ഉപേക്ഷിക്കപ്പെട്ടവരുടെ പച്ച ജീവിതങ്ങള്‍

വൃദ്ധയായ ഉമ്മ മൌനിയായിരിക്കുമ്പോള്‍ തൊട്ടടുത്ത ബെഡില്‍ നിന്നെഴുന്നേറ്റു വന്ന മധ്യവയസ്കയായ മകള്‍ സംസാരിക്കാന്‍ തുടങ്ങി. “പള്ളീലെ ഉസ്താദാ? നിങ്ങള്‍ കൊടുക്കുന്ന സുബഹി ബാങ്ക് ഞാന്‍ ദിവസവും കേള്‍ക്കാറുണ്ട്…. അസ്സലാമു അലൈക്കും.” പിന്നെ നിഷ്കളങ്കമായ ഒരു നീണ്ട ചിരി. അതുകണ്ടപ്പോള്‍ തണലിന് തൊട്ടപ്പുറത്തെ കടലിലെ തിരമാലകള്‍ ഉള്ളിലാണ് ആഞ്ഞടിച്ചത്. “പിന്നേയ്, ഞാന്‍ വലിയ രാജാത്തിയായിരുന്നു. നൂറ് പവന്‍ തന്നാണ് എന്നെ കെട്ടിച്ചയച്ചത്. ഇപ്പൊ ഒന്നൂല്ല. കാശ് കിട്ടിയപ്പോള്‍ ആര്‍ക്കും എന്നെ വേണ്ടാതായി.” യാസര്‍ അറഫാത്ത് നൂറാനി

ആര്‍ക്കും വേണ്ടാത്ത,
എല്ലാവരാലും
ഉപേക്ഷിക്കപ്പെട്ട
നിത്യരോഗികള്‍ക്കിടയിലും
അത്യാഹിതങ്ങളില്‍പെട്ട്
കഷ്ടപ്പെടുന്നവര്‍ക്കിടയിലും
നിസ്വാര്‍ത്ഥ സേവനങ്ങള്‍ ചെയ്യുന്ന
ചില സാധാരണ മനുഷ്യര്‍.
ആതുര സേവന രംഗത്തും
സാന്ത്വന ചികിത്സാ മേഖലയിലും
അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന
പ്രവര്‍ത്തനങ്ങള്‍ അവരെ മഹാമനുഷ്യരാക്കുന്നു.
അവര്‍ പക്ഷെ മാധ്യമങ്ങളില്‍
ഇടക്കിടെ മുഖം കാണിക്കുന്ന
സോഷ്യല്‍ ആക്ടിവിസ്റുകളല്ല,
സെലിബ്രിറ്റികളല്ല,
വിഷയവിദഗ്ധരോ ഡോക്ടര്‍മാരോ അല്ല.
എന്നാല്‍ അവരുടെ
അനുഭവങ്ങളിലൂടെയുള്ള യാത്ര നമുക്ക്
നമ്മുടെ മറവിയോടുള്ള
ഒരു കലഹമായി മാറിയേക്കാം.
അല്ലെങ്കില്‍ വീട്ടാക്കടങ്ങളെ കുറിച്ചുള്ള
ഓര്‍മ്മപ്പെടുത്തലുകളായേക്കാം.

ഇതാ ഞാനിവിടെ മരിച്ച്, കുഴിച്ചു മൂടപ്പെട്ട് ശരിക്കും ജീവിച്ചിരിക്കുന്നതു പോലെ. ഈ ഭൂമിയില്‍ ഒരിക്കല്‍ മൃദുപാദങ്ങളോടെ ഞാന്‍ നടന്നിരുന്നു. ഇനിയിതിനിടയില്‍ ഞാന്‍ മൃദുവായ് കിടന്നോട്ടെ.
ഫ്രഞ്ച് സാഹിത്യകാരനായ ലോറന്റ് ഗ്രാഫിന്റെ ഹാപ്പിഡെയ്സ് എന്ന നോവലില്‍ നിന്ന്.

     വടകരയില്‍ ബസിറങ്ങുമ്പോള്‍ വെയില്‍ താണിരുന്നു. താഴങ്ങാടിയിലെ വലിയ ജുമുഅത്ത് പള്ളിക്കരികിലൂടെ മുന്നോട്ടു നടന്നു. പൌരാണികതയുടെ മണമുള്ള ഊടുവഴികള്‍. തണല്‍ തേടിയാണ് യാത്ര. ആരോരുമില്ലാതെ ഉപേക്ഷിക്കപ്പെട്ട നിത്യരോഗികളുടെ വീട്. മനോഹരമായ വടകര കടപ്പുറത്തെത്തുന്നതിനുമുമ്പായി തണലിലേക്കുള്ള കവാടം കണ്ടു. കയറിച്ചെല്ലുന്നിടത്ത് ഒരു ബോര്‍ഡില്‍ ഇങ്ങനെ എഴുതിവെച്ചിരിക്കുന്നു:
ദയവു ചെയ്ത് തണലിലെ താമസക്കാരോട് അവരുടെ കുടുംബ പശ്ചാത്തലം ചോദിക്കാതിരിക്കുക. കുടുംബ ബന്ധങ്ങളുടെ മധുരിമ നഷ്ടപ്പെട്ട അവരുടെ കുടുംബം നമ്മള്‍ തന്നെയാണ്.’

    തരുവണയിലെ ഇല്യാസാണ് ആ വലിയ കുടുംബത്തെ പരിചയപ്പെടുത്തി തന്നത്. ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട നൂറ്റി ഇരുപത് രോഗികള്‍. ഇവര്‍ക്കിടയില്‍ ആറ് വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇല്യാസ് ഓരോ ആളെയും പരിചയപ്പെടുത്തുമ്പോള്‍ ഹൃദയാന്തരങ്ങളില്‍ എവിടെയോ ഒരു വിറയനുഭവപ്പെട്ടു. രോഗം കാര്‍ന്നു കഴിഞ്ഞ ശരീരം കൊണ്ട് പൊറുതിമുട്ടുമ്പോഴും അവരാരും ചിരിക്കാന്‍ മറന്നില്ല. തങ്ങളെ ആര്‍ക്കും വേണ്ടാതെ ഉപേക്ഷിച്ച സമൂഹത്തോടുള്ള വികാരങ്ങള്‍ ഉള്ളിലൊതുക്കുമ്പോഴും അവരുടെ കണ്ണുകളില്‍ ജീവന്റെ തിളക്കം കാണാന്‍ കഴിഞ്ഞു.
ഓരോ രോഗിക്കും പറയാനുള്ളത് കരളലിയിക്കുന്ന കഥകളാണ്. കണ്ണൂരിലെ അബ്ദുല്‍ മജീദ് നിത്യരോഗിയായി കിടപ്പിലായത് വര്‍ഷങ്ങള്‍ക്കു മുമ്പാണ്. പള്ളിയില്‍ നിസ്കാരത്തിന് ബാങ്ക് വിളിക്കാന്‍ വലിയ ഇഷ്ടമായിരുന്നു മജീദിന്. കൂട്ടിന്നായി ഉമ്മ മാത്രം. കണ്ണൂര്‍ ടൌണ്‍ ജുമാമസ്ജിദിലെ മുഅദ്ദിന്‍ ഒരിക്കല്‍ ഒരാഴ്ചക്കാലം അവധിയെടുത്തപ്പോള്‍ പള്ളിക്കമ്മിറ്റി ബാങ്ക് വിളിക്കാന്‍ ഏല്‍പിച്ചത് മജീദിനെ. സന്തോഷം സഹിക്കാനാവാതെ ബാങ്ക് വിളിക്കാനായി അങ്ങാടിയില്‍ നിന്ന് പള്ളിയിലേക്ക് വളരെ വേഗത്തില്‍ ഓടിയ സമയത്താണ് കാലൊന്ന് തെറ്റിയത്. വീണു ഒരു ഭാഗം തളര്‍ന്നു, കിടപ്പിലായി. ഇടക്കാലത്ത് ഉമ്മയും മരണപ്പെട്ടു.

    വിദേശത്ത് മാസത്തില്‍ ഒരു ലക്ഷം വേതനം വാങ്ങിയിരുന്ന ഒരു ബോട്ടണി പ്രൊഫസറാണ് മജീദിന്റെ തൊട്ടടുത്ത ബെഡില്‍. മാഹിക്കാരനായ രവീന്ദ്രന്‍. നാട്ടിലെ സമ്പന്നനും പ്രമാണിയുമായിരുന്ന രവീന്ദ്രന്‍ സസ്യശാസ്ത്രത്തിലെ അക്കാദമിക ബുദ്ധി ജീവിയായിരുന്നുവെങ്കിലും ഇപ്പോള്‍ ആരും നോക്കാനില്ലാതെ വേദന കടിച്ചിറക്കുകയാണ്. സംസാരിക്കാന്‍ ചെന്നപ്പോള്‍ അയാള്‍ പത്രം വായിക്കുകയായിരുന്നു. കണ്ണുയര്‍ത്തി ഒന്ന് നോക്കി. ആ കണ്ണുകളിലെ ദയനീയതക്ക് ഒരായിരം കഥകള്‍ പറയാനുണ്ടായിരുന്നു. പക്ഷെ അവ്യക്തമായി എന്തോ മൂളിയെന്ന് വരുത്തി രവീന്ദ്രന്‍ നിശ്ശബ്ദനായി.

   മനോരോഗികളെ പാര്‍പ്പിച്ചിരിക്കുന്ന ഭാഗത്തേക്ക് കടന്നപ്പോള്‍ തീര്‍ത്തും വിചിത്രമായ ചില പച്ച ജീവിതങ്ങള്‍ കണ്ടു. ഒരുമ്മയും മകളും. വൃദ്ധയായ ഉമ്മ മൌനിയായിരിക്കുമ്പോള്‍ തൊട്ടടുത്ത ബെഡില്‍ നിന്നെഴുന്നേറ്റു വന്ന മധ്യവയസ്കയായ മകള്‍ സംസാരിക്കാന്‍ തുടങ്ങി. “പള്ളീലെ ഉസ്താദാ? നിങ്ങള്‍ കൊടുക്കുന്ന സുബഹി ബാങ്ക് ഞാന്‍ ദിവസവും കേള്‍ക്കാറുണ്ട്…. അസ്സലാമു അലൈക്കും.” പിന്നെ നിഷ്കളങ്കമായ ഒരു നീണ്ട ചിരി. അതുകണ്ടപ്പോള്‍ തണലിന് തൊട്ടപ്പുറത്തെ കടലിലെ തിരമാലകള്‍ ഉള്ളിലാണ് ആഞ്ഞടിച്ചത്. “പിന്നേയ്, ഞാന്‍ വലിയ രാജാത്തിയായിരുന്നു. നൂറ് പവന്‍ തന്നാണ് എന്നെ കെട്ടിച്ചയച്ചത്. ഇപ്പൊ ഒന്നൂല്ല. കാശ് കിട്ടിയപ്പോള്‍ ആര്‍ക്കും എന്നെ വേണ്ടാതായി.”

 മനുഷ്യ ബന്ധങ്ങളുടെയും കുടുംബ ബന്ധങ്ങളുടെയും പ്രാധാന്യമായിരുന്നു ഇവരുടെയൊക്കെ വാക്കുകളില്‍ നിഴലിച്ചിരുന്നത്. നഷ്ടപ്പെട്ടതിന്റെ അപാര വേദന. ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെടേണ്ടി വരുമ്പോള്‍, വ്യഥ കൊണ്ട് ഉള്ളും മാറാ രോഗങ്ങള്‍ കൊണ്ട് പുറവും തകര്‍ന്നിരിക്കുമ്പോള്‍ അനാഥ മന്ദിരങ്ങളില്‍ അഭയം തേടേണ്ടി വന്നവരാണ് ഈ ജ•ങ്ങള്‍. ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെടുക എന്നതാണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും ദു:ഖാര്‍ദ്രമായ നിമിഷമെന്ന് ഇന്ത്യയുടെ വാനമ്പാടി സരോജിനി നായിഡു എഴുതിയിട്ടുണ്ട്. രോഗികളെ പരിചയപ്പെടുത്തിത്തന്ന ആ ചെറുപ്പക്കാരനും അത് തന്നെയാണ് പറഞ്ഞത്: “ത്യാഗം എന്നത് ഇവരോടൊപ്പം കഴിയുമ്പോഴാണ് മനസ്സിലാവുക. ഉപേക്ഷിക്കപ്പെട്ടവരെ നമ്മള്‍ ദൂരെ നിന്ന് നോക്കിക്കാണുമ്പോള്‍ നമുക്കത് മനസ്സിലാവില്ല.”

   വര്‍ഷങ്ങളായി വിശുദ്ധ ഖുര്‍ആന്‍ ഹിഫ്ള് പഠിപ്പിച്ചിരുന്ന കാസര്‍കോട്ടെ ജമീല ഉമ്മ പറഞ്ഞതിങ്ങനെ: “കൊടുവള്ളിയിലെ കുറെ ഉസ്താദുമാര്‍ എന്റെ ശിഷ്യ•ാരാണ്. നാട്ടിലെയും ഒരുപാട് കുട്ടികളെ ഞാന്‍ ഹിഫ്ള് പഠിപ്പിച്ചിട്ടുണ്ട്. ജമീലുമ്മയുടെ മുഖത്തെ ശാന്തത ആരെയും തളര്‍ത്തിക്കളയും. ദുരിതക്കയങ്ങളുടെ നടുവില്‍ മാനസിക രോഗിയായിരിക്കുമ്പോഴും ജമീല എന്ന ഖുര്‍ആന്‍ പണ്ഡിത പ്രശാന്തത കൈവരിക്കുന്നത് എങ്ങനെയെന്നോര്‍ത്ത് അത്ഭുതപ്പെടാനേ നമുക്ക് കഴിയൂ.

  ദയ റിഹാബിലിറ്റേഷന്‍ ട്രസ്റിന്റെ കീഴില്‍ ഡോ ഇദ്രീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന തണലില്‍ നിന്നിറങ്ങുമ്പോള്‍ ഓര്‍മയില്‍ ചിതറിക്കിടക്കുന്ന അനുഭവങ്ങള്‍ പറയുകയായിരുന്നു ഇല്യാസ് തരുവണ. തിരുവന്തപുരത്തെ ജെസിയുടേത് വല്ലാത്തൊരു ജീവിതമാണ്. ഒന്ന് മരിച്ചാല്‍ മതിയായിരുന്നു എന്ന് എപ്പോഴും പറയും. അവര്‍ക്ക് ഒരു മകനുണ്ട്. അയാള്‍ മുമ്പൊക്കെ ഫോണ്‍ ചെയ്യുമായിരുന്നു. ഇപ്പോള്‍ ഒരു ബന്ധവുമില്ല. മകനെയോര്‍ത്ത് ജെസി എപ്പോഴും കരയും. കരഞ്ഞു കരഞ്ഞുണ്ടായ വെളുത്ത പാടുകള്‍ ആ മുഖത്ത് വിളര്‍ത്തു കിടക്കുന്നു. ഇപ്പോഴും മകന്‍ തന്നെത്തേടി വരും എന്ന പ്രതീക്ഷയിലാണവര്‍. നീണ്ട കാത്തിരിപ്പ്. എം ടിയുടെ മഞ്ഞിലെ വിമല ടീച്ചറെപ്പോലെ ഹൃദയബന്ധങ്ങളിലെ ഞെട്ടറ്റ് വീണ വിരഹത്തിന്റെ തുള്ളിയാണ് ജെസിയുടെ ജീവിതം. മറ്റൊരിക്കല്‍ അവര്‍ ഒരു ക്ളോക്ക് വേണമെന്ന് ആവശ്യപ്പെട്ടു. അവര്‍ക്കെന്തിനാണ് ഒരു ക്ളോക്ക് എന്ന് ഇല്യാസ് കളിയായി ചോദിച്ചു. അപ്പോഴാണ് വിചിത്രമായ ആ ആവശ്യത്തിന് പിന്നിലെ ചേതോവികാരം അവര്‍ പറയുന്നത്: “ഒരു രാത്രിയിലും എനിക്ക് ഉറക്കം വരാറില്ല. എപ്പോഴാണ് നേരം വെളുക്കുക എന്ന ആകുലത വേട്ടയാടിക്കൊണ്ടേയിരിക്കുന്നു. അപ്പോള്‍ ഒരു ക്ളോക്ക് കയ്യിലുണ്ടെങ്കില്‍ അതില്‍ നോക്കി നേരം പുലരാന്‍ ഇനി ഇത്ര സമയം എന്നാലോചിച്ച് ആശ്വസിക്കുകയെങ്കിലും ചെയ്യാമല്ലോ.”

   രോഗം വരുന്ന വഴി തീര്‍ത്തും പ്രവചനാതീതമാണ്. അത് ആര്‍ക്ക് എപ്പോള്‍ എങ്ങനെയെന്ന് ഒരിക്കലും പറയാനാവില്ല. ബ്ളാക്ക് ബെല്‍ട്ടെടുത്ത കരാട്ടെക്കാരന്‍ തണലില്‍ നിത്യരോഗിയായി കിടപ്പിലാണ്. പണ്ഡിതനായ ബോട്ടണി പ്രൊഫസര്‍ ഇവിടെ ജീവിതത്തോട് മല്ലിടുകയാണ്. കോടീശ്വര•ാരായിരുന്ന നിരവധി പേര്‍ ഉപേക്ഷിക്കപ്പെട്ടവരായി ഇവിടെ മരിച്ച് ജീവിക്കുന്നു. എത്ര വലിയവനാണെങ്കിലും മനുഷ്യനെ തീര്‍ത്തും നിസ്സഹായനാക്കുന്നതില്‍ രോഗത്തിന് പ്രത്യേക വൈദഗ്ധ്യം തന്നെയുണ്ട്. സംരക്ഷിക്കാന്‍ ആളില്ലാതാകുമ്പോഴോ വേണ്ടപ്പെട്ടവര്‍ അവഗണിക്കുമ്പോഴോ ആണ് രോഗിയുടെ നിസ്സഹായത പരിപൂര്‍ണമാവുന്നത്.

   ഇവിടെയാണ് സ്വാന്ത്വന ചികിത്സ-പാലിയേറ്റീവ് കെയര്‍-യുടെ പ്രാധാന്യം. ഒരു കാലത്ത് മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് മാത്രമേ ഇടപെടാന്‍ കഴിയൂ എന്ന് കരുതിയ ഈ മേഖലയില്‍ സാധാരണക്കാരുടെ പങ്കാളിത്തം ഉറപ്പാക്കി കേരളത്തിലെ വിവിധ ജില്ലകളില്‍ ഇന്ന് പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനം സജീവമാണ്. ദരിദ്രരായ ജനവിഭാഗങ്ങളുടെ മുഴുവന്‍ ആതുര സേവനാവശ്യങ്ങളും നിറവേറ്റാന്‍ സര്‍ക്കാര്‍ മേഖലക്ക് കഴിയുന്നില്ല എന്നതും ആരോഗ്യ രംഗത്തെ വമ്പിച്ച സ്വകാര്യവത്കരണവും കച്ചവട താത്പര്യങ്ങളും ആരോഗ്യച്ചെലവ് സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത നിലയില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നു എന്നതും പാലിയേറ്റീവ് കെയര്‍ സംരംഭങ്ങള്‍ക്ക് നാട്ടിന്‍ പുറങ്ങളില്‍ കൂടുതല്‍ സ്വീകാര്യത നല്‍കി. തൊണ്ണൂറുകളിലാണ് ജനകീയ ആരോഗ്യ പ്രസ്ഥാനമെന്ന നിലയില്‍ പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനം നമ്മുടെ നാട്ടിലേക്ക് കടന്നുവരുന്നത്. ഫണ്ടിംഗ് ഏജന്‍സികളെ കേന്ദ്രീകരിച്ചുള്ള കേവല ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്ന സ്ഥിരം ബ്രാന്‍ഡുകളില്‍ നിന്നും വഴിമാറി സമൂഹത്തില്‍ നിന്ന് തന്നെ വിഭവങ്ങള്‍ കണ്ടെത്തി രോഗം ദുരിതമായിത്തീര്‍ന്നവരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാനും ഉപേക്ഷിക്കപ്പെട്ടവരുടെ വേണ്ടപ്പെട്ടവരാകാനുമാണ് പാലിയേറ്റീവ് പ്രസ്ഥാനം ശ്രമിച്ചത്. ഒരു കോലാഹലവുമില്ലാതെ കടന്നുവന്ന ഈ പ്രസ്ഥാനത്തെ സമൂഹം നോക്കിക്കണ്ടതും സ്വാംശീകരിച്ചതും അതിന്റെ പ്രവര്‍ത്തനങ്ങളിലെ ലാളിത്യവും നിസ്വാര്‍ത്ഥതയും കണ്ടിട്ടായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തകര്‍ എന്ന് അറിയപ്പെടാതിരിക്കാനും സ്വയം അവതരിപ്പിക്കാതിരിക്കാനും ഇതിന്റെ നടത്തിപ്പുകാര്‍ ശ്രദ്ധിച്ചിരുന്നു. ഒരു തിരിച്ചുവരവിന് സാധ്യതയില്ലാത്തവിധം മരണത്തിലേക്കുള്ള യാത്രയിലുള്ളവര്‍ക്ക് അനുതാപപൂര്‍വം കൂട്ടിരിക്കാന്‍ പാലിയേറ്റീവ് കെയര്‍ സമൂഹത്തെ പ്രേരിപ്പിച്ചു. ഈ ഒരു സന്ദേശം അയല്‍കണ്ണികളുണ്ടാക്കി പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന ദൌത്യമാണ് സന്നദ്ധ പ്രവര്‍ത്തകരായ വളണ്ടിയര്‍മാര്‍ നിര്‍വഹിക്കുന്നത്.

  പാലിയേറ്റീവ് പ്രസ്ഥാനം സമൂഹത്തിന്റെ വേദനയിലേക്ക് ഒരു ആശ്വാസമായി കടന്നു വരുന്നതെങ്ങനെയെന്ന് അറിയാനുള്ള യാത്രക്കിടയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ മമ്മിക്കയെ കണ്ടുമുട്ടുന്നത്. സ്വദഖത്തുല്ല മൌലവി എന്നാണ് മമ്മിക്കയുടെ യഥാര്‍ത്ഥ നാമം. മടവൂരാണ് അദ്ദേഹത്തിന്റെ സ്വദേശം. മദ്രസാധ്യാപകനായ മമ്മിക്ക എല്ലാ ദിവസവും രാവിലെ മദ്രസ കഴിഞ്ഞയുടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കെത്തുന്നു. ആശുപത്രിയോടനുബന്ധിച്ചുള്ള പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ വൈകീട്ട് നാലുവരെ രോഗികളെ സഹായിച്ചും അവര്‍ക്ക് സാന്ത്വനം നല്‍കിയും തന്റെ സാമൂഹിക കടം വീട്ടുന്നു. കാഷ്വാലിറ്റിക്കകത്ത് വെളിച്ചം കുറഞ്ഞ ഇടനാഴിയിലാണ് മമ്മിക്കയെ ആദ്യമായി കാണുന്നത്. എക്സ്റേ എടുക്കാന്‍ വിഷമിക്കുന്ന ഒരു സ്ത്രീയെ സഹായിക്കുകയായിരുന്നു അദ്ദേഹം. ഒരു വേതനവും ആരുടെ കൈയില്‍ നിന്നും വാങ്ങാത്ത മമ്മിക്ക കഴിഞ്ഞ പതിനാല് വര്‍ഷമായി ഈ മേഖലയിലുണ്ട്. സേവനത്തിലൂടെ ജനങ്ങളുടെ അംഗീകാരമോ സമൂഹത്തിന്റെ പ്രശംസയോ മമ്മിക്ക ആഗ്രഹിക്കുന്നില്ല. മറിച്ച് അത് തന്റെ ഉത്തരവാദിത്തമായി മമ്മിക്ക കാണുന്നു. രോഗികളെ കൈവണ്ടിയിലിരുത്തി കൊണ്ടുപോവാനും ഒ പി ശീട്ട് വാങ്ങിക്കൊടുക്കാനും പരിശോധനക്കായി വിവിധയിടങ്ങളില്‍ എത്തിക്കാനും മമ്മിക്ക ഏത് സമയവും ഒരുക്കമാണ്. രോഗികള്‍ക്കാവശ്യമായ മരുന്നുകളും സംഘടിപ്പിച്ചുകൊടുക്കും. ജാതിയോ മതമോ സമുദായമോ നോക്കാതെ രോഗിയായ ആരുടെയും സഹായത്തിനെത്തുന്ന മമ്മിക്ക കാരന്തൂരിലെ മദ്രസ കഴിഞ്ഞ് കാലത്ത് 10 മണിക്ക് തന്നെയെത്തും. ഒരു ദിവസം 40-45 രോഗികള്‍ക്ക് സാന്ത്വനവും സഹായവും നല്‍കാന്‍ കഴിയുമെന്ന് 63കാരനായ മമ്മിക്ക പറയുന്നു. മമ്മിക്ക സി എം വലിയുല്ലാഹിയുടെ കൂടെയായിരുന്നു. ഒരു ശിഷ്യനായി കുറെ കാലം നിന്നപ്പോള്‍ ആതുര സേവന രംഗത്ത് ആര്‍ക്കെങ്കിലും ഖിദ്മത് ചെയ്തുകൂട്ടാന്‍ മഹാനവര്‍കള്‍ ഉപദേശിച്ചു. അങ്ങനെയാണ് മമ്മിക്ക സാന്ത്വന ചികിത്സ മേഖലയിലേക്കെത്തുന്നത്.

    മലബാറിലെ സൂഫീ പാരമ്പര്യത്തിലെ അതികായനായിരുന്ന മടവൂര്‍ സി എം വലിയുല്ലാഹിയുടെ സേവന വിശാലതയുടെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് മമ്മിക്ക. ഇമ്പിച്ചി മമ്മു എന്നാണ് തന്റെ മാതാപിതാക്കള്‍ നല്‍കിയ പേര്. ഓത്തുപള്ളിയില്‍ വെച്ച് മൊയ്ല്യാര് (സി എം വലിയുല്ലാഹി) ആണ് സ്വദഖത്തുല്ല എന്ന് വിളിച്ചത്. അദ്ദേഹം മറക്കാനാവാത്ത ചില അനുഭവങ്ങളും പങ്കുവെച്ചു. “ക്യാന്‍സര്‍ രോഗികളെയാണ് മിക്ക സമയത്തും ഇവിടെ കൊണ്ടുവരാറുള്ളത്. ഇനി ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കഴിയാത്തവരെ. ചിലപ്പോള്‍ വെള്ളമിറങ്ങാന്‍ വേണ്ടി കഴുത്തില്‍ ഒരു കുഴലിടാറുണ്ട്. എന്നിട്ട് ഒരു തുള്ളി വെള്ളം കുടിക്കാന്‍ കഴിയാത്തവരുണ്ട്. നമ്മള്‍ നല്ല മയത്തില്‍ അവരോട് ഇടപെടുമ്പോള്‍ അവര്‍ കുടിക്കും.”

   “ഡോക്ടര്‍മാര്‍ കയ്യൊഴിച്ച കാന്‍സര്‍ രോഗികളെയും മറ്റു മാറാ രോഗങ്ങള്‍ പിടിപെട്ടവരെയും ലാളനയും സാന്ത്വനവും നല്‍കി ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്തുകയാണ് മമ്മിക്ക. പെയ്ന്‍ ക്ളിനിക്കില്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റാത്തിടത്ത് മൌലവി തന്റെ സ്നേഹ സ്പര്‍ശത്തിലൂടെ രോഗികള്‍ക്ക് ആത്മവിശ്വാസം പകരുന്നു. ചിലപ്പോള്‍ ഡോക്ടര്‍മാര്‍ രോഗികളോട് പറയും: നിങ്ങള്‍ വീട്ടില്‍ പോയ്ക്കോളൂ. അവിടെ നിന്നാണ് ഞങ്ങളുടെ പണി തുടങ്ങുന്നത്.

 അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
“രോഗികളോടുള്ള നമ്മുടെ സമീപനമാണ് പ്രധാനം. നമ്മള്‍ അവരുടെ ഹൃദയത്തില്‍ കയറിയിരുന്ന് സംസാരിക്കണം.”
“മെഡിക്കല്‍ കോളജിലെ മിക്ക ഡോക്ടര്‍മാരും ഇത്തരം പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാറുണ്ട്. ഒരിക്കല്‍ ഓപറേഷന്‍ തിയേറ്ററില്‍ പോവേണ്ടിവന്നു. രോഗിയെ സഹായിക്കാന്‍ ചെന്ന എനിക്ക് ദാരുണമായ കാഴ്ചയാണ് കാണേണ്ടി വന്നത്. കാന്‍സര്‍ ബാധിച്ച രോഗിയുടെ കഴുത്ത് മുറിച്ച് ഡോക്ടര്‍ വലിയ പുഴുക്കളെ എടുത്ത് എന്റെ കൈയില്‍ വെച്ചു തന്നു. കയ്യുറ ധരിച്ചിട്ടുണ്ടായിരുന്നെങ്കിലും ഞാന്‍ പതറിപ്പോയി. ഞാന്‍ ആ പുഴുവിനെ ചുടുവെള്ളത്തിലേക്കിട്ടു. വീണ്ടും വീണ്ടും വലിയ പുഴുക്കളെ ഡോക്ടര്‍ പുറത്തെടുത്തു കൊണ്ടേയിരുന്നു…” മൌലവിക്ക് അത് പറഞ്ഞ് തീര്‍ക്കാന്‍ കഴിഞ്ഞില്ല.

   മമ്മിക്കയോട് യാത്ര പറഞ്ഞ് നേരെ പോയത് മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ളോക്കിന് സമീപത്തുള്ള മര്‍കസ് ബില്‍ഡിംഗിലേക്കാണ്. അവിടെയാണ് ആതുര സേവന രംഗത്ത് തുല്യതയില്ലാത്ത സേവന മാതൃക സൃഷ്ടിച്ച സഹായി ‘വാദിസലാം’ എന്ന സന്നദ്ധ സംഘത്തിന്റെ കാര്യാലയം പ്രവര്‍ത്തിക്കുന്നത്. ജനറല്‍ സെക്രട്ടറി അബ്ദുന്നാസര്‍ ചെറുവാടി വാദിസലാമിനെ വിശദമായി പരിചയപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന വളണ്ടിയര്‍മാര്‍ അവരുടെ ദീര്‍ഘകാലത്തെ അനുഭവങ്ങള്‍ പങ്കുവച്ചു. പങ്കുവെക്കാന്‍ തുടങ്ങിയാല്‍ ഒരിക്കലും തീരില്ല എന്ന ആമുഖത്തോടെയാണ് വളണ്ടിയര്‍ കണ്‍വീനറായ സുബൈര്‍ ഉമ്മളത്തൂര്‍ പറഞ്ഞു തുടങ്ങിയത്. “ചില മാനസിക രോഗികള്‍ വീടു വിട്ടിറങ്ങി അലക്ഷ്യമായി നടക്കും. ഒരിക്കല്‍ അങ്ങനെ ഒരാള്‍ ചേവായൂരിലുണ്ടെന്ന് വിവരം കിട്ടി. അയാള്‍ നടത്തത്തിനിടയില്‍ തളര്‍ന്ന് ഒരു വീട്ടില്‍ കയറി വെള്ളം ചേദിച്ചു. വെള്ളം കുടിച്ചയുടന്‍ അയാള്‍ ഛര്‍ദിച്ചു. ശേഷം ബോധം പോയി. ബോധം തെളിഞ്ഞപ്പോള്‍ ഭക്ഷണം ചോദിച്ചു. ഭക്ഷണം കൊടുത്തു. പിന്നീട് സഹായി വാദിസലാം ഓഫീസിലെത്തിച്ച് ബന്ധുക്കളെ കണ്ടെത്തി ഏല്‍പിച്ചു. അവരുടെ കണ്ണില്‍ പാര്‍ന്ന നനവ് ഞങ്ങളുടെ നെഞ്ച് നനച്ചു.

   രാത്രി സമയങ്ങളില്‍ പുറത്തേക്ക് എഴുതുന്ന മരുന്നുകള്‍ക്കും ടെസ്റുകള്‍ക്കും മിക്കവാറും രോഗികളോടൊപ്പമുള്ള സ്ത്രീകളാണ് പുറത്തിറങ്ങിപ്പോവുക. അത്തരം സാഹചര്യങ്ങളില്‍ മുമ്പൊക്കെ വഴിയോരങ്ങളില്‍ വലിയ സുരക്ഷാ പ്രശ്നമാണ് സ്ത്രീകള്‍ നേരിട്ടിരുന്നത്. സഹായി വാദിസലാമിന്റെയൊക്കെ രാവും പകലുമുള്ള നിരന്തരമായ സേവന പ്രവര്‍ത്തനങ്ങള്‍ അത്തരം സാമൂഹിക വിരുദ്ധരെ തുടച്ചുനീക്കി എന്നുപറയാം. സഹായി വാദിസലാമിന്റെ വളണ്ടിയര്‍മാരെ സമീപിച്ച് എവിടെയാണ് ടെസ്റ് ചെയ്യേണ്ടതെന്നും എവിടെയാണ് ഓരോ ആവശ്യത്തിനും പോവേണ്ടതെന്നും ചോദിച്ചു മനസ്സിലാക്കുന്ന രോഗികള്‍ വളരെ ആശ്വാസത്തോടെയാണ് തിരിച്ചുപോവുന്നത്. മെഡിക്കല്‍ കോളജ് പരിസരങ്ങളില്‍ പരിചയമില്ലാത്തവരെ ചൂഷണം ചെയ്യാനായി കുറെ ആളുകള്‍ ഉണ്ടായിരുന്നു. ചായയും ഭക്ഷണവും വാങ്ങാനെന്ന് പറഞ്ഞ് കാശ് വാങ്ങി മുങ്ങുന്നവരും വിവിധ ടെസ്റുകള്‍ക്ക് അമിത കൂലി ഈടാക്കുന്നവരും സഹായിയുടെ വരവോടെ ഇല്ലാതായി എന്നതാണ് വാസ്തവം.”

    സഹായി വാദിസലാമിന്റെ മറ്റൊരു പ്രധാനപ്പെട്ട സേവനം ആംബുലന്‍സ് സര്‍വീസാണ്. മെഡിക്കല്‍ കോളജ് പരിസരത്ത് മറ്റാരേക്കാളും കുറഞ്ഞ നിരക്കുകളില്‍ സഹായി ആംബുലന്‍സ് ലഭ്യമാക്കുന്നു. നിര്‍ധനര്‍ക്കായി സൌജന്യമായും ആംബുലന്‍സ് ഓടുന്നുണ്ട്.

   സ്വന്തം അപേക്ഷയിലും സാമൂഹിക പ്രവര്‍ത്തകരുടെ ശിപാര്‍ശയിലും നിര്‍ധനരായ രോഗികള്‍ക്ക് സാമ്പത്തിക സഹായവും സഹായി നല്‍കുന്നു.മയ്യിത്ത് കുളിപ്പിക്കാനുള്ള വിശാലമായ സജ്ജീകരണങ്ങളും സ്ത്രീകള്‍ക്ക് നിസ്കരിക്കാനുള്ള പ്രത്യേക സൌകര്യവും സഹായി വാദിസലാം ഒരുക്കിയിട്ടുണ്ട്. മയ്യിത്ത് പരിപാലനത്തിന് പ്രത്യേകം പരിശീലനം ലഭിച്ച വളണ്ടിയര്‍മാരും ഈ സന്നദ്ധ സംഘടനക്കുണ്ട്. ഏറ്റെടുക്കാനാളില്ലാത്ത ശവശരീരങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി നല്‍കുകയാണ് പതിവ്. മോര്‍ച്ചറിയില്‍ നിന്ന് വിട്ടുകൊടുക്കുന്ന മയ്യിത്ത് കുളിപ്പിച്ചാണ് സഹായി വാദിസലാം പറഞ്ഞയക്കുന്നത്.

   ദിനേന വര്‍ധിച്ചു വരുന്ന റോഡപകടങ്ങളിലും അത്യാഹിതങ്ങളിലും അകപ്പെടുന്നവര്‍ക്ക് സഹായ ഹസ്തവുമായി ഇരുനൂറിലധികം വളണ്ടിയര്‍മാര്‍ നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു. മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് അടിയന്തിര സഹായവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നു. അര്‍പ്പണ മനോഭാവവും ത്യാഗസന്നദ്ധതയും സഹായി വളണ്ടിയര്‍മാരുടെ മുഖമുദ്രയാണ്. ആശുപത്രി ശുചീകരണം രക്തദാനം തുടങ്ങിയവയിലൂടെ വളണ്ടിയര്‍മാരുടെ സേവനം ചെന്നത്താത്ത മേഖലയില്ല. മരുന്ന് വാങ്ങാന്‍ കഷ്ടപ്പെടുന്ന നിര്‍ധനരായ രോഗികള്‍ക്ക് മരുന്ന് സൌജന്യമായി വിതരണം നടത്തുന്നതിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സഹായിയുടെ ഒരു മെഡിക്കല്‍ ഷോപ്പ് പ്രവര്‍ത്തിക്കുന്നു. ഞായറാഴ്ച ഒഴികെയുള്ള മുഴുവന്‍ ദിവസങ്ങളിലും പകല്‍ സമയം ഈ സേവനം ലഭ്യമാണ്. മെഡിക്കല്‍ കോളജിലും വീടുകളിലും നിത്യരോഗികളായുള്ളവര്‍ക്ക് ആവശ്യമായ വീല്‍ചെയര്‍, വാക്കിംഗ് സ്റിക്ക്, വാട്ടര്‍ ബെഡ്, നെബുലൈസര്‍ തുടങ്ങിയവയും സഹായി നല്‍കുന്നുണ്ട്.

   വിശുദ്ധ റമളാനിലെ ഓരോ ദിനങ്ങളിലും സഹായി പ്രവര്‍ത്തകര്‍ അവരുടെ സമയം ഇഫ്താര്‍ പ്രവര്‍ത്തനത്തിനായി ചെലവഴിക്കുന്നു. മെഡിക്കല്‍ കോളജിലുള്ള ആയിരക്കണക്കിന് പരിചാരകര്‍ ദിനേന ഇഫ്താറില്‍ പങ്കുകൊള്ളുന്നു. സഹായിയുടെ ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനമാണിത്. മെഡിക്കല്‍ കോളജിലെത്തുന്ന രോഗികള്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ രക്തം ആവശ്യമാവുമ്പോള്‍ രക്തദാതാക്കളെ കണ്ടെത്തി രക്തം നല്‍കുന്നു. സഹായി വളണ്ടിയര്‍മാര്‍ മെഡിക്കല്‍ കോളജിലെത്തി സന്നദ്ധ രക്തദാനത്തില്‍ പങ്കെടുക്കുകയും ചെയ്യുന്നു.

   “സഹായിയെപ്പോലെ ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ പ്രധാന വെല്ലുവിളി നിരന്തരം രോഗികള്‍ ആവശ്യപ്പെടുന്ന സാമ്പത്തിക സഹായമാണ്. ഇവിടെത്തന്നെ മറ്റ് സന്നദ്ധ സംഘടനകള്‍ സജീവമാണെങ്കിലും സാമ്പത്തിക വിഷയം വരുമ്പോള്‍ അത് സഹായിയിലേക്ക് ശിപാര്‍ശ ചെയ്യുകയാണ് പതിവ്.” പാഴൂരിലെ കെ കെ അബ്ദുല്ല സാക്ഷ്യപ്പെടുത്തുന്നു. രാവിലെയും വൈകീട്ടും നടക്കുന്ന ഭക്ഷണ വിതരണത്തിന് പുറമെ കാഷ്വാലിറ്റിയിലെത്തുന്ന രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും രാത്രി വൈകിയും ഇവിടെനിന്ന് ഭക്ഷണം ലഭിക്കുന്നുണ്ട്.” മറ്റൊരു സജീവ പ്രവര്‍ത്തകനായ റഹീം കാരന്തൂരിന്റെ ഓര്‍മ്മയില്‍ പൂക്കിപ്പറമ്പ് ബസപകടം നടന്ന സമയത്തെ പ്രവര്‍ത്തനമാണ്. തൊട്ടാല്‍ ചാരമാവുന്ന രൂപത്തില്‍ കത്തിക്കരിഞ്ഞ ശരീരങ്ങള്‍ പരിചരിച്ചതും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലാത്തവരെ പെട്ടെന്ന് ആശുപത്രിയിലെത്തിച്ചതും മറക്കാനാവാത്ത അനുഭവമായിരുന്നു. ഇത് പറയുമ്പോള്‍ സുബൈറിന്റെ കണ്ണില്‍ നനവൂറുന്നുണ്ടായിരുന്നു.

    മെഡിക്കല്‍ കോളജിനടുത്തുള്ള സി എച്ച് സെന്ററിലേക്കാണ് പിന്നീട് ഞങ്ങള്‍ പോയത്. സൌജന്യ ഭക്ഷണം, മരുന്ന്, ചികിത്സാ സഹായങ്ങള്‍, ലബോറട്ടറി, ആംബുലന്‍സ് സേവനം, രക്തദാനം, മെഡിക്കല്‍ സഹായ ഉപകരണങ്ങള്‍ തുടങ്ങി ശ്രദ്ധേയമായ സേവനങ്ങളാണ് സി എച്ച് സെന്ററിലുള്ളത്. അര്‍ഹരായ രോഗികള്‍ക്ക് സൌജന്യമായി ഡയാലിസിസ് നല്‍കാനും ഇവിടെ സംവിധാനമുണ്ട്. വിവിധ ടെസ്റുകള്‍ക്കായി ദിവസവും നിരവധി രോഗികളാണ് സി എച്ച് സെന്ററിനെ ആശ്രയിക്കുന്നത്.

   കനിവിലെ ആംബുലന്‍സ് ഡ്രൈവറും വളണ്ടിയറുമായ ഉസ്മാന്‍ പങ്കുവെച്ച അനുഭവം ഇങ്ങനെ: രാത്രി ഏറെ വൈകി ഒരിക്കല്‍ ഡ്യൂട്ടി കഴിഞ്ഞ് ആംബുലന്‍സില്‍ തിരിച്ചു വരികയാണ്. അപ്പോള്‍ കോഴിക്കോട് ദേശീയ പാതയില്‍ ബൈക്കപകടത്തില്‍ പെട്ട് രക്തത്തില്‍ കുളിച്ചു കിടക്കുന്ന രണ്ട് യുവാക്കളെ കണ്ടു. ഞാന്‍ ആംബുലന്‍സ് നിര്‍ത്തി. ഒരു നിമിഷം ചിന്തിച്ചു. ഇവരെ ഏറ്റെടുത്താലുള്ള തലവേദനയെ കുറിച്ചുള്ള ചിന്ത ഒരു ഭാഗത്ത്. ജീവനുവേണ്ടി പിടയുന്ന രണ്ടു ജീവിതങ്ങളെ രക്ഷിക്കാനുള്ള ധാര്‍മിക ബോധം മറുവശത്ത്. അവസാനം ധാര്‍മികത തന്നെ ജയിച്ചു. അങ്ങനെ അവരെ പെട്ടെന്ന് ആശുപത്രിയിലെത്തിച്ചു.

   മറ്റൊരു സന്നദ്ധ പ്രവര്‍ത്തകയായ റാഫിയ പള്ളിപ്പൊയിലിന്റെ നോട്ട്ബുക്കില്‍ ഇങ്ങനെ കുറിച്ചു വെച്ചിരിക്കുന്നു.
ഭര്‍ത്താവിന്റെ കുത്തേറ്റ് 20-ാം വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഫസീല, പരിചരിച്ചു വരുന്നതിനിടയില്‍ മരണപ്പെടുകയും (പ്രണയ വിവാഹമായതിനാല്‍) മയ്യിത്ത് ഏറ്റെടുക്കാന്‍ ആളില്ലാതെ വരികയും ചെയ്ത അവസരത്തില്‍ ഏറെ സഹായിക്കാനായി. ആരും ഏറ്റെടുക്കാനില്ലാത്ത ഒന്നര വയസ്സും മൂന്നു വയസ്സുമുള്ള അവരുടെ രണ്ടു കുഞ്ഞുങ്ങളെ ചൈല്‍ഡ് ലൈനില്‍ ഏല്‍പിക്കുകയും ചെയ്തു. പിന്നീട് അവരെ മര്‍കസ് ഏറ്റെടുത്തു. ആ കുഞ്ഞുങ്ങള്‍ ഇപ്പോള്‍ സുഖമായി കഴിയുന്നു എന്നാണ് പ്രതീക്ഷ.

  ചാത്തമംഗലത്തെ സുധാകരന്റെ കഥ കൂടി പറയാം. എന്‍ ഐ ടിയില്‍ ഇന്‍സ്ട്രക്ടറായിരുന്ന സുധാകരന്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് ചാത്തമംഗലത്ത് പാലിയേറ്റീവ് യൂണിറ്റായി ഒരു ക്ളിനിക് തുടങ്ങുന്നത്. ചാത്തമംഗലത്തെയും സമീപ പ്രദേശങ്ങളിലെയും വീടുകളില്‍ കഴിയുന്ന നിരവധി രോഗികള്‍ക്ക് സാന്ത്വനം പകരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
സമീപവാസികളായ യുവമിഥുനങ്ങളുടെ അപ്രതീക്ഷിതമായ ദുരന്തകഥ അദ്ദേഹം ഓര്‍ക്കുന്നു. ഭര്‍ത്താവ് ഗള്‍ഫില്‍ പോയി ഒരു വര്‍ഷം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയത് കാന്‍സര്‍ ബാധിതനായിട്ടായിരുന്നു. മെഡിക്കല്‍ കോളജില്‍ ചെന്ന് പരിശോധിച്ചപ്പോള്‍ രക്ഷപ്പെടുത്താന്‍ കഴിയില്ലെന്നു പറഞ്ഞ് ഡോക്ടര്‍മാര്‍ എഴുതിത്തള്ളി. വീട്ടില്‍ അയാള്‍ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ തളര്‍ന്ന് കിടപ്പിലായി. ഞാനും ഭാര്യയും അവരുടെ വീട്ടില്‍ കാണാന്‍ ചെന്നു. ഒരു വയസ്സായ കുഞ്ഞുണ്ടായിരുന്നു അവര്‍ക്ക്. ഭര്‍ത്താവിന് അസുഖം വന്നതിനു ശേഷം ഈ ഭാര്യ ആരോടും അങ്ങനെ മിണ്ടാറില്ല. ഞങ്ങള്‍ ചെന്നപ്പോള്‍ അസാധാരണമായ രീതിയിലാണ് അവര്‍ പെരുമാറിയത്. സംസാരിക്കാന്‍ പോലും തയ്യാറായില്ല. അതേ സമയം വീട്ടില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്നു. ഞങ്ങള്‍ക്ക് അപകടം മണത്തു. ഉടന്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആന്റി ഡിപ്രഷന്‍ ഗുളികകള്‍ കഴിച്ച് അവര്‍ ആത്മഹത്യയുടെ വക്കിലായിരുന്നു എന്ന് അറിയുന്നത്.

    പൊള്ളുന്ന വെയിലത്ത് തണല്‍മരങ്ങള്‍ക്കു താഴെ കണ്ടുമുട്ടിയവരില്‍ ചിലരുടെ അനുഭവങ്ങളാണ് ഇവിടെ പങ്കുവച്ചത്. ഞാനും എന്റെ കെട്ട്യോളും കുട്ട്യോളും ഞങ്ങളുടെ ബംഗ്ളാവും അതിന്റെ മുറ്റത്തെ കാറും കൂറ്റന്‍ മതിലിനുള്ളിലെ പൊട്ടലും ചീറ്റലും എന്നതിനപ്പുറം അയല്‍പക്കത്തെ വീട്ടിലെ തീരാവേദനയെ കുറിച്ചോ മുണ്ടുമുറുക്കിയുടുത്ത പട്ടിണിയെ കുറിച്ചോ അറിയാന്‍ ശ്രമിക്കാത്ത, അറിഞ്ഞാല്‍ തന്നെ കണ്ണുരണ്ടും കൊട്ടിയടക്കുന്ന അത്യാധുനിക മലയാളിക്ക് ഒരു പക്ഷേ, ഇവര്‍ അപരിചിതരായിരിക്കും. എന്നാല്‍ സാമൂഹിക ഉത്തരവാദിത്തമെന്ന വന്‍ കടബാധ്യതയില്‍ നിന്ന് നമ്മുടെ പങ്കുകൂടി സ്വയം ഏറ്റെടുത്ത് വീട്ടുന്ന ഈ മഹാമനുഷ്യരുടെ പ്രവര്‍ത്തനങ്ങളെ മാനിക്കാനുള്ള മനസ്സെങ്കിലും നമുക്കുണ്ടാവേണ്ടതുണ്ട്. ഹതഭാഗ്യരായ നിരവധി രോഗികള്‍ നമ്മുടെയൊക്കെ നാട്ടിന്‍ പുറങ്ങളിലുണ്ട്. ഒരു വാക്ക്, ഒരു സന്ദര്‍ശനം, നിങ്ങളുടെ ഒരു നോട്ടം- അതു മാത്രം മതി അവരുടെ മുറിവുണക്കാന്‍, ഹൃദയത്തിന്റെ ഭാരം കുറക്കാന്‍, ഞങ്ങളെ ആര്‍ക്കെങ്കിലും ആവശ്യമുണ്ട് എന്ന് അവരെ തോന്നിപ്പിക്കാന്‍ അവരിലൊരാളായി മാറാന്‍ നിങ്ങള്‍ക്ക് കഴിയുമോ?

You must be logged in to post a comment Login