തിരുശേഷിപ്പുകള്‍; യുക്തിവാദികളും മത യുക്തിവാദികളും

randathaniആത്മാവിനോട് സംവദിക്കുന്ന, ഹൃദയഹാരിയായ സൌന്ദര്യം സംവഹിക്കുന്ന, സവിശേഷമായ ഒരു ഉള്ള് ഇസ്ലാമിനുണ്ട്; ബൌദ്ധികമായ അടരുകള്‍ക്കപ്പുറം വൈകാരികമായ താരള്യവും അതുള്‍ക്കൊള്ളുന്നു. ഭൌതികതയെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ ആത്മീയമായ അതിന്റെ ആഴങ്ങള്‍ അവസാനിക്കാതെ നിലകൊള്ളുന്നു.
ഫൈസല്‍ അഹ്സനി രണ്ടത്താണി

      മതം എന്ന് മലയാളത്തില്‍ വിവര്‍ത്തനം ചെയ്യുന്ന പദത്തിന്റെ അറബി ഭാഷ്യം ‘ദീന്‍’ എന്നാണ്. ‘വിധേയത്വം’ എന്നാണ് അതിന്റെ നേരര്‍ത്ഥം. ഔദ്ധത്യങ്ങളെല്ലാം സ്രഷ്ടാവിന്റെ മുമ്പില്‍ വച്ച് കൊണ്ടുള്ള പൂര്‍ണ്ണ കീഴ്പ്പെടലാണത്. സ്രഷ്ടാവിന്റെ അസ്തിത്വം പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ വെളിച്ചത്തില്‍ മനസ്സിലേക്ക് സ്വാഭാവികമായി കടന്നുവരുന്ന ബോധ്യമാണ്. ആ ബോധ്യത്തിന്റെ തറയില്‍ നിലകൊള്ളുന്ന മനുഷ്യന് അവന്റെ ഗുണവിശേഷങ്ങള്‍ പഠിപ്പിച്ചു കൊടുക്കാനാണ് വേദഗ്രന്ഥങ്ങള്‍ അവതരിച്ചത്. അവന്റെ വലിപ്പവും തന്റെ ചെറുപ്പവും തിരിച്ചറിയുന്ന മനുഷ്യന്‍ സ്രഷ്ടാവിനെയോ അവന്റെ നിര്‍ദേശങ്ങളെയോ തന്റെ പരിമിതമായ യുക്തിയുടെ അളവുകോല്‍ വച്ച് വിശകലന വിധേയമാക്കി തനിക്ക് ഇഷ്ടപ്പെട്ടത് മാത്രം ചെയ്യുക എന്ന മടയത്തത്തിലേക്ക് അധ:പതിക്കില്ല. തനിക്ക് ഭൌതികമായി വ്യാഖ്യാനിക്കാന്‍ സാധിക്കുന്നതിനപ്പുറം ചിലത് ഉണ്ടായേ തീരു എന്ന തിരിച്ചറിവില്‍ നിന്നാണ് ഒരാള്‍ വിശ്വാസിയായിത്തീരുന്നത് ; അതുകൊണ്ടാണ് സത്യവിശ്യസികളെക്കുറിച്ച് പറഞ്ഞേടത്ത് “അവര്‍ -അവര്‍ക്ക് അദൃശ്യമായതില്‍ -(ഗൈബില്‍) വിശ്വസിക്കുന്നവരാണ്” എന്ന് ഖുര്‍ആന്‍ വിശദീകരിച്ചത്.

     അതേ, ഭൌതിക മാനദണ്ഡങ്ങള്‍ വച്ച് വിശദീകരിക്കാന്‍ കഴിയാത്ത (അഭൌതികമായ) ചിലതുണ്ട്; ഉണ്ടാവണം. അവിടേക്ക് കടന്നു ചെല്ലാന്‍ തലച്ചോറിനാവുകയില്ലെങ്കിലും ആത്മാവിനാകും. മനുഷ്യന്‍ ഭൌതികമായ ജഡം മാത്രമല്ല ആത്മാവ് കൂടിയാണ്.ഈ ആത്മാവ് തന്നെ ഭൌതികവാദത്തിന്റെ നട്ടെല്ലൊടിക്കുന്നുണ്ട്. കാരണം ആത്മാവ് ഭൌതിക പദാര്‍ത്ഥമല്ല; അഭൌതികമാണ്. ആത്മാവിനെ ഭൌതികമായി വ്യാഖ്യാനിക്കാനാവുമോ? എങ്കില്‍ ആത്മാവ് എന്തുകൊണ്ടാണ് നിര്‍മ്മിതമായിരിക്കുന്നത്? അതിന്റെ നീളമെത്രയാണ്? വീതി? ഘനം? വിസ്തീര്‍ണം? രൂപം? വര്‍ണ്ണം? ആര്‍ക്കും അറിയില്ല; പരീക്ഷണാലയത്തില്‍ ആരും ആത്മാവിനെക്കുറിച്ച് പഠിച്ച് ഖണ്ഢിതമായ ഒരു വിവരം നമുക്ക് തന്നിട്ടില്ല. തരുമെന്ന് തോന്നുന്നുമില്ല. എങ്കിലും ആത്മാവുണ്ട്. അതിനെ നിഷേധിക്കാന്‍ ഭൌതിക വാദികള്‍ക്കാവുമോ? സ്വന്തം അസ്തിത്വമാണത്. വിചാരവും വികാരവുമാണത്. ജീവനാണത്. മരിച്ചു കിടക്കുന്ന മനുഷ്യനും ജീവിച്ചിരിക്കുന്ന മനുഷ്യനും തമ്മിലുള്ള അടിസ്ഥാന വ്യത്യാസമാണ് ആത്മാവ്! അതുകൊണ്ടാണ് സ്വന്തത്തെ അറിഞ്ഞാല്‍ തന്റെ റബ്ബിനെ അറിഞ്ഞുവെന്ന് ആത്മജ്ഞാനികള്‍ പറഞ്ഞത്.

    ആത്മാവ്,മാലാഖമാര്‍,ജിന്നുകള്‍,പിശാചുക്കള്‍,സ്വര്‍ഗം,നരകം,ഖബര്‍ജീവിതം എന്നിവയൊന്നും മനുഷ്യനെ സംബന്ധിച്ചിടത്തേളം ഭൌതിക മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് കണ്ടെത്താനോ മനസ്സിലാക്കാനോ സാധിക്കാത്തവയാണ്. അതുകൊണ്ട് മാത്രം അവയെ നിഷേധിച്ചു കൂടാ. നിഷേധിക്കുന്നവന്‍ സ്വന്തത്തെയാണ് നിഷേധിക്കുന്നത്. ഒപ്പം ദിവ്യവെളിപാടുകളെയുമാണ് നിഷേധിക്കുന്നത്.
മൂന്നിലൊരാള്‍
മനുഷ്യന്‍ മൂന്ന് വിധമുണ്ട്. ഒരു വിഭാഗം തങ്ങളുടെ പരിമിതമായ യുക്തിയില്‍ ഉരുവം കൊള്ളുന്ന ഭൌതിക മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് മനസ്സിലാക്കാവുന്ന/മനസ്സിലായ കാര്യങ്ങളെ മാത്രം വിശ്വസിക്കുന്നവര്‍. യുക്തിവാദികളും കമ്മ്യൂണിസ്റുകളുമടക്കമുള്ള തനി ഭൌതിക വാദികള്‍ ഉദാഹരണം. അവര്‍ ദൈവത്തെ അവിശ്വസിക്കുന്നത് അതു കൊണ്ടാണ്. സ്വര്‍ഗ നരകങ്ങളെ അവിശ്വസിക്കുന്നതും തഥൈവ. യുക്തിയുടെ യുക്തി പോലും അവര്‍ക്ക് അപരിചിതമാണ് എന്നതാണ് അതിശയോക്തിപരം.

    യുക്തി എന്നത് എന്താണ് ? അത് ഒരു ഭൌതിക പദാര്‍ത്ഥമാണോ ? അനാദിയാണോ? അനാദിയാണെങ്കില്‍ യുക്തിയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നതും ചിലര്‍ക്ക്/ചിലപ്പോള്‍ തീരെ യുക്തില്ലാതാകുന്നതും എങ്ങനെയാണ്? അതൊരു ദ്രവ്യമാണോ? എങ്കില്‍ അതിന്റെ അളവെത്ര? യുക്തി ഇല്ലായ്മയില്‍ നിന്നുണ്ടായതാണോ? എങ്കില്‍ ആരാണ് അതിനെ ഉണ്ടാക്കിയത്? മനുഷ്യനോ? മനുഷ്യനെങ്കില്‍ യുക്തിയുള്ള മനുഷ്യനോ, യുക്തിയില്ലാത്ത മനുഷ്യനോ? യുക്തിയുള്ള മനുഷ്യനാണെങ്കില്‍ അയാളില്‍ ഉള്ള യുക്തി എവിടെ നിന്നുണ്ടായതാണ്? യുക്തിയുള്ളയാള്‍ക്ക് വേറെ യുക്തി ഉണ്ടാക്കേണ്ട ആവശ്യമില്ലല്ലോ. യുക്തിയില്ലാത്ത മനുഷ്യന്‍ അത് എവിടെ നിന്ന് ഉണ്ടാക്കാനാണ്? ചുരുക്കത്തില്‍ യുക്തിയെക്കുറിച്ച് യുക്തിപരമായ നിലപാടില്ലാത്ത ഇവരെ നമുക്ക് മണ്ടന്‍മാര്‍ എന്നു വിളിക്കാം.

  തിരുകേശത്തില്‍ വല്ല രോഗശമനിയുമുണ്ടോ? പൈശാചിക ബാധ സംഭവിക്കുന്നതെങ്ങനെ? എന്നിങ്ങനെയുള്ള ഇത്തരക്കാരുടെ ചോദ്യം കേട്ട് ദൈവവിശ്വാസികള്‍ അന്തം വിടേണ്ടതില്ല. സ്വന്തം ആത്മാവിനെക്കുറിച്ചോ യുക്തിയെക്കുറിച്ചോ പോലും ഒരു നിലപാടുമില്ലാത്തവര്‍ക്ക് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ ധാര്‍മികമായ അവകാശമില്ല. മാത്രമല്ല, ശാസ്ത്രീയമായ പരിശോധനയിലൂടെ ബോധ്യപ്പെട്ടാല്‍ മാത്രമേ അംഗീകരിക്കുകയുള്ളു എന്ന ദുഷ്ട ബുദ്ധിയുള്ളവരോട് മാത്രമേ ആ ചോദ്യം പ്രസക്തമാവുകയുള്ളു. വിശ്വാസി വിശ്വാസിയാകുന്നത് തന്നെ ആ വാദം ഉപേക്ഷിക്കുമ്പോഴാണ് എന്ന് നേരത്തെതന്നെ സമര്‍ത്ഥിച്ചുവല്ലോ. ഈ ഭൌതിക ലോകത്തു തന്നെ അനുഭവപ്പെടുന്ന, ശാസ്ത്രീയമായി ഇതുവരെ വിശദീകരിക്കാന്‍ പറ്റാത്തതായ എത്രയെത്ര കാര്യങ്ങളുണ്ട്? ബര്‍മുഡാ ട്രയാങ്കിളിനെക്കുറിച്ച് ശാസ്ത്രീയമായ വിശകലനങ്ങള്‍ നടന്നിട്ടുണ്ടോ? പറക്കും തളികകളെക്കുറിച്ചും തമോഗര്‍ത്തങ്ങളെക്കുറിച്ചും ഖണ്ഡിതമായ തീരുമാനത്തിലെത്തിയിട്ടുണ്ടോ?

  ചുരുക്കത്തില്‍, അറിയില്ല എന്നതുകൊണ്ട് ഇല്ലാതിരിക്കണമെന്നില്ല. ഉള്ളതിനെക്കുറിച്ചെല്ലാം അറിഞ്ഞിരിക്കണമെന്നില്ല. ഞാന്‍ തന്നെയാണ് പ്രപഞ്ചത്തിന്റെ അവസാന തീരുമാനവും വാക്കും എന്ന് മനസ്സിലാക്കുന്ന മൂഢനല്ലാതെ ഇതിനെതിരായ ധാരണയിലകപ്പെടുകയില്ല. എത്ര തന്നെ കഴിവും ശക്തിയും വിവരവുമുള്ളവനാണെങ്കിലും ഒരു നാള്‍ അവന്‍ കീഴടങ്ങേണ്ടി വരും- ഖുര്‍ആന്റെ വാക്കുകള്‍ എത്ര പ്രസക്തം:

“”മനുഷ്യന്‍ അതിക്രമകാരിയായിരിക്കുന്നു.
താന്‍ സ്വയം മതിയായവനാണെന്ന് തോന്നിയത് കാരണം.
നിശ്ചയമായും നിന്റെ രക്ഷിതാവിലേക്ക് തന്നെയാണ് നിന്റെ മടക്കം.””
(സൂറഃ അല്‍ അലഖ്)
രണ്ടാമന്‍
ശാസ്ത്രീയ നിരീക്ഷണങ്ങളിലൂടെ ബോധ്യപ്പെടാത്തത് ദൈവം മാത്രമാണെന്നും അതിനാല്‍ മറഞ്ഞ വഴിയിലൂടെ-അഭൌതികമായ നിലക്ക്- ലോകത്ത് എന്ത് നടക്കുന്നുണ്ടെങ്കിലും അതെല്ലാം ദൈവത്തിന്റെ നേരിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമാണെന്നും രണ്ടാമതൊരു വിഭാഗം വിശ്വസിക്കുന്നു. അതുകൊണ്ട് മനുഷ്യ കഴിവിന്നതീതമായിട്ട് എന്തുണ്ടെങ്കിലും അത് ദൈവികമായ കഴിവാണെന്നും മറഞ്ഞ വഴിക്ക് -അഭൌതികമായ നിലക്ക്- ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ ദൈവത്തിനു മാത്രമേ കഴിയൂ എന്നും അതിനപ്പുറമുള്ള വിശ്വാസങ്ങള്‍ ബഹു ദൈവത്വവും അന്ധവിശ്വാസവുമാണെന്നും ഇവര്‍ വാദിക്കുന്നു. ഇവരെ മതയുക്തിവാദികള്‍ എന്നു വിളിക്കാം.

    ലോകത്തെ രണ്ടായി പകുക്കുകയും അഭൌതിക ലോകത്തിന്റെ ഭരണം പടച്ചവനു നല്‍കി ഭൌതിക ലോകത്തിന്റെ ഭരണം സ്വയം ഏറ്റെടുക്കുകയും ചെയ്യുന്ന ബുദ്ധിശൂന്യതയാണിത്. അതല്ലെങ്കില്‍ സ്രഷ്ടാവിന്റെ വേഷം കെട്ടാനുള്ള അഹങ്കാരമാണിത്.മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഏതൊരു പ്രവര്‍ത്തനത്തിന്റെയും യഥാര്‍ത്ഥ സ്രഷ്ടാവ് അല്ലാഹുവാണ്; എന്നാല്‍ നമുക്ക് മനസ്സിലാകുന്നതോ മനസ്സിലാകാത്തതോ ആയ കാരണങ്ങള്‍ അതിന് അല്ലാഹു നിശ്ചയിച്ചിട്ടുണ്ടായിരിക്കാം.

   വ്യക്തമായി പറഞ്ഞാല്‍, അല്ലാഹുവില്‍ വിശ്വസിക്കുന്നു എന്നു പറയുമ്പോള്‍ തന്നെ കണ്ണേറ്, സിഹ്റ്, ബറകത്ത്, പൈശാചിക ഉപദ്രവങ്ങള്‍, മലക്കുകളുടെ സഹായങ്ങള്‍, പുണ്യാത്മാക്കളുടെ ഇടപെടലുകള്‍ എന്നിവയെ നിഷേധിക്കുന്നവര്‍ ഈ രണ്ടാം വിഭാഗമാണ്. അവരതിന്ന് പറയുന്ന ന്യായം അതെല്ലാം മറഞ്ഞ വഴിക്കുള്ള-അഭൌതികമായ-ഉപദ്രവങ്ങളോ ഉപകാരങ്ങളോ ആണ് എന്നാണ്. അഭൌതികമായി ഉപദ്രവിക്കാനും ഉപകാരം ചെയ്യാനും അല്ലാഹുവിനു മാത്രമേ സാധിക്കുകയുള്ളു!

  ഇങ്ങനെ ഒരു വാദം ഇവര്‍ പടച്ചുണ്ടാക്കുന്നതിന്റെ പ്രേരകം എന്തായിരിക്കും? ഖുര്‍ആനിലോ ഹദീസിലോ അങ്ങനെയുണ്ടായതു കൊണ്ടാകാന്‍ നിര്‍വാഹമില്ല. കാരണം ഖുര്‍ആനിലോ ഹദീസിലോ അത്തരം ഒരു പ്രസ്താവനയും ഉണ്ടായിട്ടില്ല. തനിക്ക് തിരിയാത്തതായി സ്രഷ്ടാവ് മാത്രമേ ഉണ്ടാകാവൂ എന്ന ധാര്‍ഷ്ഠ്യവും അഹങ്കാരവുമാണിത്. മനുഷ്യന് ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍(അല്ലാഹുവല്ലാത്ത)ഒരു മനുഷ്യേതര ശക്തിയുമില്ല,മനുഷ്യന് അറിയുകയോ മനസ്സിലാവുകയോ ചെയ്യാത്ത ഒരു ഉപകാരമോ ഉപദ്രവമോ ഇല്ല എന്നൊക്കെ പറയുന്നതിന്റ ഒരു കുട്ടിത്തം ആലോചിച്ചുനോക്കൂ!

  ഇസ്ലാമിലെ യുക്തിവാദത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞു വരുന്നത്. ഇസ്ലാമിലെ യുക്തിവാദികള്‍ ഖുര്‍ആന്‍ അംഗീകരിക്കുന്നവരാണല്ലോ. അപ്പോള്‍ അവര്‍ക്ക് സ്വര്‍ഗവും നരകവും വിശ്വസിക്കേണ്ടി വരില്ലേ? മലക്കുകളെയും ജിന്നുകളെയും വിശ്വസിക്കേണ്ടി വരില്ലേ? അവയൊന്നും സ്രഷ്ടാക്കളല്ലല്ലോ. അപ്പോള്‍ നമുക്ക് മനസ്സിലാകാത്തതായി അല്ലാഹു മാത്രമല്ല- അല്ലാത്ത വേറെയും ചിലത് ഉണ്ട് എന്ന് യുക്തിവാദിയും അംഗീകരിക്കേണ്ടി വരില്ലേ? അഭൌതികമായത് അല്ലാഹു മാത്രമല്ല- എന്നാല്‍ അഭൌതിക ഗുണവും ദോഷവും അല്ലാഹുവിങ്കല്‍ നിന്നു മാത്രമാണ് എന്നാണോ? എങ്കില്‍ സ്വര്‍ഗത്തില്‍ ഗുണവും നരകത്തില്‍ ശിക്ഷയും ലഭിക്കുന്നുണ്ടല്ലോ? മലക്കുകളും ദുന്‍യാവിലും ആഖിറത്തിലും സഹായിക്കുന്നതും ശിക്ഷിക്കുന്നതും ഖുര്‍ആനിലുണ്ടല്ലോ? സ്വര്‍ഗവും നരകവും അല്ലാഹുവിന്റെ രക്ഷയും ശിക്ഷയും ലഭിക്കാനുള്ള കാരണം മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ശിക്ഷിക്കുന്നവനും രക്ഷിക്കുന്നവനും അല്ലാഹു തന്നെ എന്നാണെങ്കില്‍ ഭൌതികവും അഭൌതികവും തമ്മില്‍ വ്യത്യാസമില്ല. ഭൌതിക വസ്തുക്കള്‍ക്കും നമുക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയില്ല. അഭൌതിക വസ്തുക്കള്‍ക്കും കഴിയില്ല. എല്ലാ കഴിവുകളും അല്ലാഹുവിനു മാത്രം. എല്ലാ സഹായവും അവങ്കല്‍ നിന്നു മാത്രം.

   ഇതേ തിയറി നമുക്ക് തിരിയാത്ത-എന്നാല്‍ നാട്ടില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന പലതിലും സാധുവാകും. കണ്ണേറ്, സിഹ്റ്, പിശാച് ബാധ തുടങ്ങിയവ കൊണ്ട് പല ദോഷങ്ങളും ഉണ്ടായതായി പറയപ്പെടുന്നു. ശാസ്ത്രീയ മാപിനികള്‍ ഉപയോഗിച്ച് അതിന്റെ സാധുത മനസ്സിലാക്കാന്‍ മുതിര്‍ന്നാല്‍ ഒരു പക്ഷേ നമുക്ക് സാധിക്കണമെന്നില്ല. പക്ഷേ ഉപദ്രവമുണ്ടാകാനായി-അല്ലാഹു നിശ്ചയിച്ച ഒരു കാരണമായി മനസ്സിലാക്കിയാല്‍ മതിയാകും-അല്ലാത്തപക്ഷം ഭൌതികമായ വസ്തുക്കളില്‍ നിന്നു ഗുണവും ദോഷവും പ്രതീക്ഷിക്കുമ്പോഴും, യഥാര്‍ത്ഥത്തില്‍ ഗുണവും ദോഷവും വരുത്തുന്നത് ആ വസ്തു തന്നെയാണെന്ന് പറയേണ്ടിവരും. അത് അല്ലാഹുവിനു പുറമെ വേറെ സഹായികള്‍ ഉണ്ട് എന്ന് വിശ്വസിക്കലാകും. അതാണെങ്കില്‍ ബഹുദൈവ വിശ്വാസവുമത്രെ.

മൂന്നാംതരം

   മൂന്നാമതൊരു വിഭാഗമുണ്ട്. അല്ലാഹുവാണ്- അവന്‍ മാത്രമാണ്- ഉപകാരവും ഉപദ്രവവും ചെയ്യുന്നത് എന്ന് അവര്‍ വിശ്വസിക്കുന്നു. ചിലത് അവന്‍ നേരിട്ടു ചെയ്യുന്നു. മറ്റു ചിലതിന് എന്തെങ്കിലും ഒരു കാരണം അവന്‍ നിശ്ചയിക്കുന്നു. ആ കാരണവും കാര്യവും തമ്മിലുള്ള ബന്ധം ചിലപ്പോള്‍ മനുഷ്യനു മനസ്സിലായേക്കാം. ചിലപ്പോള്‍ മനസ്സിലായി കൊള്ളണമെന്നില്ല; ചിലപ്പോള്‍ ചിലര്‍ക്ക് മനസ്സിലാകുന്നത് മറ്റു ചിലര്‍ക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. ചിലത് ചില സമയത്ത് മാത്രം കാരണമായി വര്‍ത്തിക്കുന്നു. മറ്റുസമയങ്ങളില്‍ ആയിക്കൊള്ളണമെന്നില്ല. എല്ലാം നിയന്ത്രിക്കുന്നവനും എല്ലാറ്റിനും കഴിവ് നല്‍കുന്നവനും അല്ലാഹു മാത്രം.

   ഒരാള്‍ക്ക് പനി ബാധിക്കുന്നു. സുഖപ്പെടണം. പാരസെറ്റാമോള്‍ കഴിക്കാന്‍ ഒരാള്‍ നിര്‍ദ്ദേശിച്ചു. മന്ത്രിക്കാന്‍ ഒരാള്‍ നിര്‍ദ്ദേശിച്ചു. പാവങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണം മറ്റൊരാള്‍ പറഞ്ഞു. സംസം വെള്ളം കുടിക്കാനായിരുന്നു വേറൊരാളുടെ ഉപദേശം. ഇയാള്‍ എന്തു ചെയ്യണം? പാരസെറ്റാമോളും പനിയും തമ്മിലുള്ള കാര്യകാരണ ബന്ധം അയാള്‍ക്കറിയില്ല. എന്നാല്‍ മന്ത്രിക്കുന്ന സമയത്ത് അല്ലാഹു നേരിട്ട് മാറ്റിയതാണെന്നു പറയാം. പക്ഷേ മന്ത്രമില്ലാതെയും അത് ആകാമായിരുന്നു-അപ്പോള്‍ മന്ത്രം ഒരു കാരണമായി. പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ രോഗം മാറുന്നതും തഥൈവ. സംസം വെള്ളത്തില്‍ വല്ല രോഗശമനിയുമുണ്ടോ? ഒരാള്‍ അങ്ങനെ കണ്ടുപിടിച്ചേക്കാം… പിടിക്കാന്‍ കഴിഞ്ഞില്ലായിരിക്കാം…. അത് അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും-രോഗം മാറ്റുന്നത് അല്ലാഹുവാണെന്ന് വിശ്വസിക്കുന്ന കാലത്തോളം അതില്‍ യാതൊരപാകതയും ഇല്ല. ശമനം അതിലുണ്ടെന്ന് തിരുനബിക്കറിയാമായിരുന്നു. അവിടുന്ന് അത് പഠിപ്പിച്ചിട്ടുണ്ട്. അത് ഒരു കാരണമായി വര്‍ത്തിക്കുന്നതെങ്ങനെയെന്ന് അറിയട്ടെ അറിയാതിരിക്കട്ടെ, അത് ശാസ്ത്രീയമായി തെളിയിക്കാന്‍ പറ്റുന്നതാവട്ടെ, അല്ലെങ്കില്‍ നബിമാര്‍ക്കോ ഔലിയാക്കള്‍ക്കോ മനസ്സിലാകുന്നതാവട്ടെ-ഇതിലെന്തു ചെയ്താലും അത് തൌഹീദിനെതിരല്ല. മറ്റൊരാള്‍ അദ്ദേഹത്തോടു പറഞ്ഞത് കാഞ്ഞിരക്കായ അരച്ചു കുടിക്കാനാണ്. അയാള്‍ അങ്ങനെ ചെയ്തു. അദ്ദേഹം അയാളെ പറ്റിച്ചതായിരുന്നു. അല്ലെങ്കില്‍ മറ്റൊരാളുടെ വാക്കുകള്‍ തെറ്റിദ്ധരിച്ച് അങ്ങനെ പറഞ്ഞതാണ്. കാഞ്ഞിരവും പനിയും തമ്മിലുള്ള കാര്യകാരണബന്ധം ആര്‍ക്കുമറിയില്ല. അങ്ങനെ ചെയ്തിട്ട് രോഗം സുഖപ്പെട്ട സംഭവവുമറിയില്ല. എങ്കിലും ഇത് കുടിക്കുക വഴി അദ്ദേഹത്തിന് കാര്യകാരണബന്ധം ഇല്ലാത്ത ഒരു കാര്യവുമായി ബന്ധപ്പെട്ടുവെന്നതിന്റെ പേരില്‍ ബഹുദൈവ വിശ്വാസമുണ്ടായി എന്നു പറഞ്ഞുകൂടാ(-അല്ലാഹുവാണ് രോഗം മാറ്റുന്നവന്‍ എന്ന് അദ്ദേഹം വിശ്വസിക്കുന്ന കാലത്തോളം-) അയാളുടെ നിഗമനം തെറ്റി എന്ന് പറയാം-ചികിത്സ നടത്തുന്നതില്‍ അദ്ദേഹത്തിന് വീഴ്ച പറ്റി എന്നു പറയാം. അതിന് അദ്ദേഹത്തിനു ശിക്ഷ ലഭിച്ചേക്കാം. ഒരു പക്ഷേ അദ്ദേഹം മരണപ്പെട്ടേക്കാം.

   മൂന്നാമത് പറഞ്ഞവിഭാഗമാണ് യഥാര്‍ത്ഥ വിശ്വാസികള്‍. തങ്ങളുടെ പരിമിത യുക്തിക്ക് കണ്ടെത്താന്‍ കഴിയാത്ത പല കാര്യങ്ങളും പ്രപഞ്ചത്തിലുണ്ടെന്ന് അവര്‍ മനസ്സിലാക്കുന്നു. തങ്ങള്‍ക്ക് മനസ്സിലാകുന്നതിന്റെയും മനസ്സിലാകാത്തതിന്റെയും പിന്നിലുള്ള ചാലക ശക്തി അല്ലാഹു മാത്രമാണെന്ന് അവര്‍ വിശ്വസിക്കുന്നു. തങ്ങള്‍ക്ക് എല്ലാം മനസ്സിലായിട്ടുണ്ടെന്നും മനസ്സിലാകാത്തതായി അല്ലാഹു മാത്രമേയുള്ളൂവെന്നും പറയുന്നവരുടെ അഹങ്കാരവും അജ്ഞതയുമെത്രയാണ്!

ഷെയ്ക്സ്പിയര്‍ പോലും പറഞ്ഞു:

  “ഹൊറേഷ്യോ… നിന്റെ ഫിലോസഫിയില്‍ സ്വപ്നം കണ്ടിട്ടു പോലുമില്ലാത്ത ധാരാളം കാര്യങ്ങള്‍ ലോകത്തുണ്ട്.”’
ബറകത്തിന്റെ യുക്തി ചോദ്യം ചെയ്യുന്നവരോടാണ് ഇത്രയും എഴുതിയത്. തിരുനബി(സ) മുഴുവനും ബറകതാണ്. തിരുനബിയുടെ ബറകത് തന്റെ സമുദായത്തില്‍ ഖിയാമത് നാള്‍ വരെ നിലനില്‍ക്കട്ടെ എന്ന് അവിടുന്ന് കൊതിച്ചു. ഹജ്ജതുല്‍ വദാഇല്‍ തല മുണ്ഡനം ചെയ്തപ്പോള്‍ അബൂ ത്വല്‍ഹതുല്‍ അന്‍സ്വാരിയോട് തന്റെ കേശം വിതരണം ചെയ്യാന്‍ നബി(സ) കല്‍പ്പിച്ചതായി ബുഖാരിയും മുസ്ലിമും ഒന്നിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ ഹദീസുമായി ബന്ധപ്പെട്ട് നമുക്കു ചില പരിചിന്തനങ്ങള്‍ നടത്താം.

 1- ഇമാം ബുഖാരിയും മുസ്ലിമുമാണ് ഹദീസ് നിവേദനം ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു കലര്‍പ്പുമില്ലാത്ത, സംശയിക്കാനവകാശമില്ലാത്ത പ്രബലമായ ഹദീസാണിത്.
2- തിരുനബി(സ) യുടെ ആവശ്യപ്രകാരമാണ് മുടിവിതരണം ചെയ്തത്. സാധാരണ ഗതിയില്‍ മുടി, നഖം തുടങ്ങിയ വസ്തുക്കള്‍ മണ്ണില്‍ മറമാടുകയാണ് പതിവ്.
3- ജാഹിലിയ്യ വിശ്വാസങ്ങളും ആചാരങ്ങളും ഉച്ചാടനം ചെയ്തവരാണ് തിരുനബി. പരമമായ വണക്കം അല്ലാഹുവില്‍ മാത്രമാണെന്നു പഠിപ്പിച്ചവരാണ് തിരുനബി. ആ നബി തന്നെയാണ് അവിടുത്തെ തിരുകേശം വിതരണം ചെയ്യാന്‍ ആവശ്യപ്പെടുന്നത്.
4- ജനങ്ങളില്‍ വച്ചേറ്റവും അല്ലാഹുവിന്റെ മതത്തെക്കുറിച്ച് അറിയുന്നവരും പിശാചിന് ഏറ്റവും ശത്രുതയുള്ളവരും തിരുനബിയാണ്. പിശാചിനെ സുഖിപ്പിക്കും വിധം ശിര്‍ക്ക്പരമായ വിശ്വാസങ്ങളിലേക്ക് നയിക്കുന്ന ഒരു പ്രവര്‍ത്തിയും തിരുനബിയില്‍ നിന്ന് ഉണ്ടാവില്ല.
5- തന്റെ ബറകത് ഖിയാമം വരെ നിലനില്‍ക്കണം എന്ന് തിരുനബി ആഗ്രഹിച്ചു.

   തിരുനബിയുടെ താരക തുല്യരായ സ്വഹാബത്ത് തിരുശേഷിപ്പുകള്‍ കൊണ്ട് ബറകതെടുക്കുന്നതില്‍ എത്ര കണിശത പുലര്‍ത്തി! യുദ്ധത്തില്‍ വിജയിക്കാന്‍ തൊപ്പിയില്‍ തിരുകേശം തുന്നിപ്പിടിപ്പിച്ചവര്‍, കുപ്പിയില്‍ തിരുശേഷിപ്പുകള്‍ ശേഖരിച്ചവര്‍, മരണാസന്നസമയത്ത് അത് കണ്ണില്‍ വച്ചവര്‍, മരിക്കുമ്പോള്‍ കഫന്‍പുടയില്‍ വെക്കാന്‍ വസിയ്യത് ചെയ്തവര്‍, കുടുംബത്തില്‍ അതുകൊണ്ട് ബറകത് എടുത്തവര്‍, തിരുനബിയെ കാണാന്‍ ഭാഗ്യം ലഭിക്കാത്തവര്‍ക്ക് അത് കാണിച്ചു കൊടുത്തവര്‍, രോഗ ശമനത്തിനായി തിരുകേശവും തിരുജുബ്ബയും മുക്കിയ വെള്ളം കുടിച്ചവര്‍, തുടങ്ങി ഏതെല്ലാം വിധത്തിലാണ് സ്വഹാബികള്‍ തിരുശേഷിപ്പുകള്‍ കൊണ്ട് ബറകതെടുത്തത്! യുക്തിവാദികളെപ്പോലെ അവര്‍ യുക്തിരഹിതമായി ചിന്തിച്ചില്ല. മതയുക്തിവാദികളെപ്പോലെ അവര്‍ ശിര്‍ക്ക് ഖനനം ചെയ്തെടുത്തില്ല. ഒഴുകുന്ന ഹൃദയവും നനയുന്ന കണ്ണുകളും മിടിക്കുന്ന ഹൃദയവുമുള്ള അവര്‍, മതത്തിന്റെ ആത്മാവ് കണ്ടവര്‍! സ്വന്തത്തിന്റെയും ആത്മാക്കളുടെയും ലോകത്ത് സ്നേഹം കൊടുത്തും വാങ്ങിയും ഉയരങ്ങളുടെ ആകാശങ്ങള്‍ പരതുന്നവരെ കുറിച്ച് ഊഷരമായ മരുപ്പറമ്പില്‍ ഉണങ്ങിക്കരിയുന്നവര്‍ക്കെന്തറിയാം? മനുഷ്യന്‍ അവന്‍ അറിയാത്തതിന്റെ ശത്രുവാണ്. അതേ, ഇസ്ലാം ജഡികമായ ഒരു ആദര്‍ശമല്ല. വരണ്ടുണങ്ങിയ വരട്ടുതത്ത്വ ശാസ്ത്രങ്ങളുടെ കൂട്ടായ്മയല്ല അത്. ആത്മാവിനോട് സംവദിക്കുന്ന, ഹൃദയഹാരിയായ സൌന്ദര്യം സംവഹിക്കുന്ന, സവിശേഷമായ ഒരു ഉള്ള് ഇസ്ലാമിനുണ്ട്; ബൌദ്ധികമായ അടരുകള്‍ക്കപ്പുറം വൈകാരികമായ താരള്യവും അതുള്‍ക്കൊള്ളുന്നു. ഭൌതികതയെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ ആത്മീയമായ അതിന്റെ ആഴങ്ങള്‍ അവസാനിക്കാതെ നിലകൊള്ളുന്നു.

One Response to "തിരുശേഷിപ്പുകള്‍; യുക്തിവാദികളും മത യുക്തിവാദികളും"

  1. Meershaas  February 5, 2013 at 10:10 am

    അറിവിന്റെ മഹാസാഗരത്തിൽ മുത്തുചിപ്പുകൾ തേടിനടക്കുന്നവർക്ക്‌ അനുഗ്രഹീതമാണ്‌ ഈ വായന, തികച്ചും ലളിതവും പ്രൗഢഗംഭീരവും!

You must be logged in to post a comment Login