ലീഗ് ലീഡറെ ഡല്‍ഹിക്ക് പറഞ്ഞുവിടുമ്പോള്‍

ലീഗ് ലീഡറെ ഡല്‍ഹിക്ക് പറഞ്ഞുവിടുമ്പോള്‍

ഖാഇദെമില്ലത്ത് ഇസ്മാഈല്‍ സാഹിബ്, മഹ്ബൂബെ മില്ലത്ത് ഇബ്രാഹീം സുലൈമാന്‍ സേട്ട്, ഗുലാം മഹ്മൂദ് ബനാത്ത്‌വാല, ഇ.അഹമ്മദ് എന്നീ നേതാക്കളുടെ ‘ദറജ’യിലേക്ക് പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടിയും ഉയര്‍ത്തപ്പെട്ടിരിക്കുന്നു. രാഷ്ട്രീയകേരളം ഒരുല്‍സവാരവത്തോടെയാണ് അദ്ദേഹത്തിന്റെ ഈ സ്ഥാനലബ്ധിയെ നോക്കിക്കണ്ടതെന്ന് 2017ഏപ്രില്‍ 17നു രാവിലെ പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍നിന്ന് 1,71,023 വോട്ടിന്റെ ഭൂരിപക്ഷത്തിനു തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കണ്ട ആവേശം സാക്ഷ്യപ്പെടുത്തുന്നുണ്ട്. 2004ല്‍, ഇന്നത്തെ പാര്‍ട്ടി ജന.സെക്രട്ടറി കെ.പി.എ മജീദ് ആ ‘ദറജ’ കരസ്ഥമാക്കാന്‍ ഒരു ശ്രമം നടത്തിയപ്പോള്‍ താങ്കള്‍ അതിനു മാത്രം വളര്‍ന്നിട്ടില്ല എന്ന വിധിയെഴുത്തിലൂടെ കമ്യൂണിസ്റ്റ് കുപ്പായമിട്ട ടി.കെ ഹംസയെയാണ് മലപ്പുറത്തുകാര്‍ പാര്‍ലമെന്റിലേക്ക് പറഞ്ഞയച്ചത്. ഇസ്മാഈല്‍ സാഹിബും സേട്ടുസാഹിബുമൊക്കെ നിഷ്പ്രയാസം ജയിച്ചുകയറിയ ഒരു മണ്ഡലത്തില്‍നിന്ന് മുസ്‌ലിം ലീഗിന്റെ എക്കാലത്തെയും കരുത്തനായ ‘ലീഡര്‍’ കുഞ്ഞാലിക്കുട്ടി വന്‍ഭൂരിപക്ഷത്തോടെ ജയിച്ചുകയറുന്നതില്‍ ഒരത്ഭുതമോ വാര്‍ത്താപ്രാധാന്യമോ ഇല്ല. കുഞ്ഞാപ്പ തോല്‍ക്കുകയോ കിട്ടിയവോട്ട് വിഹിതത്തില്‍ ഇടിവ് സംഭവിക്കുകയോ ചെയ്താലേ വാര്‍ത്തയാവുന്നുള്ളൂ. എന്നിട്ടും എന്തുകൊണ്ട് മലപ്പുറം ഉപതെരഞ്ഞെടുപ്പിനെ ജനം സാകൂതം നോക്കിക്കണ്ടു എന്ന ചോദ്യത്തിന്, സംസ്ഥാന ലീഗിന്റെ കടിഞ്ഞാണ്‍ കൈവെള്ളയിലിട്ട് അമ്മാനമാടുന്ന കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലേക്ക് ചേക്കേറുന്നതിലെ യുക്തി എത്ര ചിന്തിച്ചിട്ടും മനസ്സിലാക്കാനാവാത്ത ജനത്തിന്റെ അമ്പരപ്പാണ് മുഖ്യകാരണമെന്ന് മറുപടി വന്നേക്കാം. തെരഞ്ഞെടുപ്പ് ഗോദ മാപ്പിളമണ്ണിലാണെന്ന വസ്തുത ജനങ്ങളില്‍ വളര്‍ത്തിയ കൗതുകത്തിലപ്പുറം ആകാംക്ഷ ജനിപ്പിക്കുന്നതൊന്നും അതിലില്ല എന്നതാണ് യാഥാര്‍ഥ്യം. കരുത്തനായ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തി ഒരുകൈ നോക്കാമെന്നെങ്കിലും സി.പി.എം ആഗ്രഹിച്ചിരുന്നുവെങ്കില്‍ വീറും വാശിയുമുള്ള ഒരു രണാങ്കണം കാണാന്‍ സാധിച്ചേനെ. അതുണ്ടായില്ല എന്ന് മാത്രമല്ല, ലീഗ് നിയമസഭാകക്ഷി നേതാവിനു ഈസി വാക്കോവറിനു കളമൊരുക്കാന്‍ സി.പി.എം എല്ലാവിധ ഒത്താശകളും ചെയ്തുകൊടുക്കുകയാണോയെന്ന് ജനങ്ങളില്‍ സംശയം ജനിപ്പിക്കുമാറ് ഇടതുനേതൃത്വം ലാഘവബുദ്ധിയോടെയാണ് പ്രചാരണങ്ങളില്‍ പോലും ഏര്‍പ്പെട്ടത്.

സംസ്ഥാന രാഷ്ട്രീയത്തില്‍നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് ലീഗ് നേതാക്കളെ പറഞ്ഞയക്കുന്ന സമ്പ്രദായം തുടങ്ങിയിട്ട് കാലമേറെയായി. പാര്‍ട്ടിയെ ശക്തിപ്പെടുത്താനും ദേശീയരാഷ്ട്രീയത്തില്‍ പാര്‍ട്ടിയുടെ പങ്കാളിത്തം കൂടുതല്‍ സജീവമാക്കാനുമുള്ള മഹാപദ്ധതിയായാണ് പുറമേക്ക് ഇത് അവതരിപ്പിക്കപ്പെടാറ്. പുറത്തുപറയാത്ത ചില കാരണങ്ങള്‍ അതിനുപിന്നിലുണ്ടാവുമെന്നതാണ് സത്യം. പാര്‍ട്ടി സ്ഥാപകനേതാവ് ഇസ്മാഈല്‍ സാഹിബിന്റെ വിയോഗത്തോടെ( 1973ജനുവരി23ന് ) ഒഴിവു വന്ന മഞ്ചേരി പാര്‍ലമെന്റ് മണ്ഡലം വഴി സി.എച്ച് മുഹമ്മദ് കോയയെ ഡല്‍ഹിയിലേക്ക് പറഞ്ഞയച്ചത് പുതിയ പ്രസിഡന്റ് അബ്ദുറഹ്മാന്‍ ബാഫഖിതങ്ങള്‍ക്ക് പ്രാപ്തനായ ഒരു സഹായി വേണമെന്ന ന്യായീകരണത്തിലായിരുന്നു.

വാസ്തവത്തില്‍ സി.എച്ചിനെ നാടുകടത്താനുള്ള ഒരു വിഭാഗം നേതാക്കളുടെ ഗൂഢാലോചനയായിരുന്നു അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. അതിനു ചില കാരണങ്ങള്‍ കണ്ടെത്തി എന്നുമാത്രമല്ല, ബാഫഖിതങ്ങളെ ബോധ്യപ്പെടുത്തിയെന്നും ലീഗിന്റെ അണിയറയില്‍ ഇപ്പോഴും അടക്കം പറച്ചിലായി ശേഷിക്കുന്നുണ്ട്. എന്തുതന്നെയായാലും സി.എച്ചിനെ നാടുകടത്തിയത് പാര്‍ട്ടിക്കുള്ളില്‍ കലാപത്തീ ഊതിക്കത്തിച്ചു. താമസിയാതെ പാര്‍ട്ടിയുടെ പിളര്‍പ്പിലേക്കാണ് കാര്യങ്ങള്‍ ചെന്നുകലാശിച്ചത്. യൂണിയന്‍ മുസ്‌ലിം ലീഗും അഖിലേന്ത്യാ ലീഗും പതിനൊന്നു വര്‍ഷത്തെ പരസ്പര പോരാട്ടത്തിനു ശേഷം ‘ശരീഅത്ത് വിവാദത്തിലൂടെ ‘ വീണ്ടും ഒന്നായെങ്കിലും നേതാക്കള്‍ തമ്മില്‍ പാരപണിയുന്ന പ്രക്രിയ നിര്‍ബാധം തുടര്‍ന്നു. സമീപകാലത്ത് അതിനെല്ലാം നേതൃത്വം കൊടുത്തത് പി.കെ കുഞ്ഞാലിക്കുട്ടിയല്ലാതെ മറ്റാരുമായിരുന്നില്ല. സി.എച്ച് കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ ഏറ്റവും ജനകീയനായ നേതാവായിരുന്ന സീതി ഹാജിയെ മൂലക്കിരുത്താന്‍ കെണിയൊരുക്കിയായിരുന്നു അരങ്ങേറ്റം. വ്യവസായ മന്ത്രിയായി തിളങ്ങിനിന്ന ഇ.അഹമ്മദിനെ കുഞ്ഞാലിക്കുട്ടിയും സംഘവും ഡല്‍ഹിയിലേക്ക് കെട്ടുകെട്ടിച്ചത് ദേശീയരാഷ്ട്രീയം മെച്ചപ്പെടുത്താനായിരുന്നു. പക്ഷേ അഹമ്മദ് സാഹിബാവട്ടെ; താന്‍ എവിടെ വീണാലും നാല് കാലിന്മേലേ വീഴൂ എന്ന് ജീവിതം കൊണ്ട് തെളിയിച്ചു. യു.എന്നിലെ സ്ഥിരം സന്ദര്‍ശകനും കേന്ദ്രമന്ത്രിയുമൊക്കെ ആയി വളര്‍ന്ന് പാര്‍ട്ടിക്കുള്ളിലെ രാഷ്ട്രീയ എതിരാളികളെ നിഷ്പ്രഭമാക്കി. വിദ്യാഭ്യാസമന്ത്രിയായി തിളങ്ങിയ ഇ.ടി മുഹമ്മദ് ബഷീറിനും ഡല്‍ഹിയിലേക്ക് രാഷ്ട്രീയ ട്രാന്‍സ്ഫര്‍ ഒരുക്കിക്കൊടുത്തത് ലീഗ് ലീഡര്‍ തന്നെയാണ്; അധികം ശോഭിക്കേണ്ട എന്ന താക്കീതോടെ. അപ്പോഴൊന്നും തന്നെ, പി.കെ കുഞ്ഞാലിക്കുട്ടിക്ക് വാളയാര്‍ ചുരത്തിനപ്പുറം ഒരു രാഷ്ട്രീയനിയോഗമുണ്ടെന്ന് ആരും സ്വപ്‌നേപി നിനച്ചിരുന്നില്ല. ഇ. അഹമ്മദിന്റെ വിയോഗം സൃഷ്ടിച്ച വിടവിലേക്ക് താന്‍ തന്നെയാണ് അനുയോജ്യന്‍ എന്ന് അദ്ദേഹത്തെ കൊണ്ട് ചിന്തിപ്പിച്ച ചേതോവികാരം എന്താണെന്നതിനു ഇതുവരെ ആര്‍ക്കും തൃപ്തികരമായ ഒരുത്തരം കണ്ടെത്താനായിട്ടില്ല. ഇ.അഹമ്മദിനു ജീവിതാന്ത്യത്തില്‍ കിട്ടിയ ആദരവും അംഗീകാരവും അധികാരത്തിന്റെ സോപാനങ്ങളില്‍ എത്രയോ തവണ ഇരുന്ന് മടുത്ത കുഞ്ഞാപ്പയെ വല്ലാതെ മോഹിപ്പിച്ചുവോ എന്ന ചോദ്യമാണ് ചിലര്‍ ഉയര്‍ത്തുന്നത്. അതല്ല, ഗള്‍ഫ് രാജ്യങ്ങളിലെ ബിസിനസ് പുഷ്ടിപ്പെടുത്താന്‍ എം.പിയുടെ ഗ്രീന്‍ ചാനല്‍ സ്റ്റാറ്റസ് ഫലപ്രദമായി വിനിയോഗിക്കാമെന്ന കണക്കുകൂട്ടല്‍ കേരളരാഷ്ട്രീയത്തോട് വിട ചൊല്ലാന്‍ പ്രേരിപ്പിച്ചുവോ? അതുമല്ല, കേരളത്തില്‍ യു.ഡി.എഫിനും മുസ്‌ലിം ലീഗിനും കാര്യമായ ഭാവിയൊന്നുമില്ല എന്ന സ്വയം വിലയിരുത്തല്‍ ഡല്‍ഹിയില്‍ പുതിയ മേച്ചില്‍പുറം സ്വപ്‌നം കാണാന്‍ പ്രചോദനം നല്‍കിയതാണോ? അഹമ്മദ് സാഹിബിന്റെ വിയോഗത്തോടെ തനിക്കു മുകളില്‍ ഇനി ആരുമില്ല എന്ന നിശ്ചയത്തോടെ, ദേശീയ, സംസ്ഥാന നേതൃത്വം മുഴുവന്‍ തന്റെ കൈക്കുമ്പിളില്‍ ഒതുക്കാനുള്ള ഒരു നേതാവിന്റെ സമഗ്രാധിപത്യബുദ്ധിയാണ് പുതിയ ഇറങ്ങിപ്പുറപ്പാടിനു പിന്നിലെന്ന് കാണാന്‍ വലിയ ബുദ്ധിയൊന്നും വേണ്ടതില്ല. പക്ഷേ പറഞ്ഞിട്ടെന്തുഫലം? ഒരു ദേശീയനേതാവിന്റെ സ്റ്റഫല്ല കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയജീവിതം. സേട്ടുവും ബനാത്ത്‌വാലയുമൊക്കെ ഇരുന്ന പാര്‍ലമെന്റ് സീറ്റില്‍ ഇരുന്ന് തനിക്ക് ഒന്നും ചെയ്യാനില്ല എന്ന് എല്ലാവരെക്കാളും മനസ്സിലാക്കിയിട്ടുണ്ടാവുക കുഞ്ഞാലിക്കുട്ടി തന്നെയായിരിക്കും. ബി.ജെ.പി സകലതന്ത്രങ്ങളുമായി കേരളത്തിന്റെ പടിവാതില്‍ക്കല്‍ വന്ന് സദാ ഭീഷണി ഉയര്‍ത്തുന്ന ഒരു ദശാസന്ധിയില്‍, 1970ല്‍ ഇവിടെ വേരൂന്നിയ യു.ഡി.എഫ് സംവിധാനം ശിഥിലീഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തില്‍ കുഞ്ഞാലിക്കുട്ടി എല്ലാം വിധിക്കു വിട്ടേച്ചുപോകുന്നത് മിതമായി പറഞ്ഞാല്‍ ക്രൂരത തന്നെ. ലീഗ് നിയമസഭാ കക്ഷി നേതാവായി ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പോലും സര്‍വാംഗീകൃതനായ ഒരാളില്ലാത്ത ദുരവസ്ഥ കുഞ്ഞാപ്പ കൈമാറിയ പൈതൃകമാണെങ്കിലും അദ്ദേഹത്തിന്റെ അഭാവം ലീഗിനകത്ത് പോലും അസ്വാസ്ഥ്യങ്ങള്‍ വിതക്കാതിരിക്കില്ല. തന്റെ ഇംഗിതങ്ങള്‍ മാത്രം നടപ്പാക്കുന്ന, തിരിച്ചുവരുന്ന നിമിഷം കസേര ഒഴിച്ചുതരുന്ന ഒരു നേതാവിനെ, മിക്കവാറും കെ.പി.എ മജീദിന്റെ രൂപത്തിലുള്ള ഒരു വിധേയനെ നിയമസഭാകക്ഷി നേതാവായി പ്രതിഷ്ഠിക്കാനുള്ള തന്ത്രങ്ങള്‍ ഇതിനകം അണിയറയില്‍ മെനഞ്ഞുകഴിഞ്ഞിട്ടുണ്ട്.വേങ്ങര ഉപതെരഞ്ഞെടുപ്പിലൂടെ അത് നടപ്പാക്കുമ്പോള്‍ പൂര്‍ണജയം കുഞ്ഞാപ്പയുടേത് മാത്രമായിരിക്കും. ഫാറൂഖ് കോളജിലെ വിദ്യാര്‍ഥിജീവിതകാലത്ത് ജമാഅത്തെ ഇസ്‌ലാമിയുടെ പോഷകഘടകമായ ഐ.എസ്.എല്ലിലൂടെ പൊതുരംഗത്തേക്ക് മുഖം കാണിച്ച പി.കെ കുഞ്ഞാലിക്കുട്ടി എന്ന തന്ത്രജ്ഞനായ നേതാവിന്റെ പാര്‍ലമെന്ററി സ്വപ്‌നങ്ങള്‍ക്ക് ഇനിയും എത്ര വര്‍ണമെന്ന് കാലത്തിനേ ഉത്തരം പറയാന്‍ സാധിക്കൂ.

വിധിയെഴുത്തിന്റെ അന്തഃസത്ത
കുഞ്ഞാപ്പയെ ഡല്‍ഹിയിലേക്ക് തൊടുത്തുവിട്ട മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം വിവിധകോണുകളിലൂടെ അപഗ്രഥിക്കപ്പെടുന്നതിലെ പോഴത്തം ആരും ചൂണ്ടിക്കാണിക്കാത്തത് ശാഹിദിനെ ആശ്ചര്യപ്പെടുത്തുന്നുണ്ട്. 8085ശതമാനം മുസ്‌ലിംകള്‍ അധിവസിക്കുന്ന, മലപ്പുറവും മഞ്ചേരിയും വേങ്ങരയുമൊക്കെ ഉള്‍ക്കൊള്ളുന്ന ഒരു മേഖലയില്‍നിന്ന് ലീഗിന്റെ അമരക്കാരന്‍ എത്രലക്ഷം വോട്ട് നേടി തെരഞ്ഞെടുക്കപ്പെട്ടാലും അതിലെന്താണ് അദ്ഭുതം? മലപ്പുറം മുസ്‌ലിം ലീഗിന്റെ ഈറ്റില്ലമല്ലെങ്കിലും പോറ്റില്ലമാണ്. ആന കുത്തിയാല്‍ ഇളകാത്ത പച്ചക്കോട്ടയായാണ് എന്നും അതറിയപ്പെട്ടിരുന്നത്. ഇന്ത്യയില്‍ മലപ്പുറം മാത്രമേ അങ്ങനെയുള്ളൂവെന്ന പരിമിതിയെ കുറിച്ച് പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വത്തിലേക്ക് സ്വയം അവരോധിക്കപ്പെട്ട കുഞ്ഞാലിക്കുട്ടി സാഹിബ് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്നറിയില്ല. ഒരുവേള, മുസ്‌ലിം ലീഗ് അഖിലേന്ത്യാ പാര്‍ട്ടിയായിരുന്നു. പാര്‍ലമെന്റില്‍ ആറ് അംഗങ്ങള്‍ വരെ ഉണ്ടായിരുന്ന കാലഘട്ടമുണ്ടായിരുന്നു. ബംഗാളിലും തമിഴ്‌നാട്ടിലും കേരളത്തിലും സംസ്ഥാന ഭരണത്തില്‍ സജീവ പങ്കാളിത്തം വഹിച്ച ആ കാലഘട്ടത്തില്‍ ലീഗിന്റെ അഖിലേന്ത്യാ നേതാക്കളായ ഇസ്മാഈല്‍ സാഹിബും സേട്ട് സാഹിബും എം.എ ലത്തീഫും സമദ് സാഹിബും ഹസനുസ്സമാനും ഖമറുല്‍ ഇസ്‌ലാമുമൊക്കെ നാട് അറിയുന്ന സമുന്നത നേതാക്കളായിരുന്നു. ബംഗാളിലെ മുര്‍ഷിദാബാദില്‍ സംഭവിച്ചത് ഇവിടെ സംഭവിക്കാതെ പാര്‍ട്ടിയുടെ അടിത്തറ നിലനിറുത്തിയത് സുന്നികളായിരുന്നു. പാണക്കാട്ടെ ആത്മീയനേതൃത്വത്തില്‍ എല്ലാ വിശ്വാസങ്ങളും അര്‍പ്പിച്ച ഒരു സമൂഹം ഇസ്‌ലാമും ലീഗും ഒന്നാണെന്ന അബദ്ധധാരണയില്‍ പച്ചക്കൊടിയിലും കോണിയിലും മതത്തിന്റെ ‘ശിആറുകള്‍’ കണ്ടെത്തി. ജമാഅത്തെ ഇസ്‌ലാമിയും പഴയ സിമിക്കാരുമൊക്കെ പുതിയ രാഷ്ട്രീയപരീക്ഷണങ്ങളുമായി രംഗത്തുവന്നപ്പോള്‍ അതിലെല്ലാം തന്നെ ‘വ്യതിചലനം ‘ മണത്തറിഞ്ഞ്, രാഷ്ട്രീയ ഖിബ്‌ല കടലുണ്ടിപ്പുഴയോരത്തേക്ക് തന്നെ അടയാളപ്പെടുത്തിവെച്ചു. എന്നിട്ടും, മുസ്‌ലിം ലീഗിന്റെ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല എന്ന യാഥാര്‍ഥ്യമാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ ആകത്തുക. മലപ്പുറത്തിനു പുറത്ത് അറിയപ്പെടാത്ത, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന ഫൈസല്‍ എന്ന ചെറുപ്പക്കാരനെ സി.പി.എം ‘ജനാധിപത്യ സ്പിരിറ്റ്’ കാണിക്കാന്‍ ഗോദയിലിറക്കിയപ്പോള്‍ തന്നെ കുഞ്ഞാപ്പ നന്നായി വിയര്‍ക്കുന്നതാണ് കാണാന്‍ സാധിച്ചത്. സാക്ഷാല്‍ പാണക്കാട് തങ്ങള്‍ക്ക് തെരുവ് യോഗങ്ങളിലും കുടുംബസംഗമങ്ങളിലും ചെന്ന് നീട്ടിപ്രാര്‍ഥിക്കേണ്ടിവന്നു; കുഞ്ഞാപ്പയെ കൈവിടരുത് പടച്ചോനേ എന്ന്. എത്ര കോടികള്‍ മുടക്കിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞത് എന്നോര്‍ക്കുമ്പോഴാണ് ഇസ്മാഈല്‍ സാഹിബ് മണ്ഡലം കാണാതെ ജയിച്ച ഒരു ഗോദയില്‍ ഇന്നത്തെ നേതാക്കള്‍ക്ക് എന്തുമാത്രം വിയര്‍പ്പൊഴുക്കേണ്ടിവരുന്നു എന്ന സങ്കടകരമായ അവസ്ഥ പരിശോധിക്കേണ്ടിവരുന്നത്. കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ നേടിയ വന്‍ഭൂരിപക്ഷത്തിന്റെ തിളക്കം പോലും മങ്ങിപ്പോകുന്നത് പോയകാലത്തെ ലീഗനുഭവങ്ങളുമായി ഒരു താരതമ്യത്തിനു മുതിരുമ്പോഴാണ്.

ഒരു വേള കമ്യുണിസ്റ്റുകള്‍ മലപ്പുറത്തേക്ക് സഗൗരവം തിരിഞ്ഞുനോക്കാറ് പോലുമുണ്ടായിരുന്നില്ല. ഏതെങ്കിലും മുസ്‌ലിം നാമധാരിയെ സ്ഥാനാര്‍ഥിയാക്കിവെച്ച് ജനാധിപത്യകടമ നിര്‍വഹിച്ച് സായൂജ്യമടയുകയാണ് പതിവ്. കെ.എന്‍.എന്‍. ഖാദറും റഹ്മത്തുല്ലയുമൊക്ക കമ്യുണിസം വിട്ട് ലീഗില്‍ ചേക്കേറാന്‍ തന്നെ കാരണം ആജീവനാന്തം ഇമ്മട്ടില്‍ ചാവേറാവുന്നതിലെ നിരര്‍ഥകത ഉള്‍ക്കൊണ്ടാണ്. ടി.കെ ഹംസ കെ.പി.എ മജീദിനെ തോല്‍പിച്ചതോടെ, ചെങ്കൊടിക്കും മലപ്പുറത്തിന്റെ മാപ്പിളമണ്ണില്‍ ആരും കാണാത്ത ഒരിടമുണ്ടെന്ന് തിരിച്ചറിഞ്ഞു. സാക്ഷാല്‍ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും ഡോ. എം. കെ മുനീറുമൊക്കെ കടപഴുകി വീണ 2006ലെ തെരഞ്ഞെടുപ്പോടെ മലപ്പുറത്തെ പച്ചക്കോട്ടയുടെ രാഷ്ട്രീയം ആന്തരികമായി പരിവര്‍ത്തനത്തിനു വിധേയമായിക്കഴിഞ്ഞുവെന്ന സന്ദേശം ലോകത്തിനു കൈമാറ്റം ചെയ്യപ്പെട്ടു. കെ.ടി ജലീല്‍ എന്ന ചെറുപ്പക്കാരന്റെ സംസ്ഥാന രാഷ്ട്രീയത്തിലെ ഇടം നിര്‍ണയിച്ചുകൊടുത്തത് കുഞ്ഞാലിക്കുട്ടിയാണ്. ഇന്നും ‘ജെയിന്റ് കില്ലറു’ടെ ഗ്ലാമറില്‍ മന്ത്രിപുംഗവനായി വിലസുന്ന ജലീലിനെ സൃഷ്ടിച്ച പുതിയ മലപ്പുറം രാഷ്ട്രീയം ലീഗ്‌വിരുദ്ധ മനോവികാരത്തിന്റെ ഉല്‍പന്നമാണ്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നിലമ്പൂരിലും താനൂരിലൂമൊക്കെ സൃഷ്ടിച്ച കൊച്ചുകൊച്ചു അട്ടിമറിക്കു പിന്നില്‍ രാസത്വരകമായി വര്‍ത്തിച്ച ഘടകങ്ങളെ ചാനല്‍ ചര്‍ച്ചകളില്‍ വായക്കു തോന്നിയത് കോതക്ക് പാട്ടാക്കുന്നവര്‍ക്ക് ഒരിക്കലും പിടികിട്ടാറില്ല. 2004ല്‍ ടി.കെ ഹംസയെ ലീഗ് സ്ഥാനാര്‍ഥിക്ക് എതിരെ ജയിപ്പിച്ചുകയറ്റിയ അതേ ശക്തിയാണ് ഇക്കുറി നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദിന്റെ പുത്രന്‍ ശൗക്കത്തിനെ നിലം പരിശാക്കുന്നതില്‍ വലിയ പങ്ക്‌വഹിച്ചത്. മുമ്പ് കുഞ്ഞാലിക്കുട്ടിയടക്കമുള്ളവരെ കടപുഴക്കി എറിയുന്നതില്‍ നിര്‍ണായക പങ്ക്‌വഹിച്ച സുന്നിസംഘടിത ശക്തിയെ ചാനല്‍ ചര്‍ച്ചയിലെ സ്ഥിരം താപ്പാനകള്‍ക്ക് ഒരിക്കലും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ക്ക് അതിനുള്ള വിവരമോ ബുദ്ധിയോ ഇല്ല എന്നതാണ് സത്യം.

ഇക്കുറി കുഞ്ഞാലിക്കുട്ടി ഒരു ഭാഗത്തും മറുഭാഗത്ത് ഫൈസലും അണിനിരന്നപ്പോള്‍ 2014ല്‍ അഹമ്മദിനും സൈനബക്കും എതിരെ മല്‍സരിച്ച എസ്.ഡി.പി.ഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും എന്തുകൊണ്ട് ശക്തിപ്രകടനത്തിനു ഇറങ്ങിയില്ല എന്ന ചോദ്യം സ്വാഭാവികമാണ്. അഹമ്മദിന് എതിരെ പോരാട്ടമാവാമെങ്കില്‍ എന്തുകൊണ്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ ആയിക്കൂടാ എന്ന ചോദ്യം ഇക്കൂട്ടരെ തുറിച്ചുനോക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയുമായുള്ള രഹസ്യധാരണയുടെ പുറത്താണീ ബഹിഷ്‌കരണം എന്ന മാധ്യമകണ്ടുപിടിത്തം ആര്‍ക്കും പൂര്‍ണമായി നിഷേധിക്കാനാവാത്ത അവസ്ഥ. ഇ.അഹമ്മദ് സാഹിബ് നേടിയ 1,94,739 വോട്ടിന്റെ റെക്കോര്‍ഡ് തകര്‍ത്താലേ തന്റെ വ്യക്തിപ്രഭാവം നാട്ടാര്‍ക്ക് കാട്ടിക്കൊടുക്കാന്‍ പറ്റൂ എന്ന വാശിയില്‍ വേണ്ടപ്പെട്ടവരെ വേണ്ടവിധം സമീപിച്ചിട്ടുണ്ടാവണം ലീഗ്‌നേതൃത്വം. അതോടെ, സാമുദായിക ധ്രുവീകരണത്തിന്റെ മ്ലേച്ഛമുഖം മലപ്പുറത്ത് അനാവൃതമാവുകയാണെന്ന് മലബാറിലെ മുസ്‌ലിംകളെ കുറിച്ച് വേണ്ടവിധം മനസ്സിലാക്കാത്ത കടകംപള്ളി സുരേന്ദ്രനെ പോലുള്ളവരെ കൊണ്ട് പറയിപ്പിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. മതന്യൂനപക്ഷ വര്‍ഗീയതയുടെ ശാക്തീകരണകേന്ദ്രമാണ് മലപ്പുറം എന്ന ആക്രോശം ഉള്ളിന്റെയുള്ളില്‍ മൃദുഹിന്ദുത്വ കൊണ്ടുനടക്കുന്ന ഒരു കമ്യൂണിസ്റ്റുകാരന്റെ വിലകെട്ട ജല്‍പനമായേ പലരും കാണുന്നുള്ളു. അതേസമയം, ദേശീയതലത്തില്‍ ഹിന്ദുത്വരാഷ്ട്രീയം ഉയര്‍ത്തുന്ന ഭീഷണികളെ നേരിടുന്നതില്‍ ഇടതുപക്ഷത്തിന്റെ ഏഴയലത്ത് പോലും ലീഗിന് എത്താന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയും വിവേകവും ഉണ്ടെന്ന് നാം കരുതുന്നവര്‍ എന്തുകൊണ്ട് കുഞ്ഞാലിക്കുട്ടിയില്‍ സമുദായനേതാവിനെ കണ്ടു? അതുകൊണ്ടല്ലേ ഒരുകൂട്ടര്‍ എല്ലാം മനഃസാക്ഷിക്കു വിട്ടപ്പോള്‍ മറ്റൊരു കൂട്ടര്‍ നമ്മുടെ വോട്ട് രണ്ടുമുന്നണിക്കുമില്ല എന്ന് പറഞ്ഞ് മാവിലായിക്കാരായി പൊട്ടന്‍ കളിച്ചത്. ഉമ്മത്തിന്റെ പ്രിയനേതാവ് കുഞ്ഞാലിക്കുട്ടിയെ പിണക്കാനും പറ്റില്ല, ഭരണത്തിലിരിക്കുന്ന സി.പി.എമ്മിന്റെ കണ്ണുരുട്ടല്‍ കാണാനും വയ്യ എന്ന എന്ന വിഷമസന്ധിയിലാണ് ഇത്തരം ആണും പെണ്ണും കെട്ട വേഷം അണിയേണ്ടിവരുന്നത്. അത്തരമൊരു സാഹചര്യത്തിനു അപവാദമായി നിന്നത് സുലൈമാന്‍ സേട്ടിന്റെ പാര്‍ട്ടിയും സുന്നി പ്രസ്ഥാനവും മാത്രമാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇത്തവണ അധികമായി നേടിയെടുത്ത 1,01, 303വോട്ട് അനുഭാവികളുടെയും എല്‍.ഡി.എഫ് സഹയാത്രികരുടേതുമാണ്. ആ വോട്ടുവര്‍ധനയാണ് ഇടതുപക്ഷത്തിന്റെ മുഖം രക്ഷിച്ചത്. മോഡിയും യോഗിയും എടുത്തുപയറ്റുന്ന തീവ്രഹിന്ദുത്വക്ക് എതിരായ, കാതല്‍നിറഞ്ഞ ആ വോട്ടിനെയാണ് മതനിരപേക്ഷ വോട്ടായി എണ്ണേണ്ടത്. എസ്. ഡി. പി. ഐയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും എണ്‍പതിനായിരത്തോളം വരുന്ന വോട്ട് എല്‍.ഡി.എഫിനാണ് കിട്ടിയിരുന്നതെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം ഇതാകുമായിരുന്നില്ല. മനഃസാക്ഷി വോട്ട് എന്ന കണ്ണുകെട്ടിക്കളി യഥാര്‍ത്ഥത്തില്‍ കുഞ്ഞാലിക്കുട്ടിക്കു വേണ്ടിയുള്ള ഒരുതരം പിത്തലാട്ടമായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം സമര്‍ഥിക്കുന്നുണ്ട്. എന്നിട്ടും ലീഗിന്റെ വിജയം ‘മതനിരപേക്ഷതയുടെ’ മിന്നുന്ന വിജയമെന്നൊക്കെ ഫസല്‍ഗഫൂര്‍മാരെ കൊണ്ട് പറയിക്കുന്നത് മുസ്‌ലിം സമൂഹത്തിലെ വിവിധ ധാരകളെ കുറിച്ച് കേവലമായ അറിവ് പോലുമില്ലാതെ പോയ തലമുറയിലെ പരമ്പരാഗത കാഴ്ചപ്പാട് പൈതൃകമായി എടുത്തതിന്റെ ഫലമാണെന്നേ പറയേണ്ടതുള്ളു. എം.ഇ.എസിന് വോട്ട് ബാങ്കില്ലാത്തത് പോലെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് വോട്ടുള്ള അനുയായികള്‍ ഇല്ല എന്ന് വിളിച്ചുകൂവാന്‍ എന്തുമാത്രം അജ്ഞതയും ചര്‍മ്മസൗഭാഗ്യവും വേണം? എല്‍.ഡി.എഫ് പറഞ്ഞ രാഷ്ട്രീയം മലപ്പുറത്തെ ജനങ്ങള്‍ക്ക് പൂര്‍ണമായി മനസ്സിലാകാത്തതിനാലാണ് തോല്‍വിയുണ്ടായതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഗീര്‍വാണവും ഇതിനോട് ചേര്‍ത്തുവായിക്കുകയാണ് ഉത്തമം. മലപ്പുറത്തുകാര്‍ക്ക് മനസ്സിലാവാത്ത എന്ത് രാഷ്ട്രീയമാണ് ഇടതുപക്ഷം അവിടെ അവതരിപ്പിച്ചത്. കുഞ്ഞാലിക്കുട്ടിയെക്കാള്‍ മതേതരത്വം കാത്തുസൂക്ഷിക്കാന്‍ പറ്റിയ ആളെയാണ് തങ്ങള്‍ സ്ഥാനാര്‍ഥിയാക്കിയതെന്ന് മന്ദബുദ്ധികള്‍ക്കെങ്കിലും തോന്നേണ്ടേ? തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പിറ്റേന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതാണ് പുലര്‍ന്നത്. തെരഞ്ഞെടുപ്പിനെ പിണറായി വിജയന്റെ ഭരണത്തിന്റെ വിലയിരുത്തലായി ജനം കണ്ടു. ജിഷ്ണുവിന്റെ അമ്മയെ തലസ്ഥാനത്ത് പൊലിസ് സംഘം തെരുവിലിട്ട് വലിച്ചിഴക്കുന്നതും കുപ്രസിദ്ധനായ പൊലിസ് ഓഫീസര്‍ രമണ്‍ ശ്രീവാസ്തവയെ ഉപദേശകനായി വെക്കാന്‍ തീരുമാനിച്ചതുമെല്ലാം ജനം മനസ്സിരുത്തി വിലയിരുത്തിയപ്പോള്‍ ഒരു നിഗമനത്തിലെത്തി. ആ നിഗമനമാണ് ജനവിധിയായി പുറത്തുവന്നത്. സ്വന്തം മുഖം വികൃതമായതിന് ആരാന്റെ കണ്ണാടിയെ പഴിച്ചിട്ട് ഫലമെന്ത്?

ഹിന്ദുരാഷ്ട്രവാദികള്‍ പത്തിമടക്കിയ സന്നിധാനം
മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഏപ്രില്‍ 17നു ഒഡീഷയിലെ ഭുവനേശ്വറില്‍ ചേര്‍ന്ന ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവിന്റെ തീരുമാനങ്ങളും പുറത്തുവന്നത് ആകസ്മികമാവാം. 2024ആകുമ്പോഴേക്കും ഹിന്ദു വളര്‍ന്നു പന്തലിച്ച് വടവൃക്ഷമായി മാറുമ്പോള്‍ കേരളവും തമിഴ്‌നാടും ഒഡീഷയും ബംഗാളുമൊക്കെ ഭരിക്കുന്നത് ബി.ജെ.പി മുഖ്യമന്ത്രിമാരായിരിക്കും എന്ന സ്വപ്‌നം അവതരിപ്പിച്ചാണ് ദേശീയനേതാക്കള്‍ പിരിഞ്ഞുപോയത്. തങ്ങള്‍ ടാര്‍ജെറ്റ് വെച്ച സംസ്ഥാനങ്ങളില്‍ ബൂത്ത് തലങ്ങളില്‍ പാര്‍ട്ടി ദേശീയപ്രസിഡന്റ് നിരന്തരം സന്ദര്‍ശനം നടത്തി ലക്ഷ്യപൂര്‍ത്തീകരണത്തിന്റെ വഴിയിലെ സകല കടമ്പകളും തരണം ചെയ്യുമെന്നുവരെ പ്രഖ്യാപനമുണ്ടായി. മലപ്പുറം ഉപതെരഞ്ഞെടുപ്പിനെ കുരുക്ഷേത്ര യുദ്ധമായി ഹിന്ദുത്വവാദികള്‍ വിശേഷിപ്പിക്കാന്‍ കാരണം മുസ്‌ലിം ഭൂരിപക്ഷ ജില്ല ആയതുകൊണ്ടാണ്. 2014ല്‍ നേടിയതിന്റെ മൂന്നിരിട്ടി വോട്ട് നേടുമെന്നും അരുവിക്കര ആവര്‍ത്തിക്കുമെന്നും വരെ കുമ്മനവും ശിഷ്യന്മാരും തട്ടിവിട്ടു. ഇടതുപക്ഷം മൂന്നാം സ്ഥാനത്ത് വരുന്നത് കിനാവ് കണ്ട് മുസ്‌ലിംലീഗുകാര്‍ തുള്ളിച്ചാടി. പക്ഷേ, ഫലം വന്നപ്പോള്‍ എല്ലാവരുടെയും ആവേശം ഐസ്‌കട്ട പോലെ തണുത്തുറക്കുന്ന കാഴ്ചയാണ് കണ്ടത്. എണ്‍പതിനായിരം വോട്ട് കൂടുതല്‍ പോള്‍ ചെയ്ത ഇലക്ഷനില്‍ ആയിരം വോട്ട് തികച്ച് കൂടുതലായി വാങ്ങാന്‍ ബി.ജെ.പിക്ക് സാധിച്ചില്ല. മലപ്പുറത്തിന്റെ മതേതരമനസ്സ് കണ്ട് ഇന്ത്യ തന്നെ അഭിമാനിച്ച നിമിഷം. ഹിന്ദുത്വവാദികള്‍ ഞെട്ടിത്തരിച്ചുപോയതില്‍ ഒരല്‍ഭുതവുമില്ല. സല്യൂട്ട് ചെയ്യേണ്ടത് മലപ്പുറം മണ്ഡലത്തിലെ ഹൈന്ദവ സഹോദരീസഹോദരന്മാരെയാണ്. മുസ്‌ലിം സ്ഥാനാര്‍ഥികള്‍ ഇരുപക്ഷത്തും അണിനിരന്നപ്പോള്‍ അവര്‍ ഹിന്ദുസ്ഥാനാര്‍ഥിയുടെ ചിഹ്‌നം നോക്കി പോയില്ല. ഇതാണ് യഥാര്‍ഥ മതനിരപേക്ഷത. അല്ലാതെ, കോണി ചിഹ്‌നം കാണുമ്പോള്‍ സമുദായത്തെ ഓര്‍ത്തുപോകുന്ന പോഴത്തം ഒരു ജനതയുടെ മുന്നോട്ടുള്ള പ്രയാണവഴിയിലെ വാരിക്കുഴികളാണെന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.
ശാഹിദ്‌