനമാണ്. തന്റെ പ്രകൃതിയില്‍ നിന്നുള്ള, തന്റെ ജൈവികതയില്‍ നിന്നുള്ള ബന്ധവിഛേദനം.

അവസാനിപ്പിക്കുന്നതിന് മുമ്പ് കുട്ടികളിലേക്ക് തിരിച്ചു വരാം. ‘എല്ലാ കുട്ടികളും ജൈവികതയിലാണ് (ഫിത്‌റ) ജനിച്ച് വീഴുന്നത്’ എന്ന തിരുമൊഴിയുണ്ടല്ലോ. ‘മാതാപിതാക്കള്‍, അവര്‍ ജനിച്ച് വളരുന്ന പരിതസ്ഥിതികള്‍ ഇവയൊക്കെയാണ് പിന്നീടവരെ വഴിതെറ്റിക്കുന്നത്, എന്നതും ആ തിരുമൊഴിയുടെ തുടര്‍ച്ചയാണ്. അതുകൊണ്ടു കൂടിയായിരിക്കാം, ഈ ആധുനിക നഗരത്തില്‍ ദിനേനെ കണ്ടുമുട്ടുന്ന കുട്ടികള്‍ നൈതികതയുടെ അവസാനിക്കാത്ത കണ്ണികളെക്കുറിച്ച് നിങ്ങള്‍ക്ക് ശുഭപ്രതീക്ഷ നല്‍കുന്നത്.

ഇ പി എം സ്വാലിഹ്