2019ല്‍ ഒരു മഹാദുരന്തത്തിനു സാക്ഷിയാവാതിരിക്കാന്‍

2019ല്‍ ഒരു മഹാദുരന്തത്തിനു സാക്ഷിയാവാതിരിക്കാന്‍

മലപ്പുറത്തെ കുറിച്ച് ഇടതടവില്ലാതെ കേള്‍ക്കുന്ന അവതരണങ്ങള്‍ രണ്ട് ജനുസ്സില്‍ പെട്ടവയാണ്. ഒന്ന് ഭീകരമായ ആക്രമണമാണ്. ഒരു നാടിന്റെ നെഞ്ചിലേക്ക് നടത്തുന്ന വെടിവെപ്പുകള്‍. മുസ്‌ലിംകള്‍ മഹാഭൂരിപക്ഷമുള്ള ഈ ജില്ല തീവ്രവാദത്തിന്റെ വിളനിലമാണെന്നും ഇവിടെ മലപ്പുറം കത്തി മുതല്‍ ബോംബുകള്‍ വരെ മാരകായുധങ്ങള്‍ സുലഭമാണെന്നും ഇവിടുത്തുകാരുടെ മുഖ്യ ആഹാരം ബീഫ് ആണെന്നും ഇവിടുത്തെ സ്ത്രീകള്‍ പന്നികളെപ്പോലെ പെറ്റുകൂട്ടുന്നവരാണെന്നും തിരഞ്ഞെടുപ്പു വന്നാല്‍ ഉടനടി ധ്രുവീകരിക്കാന്‍ കാത്തു നില്‍ക്കുകയാണ് ഇവിടുത്തുകാരെന്നും ഈ അവതരണങ്ങളില്‍ കാണാം. നോമ്പ് കാലത്ത് ഇവിടുത്തെ അമുസ്‌ലിംകള്‍ക്ക് പകല്‍ ഭക്ഷണം ദുഷ്‌കരമാണെന്നും ഇക്കാലങ്ങളില്‍ ഒരു കലാവിഷ്‌കാരവും ഇവിടെ സാധ്യമല്ലെന്നും പ്രചരിപ്പിക്കുന്നു. സിനിമയിലും നാടകത്തിലും സാഹിത്യത്തിലും ചാനലിലും പത്രത്തിലും സര്‍ക്കാര്‍ ആപ്പീസുകളിലും നാട്ടു വര്‍ത്തമാനങ്ങളിലും രാഷ്ട്രീയത്തിലുമൊക്കെ ഇത്തരം പൊതു ബോധ നിര്‍മിതികള്‍ നടക്കുന്നു. മലപ്പുറത്തുകാരന്റെ സ്വാഭാവികമായ ക്ഷോഭങ്ങളും സംഘടിത പ്രതികരണങ്ങളും വലിയ പാതകമായി പരിണമിക്കുന്നു. എക്കാലത്തും ഒരേ താളത്തില്‍ ഇത്തരം അധിക്ഷേപപ്പാട്ടുകള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ചിലര്‍ ഇത് ബോധപൂര്‍വം, ലക്ഷ്യാധിഷ്ഠിതമായി നിര്‍വഹിക്കുന്നു. പൊതു ബോധത്തിന്റെ സ്ഥിരം ഇരകളായ മറ്റുള്ളവര്‍ ഗൗരവം ഒട്ടും ഉള്‍ക്കൊള്ളാതെ ഈ കോറസ്സില്‍ കൂട്ടപ്പാട്ടുകാരാകുന്നു. ഈ പാട്ടില്‍ മലപ്പുറത്തിന്റെ ഭാഷക്ക് ഒരു മാറ്റവുമില്ല. മുന്‍ഷിയിലെ ഹാജിയാരെപ്പോലെ വേഷത്തിലുമില്ല മാറ്റം. എം 80 മൂസയിലെ മീന്‍കാരന്‍ പൊട്ടപ്പോഴത്തക്കാരനാണ്. ‘തനി മലപ്പുറം കാക്ക’ എന്ന് ഒരാളെ പറയുന്നത് ഏതെങ്കിലും നന്‍മയുടെ പേരിലല്ല, അധമനെന്ന നിലയിലാണ്. മലപ്പുറത്തെ അപരത്വത്തിന്റെയും അധോലോകത്തിന്റെയും കടുംനിറമുള്ള നാടായി എക്കാലവും നിലനിര്‍ത്തുന്നു. കേരളത്തിലാകെ സര്‍വാംഗീകൃതമായ ഒരു സംസ്‌കാര വിശേഷമുണ്ടെന്നും അതില്‍ നിന്ന് തെറിച്ചു നില്‍ക്കുന്ന ഇടമാണ് മലപ്പുറമെന്നും ആണയിട്ടുറപ്പിക്കുന്നു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നടന്ന ചെറുത്തു നില്‍പ്പുകളെയും എടുത്തു ചാട്ടങ്ങളെയും ഒരേ നുകത്തില്‍ കെട്ടി ക്രൂരനായ മാപ്പിളയുടെ ചിത്രം സൃഷ്ടിക്കാന്‍ ചരിത്രത്തെ കൂട്ടുപിടിക്കുന്നു. ആശാന്‍ ഈ ചരിത്ര നിര്‍മിതിയെയാണല്ലോ കാവ്യാലങ്കാരമണിയിച്ചത്. പറഞ്ഞ് പറഞ്ഞ് മലപ്പുറം ഒരു സര്‍വ സ്വതന്ത്ര ഭൂവിഭാഗമാണന്ന് പോലും അര്‍ഥസൃഷ്ടി നടത്തിക്കളയും. അത്തരമൊരു മൂര്‍ധന്യത്തിലാണ് താലിബാന്‍, അല്‍ഖാഇദ, ഇസില്‍ തുടങ്ങിയ പദങ്ങള്‍ പറന്നു വരിക.

ഈ പ്രൊപ്പഗാന്റ ഒരിക്കലും മലപ്പുറത്തുകാരെ മുറിവേല്‍പ്പിക്കാനോ അവരെ അപകര്‍ഷതയില്‍ വീഴ്ത്താനോ പ്രകോപിപ്പിക്കാനോ മാത്രം വേണ്ടിയുള്ളതല്ല. അവര്‍ അത്തരം അപകടങ്ങളിലൊന്നും ചാടാന്‍ തത്കാലം സാധ്യതയില്ലെന്ന് ഈ പ്രചാരണ വിദഗ്ധര്‍ക്കെല്ലാം നന്നായി അറിയാം. സംസ്ഥാനത്തിന്റെ ഇതര ദേശങ്ങളും അതും കടന്ന് ‘ആര്‍ഷഭാരത’മാകെയുമാണ് ഈ അപവാദ വ്യവസായത്തിന്റെ കമ്പോളം. ഹിന്ദുത്വശക്തികള്‍ അടക്കമുള്ള എല്ലാ ഫാഷിസ്റ്റ് സംഘങ്ങളുടെയും അടിസ്ഥാന സവിശേഷത അവ നുണകളില്‍ കെട്ടിപ്പടുത്തിരിക്കുന്നു എന്നതാണ്. നുണകള്‍ ഉപയോഗിച്ച് അവര്‍ അന്യരെ സൃഷ്ടിക്കുകയാണ് ചെയ്യുക. അധമന്‍മാരെ അഥവാ ശത്രുക്കളെ സൃഷ്ടിക്കുന്നു. ഹിറ്റ്‌ലര്‍ ജൂതന്‍മാരെ അന്യരാക്കിയത് അങ്ങനെയാണ്. ചരിത്രം അതിന്റെ കറക്കം ഒരു വട്ടം പൂര്‍ത്തിയാക്കി വന്നു നില്‍ക്കുമ്പോള്‍ അതേ ജൂതന്‍മാര്‍ അറബികള്‍ക്ക് മേല്‍ നുണകള്‍ ചൊരിഞ്ഞ് അധമത്വം പടച്ചുവിടുന്നു. ഇന്ത്യയില്‍ വിഭജനത്തോടെ പാകിസ്ഥാന്‍ എന്ന ശത്രു രാജ്യത്തെ ഫാഷിസത്തിന് ലഭിച്ചു. മുസ്‌ലിംകള്‍ എന്ന ശത്രു സമൂഹത്തെയും അവര്‍ പ്രഖ്യാപിച്ചു. ഗാന്ധിജിയെ വധിക്കുമ്പോഴും ബാബരി മസ്ജിദ് തകര്‍ക്കുമ്പോഴും ഗുജറാത്ത് വംശഹത്യയിലും ഫാഷിസം സൃഷ്ടിച്ചെടുത്ത ശത്രുതയാണ് ആവിഷ്‌കരിക്കപ്പെട്ടത്. അവയൊന്നും ആ ചരിത്രസന്ധിയില്‍ സംഭവിച്ച് തീര്‍ന്ന ഒന്നല്ല. അതിര്‍ത്തികളെയും കാലങ്ങളെയും ഭേദിച്ച് അവ വര്‍ഗീയ വിഭജനത്തിന്റെ അവബോധങ്ങള്‍ പടര്‍ത്തുന്നു. ഇതേ തന്ത്രമാണ് മലപ്പുറത്തെ കുറിച്ചുള്ള അവബോധ നിര്‍മിതിയിലും സംഭവിക്കുന്നത്. മലപ്പുറത്തിന്റെ അപരനാമം മിനി പാകിസ്ഥാന്‍ എന്നാണല്ലോ. മലപ്പുറത്തെ കശ്മീരാക്കാനുള്ള സംഘ്പരിവാര്‍ ശ്രമം അനുവദിക്കുന്ന പ്രശ്‌നമില്ലെന്നാണ് മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീര്‍ ഈയിടെ പറഞ്ഞത്.

മുസ്‌ലിംകള്‍ ഭൂരിപക്ഷമായാല്‍ ഒരു പ്രദേശത്ത് എന്താണ് സംഭവിക്കുക എന്നതിന് തെളിവായി നുണകള്‍ ആവര്‍ത്തിക്കപ്പെടുന്നു. മലപ്പുറവുമായി താരതമ്യത്തിന് സ്വാത് താഴ്‌വരയെ വരെ ഉപയോഗിക്കുന്നു. മലപ്പുറത്ത് നടക്കുന്ന ഏത് കുറ്റകൃത്യത്തിനും തീവ്ര പ്രവണതകള്‍ക്കും വലിയ ധ്വനി കൈവരുന്നു. അവിടെ നടക്കുന്ന വിദ്യാഭ്യാസ, സാമൂഹിക മാറ്റങ്ങളും വികസനങ്ങളും പോലും ഈ പ്രചാരണത്തിന് ഇന്ധനമാകുന്നു. പൊതു സംവിധാനത്തില്‍ നിന്ന് മലപ്പുറം എന്തോ തട്ടിയെടുക്കുന്നു എന്ന തരത്തിലാണ് പ്രചാരണം. അലിഗഢ് ഓഫ് ക്യാമ്പസിനെ കുറിച്ച് ബി ജെ പി നേതാക്കള്‍ നിരന്തരം നുണ പറയുന്നത് ഇതിന് ഉദാഹരണമാണ്. മലയാളം സര്‍വകലാശാല തിരൂരിലായതിലുമുണ്ടത്രേ കുഴപ്പം. തുഞ്ചന്‍പറമ്പ് തിരൂരിലായിപ്പോയില്ലേ എന്ന് ചോദിക്കരുത്. കാലിക്കറ്റ് സര്‍വകലാശാലക്കുമുണ്ട് മലപ്പുറം പഴി. മലപ്പുറത്ത് അഫ്‌സ്പ പ്രയോഗിക്കണമെന്നും ജില്ലയില്‍ പട്ടാളത്തെ വിന്യസിക്കണമെന്നും ബി ജെ പി നേതാവ് സുബ്ഹ്മണ്യന്‍ സ്വാമി പ്രസ്താവിക്കുന്നത് കേട്ടാല്‍ കേരളീയര്‍ക്കാകെ ചിരി വരും. എന്നാല്‍ ഡല്‍ഹിയിലും ലക്‌നോയിലും അഹമ്മദാബാദിലുമൊക്കെ ഇത് തമാശയല്ല. മലപ്പുറം എന്നൊരു നാടുണ്ടെന്നും അവിടെ വലിയ ഗുണ്ടായിസമാണ് നടക്കുന്നതെന്നും നിയമവാഴ്ചക്ക് പുറത്താണ് ഈ പ്രദേശമെന്നുമുള്ള പ്രതീതി തന്നെയാണ് പുറം ദേശക്കാരന് മുന്നിലെത്തുക. മലപ്പുറം കലക്ടറേറ്റിലെ സ്‌ഫോടനത്തിന് പിന്നില്‍ ഇസില്‍ തീവ്രവാദികളാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി കണ്ടെത്തിയിരുന്നു. കാസര്‍കോട്ട് നിന്ന് യുവാക്കള്‍ ഇസിലില്‍ ചേരാന്‍ പോയി എന്ന് വാര്‍ത്ത വന്നപ്പോഴും അതിലേക്ക് മലപ്പുറത്തെ വലിച്ചഴച്ചു സ്വാമി. തീവ്രവാദത്തിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന സ്ലീപ്പിംഗ് സെല്ലുകള്‍ മലപ്പുറത്താണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ‘ഓര്‍ഗനൈസര്‍’ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മലപ്പുറം ഗോഹത്യയുടെ കേന്ദ്രമായിരുന്നു. എല്ലാ വീടുകളിലും പശുക്കളെ കൊല്ലുന്നു. ഓരോ മുക്കിലും മൂലയിലും കശാപ്പുശാലകള്‍ ഉണ്ട്. ഇവിടെ തുകല്‍ വ്യവസായങ്ങള്‍ നിരനിരയായി ഉണ്ട്. ഹിന്ദുക്കളെ ഇവിടെ നിന്ന് സാവധാനം ആട്ടിയോടിച്ചു കൊണ്ടിരിക്കുകയാണ്. ഹിന്ദുക്കളുടെ ഭൂമി മുഴുവന്‍ മുസ്‌ലിംകള്‍ വാങ്ങിച്ചു കൂട്ടുകയാണ്; മുസ്‌ലികളുടെ ഭൂമിയാകട്ടെ അവര്‍ മുസ്‌ലിംകള്‍ക്ക് മാത്രമേ വില്‍ക്കൂ. മതപരിവര്‍ത്തനത്തിന് സഊദിയില്‍ നിന്ന് കോടിക്കണക്കിന് രൂപയാണ് ഇങ്ങോട്ട് ഒഴുകുന്നതെന്നും ഓര്‍ഗനൈസര്‍ തട്ടിവിടുന്നു. സംഘ് പരിവാറിന്റെ സൈബര്‍ അര്‍ജുനന്‍മാര്‍ തൊടുക്കുന്ന എല്ലാ അമ്പുകളും മലപ്പുറത്തിന്റെ നെഞ്ചത്താണ് ചെന്ന് തറക്കാറുള്ളത്. കേരളത്തിന്റെ ഹിന്ദുത്വവത്കരണത്തിന് പ്രധാന തടസ്സം മലപ്പുറമാണെന്ന് ഇവര്‍ നിരന്തം വാദിക്കുന്നു. മലപ്പുറത്ത് നിന്ന് ജയിച്ചു കയറുന്ന എം എല്‍ എമാരുടെ സാന്നിധ്യമാണ് നിയമസഭയെ ന്യൂനപക്ഷത്തേക്ക് ചായ്ച്ചു കളയുന്നതത്രേ. വടക്ക്, തെക്ക് ഹൈന്ദവ കേരളത്തെ മലപ്പുറം ഇടക്ക് മുറിച്ചു കളഞ്ഞുവെന്ന് ഭൂമിശാസ്ത്രപരമായി കണ്ടെത്തുന്നവര്‍ വരെയുണ്ട് സൈബര്‍ പടയാളികള്‍ക്കിടയില്‍. ‘മുസ്‌ലി ഭീകരരില്‍ നിന്ന് കടുത്ത ഭീഷണി നേരിടുന്ന മലപ്പുറത്തെ ഹിന്ദുക്കളുടെ സംരക്ഷണത്തി’നായി ഇന്ത്യയിലെ മഹാനഗരങ്ങളില്‍ വ്യാപകമായ പണപ്പിരിവ് നടക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹിന്ദു വോയിസ് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ടിപ്പുവും ഹൈദരലിയും ഹിന്ദുക്കളെ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിച്ചവരാണെന്നും അതിന്റെ ആധുനിക രൂപമാണ് ഗള്‍ഫ് പണം ഉപയോഗിച്ച് മലപ്പുറത്ത് ഇപ്പോള്‍ നടക്കുന്നതെന്നും പറയുന്നു.

ഇതൊക്കെ ഫാഷിസ്റ്റുകളുടെ നുണ പ്രചാരണം. അപ്പോള്‍ സാക്ഷാല്‍ കമ്യൂണിസ്റ്റുകളും ആന്റണിയെപ്പോലുള്ള കോണ്‍ഗ്രസുകാരും നിരവധി ഘട്ടങ്ങളില്‍ ഈ പാട്ടില്‍ പങ്കു ചേര്‍ന്നതോ? വിവര ദോഷം കൊണ്ടെന്ന് പറയാനാകില്ല. വി എസ് അച്യുതാനന്ദന് വിവരമില്ലെന്ന് ആരെങ്കിലും പറയുമോ? അദ്ദേഹം പറഞ്ഞു, മലപ്പുറത്തെ കുട്ടികള്‍ പരീക്ഷകളില്‍ ജയിക്കുന്നത് കോപ്പിയടിച്ചാണെന്ന്. മലപ്പുറത്തെ കൃത്യമായി ഒരു അപരദേശമാക്കി മാറ്റുകയാണ് സഖാവ് ചെയ്തത്. വെറുമൊരു കോപ്പിയടിയുടെ പ്രശ്‌നം മാത്രമായിരുന്നില്ല അത്. വൈദഗ്ധ്യത്തെ അംഗീകരിക്കാനുള്ള മടിയുമായിരുന്നില്ല. മറിച്ച് നിയമവാഴ്ചക്ക് പുറത്ത് നില്‍ക്കുന്ന അധോലോകമായി മലപ്പുറത്തെ മാറ്റുകയാണ് അദ്ദേഹം ചെയ്തത്. ഏറ്റവുമൊടുവില്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത് കേട്ടില്ലേ. ന്യൂനപക്ഷ വര്‍ഗീയ ധ്രുവീകരണമാണത്രേ മലപ്പുറത്ത് നടന്നത്. കുമ്മനം രാജശേഖരനും ഇതേ വിലയിരുത്തലാണ് നടത്തിയതെന്നോര്‍ക്കണം. എന്തുകൊണ്ടാണ് ഈ സ്വരങ്ങള്‍ ഇങ്ങനെ സമാനമാകുന്നത് എന്ന് ഗൗരവപൂര്‍വം വിശകലനം ചെയ്യേണ്ടതാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു എന്നല്ല കടകംപള്ളി പറഞ്ഞത്. മലപ്പുറമാണ് ഇവിടെ കര്‍ത്താവ്. അല്ലെങ്കില്‍ മലപ്പുറത്തിന്റെ നാമ വിശേഷണമാണ് ധ്രുവീകരണം. മുസ്‌ലിം വര്‍ഗീയ മേഖലയാണ് മലപ്പുറം. ന്യൂനപക്ഷ വര്‍ഗീയ ശാക്തീകരണം നടക്കുന്ന മേഖല. മേഖലക്കാകെയാണ് വിശേഷണം. മലപ്പുറം ജില്ലയുടെ രൂപവത്കരണ കാലം മുതല്‍ നടക്കുന്ന ആക്രമണങ്ങളുടെ ജനുസ്സിലാണ് കടകംപള്ളി വചനങ്ങളെയും ഉള്‍പ്പെടുത്തേണ്ടത്.

മലപ്പുറത്തെക്കുറിച്ചുള്ള അവതരണങ്ങളുടെ രണ്ടാം ജനുസ്സിലേക്ക് ഇനി പ്രവേശിക്കാം. അത് പ്രതിരോധത്തിന്റെതാണ്. അതിവേഗം ആഞ്ഞു വീശുന്ന നുണയുടെ കൊടുങ്കാറ്റിനെ തടഞ്ഞു നിര്‍ത്താനുള്ള ദുര്‍ബലമായ ശ്രമം. മലപ്പുറത്തിന്റെ നന്‍മകളും സ്‌നേഹപൂര്‍ണമായ ശീലങ്ങളും ഇവിടെ മനോഹരമായി അവതരിപ്പിക്കപ്പെടുന്നു. കൂടിച്ചേരലിന്റെ മഹത്തായ മാതൃകകള്‍ ഒട്ടൊരു അപദാനത്തിന്റെ ശൈലിയില്‍ കടന്നു വരും. കുഞ്ഞാപ്പു, കുഞ്ഞിപ്പ, നാണി, കുഞ്ഞാള്‍ എന്നിങ്ങനെയുള്ള മലപ്പുറം വിളിപ്പേരുകള്‍ ഈ വിഭാഗത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഇനമാണ്. കെ എല്‍ പത്ത് സിനിമയില്‍ കാണിക്കുന്നത് പോലെ ഫുട്‌ബോളും പ്രണയവുമെല്ലാം ഉണ്ടാകും. തോപ്പില്‍ ഷാജഹാന്‍ സംവിധാനം ചെയ്ത ‘മലപ്പുറം: ബിയോണ്ട് ദി ടെയില്‍സ്’ എന്ന ഡോക്യുമെന്ററിയില്‍ നിന്ന് ചില ഉദാഹരണങ്ങള്‍ എടുക്കാം. ‘വളാഞ്ചേരിക്കടുത്ത് മൂന്നാക്കലിലെയും പരിസര ഗ്രാമങ്ങളിലെയും നിവാസികള്‍ക്ക് അരിവില വര്‍ധിക്കുന്നതിനെ കുറിച്ച് വേവലാതിയേ ഇല്ല. കാരണം മൂന്നാക്കല്‍ ജുമുഅ മസ്ജിദില്‍ നിന്ന് ആവശ്യമായ അരി സൗജന്യമായി അവര്‍ക്ക് എന്നും ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇതിന് ജാതി മത വേര്‍തിരിവില്ല. പള്ളിയില്‍ നേര്‍ച്ചയായി ലഭിക്കുന്ന അരിയാണ് ആയിരങ്ങള്‍ക്ക് ആശ്വാസമാകുന്നത്’ മറ്റൊന്ന് നോക്കൂ: ‘മാമാങ്കത്തിന്റെ ഓര്‍മകള്‍ തുടിക്കുന്ന തിരുനാവായയില്‍ വിരിയുന്ന താമരകള്‍ സാഹോദര്യത്തിന്റെ കഥ പറയുന്നു. ഇവിടെ വിരിയുന്ന താമരകളാണ് ഗുരുവായൂര്‍ ക്ഷേത്രമടക്കമുളള അമ്പലങ്ങളില്‍ അര്‍ച്ചനക്കായി എത്തുന്നത്. ക്ഷേത്രങ്ങളിലെ പ്രധാന നിവേദ്യമായ താമര കാലങ്ങളായി കൃഷി ചെയ്ത് എത്തിക്കുന്നത് മുസ്‌ലിം കര്‍ഷകരാണ്’

ജോലിക്കും മറ്റും പുറം ജില്ലകളില്‍ നിന്ന് വന്ന് മലപ്പുറത്ത് താമസമാക്കിയവരുടെ സാക്ഷ്യപത്രമാണ് ഒഴിച്ചു കൂടാനാകാത്ത മറ്റൊരു ചേരുവ. അല്ലെങ്കില്‍ മലപ്പുറത്ത് താമസിക്കുന്ന ഹൈന്ദവ സുഹൃത്തിന്റെ വീട്ടില്‍ പുറം ജില്ലയില്‍ നിന്ന് വിരുന്നു വന്നയാളുടെ സാക്ഷ്യം. അത്തരമൊന്ന് ഇങ്ങനെ വായിക്കാം. ‘ഒരു അമുസ്‌ലിമായ എനിക്കും എന്റെ കുടുംബത്തിനും പെരുന്നാള്‍ ദിനമായ ഇന്നലെ ആനന്ദത്തിന്റെ, ആഘോഷത്തിന്റെ ദിനമായിരുന്നു. പെരുന്നാള്‍ ദിനത്തില്‍ ഉച്ചഭക്ഷണം വീട്ടില്‍ ഉണ്ടാക്കാന്‍ പാടില്ല. അത് അയല്‍വീട്ടുകാരുടെ അവകാശമാണ്. അയല്‍പ്പക്കക്കാരെല്ലാം മുസ്‌ലിം സുഹൃത്തുക്കള്‍. ജാതി മത ഭേദമന്യേ ഈദ് മുബാറക്ക് ചൊല്ലി സൗഹൃദം പങ്കിടുന്ന കാഴ്ച. സാഹോദര്യത്തിന്റെയും മത സഹിഷ്ണുതയുടെയും അനുഭൂതി നിറഞ്ഞ കാഴ്ച. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴക്കാരനായ എന്റെ സുഹൃത്ത് മധു മലപ്പുറം കാണാന്‍ ഒരിക്കല്‍ വന്നു. നാട്ടുകാരെയൊക്കെ പരിചയപ്പെട്ട് കഴിഞ്ഞ് അവന്‍ ചോദിക്കുവാ: എവിടെയാ ആ കത്തിയെന്ന്, മലപ്പുറം കത്തി. അവനെ പറഞ്ഞിട്ട് കാര്യമില്ല. അതൊക്കെയാണ് അവന്‍ പുറത്ത് നിന്ന് കേട്ടത്. വര്‍ഗീയതയുടെ നാട്. എന്നാല്‍ ഏതാനും ദിവസം കഴിഞ്ഞ് പോകുമ്പോള്‍ അവന്‍ പറഞ്ഞ വാക്കുകള്‍ എന്റെ കണ്ണു നിറച്ചു: ഈ നാട്ടുകാരുടെ സ്‌നേഹം, ഐക്യം, പെരുമാറ്റം, മതസഹിഷ്ണുത എത്ര വലുതാണ്. എനിക്ക് അസൂയ തോന്നുന്നു’
ഇത്തരം അനുഭവക്കുറിപ്പുകളും സൗഹൃദ സ്മൃതികളും ബഹുസ്വരതയുടെ തെളിവായി നില്‍ക്കുന്ന നാട്ടു വഴക്കങ്ങളും ചരിത്രത്തിലെ സൗഹൃദങ്ങളും ഉത്സവാചാരങ്ങളും കണ്ടെടുക്കുന്നതും അവയെ പൊതു ചര്‍ച്ചകളുടെ പൂമുഖത്തേക്ക് കൊണ്ടു വരുന്നതും തീര്‍ച്ചയായും സര്‍ഗാത്മകമായ പ്രതിരോധത്തിന്റെ ഉദാത്ത മാതൃക തന്നെയാണ്. പക്ഷേ ഇത്തരം ഉദ്‌ഘോഷിക്കലുകളില്‍ അടങ്ങിയിരിക്കുന്ന ഗതികേട് കാണാതിരിക്കാനാകില്ല. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഒന്നാകെ അനുഭവിക്കുന്ന നിസ്സഹായാവസ്ഥയുടെ ഭാഗമാണ് ഇത്. മുസ്‌ലിമിന് തന്റെ ദേശക്കൂറ് തെളിയിക്കേണ്ടി വരുന്നു. ഇന്ത്യന്‍ ദേശീയ സമര ചരിത്രത്തില്‍ മുസ്‌ലിംകള്‍ക്കുള്ള പങ്കിനെക്കുറിച്ച് സെമിനാര്‍ നടത്തേണ്ടി വരുന്നു. കശ്മീരില്‍ തീവ്രവാദികള്‍ക്കൊപ്പം ചേരാന്‍ പോയെന്ന് കരുതപ്പെടുന്ന ഫയാസ് അവിടെ കൊല്ലപ്പെടുമ്പോള്‍ ‘എനിക്ക് അവന്റെ മയ്യിത്ത് പോലും കാണേണ്ട’ എന്ന് അവന്റെ ഉമ്മക്ക് പറയേണ്ടി വരുന്നു. എന്നാല്‍ പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ അച്ഛന്‍ മകളെ കുറിച്ച് അഭിമാനം കൊള്ളുകയാണ്. മലപ്പുറത്തിന് കഥക്കപ്പുറത്തെ കഥ ഉച്ചത്തില്‍ പറയേണ്ടി വരുമ്പോള്‍ എതിര്‍ പ്രചാരണങ്ങള്‍ അത്രമേല്‍ ശക്തമാണെന്ന് സമ്മതിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. അതില്‍ നിന്ന് ഉണ്ടാകുന്ന അപകര്‍ഷതയും നില്‍ക്കക്കള്ളിയില്ലായ്മയുമാണ് ഇങ്ങനെ ആത്മപ്രശംസ നടത്താന്‍ മലപ്പുറത്തെ നിര്‍ബന്ധിതമാക്കുന്നത്. കേരളത്തില്‍ 13 ജില്ലകള്‍ ഹിന്ദു ഭൂരിപക്ഷമാണ്. അവര്‍ക്കാര്‍ക്കെങ്കിലും ഈ ഗതികേടുണ്ടോ? കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലുമൊക്കെ ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള താലൂക്കുകളും നിയമസഭാ മണ്ഡലങ്ങളുമുണ്ട്. അവര്‍ക്കാര്‍ക്കും ഈ നിസ്സഹായത അനുഭവിക്കേണ്ടി വരുന്നില്ലല്ലോ.

മുസ്‌ലിംകള്‍ക്ക് മാത്രമായി ഒരു ജില്ല രൂപവത്കരിക്കുകയല്ല 1969ല്‍ അന്നത്തെ ഇം എം എസ് സര്‍ക്കാര്‍ ചെയ്തത്. മറിച്ച് ഭരണസൗകര്യത്തിനായി കോഴിക്കോട്, പാലക്കാട് ജില്ലകളെ വിഭജിക്കുകയാണ് ചെയ്തത്. 10374 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന രണ്ട് ജില്ലകള്‍ വിഭജിക്കേണ്ടത് അനിവാര്യതയായിരുന്നു. മുസ്‌ലിം ലീഗ് ഇതിനായി ഇ എം എസ് സര്‍ക്കാറിന് മേല്‍ സമ്മര്‍ദം ചെലുത്തുമ്പോള്‍ തുടക്കത്തില്‍ ഉന്നയിച്ചതും ഏറനാട്, തിരൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയ താലൂക്കുകളുടെ വികസനമായിരുന്നു. കേരള ജനസംഖ്യയില്‍ 26 ശതമാനം മുസ്‌ലിംകളാണ്. ഇവരില്‍ എഴുപത് ശതമാനത്തിന് മുകളില്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ്. ഇവയില്‍ നിന്ന് പുതിയൊരു ജില്ലയുണ്ടാകുമ്പോള്‍ അത് മുസ്‌ലിം ഭൂരിപക്ഷമാകുന്നത് സ്വാഭാവികം. ഇത് ചൂണ്ടിയാണ് മുസ്‌ലിംകള്‍ക്ക് ജില്ല കൊടുത്തുവെന്ന് സംഘ്‌രിവാര്‍ ആക്രോശിക്കുന്നത്. ജില്ല രൂപീകൃതമാകുമ്പോള്‍ സംഭവിക്കുന്ന സൗകര്യങ്ങളും വികസനങ്ങളും തൊഴിലവസരങ്ങളുമെല്ലാം ജനവിഭാഗത്തിനാകെയാണ് വീതിക്കപ്പെടുന്നത്. മലപ്പുറം ജില്ലാ രൂപവത്കരണത്തിന് ശേഷം നാല് ജില്ലകള്‍ കൂടി പിറന്നു. ഇടുക്കി (1972), വയനാട് (1980), പത്തനംതിട്ട (1982), കാസര്‍കോട് (1984) എന്നിവ. ഇവയൊന്നും ഏതെങ്കിലും സമുദായത്തിന് കൊടുത്തുവെന്ന് ആക്ഷേപമുയര്‍ന്നിട്ടില്ല.

ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. മുസ്‌ലിംകള്‍ക്ക് കിട്ടിയ ജില്ലയായി മലപ്പുറത്തെ അവതരിപ്പിക്കുക വഴി മുസ്‌ലിം ലീഗ് സംഘ്പരിവാറിന് ആയുധം ഒരുക്കി കൊടുക്കുകയായിരുന്നു. മുസ്‌ലിംകള്‍ക്ക് ലീഗ് ചെയ്ത സേവനം എണ്ണുമ്പോള്‍ ആദ്യം എടുത്തിടുക മലപ്പുറമാണ്. മതാധിഷ്ഠിത സമ്മര്‍ദമാണ് ഇക്കാര്യത്തില്‍ നടത്തിയതെന്ന് പ്രചരിപ്പിക്കുക വഴി എതിര്‍ പ്രചാരണങ്ങള്‍ക്ക് ഊര്‍ജം പകരുകയാണ് ലീഗ് ചെയ്തത്. ലീഗ് അങ്ങനെ അവകാശപ്പെട്ടില്ലെങ്കിലും സാമുദായിക ധ്രുവീകരണ ശക്തികള്‍ അത് ഉപയോഗിക്കുമായിരുന്നില്ലേ എന്ന ചോദ്യമുയരാം. പക്ഷേ ലീഗിന്റെ പ്രചാരണം സി പി എമ്മിനെപ്പോലും സമ്മര്‍ദത്തിലാക്കി. മലപ്പുറത്തെ മുന്‍ നിര്‍ത്തി ലീഗിന്റെ രാഷ്ട്രീയ പ്രചാരണം അത്രമേല്‍ ശക്തിമത്തായിരുന്നു.

മലബാര്‍ കലാപകാലത്തെ സംഭവപരമ്പരകള്‍ ഉയര്‍ത്തിപ്പിടിച്ച് ആര്‍ എസ് എസ് അതിന്റെ രൂപവത്കരണ കാലത്ത് തന്നെ കേരളത്തില്‍ ശക്തമായ പ്രവര്‍ത്തനം തുടങ്ങിയതാണെന്നോര്‍ക്കണം. മലപ്പുറം ജില്ലയുടെ തുടക്കം തൊട്ട് ഇന്നു വരെ അവര്‍ ഈ വിഷയം ഉപയോഗിച്ച് വിദ്വേഷ പ്രചാരണം നടത്തി വരികയാണ്. ഈ പ്രചാരണത്തിരയില്‍ ചില സി പി എം നേതാക്കള്‍ക്കെങ്കിലും നില തെറ്റിപ്പോകാറുണ്ട്. ഫാഷിസത്തെ ചെറുക്കുന്നതിന് കൃത്യമായ ആശയ ആയുധം കണ്ടെത്തുന്നതില്‍ ആ പാര്‍ട്ടിക്ക് സംഭവിക്കുന്ന പിഴവുകള്‍ തന്നെയാണ് ഇത്തരക്കാരിലൂടെ ആവര്‍ത്തിക്കപ്പെടുന്നത്. ‘മലപ്പുറം ജില്ലയുടെ കാര്യത്തില്‍ നിഷ്പക്ഷമതികളെന്ന് പറയുന്നവരെ തൃപ്തിപ്പെടുത്താനുള്ള ന്യായം കണ്ടെത്തേണ്ട കാര്യമി’ല്ലെന്ന് പറഞ്ഞ ഇ എം എസ് തന്നെ പിന്നീട് മലപ്പുറത്തെ മുസ്‌ലിം വര്‍ഗീയതയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇതിന്റെ ഏറ്റവും പുതിയ രൂപം മാത്രമാണ് കടകംപള്ളിയുടെ പ്രസ്താവന. ശരീഅത്ത് വിവാദ സമയത്ത് സി പി എം കളിച്ച ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയമാണ് ഇത്തരം പ്രസ്താവനകളില്‍ നിഴലിക്കുന്നതെന്ന് വ്യക്തം. അന്നത് വിജയം കണ്ടിരിക്കാം. എന്നാല്‍ സംഘ് രാഷ്ട്രീയം കേന്ദ്ര ഭരണത്തിന്റെ പ്രഹരശേഷിയോടെ നില്‍ക്കുമ്പോള്‍ യോഗക്ക് പകരം മതേതര യോഗ നടത്തുകയും ശ്രീകൃഷ്ണ ജയന്തിക്ക് പകരം വിപ്ലവ ശ്രീ കൃഷ്ണ ജയന്തി നടത്തുകയും പോലീസ് തലപ്പത്ത് ചില കാവിധാരി ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്യുന്നതാണോ ശരിയായ രാഷ്ട്രീയമെന്ന് സി പി എം പരിശോധിക്കട്ടെ. ബാലഗംഗാധര തിലകന്‍ മുതലുള്ള മൃദു ഹിന്ദുത്വവാദികളെക്കൊണ്ട് കോണ്‍ഗ്രസ് എന്ത് നേടിയെന്നും പഠിക്കട്ടേ.

യഥാര്‍ഥത്തില്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ഒരേയൊരു പാര്‍ട്ടിയേ തോറ്റിട്ടുള്ളൂ. അത് ബി ജെ പിയാണ്. ഒരേയൊരു ധ്രുവീകരണമേ ഉണ്ടായിട്ടുള്ളൂ. അത് ഫാഷിസ്റ്റ് വിരുദ്ധമാണ്. ലീഗിന് ലഭ്യമായതില്‍ വെച്ച് ഏറ്റവും മുന്തിയ സ്ഥാനാര്‍ഥിയായിരുന്നു കുഞ്ഞാലിക്കുട്ടി. എല്‍ ഡി എഫിന്റെ ഫൈസലാകട്ടെ അഡ്ജസ്റ്റ്‌മെന്റ് സ്ഥാനാര്‍ഥിയെന്ന പഴി ചാര്‍ത്താന്‍ പാകത്തില്‍ പുതുമുഖവും. പൊതുരാഷ്ട്രീയ സാഹചര്യം എല്‍ ഡി എഫിന് തികച്ചും പ്രതികൂലമായിരുന്നു. എന്നിട്ടും 2014ലേതിനെക്കാള്‍ 1,01,303 വോട്ട് അധികം എം ബി ഫൈസല്‍ പിടിച്ചു. എല്‍ ഡി എഫിന്റെ വോട്ട് വര്‍ധന 8.33 ശതമാനം. യു ഡി എഫിന്റേത് 4.70 ശതമാനം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ലഭിച്ചത് 64,705 വോട്ടാണ്. പ്രചണ്ഡ പ്രചാരണം നടത്തിയും ബീഫ്, എല്‍ ഡി എഫ്- യു ഡി എഫ് ധാരണ തുടങ്ങിയ എല്ലാ തരം ആയുധങ്ങളും പുറത്തെടുത്തും മുന്നേറിയ ബി ജെ പിയായിരുന്നു ഇത്തവണ മലപ്പുറത്തെ ശ്രദ്ധാ കേന്ദ്രം. യു പി വിജയത്തില്‍ മോദി പ്രഭാവം ജ്വലിച്ചു നില്‍ക്കുന്നുമുണ്ടായിരുന്നു. ശ്രീപ്രകാശ് ഒരു ലക്ഷത്തിലധികം വോട്ട് പിടിക്കുമെന്നായിരുന്നു അവരുടെ അവകാശവാദം. കൂടിയത് വെറും 970 വോട്ടുകള്‍! എന്നുവെച്ചാല്‍ ബി ജെ പിക്കെതിരായി എല്ലാ വിഭാഗത്തില്‍ പെട്ട ജനങ്ങളും ബട്ടണമര്‍ത്തി. അത് എല്‍ ഡി എഫിന് തോല്‍വിക്കിടയിലും വിജയം സമ്മാനിച്ചു. ഇത്ര സുവ്യക്തമായി കണക്കുകള്‍ കിടക്കുമ്പോഴാണ് വര്‍ഗീയ ധ്രുവീകരണ വാദം എടുത്തിടുന്നത്. ഇത് മനുഷ്യരുടെ മതേതര ബോധത്തെ അപഹസിക്കലാണ്. ഇത്തരം അപഹാസങ്ങള്‍ ഫാഷിസത്തിനെതിരായി വളര്‍ന്നു വരുന്ന ഐക്യനിരയെ ദുര്‍ബലമാക്കുകയാണ് ചെയ്യുക.

അപകടകരമായ സാമാന്യവത്കരണങ്ങളില്‍ നിന്ന് മലപ്പുറവും കണ്ണൂരുമൊക്കെ എന്നാണ് രക്ഷപ്പെടുക?

മുസ്തഫ പി എറയ്ക്കല്‍