പൊതു സിവില്‍കോഡ്:അത്ര പൊതുവല്ലാത്ത ദുഃശാഠ്യങ്ങള്‍

പൊതു സിവില്‍കോഡ്:അത്ര പൊതുവല്ലാത്ത ദുഃശാഠ്യങ്ങള്‍

ജാതി-മത-വംശ-ഭാഷാ വൈജാത്യങ്ങള്‍ക്കപ്പുറം പൗരന്മാരെല്ലാം നിയമത്തിനു മുന്നില്‍ സമന്മാരാണെന്ന ഭരണഘടനയുടെ പതിനാലാം ആര്‍ട്ടിക്കിളിന്റെ പൂര്‍ണാവിഷ്‌കാരമായിരിക്കും ഏകീകൃത സിവില്‍കോഡ്. ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങളില്‍ 44ാം ആര്‍ട്ടിക്കിളില്‍ ഒരു ഏകീകൃത സിവില്‍കോഡിന് കീഴില്‍ രാജ്യത്തെ മുഴുവന്‍ പൗരന്മാരെയും കൊണ്ടുവരുന്ന സാഹചര്യത്തിന് ഭരണകൂടം ശ്രമിക്കണമെന്ന് പറയുന്നു. വിദൂരഭാവിയിലാണെങ്കിലും ഭരണകൂടം നടപ്പിലാക്കേണ്ട ചില ഉത്തരവാദിത്വങ്ങളാണ് ആര്‍ട്ടിക്കിള്‍ 36 മുതല്‍ 51 വരെ ഭരണഘടനയില്‍ അനുശാസിച്ചിട്ടുള്ള നിര്‍ദേശകതത്വങ്ങള്‍. ഇവയില്‍ പലതും സര്‍ക്കാറുകള്‍ ഗൗരവമായി കണക്കിലെടുത്ത് നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ ഏകീകൃത സിവില്‍കോഡ്, ഗോവധ നിരോധനം, സമ്പൂര്‍ണ മദ്യ നിരോധനം, എല്ലാവര്‍ക്കും തൊഴില്‍ തുടങ്ങിയവ ഇപ്പോഴും നടപ്പിലാക്കാതെ അവശേഷിക്കുന്നു. ഇതില്‍ ആദ്യം പറഞ്ഞ രണ്ടെണ്ണം നടപ്പിലാക്കാതെ പോകുന്നത് ഇന്ത്യയുടെ സവിശേഷമായ രാഷ്ട്രീയ സാഹചര്യങ്ങളാലാണ്. നാനാത്വത്തില്‍ ജീവിക്കുകയും ഏകത്വത്തില്‍ വിശ്വസിക്കുകയും ചെയ്യുന്ന, ദേശീയബോധത്തെ അഭിമാനമായി കാണുകയും അത്യധികം ബഹുസ്വരമായ സാമൂഹ്യ പരിസരങ്ങളെ സസൂക്ഷ്മം പരിരക്ഷിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ സങ്കല്‍പത്തില്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിവേചന ചിന്തകളൊഴിവാക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ആദ്യകാലങ്ങളില്‍ ദേശീയനേതൃത്വം ശ്രദ്ധിച്ചുപോന്നത്. പിന്നെ പറഞ്ഞ രണ്ട് കാര്യങ്ങള്‍ ഭരണകൂടങ്ങളുടെ ഇഛാശക്തിക്കുറവുകൊണ്ടും ദുര്‍ബലമായ സാമ്പത്തിക സങ്കല്‍പങ്ങളും മൂലം മുടങ്ങിക്കിടക്കുന്നവയാണ്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഏകീകൃത ക്രിമിനല്‍ കോഡും സിവില്‍ കോഡും അനിവാര്യമാണെന്ന് ഭരണഘടനാ നിര്‍മാണവേളയില്‍ ചിലര്‍ ശക്തമായി വാദിച്ചു. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ആദ്യ ആരോഗ്യമന്ത്രിയായിരുന്ന രാജ്കുമാരി അമൃത് കൗര്‍, മിനു സോനി, കെ എം മുന്‍ഷി തുടങ്ങിയവരാണ് ഇവരില്‍ പ്രധാനികള്‍. പക്ഷേ മുസ്‌ലിം അംഗങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായ എതിര്‍പ്പുണ്ടായി. ഏകീകൃത സിവില്‍കോഡ് ന്യൂനപക്ഷങ്ങളുടെ സ്വത്വം തകര്‍ക്കുമെന്നവര്‍ വാദിച്ചു. ഒടുവില്‍ ദീര്‍ഘ വീക്ഷണവും രാഷ്ട്രീയത്തില്‍ അതുല്യമായ പാണ്ഡിത്യവുമുള്ള പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും ഡോ. ബി ആര്‍ അംബേദ്കറുമടങ്ങുന്നവര്‍ ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കാനുള്ള പാകതയില്‍ നമ്മളെത്തിയിട്ടില്ലെന്ന് പ്രഖ്യാപിച്ചു.

സ്വാതന്ത്ര്യത്തിന്റെ ദശാസന്ധിയില്‍ അപകടകരമാം വിധം രൂപപ്പെട്ട വര്‍ഗീയ ധ്രുവീകരണത്തെയും കലാപങ്ങളെയും പക്വമായി സമീപിക്കുകയായിരുന്നു അവര്‍. മതത്തിന്റെ പേരില്‍ ഇന്ത്യാ ഉപഭൂഖണ്ഡം കീറിമുറിക്കപ്പെടുകയും മുസ്‌ലിംകള്‍ പാക്കിസ്ഥാനിലേക്കും ഹിന്ദുക്കള്‍ ഇന്ത്യയിലേക്കുമെന്ന സാഹചര്യം രൂപപ്പെടുകയും ചെയ്തു. മതഭ്രാന്ത് മൂത്ത് ചിലര്‍ മൃഗങ്ങളെ പോലെയായി. അതുവരെ അയല്‍ക്കാരായി കഴിഞ്ഞവര്‍ പെട്ടെന്ന് ശത്രുതയിലാവുകയും പരസ്പരം കടിച്ചുകീറുകയും ചെയ്ത ഭീകരമായ അവസ്ഥയായിരുന്നു അത്. പാക്കിസ്ഥാന്‍ ഇസ്‌ലാമിക ്‌റിപ്പബ്ലികാവുകയാണെന്ന് മുഹമ്മദലി ജിന്നയുടെയും മുസ്‌ലിം ലീഗിന്റെയും പ്രഖ്യാപനത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ സ്വീകരിച്ചത് തങ്ങള്‍ ബഹുസ്വരതയില്‍ വിശ്വസിക്കുന്ന എല്ലാ മതക്കാര്‍ക്കും ഒരുപോലെ സ്വാതന്ത്ര്യവും സ്ഥാനവുമുള്ള ഇന്ത്യന്‍ യൂണിയനാവുകയാണെന്ന വിളംബരം കൊണ്ടായിരുന്നു.

പിറന്ന നാടിനോടുള്ള കൂറും സഹവര്‍ത്തിത്വത്തിന്റെ നന്മയുമുള്ള ഒട്ടേറെ മുസ്‌ലിംകള്‍ ഇന്ത്യയില്‍ തന്നെ നിന്നു. അവരും ഉറച്ച മതവിശ്വാസികളായിരുന്നു. വിഭജനത്തിലൂടെയുള്ള മതരാഷ്ട്രവാദത്തെ അവര്‍ അപലപിച്ചു. ന്യൂനപക്ഷമായി ഇന്ത്യയില്‍ തന്നെ നില്‍ക്കാന്‍ അവര്‍ക്ക് പ്രേരണയായത് ദേശീയ നേതാക്കളിലുള്ള വിശ്വാസമായിരുന്നു. മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും തങ്ങളെ പരിഗണിക്കുമെന്നവര്‍ ഉറച്ചുവിശ്വസിച്ചു. തികഞ്ഞ മതവിശ്വാസികളായിരിക്കെ തന്നെ ഇന്ത്യന്‍ പൗരന്മാരാകാനുള്ള അവരുടെ അഭിവാഞ്ജയെ അവഗണിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് കഴിയുമായിരുന്നില്ല, ഇന്ത്യക്ക് കഴിയുമായിരുന്നില്ല.

പിന്നീട് നെഹ്‌റുവിന്റെ കാലത്ത് ഏകീകൃത സിവില്‍കോഡിനെ കുറിച്ച് ചര്‍ച്ച വരുമ്പോഴൊക്കെ അതിനുള്ള പക്വത നമുക്കായിട്ടില്ല എന്നദ്ദേഹം വിശദീകരിച്ചു പോന്നു. വീണ്ടും യൂണിഫോം സിവില്‍കോഡിനെ സംബന്ധിച്ച് ഗൗരവം പൂണ്ട ചര്‍ച്ചകള്‍ നടക്കുന്നത് 1985ലെ ശാബാനു ബീഗം കേസോടെയാണ്. തുടര്‍ന്ന് മേരി റോയ് കേസ്(1986), സരള മുദ്ഗല്‍ കേസ്(1991), ഫാജോണ്‍ വള്ളിമറ്റം കേസ്(2001) തുടങ്ങിയവയും വിഷയത്തെ വീണ്ടും വീണ്ടും പുറത്തെടുത്തു. പല തവണ നീതിപീഠങ്ങള്‍ കേന്ദ്ര സര്‍ക്കാറുകളോട് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള താമസമെന്തെന്ന് പരിഭവം ചോദിക്കുകയും ചെയ്തു. സാമൂഹികാന്തരീക്ഷത്തില്‍ ഗാഢമായിത്തീര്‍ന്ന സമത്വ ചിന്തകളുടെ ഫലമായി ഏകീകൃത സിവില്‍കോഡ് ലിംഗ സമത്വത്തിന്റെ ഭാഗമായും വ്യാഖ്യാനിക്കപ്പെട്ടു. സാമൂഹിക സുരക്ഷയുടെയും നീതിയുടെയും സങ്കല്‍പങ്ങളെ ചൊല്ലിയാണ് പിന്നീട് അധിക ചര്‍ച്ചകളും ഉയര്‍ന്നുവന്നത്. മുസ്‌ലിം വ്യക്തിനിയമം അടക്കമുള്ള പല വ്യക്തിനിയമങ്ങളും ലിംഗ സമത്വത്തിനെതിരാണെന്നുള്ള വാദം ഇതോടെ ശക്തമായിത്തീര്‍ന്നു.

കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും സിവില്‍കോഡ് ഏകീകരിക്കലത്ര എളുപ്പമല്ല എന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. എന്നാല്‍ 2014ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ ഡി എ അവതരിപ്പിച്ച പ്രകടനപത്രികയിലെ ഏകീകൃത സിവില്‍കോഡ് സാക്ഷാത്കാരമാണ് ഇപ്പോഴുള്ള ചര്‍ച്ചകളുടെ പ്രഭവ കേന്ദ്രം. ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയുന്നതും രാമമന്ദിരം നിര്‍മിക്കുന്നതുമൊക്കെയായിരുന്നു മറ്റു പ്രഖ്യാപനങ്ങള്‍. ആവശ്യാനുസരണം എല്ലാം ഉയര്‍ത്തിക്കാട്ടുകയും ചെയ്യും. ഏകീകൃത സിവില്‍കോഡിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് ജസ്റ്റിസ് ബി എസ് ചൗഹാന്റെ നേതൃത്വത്തില്‍ ഒരു നിയമ പരിഷ്‌കരണ കമ്മീഷനോട് ഇതിന്റെ കരടു തയാറാക്കാന്‍ മോഡി സര്‍ക്കാര്‍ പറഞ്ഞത്. അങ്ങനെയൊന്ന് ഡ്രാഫ്റ്റ് ചെയ്യാന്‍ മൂന്ന് വര്‍ഷമെങ്കിലും എടുക്കുമത്രെ. ഭൂരിപക്ഷ വര്‍ഗീയതയെ ഉത്തേജിപ്പിക്കാനാണ് ഇപ്പോള്‍ ഈ ചര്‍ച്ചക്ക് ഇവര്‍ നേതൃത്വം നല്‍കുന്നത് തന്നെ. അല്ലെങ്കില്‍ വര്‍ഗീയതയുടെ വിഷം കുത്തി മനുഷ്യരെ തമ്മിലടിപ്പിക്കുന്ന രീതിശാസ്ത്രം പിന്തുടരുന്നവര്‍ക്കെന്തുകൊണ്ടായിരിക്കും നിയമകാര്യങ്ങളില്‍ ഒരു ഏകതാ സ്വഭാവം വേണമെന്നുള്ള ചിന്തയൊക്കെ ഉണ്ടാകുന്നത്? തികഞ്ഞ വിരോധാഭാസമല്ലാതെ മറ്റെന്താണ് ഇവരുടെ നിലപാട്?

മാത്രവുമല്ല സിവില്‍ നിയമങ്ങളുമായി ബന്ധപ്പെട്ടുള്ള ഭാരതത്തിന്റെ ചരിത്രവും ഏകീകൃത സിവില്‍കോഡിനെ നിരാകരിക്കാനാണ് പ്രേരിപ്പിക്കുന്നത്. പ്രാചീന ഭാരതത്തില്‍ തന്നെ സാമൂഹ്യ സുരക്ഷ കാംക്ഷിച്ചുകൊണ്ട് നിയമങ്ങളുണ്ടായിട്ടുണ്ട്. ജനപഥങ്ങളുടെയും സാമ്രാജ്യങ്ങളുടെയും കാലത്ത് ക്രോഡീകൃത നിയമ വ്യവസ്ഥകളുമുണ്ടായി. ഹിന്ദു രാജാക്കന്മാരുടെ കാലത്ത് അന്ന് സമൂഹത്തിലെ ഉന്നത കുലജാതരുടെ സ്വാധീനത്താല്‍ വരേണ്യര്‍ക്ക് പ്രാമുഖ്യം നല്‍കുന്ന, അല്ലാത്തവരെ അവഗണിക്കുന്ന നിയമങ്ങളുണ്ടായി. ബുദ്ധ മതത്തിന്റെയും ജൈന മതത്തിന്റെയും സ്വാധീനത്തില്‍ കടന്ന രാജാക്കന്മാര്‍ അവരുടെ നിയമ സംവിധാനത്തില്‍ ഈ മതങ്ങളുടെ ആശയ സംഹിതകളെ കൊണ്ടുവന്നു; പ്രചരിപ്പിച്ചു. പിന്നീട് ഡല്‍ഹി സുല്‍ത്താന്മാരുടെ കാലത്തും തുടര്‍ന്ന് മുഗളന്മാരുടെ നീണ്ട ഭരണകാലത്തും പുതിയ സാമൂഹ്യ നിയമ വ്യവസ്ഥയുണ്ടായി. എന്നാല്‍ മുസ്‌ലിംകളുടെ സാന്നിധ്യത്തോടെ ബഹുസ്വരമായ സാമൂഹിക സങ്കേതത്തിലേക്ക് മാറിയ ഇന്ത്യന്‍ സാഹചര്യത്തില്‍ ഡല്‍ഹി സുല്‍ത്താന്മാരും മുഗളന്മാരും സാമൂഹിക ഭദ്രതക്ക് അനുപേക്ഷണീയമായ ഒരു രീതി തന്നെയാണ് അവലംബിച്ചത്. ഹിന്ദുക്കള്‍ക്കും മറ്റു മതക്കാര്‍ക്കും അവരവരുടെ ആശയങ്ങള്‍ക്കനുസരിച്ച് മുന്നോട്ട് പോകാമായിരുന്നു. സംഘപരിവാര്‍ ശക്തികള്‍ മതഭ്രാന്തനെന്ന് പ്രചരിപ്പിക്കുന്ന ഔറംഗസേബിന്റെ ഭരണ കാലത്ത് പോലും ഒരു ഏകീകൃത നിയമം വന്നില്ല. നല്ലൊരു വിശ്വാസിയും ഇസ്‌ലാം മത നിയമങ്ങള്‍ക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്ത അദ്ദേഹം ഹിന്ദുക്കളുടെ നിയമങ്ങളെ പരിഷ്‌കരിച്ചില്ല. അഫ്ഗാന്‍ മുതല്‍ ഡെക്കാന്‍ വരെയുള്ള സാമ്രാജ്യത്തിലെ മുഴുവന്‍ പ്രജകള്‍ക്കും ഒരൊറ്റ നിയമം വേണമെന്ന് വാശി പിടിച്ചില്ല. ഔറംഗസേബിനും മുമ്പ് അക്ബറാണ് പിന്നെ ചില പരിഷ്‌കാരങ്ങള്‍ നടത്തിയത്. അതും മുസ്‌ലിം സമുദായത്തിനകത്ത്. ഇതര വിശ്വാസികളെയും അതനുസരിച്ച് അനുയായികള്‍ അനുഭവിച്ചുപോരുന്ന നിയമങ്ങളും ഒന്നും ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചില്ല.

പില്‍ക്കാലത്ത് ബ്രിട്ടീഷുകാരാണ് അവരുടെ ഭരണക്രമം എളുപ്പമാക്കുന്നതിന്റെ ഭാഗമായി ഏകീകൃത സിവില്‍കോഡുകള്‍ക്ക് ശ്രമം നടത്തിയത്. പക്ഷേ അത് വ്യക്തി നിയമങ്ങളുണ്ടാക്കുന്നതില്‍ ഒതുങ്ങിനിന്നു. നേരത്തെ ഉണ്ടായിരുന്ന നിയമങ്ങളെ പരിഷ്‌കരിച്ചുകൊണ്ടുള്ള വ്യക്തിനിയമങ്ങളുണ്ടായി എന്നുമാത്രം. അതാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും തുടരാന്‍ പ്രേരിപ്പിക്കപ്പെട്ടത്. ഇതില്‍ ഹിന്ദു കോഡ് 1950കളുടെ തുടക്കത്തില്‍ പുനരവതരിപ്പിക്കപ്പെട്ടു.

വ്യക്തിനിയമങ്ങള്‍ മതന്യൂനപക്ഷങ്ങളുടെ അസ്തിത്വം സംരക്ഷിച്ചുപോന്നുവെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെയാകണം ന്യൂനപക്ഷങ്ങള്‍ ഏകീകൃത സിവില്‍കോഡ് വാദത്തെ എതിര്‍ക്കുന്നത്. ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുക എന്നത് നിര്‍ദേശക തത്വങ്ങളിലുണ്ടായിരിക്കെ തന്നെ മതസ്വാതന്ത്ര്യം ഒരു മൗലികാവകാശമായി വകവെച്ചു നല്‍കുകകൂടി ചെയ്യുന്നുണ്ട് നമ്മുടെ ഭരണഘടന. ഈ അവകാശത്തെ അവഗണിച്ചുകൊണ്ടുമാത്രമേ ഏകീകൃത സിവില്‍കോഡ് കൊണ്ടുവരാന്‍ കഴിയൂ എന്നാണ് നിരീക്ഷണം. പ്രധാനമായും മുസ്‌ലിംകളും ക്രിസ്ത്യാനികളുമാണ് ഇതിനെ എതിര്‍ക്കുന്നത്. ഭൂരിപക്ഷ വര്‍ഗീയത ന്യൂനപക്ഷങ്ങളെ ഒതുക്കാന്‍ വേണ്ടിയാണ് ഏകീകൃത സിവില്‍കോഡിന് വേണ്ടി വാദിക്കുന്നതെന്ന് അവര്‍ ന്യായമായും ഭയക്കുന്നു.

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവരുടെ ശരീഅത്ത് നിയമങ്ങളുടെ ചില നിര്‍ദേശങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള സാധ്യതയാണ് സിവില്‍കോഡ് ഇപ്പോഴുള്ള വിധം ഏകീകരിച്ചാല്‍ നഷ്ടപ്പെടുക. ബഹുഭാര്യത്വം വിലക്കപ്പെടുമെന്നത് ഉദാര ലൈംഗികതക്ക് വേണ്ടിയുള്ള പാശ്ചാത്യ പരിഷ്‌കൃത സങ്കല്‍പങ്ങള്‍ക്ക് സ്വാധീനമേറിയ പുതിയ സാമൂഹിക സാഹചര്യത്തില്‍ വലിയ പ്രസക്തിയൊന്നുമില്ലാത്ത കാര്യമായി മാറും. ബഹുഭാര്യത്വത്തിനും ബഹുഭര്‍തൃത്വത്തിനും വിവാഹേതര ലൈംഗികബന്ധങ്ങള്‍ക്കും ഒരേപോലെ സാധുത കല്‍പിക്കുന്ന സാഹചര്യത്തിനുവേണ്ടി ഒരുപറ്റം മുറവിളി കൂട്ടുന്നത് കാണുന്നുണ്ടല്ലോ.

ത്വലാഖ്, ദത്തെടുക്കല്‍, അനന്തര സ്വത്ത് വീതം വെക്കല്‍ എന്നിങ്ങനെയുള്ള ചില കാര്യങ്ങളിലും ഏകീകൃത സിവില്‍കോഡ് മുസ്‌ലിംകളെ ബാധിക്കും. 1937ല്‍ ബ്രിട്ടീഷുകാരുണ്ടാക്കിയ മുഹമ്മദന്‍സ് ലോ കോഡാണ് ഇതിന്റെയൊക്കെ മൂലം. ഇവിടെയാണ് ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ഏകീകൃത സിവില്‍കോഡ് സമത്വവും ലിംഗ നീതിയും പ്രദാനം ചെയ്യുമെന്നാണെങ്കില്‍ നാട്ടുനടപ്പും ആചാരമര്യാദകളും ചില പ്രദേശങ്ങളിലെ കീഴ്‌വഴക്കങ്ങളുമൊക്കെ കടന്നുകൂടിയ അര്‍ധശരീഅത്തുമാത്രമായ 1937ലെ മുസ്‌ലിം വ്യക്തിനിയമം പരിപൂര്‍ണമായി ഇസ്‌ലാമിക കര്‍മ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ പരിഷ്‌കരിക്കുകയാണ് വേണ്ടത്. കാരണം, വിവാഹ മോചനവുമായി ബന്ധപ്പെട്ടുള്ള നിയമം പരിശോധിക്കവെ ത്വലാഖ് എന്ന ഭര്‍ത്താവിന്റെ ഏകപക്ഷീയമായ ഒരു നടപടിയെ കുറിച്ചാണ് കാണാനാവുക. ഫസ്ഖ് എന്ന സ്ത്രീ ജനങ്ങളുടെ അവകാശത്തെയും അതിലുള്‍പ്പെടുത്താമല്ലോ. ദത്തെടുക്കുന്ന വിഷയത്തിലും സ്വത്ത് വീതം വെക്കുന്നിടത്തും ഇതുപോലെ ഇസ്‌ലാമിന്റെ കര്‍മശാസ്ത്ര വിധികള്‍ വലിയ മാനുഷിക പരിഗണന മുന്നോട്ട് വെക്കുന്നുണ്ടെന്ന് നമ്മുടെ മുസ്‌ലിം വ്യക്തി നിയമം പരിശോധിച്ചാല്‍ മനസ്സിലാകില്ല. അതിന് കാരണമുണ്ട്. 1937ലെ മുസ്‌ലിം വ്യക്തിനിയമം ബ്രിട്ടീഷുകാര്‍ ക്രോഡീകരിക്കുമ്പോള്‍ രാജ്യത്തെ മുതിര്‍ന്ന ആധികാരിക പണ്ഡിത വിഭാഗങ്ങളെ അവര്‍ പരിഗണിച്ചിരുന്നില്ല. ഇസ്‌ലാമിന്റെ യഥാര്‍ത്ഥ മുഖമായ പാരമ്പര്യ മുസ്‌ലിം ജ്ഞാനധാരകളില്‍ നിന്നുള്ള പണ്ഡിത നേതൃത്വം ബ്രിട്ടീഷ് വിരുദ്ധ ചേരിയിലായിരുന്നതിനാല്‍ അവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്രോഡീകരണം നടക്കാതെ പോയി. ഇപ്പോഴും ഉത്തരേന്ത്യയില്‍ നിലനില്‍ക്കുന്ന ശരീഅത്ത് വിരുദ്ധമായ കാര്യങ്ങള്‍ പലതും മുസ്‌ലിം വ്യക്തി നിയമത്തെ നിര്‍വചിച്ചിട്ടുണ്ട്. പോരാത്തതിന് ഇസ്‌ലാം എന്നാല്‍ ഇതൊക്കെയാണെന്ന വിശദീകരണവും. എല്ലാത്തിലുമുപരി ഇസ്‌ലാമിന്റെ സമഗ്രതയും വിശാലതയും കണക്കിലെടുത്താല്‍ ഏത് സാഹചര്യത്തിലും ഇസ്‌ലാമിക ജീവിതം സാധ്യമാണെന്ന് മനസ്സിലാക്കാനാകും. അറേബ്യയില്‍ രൂപപ്പെട്ട മതമായിരുന്നിട്ടുപോലും ഇസ്‌ലാമിന്റെ ഈ സര്‍വകാലികവും സര്‍വദേശീയവുമായ പ്രസക്തിയാണ് അതിനെ ലോകത്തെല്ലായിടത്തും പ്രിയങ്കരമായ ആശയ ദര്‍ശനമാക്കി മാറ്റിയത്.

സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉത്തമമായി തന്നെ വര്‍ത്തിക്കാനാകുന്നുവെന്നത് ഇസ്‌ലാമിന്റെ ഒരു സാമൂഹിക ഗുണമായി കാണാനാകും. മതത്തിന്റെ അടിസ്ഥാന സംഹിതകളിലൊഴികെയുള്ള കാര്യങ്ങളില്‍ മാനവിക മര്യാദകളും അവകാശങ്ങളും മാനിച്ച് നിലപാടുകള്‍ വ്യത്യാസപ്പെടുത്താന്‍ കഴിയുന്നു എന്നത് ഇസ്‌ലാമിന്റെ വലിയ പ്രത്യേകതയാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ തന്നെ ഇതിന് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. വേഷത്തിലും ഭാഷയിലും ഭക്ഷണത്തിലുമൊക്കെ ഇസ്‌ലാം സാധ്യമാക്കുന്ന ഫ്‌ളക്‌സിബിലിറ്റി എല്ലാവരും അംഗീകരിക്കുന്നതാണല്ലോ. വ്യക്തിനിയമങ്ങള്‍ക്കതീതമായ പൊതുനിയമങ്ങളില്‍ പോസ്റ്റുമോര്‍ട്ടം തുടങ്ങിയ എത്രയോ കാര്യങ്ങളില്‍ മുസ്‌ലിംകള്‍ മതത്തിന്റെ വിശാലതയെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്നുകരുതി ഓരോ കാലത്തും അതാണ് ശരി, ഇതാണ് ശരി എന്ന് ഇതര സമൂഹം മാറിച്ചിന്തിക്കവെ അതനുസരിച്ച് മതത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ മാറ്റിയെഴുതേണ്ടിവരുന്നത് പ്രായോഗികമല്ലല്ലോ. ഇസ്‌ലാമിലത് സാധ്യമല്ല. ഇന്ത്യയുടെ ബഹുസ്വര മനസ്സുവെച്ച് നാമത് പറയാനും പറ്റില്ല.

ഏതെങ്കിലും ഒരു മതത്തിന്റെ ആശയങ്ങളല്ലാത്ത, ഒരു മതത്തിനും പ്രതികൂലമാകാത്ത ഒരു പൊതു സിവില്‍കോഡ് കൊണ്ടുവരികയാണെങ്കില്‍ അതംഗീകരിക്കാന്‍ മുസ്‌ലിംകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല എന്ന് തോന്നുന്നു. അല്ലെങ്കിലും നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരമായ അസ്തിത്വം വെച്ചു നോക്കുമ്പോള്‍ അങ്ങനെയൊരു പൊതുനിയമത്തിനേ സാധുതയുള്ളൂ.

ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനോ ഒതുക്കാനോ ഉള്ള വര്‍ഗീയ കക്ഷികളുടെ നടപടികളെ എന്ത് വിലകൊടുത്തും തടയേണ്ടതുണ്ട്. ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ഏക സിവില്‍കോഡ് വാദങ്ങളില്‍ സദുദ്ദേശ്യപരമായി ഒന്നുമില്ലെന്ന് സംഘപരിവാറിന്റെ അജണ്ടകള്‍ കണ്ടു പരിചയിച്ച ഇന്ത്യന്‍ ജനതക്ക് മനസിലാകാതെ പോകുമോ? മതം പഠിക്കാതെ മതത്തിനകത്തുനിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന സാമൂഹിക നിരീക്ഷകരുടെ തത്വദീക്ഷയില്ലാത്ത അപവാദങ്ങളെ അവഗണിക്കുകയും വേണം. ഇസ്‌ലാമിനകത്താണ് ഇത്തരം പ്രശ്‌നക്കാര്‍ കൂടുതലുള്ളത്. ഇതെന്തുകൊണ്ടാണെന്നുള്ളത് എന്നെ സംബന്ധിച്ച് അജ്ഞാതമാണ്.

രാഷ്ട്രത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങളെ വലിയ പ്രാധാന്യത്തോടെ തന്നെ ഉള്‍ക്കൊള്ളുന്ന പൊതു പ്രവര്‍ത്തകനെന്ന നിലക്ക് ഏകീകൃത സിവില്‍കോഡിനെ പറ്റി ആലോചിക്കാന്‍ തന്നെ നമുക്ക് പക്വതയെതത്തിയിട്ടില്ലെന്നാണ് എനിക്ക് പറയാനുള്ളത്. റോബര്‍ട്ട് ഡി ബയേര്‍ഡ് എഡിറ്റ് ചെയ്ത ഞലഹശഴശീി മിറ ഹമം ശി ശിറശുലിറമി േകിറശമ എന്ന പുസ്തകത്തില്‍ രാജ്യത്തിന്റെ സവിശേഷമായ സാഹചര്യം ഏകീകൃത സിവില്‍കോഡിനെ അംഗീകരിക്കുന്നില്ലെന്ന് നിരീക്ഷിക്കുന്നുണ്ട്. അത്യധികം അപകടകരമായ സാമൂഹിക ധ്രുവീകരണങ്ങള്‍ക്കും ആപല്‍കരമായ രാഷ്ട്രീയ സമവാക്യങ്ങള്‍ക്കുമിടയില്‍ നിന്നുകൊണ്ട് നമുക്കതിനാകില്ലല്ലോ? നിര്‍ദേശക തത്വങ്ങളൊക്കെയും നടപ്പിലാക്കിയിട്ടേ അടങ്ങൂ എന്നാണെങ്കില്‍ മദ്യവര്‍ജനവും തൊഴിലുറപ്പുമടക്കം വേറെയുമുണ്ടല്ലോ കാര്യങ്ങള്‍. അതും സാമൂഹിക ക്ഷേമവുമായി ബന്ധപ്പെട്ടവ, കൂട്ടത്തില്‍ പ്രാധാന്യം നല്‍കേണ്ടവ. അതൊക്കെ ഗൗരവതരമായി തന്നെ പരിഗണിച്ചു നടപ്പിലാക്കാനുള്ള ആര്‍ജവമാണ് സര്‍ക്കാരുകളില്‍നിന്ന് വേണ്ടത്.

ടി എന്‍ പ്രതാപന്‍