ഒരു ഇടതുപക്ഷ കാമ്പസിന്റെ ജന്മനാളുകള്‍

ഒരു ഇടതുപക്ഷ കാമ്പസിന്റെ ജന്മനാളുകള്‍

മൂന്നു കോളേജുകളിലായാണ് ഞാന്‍ നാലു കൊല്ലത്തെ ബിരുദപഠനം പൂര്‍ത്തിയാക്കിയത്. രണ്ടു കൊല്ലത്തെ ഇന്റര്‍മീഡിയറ്റ് പഠനം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍, ബി.എസ് സി ഒന്നാം വര്‍ഷം കൊല്ലം ശ്രീ നാരായണ കോളജില്‍, അവസാന വര്‍ഷം തിരുവനന്തപുരം മഹാത്മാഗാന്ധി കോളജില്‍. മൂന്നു സ്ഥാപനങ്ങളും ധാരാളം പുതിയ അറിവും കാഴ്ചപ്പാടുകളും നേടാന്‍ ഏറെ സഹായിച്ചു. വിദ്യാഭ്യാസകാലത്തു നാം അറിവ് നേടുന്നത് ക്ലാസ് മുറികള്‍ക്കുള്ളില്‍ നിന്നു മാത്രമല്ല.

തിരുവിതാംകൂറില്‍ ഞാന്‍ സ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കുമ്പോള്‍ ആറു കോളേജുകളേ ഉണ്ടായിരുന്നുള്ളു: തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി, വിമന്‍സ്, ആലുവായിലെ യൂണിയന്‍ ക്രിസ്റ്റ്യന്‍, ചങ്ങനാശ്ശേരിയിലെ സെന്റ് ബര്‍ക്മന്‍സ്, കോട്ടയത്തെ സി.എം.എസ്, നാഗര്‍കോവിലിലെ സ്‌കോട്ട് ക്രിസ്റ്റ്യന്‍. ഡിഗ്രി പഠനകാലമായപ്പൊഴേക്കും എസ്.എന്നും എം.ജിയും സ്ഥാപിതമായി. രണ്ടിടത്തും ഞാന്‍ ഗണിതശാസ്ത്ര ബിരുദ വിഭാഗത്തിലെ ആദ്യ ബാച്ചുകളുടെ ഭാഗമായി. ഞാന്‍ എന്‍ജിനീയറിങ്ങിന് പോകണമെന്നാണ് അച്ഛന്‍ ആഗ്രഹിച്ചത്. എന്നാല്‍ അച്ഛന്‍ നടത്തിയിരുന്ന ദിനപത്രത്തിലെ പത്രപ്രവര്‍ത്തകരുമായി ഇടപഴകിയതിന്റെ ഫലമായി പത്രപ്രവര്‍ത്തനത്തിലേക്ക് തിരിയാന്‍ തീരുമാനിച്ചു. ഗണിതശാസ്ത്രത്തിലെ ബിരുദപഠനം ഒരു ഒത്തുതീര്‍പ്പായിരുന്നു. ഗണിതം വിടാതിരുന്നാല്‍ വേണ്ടിവന്നാല്‍ പിന്നീടും എന്‍ജിനീയറിങ്ങിനെ കുറിച്ച് ചിന്തിക്കാനാകുമെന്ന് അച്ഛനും ഞാനും കണക്കുകൂട്ടി.

എസ്. എന്‍. കോളേജ് വളരെ വേഗം ഒരു രാഷ്ട്രീയ പഠനശാലയായി. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഒന്നൊഴികെ എല്ലാ സ്ഥാനങ്ങളിലും വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഒ. മാധവന്‍ ആയിരുന്നു ചെയര്‍മാന്‍. കോന്നിയൂര്‍ പ്രഭാകരന്‍ നായര്‍ സെക്രട്ടറി. പുതുശ്ശേരി രാമചന്ദ്രന്‍ ഇന്റര്‍മീഡിയറ്റ് വിഭാഗത്തിന്റെ പ്രതിനിധി. ഒ. എന്‍.വി.കുറുപ്പായിരുന്നു ഒ. മാധവന്‍ തോല്പിച്ച സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. അദ്ദേഹം പിന്നീട് എസ്. എഫിലേക്ക് വരികയും ഉറച്ച ഇടതുപക്ഷക്കാരനാവുകയും ചെയ്തു. ബി.എ, ബി.എസ് സി. ക്ലാസ് പ്രതിനിധി സ്ഥാനത്തേക്ക് മത്സരിച്ച ഞാനായിരുന്നു തോറ്റ ഏക എസ്.എഫ് സ്ഥാനാര്‍ത്ഥി. ബി.എ. ക്ലാസിലെ അബ്ദുല്‍ അഹദ് ആണ് എന്നെ തോല്പിച്ചത്. ബി.എ. ക്ലാസില്‍ അമ്പതോളം വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. അവരില്‍ ഭൂരിപക്ഷവും അഹദിനെ പിന്തുണച്ചു. ബി.എസ് സി ക്ലാസില്‍ പതിനഞ്ചു പേരേ ഉണ്ടായിരുന്നുള്ളു. അഹദ് കായികതാരമെന്ന നിലയില്‍ പിന്നീട് കോളേജിന് പ്രശസ്തി നേടിത്തരികയും ഞങ്ങളുടെ അഭിമാനഭാജനമാവുകയും ചെയ്തു.

വിദ്യാര്‍ത്ഥി കോണ്‍ഗ്രസിന്റെ നേതാക്കള്‍ അവര്‍ക്ക് കൂടുതല്‍ അംഗബലമുള്ള ഇക്കണോമിക്‌സ് വിഭാഗത്തിന്റെ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ‘കമ്മ്യൂണിസം ഇന്ത്യക്ക് യോജിച്ചതല്ല’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ച എസ്.എഫ് ഒരു വെല്ലുവിളിയായി കണ്ടു. ഞങ്ങള്‍ പ്രമേയത്തെ കൂകി തോല്‍പ്പിക്കാന്‍ തയാറായി ഹാളില്‍ സ്ഥലം പിടിച്ചു. സംഘര്‍ഷഭരിതമായ അന്തരീഷത്തില്‍ ഇക്കണോമിക്‌സ് വിഭാഗം തലവന്‍ ഡോ. പി.സി. അലക്‌സാണ്ടര്‍ ആമുഖപ്രഭാഷണം ആരംഭിച്ചു. ഗഹനമായ വിഷയങ്ങള്‍ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നിക്കൊണ്ടുള്ള പ്രഭാഷണം ഏതാണ്ട് ഇങ്ങനെയാണ് അവസാനിച്ചത്: ‘പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ, ഈ ഹാളിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ അന്തര്‍ദേശീയ കമ്മ്യൂണിസത്തിന്റെ ഭാവി തീരുമാനിക്കപ്പെടാന്‍ പോകുന്നില്ലെന്ന് ദയവായി മനസിലാക്കുക.’ ചര്‍ച്ചയുടെ പ്രാധാന്യത്തെക്കുറിച്ച് ഞങ്ങളുടെ മനസുകളിലുണ്ടായിരുന്ന (‘ബാലിശമായ’ എന്ന പദം ബോധപൂര്‍വ്വം ഒഴിവാക്കുന്നു) ധാരണ അതോടെ ഇല്ലാതായി. വിഷയാവതാരകന് തടസം കൂടാതെ തനിക്ക് പറയാനുള്ളത് പറയാനായി. പ്രമേയം വോട്ടിനിട്ടപ്പോള്‍ തള്ളപ്പെട്ടു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

പിന്നീട് ഐ.എ.എസ് ഉദ്യോഗസ്ഥനായ അലക്‌സാണ്ടര്‍ പ്രധാനമന്ത്രിയുടെ സെക്രട്ടറി പദവി വരെ ഉയരുകയും അനന്തരം ഗവര്‍ണറായും രാജ്യസഭാംഗമായും പ്രവര്‍ത്തിക്കുകയും ചെയ്തു.

കോളേജ് അധികൃതര്‍ യൂണിയന്‍ ചെയര്‍മാനും സെക്രട്ടറിയും ഉള്‍പ്പെടെ ഏതാനും എസ്.എഫ് നേതാക്കളെ പുറത്താക്കിയത് വലിയ പ്രക്ഷോഭത്തിന് ഇടയാക്കി. പുറത്താക്കല്‍ തീരുമാനം അറിയിച്ചുകൊണ്ട് പ്രിന്‍സിപ്പല്‍ നോട്ടീസ് ബോര്‍ഡിലിട്ട അറിയിപ്പില്‍ അതിനെ തുടര്‍ന്ന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. അങ്ങനെ നടപടി എടുക്കാനുദ്ദേശിക്കുന്നവരുടെ പട്ടികയിലെ ആദ്യ പേര് എന്റെതായിരുന്നു.

അന്വേഷണം നടത്താതെയും കാരണം കാണിക്കല്‍ നോട്ടീസു പോലും നല്‍കാതെയും നേതാക്കള്‍ക്കെതിരെ എടുത്ത നടപടി എസ്.എഫിനെ അമര്‍ച്ച ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഉള്ളതായിരുന്നു. അറിയിപ്പ് വന്നയുടന്‍ എസ്. എഫ് സമരം പ്രഖ്യാപിച്ചു. ഓരോ ദിവസവും രണ്ടുപേര്‍ വീതം, പുറത്താക്കപ്പെട്ട ഒരാളും മറ്റൊരാളും കോളേജ് പടിക്കല്‍ സത്യഗ്രഹം നടത്തി അറസ്റ്റ് വരിച്ചു. ഒരു ദിവസം ഞങ്ങള്‍ പ്രിന്‍സിപ്പലിന്റെ മുറിക്ക് പുറത്തു തടിച്ചുകൂടി മുദ്രാവാക്യങ്ങളുയര്‍ത്തി. പ്രിന്‍സിപ്പല്‍ പൊലീസിനെ അകത്തേക്കു വിളിച്ചു. രോഷാകുലരായ ചില വിദ്യാര്‍ത്ഥികള്‍ ചെടികള്‍ വലിച്ചു പിഴുതു. പൊലീസുകാര്‍ ലാത്തിയും വീശി ഓടിനടന്ന് കയ്യില്‍ കിട്ടിയവരെ തൂക്കിയെടുത്തു ഇടിവണ്ടിയിലിട്ടു. അക്കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. വണ്ടിയില്‍ തുടങ്ങിയ മര്‍ദ്ദനം പൊലീസ് സ്റ്റേഷനിലും തുടര്‍ന്നു. രണ്ടിടത്തും ഓരോ അടി മേലില്‍ വീണശേഷം എന്നെ (അച്ഛനെ എന്നു പറയുന്നതാകും കൂടുതല്‍ ശരി) അറിയുന്ന ഒരു പൊലീസുകാരന്‍ ഓടിവന്നു തടഞ്ഞതുമൂലം വലിയ ക്ഷതമുണ്ടായില്ല. സന്ധ്യക്ക് എന്നെ ജാമ്യത്തിലിറക്കാന്‍ ചിറ്റപ്പനെത്തി. ഒപ്പം പൊലീസ് പിടിച്ചവര്‍ ലോക്കപ്പില്‍ കിടക്കുമ്പോള്‍ ഞാന്‍ ജാമ്യത്തിലിറങ്ങുന്നത് ശരിയാണോ എന്ന ചോദ്യം എന്റെ മനസില്‍ ഉയര്‍ന്നു. ഞാന്‍ അന്ന് ലോക്കപ്പിലുണ്ടായിരുന്ന എന്‍. ഗോപിനാഥന്‍ നായര്‍ (ജനയുഗം ഗോപി) എന്ന യുവ കമ്മ്യൂണിസ്റ്റിന്റെ ഉപദേശം തേടി. എസ്.എഫ് അറസ്റ്റ് വരിക്കാന്‍ നിയോഗിച്ചിട്ടില്ലായിരുന്നതുകൊണ്ട് എനിക്ക് ജാമ്യത്തിലിറങ്ങാമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ലോക്കപ്പിലെ രാത്രി താമസം ഒഴിവായി.

ഒരു എസ്.എഫ്. നേതാവിനെതിരായ സ്ത്രീപീഡനാരോപണം അന്വേഷിക്കാന്‍ സംഘടന നിയോഗിച്ച സമിതിയില്‍ ഞാനും അംഗമായിരുന്നു. അന്വേഷണം പൂര്‍ത്തിയായപ്പോഴാണ് സമരം തുടങ്ങിയത്. അതോടെ അന്വേഷണവുമായി മുന്നോട്ടു പോകേണ്ടെന്ന് ഞങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു.

ഞാന്‍ കോളേജ് മാനേജ്‌മെന്റിന്റെ അപ്രീതിക്കു പാത്രമായത് എസ്.എഫ് പ്രവര്‍ത്തനത്തെക്കാള്‍ ഗണിതശാസ്ത്രം പ്രൊഫസര്‍ ബാലകൃഷ്ണ ശര്‍മ്മയുമായുള്ള അടുപ്പം മൂലമാകണം. അദ്ദേഹമായിരുന്നു വകുപ്പിലെ പരിചയ സമ്പന്നനായ ഏക അധ്യാപകന്‍. ആന്ധ്രാസ്വദേശിയായ അദ്ദേഹം രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ പാകിസ്ഥാന്റെ ഭാഗമായ സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദ് നഗരത്തിലുള്ള ഒരു കോളേജില്‍ പ്രൊഫസറായിരുന്നു. സിന്ധില്‍ വര്‍ഗീയ ലഹള വ്യാപിച്ചപ്പോള്‍ അദ്ദേഹവും കുടുംബവും അഭയാര്‍ത്ഥികളായി കറാച്ചിയില്‍ നിന്ന് കപ്പല്‍ മാര്‍ഗം ഗുജറാത്തിലെ സൂറത്തിലെത്തി. അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുമ്പോള്‍ പ്രൊഫസര്‍മാരെ ആവശ്യമുണ്ടെന്ന എസ്.എന്‍. കോളേജിന്റെ പരസ്യം അദ്ദേഹം കണ്ടു. കുടുംബാംഗങ്ങളെ ക്യാമ്പില്‍ നിര്‍ത്തിയിട്ട് അദ്ദേഹം കൊല്ലത്തെത്തി ജോലിയില്‍ പ്രവേശിച്ചു. കോളേജ് ഹോസ്റ്റലിലെ ഒരു മുറിയിലായിരുന്നു താമസം.

ഹൈദരാബാദിലായിരുന്ന കാലത്ത് പി.ടി.ഐയുടെ മുന്‍ഗാമിയായ അസോഷ്യേറ്റഡ് പ്രസ് ഓഫ് ഇന്‍ഡ്യ എന്ന വാര്‍ത്താ ഏജന്‍സിയുടെ പാര്‍ട്ട്‌ടൈം പ്രതിനിധിയുമായിരുന്നു അദ്ദേഹം. ‘ഗണിതശാസ്ത്രവും പത്രപ്രവര്‍ത്തനവും ഒത്തുപോകുമോ?’ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ‘ഗണിതശാസ്ത്രം കൃത്യത ആവശ്യപ്പെടുന്നു. പത്രപ്രവര്‍ത്തനവും കൃത്യത ആവശ്യപ്പെടുന്നു. അതുകൊണ്ട് ഗണിതശാസ്ത്ര പരിജ്ഞാനം പത്രപ്രവര്‍ത്തകന് ഗുണകരമാകും’ എന്ന് അദ്ദേഹം മറുപടി നല്‍കി. അദ്ദേഹത്തിന്റെ വാക്കുകള്‍ എന്റെ പത്രപ്രവര്‍ത്തനമോഹം ശക്തിപ്പെടുത്തി.

ഒന്നാം ടേമിന്റെ അവസാന ദിവസം പ്രൊഫസര്‍ ബാലകൃഷ്ണ ശര്‍മ്മ ക്ലാസില്‍ വന്ന് ഞങ്ങളോട് വിട പറഞ്ഞു. ഇവിടെ വന്നു ജോലി ഏറ്റെടുത്ത ശേഷം മറ്റ് പ്രൊഫസര്‍മാര്‍ക്ക് നല്‍കുന്ന ശമ്പളം തനിക്ക് നല്‍കുന്നില്ലെന്ന് മനസിലാക്കിയതായി അദ്ദേഹം പറഞ്ഞു. മാനേജ്‌മെന്റ് അഭയാര്‍ത്ഥിയായ തന്റെ നിസ്സഹായാവസ്ഥ മുതലെടുക്കുകയായിരുന്നു. മറ്റ് പ്രൊഫസര്‍മാര്‍ക്ക് നല്‍കുന്ന ശമ്പളം തനിക്കും നല്‍കണമെന്ന ആവശ്യം മാനേജ്‌മെന്റ് നിരസിച്ചതുകൊണ്ട് രാജിവെച്ചു സൂറത്തിലെ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മടങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഒരു ഉപഹാരം വാങ്ങാനും ചെറിയ തോതില്‍ ചായ സല്‍ക്കാരം നടത്താനുമാവശ്യമായ പണം ഞങ്ങളുടെ കൈകളിലുണ്ടായിരുന്നില്ല. കമ്മി നികത്താന്‍ ഞാന്‍ പരിചയമുള്ള ഒരു എന്‍ജിനീയറെ ചെന്നു കണ്ട് 50 രൂപ കടം വാങ്ങി. പിണങ്ങിപ്പോയ പ്രൊഫസറോടുള്ള ഞങ്ങളുടെ സ്‌നേഹാദരപ്രകടനം മനേജ്‌മെന്റിന് ഇഷ്ടെപ്പട്ടില്ല.
കോളേജില്‍ രണ്ടു ദിവസത്തെ വാര്‍ഷികദിന പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ യൂണിയന്‍ അതു സംബന്ധിച്ച ചില ചുമതലകള്‍ ഞാന്‍ കണ്‍വീനറായുള്ള സമിതിയെ ഏല്പിച്ചു. മാനേജ്‌മെന്റ് സാമ്പത്തിക സഹായം നിഷേധിച്ചതുകൊണ്ട് പുറത്തുള്ളവര്‍ക്ക് ടിക്കറ്റ് വെച്ച് പ്രവേശനം നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. നഗരത്തിലെ പ്രമാണിമാരുടെ വീടുകള്‍ കയറിയിറങ്ങി കുറെ ടിക്കറ്റ് വിറ്റ് ആവശ്യമായ പണം സമാഹരിച്ചു. ഒരു നാടകത്തിനായുള്ള തിരയലിനിടയില്‍ ഒരു സഹപാഠി പുതിയ കൃതിയുമായി നടക്കുന്ന കെ.പി. കൊട്ടാരക്കരയെ പരിചയപ്പെടുത്തി. നാടകത്തില്‍ ഞങ്ങള്‍ ആഗ്രഹിക്കുന്ന വിപ്ലവാംശം കണ്ടതുകൊണ്ട് അത് അവതരിപ്പിക്കാന്‍ തീരുമാനിച്ചു. നാടകകൃത്തിന്റെ നേതൃത്വത്തില്‍ റിഹേഴ്‌സല്‍ തുടങ്ങി. വാര്‍ഷികദിനത്തിനു രണ്ടു ദിവസം മുമ്പ് വ്യക്തിപരമായ കാരണങ്ങളാല്‍ നായകന്‍ പിന്‍വാങ്ങി. ചുരുങ്ങിയ സമയത്തില്‍ മറ്റൊരാളെ ഡയലോഗ് മുഴുവനും പഠിപ്പിച്ചെടുക്കാന്‍ പ്രയാസമാകുമെന്നും അതുകൊണ്ട് പ്രധാന കഥാപാത്രത്തെ താന്‍ തന്നെ അവതരിപ്പിക്കാമെന്നുമുള്ള കൊട്ടാരക്കരയുടെ നിര്‍ദ്ദേശം ഞങ്ങള്‍ അംഗീകരിച്ചു. ആഘോഷപരിപാടികള്‍ തുടങ്ങുന്ന ദിവസം രാവിലെ ഒരു വിദ്യാര്‍ത്ഥി കോണ്‍ഗ്രസുകാരന്‍ എന്നെ സമീപിച്ച് യൂണിയന്‍ സമിതിയില്‍ അംഗമല്ലാത്ത എന്നെ പരിപാടികളുടെ ചുമതല ഏല്പിച്ചതും ടിക്കറ്റ് അച്ചടിച്ചു വിറ്റതും മുതല്‍ വിദ്യാര്‍ത്ഥിയല്ലാത്തയാളെ നാടകത്തില്‍ ഹീറോ ആക്കിയതു വരെ ഞങ്ങള്‍ ചെയ്തതെല്ലാം തെറ്റാണെന്നും അതിനാല്‍ പരിപാടി തടയുമെന്നും പറഞ്ഞു. ആളെ നല്ലതുപോലെ അറിയാമായിരുന്നതുകൊണ്ട് അത് അയാളുടെ മാത്രം തീരുമാനമാണെന്നും സംഘടന എടുത്തതല്ലെന്നും എനിക്ക് ഉറപ്പുണ്ടായിരുന്നു. പരസ്യപ്പെടുത്തിയ പരിപാടികള്‍ നടത്തുമെന്നും അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചാല്‍ നേരിടാനുള്ള കഴിവ് ഞങ്ങള്‍ക്കുണ്ടെന്നും ഞാന്‍ മറുപടി നല്‍കി. പരിപാടികള്‍ ഒരു തടസവും കൂടാതെ നടന്നു.

കെ.പി.കൊട്ടാരക്കര പില്‍ക്കാലത്ത് സിനിമാലോകത്ത് സ്ഥാനം നേടി. ഭാവി നാടകാചാര്യനായ ഒ. മാധവന്‍ ഒപ്പം ഉണ്ടായിരുന്നപ്പോഴാണ് നായകനാകാന്‍ പുറത്തുനിന്ന് ഒരാളെ കണ്ടെത്തിയതെന്ന് ആലോചിക്കുമ്പോള്‍ ഇപ്പോള്‍ അത്ഭുതം തോന്നുന്നു!

ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍ ആദ്യദിവസം അവതരിപ്പിച്ച സംഘഗാനം ചില വിദ്യാര്‍ത്ഥികളെ ചൊടിപ്പിച്ചു. അവര്‍ മറുപടി കൊടുക്കാന്‍ അവസരം ആവശ്യപ്പെട്ടു. ഗാനം ഒരു സ്ത്രീപക്ഷ രചനയായിരുന്നെങ്കിലും, നിനച്ചിരിക്കാത്ത നേരത്ത് അതിഥികള്‍ വന്നാല്‍ പെട്ടെന്ന് ആഹാരമുണ്ടാക്കാന്‍ മാനിനിമാര്‍ വേണം തുടങ്ങി ലാഘവത്തോടെ കാണേണ്ടവയായിരുന്നു അതിലെ പല പരാമര്‍ശങ്ങളും. അതുപോലെ ലാഘവത്തോടെയുള്ള സമീപനമാണെങ്കില്‍ മറുപടി ആകാമെന്ന് ഞാന്‍ പറഞ്ഞു. അടുത്ത ദിവസം പുരുഷ സംഘഗാനം അവതരിപ്പിക്കപ്പെട്ടു. തുടക്കം ഏതാണ്ട് ഇങ്ങനെയായിരുന്നു: മാനിനിമാരുടെ ആദിമമാതാ ഹവ്വാ തന്‍ ജന്മം, മാന്യന്‍ ആദാം നല്‍കിയൊരെല്ലാണെന്ന് ധരിക്കേണം, ആണെന്ന് ധരിക്കേണം!

ഞങ്ങളുടെ കാമ്പസ് കവികളുടെ കേളീരംഗമായിരുന്നു. ഒ.എന്‍.വിയും പുതുശ്ശേരിയും തിരുനെല്ലൂര്‍ കരുണാകരനും കോളേജിലെത്തുന്നതിനു മുമ്പെ കവികളെന്ന നിലയില്‍ ശ്രദ്ധ നേടിയിരുന്നു. കിഷന്‍ ചന്ദര്‍, ക്വാജാ അഹമ്മദ് അബ്ബാസ് എന്നീ പുരോഗമന സാഹിത്യകാരന്മാര്‍ ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് കോളേജില്‍ വരികയുണ്ടായി. കിഷന്‍ ചന്ദറിനെ സ്വാഗതം ചെയ്യാന്‍ രചിക്കപ്പെട്ട കവിത അദ്ദേഹത്തെ അഭിസംബോധന ചെയ്തത് ‘പടവാളും തൂലികയുമായി പൊരുതുന്ന കലാകാരാ!’ എന്നാണ്.

കല്‍ക്കത്താ തീസീസിന്റെ സ്വാധീനം പ്രകടമായിരുന്ന കാലമായിരുന്നു അത്. പുതുശ്ശേരി രാമചന്ദ്രന്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ സ്വന്തം നാട്ടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഘടകത്തിന്റെ സെക്രട്ടറിയായിരുന്നെന്നാണറിവ്. വെളിയം ഭാര്‍ഗവന്‍, തെങ്ങമം ബാലകൃഷ്ണന്‍ തുടങ്ങിയ ഭാവി നേതാക്കളും അന്ന് അവിടെയുണ്ടായിരുന്നു. കേരളത്തില്‍ ആദ്യമായി ഒരു കോളേജ് കാമ്പസില്‍ ഇടതുപക്ഷ പരിസരം രൂപപ്പെടുത്തിയത് ഇവരൊക്കെയടങ്ങുന്ന തലമുറയാണ്. അതിനായി ഞങ്ങള്‍ ആരെയും കൊന്നില്ല. ഞങ്ങളില്‍ ആരും കൊല്ലപ്പെട്ടുമില്ല.

സംഭവബഹുലമായ ആ വര്‍ഷം അവസാനിച്ചപ്പോള്‍ മറ്റൊരു കോളേജിനെ കുറിച്ച് ചിന്തിക്കാന്‍ അച്ഛന്‍ നിര്‍ദ്ദേശിച്ചു. മഹാത്മാ ഗാന്ധി കോളേജ് പ്രിന്‍സിപ്പല്‍ എനിക്ക് പ്രവേശനം നല്‍കാന്‍ തയാറായി. കോഴ്‌സിനിടയില്‍ കോളേജ് മാറുന്നതിന് സര്‍ക്കാരും സര്‍വകാലാശാലയും അനുവദിക്കണം. വിദ്യാഭ്യാസമന്ത്രി പനമ്പള്ളി ഗോവിന്ദമേനോന്‍ സര്‍ക്കാര്‍ അനുമതിയും, വൈസ് ചാന്‍സലര്‍ വി.കെ. നന്ദന്‍ മേനോന്‍ സര്‍വകലാശാലാ അനുമതിയും നല്‍കി. തുടര്‍ന്ന് എസ്.എന്‍. കോളേജിലെത്തി പ്രിന്‍സിപ്പലിനെ കണ്ട് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി. അടുത്ത ദിവസം അദ്ദേഹത്തിന്റെ ആപ്പീസില്‍ നിന്ന് പ്രിന്‍സിപ്പല്‍ ഒപ്പിട്ട ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റും കോണ്ടക്ട് സര്‍ട്ടിഫിക്കറ്റും ലഭിച്ചു. ആപ്പീസ് മുറിക്കു പുറത്തു കടന്നപ്പോള്‍ പെരുമാറ്റവും സ്വഭാവവും സംബന്ധിച്ച കോളത്തില്‍ ഡിമെശേളെമരീേൃ്യ (അതൃപ്തികരം) എന്ന് രേഖപ്പെടുത്തിയിരുന്നത് കണ്ടു. തിരികെ ചെന്ന് കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ് ഉപേക്ഷിച്ചിട്ട് പടിയിറങ്ങി.

അസുഖകരമായ അനുഭവങ്ങള്‍ ഉണ്ടായെങ്കിലും, പുതിയ അറിവും കാഴ്ചപ്പാടുകളും നല്‍കിയ ഒന്നായാണ്എസ്.എന്‍. കോളേജ് കാലം ഞാന്‍ ഓര്‍ക്കുന്നത്. $

ബി.ആര്‍.പി. ഭാസ്‌കര്‍