പേയിളകിയ ഗോഭക്തി

പേയിളകിയ ഗോഭക്തി

പഹ്‌ലുഖാന്‍, ഗഫാര്‍ ഖുറൈശി (രാജസ്ഥാന്‍), ശാഹിദ് അഹമ്മദ് (ജമ്മു) , മജ്‌ലൂം അന്‍സാരി, ഇംതിയാസ് ഖാന്‍(ജാര്‍ഖണ്ഡ്), മുഹമ്മദ് അഖ്‌ലാഖ് (യു.പി ) , മുസ്തയിന്‍ അബ്ബാസ് (ഹരിയാന ) ഈ പേരുകള്‍ വര്‍ത്തമാന ഇന്ത്യയുടെ രോഗാതുരമായ രാഷ്ട്രീയ അള്‍ത്താരയില്‍ ഹോമിക്കപ്പെട്ട ജീവനുകളുടേതാണ്. വെട്ടിത്തുറന്നുപറഞ്ഞാല്‍, ഹിന്ദുത്വ ഗുണ്ടകള്‍ പശുഭ്രാന്ത് മൂത്ത് നിഷ്ഠൂരമായി കൊല ചെയ്തവര്‍. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ആറ് മുസ്‌ലിംകള്‍ക്കാണ് ‘ഗോരക്ഷകര്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആര്‍.എസ്.എസ് ഗുണ്ടകളുടെ കൈകളാല്‍ ജീവന്‍ പൊലിഞ്ഞത്. ഇന്തോനേഷ്യ കഴിഞ്ഞാല്‍ ഏറ്റവും വലിയ മുസ്‌ലിം ജനസമൂഹം ജീവിക്കുന്ന ഇന്ത്യയില്‍ പശു എന്നത് അവരുടെ അസ്തിത്വം ചോദ്യം ചെയ്യുന്ന ഭീതിജനകമായ മൃഗമായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഗോക്കളെ രക്ഷിക്കാന്‍ മുസ്‌ലിംകളെ കൊല്ലേണ്ടതുണ്ടെന്ന ഒരു സിദ്ധാന്തം സര്‍വാത്മനാ അംഗീകരിച്ച പ്രതീതി. ഒരു മൃഗത്തിന്റെ പേരില്‍ ഒരു ജനസമൂഹത്തെ ഇതുപോലെ വേട്ടയാടിയതായി ചരിത്രത്തിലെവിടെയും രേഖപ്പെടുത്തിയതായി കാണാനാവില്ല.

സമീപകാലത്ത് ഭ്രാന്തന്‍പശുവിനെ ഹിന്ദുത്വഫാഷിസ്റ്റുകള്‍ കയറൂരിവിട്ടത് 2015ല്‍ ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന ഗൃഹനാഥനെ വീട്ടിലെ ഫ്രിഡ്ജില്‍ ബീഫ് സൂക്ഷിച്ചുവെന്ന കുറ്റം ആരോപിച്ച് തല്ലിക്കൊന്നതോടെയാണ്. അത് ആകസ്മിക സംഭവം എന്നാണ് സംഘ്പരിവാര്‍ നേതാക്കളും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും ലഘൂകരിച്ചുകണ്ടത്. അധികം വൈകാതെ, 2016ല്‍ ജാര്‍ഖണ്ഡില്‍ പശുക്കളെ കടത്തി എന്ന കുറ്റം ചുമത്തി മജ്‌ലൂം അന്‍സാരി, ഇംതിയാസ് ഖാന്‍ എന്നീ യുവാക്കളെ മരത്തില്‍ കെട്ടിത്തൂക്കി വധശിക്ഷ നടപ്പാക്കി. എന്നിട്ടും രാജ്യം ഞെട്ടിയില്ല. ആര്‍.എസ്.എസിന്റെ അരുമസന്താനങ്ങള്‍ രാജ്യവ്യാപകമായി നടപ്പാക്കാന്‍ തുടങ്ങിയ ആസൂത്രിത പദ്ധതിയുടെ ഭാഗമാണീ കൊലകളെന്ന് സമര്‍ഥിക്കുന്നതാണ് ഏറ്റവുമൊടുവില്‍ രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ പഹ്‌ലൂ ഖാന്‍ എന്ന 55കാരനെ അടിച്ചുകൊന്ന സംഭവം. രണ്ടു മക്കളോടൊപ്പം, ഹരിയാനയില്‍നിന്ന് കന്നുകാലികളെ വാനില്‍ കയറ്റിക്കൊണ്ടുവരുന്ന വഴിയില്‍, ജയ്പൂര്‍ ഡല്‍ഹി ദേശീയപാതയോരത്തെ ബെഹ്‌റൂര്‍ ഗ്രാമത്തില്‍വെച്ചാണ് ‘ഗോരക്ഷക’ വേഷമിട്ട തെമ്മാടികള്‍ ഇവര്‍ക്കുനേരെ തിരിയുന്നതും ക്രൂരമായി അക്രമിക്കപ്പെടുന്നതും. പഹ്‌ലുഖാനെ മൃഗീയമായി അടിച്ചുകൊല്ലുന്ന രംഗങ്ങള്‍ വീഡിയോവില്‍ കാണുന്നവര്‍ ഹിന്ദുത്വവാദികള്‍ സ്വപ്‌നം കാണുന്ന ഹിന്ദുരാഷ്ട്രം ഇത്രക്കും ബീഭല്‍സവും കാടത്തം നിറഞ്ഞതുമാണോ എന്ന് ചോദിച്ചുപോകും. വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തപ്പെട്ടപ്പോള്‍ ബി.ജെ.പിയുടെ മുസ്‌ലിം മുഖമായ പാര്‍ലമെന്റികാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി അങ്ങനെയൊരു സംഭവം തന്നെ നടന്നില്ല എന്ന ഭാവത്തിലാണ് സംസാരിച്ചത്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ‘ന്യൂയോര്‍ക്ക് ടൈംസ്’ അടക്കമുള്ള പത്രങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തതായി എടുത്തുകാട്ടിയപ്പോള്‍ , ഗോവധത്തെ സഭ പിന്തുണക്കുന്നതായി തെറ്റിദ്ധാരണ വളര്‍ത്തരുതെന്ന് പറഞ്ഞ് ആര്‍.എസ്.എസുകാരുടെ കൗപീനം കൊണ്ട് മുഖം തുടക്കുകയായിരുന്നു ആ കോടാലിപ്പിടി. രാജസ്ഥാന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമൊന്നും നിരപരാധിയായ ഒരു മധ്യവയസ്‌കനെ ഗുണ്ടകള്‍ തല്ലിക്കൊന്നതില്‍ ഒരപാകതയും ദര്‍ശിച്ചില്ല എന്നല്ല, ഇരുകൂട്ടരും ശ്രദ്ധിക്കണമായിരുന്നുവെന്ന് പറഞ്ഞ് ഇരകളെയും ചെന്നായ്ക്കളെയും ഒരേ ഗണത്തില്‍പെടുത്തി കൈകഴുകി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണുണ്ടായത്. അതിനിടയില്‍, പഹ്‌ലൂഖാന്‍ ക്ഷീരകര്‍ഷനാണെന്നും വളര്‍ത്താനാണ് പശുക്കളെ ഹരിയാനയില്‍നിന്ന് കൊണ്ടുവന്നതെന്നും നിയമാനുസൃതമായ രശീതി കൈയില്‍ കരുതിയിരുന്നുവെന്നുമുള്ള യാഥാര്‍ഥ്യം പാടെ തമസ്‌കരിക്കപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി അപ്രതീക്ഷിത വിജയം കൊയ്തതിന്റെ അഹങ്കാരം നിയമം കൈയിലെടുക്കാനും ന്യൂനപക്ഷങ്ങളെ പൂര്‍ണമായും ശത്രുക്കളായി കണ്ട് അക്രമിച്ച് ഉന്മൂലനം ചെയ്യാനും ആവേശം പകര്‍ന്നതിന്റെ ദൃഷ്ടാന്തമാണ് ഗോക്കളുടെ പേരിലുള്ള പുതിയ ഇറങ്ങിപ്പുറപ്പാട്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികാരമേറ്റെടുത്ത് മണിക്കൂറുകള്‍ക്കകം ‘അനധികൃത’ കശാപ്പ് ശാലകള്‍ പൂട്ടാന്‍ ഉത്തരവിട്ടത് നിയമത്തോടുള്ള ആദരവ് കൊണ്ടായിരുന്നില്ല, പ്രത്യുത, ഈ മേഖലയില്‍ ജോലി ചെയ്യുന്ന മുസ്‌ലിംകളെ സാമ്പത്തികമായി തകര്‍ക്കാനും ഗോവധനിരോധം മറ്റു മൃഗങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് ഇറച്ചിഭക്ഷണം പൂര്‍ണമായും നിഷേധിക്കാനുമാണ്. അറവുശാലകളും ഇറച്ചിക്കടകളും അടച്ചുപൂട്ടപ്പെട്ടതോടെ മാംസം കിട്ടാക്കനിയായി എന്ന് മാത്രമല്ല, പതിനായിരക്കണക്കിനു മുസ്‌ലിംകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു. തദ്ദേശ സ്ഥാപനങ്ങള്‍ അനുമതി നല്‍കിയ കശാപ്പുശാലകളാണ് അനധികൃതം എന്നു വിളിച്ച് താഴിട്ടു പൂട്ടിയത്. അതേസമയം, ആര്‍.എസ്.എസുകാരായ ബിസിനസുകാരുടെ കീഴിലുള്ള അറവുശാലകള്‍ നിര്‍ബാധം പ്രവര്‍ത്തിക്കുകയും വിദേശത്തേക്ക് ഇറച്ചി കയറ്റുമതി തുടരുന്നുമുണ്ട്. ഇറച്ചികയറ്റുമതിക്കാര്‍ക്ക് കൊള്ളലാഭമെടുക്കാന്‍ ആഭ്യന്തര ഉപയോഗം നിരോധിക്കുക എന്ന കുതന്ത്രമാണ് ഇപ്പോള്‍ നിയമം കര്‍ക്കശമാക്കിയതിനു പിന്നിലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അതിനിടയിലാണ് ഗോവധത്തിനു ജീവപര്യന്തം ശിക്ഷ കര്‍ക്കശമാക്കി ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്. ധാര്‍മികവും ആത്മീയവുമായ പതനത്തില്‍നിന്ന് പ്രപഞ്ചത്തെ രക്ഷപ്പെടുത്താനുള്ള ഏക പോംവഴി ഗോക്കളെ കൊല്ലുന്നത് നിരോധിക്കുക മാത്രമാണെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ കണ്ടുപിടിത്തം. പശുവിനെയോ കാളയെയോ അറുത്താല്‍ വധശിക്ഷ നല്‍കണമെന്ന നിര്‍ദേശം വന്നത് ഹരിയാനയിലെ ബി.ജെ.പി ഗവണ്‍മെന്റില്‍നിന്നാണ്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി പറഞ്ഞത് പശുക്കളെ ഉപദ്രവിക്കുന്നവരെ തൂക്കിക്കൊല്ലുമെന്നാണ്. രാജസ്ഥാനിലെ സംഭവത്തോടെ അനുയായികളെ നിലക്കുനിര്‍ത്താന്‍ തങ്ങള്‍ വേണ്ടത് ചെയ്യും എന്ന് പറയുന്നതിനു പകരം, ഗോവധം നിരോധിക്കാന്‍ ദേശീയതലത്തില്‍ നിയമം കൊണ്ടുവരണമെന്ന ബാലിശമായ വാദമാണ് ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭഗവതിന്റെ ഭാഗത്തുനിന്നുണ്ടായത്. മുഴുവന്‍ ഇന്ത്യക്കാരും ഇങ്ങനെ ഒരു നിയമം കൊണ്ടുവന്നാല്‍ അനുസരിക്കണമെന്ന നിര്‍ദേശത്തോടെ ഹിന്ദുത്വയുടെ തിട്ടൂരം അടിച്ചേല്‍പ്പിക്കുകയാണ് അദ്ദേഹം. ഗോസംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ നിയമം അനിവാര്യമാക്കുന്നുണ്ട് എന്ന പരാമര്‍ശത്തിലൂടെ, പഹ്‌ലൂഖാന്റെ കൊലയാളികള്‍ ചെയ്തത് നീചകൃത്യമല്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ് ആര്‍.എസ്.എസ് തലവന്‍. രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് മാംസവില്‍പന നടക്കുന്നുണ്ടെങ്കില്‍ അതിനു കൂടി അറുതിവരുത്താന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും തങ്ങളുടെ എക്കാലത്തെയും അജണ്ടയായ പൂര്‍ണഗോവധനിരോധം നടപ്പാക്കാനുള്ള സുവര്‍ണാവസരമാണിതെന്നുമാണ് ഭഗവതിന്റെ വാദത്തില്‍നിന്ന് വായിച്ചെടുക്കേണ്ടത്. യു.പിയിലെ രാഷ്ട്രീയ മുന്നേറ്റം ഇതുവരെ കോള്‍ഡ് സ്‌റ്റോറേജില്‍ സൂക്ഷിച്ചുവെച്ച ഗോവധനിരോധവും ബാബരി ക്ഷേത്രനിര്‍മാണവും പുറത്തെടുക്കാനുള്ള ജനവിധിയായാണ് സംഘ്പരിവാര്‍ വിലയിരുത്തുന്നതെന്ന് ചുരുക്കം.

ഹൈന്ദവതയെ നിര്‍ണയിച്ച ഗോമാതാവിന്റെ പരാക്രമം
ഗോവധനിരോധം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അഭിവാജ്യഘടകമായിരുന്നുവെന്ന ചരിത്രസത്യം വിസ്മരിക്കരുതെന്ന് കേന്ദ്രവാണിജ്യമന്ത്രി നിര്‍മല സീതാറാം പാര്‍ലമെന്റില്‍ പറഞ്ഞപ്പോള്‍ ഒരു കാലഘട്ടത്തിന്റെ ചിന്താഗതിയെ മനഃപൂര്‍വം ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു അവര്‍. ഗോക്കള്‍ക്ക് വേണ്ടി സംഘടിതമായി ആദ്യം വാദിച്ചത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ആയിരിക്കാമെങ്കിലും ഹൈന്ദവതയെ നിര്‍ണയിക്കുന്ന ഒരു പ്രതീകമായി അതിനെ വളര്‍ത്തിക്കൊണ്ടുവന്നത് ആര്യസമാജ് സ്ഥാപകനായ സ്വാമി ദയാനന്ദ സരസ്വതിയാണെന്ന് അല്‍പം പിറകോട്ട് സഞ്ചരിച്ചാല്‍ മനസ്സിലാക്കാം. ഹൈന്ദവപുനരുത്ഥാനവാദത്തിന്റെ ചാലകശക്തിയായി വര്‍ത്തിച്ച പ്രതിനിധാനങ്ങളില്‍ മുഖ്യമായി പശു കയറിവരുന്നത് ഈ കാലഘട്ടത്തിലാണ്. ‘വേദത്തിലേക്ക് മടങ്ങുക’ എന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ മുദ്രാവാക്യം. എന്നാല്‍ വേദകാലത്ത് ഗോമാംസം സുഭിക്ഷം ഭക്ഷിച്ചിരുന്നതായി ആധികാരിക രേഖകളിലുണ്ട് എന്ന കാര്യം അദ്ദേഹം തമസ്‌കരിച്ചു. 250 മൃഗങ്ങളില്‍ ബലി അര്‍പ്പിക്കാന്‍ അനുയോജ്യമായ 50 എണ്ണത്തിന്റെ പേര് വേദങ്ങളില്‍ എടുത്തുപറയുന്നുണ്ട്. സിന്ധു നദീതട നാഗരിക കാലഘട്ടത്തില്‍ മാംസം ഭക്ഷണത്തിന്റെ മുഖ്യഘടകമായിരുന്നു. ഇറച്ചിച്ചന്തയില്‍ വിവിധതരം മാംസങ്ങള്‍ വില്‍ക്കുന്ന സ്ഥലങ്ങളെ ‘ഗോഗാതക(കന്നുകാലികള്‍), അറബിക (ചെമ്മരിയാട്), നാഗാരിക(മാന്‍) ശാകുന്തിക (കോഴികള്‍) ഗിദ്ദബുദ്ദക (ആമ) എന്നിങ്ങനെ വേര്‍തിരിച്ചതായി പുരാണങ്ങളില്‍ വായിക്കാം. ഋഗ്വേദത്തിലെ 162ാം ശ്ലോകം ചക്രവര്‍ത്തിമാര്‍ നടത്തുന്ന വിപുലമായ മൃഗബലിയെ കുറിച്ചുള്ളതാണ്. ദേവന്മാര്‍ക്ക് ഇഷ്ടപ്പെട്ട മാംസം ഏതെല്ലാം ഇനത്തില്‍പ്പെട്ടതാണെന്ന് വേദങ്ങളില്‍നിന്ന് മനസ്സിലാക്കാം. അഗ്‌നിദേവന് കാളയുടെയും മച്ചിപ്പശുവിന്റെയും ഇറച്ചിയോടാണത്രെ പ്രിയം. വിഷ്ണുവിന് ഉയരം കുറഞ്ഞ പശുവിന്റെ മാംസത്തോടാണത്രെ ഇഷ്ടം. ഇന്ദ്രന്‍ വളഞ്ഞ കൊമ്പുള്ള, ശിരസ്സില്‍ അടയാളങ്ങളുള്ള കാളകളുടെ ഇറച്ചിയാണ് കഴിച്ചിരുന്നത്. പുഷനാവട്ടെ കറുത്ത കാളകളുടെ മാംസത്തോടാണ് പ്രിയം കാണിച്ചത്. വിശിഷ്ടാതിഥികള്‍ക്ക് തടിച്ചുകൊഴുത്ത കാളയെയോ ആട്ടിനെയോ ബലി അര്‍പ്പിക്കണമെന്നാണ് വേദങ്ങള്‍ അനുശാസിക്കുന്നത്. അഗസ്ത്യമുനി നൂറ് കാളകളെ ബലിയറുത്തതിനെ കുറിച്ച് തായ്ത്തീരീയ ഉപനിഷത്തില്‍ പ്രശംസകള്‍ ചൊരിയുന്നുണ്ട്. അതിഥികളെ ആദരിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്നിടത്ത് വ്യാകരണപടു പാണിനി ‘ഗോഗ്‌ന’ (പശുവിനെ അറുക്കുന്നവന്‍) എന്ന വിശേഷണമാണ് ചാര്‍ത്തുന്നത്. ചുരുക്കത്തില്‍, മൃഗബലിയും മാംസഭോജനവും ആര്‍ഷഭാരത സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമായി വേണം വിലയിരുത്താന്‍. പിന്നെ എപ്പോഴാണ് പശു പുണ്യമൃഗമായി അവതരിക്കുന്നതും ഗോമാംസം ഭക്ഷിക്കുന്നവര്‍ മ്ലേഛന്മാരായി മാറുന്നതും എന്ന അന്വേഷണം പത്തൊമ്പതാംനൂറ്റാണ്ട് തൊട്ട് നാന്ദി കുറിച്ച ഹൈന്ദവ പുനരുത്ഥാനവാദക്കാരുടെ വിഭാഗീയമായ ഇടപെടലുകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അവസാനത്തെ മുഗള്‍ രാജാവ് ബഹദൂര്‍ ഷാ സഫര്‍ ഡല്‍ഹി മഹാനഗരത്തില്‍ ഗോവധം നിരോധിച്ചതിനെ കുറിച്ച് പലരും ഇപ്പോള്‍ അയവിറക്കുന്നുണ്ട്. ചരിത്രവസ്തുത അടര്‍ത്തിയെടുത്ത് തങ്ങളുടെ നികൃഷ്ടചെയ്തികളെ ന്യായീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണീ വാദം. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ട നിര്‍ണായക കാലസന്ധിയില്‍ ബ്രിട്ടീഷ് സൈന്യം ഡല്‍ഹിനഗരത്തില്‍ വന്ന് തമ്പടിക്കുകയുണ്ടായി. ഭക്ത്ഖാന്റെ നേതൃത്വത്തിലുള്ള ‘വഹാബി ഭരണം’ മൗലവിമാരെ ഒരുമിപ്പിച്ചുകൂട്ടി ജിഹാദിനു ആഹ്വാനം ചെയ്ത സന്ദര്‍ഭം. അതിനിടയില്‍, ബലിപെരുന്നാള്‍ ആഗതമായപ്പോള്‍ ടോങ്കില്‍നിന്ന് വന്ന പോരാളികള്‍ ജുമാമസ്ജിദിന്റെ മുന്‍വശത്തെ തുറന്ന സ്ഥലത്ത് പശുവിനെ ബലിയറുക്കാന്‍ ഒരുമ്പെട്ടു. ഇതിനെ എതിര്‍ക്കാന്‍ ആരെങ്കിലും മുന്നോട്ടുവന്നാല്‍, അവരെയും കൊല്ലുമെന്ന് ഭീഷണി മുഴക്കി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഹിന്ദുപട്ടാളക്കാര്‍ അഞ്ച് മുസ്‌ലിംകളുടെ കഴുത്തറുത്തു. ഹിന്ദുക്കളും മുസ്‌ലിംകളും സാമുദായികമായി ഭിന്നധ്രുവങ്ങളിലേക്ക് തിരിയുന്നത് കണ്ട് ബ്രിട്ടീഷ്‌സൈന്യം ആഹ്ലാദിച്ചു. വിഷയത്തിന്റെ ഗൗരവമുള്‍ക്കൊണ്ട ബഹദൂര്‍ ഷാ സഫര്‍, ഹിന്ദുമുസ്‌ലിം ഐക്യം തകരുന്നതോടെ, എല്ലാം നഷ്ടപ്പെടുമെന്ന ഭീതിയില്‍ ഗോക്കളെ കൊല്ലുന്നതും ഗോമാംസം ഭക്ഷിക്കുന്നതും തല്‍ക്കാലത്തേക്ക് നിരോധിച്ചു. വീടുവീടാന്തരം കയറിയിറങ്ങി ഗോക്കളുടെ കണക്കെടുക്കാനും മുഖ്യപൊലിസ് സ്‌റ്റേഷനില്‍ അവയെ കൊണ്ടെത്തിക്കാനും ആഹ്വാനം ചെയ്തു. ആയിരത്തോളം വരുന്ന മൃഗങ്ങളെ ഇങ്ങനെ ഒരിടത്ത് സൂക്ഷിക്കാന്‍ പ്രയാസമാണെന്ന് കണ്ടപ്പോള്‍ പശുക്കളെ അറുക്കില്ലെന്ന് ഉടമകളില്‍നിന്ന് എഴുതിവാങ്ങി. വാസ്തവത്തില്‍, ഇപ്പോള്‍ ഹിന്ദുത്വവാദികള്‍, അപരനിര്‍മിതിക്കായി ചെയ്യുന്നത് പോലെ, നടപ്പാക്കിയ ഗോവധനിരോധനമല്ല അത്. ശത്രുക്കളാല്‍ വളയപ്പെട്ട ഒരു നഗരത്തില്‍ തന്റെ പ്രജകള്‍ മതപരമായി ഭിന്നിക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ ചെയ്ത ബുദ്ധിപരമായ ഒരു നീക്കമായിരുന്നു.

1800കളുടെ അന്ത്യത്തില്‍ ആര്യസമാജിന്റെ നേതൃത്വത്തിലാണ് ഇന്നത്തെ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ ഗോവധനിരോധത്തിനായി വ്യാപക പ്രചാരണം കൊഴുക്കുന്നത്. ആദ്യകാല കോണ്‍ഗ്രസ് നേതാക്കള്‍ ഭൂരിഭാഗവും ആര്യസമാജിന്റെ കൂടി പ്രവര്‍ത്തകരാണെന്നതിനാല്‍ അവരും ഗോവധനിരോധത്തിനായി നിലകൊണ്ടു. 1891ല്‍ കോണ്‍ഗ്രസ് സമ്മേളനം നാഗ്പൂരില്‍ നടന്നപ്പോള്‍ ഗോരക്ഷക്‌സഭയുടെ യോഗവും അതിനോടനുബന്ധിച്ച് അരങ്ങേറുകയുണ്ടായി. താന്‍ തുടങ്ങിവെച്ച നിസ്സഹകരണ പ്രസ്ഥാനത്തിലേക്ക് ഹിന്ദുക്കളെയും മുസ്‌ലിംകളെയും ആകര്‍ഷിക്കുന്നതിനു ഗാന്ധിജി ചില പ്രതീകങ്ങളെ മുന്നില്‍ നിറുത്തിയിരുന്നു. തുര്‍ക്കി ഖിലാഫത്തിന്റെ നൈരന്തര്യത്തിനുള്ള പോരാട്ടത്തിലൂടെ മുസ്‌ലിംകളെയും ഗോവധ നിരോധനത്തിലൂടെ ഹിന്ദുക്കളെയും അദ്ദേഹം തന്നിലേക്കടുപ്പിച്ചു. ബിഹാറില്‍ ഗോശാല സ്ഥാപിച്ചു. ഗോസംരക്ഷണത്തിനു അദ്ദേഹം നല്‍കിയ പ്രാധാന്യം കാണുക: ”ഗോസംരക്ഷണം ഹിന്ദുയിസത്തിന്റെ ബാഹ്യമായ രൂപമാണ്. ഈ ഉദ്ദേശ്യത്തിനു വേണ്ടി ആര് ജീവന്‍ നല്‍കാന്‍ തയാറാവുന്നില്ല അവരെ ഞാന്‍ ഹിന്ദുവെന്ന് വിളിക്കില്ല. എന്റെ ജീവനെക്കാള്‍ പ്രിയപ്പെട്ടതാണ് എനിക്കത്’ – 1924ല്‍ ബെല്‍ഗാമില്‍ ചേര്‍ന്ന ഗോസംരക്ഷണ സമ്മേളനത്തില്‍ ഗാന്ധിജിയാണ് ആധ്യക്ഷം വഹിച്ചത്. അതേസമയം, ഗോസംരക്ഷണത്തിനായി നിയമനിര്‍മാണം നടത്തുന്നതിനു എതിരായിരുന്നു അദ്ദേഹം. മുസ്‌ലിംകളുടെമേല്‍ ഗോവധനിരോധം അടിച്ചേല്‍പിക്കുന്നതിനോട് അദ്ദേഹം ഒരിക്കലും യോജിച്ചിരുന്നില്ല.

നമ്മുടെ ഭരണഘടനയില്‍ മാര്‍ഗനിര്‍ദേശക തത്വങ്ങളുടെ പട്ടികയിലാണ് ഗോവധനിരോധം ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, അമ്പതുകളില്‍തന്നെ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗോവധം നിരോധിച്ചുകൊണ്ട് നിയമനിര്‍മാണം നടത്തി. ഇന്ദിരാഗാന്ധി അധികാരത്തില്‍ വന്ന 1966ല്‍ ഗോരക്ഷകരുടെ വേഷമണിഞ്ഞ സന്ന്യാസിമാരും മറ്റും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയത് നിരോധം ആവശ്യപ്പെട്ടാണ്. ആഭ്യന്തരമന്ത്രിയായിരുന്ന ഗുല്‍സാരി ലാല്‍ നന്ദ ഈ വിഭാഗത്തിനു അനുകൂലമായിരുന്നു. അതിന്റെ പേരില്‍ അദ്ദേഹത്തിനു സ്ഥാനമൊഴിയേണ്ടിവന്നു.
ദേശീയതലത്തില്‍ ഗോവധനിരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 1982ല്‍ മരിക്കുന്നതുവരെ വിനോബ ഭാവെ സമരത്തിലായിരുന്നു. 1980കളില്‍ രാമക്ഷേത്ര പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ആര്‍.എസ്.എസ് ഗോക്കളെ വിസ്മരിച്ചു. അതിനിടയില്‍, പശുഭ്രാന്തന്മാരില്‍ ചിലര്‍ നിരോധം ആവശ്യപ്പെട്ട് സുപ്രീംകോടതി വരെ പോവുകയുണ്ടായി. 2005ല്‍ ഒരു സര്‍ക്കാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് ഏഴംഗ സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടത് ഇങ്ങനെ:

ഗോസംരക്ഷണം മൗലികാവകാശമായി പരിഗണിക്കുകയും ഗോക്കളെയും കിടാങ്ങളെയും കടത്തിക്കൊണ്ടുപോകുന്നത് നിയമം കൊണ്ട് നിരോധിക്കുകയും ജാമ്യമില്ലാത്ത കുറ്റമായി കണക്കാക്കണമെന്നുമായിരുന്നു.

അപരനിര്‍മിതിയുടെ വര്‍ഗീയ അജണ്ട
ഇന്ന് ഗോക്കളെ കുറിച്ചുള്ള ഏത് ചര്‍ച്ചയും ഹിന്ദുവും മുസ്‌ലിമും തമ്മിലുള്ള പോരാട്ടത്തിന്റെ കാലുഷ്യത്തിലാണ് ചെന്നെത്തുന്നത്. യഥാര്‍ഥത്തില്‍ ഇത് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അപരനിര്‍മിതി തന്ത്രങ്ങള്‍ രൂപപ്പെടുത്തിയ പരികല്‍പനയില്‍നിന്ന് ഉല്‍ഭവിച്ചതാണ്. മുസ്‌ലിംകളും ക്രിസ്ത്യാനികളുമെല്ലാം പുറമെനിന്ന് കയറിവന്ന ‘മ്ലേച്ഛന്മാര്‍’ ആണെന്ന വിചാരഗതിയെ ബലപ്പെടുത്താനാണ് അവരെ ഹിന്ദുക്കളുടെ ദൈവമായ ഗോക്കളെ കൊല്ലുന്നവരും ഭക്ഷിക്കുന്നവരുമായ ‘അസുരന്മാരായി’ നോക്കിക്കാണുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് തൊട്ട്, ഹൈന്ദവപുനരുത്ഥാനവാദികള്‍ അതുകൊണ്ട് തന്നെ ഹൈന്ദവസമൂഹത്തെ ഏകോപിപ്പിക്കാനുള്ള കുറുക്കുവഴിയായി കണ്ടത് ഗോക്കളെ സംരക്ഷിക്കുന്നവരും കൊല്ലുന്നവരുമെന്ന ദ്വന്ദകാഴ്ചപ്പാട് വളര്‍ത്തിയെടുക്കലാണ്. എക്കാലത്തും ആര്‍.എസ്.എസ് ഈ ദിശയില്‍ ധ്രുവീകരണ, അപരനിര്‍മാണ പ്രക്രിയക്കായി വര്‍ത്തിച്ചിട്ടുണ്ടെങ്കിലും നരേന്ദ്രമോദിയുടെ അധികാരാരോഹണവും സംസ്ഥാനങ്ങള്‍ ഓരോന്നായി തങ്ങളുടെ രാഷ്ട്രീയാധിപത്യത്തിനു കീഴില്‍ വന്നതുമാണ് തീവ്ര കാഴ്ചപ്പാടുമായി മുന്നോട്ടുപോകാന്‍ ആത്മവിശ്വാസം പകര്‍ന്നത്.
ശാഹിദ്‌