വേദനിക്കുന്നവര്‍ക്ക് കാവല്‍

SYSSYS സാന്ത്വനം

എത്രമേല്‍ ചെയ്തെങ്കിലാണ് നമുക്ക് സഹജീവികളോടുള്ള ബാധ്യതകള്‍ നിറവേറ്റാനാവുക? വേദനകള്‍ തിന്നു ജീവിക്കാന്‍ വിധിക്കപ്പെട്ട അനേകായിരങ്ങളിലൊരാള്‍ക്കെങ്കിലും ഒരു വാക്കിനാല്‍, ഒരു പുഞ്ചിരിയാല്‍, ഹൃദ്യമായ പെരുമാറ്റത്താല്‍, ഒരു കൈ സഹായത്താല്‍ സാന്ത്വനമരുളാന്‍ കഴിയുമെങ്കില്‍ നാമെന്തിനറച്ചു നില്‍ക്കണം?
മുഹമ്മദ് പറവൂര്‍

   സ്രഷ്ടാവില്‍ അചഞ്ചലമായി വിശ്വസിക്കുക; അവന്റെ മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചക•ാരിലും അന്ത്യനാളിലും വിധി നിശ്ചയത്തിലും വിശ്വസിക്കുക. ആ വിശ്വാസം നിന്റെ മനസ്സിനെ പ്രകാശപൂരിതമാക്കും. അകം തെളിയുമ്പോള്‍ ആര്‍ദ്രതയുടെ ഉറവപൊട്ടും. അതില്‍ നിന്ന് സഹജീവി സ്നേഹത്തിന്റെ തെളിനീരൊഴുകും. ആ തെളിനീര്‍ ഒട്ടനേകം സാധുക്കളുടെ ജീവിതദാഹങ്ങള്‍ക്ക് നിവൃത്തിയേകും. അവര്‍ക്ക് വിശപ്പടങ്ങും; അവര്‍ ജീവിതത്തിന്റെ മാധുര്യമറിയും. ഉദാരനായ നാഥന്റെ കനിവിനെ അവര്‍ വാഴ്ത്തിപ്പറയും. അവന്റെ കാരുണ്യത്തിന്റെ വഴികളും വാതിലുകളുമെത്രയെന്നവര്‍ അദ്ഭുതം കൂറും. വേദനയുടെ ഇരുട്ട് പടര്‍ന്ന കണ്‍കളില്‍ സ്നേഹബാഷ്പം നിറയ്ക്കാന്‍ ഒരു നിമിത്തമാവാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍, ജീവിതം എത്ര ധന്യം. അങ്ങനെയൊന്നാലോചിച്ചുവോ നിങ്ങള്‍? ഇല്ലെങ്കില്‍ നേരം കടന്നിരിക്കുന്നു.

   ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അതിരുകളില്ലാതെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട് വിശുദ്ധ ഇസ്ലാം. സഹജീവി സ്നേഹം വിഷയീഭവിച്ച തിരുവചനങ്ങളനവധിയുണ്ട്. പകര്‍ത്താനൊരുക്കമെങ്കില്‍ മാതൃകകളുമേറെയുണ്ട് ചരിത്രപുസ്തകങ്ങളില്‍. വിശന്നുവലഞ്ഞെത്തിയവരെ ഊട്ടിയും പട്ടിണിക്കാരന് പശിയടക്കാന്‍ വക കണ്ടെത്തിക്കൊടുത്തും പ്രവാചകര്‍ മുഹമ്മദ് (സ) കൈമാറിയ മനുഷ്യസ്നേഹത്തിന്റെ മഹിതപാഠങ്ങളെ കയ്യേറ്റെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ നാമെന്തു വിശ്വാസി? എന്ത് പ്രവാചകസ്നേഹി?
യുദ്ധമുഖത്ത് മരണാസന്നനായി കിടക്കവെ കുടിവെള്ളമെത്തുമ്പോള്‍ മറ്റൊരാളിലേക്ക് കൈചൂണ്ടുന്ന ജാജ്ജ്വല്യമാനമായ ചരിത്ര മുഹൂര്‍ത്തത്തെക്കാള്‍ വലുതായി മറ്റെന്തു വേണം, മതത്തിന് അടിക്കുറിപ്പായി?

    വിശാലമായ ആ മാനുഷിക ന•കളെ ജീവവായുവായി സ്വീകരിച്ചുകൊണ്ടു മാത്രമേ ഏതൊരു ഇസ്ലാമിക പ്രസ്ഥാനത്തിനും ഭരണ സംവിധാനത്തിനും മുന്നേറാന്‍ കഴിയുകയുള്ളൂ. ഖലീഫ ഉമര്‍ ഫാറൂഖ് (റ) പാതിരാവിന്റെ നിശ്ശബ്ദതയില്‍ മൈലുകള്‍ താണ്ടിയത് മരുഭൂവിന്റെ ഉഷ്ണത്തില്‍ നിന്ന് മോചനം തേടിയായിരുന്നില്ല. താന്‍ ഭരണാധികാരിയായിരിക്കെ, ആരെങ്കിലും പ്രയാസമനുഭവിക്കുന്നുവെങ്കില്‍ അതേക്കുറിച്ച് വിചാരണ നാളില്‍ ചോദ്യം നേരിടേണ്ടിവരുമെന്ന തിരിച്ചറിവിന്റെ കൊടും ചൂടില്‍ നിന്നാണ് ഖലീഫയുടെ രാപ്രയാണങ്ങളുണ്ടാകുന്നത്. ഇസ്ലാമിക പ്രവര്‍ത്തകര്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്വങ്ങള്‍ പരിമിതമല്ലെന്ന ഓര്‍മപ്പെടുത്തലാണിത്. പ്രബോധനമെന്നത് വാക്കില്‍ മാത്രം നിര്‍വഹിക്കപ്പെടേണ്ട ദൌത്യമല്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുകൂടി അടയാളപ്പെടുത്തേണ്ടതാണത്.

  കേരളത്തിന്റെ ഇസ്ലാമിക ബഹുജന പ്രസ്ഥാനം നടത്തുന്ന സേവന കാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് ചൂണ്ടി ഇതൊക്കെയാണോ ഇസ്ലാമിക സംഘടനകളുടെ ഉത്തരവാദിത്തമെന്ന് ചിന്തിക്കുന്ന ചില അല്‍പബുദ്ധികളെങ്കിലും നമുക്കിടയിലുണ്ട്. അവര്‍ക്ക് തര്‍ക്ക വിതര്‍ക്കങ്ങളിലും ആക്രമണ പ്രത്യാക്രമണങ്ങളിലുമൊക്കെയാണ് താല്‍പര്യം. ആശയപരമായ സംഘട്ടനങ്ങള്‍ ആവശ്യമില്ലെന്നല്ല, അതിനപ്പുറത്ത് ചിലത് കൂടി നിര്‍വഹിക്കേണ്ടത് നമ്മുടേതു പോലൊരു ദാരിദ്യ്രം സമൃദ്ധമായ നാട്ടില്‍ മുസ്ലിം സംഘടനകളുടെ ഉത്തരവാദിത്വമായുണ്ടെന്നതിലേക്ക് വിരല്‍ ചൂണ്ടുകയാണ്.

   ആദികാലം മുതല്‍ തന്നെ കേരളീയര്‍ക്കിടയില്‍ മുസ്ലിം പണ്ഡിത•ാര്‍ ഈ ദൌത്യ നിര്‍വഹണത്തില്‍ ബദ്ധശ്രദ്ധരായിരുന്നു. ലാഭേച്ഛകളില്ലാതെ അവര്‍ നടത്തിയ സേവനപ്രവര്‍ത്തനങ്ങള്‍ തന്നെയല്ലേ, കേരളത്തില്‍ വലിയൊരര്‍ത്ഥത്തില്‍ ഇസ്ലാമികമായ ഉണര്‍വ്വ് സമ്മാനിച്ചത്? ഇന്നാട്ടിലെ സൌഹൃദാന്തരീക്ഷം സംരക്ഷിക്കുനതിന് പോലും അവര്‍ അനല്‍പമായ പങ്കുവഹിച്ചുവെന്നു കാണാം. ഉച്ചസ്ഥായിയിലുള്ള അവരുടെ പ്രഭാഷണങ്ങളിലൂടെ എത്രയെത്ര മസ്ജിദുകള്‍, മദ്റസകള്‍, ഇന്നാട്ടില്‍ സ്ഥാപിതമായി? ഭൌതിക താല്‍പര്യങ്ങളായിരുന്നില്ല അവരെ നയിച്ചത്. ഉറച്ച വിശ്വാസമായിരുന്നു അവരുടെ ആസ്തി. അവര്‍ സ്വയം സമര്‍പ്പിച്ചതിന്റെ സാക്ഷ്യങ്ങളായി നമുക്ക് എടുത്തു പറയാനേറെയുണ്ട്.
കാലം ചെല്ലവെ അവര്‍ പുതിയ സേവന മുഖങ്ങള്‍ തുറന്നു. അതിന് സഹായകമായി സംഘടനകളും സ്ഥാപനങ്ങളും നിലവില്‍ വന്നു. വഅ്ളുകളും ദര്‍സുകളുമുള്‍പ്പെടെ പരമ്പരാഗതമായി കൈമാറിക്കിട്ടിയതെല്ലാം നിലനിര്‍ത്തിക്കൊണ്ടു തന്നെ മറ്റു മേഖലകളിലേക്കും നമ്മുടെ പ്രസ്ഥാനങ്ങള്‍ ചുവടുവച്ചു. ഗ്രാമങ്ങളും നഗരങ്ങളും മാത്രമല്ല, ഹോസ്റലുകളും ഹോസ്പിറ്റലുകളും അവര്‍ കീഴടക്കി.

    ഭക്ഷണമായും വസ്ത്രമായും മരുന്നായും മറ്റു സഹായങ്ങളായും അവര്‍ വേദനകളില്‍ സ്നേഹസാന്ത്വനത്തിന്റെ ലേപനം പുരട്ടി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു പോലും സാധ്യമാകാത്ത രൂപത്തിലും വേഗത്തിലുമാണ് പ്രാസ്ഥാനിക യന്ത്രം പ്രവര്‍ത്തിച്ചത്.

  സമസ്ത കേരള സുന്നി യുവജനസംഘം നാടിന്റെ ആദര്‍ശ പ്രസ്ഥാനം മാത്രമല്ല, കാരുണ്യ വൃക്ഷം കൂടിയായി വളര്‍ന്നിരിക്കുന്നു. അതിന്റെ തണലിലായി അനേകായിരങ്ങള്‍ സാന്ത്വനമനുഭവിക്കുന്നു. 2010ല്‍ സാന്ത്വനം പദ്ധതി വ്യവസ്ഥാപിതമായി ആരംഭിക്കുന്നതിനു മുമ്പു തന്നെ വിവാഹ ധനസഹായമുള്‍പ്പെടെ ഒട്ടേറെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടനക്ക് കീഴില്‍ നടന്നു വരുന്നു. യൂണിറ്റു മുതല്‍ സംസ്ഥാന തലം വരെയുള്ള കമ്മിറ്റികള്‍ ചെറുതും വലുതുമായ റിലീഫ് പ്രവര്‍ത്തനങ്ങള്‍ സംഘടിതമായി തന്നെ നിര്‍വ്വഹിച്ചു പോരുന്നു. വിശുദ്ധ റമളാനിലും മദ്റസാ സ്കൂള്‍ അധ്യയനാരംഭ വേളകളിലും വിപുലമായി എസ്വൈഎസ് ഘടകങ്ങള്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയിരുന്നു. അവ പൊതു സ്വഭാവത്തോടെ നിര്‍വഹിക്കപ്പെടുന്നത് കൂടുതല്‍ പേരിലേക്കും കൂടുതല്‍ ദേശങ്ങളിലേക്കും സഹായമെത്തിക്കേണ്ടതുണ്ട്. അതിന് വഴിയൊരുക്കുമെന്ന ആലോചനയില്‍ നിന്നാണ് സമഗ്ര ജീവകാരുണ്യ ആശ്വാസ സേവന പ്രവര്‍ത്തനമായാണ് എസ്വൈഎസിന്റെ സാന്ത്വനം പദ്ധതി 2010ല്‍ പ്രഖ്യാപിക്കപ്പെട്ടത്.

    നിര്‍ധന രോഗികളുടെ ചികിത്സ, പാവപ്പെട്ടവര്‍ക്ക് വീടുനിര്‍മിച്ചു നല്‍കല്‍, ആകസ്മിക ദുരന്തങ്ങളില്‍ കൈത്താങ്ങാവാന്‍ ദരിദ്ര കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് ധനസഹായം എന്നിവയാണ് ‘സാന്ത്വന’ത്തിലൂടെ മുഖ്യമായി ലക്ഷ്യമിടുന്നത്. ഇതിലേറെ പ്രധാന്യം കല്‍പിക്കപ്പെടുന്നത് നിര്‍ധന രോഗികള്‍ക്ക് മരുന്നും ഭക്ഷണവും ലഭ്യമാക്കുന്നതിനാണ്. കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജില്‍ സഹായി ഉള്‍പ്പെടെ നേരത്തെ തന്നെ ഈ രംഗത്ത് എസ്വൈഎസിന്റെ ഇടപെടലുകളുണ്ടായതും സ്മരണീയമാണ്. ഇന്ന് സംസ്ഥാനത്തെ ഒട്ടുമിക്ക മെഡിക്കല്‍ കോളജുകളിലും മറ്റു പ്രധാന ആശുപത്രികളിലും വിവിധ പേരുകളില്‍ സാന്ത്വനം സെല്ലുകള്‍ സജീവമാണ്. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ സാന്ത്വനമഹല്‍, പരിയാരം സഹകരണ മെഡിക്കല്‍ കോളജില്‍ കനിവ്, കോഴിക്കോട് സഹായി, മഞ്ചേരി ജില്ലാ ആശുപത്രിയില്‍ സാന്ത്വന തീരം, തിരുവനന്തപുരം റീജിനല്‍ കാന്‍സര്‍ സെന്ററില്‍ സാന്ത്വനം… പേരുകള്‍ പലതെങ്കിലും ലക്ഷ്യം ഒന്നു തന്നെ. മിക്കയിടങ്ങളിലും നേതൃത്വം നല്‍കുന്നത് ജില്ലാ ഘടകങ്ങളും. സാന്ത്വനം യൂണിറ്റുകളുടേതായി പതിനഞ്ച് ആംബുലന്‍സുകളും ചിലയിടങ്ങളില്‍ ന്യായവില മെഡിക്കല്‍ ഷോപ്പുകളും നിലവിലുണ്ട്.

   കോഴിക്കോട് സമസ്ത സെന്ററില്‍ പ്രവര്‍ത്തിക്കുന്ന എസ്വൈഎസ് സെന്‍ട്രല്‍ ഓഫീസാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം ഏകോപിപ്പിക്കുന്നത്. രോഗീ സഹായത്തിന് കൂടുതല്‍ ശ്രദ്ധനല്‍കുന്നതിന് പ്രത്യേക കാരണങ്ങളുണ്ട്. ചികിത്സാ രംഗം വളരെ ചിലവേറിയതാണിന്ന്. മരുന്ന് കമ്പനികളുടെ തീവെട്ടിക്കൊള്ളയും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ വ്യക്തമായ ഡ്രഗ് പൊളീസിയില്ലായ്മയും കീറാമുട്ടികളാണ്. ചെറിയ വിലയില്‍ കിട്ടാവുന്ന മരുന്നുകള്‍ക്ക് പോലും തോന്നിയ വില ഈടാക്കാന്‍ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് സാധിക്കും. നൂറ് രൂപ മതിയാവുന്ന ടെസ്റിന് അഞ്ഞൂറും ആയിരവുമൊക്കെ ഈടാക്കുന്ന ലാബുകളും ഈ രംഗത്തെ പിടിച്ചുപറിയുടെ സാക്ഷ്യങ്ങളാണ്. അതു കൊണ്ടു തന്നെ രോഗങ്ങളെ അവഗണിക്കുകയും നിസ്സാരവത്കരിക്കുകയും ചെയ്യുന്ന പ്രവണത ഇന്ന് പാവപ്പെട്ടവരില്‍ പ്രകടമാണ്. അവസാനം എഴുന്നേറ്റ് നടക്കാനോ നിവര്‍ന്നു നില്‍ക്കാനോ കഴിയാതാവുമ്പോള്‍ മാത്രമാണ് അവര്‍ ആശുപത്രികളിലെത്തുന്നത്. ഡോക്ടര്‍ ചിലപ്പോള്‍ ‘പുറത്തേക്കെഴുതും’. അതിലുമുണ്ടൊരു കച്ചവടം. അതവിടെ നില്‍ക്കട്ടെ. പുറത്തെ മരുന്നുഷോപ്പുകളിലെ ആര്‍ത്തിപ്പണ്ടാരങ്ങളെ തൃപ്തിപ്പെടുത്താന്‍ കഴിയാതെ ചികിത്സ വേണ്ടെന്നു വെക്കുന്നവര്‍ ഒരു ഭാഗത്ത്. മരുന്നിനു പോയിട്ട് ഭക്ഷണത്തിനു പോലും വകയില്ലാതെ രോഗക്കിടക്കയില്‍ മനസ്സു നീറുന്നവര്‍ മറുഭാഗത്ത്. ഇവ്വിധം പ്രയാസപ്പെടുന്നവരെ സഹായിക്കുകയും പരിചരിക്കുകയുമാണ് എസ്വൈഎസ് സാന്ത്വനം പദ്ധതിയിലൂടെ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

   വിവിധ സര്‍ക്കാരാശുപത്രികളില്‍ രാപകല്‍ ഭേദമെന്യേ സേവനം ചെയ്യുന്ന സാന്ത്വനം വളണ്ടിയര്‍മാരുടെ സേവനം പ്രംശസനീയമാണ്. സഹായവും പരിചരണവും ആവശ്യമായ രോഗികള്‍ അഡ്മിറ്റ് ചെയ്യപ്പെടുന്നതോടെ സാന്ത്വനം പ്രവര്‍ത്തകര്‍ ഓടിയെത്തുന്നു. അവര്‍ക്കൊപ്പം നിന്ന് ആശ്വാസം പകരുകയും ആവശ്യങ്ങളറിഞ്ഞ് നിര്‍വഹിക്കുകയും ചെയ്യുന്നു. ആരോഗ്യം നല്‍കി അനുഗ്രഹിച്ചവനോടുള്ള കൃതജ്ഞതാ പ്രകടനം മാത്രമായി കണ്ട്, അത് ബാധ്യതയായി തിരിച്ചറിഞ്ഞ് സേവനത്തിനിറങ്ങുന്നവരാണിവര്‍. സ്നേഹത്തേക്കാള്‍ ഫലപ്രദമായ മറ്റൊരൌഷധവും ലോകത്തില്ലെന്നതു കൂടി ഇതോടു ചേര്‍ത്തു വായിക്കുക. രോഗികള്‍ മരുന്നിനേക്കാള്‍ ആഗ്രഹിക്കുന്നത് മറ്റുള്ളവരുടെ പരിഗണനയും സ്നേഹവുമാണെന്നതും മറക്കാതിരിക്കുക.

   സാന്ത്വനം പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ മെഡിക്കല്‍ കാര്‍ഡുകളാണ് ഈ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ സംരംഭമായി വിലയിരുത്തപ്പെടുന്നത്. രോഗത്തിന്റെ സ്വഭാവവും ചികിത്സാച്ചെലവും അടിസ്ഥാനമാക്കി എ, ബി, സി എന്നിങ്ങനെ മൂന്നു കാറ്റഗറികളായാണ് മെഡിക്കല്‍ കാര്‍ഡുകള്‍ ക്രമീകരിച്ചിരിക്കുന്നത്. യഥാക്രമം 10000, 5000, 3000 നിരക്കുകളിലാണ് മെഡിക്കല്‍ കാര്‍ഡുകള്‍ ലഭ്യമാക്കുന്നത്. ഇതുപ്രകാരം സഹായധനം രോഗികളിലേക്ക് നേരിട്ടെത്തുന്നില്ല. മറിച്ച് രോഗിയുടെ പ്രദേശത്തെ ഏതെങ്കിലും മെഡിക്കല്‍ ഷോപ്പുമായി ധാരണയുണ്ടാക്കി അവര്‍ക്ക് പണമെത്തിക്കുന്നു. രോഗികള്‍ക്ക് കാര്‍ഡ് പ്രകാരം അനുവദിച്ച തുകക്കനുപാതികമായ മരുന്നുകള്‍ ഘട്ടം ഘട്ടമായി വാങ്ങിക്കാവുന്നതാണ്. ആയിരത്തോളം രോഗികളാണ് എസ്വൈഎസ് സാന്ത്വനം പദ്ധതിക്ക് കീഴില്‍ മെഡിക്കല്‍ കാര്‍ഡിന്റെ ഗുണഭോക്താക്കളായി ഇപ്പോഴുള്ളത്.

   സാന്ത്വനം യൂണിററുകളുടെ നേതൃത്വത്തില്‍ വിശുദ്ധ റമളാനില്‍, ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട രോഗികള്‍ക്കും കൂട്ടിരിക്കുന്നവര്‍ക്കുമായി ഇഫ്താര്‍ വിഭവങ്ങളും അത്താഴവും നല്‍കാറുണ്ട്. ഓരോയിടത്തും ആയിരക്കണക്കിന് പേരാണ് ഈ സൌകര്യം ഉപയോഗപ്പെടുത്തുന്നത്.നാല്‍പതാം വാര്‍ഷിക സമ്മേളനകാലത്ത് നാല്‍പത് നിര്‍ധന പെണ്‍കുട്ടികളുടെയും സുവര്‍ണജൂബിലി ആഘോഷ വേളയില്‍ അമ്പത് പെണ്‍കുട്ടികളുടെയും വിവാഹം നടത്തിക്കൊണ്ട് എസ്വൈഎസ് വലിയൊരു സേവന വിപ്ളവത്തിനാണ് വിത്തുപാകിയത്. മലയാളിയുടെ പണാസക്തിക്കുമുമ്പില്‍ ജീവിതം എരിഞ്ഞു തീരുമായിരുന്ന സ്ത്രീ ജ•ങ്ങള്‍ക്കാണ് എസ്വൈഎസ് ആശ്വാസത്തുരുത്തായത്. പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹച്ചെലവിലേക്ക് വിവിധ സ്രോതസ്സുകളില്‍ നിന്ന് പണം കണ്ടെത്തി ധനസഹായമെത്തിക്കുന്നതിന് ഇന്നും മുടക്കം വന്നിട്ടിട്ടില്ല. പ്രസ്ഥാനത്തിന്റെ ഗള്‍ഫ് ഘടകമായ ഐസിഎഫ് ഇതിനായി പ്രധാനമായും ഫണ്ട് സ്വരൂപിക്കുന്നുണ്ട്. ഐസിഎഫ് ജിദ്ദാ ഘടകം ഓരോ ജില്ലയില്‍ ഓരോ പാവപ്പെട്ട കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കാനുള്ള ഒരുക്കത്തിലാണ്. സ്വയം പ്രയാസമനുഭവിക്കുമ്പോഴും നാട്ടിലെ ദരിദ്ര ജീവിതങ്ങള്‍ക്കായി വലിയ സഹായമെത്തിക്കുന്ന പ്രവാസി സുഹൃത്തുക്കള്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്, പ്രാര്‍ത്ഥനയും. പ്രവാസി= പ്രയാസി എന്ന നിലവാരത്തിലുള്ളവര്‍ പോലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രകടിപ്പിക്കുന്ന താല്‍പര്യം ആരിലും ആവേശം ജനിപ്പിക്കുന്നതാണ്. ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ പെടാപാട് പെടുന്നവരുടെ മുന്‍കയ്യിലാണ് ഇക്കേരളത്തിലെ കുറെ ജ•ങ്ങള്‍ തങ്ങളുടെ ജീവിതത്തിന്റെ അറ്റങ്ങള്‍ കൂട്ടിമുട്ടിക്കുന്നതെന്നോര്‍ക്കുമ്പോള്‍ ആരും പ്രാര്‍ത്ഥിച്ചു പോവും അവര്‍ക്കുവേണ്ടി.

   വിവിധ പ്രദേശങ്ങളില്‍ എസ്വൈഎസ് യൂണിറ്റ് കമ്മിറ്റികള്‍ ആരംഭിച്ച റേഷന്‍ വിതരണം ഇതിനകം ജനശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ദരിദ്ര കുടുംബങ്ങളിലേക്ക് അരിയുള്‍പ്പെടെ ഭക്ഷ്യ സാധനങ്ങള്‍ എത്തിക്കുന്ന പദ്ധതിയാണിത്. ജീവിതച്ചെലവ് വര്‍ദ്ധിക്കുകയും വിലക്കയറ്റത്തില്‍ പൊറുതി മുട്ടുകയും ചെയ്യുന്ന കാലത്ത് ഈ റേഷന്‍ എത്രമേല്‍ പ്രയോജനപ്രദമാണെന്നത് വിശദീകരിക്കേണ്ടതില്ല.കോടിക്കണക്കിന് രൂപയാണ് സാന്ത്വനം പദ്ധതിയില്‍ എസ്വൈഎസ് ചെലവിടുന്നത്. റമളാനിലെ ഒരു വെള്ളിയാഴ്ച സംസ്ഥാനത്തെ പള്ളികള്‍ കേന്ദ്രീകരിച്ചു നടത്തുന്ന ഫണ്ട് സമാഹരണമാണ് ‘സാന്ത്വന’ത്തിന്റെ മുഖ്യ വരുമാനം. നാഥനില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓരോ വിശ്വാസിയും നല്‍കുന്ന ചില്ലറത്തുട്ടുകളും നോട്ടുകളുമാണ് ആയിരങ്ങളുടെ കണ്ണീരൊപ്പാന്‍ സഹായകമാവുന്നത്. കൂടുതല്‍ പേരിലേക്കു സാന്ത്വനത്തിന്റെ ഗുണഫലങ്ങളെത്തിക്കാനുള്ള ആലോചനകള്‍ നടക്കുന്നു. എത്രമേല്‍ ചെയ്തെങ്കിലാണ് നമുക്ക് സഹജീവികളോടുള്ള ബാധ്യതകള്‍ നിറവേറ്റാനാവുക? വേദനകള്‍ തിന്നു ജീവിക്കാന്‍ വിധിക്കപ്പെട്ട അനേകമായിരങ്ങളിലൊരാള്‍ക്കെങ്കിലും ഒരു വാക്കിനാല്‍, ഒരു പുഞ്ചിരിയാല്‍, ഹൃദ്യമായ പെരുമാറ്റത്താല്‍, ഒരു കൈ സഹായത്താല്‍ സാന്ത്വനമരുളാന്‍ കഴിയുമെങ്കില്‍ നാമെന്തിനറച്ചു നില്‍ക്കണം? സാന്ത്വന വഴിയില്‍ നിങ്ങളും കൈകോര്‍ക്കുക.

You must be logged in to post a comment Login