പ്രാണനുവേണ്ടി പരക്കം പായുന്നവര്‍

suhail poongodeആതുരസേവന സഹായങ്ങളുമായി എസ്വൈഎസ്, എസ്എസ്എഫ് തെന്നല പഞ്ചായത്ത് പ്രവര്‍ത്തകര്‍ മുന്നോട്ടു പോകുന്നതിനിടയിലാണ് അവര്‍ക്ക് ഒരു കാര്യം ബോധ്യപ്പെട്ടത്; സാമ്പത്തികമായ സഹായം നല്‍കുക എന്നതിനെക്കാള്‍ അനേകം രോഗികള്‍ക്ക് ആവശ്യമുള്ളത് ശാരീരികമായ പരിചരണമാണ്. മാനസികമായ തലോടലാണ്. സ്നേഹത്തിന്റെ ഒരു വാക്കാണ്.
സുഹൈല്‍ പൂങ്ങോട്

     ‘തലോടുന്ന ഒരു കൈക്കുവേണ്ടി കൊതിക്കുമ്പോള്‍ നിങ്ങളെ പടച്ചോന്‍ എന്റടുത്ത് എത്തിക്കുന്നു’. കിടക്കുകയായിരുന്ന ആമിന ഉമ്മ ഇതും പറഞ്ഞ് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചുകൊണ്ട് അവരെ എതിരേറ്റു. ഒറ്റയ്ക്ക് ഒരു വീട്ടിലാണ് അവരുടെ താമസം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആമിനത്താത്ത ധീരയും സുന്ദരിയുമായ സ്ത്രീയായിരുന്നു. ഒറ്റയ്ക്ക് കഴിയുമ്പോഴും കാര്യങ്ങളെ നേരിടാനുള്ള കരുത്തും തന്റേടവും അവര്‍ക്കുണ്ടായിരുന്നു. സ്വയം അധ്വാനിച്ച് ജീവിച്ചു. ഒന്നര ലക്ഷത്തിലധികം രൂപ സ്വരുക്കൂട്ടി ഹജ്ജ് ചെയ്തു. അതിനിടയില്‍ എന്നോ അവരുടെ ആരോഗ്യം ക്ഷയിച്ചു. ശരീരം തളര്‍ന്നു. ഇടക്കിടെ അപസ്മാരം വന്നു. ഇപ്പോള്‍ എണീറ്റു നില്‍ക്കാനാവാതെ, പൂര്‍ണമായ കാഴ്ചയില്ലാതെ ഒരു വീട്ടില്‍ ഒറ്റയ്ക്ക് കഴിയുകയാണവര്‍. സ്വന്തമായി കിണറും വെള്ളവുമില്ല. വൈദ്യുതിയില്ല. ബന്ധുവായ അടുത്ത വീട്ടിലെ സ്ത്രീ വന്ന് ചെയ്തു കൊടുക്കുന്ന സഹായങ്ങള്‍ മാത്രം.

     തെന്നല പഞ്ചായത്ത്  SYS ന്‍റെ  നേതൃത്വത്തിലുള്ള സാന്ത്വനം പെയിന്‍ & പാലിയേറ്റീവ് കെയര്‍ ആമിനത്താത്തയെ തേടിയെത്തുകയായിരുന്നു. ഹോംകെയര്‍ യൂണിറ്റിലെ നഴ്സുമാര്‍ ഉമ്മയുടെ കൈകള്‍ പിടിച്ചു. ‘എനിക്കാരുമില്ല മക്കളേ’ എന്നു പറഞ്ഞ് കരഞ്ഞപ്പോള്‍ ‘ഞങ്ങളെല്ലാം ഇനി നിങ്ങളുടെ മക്കളല്ലേ’ എന്നു പറഞ്ഞ് അവരുടെ കണ്ണുകള്‍ തുടച്ചുകൊടുത്തു. കുറേ നേരം സംസാരിച്ചു. രോഗവിവരങ്ങള്‍ രേഖപ്പെടുത്തി. കാലിന്റെയും കൈകളുടെയും നഖങ്ങള്‍ വെട്ടിക്കൊടുത്തു. ശരീരഭാഗങ്ങള്‍ തുടച്ച് വൃത്തിയാക്കിക്കൊടുത്തു. ഷുഗര്‍ പരിശോധിച്ചു. പുതിയ മരുന്നുകള്‍ നല്‍കി. അപ്പോഴേക്കും സംഘത്തിലുണ്ടായിരുന്ന മറ്റംഗങ്ങള്‍ അവിടത്തെ വാര്‍ഡുമെമ്പറെ കണ്ടു. എത്രയും പെട്ടെന്ന് വീട്ടിലേക്ക് വൈദ്യുതിയെത്തിക്കാനുള്ള കാര്യങ്ങള്‍ ഉറപ്പാക്കി. കരഞ്ഞു കൊണ്ട് വരവേറ്റിരുന്ന ഉമ്മ അവരെ പുഞ്ചിരിച്ച് യാത്രയാക്കി. ഇനിയും ഞങ്ങള്‍ വരുമെന്ന് പറഞ്ഞ് ഉമ്മയോട് സലാം പറഞ്ഞിറങ്ങി.

     ‘സാന്ത്വന’ത്തിന്റെ വാഹനം മറ്റു രോഗികളിലേക്ക്… അതില്‍ ഇരുപത്തിയാറ് വയസ്സുമാത്രമുള്ള രമേശ്ബാബു ഉണ്ട്. ബൈക്ക് ആക്സിഡന്റില്‍ പെട്ട് തളര്‍ന്നു പോയവനാണവന്‍. കുടുംബത്തിന്റെ ഏക അത്താണിയായ അവന്‍ ഇപ്പോള്‍ കിടപ്പിലായിരിക്കുന്നു. തൊണ്ണൂറ്റി ആറ് വയസ്സുമായി മലബാര്‍ സമരത്തിന്റെ ഓര്‍മകള്‍ നെഞ്ചേറ്റുന്ന പാത്തുമ്മത്താത്തയുണ്ട്. കണ്ണിനു കാഴ്ചയില്ലാത്ത ഒരു മകനും ദുരിതങ്ങളുടെ കഥകള്‍ മാത്രം അഞ്ചുപെണ്‍മക്കളുമുള്ള ആ ഉമ്മ തിരിയാനും മറിയാനും കഴിയാതെ കിടപ്പിലാണ്. കെട്ടിച്ചയക്കാനുള്ള അഞ്ചുപെണ്‍മക്കളുള്ള അമ്പത് വയസ്സുകാരനായ പിതാവുണ്ട്. കുഴഞ്ഞ് കിടക്കുകയാണ്. പെണ്‍കുട്ടികളുടെ വിശപ്പും സുരക്ഷിതത്വവും ചോദ്യചിഹ്നമായി അയാളുടെ മുമ്പിലുണ്ട്. പതിനെട്ട് വര്‍ഷത്തെ പ്രവാസത്തിനു ശേഷം തിരിച്ചെത്തിയ വൃദ്ധനുണ്ട്. ഭാര്യക്കും കുട്ടികള്‍ക്കും വേണ്ടാതെ അയാള്‍ ഒറ്റക്ക് മുറിയില്‍ രോഗത്തിന്റെ കയ്പുനീര്‍ കുടിക്കുകയാണ്.
തെന്നല പഞ്ചായത്ത് എസ്വൈഎസ് ആറ് വര്‍ഷം മുമ്പാണ് ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് ആലോചിച്ചത്. അന്നു മുതല്‍ തന്നെ പഞ്ചായത്തിലെ വിവിധ രോഗികള്‍ക്ക് സഹായങ്ങള്‍ നല്‍കി. വാട്ടര്‍ ബെഡുകള്‍, വീല്‍ ചെയറുകള്‍, മരുന്നുകള്‍ എന്നീ സഹായങ്ങള്‍ രോഗികള്‍ക്ക് എത്തിച്ചുകൊടുത്തു. ഓപ്പറേഷനും മറ്റു ചികിത്സക്കും പണില്ലാത്തവര്‍ക്ക് പണം നല്‍കി സഹായിച്ചു. കിഡ്നിക്ക് അസുഖം ബാധിച്ച നിരവധി പേര്‍ക്ക് ഡയാലിസിസിന് സഹായങ്ങള്‍ നല്‍കി. അനേകം കുടുംബങ്ങള്‍ക്ക് സൌജന്യ റേഷന്‍ നല്‍കി.

    ഈ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് അവര്‍ക്ക് ഒരു കാര്യം ബോധ്യപ്പെട്ടത്. സാമ്പത്തികമായ സഹായം നല്‍കുക എന്നതിനേക്കാള്‍ അനേകം രോഗികള്‍ക്ക് ആവശ്യമുള്ളത് ശാരീരികമായ പരിചരണമാണ്. മാനസികമായ തലോടലാണ്. സ്നേഹത്തിന്റെ ഒരു വാക്കാണ്. ലക്ഷങ്ങളുടെ ആസ്തിയുള്ള ആയിരങ്ങള്‍ രോഗശയ്യയില്‍ കഷ്ടത അനുഭവിക്കുകയാണ്.

   അങ്ങനെ സാന്ത്വനം ‘പെയിന്‍& പാലിയേറ്റീവ് കെയര്‍’ പദ്ധതി തുടങ്ങി. 2012 ഫെബ്രുവരി 11ന് മന്ത്രി എ പി അനില്‍കുമാര്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. തെന്നല, നന്നമ്പ്ര പഞ്ചായത്തുകള്‍ പൂര്‍ണമായും തിരൂരങ്ങാടി, പെരുമണ്ണ ക്ളാരി പഞ്ചായത്തുകളുടെ ഭാഗിക പ്രദേശങ്ങളിലും ഈ പദ്ധതി പ്രകാരം ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പ്രസ്ഥാനങ്ങളുടെയോ ഒരു വേലിക്കെട്ടുകളുമില്ലാതെ സമൂഹത്തില്‍ ദുരിതമനുഭവിക്കുന്ന ഏതു രോഗിയെയും ‘സാന്ത്വനം’ ഏറ്റെടുക്കുന്നു. പ്രാഥമികമായി ഒരു രോഗിയുടെ അടുത്തേക്ക് വളണ്ടിയര്‍ ഹോം കെയറാണ് എത്തുക. പിന്നീട് നഴ്സ് ഹോം കെയറും ശേഷം ഡോക്ടര്‍ ഹോം കെയറും എത്തുന്നു. തെന്നല പഞ്ചായത്തിലെ എസ്വൈഎസ് പ്രവര്‍ത്തകരും തെന്നല, വെന്നിയൂര്‍ സെക്ടറുകളിലെ എസ്എസ്എഫ് ഐടീം അംഗങ്ങളുമാണ് സാന്ത്വനം പെയിന്‍ & പാലിയേറ്റീവിലെ വളണ്ടിയര്‍മാര്‍.

    ‘സാന്ത്വന’ത്തിന് നേതൃത്വം നല്‍കുന്ന പഞ്ചായത്ത് എസ്വൈഎസ് പ്രസിഡന്റ് ഫാറൂഖ് അഹ്സനിക്ക് ചെറുപ്പം മുതലേയുള്ള ആഗ്രഹവും വാസനയുമാണ് ഈ രോഗീപരിചരണ രംഗം. ഉമ്മയുടെ പെട്ടെന്നുണ്ടായ മരണം, അതിന് ശേഷം കുടുംബത്തിലുണ്ടായ മറ്റു രോഗികള്‍, അവരുമായും നാട്ടിലെ മറ്റു രോഗികളുമായും ഹോസ്പിറ്റലുകളിലുണ്ടായ അനുഭവങ്ങള്‍ ഇതെല്ലാം അത്തരമൊരു കാഴ്ച്ചപ്പാടിലേക്ക് നയിക്കുകയായിരുന്നു എന്നദ്ദേഹം പറയുന്നു. പിന്നീട് പ്രാദേശികമായി പ്രചോദനം നല്‍കിയ രണ്ടു മഹാവ്യക്തികള്‍. ഒന്ന് കുണ്ടൂര്‍ ഉസ്താദ്. ദുര്‍ബലരെയും അശരണരെയും കണ്ടെത്തിയും പരിചരിച്ചും ജീവിച്ച മഹാന്റെ ജീവിതം ആ പ്രദേശത്തുകാരെ പ്രചോദിപ്പിക്കുന്നു. മറ്റൊന്ന് കുഞ്ഞിമോന്‍ ഫൈസി. തിരൂരങ്ങാടിയില്‍ ദര്‍സ് നടത്തുമ്പോള്‍ ഒഴിവു കിട്ടുമ്പോഴെല്ലാം അവിടത്തെ താലൂക്ക് ഹോസ്പിറ്റലില്‍ ചെന്ന് രോഗികളെ പരിചരിക്കുകയും അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കുകയും ചെയ്യുമായിരുന്നു, കുഞ്ഞിമോന്‍ ഫൈസി. മഹാന്റെ ഓര്‍മകളും പുതിയ തലമുറയിലെ വളണ്ടിയര്‍മാര്‍ക്ക് കരുത്തേകുന്നു.

      ഒരു ദിവസത്തെ ഹോം കെയറിന് മുവ്വായിരത്തിലധികം രൂപ ചെലവ് വരുന്നുണ്ട്. ചെറിയ സംഭാവനകള്‍ ഉള്‍കൊള്ളുന്ന മൈക്രോ ഫണ്ടിലൂടെയാണ് ഇതിന് പണം കണ്ടെത്തുന്നത്. ഭാവിയിലേക്ക് വിപുലമായ പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ‘സാന്ത്വനം’ പ്രവര്‍ത്തകന്‍ സഫീര്‍ പറയുന്നു. സ്വന്തമായൊരു ബില്‍ഡിംഗ്, അതില്‍ സൌജന്യ പരിശോധന നല്‍കുന്ന ഒപി, സൌജന്യ മരുന്നുകള്‍, മികച്ച ഹോംകെയര്‍ വാഹനങ്ങള്‍, കൂടുതല്‍ നഴ്സുമാര്‍, ഡോക്ടര്‍മാര്‍ എന്നിവ അതില്‍ പെടുന്നു. പാലിയേറ്റീവ് സേവനങ്ങളില്‍ തല്‍പരരായ നഴ്സുമാരുടെ പഠനവും അവര്‍ക്കുള്ള പരിശീലനവും ഇപ്പോള്‍ തന്നെ ‘സാന്ത്വനം’ ഏറ്റെടുത്തിട്ടുണ്ട്. വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനവും നടത്തുന്നു. കുന്നുംപുറം പെയിന്‍& പാലിയേറ്റീവുമായും ജില്ലാ പഞ്ചായത്തിന്റെ പരിരക്ഷാ പദ്ധതിയുമായും സഹകരിച്ചാണ് ഇപ്പോള്‍ സാന്ത്വനം പദ്ധതികള്‍ നടക്കുന്നത്. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍, സ്ഥാപനങ്ങള്‍, ക്ളബ്ബുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സര്‍ക്കാര്‍ എന്‍ജിഒകള്‍, കുടുംബശ്രീ തുടങ്ങിയ മുഴുവന്‍ വിഭാഗങ്ങളും ‘സാന്ത്വന’ത്തെ പിന്തുണക്കുന്നുണ്ട്. ഈ ജനപിന്തുണയുടെ ബലത്തില്‍ സേവന പ്രവര്‍ത്തനങ്ങളുടെ പുതുവഴികള്‍ വെട്ടാനുള്ള പരിശ്രമത്തിലാണ് എസ്വൈഎസ്, എസ്എസ്എഫ് പ്രവര്‍ത്തകര്‍.

You must be logged in to post a comment Login