പൊലീസ് എന്താണിങ്ങനെ?

പൊലീസ് എന്താണിങ്ങനെ?

Power is not a means,it is an end.One does not establish a dictatorship in order to safeguard a revolution;one makes the revolution in order to establish the dictatorship.
-George Orwell.

ഭൗതിക വിപ്ലവത്തിലൂടെ സമത്വം എന്ന മഹാപ്രലോഭനത്തിന്റെ അവസാന തുരുത്തുകളില്‍ ഒന്നിലിരുന്ന്, ആ മോഹത്തിന്റെ രാഷ്ട്രീയപ്രയോഗങ്ങളില്‍ ഏറ്റവും ശക്തമായ ഒന്ന് ഭരണം നിര്‍വഹിക്കുന്ന ദേശത്തിരുന്ന്, ആ ഭരണത്തിന്റെ ഭരണകൂടസ്വഭാവമെന്ത്, അഥവാ ആ ഭരണകൂടം അതിന്റെ പ്രജകളോട് ചെയ്യുന്നതെന്ത് എന്ന ആലോചനക്ക് ഏറ്റവും നിര്‍ഭാഗ്യകരമായ തുടക്കമാണ് ജോര്‍ജ് ഓര്‍വല്‍. നമ്മുടെ കാലത്തെ ഓര്‍വേലിയന്‍ കാലമെന്ന് വിളിക്കേണ്ടിവരുന്നതിലെ ദയനീയതയാണ് ആ നിര്‍ഭാഗ്യം. അമിതാധികാരപ്രമത്തമായ സ്വേച്ഛയെ സൃഷ്ടിക്കലാണ് വിപ്ലവം എന്ന, എഴുതപ്പെട്ടപ്പോള്‍ ഭയാനകമാം വിധം ക്രൂരഭാവനയും നൂറ്റാണ്ടിനിപ്പുറം യാഥാര്‍ഥ്യവുമായി തീര്‍ന്ന കല്‍പനയെ തലവാചകമാക്കി അലങ്കാരങ്ങളില്ലാതെ നമ്മള്‍ സംസാരിക്കാന്‍ പോകുന്നത് കേരളത്തെക്കുറിച്ചും അവിടത്തെ മാര്‍ക്‌സിസ്റ്റ് ഭരണത്തെക്കുറിച്ചും ആ ഭരണത്തിന്റെ ഉപകരണമായ പൊലീസിനെക്കുറിച്ചുമാണ്. മഹാപ്രലോഭനമെന്ന് ആരംഭത്തില്‍ വിശേഷിപ്പിച്ചത് മാര്‍ക്‌സിസം എന്ന ആശയത്തെയാണ്. അവസാന തുരുത്തെന്ന് മനസിലാക്കുന്നത് കേരളത്തെയാണ്. ലോകത്ത് കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയും കമ്യൂണിസ്റ്റ് ചിഹ്‌നവും കമ്യൂണിസ്റ്റ് പരിപാടിയും സാര്‍വദേശീയ ഗാനവും പോയനൂറ്റാണ്ടിലെന്ന പോലെ ഇന്നും തുടരുന്ന തുരുത്താണല്ലോ കേരളം. മാര്‍ക്‌സിസത്തിനും മാര്‍ക്‌സിനും തെരെഞ്ഞെടുപ്പില്‍ വേഷഭൂഷകള്‍ തെല്ലും മാറ്റാതെ മല്‍സരിക്കാനാവുന്ന, ലോകത്തെ വിരലിലെണ്ണാവുന്ന ഇടങ്ങളില്‍ ഒന്ന്.

ഇനി അതിവാദങ്ങളും അലങ്കാരങ്ങളും വിട്ട് കാര്യത്തിലേക്ക് വരാം. കേരളത്തിലെ പൊലീസിനെക്കുറിച്ച് അലങ്കാരത്തില്‍ സംസാരിക്കുകയെന്നാല്‍ അരോചകമാവുമല്ലോ?. കേരളത്തിലെ പൊലീസിന് എന്താണ് സംഭവിക്കുന്നത്? ചോദ്യം കേരളത്തിലെ പൊലീസിന് എന്നാണ്, പിണറായി വിജയന്റെ പൊലീസിന് എന്നല്ല. എന്തുകൊണ്ടെന്നാല്‍ അങ്ങനെ ഒരു പൊലീസ് ഇല്ല. കേരളപ്പിറവി തൊട്ട് ഇന്നോളം ഒരു പൊലീസേയുള്ളൂ. മാധ്യമങ്ങള്‍ക്കും പൊതുജനത്തിനും അതു മനസിലാകാത്തത് പൊലീസിന്റെ കുഴപ്പമല്ല. ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോള്‍ ഇടതാവുകയും വലതുപക്ഷത്താല്‍ വലതാവുകയും ചെയ്യുന്ന ഒരു പൊലീസ് വെറും സങ്കല്‍പമാണ്. അതിനാലാണ് കേരളം കണ്ട എക്കാലത്തെയും വലിയ മനുഷ്യാവകാശലംഘനങ്ങളുടെ പ്രതിസ്ഥാനത്ത് ഇടത്, വലത് ഭരണങ്ങളില്‍ പൊലീസ് പ്രതിഷ്ഠിക്കപ്പെട്ടത്.

പൊലീസ്, പൊലീസിംഗ് എന്നീ തികച്ചും വ്യത്യസ്തമായ രണ്ട് പ്രമേയങ്ങളെ കൂട്ടിക്കെട്ടുകയും ഒരേ അര്‍ഥത്തില്‍ പ്രയോഗിക്കുകയും ചെയ്യുന്ന ജനതയാണ് നമ്മുടേത്. പൊലീസിംഗ് എന്നത് ഒരു ഭരണകൂട സംവിധാനമാണെന്നും പൊലീസ് എന്നത് പൊലീസിംഗ് എന്ന സംവിധാനത്തിന്റെ അനേകം ഘടകങ്ങളിലൊന്നായ വ്യക്തികളാണെന്നും നാം അടിസ്ഥാനപരമായി മനസിലാക്കേണ്ടതുണ്ട്. അത്തരം മനസിലാക്കലില്‍ നിന്നേ കേരളത്തില്‍ ഇന്ന് രൂക്ഷമായിത്തീര്‍ന്ന മനുഷ്യാവകാശലംഘനങ്ങളെ രാഷ്ട്രീയമായി നേരിടാനുള്ള ആശയഭദ്രത ഉണ്ടാവുകയുള്ളൂ. അതിനാല്‍ പൊലീസിംഗ് എന്ന നിരന്തര വിചാരണയും നിയമപരമായ തിരുത്തും അനിവാര്യമായ ഒന്നിനെ പൊലീസ് എന്ന് വിളിക്കുന്ന അബദ്ധത്തില്‍ നിന്ന് നാം വിമോചിക്കപ്പെട്ടേ മതിയാവൂ. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഭരണകൂടം പോലും അങ്ങനെ മനസിലാക്കുന്നില്ല. മാധ്യമങ്ങള്‍ മനസിലാക്കുന്നില്ല. അതിനാല്‍ പിണറായി വിജയന്‍, ലോക്‌നാഥ് ബഹ്‌റ തുടങ്ങിയ കലമ്പലുകളില്‍ പൊലീസിംഗിനെക്കുറിച്ച ചര്‍ച്ച അവസാനിച്ചുപോവുകയും ചെയ്യുന്നു.

ജനാധിപത്യത്തിലെ പൊലീസും പൊലീസിന്റെ ജനാധിപത്യവും
ജനാധിപത്യം എന്ന രാഷ്ട്രീയ പ്രയോഗം അതിന്റെ പരിമിതികളെ ഓരോന്നായി അതിജീവിച്ച് മുന്നേറുന്ന കാലമാണിത്. മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള പുതിയ അവബോധങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. സ്ത്രീകളുടെ, ലിംഗ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംബന്ധിച്ചും കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ചും ഏറ്റവും ശരിയായ നിലയിലേക്ക് ജനാധിപത്യം സഞ്ചരിച്ചെത്തിക്കഴിഞ്ഞു.

ഉമ്മറത്തു നിന്നെങ്കിലും ജാതി ഏതാണ്ട് പിന്‍വാങ്ങുകയും ദളിത് അവകാശപ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തിരിക്കുന്നു. പൗരര്‍ ഭരണകൂടത്തിന്റെ ഇരകളല്ല, ഉടമസ്ഥരാണ് എന്ന അവകാശബോധം പ്രബലമാണ്. തിരഞ്ഞെടുപ്പുകള്‍ കനത്ത തിരിച്ചടികള്‍ക്കുള്ള അവസരമായി ജനം പരിഗണിക്കുന്നു. കക്ഷി രാഷ്ട്രീയ അടിമത്തം ഭാഗികമായി അവസാനിച്ചിരിക്കുന്നു. തെരുവ് എല്ലാവരുടേതുമാണ് എന്ന നില വന്നുകഴിഞ്ഞു. ഭാഷയില്‍ അപര ബഹുമാനമെന്നത് ശീലമായിത്തുടങ്ങി. പൊതുഇടങ്ങള്‍ ഏറെക്കുറെ തെറിവിമുക്തവുമാണ്. കയ്യേറ്റങ്ങള്‍ അതേനിലയില്‍ പ്രതിരോധിക്കപ്പെടുന്നു. ഇതെല്ലാം ജനാധിപത്യത്തെ സംബന്ധിച്ച് ശുഭോദര്‍ക്കമായ മാറ്റങ്ങളാണ്. എന്നാല്‍ ആ ജനാധിപത്യത്തിലെ പൊലീസ് എന്താണ് ചെയ്യുന്നത്? മനുഷ്യാവകാശ ലംഘനങ്ങളുടെ സമീപകാല ചരിത്രത്തില്‍ മുഴുവനും പൊലീസാണ് പ്രതിക്കൂട്ടില്‍. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ അക്കാര്യം തുറന്നു പറയുകയും ചെയ്തു. കടപ്പുറത്ത് കാറ്റുകൊള്ളാന്‍ വന്നവരെ അടിച്ചുവീഴ്ത്തുന്ന പ്രകൃത മനസ്‌കരായി ചില പൊലീസുകാര്‍ മാറുന്നു. വാഹന പരിശോധനകള്‍ വൃത്തികെട്ട അധികാര മനോനിലയുടെ വിഹാരരംഗങ്ങളായി അധപ്പതിക്കുന്നു. സദാചാരത്തിന്റെ വയസന്‍ കണ്ണുകള്‍ പൊലീസില്‍ ചിരപ്രതിഷ്ഠമാകുന്നു. സ്ത്രീകളോടുള്ള ആക്രമണത്തില്‍ പൊലീസ് ഒന്നാം സ്ഥാനത്താകുന്നു. കുട്ടികളെ കയ്യേറ്റം ചെയ്യുന്നു. പ്രതിഷേധങ്ങളെ ഭ്രാന്തന്‍മുറകള്‍കൊണ്ട് അടിച്ചൊതുക്കുന്നു. ൈലംഗിക ന്യൂനപക്ഷങ്ങള്‍ കയ്യേറ്റം ചെയ്യപ്പെടുന്നു. എന്റെ മകനെ എന്തുചെയ്തു എന്ന ഒരമ്മയുടെ ചരിത്രമായ നിലവിളിയെ ബൂട്ടിട്ട് ചവിട്ടുകയാണ് പൊലീസ്. അക്രമികളുടെ വാഹനത്തില്‍ തെളിവെടുക്കാന്‍ പോവുകയാണ് പൊലീസ്. അഴിമതിയില്‍ മുങ്ങുകയാണ് പൊലീസ്. ജനാധിപത്യം സംവാദങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും ആര്‍ജിച്ച മുഴുവന്‍ പരിഷ്‌കൃതികളുടെയും എതിര്‍വശത്താണ് പൊലീസ്. അഥവാ ജനാധിപത്യത്തിന്റെ കണ്ണുകളില്‍ മണ്ണുവാരിയിടുകയാണ് പൊലീസ്. ഇതൊന്നും അതിവാദങ്ങളല്ല. ചൂരലുമായി മറൈന്‍ ൈഡ്രവിലെത്തിയ ശിവസേനക്കൂട്ടത്തെ പിന്തുണച്ച് ചിരിച്ചുകുഴഞ്ഞ ആ പൊലീസുകാരനെ നാം മറക്കുന്നതെങ്ങനെ?

എന്തുകൊണ്ട് പൊലീസ്?
എന്തുകൊണ്ടാണിങ്ങനെ? ഒന്നുകില്‍ അമിതമായ ഹീറോയിസം കാണിച്ച് താരപദവി അല്ലെങ്കില്‍ അമിത ബലപ്രയോഗവും അഴിമതിയും നടത്തി പ്രതിനായക പദവി. എന്തുകൊണ്ടാണിങ്ങനെ രണ്ടു ദ്വന്ദങ്ങളില്‍ മാത്രം പൊലീസ് നില്‍ക്കുന്നു. അത് ആഭ്യന്തരമന്ത്രി പിണറായി വിജയന്റെ ഏതെങ്കിലും പരാധീനത കൊണ്ടാണെന്ന് മനസിലാക്കുന്നത് പ്രശ്‌നത്തെ സങ്കീര്‍ണമാക്കുകയേ ഉള്ളൂ. പരിഹരിക്കില്ല. പൊലീസിംഗ് എന്ന സംവിധാനത്തിന്റെ അലകും പിടിയുമാണ് മാറ്റേണ്ടത്. ബഹ്‌റക്ക് പകരം സെന്‍കുമാര്‍ വന്നാലോ പിണറായി വിജയന് പകരം വി.എസ് അച്യുതാനന്ദന്‍ വന്നാലോ തീരുന്ന സമസ്യ അല്ല അത്. കാരണം പൊലീസിനെ സംബന്ധിച്ച് പൊതുസമൂഹത്തിനുള്ള മനോഭാവത്തില്‍ ആണ് ആദ്യം മാറ്റം വരേണ്ടത്. ആ മാറ്റം അത്ര എളുപ്പവുമല്ല. കാരണം ചരിത്രത്തില്‍ അനേകം വേരുകളുള്ള ഒരു ധാരണയാണത്. മകന്‍ നഷ്ടപ്പെട്ട ഒരച്ഛന്റെ അനാഥമായ അലച്ചിലുകള്‍ നിങ്ങള്‍ മറക്കുമോ? രാജന്റെ അച്ഛന്‍ ഈച്ചരവാര്യരുടെ അലച്ചിലുകളെ? മറക്കില്ല. അടിയന്തിരാവസ്ഥയില്‍ ചവിട്ടിക്കുഴക്കപ്പെട്ട അനേകം യുവാക്കളുടെ നിലവിളികളെ നിങ്ങള്‍ മറക്കുമോ? മറക്കില്ല. വയനാടന്‍ കുന്നുകളില്‍ വെടിയേറ്റുവീണ വര്‍ഗീസിനെ മറക്കുമോ? ഇല്ല. പിന്തുടര്‍ന്ന് കൊന്ന കൂത്തുപറമ്പിലെ അഞ്ചുയുവാക്കളെ മറക്കുമോ? തങ്കമണിയില്‍ കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ ഒടുങ്ങാത്ത വിലാപം മറക്കുമോ? അമ്മക്ക് മരുന്നുവാങ്ങാന്‍ പോയ യുവാവിനെ ഉരുട്ടിക്കൊന്നത് മറക്കുമോ? ഇല്ല. ഈ ഓര്‍മകളില്‍ നിന്നാണ് പൊതുസമൂഹത്തിന്റെ ധാരണകള്‍ ഉരുവം കൊണ്ടത്. അവരെ സംബന്ധിച്ച് അമിതാധികാരികളും തല്ലാനും കൊല്ലാനും അധികാരമുള്ളവരുമാണ് പൊലീസ്. ഭയപ്പെടുത്തിയും അവകാശങ്ങള്‍ നിഷേധിച്ചും അപമാനിച്ചും പൊലീസ് സൃഷ്ടിച്ചെടുത്തതാണ് ആ ബോധം. അതിനാല്‍ പൊതുജനത്തിന്റെ വിപരീതപദമാണ് പൊലീസ്.

എന്നാല്‍ അതു മാത്രമാണോ പൊലീസ്? അല്ല. അവധികളില്ലാത്ത കാവല്‍ കൂടിയാണ് അത്. പാലിക്കുന്ന ക്രമസമാധാനങ്ങളാണ് അത്. ഭയമില്ലാത്ത തെരുവുകള്‍ അവരുടെ കാവലിന്റെ കരുത്താണ്. പക്ഷേ ആ കാവല്‍ ആഘോഷിക്കപ്പെടുകയോ അഭിനന്ദിക്കപ്പെടുകയോ ഇല്ല. കാരണം ജനത്തിന്റെ മുന്‍ധാരണ ആ ആഘോഷം അനുവദിക്കുന്നില്ല. ഇത് സ്വാഭാവികമായും പൊലീസിന്റെ മനസില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കും. തങ്ങളുടെ ഉറക്കമൊഴിയലുകള്‍ അവഗണിക്കപ്പെടുകയാണ് എന്ന തോന്നല്‍ പൊലീസില്‍ ഉണ്ടാവും. ആ തോന്നലുകള്‍ ജനവുമായുള്ള ഉരസലിലേക്ക് എളുപ്പം വഴിനടത്തും. അങ്ങനെയാണ് പൊലീസിന് വിപരീതപദ പദവി കൈവന്നത്.

പരിഹാരം
പൊലീസ് നയം എന്ന വാക്ക് തെറ്റാണ്. വ്യവസായ നയം, കാര്‍ഷിക നയം, വിദ്യാഭ്യാസ നയം, സാമ്പത്തിക നയം എന്നൊക്കെ പറയുന്നതുപോലെ പൊലീസ് നയം എന്ന് പറഞ്ഞുകൂടാ. അത് നിയമവിരുദ്ധമായ പദമാണ്. കാരണം മാറിവരുന്ന സര്‍ക്കാറുകള്‍ ഉണ്ടാക്കുന്നതല്ല പൊലീസിംഗ് സംവിധാനം. അത് എഴുതപ്പെട്ട നിയമത്താല്‍ ബന്ധിതമാണ്. ഭരണഘടനയാല്‍ സ്ഥാപിതമാണ്. ഇടതു ഭരണകാലത്തെ കുത്ത് വലത് ഭരണകാലത്ത് കോമയാവില്ല. അതിനാല്‍ പൊലീസ് നടപ്പാക്കുന്നത് ഭരണമുന്നണിയുടെ നയമാണ് എന്ന പ്രഘോഷണം വിവരക്കേടാണ്. അടിമുടി നവീകരണം മാത്രമാണ് പൊലീസിംഗില്‍ മാറ്റമുണ്ടാക്കാനുള്ള വഴി. ഭരണതലത്തില്‍ ചെയ്യേണ്ടത് അതാണ്.

ഒന്നാമതായി റിക്രൂട്ട്‌മെന്റാണ്. പൊലീസിലെ ആദ്യ അധികാര പദവി സബ് ഇന്‍സ്‌പെക്ടര്‍മാരാണല്ലോ? അവരുടെ തിരഞ്ഞെടുപ്പുകളില്‍ ജാഗ്രത ഉണ്ടാവുക പ്രധാനമാണ്. പരിശീലനം എന്നത് റിക്രൂട്ടാനന്തര വഴിപാടായി നടത്താതെ സ്ഥിരമാക്കുക. അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനുള്ള ഇന്റലിജന്‍സ് സംവിധാനം സൂക്ഷ്മമാക്കുക. പൊലീസില്‍ സംഘ്പരിവാര്‍ പിടിമുറുക്കുന്നു എന്ന് വിലപിച്ചിട്ട് കാര്യമില്ല. എഴുതപ്പെട്ട നിയമത്താല്‍ സാധൂകരിക്കാത്ത ഒരു വാക്കോ പ്രവൃത്തിയോ പൊലീസില്‍ നിന്നുണ്ടായാല്‍ കര്‍ശനനടപടി എന്ന സ്ഥിതി ഉണ്ടായാല്‍ ഒരു ഉദ്യോഗസ്ഥനും അയാളുടെ രാഷ്ട്രീയം പ്രയോഗിക്കാന്‍ കഴിയില്ല.

രണ്ടാമതായി ഉപകരണങ്ങളുടെ നവീകരണമാണ്. പരിഷ്‌കൃത രാജ്യങ്ങള്‍ എന്നോ ഉപേക്ഷിച്ച ബാരിക്കേഡുകളും മുള ലാത്തികളും തുരുമ്പന്‍ തോക്കുകളും റദ്ദാക്കണം. ലോക മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ ശിപാര്‍ശ ചെയ്യുന്ന അന്തസാര്‍ന്നതും മനുഷ്യനെ ബഹുമാനിക്കുന്നതുമായ ഉപകരണങ്ങള്‍ ഉണ്ടാവണം. അതോടെ പൊലീസിന്റെ പരുക്കന്‍ പദവി മാറാന്‍ തുടങ്ങും.

മൂന്നാമതായി കുറ്റാന്വേഷണമാണ്. പൊലീസിനെ ജനവിരുദ്ധതയുടെ പാളയത്തിലേക്ക് ഉന്തിയിടുന്നത് കുറ്റാന്വേഷണത്തിലെ വീഴ്ചയാണ്. അഴിമതിയുടെ ആദ്യ വിളനിലവും അതുതന്നെ. കുറ്റാന്വേഷണങ്ങള്‍ കര്‍ശനമായി ഓഡിറ്റ് ചെയ്യപ്പെടുകയും അതിന്റെ സംവിധാനത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കൊണ്ടുവരികയും ചെയ്യലാണ് പരിഹാരം.

ഇതിനപ്പുറം ഇതൊരു രാഷ്ട്രീയ സമൂഹമാണ് എന്ന്, നിങ്ങളും ആ സമൂഹത്തിന്റെ ഭാഗമാണ് എന്ന് നിരന്തരം പൊലീസിനെ ഓര്‍മിപ്പിക്കണം. അത് അവരുടെ അധികാരത്തിന് മേല്‍ കുതിരകയറിക്കൊണ്ട് ചെയ്യേണ്ടതല്ല. മറിച്ച് ഭരണഘടന അനുവദിക്കുന്ന പരിധിക്കകത്ത് നിന്ന് ബഹുമാനപൂര്‍വം ചെയ്യേണ്ടതാണ്. രാഷ്ട്രീയ നേതാക്കള്‍ കവലപ്രസംഗങ്ങളില്‍ കയ്യടിക്ക് വേണ്ടി നടത്തുന്ന ഭീഷണികള്‍, പൊലീസിനെതിരായ അധിക്ഷേപങ്ങള്‍ ചാര്‍ജ് ചെയ്യപ്പെടും എന്ന അന്തരീക്ഷവും വരണം. കറ്റാനം എന്‍ജിനീയറിംഗ് കോളേജ് തല്ലിപ്പൊളിച്ച എസ്.എഫ്.ഐക്കാരെ തഴുകിത്തലോടിയിട്ടും കാക്കിക്കുള്ളിലെ ഗുണ്ടകളേ എന്ന മുദ്രാവാക്യം ഉയര്‍ന്നത് ഓര്‍മിക്കുക. ആര്‍ക്കും കുതിരകയറാവുന്ന വിധം അയഞ്ഞതോ ദയനീയമോ ആവരുത് പൊലീസിംഗ്. മാധ്യമങ്ങളുടെ സൂപ്പര്‍ കുറ്റാന്വേഷണങ്ങള്‍ അവസാനിപ്പിക്കുകയും വേണം.

പക്ഷേ, അപ്പോഴും ബാക്കിയാവുന്ന ഒന്നുണ്ട്. ഭരണകൂടം പൊലീസിനെ മറയാക്കി നടത്തുന്ന ചില കയ്യേറ്റങ്ങള്‍. യു.എ.പി.എ പോലുള്ള പ്രതികാര നിയമങ്ങള്‍. അവയെ എന്തുചെയ്യും? പൊലീസിന്റെ മതമുന്‍വിധികളെ എന്തുചെയ്യും?
ജനകീയ ജാഗ്രത ഉയരണം എന്നെല്ലാം പറയാം. ഭരിക്കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണല്ലോ? ആ ജാഗ്രതകളുടെ മൊത്തവിപണി അവര്‍ കൂടിയാണല്ലോ? ഭരണഘടനയുടെ സാധ്യതകളാണ് വഴി. ഇതിലും വലിയ വെല്ലുവിളികള്‍ക്ക് തടയിണയിട്ടിട്ടുണ്ട് ആ പുസ്തകം. ആ പുസ്തകം അതേരൂപത്തില്‍ ഉള്ളിടത്തോളം ഭയപ്പെടേണ്ട എന്നു പറഞ്ഞ് നിര്‍ത്താം.

കെ.കെ ജോഷി