ലൈലതുല്‍ ബറാഅഃവിശ്വാസിയുടെ കൊയ്ത്തുരാവ്

ലൈലതുല്‍ ബറാഅഃവിശ്വാസിയുടെ കൊയ്ത്തുരാവ്

ചില മാസങ്ങള്‍ക്കും ദിവസങ്ങള്‍ക്കും പ്രത്യേക ശ്രേഷ്ഠത കല്‍പിക്കുന്ന മതമാണ് ഇസ്‌ലാം. മഹോന്നതരായ നബിമാരുടെ ശ്രേഷ്ഠതയില്‍ തന്നെ ഏറ്റവ്യത്യാസങ്ങളുണ്ടെന്നിരിക്കെ ദിവസങ്ങളിലും അങ്ങനെയുണ്ടെന്ന കാര്യം തീര്‍ച്ചയാണ്. വിശുദ്ധ ഇസ്‌ലാമില്‍ ഏറ്റവും ആദരിക്കപ്പെട്ട രാത്രികളിലൊന്നാണ് ശഅ്ബാന്‍ പതിനഞ്ചാംരാവ്, അതായത് ബറാഅത്ത് രാവ്. ബറാഅത്തിന്റെ ശ്രേഷ്ഠതയെക്കുറിക്കുന്ന വിശുദ്ധ ഖുര്‍ആനിലെ സൂക്തം ഇങ്ങനെയാണ്: ”വ്യക്തമായ വേദഗ്രന്ഥം തന്നെയാണ് സത്യം. തീര്‍ച്ചയായും നാം അതിനെ ഒരനുഗ്രഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പു നല്‍കുന്നവനാകുന്നു. ആ രാത്രിയില്‍ യുക്തിപൂര്‍ണ്ണമായി ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു.” (സൂറത്തുദ്ദുഖാന്‍ 1,2,3)
ഖുര്‍ആനില്‍ പറയപ്പെട്ട ഈ ‘ശ്രേഷ്ഠരാത്രി’ ഏതാണെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും സ്വഹാബിവര്യനായ ഇക്‌രിമ(റ) അടക്കം ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത് അത് ബറാഅത്ത് രാവാണെന്നാണ്. ഇക്കാര്യം ഇമാം റാസി(റ) തന്റെ തഫ്‌സീറുല്‍ കബീറില്‍ വ്യക്തമാക്കിയിട്ടുണ്ട്.(റാസി 27/237). തഫ്‌സീര്‍ ജലാലൈനിയില്‍ ഇപ്രകാരം പറയുന്നു: ‘സൂക്തത്തില്‍ പറയപ്പെട്ട ഈ രാത്രി ലൈലതുല്‍ ഖദ്‌റോ ശഅ്ബാന്‍ പതിനഞ്ചിന്റെ രാവോ ആണ്. വിശുദ്ധ ഖുര്‍ആന്‍ ഏഴാം ആകാശത്തില്‍ നിന്ന് അഥവാ ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് ഒന്നാം ആകാശത്തിലേക്ക് ഇറക്കപ്പെട്ട രാവാണത്.’

ബറാഅത്ത് രാവിന്റെ ശ്രേഷ്ടത വിളിച്ചറിയിക്കുന്ന നിരവധി ഹദീസുകളുമുണ്ട്. തിരുനബി(സ്വ)യില്‍ നിന്ന് മഹാനായ അലി(റ) പറയുന്നു: ‘ശഅ്ബാന്റെ പകുതി(പതിനഞ്ചാം രാവ്) ആഗതമായാല്‍ ആ രാത്രിയില്‍ നിങ്ങള്‍ കൂടുതലായി നിസ്‌കരിക്കുകയും പകലില്‍ വ്രതമനുഷ്ഠിക്കുകയും ചെയ്യുക. നിശ്ചയമായും പ്രസ്തുത രാവിനുള്ള സൂര്യാസ്തമയ സമയത്ത് അല്ലാഹു(അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരം മലക്കുകള്‍) ഒന്നാം ആകാശത്തിലേക്ക് ഇറങ്ങി വരും. അവരിപ്രകാരം വിളിച്ചു പറയും: ”ജനങ്ങളേ, നിങ്ങളാരും അല്ലാഹുവിനോട് പൊറുക്കല്‍ ചോദിക്കുന്നില്ലേ? അവന്‍ നിങ്ങള്‍ക്കു പൊറുത്തു തരും. നിങ്ങള്‍ അല്ലാഹുവിനോട് രിസ്ഖ്(ഭക്ഷണം വസ്ത്രം തുടങ്ങിയ നിത്യജീവിത മാര്‍ഗ്ഗം) ചോദിക്കുന്നില്ലേ? നാഥന്‍ അതും തരും. ഓ പരീക്ഷിക്കപ്പെടുന്നവരേ, നിങ്ങള്‍ നാഥനോട് രക്ഷചോദിക്കുന്നില്ലേ? നാഥന്‍ നിങ്ങള്‍ക്ക് ശമനം തരും”. മാലാഖമാര്‍ ഇപ്രകാരം സുബ്ഹി വരെ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും'(അത്തര്‍ഗീബു വത്തര്‍ഹീബ് 2/119)

ബീവി ആഇശ(റ)യില്‍ നിന്ന് ഉദ്ദരിക്കപ്പെട്ട ഒരു ഹദീസില്‍ മഹതി പറയുന്നു: ‘ഒരു രാത്രി മുത്ത്‌നബി(സ്വ) എന്റെയടുത്തു കടന്നുവന്നു. എന്നോടൊന്നിച്ച് കിടക്കാനൊരുങ്ങി. പെട്ടെന്നു തന്നെ എഴുന്നേറ്റ് വസ്ത്രം മാറി പുറത്തിറങ്ങി. ഇതുകണ്ട് എനിക്ക് വല്ലാത്ത സങ്കടം കലര്‍ന്ന ദേഷ്യം വന്നു. നബിയുടെ പോക്കു കണ്ടപ്പോള്‍, മറ്റു ഭാര്യമാരുടെ അടുത്തേക്കാണ് അവിടുന്ന് പോയതെന്നു പോലും ഞാന്‍ തെറ്റിദ്ധരിച്ചു. അവിടുന്ന് കാണാതെ നബിയെ ഞാന്‍ പിന്തുടര്‍ന്നു. ‘ബഖീഉല്‍ ഗര്‍ഖദി’ലാണ്(മദീനയിലെ മഖ്ബറ) നബി(സ്വ) ചെന്നു നിന്നത്. സത്യവിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും രക്തസാക്ഷികള്‍ക്കും വേണ്ടി അവിടുന്ന് പൊറുക്കല്‍ ചോദിക്കുകയായിരുന്നു.

”എന്റെ ഉമ്മയും ഉപ്പയും അങ്ങേയ്ക്കു ദണ്ഢം, അങ്ങ് നാഥന്റെ മാര്‍ഗ്ഗമാണ് തേടുന്നത്. ഞാനാകട്ടെ ഐഹികസുഖവും” ഞാന്‍ അറിയാതെ പറഞ്ഞു പോയി. പെട്ടെന്നു തന്നെ തിരിച്ചുവന്ന് ഞാനെന്റെ മുറിയില്‍ കയറി. ശക്തിയായി ശ്വാസനിശ്വാസം നടത്തുന്നുണ്ടായിരുന്നു ഞാന്‍. ”എന്തിനാ ആഇശാ ഇങ്ങനെ കിതയ്ക്കുന്നത്?” തിരുനബിയെന്നോടു ചോദിച്ചു. ആഇശ ബീവി സംഭവിച്ച കാര്യങ്ങളെല്ലാം വിശദീകരിച്ചു. അപ്പോള്‍ മുത്തുനബി(സ്വ) പറഞ്ഞു: ”ആഇശാ, അല്ലാഹുവും അവന്റെ റസൂലും നിന്നോട് അതിക്രമം ചെയ്യുമെന്ന് നീ വിചാരിക്കുന്നുണ്ടോ? ഇന്നു രാത്രി ജിബ്‌രീല്‍(അ) എന്റെ സമീപത്തേക്കു വന്നു. എന്നിട്ടിപ്രകാരം പറഞ്ഞു: ”ഈ രാത്രി ശഅ്ബാന്‍ പതിനഞ്ചാം രാവാണ്. ഇന്ന് അല്ലാഹു നരകമോചനം നല്‍കുന്ന നിരവധി പേരുണ്ട്. കല്‍ബ് ഗോത്രക്കാരുടെ(ഏറ്റവും കൂടുതല്‍ ആടുകളെ വളര്‍ത്തിയിരുന്ന അക്കാലത്തെ ഒരു ഗോത്രം) ആടുകളുടെ രോമങ്ങള്‍ കണക്കെയുള്ള ആളുകളാണ് നാഥന്റെ മോചിതര്‍. എന്നാല്‍ ഇന്നുരാത്രി മുശ്‌രിക്(അല്ലാഹുവില്‍ പങ്കു ചേര്‍ക്കുന്നവര്‍), മറ്റുള്ളവരോട് മനസ്സില്‍ നിറയെ പകയുമായി നടക്കുന്നവര്‍, കുടുംബ ബന്ധം മുറിച്ചവര്‍, അഹങ്കരിച്ച് ഞെരിയാണിക്കു താഴെ വസ്ത്രം വലിച്ചിഴച്ചവര്‍, മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചവര്‍, പതിവായി കള്ളുകുടിക്കുന്നവര്‍ തുടങ്ങിയവരിലേക്കൊന്നും അല്ലാഹു നോക്കുകയേയില്ല.” (അദ്ദുര്‍റുല്‍ മന്‍സൂര്‍ 7/303)

ആഇശ(റ)യില്‍ നിന്നുള്ള മറ്റൊരു റിപ്പോര്‍ട്ടില്‍ മുത്തുനബി(സ്വ) ഇപ്രകാരം ചോദിച്ചു: ”ഇന്നത്തെ ദിവസം ഏതാണെന്ന് നിനക്കറിയുമോ ആഇശാ?” നബി(സ്വ) ഉദ്ദേശിച്ചത് ശഅ്ബാന്‍ പതിനഞ്ചിന്റെ രാവാണ്. ‘ഈ രാവിന്റെ പ്രത്യേകത എന്താണ് നബിയേ?’ ആഇശ(റ) ചോദിച്ചു. അവിടുന്ന് പ്രതിവചിച്ചു: ”ഈ വര്‍ഷം ജനിക്കാനുള്ള എല്ലാവരെയും എഴുതി തിട്ടപ്പെടുത്തുന്ന രാത്രിയാണിത്. മനുഷ്യരില്‍ നിന്ന് ഈ വര്‍ഷം മരിക്കാനുള്ളവരെയും രേഖപ്പെടുത്തുന്നത് ഈ രാവിലാണ്. ഇന്നാണ് സല്‍ക്കര്‍മ്മങ്ങളൊക്കെ നാഥനിലേക്കുയര്‍ത്തുന്നത്. രിസ്ഖുകള്‍(ഭക്ഷണം, വസ്ത്രം തുടങ്ങിയ നിത്യജീവിത കാര്യങ്ങള്‍) ഇറക്കപ്പെടുന്നതും ഇന്നുരാത്രി തന്നെ.”(അദ്ദഅ്‌വാതുല്‍ കബീര്‍, ബൈഹഖി, മിശ്കാത് 115). ജീവിതകാലം മുഴുവനുമുള്ള രിസ്ഖല്ല അന്ന് കണക്കാക്കുന്നത്. മറിച്ച് ഓരോ വര്‍ഷത്തേക്കുമുള്ള ബജറ്റാണ്. ജീവിതാകലം മുഴുക്കെയുള്ളത് ഓരോരുത്തരും മാതാവിന്റെ ഗര്‍ഭത്തിലിരിെക്ക നാലാം മാസത്തില്‍ കണക്കാക്കിയിരിക്കും.

ഇപ്രകാരം മറ്റൊരു ബറാഅത്ത് രാവില്‍ നബി(സ്വ) ദീര്‍ഘ സമയം സുജൂദിലായി കിടക്കുകയും സമയമേറെയായിട്ടും എഴുന്നേല്‍ക്കാത്തതും കണ്ടപ്പോള്‍ അവിടുന്ന് വഫാത്തായോ എന്ന് മഹതി ആഇശ(റ) വിചാരിക്കുകയും അടുത്തു ചെന്ന് ഹബീബിനെ തൊട്ടു നോക്കുകയും ചെയ്ത സംഭവവും ഹദീസുകളിലുണ്ട്(ബൈഹഖി). നിസ്‌കാരം കഴിഞ്ഞ ശേഷം ആഇശ ബീവി(റ)യോട് ആ രാവിന്റെ ശ്രേഷ്ഠതയെക്കുറിച്ച് വാചാലമാകുന്ന ഹബീബിനെയാണ് പ്രസ്തുത ഹദീസില്‍ കാണാനാകുന്നത്. അന്നത്തെ സുജൂദിന് കൂടുതല്‍ പ്രതിഫലമുള്ളതു കൊണ്ടാണല്ലോ ഹബീബ് അത്രയും ദീര്‍ഘിപ്പിച്ചത്!

ഇമാം ഇബ്‌നുഹജറുല്‍ ഹൈതമി(റ) പറയുന്നു: ”മേല്‍ പറഞ്ഞതിന്റെ രത്‌നച്ചുരുക്കം, ഈ രാത്രിക്ക് പ്രത്യേക ശ്രേഷ്ഠതയുണ്ടെന്നാണ്. അന്ന് പ്രത്യേക പാപമോചനവും പ്രാര്‍ത്ഥനയ്ക്കുത്തരവുമുണ്ട്. ഇക്കാരണത്താലാണ് മഹാനായ ഇമാം ശാഫിഈ(റ) ഇപ്രകാരം പറഞ്ഞത്: അന്നു രാത്രി പ്രത്യേകം പ്രാര്‍ത്ഥനയ്ക്ക് പ്രതിഫലമുണ്ട്.”(ഫതാവല്‍ കുബ്‌റാ 2/80)

സൂറത്തു യാസീന്‍, സൂറത്തുദ്ദുഖാന്‍
ബറാഅത്ത് രാവില്‍ പ്രത്യേകം ചില സൂറത്തുകള്‍ ഓതുകയെന്നത് പരമ്പരാഗതമായി മുസ്‌ലിം ലോകം അനുഷ്ഠിച്ചു പോരുന്ന സല്‍ക്കര്‍മ്മമാണ്. പണ്ഡിതന്മാര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. മഹാനായ ഇസ്മാഈലുല്‍ ഹിഖ്ഖി(റ) തന്റെ തഫ്‌സീറില്‍ പറയുന്നു: ‘ബറാഅത്ത് രാവില്‍ മൂന്ന് യാസീന്‍ സൂറത്തുകളും ഒരു ദുഖാന്‍ സൂറത്തും ഓതല്‍ പ്രത്യേകം പുണ്യമാണ്. ഇവകളില്‍ ഒന്നാമത്തെ യാസീന്‍ ആയുഷ്‌കാലത്തിലെ ബറകത്തിനും രണ്ടാമത്തേത് ഭക്ഷണത്തിലുള്ള ബറകത്തിനും മൂന്നാമത്തേത് നല്ല അന്ത്യമുണ്ടാകാനും ഉദ്ദേശിച്ചുള്ളതാണ്. ”യാസീന്‍ സൂറത്ത് ഏത് ഉദ്ദേശ്യത്തിനാണോ ഓതുന്നത്, അതിനുവേണ്ടിയുള്ളതാണ്” എന്ന ഹദീസിനോട് അനുഗുണമാണീ അഭിപ്രായം.'(തഫ്‌സീറു റൂഹുല്‍ ബയാന്‍ 7/443)

ബറാഅത്ത് രാവിലാണ് ആയുസ്സും ഭക്ഷണവുമൊക്കെ രേഖപ്പെടുത്തി വെയ്ക്കുന്നതെന്നതു കൊണ്ടായിരിക്കാം മഹാന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഉറക്കമൊഴിച്ച് ഈ രാത്രി സജീവമാക്കല്‍ സല്‍ക്കര്‍മ്മങ്ങളില്‍ പെട്ടതാണെന്ന് പറഞ്ഞ നിരവധി പണ്ഡിതന്മാര്‍ ഇനിയുമുണ്ട്. ഇമാം ഗസ്സാലി(റ)വിന്റെ ഇഹ്‌യാ ഉലൂമിദ്ദീന് വ്യഖ്യാനമെഴുതിയ മുഹമ്മദ് ഹുസൈനുസ്സുബൈദി(റ) പറയുന്നു: ‘ഈ രാത്രി സജീവമാക്കുന്ന കാര്യത്തില്‍ പിന്‍ഗാമികള്‍ മുന്‍ഗാമികളെ അനുകരിച്ചവരാണ്. ആദ്യം ഒരു യാസീനോതുക, നിശ്ചിതമായ ഒരു പ്രാര്‍ത്ഥന നടത്തുക, എന്നിട്ട് ആയുസ്സില്‍ ബറകത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുക, രണ്ടാമതും യാസീനോതി ഭക്ഷണത്തില്‍ ബറകത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുക, മൂന്നാമത്തേതിനു ശേഷം അന്ത്യനിമിഷം നന്നാകാന്‍ വേണ്ടിയും പ്രാര്‍ത്ഥിക്കുക. അവരെല്ലാം ഇപ്രകാരമായിരുന്നു ചെയ്തിരുന്നത്.’ (ഇത്ഹാഫുസ്സാദതില്‍ മുത്തഖീന്‍ 3/427).

ശഅ്ബാന്‍ പതിനഞ്ചാം രാവിന് വേറെയും ചില മഹത്വങ്ങളുണ്ട്. മുത്തുനബി(സ്വ) മദീനയിലേക്ക് ഹിജ്‌റ പോയ സമയം ആദ്യം ബൈത്തുല്‍ മുഖദ്ദസ് ഖിബ്‌ലയാക്കി നിസ്‌കരിക്കുകയും പിന്നീട് നാം തങ്ങളുടെ പഴയ ഖിബ്‌ലയിലേക്കു തന്നെ തിരക്കുകയും ചെയ്യുമെന്ന് അല്ലാഹു പറഞ്ഞു. തദവസരം അവിടുന്നാ ആജ്ഞ പൂര്‍ണ്ണമനസ്സോടെ അനുസരിക്കുകയും ബൈതുല്‍ മുഖദ്ദസിലേക്കു തിരിഞ്ഞ് നിസ്‌കരിക്കുകയും ചെയ്തു. അപ്പോഴും അല്ലാഹു വാഗ്ദത്വം ചെയ്ത ഖിബ്‌ലമാറ്റം എപ്പോഴാണ് വരികയെന്ന് പ്രതീക്ഷിച്ച് അവിടുന്ന് ഇടയ്ക്കിടെ ആകാശത്തേക്കു മുഖം തിരിച്ചു കൊണ്ടിരിക്കുകയും ചെയ്തു. നബി(സ്വ)യുടെ ആഗ്രഹം കണ്ടറിഞ്ഞ് അല്ലാഹു കഅ്ബ തന്നെ ഖിബ്‌ലയാക്കി കൊടുക്കുകയും ചെയ്ത സംഭവം സൂറത്തുല്‍ ബഖറയില്‍ (144 ാം സൂക്തം) പറയുന്നുണ്ട്. പ്രസ്തുത സംഭവമുണ്ടായത് ശഅ്ബാന്‍ പതിനഞ്ചാം രാവിലായിരുന്നുവെന്ന് ഇമാം അലിയ്യുബ്‌നു ബുര്‍ഹാനുദ്ദീന്‍ ഹലബി(റ) തന്റെ ‘സീറതുല്‍ ഹലബിയ്യഃ’ 2/352ല്‍ പറയുന്നുണ്ട്. ഇക്കാരണത്താലും ബറാഅത്ത് രാവിന് ഔന്നിത്യങ്ങള്‍ വര്‍ദ്ധിക്കുന്നു.

ബറാഅത്ത് രാവിന്റെ മാഹാത്മ്യത്തെ കുറിക്കുന്ന ഹദീസുകളിലൊക്കെ സജ്ജനങ്ങള്‍ക്ക് ലഭിക്കുന്ന നിരവധി പുണ്യങ്ങളെക്കുറിച്ച് പ്രത്യേകം പറയുന്നുണ്ട്. എന്നാല്‍ അവിടെയെല്ലാം ചില ഹതഭാഗ്യരെക്കുറിച്ചും മുത്തുനബി(സ്വ) പറഞ്ഞുവെന്നത് നമ്മെയൊക്കെ ചിന്തിപ്പിക്കേണ്ടതുണ്ട്. എണ്ണമറ്റ ജനങ്ങളെ നരകമോചനം നല്‍കി രക്ഷപ്പെടുത്തുമ്പോഴും നാഥന്‍ തിരിഞ്ഞു നോക്കുക പോലും ചെയ്യാത്ത ചിലയാളുകളാണവര്‍. അക്കൂട്ടത്തിലേതെങ്കിലും നാമുണ്ടോ എന്ന് നാം ആത്മവിചന്തനം നടത്തേണ്ടതുണ്ട്. വിശ്വാസികള്‍ കരുതിയിരിക്കാന്‍ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ട അത്തരക്കാരെ പരിചയപ്പെടുത്തുന്നതില്‍ പ്രസക്തിയുണ്ട്.
ബഹുദൈവ വിശ്വാസി
അല്ലാഹുവിന്റെ ദൈവികതയില്‍(ഉലൂഹിയ്യത്തില്‍) പങ്കുകാരനുണ്ടെന്ന് വിശ്വസിക്കുന്നവനാണ് മുശ്‌രിക്. പുണ്യമേറെയുള്ള ബറാഅത്ത് രാവില്‍ അവനെ അല്ലാഹു നോക്കുകയില്ല. കാരണം ശിര്‍ക്ക്(പങ്കു ചേര്‍ക്കല്‍) ഏറ്റവും വലിയ അക്രമമാണെന്ന് ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്. ശിര്‍ക്കല്ലാത്ത മറ്റെല്ലാ പാപങ്ങളും അല്ലാഹു പൊറുത്തു കൊടുക്കുമെന്ന് മറ്റൊരു സൂക്തത്തിലുമുണ്ട്. പൂര്‍ണ്ണമായും തൗഹീദില്‍ അടിയുറച്ചു വിശ്വസിക്കുന്ന നാം മുശ്‌രികുകളാകാന്‍ സാധ്യത വളരെ കുറവാണ്. എന്നാല്‍ ചെറിയ ശിര്‍ക്ക് എന്ന് തിരുനബി(സ്വ) വിശേഷിപ്പിച്ച ലോകമാന്യത്തില്‍ നിന്ന് നാം പാടേ മാറിനില്‍ക്കണമെന്നു കൂടി ഇവിടെ സൂചനയുണ്ട്.

മുസ്‌ലിംകളോട് വൈരാഗ്യമുള്ളവന്‍
തന്റെ മുസ്‌ലിമായ സഹോദരനോട് വൈരാഗ്യവും വിദ്വേഷവും വെച്ചുപുലര്‍ത്തുന്നയാളുകള്‍ക്കും ബറാഅത്ത് രാവിലെ സൗഭാഗ്യം തടയപ്പെടുമെന്ന് ഹദീസുകള്‍ പഠിപ്പിക്കുന്നു. മതപരമായ കാരണങ്ങളില്ലാതെ പിണങ്ങി നില്‍ക്കുന്ന സഹോദരങ്ങളും ഈ ഗണത്തില്‍ പെടും. പിണക്കത്തെക്കുറിച്ചും പരസ്പരം കൊമ്പുകോര്‍ക്കലിനെക്കുറിച്ചും ശക്തമായ ഭാഷയില്‍ ആക്ഷേപിച്ച പണ്ഡിതന്മാരുണ്ട്. ഇതിന്റെ ഗൗരവം കുറിക്കാന്‍ മഹാനായ ഇമാം സുയൂത്വി(റ) ‘അസ്സജ്‌റു ബില്‍ ഹജ്ര്‍’ എന്നൊരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്.

കൊലയാളി
മേല്‍ പറയപ്പെട്ട പുണ്യം നിഷേധിക്കപ്പെടുന്ന മറ്റൊരാളാണ് കൊലപാതകം ചെയ്തയാള്‍. കുഫ്‌റ് കഴിഞ്ഞാല്‍ ഏറ്റവും മാരകമായ തെറ്റാണ് കൊലപാതകമെന്നാണ് അതേക്കുറിച്ചുള്ള ഹദീസുകളൊക്കെയും സൂചിപ്പിക്കുന്നത്. ”ഒരു വിശ്വാസിയെ മനഃപ്പൂര്‍വ്വം കൊലചെയ്തയാള്‍ക്കുള്ള പ്രതിഫലം കഠിനവും ശാശ്വതവുമായ നരകശിക്ഷയും പ്രപഞ്ചനാഥന്റെ കോപവുമാണെന്നാ”ണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. കൊലപാതകം ഒരിക്കലും പൊറുക്കപ്പെടാത്ത(തൗബ ചെയ്യാതെ) പാപമാണെന്നാണ് ഹദീസുകള്‍ സൂചിപ്പിക്കുന്നത്.

കുടുംബ ബന്ധം മുറിച്ചവര്‍
കുടുംബ ബന്ധം മുറിക്കല്‍ വന്‍ദോഷങ്ങളിലാണ് പണ്ഡിതന്മാര്‍ എണ്ണിയത്. കുടുംബങ്ങളോട് അകന്ന് നില്‍ക്കുന്നവര്‍ സ്വര്‍ഗ്ഗത്തില്‍ കടക്കുകയില്ലെന്ന് തിരുനബി(സ്വ) പറയുന്നതായി ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ദരിക്കുന്ന ഹദീസിലുണ്ട്. അബൂഹുറൈറ(റ)വില്‍ നിന്ന് ഉദ്ദരിക്കപ്പെട്ട മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം: ”മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാ വ്യാഴാഴ്ചയും നാഥനു മുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെടും. അക്കൂട്ടത്തില്‍ കുടുംബ ബന്ധങ്ങള്‍ക്ക് വിലകല്‍പിക്കാത്തവരുണ്ടെങ്കില്‍ അവരുടെ സല്‍ക്കര്‍മ്മങ്ങളൊന്നും സ്വീകരിക്കപ്പെടുകയില്ല.”(അല്‍ മുസ്‌നദ്). ഇത്തരക്കാര്‍ക്ക് നാഥന്റെ ശാപമുണ്ടാകുമെന്നു വരെ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിച്ചിട്ടുണ്ട്.

ഞെരിയാണിക്കു താഴെ വസ്ത്രമുടുത്തവന്‍
ബറാഅത്ത് രാവിലെന്നല്ല, അന്ത്യനാളിലും നാഥന്റെ തിരുനോട്ടമുണ്ടാകില്ലെന്ന് ഹദീസുകളില്‍ പഠിപ്പിച്ചവനാണ് അഹങ്കാരം കൊണ്ട് ഞെരിയാണിക്കു താഴെ വസ്ത്രം വലിച്ചിഴച്ചവന്‍. ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ കാണാം: നബി(സ്വ) പറയുന്നു: ”അഹങ്കാരത്തോടെ ആരെങ്കിലും വസ്ത്രം നിലത്ത് വലിച്ചിഴച്ചാല്‍ അന്ത്യനാളില്‍ അല്ലാഹു അവനിലേക്ക് തിരിഞ്ഞു നോക്കുകയില്ല.”(സ്വഹീഹുല്‍ ബുഖാരി)

മാതാപിതാക്കളെ പ്രയാസപ്പെടുത്തിയവര്‍
മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവര്‍ക്ക് താക്കീതായി നിരവധി ആയത്തുകളും ഹദീസുകളും കാണാം. ഐഹിക ലോകത്തു വെച്ചു തന്നെ നാഥന്‍ ശിക്ഷ നല്‍കുന്ന ഏക ദുഷ്‌കര്‍മ്മം മാതാപിതാക്കളെ വെറുപ്പിക്കലാണെന്ന് ഹദീസുകള്‍ പഠിപ്പിക്കുന്നു. ഇഹലോകത്തു വെച്ചു തന്നെ അത്തരക്കാര്‍ ക്ലേശിക്കേണ്ടി വരും. ദുനിയാവില്‍ തന്നെ ശിക്ഷ നല്‍കപ്പെടാന്‍ പര്യാപ്തമായ ദോഷമാണിതെങ്കില്‍ അന്ത്യനാളില്‍ അവര്‍ക്കുള്ള ശിക്ഷ എത്ര കഠിനമായിരിക്കും!?

മദ്യപാനി
ഈ വിശുദ്ധരാവില്‍ നാഥന്റെ തിരുനോട്ടമില്ലാതിരിക്കാന്‍ കാരണമായ മറ്റൊരു പാപമാണ് മദ്യപാനം. കള്ളുകുടി ശിര്‍ക്കിനു തുല്യമാണെന്നു വരെ സ്വഹാബിവര്യന്മാര്‍ക്ക് അഭിപ്രായമുണ്ടായിരുന്നു. അക്കാര്യം തന്നെയാണ് മുത്ത്‌നബി(സ്വ)യും പറഞ്ഞത്: ‘പതിവായി മദ്യപിച്ചുകൊണ്ട് ഒരാള്‍ നാഥനെ കണ്ടുമുട്ടിയാല്‍(മരണപ്പെട്ടാല്‍) വിഗ്രഹാരാധകര്‍ അവനെ കണ്ടുമുട്ടിയതു പോലെയാണ്.'(സ്വഹീഹു ഇബ്‌നി ഹിബ്ബാന്‍). വിഗ്രഹാരാധനയോടു സാദൃശ്യപ്പെടുത്തപ്പെട്ട പാപത്തിന് തതുല്യമായ ശിക്ഷയുമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

അഭിസാരിക
ശഅ്ബാന്‍ പതിനഞ്ചിന്റെ രാവില്‍ അനുഗ്രഹം തടയപ്പെടുന്ന മറ്റൊരു വിഭാഗമാണ് വേശ്യകള്‍. വ്യഭിചരിക്കരുതെന്നല്ല ഖുര്‍ആനിന്റെ ഭാഷ്യം. മറിച്ച് ”വ്യഭിചാരത്തോട് അടുക്കുക പോലും അരുതെ”ന്നാണത് പഠിപ്പിക്കുന്നത്. ഒരാള്‍ മദ്യപിക്കുകയോ വ്യഭിചരിക്കുകയോ ചെയ്യുമ്പോള്‍ ‘മനുഷ്യന്‍ തന്റെ കുപ്പായമഴിക്കും വിധം അവന്റെ ഈമാന്‍ നാഥന്‍ ഊരിക്കളയുമെ’ന്ന് ഹദീസുകള്‍ പഠിപ്പിക്കുന്നുണ്ട്.

ചുരുക്കത്തില്‍ വിശുദ്ധമതത്തില്‍ ഏറെ പവിത്രത കല്‍പിക്കപ്പെട്ട ദിവസമാണ് ശഅ്ബാന്‍ പതിനഞ്ച്. അന്ന് പകല്‍സമയത്ത് ഭക്തിയോടെ നോമ്പനുഷ്ഠിക്കാനും സല്‍കര്‍മ്മങ്ങള്‍ കൊണ്ട് പ്രസ്തുത രാവ് പുഷ്‌കലമാക്കുവാനും സാധിച്ചവര്‍ക്ക് അതിരുകളില്ലാത്ത പുണ്യം വരിയ്ക്കാനാകും. മേല്‍ പറയപ്പെട്ട ദുഷ്‌കര്‍മ്മങ്ങളൊന്നും ജീവിതത്തില്‍ വരാതെ സൂക്ഷ്മജീവിതം നയിച്ച സല്‍കര്‍മ്മികളുടെ കൊയ്ത്തുരാവാണ് ബറാഅത്ത് രാവ്. ഇത്തരം പാപങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചു പോയവര്‍ ദുഃഖിക്കേണ്ടതില്ല. അവര്‍ക്കും പുണ്യമതം പരിഹാരം നിര്‍ദ്ദേശിക്കുന്നുണ്ട്. പൂര്‍ണ്ണമനസ്സോടെ തൗബ ചെയ്ത് നാഥനോട് കേണപേക്ഷിക്കുക. മാതാപിതാക്കളെ വെറുപ്പിച്ചവരോ കുടുംബബന്ധം മുറിച്ചവരോ ഉണ്ടെങ്കില്‍ അവരോട് പൊരുത്തം വാങ്ങുക. മരിച്ചുപോയവരാണെങ്കില്‍ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ദാനധര്‍മങ്ങള്‍ ചെയ്യുകയുമൊക്കെയാവാം.

നാഥനും മലക്കുകളും നബിയ്ക്കുവേണ്ടി സ്വലാത്തു ചെയ്യുന്നു, നിങ്ങളും നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലുകയെന്ന് സൂക്തം അവതരിപ്പിച്ച് തിരുനബി(സ്വ)യെ നാഥന്‍ ഏറ്റവും സന്തോഷിപ്പിച്ച മാസമാണ് ശഅ്ബാന്‍. അപ്രകാരം അവിടുത്തേയ്ക്ക് ശഫാഅത്തിനുള്ള അനുമതി കൊടുത്തതും ഈ മാസത്തില്‍ തന്നെ. അതുകൊണ്ടാണ് ശഅ്ബാന്‍ എന്റെ മാസമാണെന്ന് തിരുനബി(സ്വ) പറഞ്ഞത്.

ശാഫി സഖാഫി മുണ്ടമ്പ്ര
കേട്ടെഴുത്ത്: ഇസ്സുദ്ദീന്‍ പൂക്കോട്ടുചോല