കവിത

ഡിസംബര്‍

ബക്കര്‍ കല്ലോട് ആണിത്തുമ്പില്‍ ദിനമണികളെണ്ണി ഡിസംബര്‍. കുടിശ്ശികയുടെ കടശ്ശിത്താളില്‍ തൂങ്ങിയാടുന്നുണ്ട് മറ്റു മാസങ്ങള്‍… കാക്കപ്പൂവിന്‍റെയും ചെമ്പരത്തിയുടെയും നിറങ്ങളില്‍ അവധിയും ആധിയുമുള്ള അക്കപ്പെരുക്കങ്ങള്‍… വെളുത്ത ഉല്ലാസങ്ങള്‍ കറുത്ത ദുഃഖങ്ങള്‍ ആവര്‍ത്തനങ്ങളില്‍ പ്രതീക്ഷ കൈവിടാതെ നര്‍ത്തനം ചെയ്യാനെത്തി ആണിത്തുമ്പില്‍ വീണ്ടുമൊരു കലണ്ടര്‍.

ചുവന്ന ഭൂപടം

ചുവന്ന ഭൂപടം ഭൂപടത്തില്‍ നിന്‍റെ  രാജ്യം രക്തം കൊണ്ട് വരച്ച ഒരു ഛായാപടം. ജീവനൂറ്റിവെളുപ്പിച്ച പകല്‍ച്ചിറകുകള്‍ നിന്റെ ആകാശത്തിനു മീതെ ഒരു കഴുകനായ് പറന്ന് അതിരുകളെ വരയ്ക്കുന്നു. ഗോതമ്പും, ഒലീവും പൂത്ത വയലുകളെ പലതായ് മുറിച്ച് കെട്ടിയുയര്‍ത്തുന്ന വിലക്കിന്റെ മതിലുകള്‍. രാത്രിയുടെ നിശ്ശബ്ദതയ്ക്കു പോലും നാവുകള്‍ മുളച്ച് തീ തുപ്പിപ്പായുന്ന അവരുടെ പീരങ്കികള്‍ വെടിയുണ്ടകള്‍ മഴയായ് വര്‍ഷിച്ചും മിന്നല്‍വാളായ് തിളങ്ങിയും ആക്രോശങ്ങള്‍ ഇടിനാദമായ് വിറപ്പിച്ചും നൃത്തം ചെയ്യുന്ന ജൂതക്കഴുകന്മാര്‍. ഉണ്ടാവില്ലിനി, ഒന്നു നിലവിളിച്ചുകരയാന്‍ പോലും നിങ്ങളുടെ ഉമ്മമാര്‍. […]

ഇറച്ചിക്കോഴി

കവിത/ മുബശ്ശിര്‍ ഹസന്‍. ഇറച്ചിക്കോഴി അധ്വാനിക്കാതെ അന്നം കിട്ടിയപ്പോഴേ തോന്നി ഇതെന്തോ ചതിയായിരിക്കുമെന്ന്. വെയിലും മഴയുമേല്‍ക്കാതെ താലോലിക്കുമ്പോഴേ അപകടം മണത്തിരുന്നു. കൂടെക്കിടക്കുന്നവന്റെ നിലവിളി കേട്ടപ്പോള്‍ ബോധ്യമായി കശാപ്പു ചെയ്യപ്പെടുമെന്ന്. അതിജീവനത്തിനുള്ള വഴി ക്വട്ടേഷന്‍ പണി ഞങ്ങള്‍ക്കറിയില്ലല്ലോ. അതു കൊണ്ട് ഞാനീ കടുംകൈ ചെയ്യുന്നു; പൊട്ടാസ്യം സയനൈഡിന്റെ രുചി.

ഗസ്സ'

  കവിത/ ബക്കര്‍ കല്ലോട്’ ഗസ്സ’ ഭിഷഗ്വരന്മാരുടെ പരീക്ഷണശാലയില്‍ ഗസ്സ ശ്വാസം തുടിക്കും കോശം പങ്കുവെയ്ക്കലില്‍ ചങ്കു പറിക്കപ്പെട്ട ശരീരം. രക്ത ഞരമ്പുകളുടെ അക്ഷാംശരേഖയില്‍ ചോര കല്ലിച്ച രാക്ഷസപ്പാടുകള്‍ സ്ട്രെക്ചറില്‍ ജീവന്‍ മിടിക്കും ഹൃദയം ദ്രംഷ്ടകൊണ്ട് കുത്തിക്കീറിയ അവയവം. പുറത്ത് ആര്‍ത്തിപൂണ്ട കഴുകപ്പടകള്‍ സിജ്ജീല്‍ കല്ലുകളേറ്റവ പറന്നു പോകുന്നെങ്കിലും ഓരോ കല്ലും കനലായ് എന്റെ നെഞ്ചില്‍ വന്നു വീഴുന്നു.

അതിജീവനം

കവിത/ അബൂബക്കര്‍ പി പാറ തറയില്‍ വീണ രക്തം കണ്ട് തലചുറ്റിവീണയാളെ താങ്ങിയെടുത്തിരുത്തിയപ്പോള്‍ പറഞ്ഞയാള്‍ എനിക്ക് രക്തം കാണാന്‍ കഴിയില്ല. ചങ്ക് പൊട്ടുന്ന ഛര്‍ദ്ദികേട്ടു ഛര്‍ദ്ദിച്ചവശയായ സഹയാത്രിക പറഞ്ഞെനിക്കു ഛര്‍ദ്ദി കേള്‍ക്കാനാവില്ല ആര്‍ത്തു കരഞ്ഞുപാഞ്ഞ ആംബുലന്‍സിന്റെ ആര്‍ത്തനാദം കേട്ടപ്പോള്‍ കുട്ടി പറഞ്ഞു, മടങ്ങാം എനിക്കാ ശബ്ദം പേടിയാണ്. പോയി മറഞ്ഞു ഈ ‘ഭീരു’ക്കളിന്നലെകളിലിനി- യവശേഷിക്കുന്നത- തിജീവനം നേടിയ- യിത്തിരി ധീരന്മാര്‍