ആ കാല്‍ക്കലാണ് ഉമര്‍ഖാസിയുടെ നൊമ്പരങ്ങളും

KALKKAL
കേരളീയ ഇസ്ലാമിന്റെ പാരമ്പര്യവഴികളില്‍ അധ്യാത്മികതയുടെ പ്രകാശപ്പെരുമഴ ആര്‍ക്കും കാണാവുന്നതാണ്. നിര്‍മ്മലമായ ആ ഉറവകളെപ്പോലും ഇസ്ലാമിസ്റ് അത്യന്തികവാദികള്‍ രാഷ്ട്രീയ വിപ്ളവമെന്ന അവരുടെ ചെറുകള്ളിയിലേക്ക് ഒടിച്ചുമാറ്റാന്‍ നോക്കുന്നു. അതുകൊണ്ട് പൊന്നാനിയില്‍ നിന്ന് കേരളമൊട്ടാകെ ഒഴികിപ്പരന്ന ഇസ്ലാമിന്റെ രാഷ്ട്രീയത്തിനപ്പുറത്തെ ലോകം കാണുകയാണീ പഠനത്തില്‍. ഏറ്റവും ഒടുവില്‍ ലക്കം 1018ല്‍ വന്ന പഠനത്തിന്റെ നാലാം ഭാഗം.
മുഹമ്മദ് സ്വാലിഹ്

 

      മഖ്ദൂമീ ശിഷ്യ പരമ്പരയിലെ നക്ഷത്രശോഭയാണ് വെളിയങ്കോട് ഉമര്‍ഖാസി. പ്രാര്‍ത്ഥനയും ആരാധനയും അവിടുന്ന് അല്ലാഹുവിന് മാത്രം അര്‍പ്പിച്ചു.1 ‘പ്രാര്‍ത്ഥന ആരാധനയുടെ മജ്ജയാണ്’ എന്ന നബിവാക്യം ഉമര്‍ഖാസിയില്‍ തെളിഞ്ഞു കാണാമായിരുന്നു. ആത്മീയാചാര്യനായിരുന്ന ഹസ്രത്ത് മമ്പുറം സയ്യിദ് അലവി തങ്ങളെക്കുറിച്ച് ഉമര്‍ഖാസി എഴുതിയ കാവ്യത്തില്‍ ഇങ്ങനെ കാണാം : ജീവിത കാലത്തും മരണാനന്തരവും യാതൊരു ന• തി•കളും ഉപകാര ഉപദ്രവവും എന്റെ നാഥനായ അല്ലാഹുവില്‍ നിന്നല്ലാതെ കണ്ടെത്തുകയില്ല.”2

    ഉമര്‍ഖാസിയുടെ ‘നഫാഇസുദ്ദുറര്‍’ വിശ്വാസസംബന്ധമായ അമൂല്യ മുത്തുകള്‍ മാത്രം കോര്‍ത്ത അതിവിശിഷ്ടമായ രചനയാണ്. അവന്‍ നമ്മുടെ യഥാര്‍ത്ഥ ആരാധ്യന്‍; അവങ്കല്‍ നിന്നാണ് സഹായം. അവന്‍ ഐശ്വര്യവാന്‍; മറ്റെല്ലാം അവനിലേക്ക് ആശ്രിതന്‍. ന•യും തി•യും അല്ലാഹുവിന്റെ മുന്നറിവുപ്രകാരം സംഭവിക്കുന്നു. നമ്മുടെ പരിശ്രമം കൊണ്ടല്ല, യഥാര്‍ത്ഥത്തില്‍ ന• തി•കളുണ്ടാകുന്നത്; പ്രത്യുത അവന്റെ നിമിത്തം മാത്രം; ഫലപ്രദമാക്കുന്നത് അല്ലാഹുവത്രെ.3 സൃഷ്ടി സദൃശമായ പദപ്രയോഗങ്ങള്‍ അല്ലാഹുവിനെക്കുറിച്ചു കണ്ടാല്‍ സ്വീകരിക്കേണ്ട നിലപാട് ഉമര്‍ ഖാസി വ്യക്തമായി കവിതയാക്കിയിട്ടുണ്ട്. അതിങ്ങനെ ഭാഷാന്തരപ്പെടുത്താം : “സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്ന ലോക രക്ഷിതാവ്, രാത്രിയുടെ അന്ത്യയാമങ്ങളില്‍ അവന്‍ ആകാശത്തേക്കിറങ്ങിവരും, അവന് വലതു കയ്യുണ്ട് എന്നിങ്ങനെ ഭാഷാര്‍ത്ഥം ലഭിക്കുന്ന ചില പ്രയോഗങ്ങള്‍ ഖുര്‍ആനിലും ഹദീസിലും കാണാം. ‘അല്ലാഹുവിനെ ഭയന്ന് പാറക്കല്ലുകള്‍ വളര്‍ന്നുരുണ്ടു നിലംപതിക്കുന്നു എന്നു പറയുന്ന പ്രകാരമുള്ള അലങ്കാര പ്രയോഗമാണത്. അവയുടെ പത്യക്ഷാര്‍ത്ഥത്തില്‍ നിന്ന് അല്ലാഹു അത്യുന്നതനും പരിശുദ്ധനുമത്രെ. പരിഗണനീയരല്ലാത്ത ചിലര്‍ മാത്രമേ പ്രത്യക്ഷാര്‍ത്ഥം കല്പിക്കണമെന്ന് പറയുന്നുള്ളൂ. മറ്റെല്ലാവരും അതരുതെന്ന് ഒന്നിച്ച് പറയുന്നു. അവയുടെ യഥാര്‍ത്ഥസാരം അല്ലാഹുവിന്നറിയാം എന്നു പറഞ്ഞു രക്ഷപ്പെടുകയാണ് മുന്‍ഗാമികളില്‍ ഭൂരിഭാഗവും ചെയ്തത്. സിംഹാസനത്തില്‍ ഉപവിഷ്ഠനാകുകയെന്നാല്‍ അണ്ഡകടാഹമഖിലം അടക്കി ഭരിക്കുക തുടങ്ങിയ അര്‍ത്ഥമാണെന്ന് പിന്‍ഗാമികള്‍ പറഞ്ഞു.4

    കൊണ്ടോട്ടിയില്‍ ഇഷ്തിയാഖ് ശാഹ് എന്നൊരാളുണ്ടായിരുന്നു. അനുയായികള്‍ അദ്ദേഹത്തെ സൂഫി ആചാര്യനായി കാണുന്നു. തനിക്ക് സുജൂദ് ചെയ്യിപ്പിച്ച് കൊണ്ടാണദ്ദേഹം തന്റെ മാര്‍ഗത്തിലേക്ക് ആളെക്കൂട്ടുന്നത്. ഉമര്‍ഖാസി ഈ സമ്പ്രദായത്തെ നിശിതമായി ചോദ്യം ചെയ്തു. ചരിത്രം കണ്ട പ്രവാചകാനുരാഗികളില്‍ വലിയൊരാളായിരുന്നു ഉമര്‍ഖാസി. അറബി അക്ഷരമാലയിലെ പുള്ളിയുള്ളതും പുള്ളി ഇല്ലാത്തതുമായ അക്ഷരങ്ങള്‍ മാത്രം ചേര്‍ത്തുവച്ച് വ്യത്യസ്ത പ്രവാചക കീര്‍ത്തനകാവ്യങ്ങള്‍ അദ്ദേഹം എഴുതി. ദുഃഖാകുലന്റെ ഹൃദയഭേദകമായ ആത്മീയ വിഷമതകള്‍ പരിഹരിക്കുന്ന സഹാനുഭൂതിയുള്ളവരാണ് ഉമര്‍ഖാസിക്ക് പരിശുദ്ധ റസൂല്‍.5 അതിനാല്‍ അദ്ദേഹം തിരുനബിയോട് ആവലാതിപ്പെട്ടു. “ഞാന്‍ എന്റെ ദേഹത്തോട് അതിക്രമം പ്രവര്‍ത്തിച്ചു. പാപനിരതനായ നിലയില്‍ എന്റെ യൌവ്വനം ഞാന്‍ പിന്നിട്ടു. എന്നെ ഖബര്‍ ഇടുക്കുന്ന ഘട്ടത്തില്‍ എനിക്ക് നിര്‍ഭയത്വം നല്‍കണേ.”6

    കാരുണ്യദൂതന്‍ എന്ന വിശേഷണം തിരുനബിക്കു പ്രവാചകത്വത്തിന്റെ ഭാഗമായിക്കിട്ടിയതല്ല. തിരുപ്പിറവിക്കു മുമ്പും അത്യുന്നത തോഴനിലേക്ക് പ്രയാണം ചെയ്ത ശേഷവും ‘പരിശുദ്ധനായ നബി’ കാരുണ്യത്തിന്റെ സത്തയാണ്. ഉമര്‍ഖാസി പാടുന്നു: “അവിടുത്തെ തിരുനാമം അര്‍ശി•ല്‍ ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ഗത്തോപ്പുകള്‍ക്കുമേല്‍ സ്രഷ്ടാവിന്റെ നാമത്തോടൊപ്പം അവിടുത്തെ നാമം കാണാം. മനുഷ്യപിതാവ് ആദംനബി(അ) തിരുദൂതരെ ഇടയാളനാക്കി പശ്ചാതപിച്ചു. അല്ലാഹു സ്വീകരിച്ചു. തിരുദൂതര്‍(സ) നിമിത്തം നൂഹ്നബി (അ)യുടെ കപ്പല്‍ അപകടത്തില്‍ പെടാതെ സുരക്ഷിത സ്ഥാനത്തെത്തി. നംറൂദിന്റെ അഗ്നികുണ്ഡം ഇബ്രാഹിം നബി(അ)നെ തൊട്ടില്ല; അതും തിരുനബി കാരണം തന്നെ. ഇബ്റാഹിം നബിയില്‍ മുഹമ്മദ് നബിയുടെ തിരുവൊളി ഉണ്ടായിരിക്കെ അഗ്നി ദ്രോഹിക്കുന്നതെങ്ങനെ? അദ്ദേഹത്തിന് അഗ്നി ശീതളകേന്ദ്രമാകുകയായിരുന്നു.7 ഉമര്‍ഖാസിക്ക് തിരുനബിയോട് അഭ്യര്‍ത്ഥിക്കാനുള്ളതിതാണ്: യാ അക്റമല്‍ കുറമാ… പുനരുത്ഥാന നാളില്‍ എല്ലാവര്‍ക്കും തണലായിരിക്കുന്നവരേ, ആ വിഷമ ഘട്ടത്തില്‍ അങ്ങ് എന്നെ മറക്കരുതേ, സായൂജ്യം കൊള്ളാനായി ഞാനിതാ അങ്ങയുടെ വാതില്‍ക്കല്‍. പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട നബിയോരേ, അങ്ങയുടെ ഔദാര്യമുണ്ടെങ്കില്‍ ഞാന്‍ നഷ്ടക്കാരില്‍പെട്ടു സവ്യസനം തിരിച്ചു പോരേണ്ടി വരില്ലെന്ന് പ്രത്യാശിക്കട്ടെ. നിസ്സഹായനായി ഔദാര്യവാ•ാരെ സമീപിക്കുന്നവരുണ്ടോ നിരാശരാകേണ്ടി വരുന്നു! അങ്ങയെപ്പോലെ ഉദാരമതികളില്ല തന്നെ; കഴിഞ്ഞ കാലത്തും ഇപ്പോഴും. സര്‍വ്വശക്തനായ അല്ലാഹുവാണ! അതുണ്ടാവുകയില്ല. എനിക്ക് തൃപ്തിയാവോളം എന്നെ അനുഗ്രഹിച്ചാലും. പരമപ്പരവശനായിട്ടാണെന്റെ ചോദ്യം. അനുഗ്രഹം തേടിവരുന്നവനെ, ദീര്‍ഘകാല പാപിയാണെന്ന കാരണത്താല്‍ അങ്ങ് ആട്ടിയകറ്റില്ലല്ലോ? യാ സയ്യിദീ… യജമാനരേ, ഔദാര്യം ചൊരിഞ്ഞാലും! ദരിദ്ര•ാര്‍ക്ക് അങ്ങയുടെ ഔദാര്യത്തിലാണ് കണ്ണത്രയും. 8 ഉമര്‍ഖാസിയുടെ പ്രസിദ്ധമായ സ്വല്ലല്‍ ഇലാഹ് ബൈത്തിലും സമാനമായ വരികള്‍ കാണാം. പ്രവാചക സന്നിധിയില്‍ ചെന്ന് ഉമര്‍ഖാസി പറയുന്നു: പാപം നിമിത്തം ഞാന്‍ പരിഭ്രാന്തനായിരിക്കുന്നു. ഹൃദയം വെന്തു ഞാന്‍ ഖേദിക്കുന്നു. എല്ലാം നഷ്ടപ്പെട്ട ദുഃഖിതനാണ് ഞാന്‍. അതിനാല്‍ എന്റെ വിഷമം അങ്ങ് ദൂരീകരിച്ചു തന്നാലും.9 അനുഗ്രഹം തേടി, വഴിതേടി അങ്ങയുടെ ഉമ്മറപ്പടിയില്‍ മുഖമമര്‍ത്തി ഞാനിതാ അങ്ങയുടെ വാതില്‍ക്കല്‍; ഈ കൊച്ചുദാസന് അനുഗ്രഹം ചൊരിഞ്ഞാലും…10 ഖബ്റിലെ മുന്‍കര്‍ നകീര്‍ മലക്കുകളുടെ ഭയാനകമായ സാന്നിധ്യമോര്‍ത്ത് നബിയില്‍ നിന്നു രക്ഷ പ്രതീക്ഷിച്ചു കൊണ്ട് ഉമര്‍ഖാസി തിരുദൂതരോട് വിടവാങ്ങുകയാണ്. “യാ സയ്യിദീ, ഈ ചെറിയവന്റെ കാര്യം പരിഗണിക്കുമെന്നും അങ്ങന്നെ കൈപിടിച്ചു കരകയറ്റുമെന്നും ഞാന്‍ പ്രത്യാശിക്കട്ടെ.”

കുറിപ്പുകള്‍
1. ഉമര്‍ഖാസി ജീവചരിത്രം, പ്രസാ. വെളിയങ്കോട് മഹല്ല് ജമാഅത്ത് കമ്മിറ്റി. രണ്ടാം പതിപ്പ്. പുറം 76 (ചരിത്രഭാഗം തയ്യാറാക്കിയത് കെ കെ മുഹമ്മദ് അബ്ദുല്‍ കരീം).
2. അതേ പുസ്തകം പുറം 77.
3. നഫാഇസുദ്ദുറര്‍, ഉമര്‍ഖാസി
4. അതേ പുസ്തകം.
5. ഉമര്‍ഖാസി ജീവചരിത്രം. പേ. 128
6. അതേ പുസ്തകം
7. ഉമര്‍ഖാസി, നഫാഇസ്
8. അതേ പുസ്തകം
9. ഉമര്‍ഖാസി, സ്വല്ലല്‍ ഇലാഹ്…
10. അതേ പുസ്തകം.

You must be logged in to post a comment Login