സ്വഛന്ദ മുസ്ലിം ബോധത്തിന്‍റെ മായാമുദ്രകള്‍

വരേണ്യബോധത്തിനും കീഴാളബോധത്തിനുമിടയിലാണ് മാപ്പിളയുടെ സ്ഥാനം. ‘തമ്പുരാനേ’ എന്നു ജ•ിയെ വിളിക്കരുതെന്ന് ഉണര്‍ത്തുമ്പോള്‍ മാപ്പിള വരേണ്യബോധത്തില്‍ നിന്ന് പുറത്തു കടന്നു. കീഴാളബോധത്തിനകത്തായിരുന്നെങ്കില്‍ കീഴാള•ാര്‍ മുസ്ലിമാകാന്‍ വരില്ലായിരുന്നു.

ടി സി മഹ്ബൂബ്

    “മക്കയില്‍ പോയ അമ്മാവനെ കാത്തിരുന്ന” മലബാര്‍ തീരത്തിന് പകരം വിവിധ അറബ് ദേശങ്ങളില്‍ നിന്നെത്തിയ അനേകം സയ്യിദുകളെയാണ് വരവേല്‍ക്കാന്‍ ഭാഗ്യമുണ്ടായത്; ശൈഖ് ജിഫ്രി, പിതൃസഹോദര പുത്രന്‍ സയ്യിദ് ഹസന്‍ ജിഫ്രി, ഹസന്‍ ജിഫ്രി തങ്ങളുടെ സഹോദരീ പുത്രന്‍ സയ്യിദ് അലവി തുടങ്ങി ഈ തീരം സസ്നേഹം വരവേറ്റവരുടെ നാള്‍വഴികളും, മലബാറിലെ കടലുണ്ടിപ്പുഴയോരത്ത് മമ്പുറത്ത് പിറന്ന് ഈ തീരം കണ്ണീരോടെ പിരിച്ചയക്കേണ്ടി വന്ന സയ്യിദ് അലവിയുടെ പുത്രന്‍ സയ്യിദ് ഫസലിന്റെ വിമോചന മുദ്രകളും അടയാളപ്പെടുത്തിയ ഒരാധികാരിക രചനയാണ് സയ്യിദ് ഫസല്‍ തങ്ങളുടെ രാഷ്ട്രീയ ജീവിത ചരിത്രമായMappila leader in Exile.

    പ്രഥമ വായനയില്‍ മലബാറിലെ മാപ്പിളമാരുടെ അരക്ഷിതത്വവും വറുതിയും നിറഞ്ഞ ജീവിതാനുഭവങ്ങളും അതിനെതിരെ വിവിധ തലങ്ങളില്‍ അവര്‍ നടത്തുന്ന പ്രതിരോധ സമരങ്ങളും, ഈ ചെറുത്തു നില്‍പുകള്‍ക്ക് ദിശ നിര്‍ണയിച്ചു നല്‍കുകയും മുന്നില്‍ നടക്കുകയും ചെയ്യുന്ന സയ്യിദുകളും നമ്മുടെ ചിന്തയില്‍ നിറഞ്ഞു നില്‍ക്കുന്നു.

    മാപ്പിളമാരുടെ ചരിത്രം വര്‍ത്തമാനകാല മുസ്ലിമിന്റെ ജീവിതത്തിലേക്ക് സംക്രമിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സാഹചര്യത്തെ ഈ പുസ്തകം ഓര്‍മപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സമകാലിക ഇന്ത്യയില്‍ ഒരിടത്തും സയ്യിദ് അലവി, സയ്യിദ് ഫസല്‍ എന്നിവരുടെ നേതൃത്വപരമായ ഭാഗധേയം ഏറ്റെടുത്ത ആരെയും കാണുന്നില്ല. എല്ലായിടത്തും കൊണ്ടോട്ടി തങ്ങളുടെയും സയ്യിദ് ഫസല്‍ നാടുകടത്തപ്പെട്ട ശേഷം മമ്പുറം കയ്യടക്കിയ സയ്യിദ് ആറ്റക്കോയയുടെയും പിന്‍ഗാമികള്‍ മാത്രം. പത്തൊമ്പതാം നൂറ്റാണ്ടിലെ മാപ്പിളമാരുടെ ചരിത്രത്തിന്റെ തനിയാവര്‍ത്തനമല്ലേ വര്‍ത്തമാനകാല ഇന്ത്യയിലെ മുസ്ലിം അഭിമുഖീകരിക്കുന്നതെന്ന വരികള്‍ക്കിടയിലെ വായന പുസ്തകത്തെ പുനര്‍വായന നടത്താന്‍ നിര്‍ബന്ധിക്കുന്നു.
കീഴാള പഠനരചനകള്‍ മാപ്പിളയെ കീഴാളനായി അടയാളപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഈ പഠനം മാപ്പിളയെ സംബന്ധിച്ച പ്രസ്തുത ധാരണയെ പുനഃപരിശോധിക്കേണ്ടതാണെന്ന ബോധ്യം നമ്മിലുണ്ടാക്കുന്നു. കോളണി ശക്തിയും ജ•ിയും വരേണ്യ വിഭാഗത്തെയും ജന്‍മിയുടെ ആശ്രിതനും അടിയാനുമായി ജീവിക്കുന്ന ദലിതന്‍ കീഴാള വിഭാഗത്തെയും പ്രതിനിധീകരിക്കുമ്പോള്‍ അതിക്രമങ്ങളെ നിരന്തരം ചോദ്യം ചെയ്യുകയും അതിനോട് കലഹിക്കുകയും ചെയ്യുന്ന മാപ്പിളമാര്‍ ഇവരില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു.

    “വരേണ്യബോധം മേല്‍ക്കോയ്മപരവും കീഴാളബോധം അജ്ഞാനുവര്‍ത്തിയുമാണ്.” (കീഴാള പഠനങ്ങള്‍, പാര്‍ത്ഥോ ചാറ്റര്‍ജി) ഈ രണ്ട് ബോധമണ്ഡലങ്ങളുടെയും പരിധികള്‍ക്കു പുറത്താണ് മാപ്പിളമാരുടെ സ്ഥാനം. അവര്‍ പ്രതിനിധാനം ചെയ്യുന്നത് കീഴാള ബോധമായിരുന്നെങ്കില്‍ കീഴാളര്‍ (ദലിതര്‍) മോചനമാര്‍ഗമായി മതം മാറ്റത്തെ കാണുമായിരുന്നില്ല. “വെള്ളിയാഴ്ച നിലമുഴരുത്’ ‘കുടിയിറക്കുന്ന ജ•ിയെ വധിക്കാം’ തുടങ്ങിയ ഫത്വകളിലും ‘മാപ്പിളയുടെ പതിതാവസ്ഥ കണ്ട്, അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ച് ഞാന്‍ അവരോടൊപ്പം (സമരക്കാരോടൊപ്പം ചേര്‍ന്നു…” “ഞാന്‍ (അടിച്ചമര്‍ത്തലിനെതിരെ) രക്തസാക്ഷിയാവാന്‍ തീരുമാനിച്ചു കഴിഞ്ഞു” തുടങ്ങിയ മൊഴികളിലും പ്രതിഫലിക്കുന്നത് ആജ്ഞാനുവര്‍ത്തിത്വത്തിന്റെ കീഴാള ബോധമല്ല. അതുപോലെ ‘തമ്പുരാനേ, എന്ന് സംബോധന ചെയ്യരുത്” എന്ന വിധി നല്‍കുമ്പോള്‍ അത് വരേണ്യ മേല്‍ക്കോയ്മാ ബോധത്തിന് എതിരും അതിന്റെ നിരാസവുമാണ്. മലബാര്‍ മാപ്പിളമാരുടെ ആരുടെയും വരുതിക്ക് കീഴടങ്ങാത്ത, ഈ സ്വതന്ത്ര ബോധത്തെ ‘സ്വച്ഛന്ദ മുസ്ലിം ബോധ’മെന്ന് വിളിക്കാം.
ഈ ബോധം അതിന്റെ പ്രയോഗത്തില്‍ അതീശത്വപരമോ വിധേയത്വപരമോ അല്ല. വരേണ്യന്റെ മേല്‍ക്കോയ്മാ ബോധത്തില്‍ നിന്നു പിറവിയെടുക്കുന്ന അടിമ വത്കരണത്തിനെതിരെ കലഹിക്കാനും അടിയാളരുടെ ആജ്ഞാനുവര്‍ത്തി ബോധത്തെ നിഷേധിക്കാനും പ്രേരിപ്പിക്കുന്നത് ഈ സ്വച്ഛന്ദ മുസ്ലിം ബോധമാണ്. മനുഷ്യ സാഹോദര്യത്തിനും സാമൂഹ്യനീതിക്കുമായി നിലകൊള്ളുന്ന ഈ ബോധം ചരിത്രത്തിലുടനീളം അതിന്റെ നിര്‍വ്വഹണം നടത്തുകയും ഇന്നും അത് തുടരുകയും ചെയ്യുന്നു. ഈ മുസ്ലിം ബോധത്തെ ഉള്‍കൊള്ളുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത ഒരു ജനവിഭാഗമായി മാപ്പിളമാരെ ഈ പുസ്തകത്തില്‍ വായിച്ചെടുക്കാം.

   “ഒരു സമൂഹത്തിന്റെ മൂല്യഘടനയെയും ഒരു നാഗരികതയുടെ രാഷ്ട്രീയ സാമൂഹിക പ്രശ്ന പരിഹാര പ്രവര്‍ത്തനങ്ങളെയും രൂപപ്പെടുത്തുന്നത് അവരുടെ ലോക വീക്ഷണമാണ്.” (സിയാവുദ്ദീന്‍ സര്‍ദാര്‍, ഝൌല ളീൃ ിലം രെശലിരല) ഇസ്ലാമിക ലോക വീക്ഷണത്തിന്റെ അടിസ്ഥാന ഘടകങ്ങളായ സ്രഷ്ടാവ്, സൃഷ്ടി, ഇഹലോകം, പരലോകം, സ്വര്‍ഗ്ഗം, നരകം, ജിഹാദ്, രക്തസാക്ഷ്യം തുടങ്ങിയ സംജ്ഞകളുമായി ചേര്‍ത്തു വച്ചു കൊണ്ടു മാത്രമേ ഈ സ്വച്ഛന്ദ മുസ്ലിം ബോധത്തെ മനസ്സിലാക്കാനാവൂ. കാരണം ഇവയൊക്കെയാണതിനെ രൂപപ്പെടുത്തിയത്. ഈ ബോധത്തിന്റെ ബഹിര്‍സ്ഫുരണമായിട്ടേ മലബാറിലെ മുസ്ലിം പോരാട്ടങ്ങളെ വിലയിരുത്താനാവൂ. ഫസല്‍ തങ്ങളെക്കുറിച്ചുള്ള ഈ പഠനം അത്തരമൊരു വിശകലനത്തിന് ശ്രമിക്കുന്നുണ്ട്. ഇതല്ലാത്ത, അധിനിവേശ ചരിത്ര രചനാ രീതിയോ ദേശീയ വാദ ചരിത്ര രചനാ രീതിയോ മാര്‍ക്സിസ്റ് വര്‍ഗ്ഗ സമര വിശകലനരീതിയോ അവലംബിച്ച് വിശകലന വിധേയമാക്കാനുള്ള വഴക്കമല്ല മലബാര്‍ മുസ്ലിം പോരാട്ട ചരിത്രങ്ങള്‍ക്കുള്ളത്.

   “ഹിന്ദു ജ•ിമാര്‍ക്കും കോളനി വാഴ്ചക്കുമെതിരെയുള്ള മാപ്പിള സമരം, അതിന്റെ മതാത്മകത മൂലം വര്‍ഗ്ഗീയമായിപ്പോയി” എന്ന ബിപിന്‍ ചന്ദ്രയുടെയും “മലബാറിലെ വര്‍ഗ്ഗ വിഭജനവും ശാത്രവവും മതപരമായ രേഖയിലൂടെയാണ് സഞ്ചരിച്ചത്” എന്ന കെ എന്‍ പണിക്കരുടെയും വിഷമംപറച്ചിലുകള്‍ക്ക് കാരണം ഇസ്ലാമിക ലോക വീക്ഷണത്തിനകത്തു വച്ച് മുസ്ലിം ചരിത്രാവിഷ്കാരങ്ങളെ കാണാന്‍ ശ്രമിക്കാത്തതാണ്.
“ജ•ിക്കെതിരെയുള്ള പോരാട്ടത്തിലെ പ്രധാനായുധമായി മതം മാറ്റത്തെ കീഴാളര്‍ വീക്ഷിച്ചിരുന്നു”വെന്നതും “മുസ്ലിമാവുന്നതിലൂടെ ജ•ി തന്റെ മേല്‍ കെട്ടിവച്ച പാരതന്ത്യ്രത്തില്‍ നിന്നും അശുദ്ധികളില്‍ നിന്നും മോചിതമാവുമെന്ന” തിരിച്ചറിവും കീഴാള/ മുസ്ലിം പ്രക്ഷോഭങ്ങളുടെ ചാലക ശക്തിയായി മതം (ഇസ്ലാം) നിലകൊണ്ടിരുന്നുവെന്നതിനെ സാക്ഷ്യപ്പെടുത്തുന്നു.

    “തൊട്ടുകൂടായ്മക്കും ജാതീയതക്കുമെതിരെയുള്ള മലബാറിലെ പ്രഥമ സമരമായ ‘ചേറൂര്‍ പ്രക്ഷോഭം’ സാമൂഹ്യ തി•ക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് സമരം നയിക്കാന്‍ കെല്‍പുള്ള വേദിയാകുവാന്‍ (ജഹമളീൃാേ) മതത്തിനാവുമെന്ന് തെളിയിച്ചു”. ഇതെല്ലാം വര്‍ഗ്ഗ വൈരുദ്ധ്യം, വര്‍ഗ്ഗ സംഘട്ടനം തുടങ്ങിയ സംജ്ഞകളുടെ അതിരുകള്‍ക്കുള്ളില്‍ നിന്നു വിശദീകരിക്കാനാവാത്ത ഒരു തലം ഈ കൊളോണിയല്‍ വിരുദ്ധ, ജ•ി വിരുദ്ധ സമരങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് ഓര്‍മപ്പെടുത്തുന്നു. ജ•ിക്കും കുടിയാനുമിടയിലുള്ള മതവിശ്വാസാന്തരമല്ല, മറിച്ച് അവര്‍ക്കിടയിലുള്ള മര്‍ദ്ദക/ മര്‍ദ്ദിത അന്തരമാണ് ജന്‍മിക്കെതിരെ കലാപം നയിക്കാന്‍ നിമിത്തമായത്.

    ‘തമ്പുരാനേ’ എന്ന സംബോധന, ഉച്ഛിഷ്ട ഭോജനം എന്നിവ കീഴാള വിഭാഗത്തിന്റെ വിധേയത്വമനോഭാവം ഉറപ്പിച്ചു നിര്‍ത്തുമെന്നും ഇസ്ലാം വിഭാവനം ചെയ്യുന്ന വിശ്വാസിയുടെ വിമോചനത്തെയും ഔന്നത്യത്തെയും നിഷ്പ്രഭമാക്കുമെന്നും സയ്യിദ് അലവി തങ്ങള്‍ തിരിച്ചറിയുന്നു. ജനങ്ങളെ അവരെ വിരിഞ്ഞു മുറുക്കിയിരിക്കുന്ന സകല ചങ്ങലകളില്‍ നിന്നും മോചിപ്പിക്കുവാന്‍ ഉത്തരവാദിത്തമുള്ളവനാണ് മതപണ്ഡിതന്‍ എന്ന ബോധ്യമാണ് അദ്ദേഹത്തിന്റെ ഫത്വകള്‍ക്ക് നിദാനം. ഒരു മനുഷ്യനില്‍ കവിഞ്ഞ ആദരവ് ജ•ിയും അര്‍ഹിക്കുന്നില്ല എന്നും അവനെപ്പോലെ മനുഷ്യാവകാശവും സ്വാതന്ത്യ്രവുമുള്ള വ്യക്തിയാവാന്‍ ചെറുമനും പുലയനും പറയനും കണക്കനും അവകാശമുണ്ടെന്നും അവര്‍ മുസ്ലിംകളാവുന്നതോടെ വരേണ്യനോടുള്ള അടിമമനോഭാവം നിഷിദ്ധമാണെന്നും ഈ ഫത്വകള്‍ നമ്മെ ഉണര്‍ത്തുന്നു.
പാശ്ചാത്യ ക്രിസ്ത്യാനികളുടെ മുസ്ലിം വിരുദ്ധ കുരിശുയുദ്ധ മനോഭാവത്തെക്കുറിച്ചും അനീതിയും അസമത്വവും നിറഞ്ഞ പെരുമാറ്റത്തെക്കുറിച്ചുമുള്ള മുന്നറിവുകള്‍ ‘അസയ്ഫുല്‍ ബതാര്‍’ എന്ന അധിനിവേശ വിരുദ്ധ സമരാഹ്വാന കൃതിയില്‍ കാണാം.

    ഈ മതവിധികളോരോന്നും മര്‍ദ്ദിതനെ മര്‍ദ്ദകനെതിരെ നിര്‍ത്തുന്നു. ഈ ചെറുത്തു നില്‍പ്പ് അടിസ്ഥാന വര്‍ഗ്ഗത്തിന്റെ വിമോചന വഴി തെളിയിച്ചെടുക്കുമെന്നും അതിന്റെ അഭാവം ദലിതനോടൊപ്പം മാപ്പിളയും അടിമയാക്കപ്പെടുന്നതിന് വഴിയൊരുക്കുമെന്നും ദീര്‍ഘവീക്ഷണം ചെയ്യുന്നു. ചേറൂരിലെയും മഞ്ചേരിയിലെയും മാപ്പിള പോരാളികള്‍ ബ്രിട്ടീഷ് സായിപ്പുമാരുടെ തോക്കുകള്‍ക്കു മുന്നില്‍ പിടഞ്ഞു വീണ ഇയ്യാംപാറ്റകളായി ശുഷ്ക ബുദ്ധികള്‍ക്കു തോന്നിയേക്കാം. എന്നാല്‍ 1871നും 1921നുമിടയില്‍ ഏറനാട്ടിലെ മുസ്ലിം ജനസംഖ്യ 48.97 ശതമാനത്തില്‍ നിന്ന് 59.19 ശതമാനമായി വളര്‍ത്തിയത് മാപ്പിളമാര്‍ തീര്‍ത്ത ചെറുത്തു നില്‍പ്പുകള്‍ക്കു പിന്നില്‍ സാമൂഹ്യ ബന്ധനങ്ങളില്ലാത്ത ഒരു പുതുജീവിതം സ്വപ്നം കണ്ട ദളിതരാണ്.

  അടിയാള വര്‍ഗ്ഗവുമായി സഹവസിക്കാനും ഐക്യപ്പെടാനും അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കുന്ന രീതിയാണ്. ‘കോളിക്കളിയാട്ടം വെള്ളിയാഴ്ചയാക്കാനുള്ള’ നിര്‍ദ്ദേശത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. സമകാലിക മുസ്ലിം നേതൃത്വത്തിന് അവരുടെ ദൌത്യത്തിന്റെ ദിശ നിര്‍ണയിച്ചെടുക്കാവുന്ന പാഠങ്ങള്‍ ഈ വരികള്‍ക്കിടയിലുണ്ട്.

   ഫസല്‍ തങ്ങളുടെ, ജന്‍മിക്കെതിരെയുള്ള ഫത്വയില്‍ മാപ്പിളമാര്‍ അനുഭവിക്കുന്ന അശരണത അന്തര്‍ലീനമാണ്. ‘കുടിയിറക്കുക’ എന്ന അതിക്രമത്തിന്റെ ആഴവും അതുള്‍കൊള്ളുന്ന സാമൂഹിക പ്രത്യാഘാതങ്ങളും ദീര്‍ഘവീക്ഷണം ചെയ്ത ഒരു ജനനേതാവിന്റെ സമ്പുഷ്ടമായൊരു വാങ്മയ ചിത്രം ഗ്രന്ഥകര്‍ത്താവ് വരച്ചു കാട്ടുന്നുണ്ട്. അപ്പം നിഷേധിക്കപ്പെട്ടവന് അതുള്ളവനു മുന്നില്‍ കുനിഞ്ഞു നിന്ന് യാചിക്കുകയോ, ജീവന്‍ ത്യജിച്ചും അത് പിടിച്ചെടുക്കുകയോ ചെയ്യുകയല്ലാതെ മറ്റു വല്ല പോംവഴിയുമുണ്ടോ? ‘തലേകെട്ട് കക്ഷത്തിലിറുക്കി’ അരനാക്കില്‍ ‘തമ്പുരാനേ’യെന്ന് മൊഴിഞ്ഞ് ജ•ിക്കു മുമ്പില്‍ നടുവളച്ചു നില്‍ക്കുന്ന സ്വസമുദായത്തിന്റെ വരുംകാലക്കാഴ്ച സയ്യിദ് ഫസലില്‍ സൃഷ്ടിക്കുന്ന മനഃസംഘര്‍ഷം ചെറുതൊന്നുമല്ല. മനുഷ്യ വിമോചനത്തിന് വഴികാട്ടുന്ന ഒരു പ്രത്യയശാസ്ത്രത്തെ നെഞ്ചിലേറ്റുന്നവര്‍ക്ക് അത്തരം ജ•ിമാര്‍ക്ക് വധശിക്ഷ നല്‍കാന്‍ നിങ്ങള്‍ക്ക് അനുവാദമുണ്ടെന്ന് മതവിധി നല്‍കുകയല്ലാതെ മാര്‍ഗമില്ല.

   മലബാറിലെ മാപ്പിളമാരും അടിയാളരും നടത്തുന്ന വിമോചന പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് സയ്യിദ് ഫസല്‍ അവര്‍ക്ക് പിന്നിലുണ്ടായിരുന്നുവെന്ന കോളനി ഭരണകൂട തീര്‍പ്പില്‍ അതിശയിക്കാനൊന്നുമില്ല. ആ പോരാട്ടങ്ങളെ വാക്കുകള്‍ കൊണ്ട് പുനരുജ്ജീവിപ്പിക്കുന്ന ഈ ഗ്രന്ഥത്തിലെ വരികള്‍ക്കിടയിലെല്ലാം ഒരു നിഴലായി അദ്ദേഹത്തെ നമുക്ക് കാണാം. സയ്യിദിന്റെ പാരമ്പര്യം അവര്‍ക്ക് പകര്‍ന്നു നല്‍കിയ ദൌത്യത്തിന്റെ ആവിഷ്കാരമല്ലാതെ മറ്റൊന്നുമല്ല ഈ നിഴല്‍ സാന്നിധ്യം. ഫസല്‍ തങ്ങളെ നാടുകടത്താന്‍ ‘കനോലി’ നിരത്തിയ സര്‍വ്വ ന്യായങ്ങളും അടുക്കിവച്ചാല്‍ അദ്ദേഹത്തിന്റെ പൂര്‍ണചിത്രമാവും. ലക്ഷണമൊത്ത ഒരു ജനനേതാവിന്റെ ‘മൌലിദുകള്‍’ മാത്രമാണവ; നാട്ടിലിരിക്കുന്നിടത്തോളം അടങ്ങിക്കഴിയാനദ്ദേഹത്തിനസാധ്യമാണെന്ന് അടിവരയിടുന്ന സവിശേഷതകള്‍.മമ്പുറത്തെ പള്ളി മിമ്പറില്‍ നിന്ന് മലബാറിലെ കുടിയാന് ഉജ്ജീവനത്തിന്റെ പാഠങ്ങള്‍ ഓതിക്കൊടുക്കുന്ന സയ്യിദിനെ പിന്നീട് നാം കാണുന്നത് മരുഭൂമിയിലെ ഏതെങ്കിലും പ്രവാസി തമ്പുകളിലല്ല; ദുഫാറിലെ ഭരണാധികാരിയും ഓട്ടോമന്‍ ഖലീഫ അബ്ദുല്‍ ഹമീദിന്റെ മന്ത്രിയുമായിട്ടാണ്. ചെന്നിടത്തെല്ലാം ‘മണ്ണറിഞ്ഞ് ചുമതലകളുടെ വിത്തെറിഞ്ഞു കൊണ്ടിരുന്ന’ അദ്ദേഹം നമുക്കും നമ്മെ നയിക്കുന്നവര്‍ക്കും ഒരു ജീവിത മാതൃക നിര്‍ണ്ണയിച്ചു തരുന്നുണ്ട്.ഈ പുസ്തകത്തിലെ വിവിധ വരികള്‍ക്കിടയില്‍ കണ്ടുമുട്ടുന്ന പ്രയോഗമാണ് ‘ഫനാറ്റിക്’. അധിനിവേശ ഭരണകൂടം ചിത്രീകരിക്കുന്ന ഫനാറ്റിക് ആരെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴാണ് ഈ പ്രയോഗത്തിനു പിന്നിലെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ അനാവൃതമാകുന്നത്.

    “ഒരു ജനതയെ രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നതിന് പ്രയോഗിക്കപ്പെട്ട പ്രഥമ കൊളോണിയല്‍ നിര്‍മ്മിതിയാണ് ഫനാറ്റിക്.” (എം ടി അന്‍സാരി) “രക്തസാക്ഷ്യം, മരണം എന്നിവയോടുള്ള അധിനിവേശം, അജ്ഞത, ആക്രമസ്വഭാവം, അനുഷ്ഠാനങ്ങളിലും കിംവദന്തികളിലുമുള്ള അന്ധമായ വിശ്വാസം, അഹിംസ, ദേശീയ പ്രസ്ഥാനം എന്നിവ ഉള്‍കൊള്ളാനുള്ള കഴിവില്ലായ്മ, ദേശക്കൂറില്ലായ്മ, ഹൈന്ദവവിദ്വേഷം’ തുടങ്ങി കോളനി വക്താക്കള്‍ ഫനാറ്റിക്കിന് കല്‍പിച്ചു നല്‍കുന്ന ലക്ഷണങ്ങള്‍ നിരവധിയാണ്.

  ഒരു ജനതയോടുള്ള അതിക്രമങ്ങള്‍ മൂടിവെക്കാനും അവര്‍ക്കുമേല്‍ പ്രയോഗിക്കപ്പെടുന്ന അതിരുകവിഞ്ഞ ബലപ്രയോഗങ്ങള്‍ക്ക് ന്യായങ്ങള്‍ കണ്ടെത്താനും ഇത്തരം നിര്‍മ്മിതികള്‍ അനിവാര്യമാണ്. കോളനി ശക്തികള്‍ ഭയപ്പെട്ട സ്വച്ഛന്ദ മുസ്ലിം ബോധത്തെ നിയന്ത്രിക്കുന്നതിനും വിലങ്ങണിയിക്കുന്നതിനും വേട്ടയാടി നശിപ്പിക്കുന്നതിനും അവര്‍ക്ക് മാപ്പിളയെ അപരവത്കരിക്കേണ്ടതുണ്ടായിരുന്നു. ഈ അപരവത്കരണം ഫനാറ്റിക് പ്രയോഗത്തില്‍ തുടങ്ങി ‘ഫണ്ടമെന്റലിസ്റ്’, എക്സിട്രിമിസ്റ്റ് എന്നിവയിലൂടെ വികസിച്ച് വര്‍ത്തമാന കാലഭാഷണങ്ങളില്‍ ‘ടെററിസ്റാ’യി നിറഞ്ഞു നില്‍ക്കുന്നു. പ്രഥമ നിര്‍മ്മിതിക്ക് പിന്നിലുള്ളവര്‍ തന്നെയാണ് നവനിര്‍മിതികള്‍ക്ക് പിന്നിലും.” എല്ലാ രൂപകങ്ങളുടെയും ഉദ്ദേശ്യം ഒന്നു തന്നെ.

    ‘വഖ്ഫ് ഭൂമി പിടിച്ചെടുക്കുക’, ‘ബാങ്കിനു പകരം പന്നിയിറച്ചി’ എന്ന് അലറി വിളിക്കാന്‍ നിര്‍ബന്ധിക്കുക, തങ്ങളുടെ വിശ്വാസത്തിനെതിരായി ക്ഷേത്ര നിര്‍മാണത്തിന് ഒരു വര്‍ഷത്തെ പാട്ടം അധികമായി ആവശ്യപ്പെടുക, വിസമ്മതിച്ചവരെ കുടിയിറക്കുക, മുസ്ലിം സമ്പന്നര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും വ്യാജ പരാതികള്‍ നല്‍കുക തുടങ്ങിയ അതിക്രമങ്ങളോടു മൌനം പാലിച്ച്, സ്വത്വം നശിപ്പിക്കുന്നതിനെക്കാള്‍ ഉത്തമം ഈ അനീതികളെ ചോദ്യം ചെയ്യലാണെന്ന് തിരിച്ചറിയുന്ന സയ്യിദുകളും മാപ്പിളമാരുമാണ് ‘മതഭ്രാന്തരാ’ക്കപ്പെടുന്നത്. മതം വെളിവു കെടുത്തിയവരായിട്ടല്ല മറിച്ച് സ്വത്വ സംരക്ഷണത്തിനായി പോരാടിയ രക്തസാക്ഷികളായിട്ടാണ് ഗ്രന്ഥകാരന്‍ ഇവരെ അടയാളപ്പെടുത്തുന്നത്.

   അധിനിവേശ ഭാഷ്യത്തില്‍ അതിക്രമികളായ പോരാളികളെ ചൂണ്ടിക്കാണിച്ച് ബ്രിട്ടീഷ് രാജിന്റെ കയ്യടി വാങ്ങുന്ന ഒരു സയ്യിദും ഈ ഗ്രന്ഥവരികള്‍ക്കിടയില്‍ എഴുന്നു നില്‍ക്കുന്നു. കോളനി ഭരണത്തെ തൃപ്തിപ്പെടുത്തി പകരം വര്‍ഷാവര്‍ഷം പണം പറ്റുകയും സ്വസ്വത്തുക്കളൊക്കെയും സര്‍ക്കാര്‍ റവന്യൂ ഇടപാടുകളില്‍ നിന്ന് വിടുതല്‍ നേടിയെടുക്കുകയും ‘പല്ലക്ക്’ സര്‍ക്കാര്‍ സമ്മാനമായി സ്വീകരിക്കുകയും ചെയ്ത കൊണ്ടോട്ടി തങ്ങള്‍. ഇസ്ലാമിക പഠനങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകളും മാപ്പിളമാര്‍ ദുരിത പര്‍വ്വം കയറുമ്പോള്‍ അക്രമിക്കൊപ്പം നിന്നതിനാലും ശൈഖ് ജിഫ്രി, സയ്യിദ് അലവി, സയ്യിദ് ഫസല്‍ എന്നിവരാല്‍ വിമര്‍ശിക്കപ്പെട്ടുവദ്ദേഹം…

   സയ്യിദ് ഫസല്‍ നാടുകടത്തപ്പെട്ട ശേഷം മമ്പുറത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് അതു കവര്‍ന്നെടുത്ത മറ്റൊരു സയ്യിദിനെയും ഗ്രന്ഥകര്‍ത്താവ് പരിചയപ്പെടുത്തുന്നുണ്ട്. ഇരുവരും സയ്യിദ് പാരമ്പര്യത്തെ അവമതിച്ചവര്‍. ഭൌതിക നേട്ടങ്ങള്‍ തേടിയുള്ള ജീവിതം ചരിത്രത്തില്‍ കരിഞ്ഞ കാഴ്ചകളായേ ശേഷിക്കുകയുള്ളൂ എന്ന് നമ്മെ ഓര്‍മപ്പെടുത്തുന്നവര്‍. ജാജ്വല്യമാനമായ ജീവിതം കെട്ടിപ്പടുത്തവര്‍ ചരിത്രത്തിലും ദീപസ്തംഭങ്ങളായി പ്രകാശം പരത്തുന്നു.
ഫസല്‍ തങ്ങളുടെ പിന്‍മുറക്കാരെ മമ്പുറത്തെത്തിക്കാന്‍ അക്ഷീണ പ്രയത്നം നടത്തുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ഈ ചരിത്രകൃതിയുടെ അവസാനഭാഗത്ത് നിറഞ്ഞു നില്‍ക്കുന്നു. മാപ്പിള ഔട്ട്റേജ് ആക്ടി’ന്റെ വിവിധ വകുപ്പുകളില്‍ ബന്ധിച്ച് സയ്യിദ് ഫസലിനെ കനോലി സായിപ്പ് നാടുകടത്തിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ നാടുകടത്തപ്പെട്ടത് ഒരു വ്യക്തിയെയല്ല, മറിച്ച് ചോദ്യം ചെയ്യാനും കലഹിക്കാനും നിരന്തരം മാപ്പിളയെ പ്രചോദിപ്പിച്ച ബോധത്തെ – സ്വച്ഛന്ദ മുസ്ലിം ബോധത്തെ-യാണ്. “ബ്രിട്ടനെതിരെ ആരും തന്നെ ചെറുത്തു നില്‍പ്പ് നടത്തരുതെന്ന് ഫത്വ നല്‍കുന്ന സയ്യിദിനെ തഴഞ്ഞ് ‘മാപ്പിളമാരുടെ ആത്മവീര്യത്തെ പുനരുജ്ജീവിപ്പിക്കുന്ന” സയ്യിദുകളുടെ പുനരാഗമനം ഏതു വിധേനയും പരാജയപ്പെടുത്തുന്നതിന്റെ വര്‍ത്തമാനങ്ങളാണ് അവസാന താളുകളില്‍.പ്രസിദ്ധ ചരിത്രകാരന്‍ റോളണ്ട് മില്ലര്‍ മുഖവുരയില്‍ ഇങ്ങനെ എഴുതുന്നു: “ഒരു സവിശേഷ വ്യക്തിത്വമായിരുന്ന സയ്യിദ് ഫസല്‍ തങ്ങളുടെ ജീവിതം പകര്‍ത്തിയെഴുതാന്‍ സവിശേഷമായ ജ്ഞാന നിറവു വേണം.” ചരിത്രത്തെയും ചരിത്ര പ്രമാണങ്ങളെയും പ്രണയിച്ച കെ കെ മുഹമ്മദ് അബ്ദുല്‍ കരീം സാഹിബിന്റെ മകന്‍, മലബാറിലെ ചെറുത്തു നില്‍പു സമരങ്ങളുടെ പ്രഭവ കേന്ദ്രമെന്നു വിശേഷിപ്പിക്കപ്പെട്ട മമ്പുറത്തിന് വിളിപ്പാടകലെ ചരിത്ര വര്‍ത്തമാനങ്ങളില്‍ മുഴുകിയിരിക്കുന്ന ചരിത്രാധ്യാപകന്‍ എന്നീ വിശേഷണങ്ങള്‍ ഗ്രന്ഥകാരന് പ്രസ്തുത യോഗ്യത നല്‍കുന്നുണ്ടെന്ന് മില്ലര്‍ തന്നെ സമ്മതിക്കുന്നു.

   വായനാ സുഖമനുഭവിപ്പിക്കുന്ന ഒഴുക്കുള്ള ഭാഷയും അധിക വായനയെ സുഗമമാക്കുന്ന ഗ്രന്ഥസൂചികയും അനുബന്ധങ്ങളുമെല്ലാം കൂടി 207 പുറങ്ങളിലായി ഒതുക്കി വച്ച് ലളിതമായ പാപ്പര്‍ ബാക്ക് കവറോടു കൂടിയ ഈ ചരിത്രകൃതി നമ്മുടെ ചരിത്രബോധത്തെ ഉദ്ദീപിപ്പിക്കുകയും വര്‍ത്തമാനകാല സാഹചര്യങ്ങളെ വിലയിരുത്തുവാന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്

You must be logged in to post a comment Login