ചൈന: നാടുകടത്തപ്പെട്ട കുഞ്ഞുങ്ങളുടെ നാട്

ചൈന: നാടുകടത്തപ്പെട്ട കുഞ്ഞുങ്ങളുടെ നാട്

മനുഷ്യ ജീവിതത്തിലുട നീളം ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ പ്രത്യാഘാതങ്ങള്‍ എത്രമാത്രം ഭീകരമായിരിക്കും എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ചൈനീസ് ഗവണ്മെന്റ് നടപ്പിലാക്കിയ കടുത്ത ജനസംഖ്യാനിയന്ത്രണം. ചൈനയുടെ സാമൂഹിക, സാമ്പത്തിക അടിത്തറ തോണ്ടുകയും കടുത്ത പ്രത്യാഘാതങ്ങള്‍ക്ക് ഇട വരുത്തുകയും ചെയ്ത നടപടിയായിരുന്നു യഥാര്‍ത്ഥത്തില്‍ നിര്‍ബന്ധിത ജനസംഖ്യാ നിയന്ത്രണം. ഒരുപാട് കുടുംബങ്ങള്‍ ശിഥിലീകരിക്കപ്പെടാനും അതിലേറെ ജീവിതങ്ങള്‍ നശിപ്പിക്കപ്പെടാനും കാരണമായ ജനസംഖ്യാ നിയന്ത്രണത്തിന്റെ കെടുതികള്‍ ചൈനീസ് ജീവിതങ്ങളിലും, അമേരിക്കയിലേക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലേക്കും ദത്തെടുക്കപ്പെട്ട 120,000 കുട്ടികളുടെ ജീവിതത്തിലും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്

മെ ഫോങ്  എഴുതിയ ne Child: TheStory of China‑’s Most Radical Experiment‑, ആന്‍ ജോണ്‍സന്റെ China‑’s Hidden Children: Abandonment‑,  Adoption‑,  and the Human Costs of the One -Child Policy എന്നീ പുസ്തകങ്ങള്‍ ജനസംഖ്യാ നിയന്ത്രണ നയത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്. ജനസംഖ്യാ നിയന്ത്രണത്തിന്റെ ചരിത്രവും ആനുകാലികവും മെ ഫോങ് ചര്‍ച്ച ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ മറച്ചുവെക്കുകയോ തെറ്റിദ്ധാരണ പരത്തുകയോ ചെയ്ത ചൈനയില്‍ നിന്ന് പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കുണ്ടായ അനാഥക്കുഞ്ഞുങ്ങളുടെ ഒഴുക്കിന്റെ പിന്നാമ്പുറങ്ങളിലേക്ക് ചൂഴ്ന്നിറങ്ങി സമഗ്രാധിപത്യ ഭരണകൂടത്തിന്റെ ക്രൂരതകള്‍ക്ക് വിധേയരാവുന്ന സാധാരണ ജനങ്ങളുടെ ജീവിതചിത്രങ്ങള്‍ വരച്ചുകാണിക്കുകയാണ് ആന്‍ ജോണ്‍സണ്‍ ചെയ്യുന്നത്.

പുരുഷാധിപത്യ സമൂഹത്തിന് വേണ്ടാതെ ഉപേക്ഷിക്കപ്പെട്ടവരാണ് ചൈനയിലെയും മറ്റും ദത്തെടുക്കലിനായി വരുന്ന അനാഥക്കുട്ടികള്‍ എന്നാണ് പൊതുവെ പ്രചരിപ്പിക്കപ്പെട്ടിരുന്നത്. തങ്ങള്‍ സ്‌നേഹശൂന്യരായ കുടുംബങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ടവരോ ഒരു സ്ത്രീവിരുദ്ധ സംസ്‌കാരത്തിന്റെ സൃഷ്ടികളോ അല്ല, മറിച്ച് ഒരു സര്‍ക്കാര്‍ നയം കാരണം കുടുംബങ്ങളില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം വേര്‍പെടുത്തപ്പെട്ട നിസ്സഹായരായ ജന്മങ്ങളായിരുന്നു എന്ന സത്യം പാശ്ചാത്യര്‍ ദത്തെടുത്ത വളര്‍ന്ന് വരുന്ന തലമുറ അറിയേണ്ടതുണ്ട് എന്ന് ആന്‍ ജോണ്‍സണ്‍ തന്റെ ചൈനയിലെ രഹസ്യജന്മങ്ങള്‍  പുസ്തകത്തില്‍ പറഞ്ഞുവെക്കുന്നു. ഭരണ കൂടത്തിന്റെ മനുഷ്യത്വം തൊട്ടുതീണ്ടാത്ത നടപടികളുടെ ഒരുപാട് ഇരകളുടെ പ്രതിനിധിയാണ് ആന്‍ ജോണ്‍സണ്‍ വിവരിക്കുന്ന ക്‌സു ഗ്വാങ് വെന്നിന്റെയും  ഭാര്യ ജിയാങ് ലൈ ഫെങിന്റെയും അനുഭവം. 1994ലാണ് ഇരുവര്‍ക്കും ഒരു മകനുണ്ടാവുന്നത്. 1980ല്‍ ചൈനീസ് സര്‍ക്കാര്‍ അവതരിപ്പിച്ച ഏക ശിശു നയം എന്നത് ഒരു തെറ്റിദ്ധാരണാജനകമായ പേരാണ്. ചില സന്ദര്‍ഭങ്ങളില്‍ രണ്ടോ മൂന്നോ കുട്ടികള്‍ അനുവദിക്കപ്പെട്ടേക്കാം. ക്‌സുവിനും ജിയാങിനും ആദ്യം ജനിച്ചത് ഒരു പെണ്‍കുട്ടിയായിരുന്നെങ്കില്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു കുട്ടിയെ പ്രസവിക്കാന്‍ അനുവദിക്കുമായിരുന്നു. മകനായതിനാല്‍ പിന്നെ അത്തരം സാധ്യതകള്‍ ഒന്നും തന്നെയില്ല.. എന്നിട്ടും, രണ്ട് പേര്‍ക്കും മറ്റൊരു കുട്ടിയെ വേണമായിരുന്നു, ജിയാങിന് പ്രത്യേകിച്ച് ഒരു പെണ്‍കുട്ടിയെ. അവര്‍ വഴികള്‍ ആലോചിക്കാന്‍ തുടങ്ങി.

അവരുടെ പ്രദേശത്ത് ഉത്പാദനക്ഷമതയുള്ള എല്ലാ സ്ത്രീകളും ഗര്‍ഭ പരിശോധനയ്ക്കായി എല്ലാ മൂന്ന് മാസം കൂടുന്തോറും മൂത്രം ടെസ്റ്റിനായി കൊടുക്കണമായിരുന്നു. ഗര്‍ഭമുണ്ടെന്ന് മനസ്സിലായാല്‍ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് വിധേയമാവണം. ഈ നിയന്ത്രണങ്ങളില്‍ നിന്ന് വല്ല വിധേനയും രക്ഷപ്പെട്ട ദമ്പതികള്‍ പിന്നീട് പിടിക്കപ്പെട്ടാല്‍ പിഴ, വീട് പൊളിക്കല്‍, നിര്‍ബന്ധിത വന്ധ്യംകരണം തുടങ്ങിയ ശിക്ഷകള്‍ ലഭിക്കാം. ഇങ്ങനെയിരിക്കെ 2003ല്‍ ജിയാങ് ഗര്‍ഭിണിയായപ്പോള്‍ അവര്‍ കുട്ടിയെ വളര്‍ത്താന്‍ തന്നെ തീരുമാനിച്ചു, മകളാണെന്ന പ്രതീക്ഷയോടെ. ജിയാങ് തന്റെ ഒരു സുഹൃത്തിന്റെ മൂത്രം ഗര്‍ഭപരിശോധനയ്ക്ക് രഹസ്യമായി നല്‍കുകയും അങ്ങനെ നെഗറ്റീവ് റിസള്‍ട്ട് കാണിക്കുകയും ചെയ്തു. അവസാന മാസങ്ങളില്‍ അമ്മയുടെ വീട്ടില്‍ ഒളിച്ച് താമസിച്ച് കുട്ടിയെ അവിടെ വച്ച് പ്രസവിച്ചു. അവര്‍ അവളെ ഷേങ്ഷി (വിജയം) എന്ന് വിളിച്ചു. ഏതെങ്കിലും ഉദ്യോഗസ്ഥരുടെ കണ്ണില്‍പെട്ടാല്‍ കുട്ടിയെ കളഞ്ഞുകിട്ടിയതാണെന്ന് പറയാനും അവര്‍ തീരുമാനിച്ചു. നിര്‍ഭാഗ്യവശാല്‍ പ്രസവ നിയന്ത്രണത്തിന് മേല്‍നോട്ടം വഹിക്കാന്‍ പുതിയ ആള്‍ നിയമിക്കപ്പെട്ടു. അവരുടെ ഗ്രാമത്തില്‍ അനുമതിയില്ലാതെ ഒരു കുട്ടി പിറന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കുറക്കുമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. പുതിയ മേല്‍നോട്ടക്കാരന്‍ അനുമതിയില്ലാത്ത കുട്ടികളെ പറ്റി വിവരം നല്‍കുന്നവര്‍ക്ക് 380 ഡോളര്‍ രഹസ്യ പാരിതോഷികം പ്രഖ്യാപിച്ചു. അതിനിടയില്‍ ആരോ ഷേങ്ഷിയെ പറ്റി റിപ്പോര്‍ട്ട് ചെയ്തതിന്റെ ഫലമായി ഒരു ദിവസം ഏഴ് പേര്‍ വീടുവളഞ്ഞു. ഒമ്പത് മാസം പ്രായമായ ഷേങ്ഷിയെ അവര്‍ വാനില്‍ കയറ്റി കുടുംബാസൂത്രണ ഓഫീസിലേക്ക് കൊണ്ട് പോയി.
ക്‌സുവും ജിയാങും ഉദ്യോഗസ്ഥരോട് കരഞ്ഞപേക്ഷിച്ചു. ഷേങ്ഷി അവരുടെ കുട്ടിയാണെന്ന് സമ്മതിക്കുകയും, കുട്ടിയെ കിട്ടാന്‍ എന്തും ചെയ്യാമെന്നും, ഒരു അനുമതിയില്ലാത്ത ജനനത്തിന് അടക്കേണ്ട ഏറ്റവും വലിയ പിഴ അടക്കാമെന്നും പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. ഷേങ്ഷിയെ അനാഥാലയത്തില്‍ ആക്കണമെന്നും പറഞ്ഞ് ക്‌സുവിനെ കൊണ്ട് അവളെ കളഞ്ഞുകിട്ടിയതാണെന്ന് ഒപ്പിട്ട് വാങ്ങി. അനാഥാലയത്തില്‍ നിന്ന് അടുത്ത ദിവസം അവളെ ദത്തെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. ആ രാത്രി മുഴുവന്‍ അവര്‍ അനാഥാലയത്തിന്റെ പുറത്ത് കഴിച്ചു കൂട്ടി. പിറ്റേന്ന് രാവിലെ തന്നെ ഉദ്യോഗസ്ഥരെ കണ്ട് ഇന്നലെ കൊണ്ടുവന്ന കുട്ടി അവരുടേതാണെന്നും, അവളെ ഔദ്യോഗികമായി ദത്തെടുക്കാന്‍ താല്പര്യമുണ്ടെന്നും അറിയിച്ചു. ഒരുപാട് അപേക്ഷിച്ചെങ്കിലും കുട്ടിയെ ഒന്ന് കാണാന്‍ പോലും അവര്‍ക്ക് സമ്മതം ലഭിച്ചില്ല. കുടുംബത്തില്‍ നിന്ന് മറ്റ് രണ്ട് ദമ്പതികളെ ദത്തെടുക്കാന്‍ അയച്ചെങ്കിലും അവരും തിരിച്ചയക്കപ്പെട്ടു. കൂടുതല്‍ പണവും പാരിതോഷികങ്ങളും ലഭിക്കുമെന്നതിനാല്‍ അനാഥാലയങ്ങള്‍ക്ക് കുട്ടികളെ വിദേശികള്‍ക്ക് ദത്ത് കൊടുക്കാനായിരുന്നു താല്പര്യം. ഈ സംഭവം ആ കുടുംബത്തെ ഉലച്ചു കളഞ്ഞു. രാത്രികളില്‍ അവര്‍ കുഞ്ഞ് തിരിച്ചെത്തുന്നത് സ്വപ്‌നംകണ്ട് ഞെട്ടിയുണര്‍ന്നു. മൂന്ന് വര്‍ഷം വേണ്ടി വന്നു ജിയാങിന്റെ ജീവിതം സാധാരണ ഗതിയിലെത്താന്‍. കുട്ടികളില്ലാത്ത ഒരു അമേരിക്കന്‍ മധ്യവര്‍ഗ കുടുംബമാണ് ഷേങ്ഷിയെ ദത്തെടുത്തത്. ചൈനയില്‍ ലഭിക്കുമായിരുന്നതിനെക്കാള്‍ കൂടുതല്‍ വിദ്യാഭ്യാസവും അവസരങ്ങളോടെയും അവള്‍ അമേരിക്കയില്‍ വളര്‍ന്നു. പൊതുവെ പ്രചരിപ്പിക്കപ്പെടുന്നത് പോലെ, പെണ്‍കുഞ്ഞിന് വില നല്‍കാത്ത ഏതോ കുടുംബം ഉപേക്ഷിച്ചതാണ് താന്‍ എന്ന ബോധ്യത്തോടെയാണ് ഇത്തരം കുഞ്ഞുങ്ങള്‍ വളരുന്നത് എന്നതാണ് ഇതിലെ ക്രൂരമായ യാഥാര്‍ത്ഥ്യം. ചൈനയുടെ ജനസംഖ്യാ നയത്തിന്റെ അന്താരാഷ്ട്ര തലത്തില്‍ പ്രത്യക്ഷമായ ഫലം പടിഞ്ഞാറിലേക്കുള്ള അനാഥക്കുഞ്ഞുങ്ങളുടെ ഒഴുക്കായിരുന്നു. ജൈവികമായി രൂപപ്പെട്ട ദത്തെടുക്കലിന്റെ/ അനാഥസംരക്ഷണത്തിന്റെ ഒരു നീണ്ട പാരമ്പര്യം ചൈനയില്‍ നിലവിലുണ്ടായിരുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ലക്ഷ്യമാക്കി ഈ ജൈവിക സംവിധാനത്തെ തടഞ്ഞുനിര്‍ത്തുകയും അതുവഴി ഗവണ്മെന്റിന്റെ ആസൂത്രണത്തിന് പുറത്ത് ജനിച്ച കുഞ്ഞുങ്ങളെ പുറംതള്ളുകയുമാണ് ചൈനയുടെ ദത്തെടുക്കല്‍ നയം ചെയ്തത് എന്ന് ആന്‍ ജോണ്‍സണ്‍ നിരീക്ഷിക്കുന്നുണ്ട്. അനുവദിക്കപ്പെട്ട എണ്ണത്തിന് പുറത്തുള്ള കുട്ടികളെ ബന്ധുവീട്ടിലാക്കിയ ശേഷം ദമ്പതികള്‍ പിന്നെയും കുട്ടിക്ക് ശ്രമിക്കുന്നത് തടയാനായിരുന്നു പ്രാദേശിക ദത്തെടുക്കലിന് കടുത്ത വിലക്ക് ഏര്‍പ്പെടുത്തിയത്. പലപ്പോഴും അനുമതിയില്ലാതെ ജനിച്ച കുട്ടികളെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് അനാഥാലയങ്ങള്‍ക്ക് വിറ്റു. ഇങ്ങനെ ആഫ്രിക്കയില്‍ എത്തിപ്പെട്ട കുട്ടികളെക്കുറിച്ച് ചൈനയിലെ ഇമശഃശിമാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

1950ല്‍ പെകിങ് സര്‍വകാലാശാല പ്രസിഡന്റ് മാ യിഞ്ചു ചൈനയുടെ ത്വരിത ജനസംഖ്യാ വളര്‍ച്ച നിയന്ത്രിക്കാന്‍ കുടുംബാസൂത്രണം നടത്തണം എന്നഭിപ്രായപ്പെട്ടപ്പോള്‍ അയാളെ മാവോ പിരിച്ചുവിടുകയാണുണ്ടായത്. എന്നാല്‍ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ മുന്‍ റിപ്പോര്‍ട്ടര്‍ ഫോങ് എഴുതുന്നത് പോലെ, 1970 ആയപ്പോഴേക്കും ചൈന കുടുംബാസൂത്രണ പദ്ധതിയിലേക്ക് എത്തിച്ചേരുകയായിരുന്നു. 1980 സെപ്തംബറില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എല്ലാ പാര്‍ട്ടി മെമ്പര്‍മാരും ഒരു കുട്ടിയില്‍ ഒതുക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് തുറന്ന കത്തെഴുതി. നിര്‍ബന്ധിത വന്ധ്യംകരണവും ഗര്‍ഭച്ഛിദ്രവും, ചിലപ്പോള്‍ കുട്ടികളെ കിഡ്‌നാപ്പ് ചെയ്യലും വില്‍പ്പനയും വരെ എത്തിയ ഒരു നയത്തിന്റെ ആദ്യ പ്രഖ്യാപനമായിരുന്നു അത്. ‘ലോകത്തിലെ എറ്റവും സമൂലമായ സാമൂഹ്യ പരീക്ഷണമായിരുന്നു ഇത്, 35 വര്‍ഷം തുടര്‍ന്ന ഇത് ലോകത്തിലെ ആറില്‍ ഒരു കുട്ടിയുടെ ജനനം, ജീവിതം, മരണം എന്നിവ തീരുമാനിക്കും.’ ഫോങ് എഴുതുന്നു

ഉലിഴ തശമീുശിഴ ചൈനയുടെ ചുക്കാന്‍ ഏറ്റെടുത്തത് രാജ്യത്തെ പടിഞ്ഞാറിന് തുറന്നുകൊടുത്ത 1978ല്‍ ആണ്. അന്ന് ചൈനയുടെ ജനസംഖ്യാവര്‍ധന നിയത്രണത്തിനും ആധുനികവല്‍ക്കരണശ്രമങ്ങള്‍ക്കും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ആവശ്യത്തിന് പിന്തുണ ലഭിച്ചിരുന്നു. ചൈനക്ക് വലിയ ജനസംഖ്യാപ്രശ്‌നം ഉണ്ട് എന്നത് അപ്പോഴേക്കും പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. ഡെങ്ങ് കാലമായപ്പോഴേക്കും പോള്‍ ഏല്‍റിക്ക് എഴുതിയ ‘ദി പോപ്പുലേഷന്‍ ബോംബ്’ (1968) എന്ന പുസ്തകം അമേരിക്കയില്‍ വന്‍ അലയൊലികളുണ്ടാക്കുകയും ലിബറലുകളും കണ്‍സര്‍വേറ്റീവുകളും ഒരുപോലെ ലോകമെമ്പാടും ജനസംഖ്യാവളര്‍ച്ച നിയന്ത്രിക്കേണ്ട ആവശ്യം അംഗീകരിക്കുകയും ചെയ്തു. റിപ്പബ്ലിക്കന്‍സ് ജനന നിയന്ത്രണത്തിന് രാജ്യത്തിനകത്തും പുറത്തും നന്നായി ഫണ്ടിംഗ് നടത്തുന്ന കാലമാണിത്. റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്റ് ആയ ജോര്‍ജ്ജ് എച്.ഡബ്ല്യൂ. ബുഷിന് അയാളുടെ കുടുംബാസൂത്രണത്തിന്റെ പിന്‍താങ്ങല്‍ കാരണം ‘റബ്ബര്‍സ്’ എന്ന പേര് വീണ കാലം. അതുകൊണ്ട് ചൈനയുടെ ഏക ശിശു നയത്തിന് ഇതുവഴി പിന്തുണ ലഭിച്ചു. സ്റ്റാന്‍ഫോര്‍ഡിലെ ഗവേഷക വിദ്യാര്‍ഥി സ്റ്റീവ് മോഷര്‍ ഈ നയത്തിലെ ക്രൂരതയെ പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും, ചൈനയെ പിന്താങ്ങിക്കൊണ്ട് സര്‍വകലാശാല അയാളെ പുറത്താക്കുകയാണുണ്ടയത്.

ഒരു പുനരവലോകനം നടത്തുമ്പോള്‍ ചൈനയുടെ ജനസംഖ്യാനിയന്ത്രണ ശ്രമങ്ങള്‍ക്ക് പാശ്ചാത്യരില്‍ നിന്നും ലഭിച്ച പിന്തുണ ആ നയത്തിലെ ക്രൂരത കണ്ടില്ലെന്നു നടിച്ചാണ്. ചൈനയിലെ അര്‍ബന്‍ ബുദ്ധിജീവികള്‍ ഈ നയത്തെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചു പോന്നത്. എല്ലാ അഭിപ്രായ സര്‍വേകളിലും ചൈനയിലെ ഭൂരിപക്ഷവും സര്‍ക്കാര്‍ പ്രചരണം വിശ്വസിക്കുകയും നയത്തെ പിന്തുണക്കുക്കുകയും ചെയ്യുന്നതായി രേഖപ്പെടുത്തുകയും ചെയ്തു. മനുഷ്യാവകാശപ്രവര്‍ത്തകര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചുവെങ്കിലും, കുടുംബാസൂത്രണം അവരുടെയും ഒരു ഉത്കണ്ഠ ആയിരുന്നു. അല്പം കടുത്തതാണെങ്കിലും ജനസംഖ്യ കുറക്കാനും ജീവിത നിലവാരം കൂട്ടാനും സഹായിക്കുമെന്ന പ്രതീക്ഷയില്‍ പലരും നടപടികളെ പിന്തുണച്ചു. എന്നാല്‍ പിന്നാമ്പുറങ്ങളില്‍ നടക്കുന്ന ക്രൂരതകള്‍ പലരുടെയും കണ്ണ് തുറപ്പിച്ചു.

35 വര്‍ഷക്കാലം കൊണ്ട് ഏകദേശം 400 മില്ല്യണ്‍ ജനനങ്ങള്‍ തടഞ്ഞു എന്നാണ് ചൈന അവകാശപ്പെടുന്നത്, പക്ഷെ യഥാര്‍ത്ഥ സംഖ്യ അതിന്റെ പകുതിയോ അതിലും കുറവോ ആണെന്നാണ് ജനസംഖ്യാശാസ്ത്രജ്ഞരുടെ അഭിപ്രായം. ചില സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും, അതൊക്കെ നാമമാത്രമാണ്. ഒരു ശതമാനത്തിന്റെ പത്തിലൊന്ന് പോയന്റ് സാമ്പത്തിക വളര്‍ച്ചയാണ് ജനസംഖ്യാ നിയന്ത്രണ നയം ചൈനക്ക് ഉണ്ടാക്കിക്കൊടുത്തതെന്ന് സാമ്പത്തിക വിദഗ്ധരെ ഉദ്ധരിച്ച് ഫോങ് വിശദീകരിക്കുന്നുണ്ട്. യാഥാര്‍ത്ഥ്യം കൂടുതല്‍ സങ്കീര്‍ണമാണ്. പ്രത്യുല്പാദനം നിര്‍ത്തിവെക്കുമ്പോള്‍, പ്രസക്തി ഉള്ളതും താല്‍ക്കാലികവുമായ ഒരു ലാഭം സാമ്പത്തിക വളര്‍ച്ചയില്‍ ഉണ്ടാവുന്നുണ്ട്. ജനസംഖ്യയുടെ ഒരു വലിയ ഭാഗം പണിയെടുക്കുന്നവരായി മാറും. പക്ഷെ ഈ തൊഴിലാളി ജനസംഖ്യ വയസ്സാവുന്നതോടെ തുല്യമായ ഒരു സാമ്പത്തിക നഷ്ടവും ഉണ്ടാവും. ചൈനയില്‍ ജനങ്ങള്‍ക്ക് വയസ്സാകുന്തോറും അവരുടെ തൊഴിലാളി വര്‍ഗവും അനിശ്ചിതമായി ചുരുങ്ങിക്കൊണ്ടിരിക്കും. 2050 ആകുമ്പോഴേക്കും ചൈനയുടെ ജനസംഖ്യയുടെ ഒരു കാല്‍ഭാഗവും 65 വയസിന് മുകളിലുള്ളവരാവും എന്നാണ് കരുതുന്നത്. 2100ല്‍ അത് പകുതിയാവും. എല്ലാം സാമ്പത്തിക വളര്‍ച്ചയെ ബാധിക്കും.

ജനന നിയന്ത്രണ നയത്തിന്റെ അനന്തരഫലം അതിഭീകരമാവാനുള്ള ഒരു കാരണം ആണ്‍കുട്ടികള്‍ക്ക് നല്‍കിവരുന്ന മുന്‍ഗണനയാണ്. കുഞ്ഞ് പിറന്നാല്‍ അനുമോദിക്കുന്നതിന് മുമ്പ് കുട്ടിയുടെ ലിംഗം ചോദിക്കുമായിരുന്നു പലരും. മൂത്ത പെണ്‍കുട്ടികള്‍ക്കപ്പോള്‍ ‘ഇളയ ഒരു സഹോദരനെ കൊണ്ട് വരൂ’ എന്നര്‍ഥമുള്ള ‘ലെയ്ഡി’ അല്ലെങ്കില്‍ ‘യിന്‍ഡി’ (ഘമശറശ ീൃ ഥശിറശ) എന്നൊക്കെ പേരിടുമായിരുന്നു. ഒരു കുടുംബത്തിന് ഒരു കുട്ടി എന്ന നിയമം വന്നപ്പോള്‍ ആ ഒരു ‘ക്വാട്ട’ ഒരു പെണ്‍കുട്ടിക്ക് വേണ്ടി ഉപയോഗിക്കാന്‍ ആര്‍ക്കും താല്പര്യമുണ്ടായിരുന്നില്ല. 1990ല്‍ അള്‍ട്രാസൗണ്ട് വന്നപ്പോള്‍ ഓപ്പറേറ്ററെ സ്വാധീനിച്ച് കുട്ടിയുടെ ലിംഗം അറിഞ്ഞ് പെണ്‍കുട്ടിയാണെങ്കില്‍ ഗര്‍ഭഛിദ്രം ചെയ്യുന്നത് സാധാരണമായിരുന്നു. അതോടെ ചൈനയുടെ ലിംഗാനുപാതം വല്ലാതെ കുറയാന്‍ തുടങ്ങി. 100 പെണ്‍കുട്ടികള്‍ക്ക് 118 ആണ്‍കുട്ടികള്‍ എന്നതായി. ഫലം എന്താണെന്ന് വച്ചാല്‍ ലക്ഷക്കണക്കിന് ആണ്‍കുട്ടികള്‍ വിവാഹം കഴിക്കാന്‍ പറ്റാതെ ആയി. 12 വര്‍ഷം മുമ്പ് വലേരി ഹഡ്‌സണ്‍, ആന്‍ഡ്രിയ ബോയര്‍ എന്നീ ഗവേഷകര്‍ ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ വര്‍ദ്ധിച്ച പുരുഷ അനുപാതത്തിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ആനുപാതികമല്ലാത്ത ആണ്‍ സമൂഹങ്ങള്‍ അധികാരപ്രയോഗം നടത്തുന്നതും ഹിംസാത്മകവുമാണ് എന്ന് അവര്‍ പറഞ്ഞു വെച്ചു. ചൈനയിലെ ഇപ്പോഴത്തെ അതിദേശീയതയും ചെറുദ്വീപുകളുടെ മേലുള്ള അവകാശവാദവുമെല്ലാം വര്‍ധിച്ച പുരുഷാനുപാതത്തിന്റെ പ്രതിഫലനങ്ങളാണെന്ന വാദവും നിലവിലുണ്ട്.

പുരുഷനുപാതത്തിലെ ഈ വര്‍ധന ചില അര്‍ത്ഥത്തില്‍ സ്ത്രീ ശാക്തീകരണത്തിന് സഹായിച്ചിട്ടുണ്ട്. ജനന നിയന്ത്രണം കാരണം വിവാഹ കമ്പോളത്തില്‍ ഭര്‍ത്താവിന് സ്വന്തമായി വീടുണ്ടായിരിക്കണം, കൈലി (രമശഹശ) എന്ന് വിളിക്കുന്ന ‘സ്ത്രീധനം’ വധുവിനോ വധുവിന്റെ കുടുംബത്തിനോ കൊടുക്കണം തുടങ്ങിയ വിലപേശലുകള്‍ നടത്താന്‍ സ്ത്രീകള്‍ക്ക് സൗകര്യം ലഭിച്ചു. സ്ത്രീക്ഷാമം പല സാമൂഹിക പ്രശ്‌നങ്ങള്‍ക്കും കാരണമായി. കൃത്യമായ ശാരീരിക അനുപാതത്തിലുള്ള പെണ്‍ പാവകള്‍ അയ്യായിരം ഡോളറിനൊക്കെ മാര്‍ക്കറ്റില്‍ ലഭ്യമായിത്തുടങ്ങി. ‘ചൈനയില്‍ സ്ത്രീകള്‍ കുറയുകയാണെങ്കില്‍ എന്തുകൊണ്ട് കൃത്രിമ സ്ത്രീകളെ ഉണ്ടാക്കിക്കൂടാ?’ പാവ നിര്‍മാതാവ് ഫോങിനോട് വിശദീകരിച്ചു. ചര്‍മത്തിന് പകരം സിലിക്കണും റബ്ബറും, ചേര്‍ത്തും ക്രിത്രിമ മുടി ഉപയോഗിച്ചും സ്ത്രീ പാവകള്‍ മാര്‍ക്കറ്റുകളില്‍ സജീവമായിത്തുടങ്ങിയിട്ടുണ്ട്.

ഒക്ടോബര്‍ 2015 ന് ചൈന ഔദ്യോഗികമായി ജനസംഖ്യാ നിയന്ത്രണം നിര്‍ത്തലാക്കുകയും രണ്ട് കുട്ടികള്‍ വീതം ദമ്പതിമാര്‍ക്ക് അനുവദിക്കുകയും ചെയ്തു. ഈ നയം എങ്ങനെ നടപ്പിലാക്കുമെന്നോ, അത് നിര്‍ബന്ധിത ഗര്‍ഭ ഛിദ്രവും വന്ധ്യംകരണവും നിര്‍ത്തലാക്കുമോ എന്നും സര്‍ക്കാറിന് വ്യക്തതയില്ല. ഉദ്ദേശ്യ ലക്ഷ്യങ്ങളിലെ ശരികേടുകള്‍ക്കപ്പുറം കടുത്ത മൗലികാവകാശ ലംഘനങ്ങള്‍ക്കാണ് ചൈനയുടെ ജനസംഖ്യാനിയന്ത്രണം വഴിവെച്ചത്. ചൈനയുടെ നിര്‍ബന്ധിത ജനസംഖ്യാനിയന്ത്രണ നയത്തിന് ആന്‍ ജോണ്‍സണ്‍ ഇങ്ങനെ ഒരു മരണക്കുറിപ്പ് എഴുതുന്നു:

‘അസംഖ്യം കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും തകര്‍ത്തെറിയുകയും ശിക്ഷിക്കുകയും ചെയ്ത ഈ നയത്തിന് ദേശീയ ജനനനിരക്ക് വളരെ അധികം കുറഞ്ഞ അവസരത്തില്‍, എന്നെന്നേക്കുമായി അന്ത്യമാവുമെന്നും ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ മറ്റു ക്രൂരതകളുടെ കൂട്ടത്തില്‍ അന്ത്യവിശ്രമം ചെയ്യുമെന്നും മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം നമുക്ക് പ്രത്യാശിക്കാം.’

സഹല്‍. ബി