മൗലിദുകളുടെ സാമൂഹികത

nabi1

 

ഇഷ്ടത്തോടു കൂടെ ഒരാളെ നോക്കിയാല്‍ ഉള്ള തെറ്റുപോലും കാണില്ല. ഇഷ്ടമില്ലാതെ നോക്കിയതാണെങ്കില്‍ ഇല്ലാത്തതും കാണും. “വഐനുര്‍റിളാ അന്‍കുല്ലി ഐബിന്‍…..” എന്ന അറബി കാവ്യത്തിന്റെ താത്പര്യവും അതാണ്. മുത്തുനബിക്കില്ലാത്ത തെറ്റുകള്‍ കാണുന്നതും മൌദൂദിക്കുള്ള പാളിച്ചകള്‍ കാണാതിരിക്കുന്നതും ഇഷ്ടക്കേട് കൊണ്ടുതന്നെയാണ്. സി ഹംസ      

 

     റസൂലിനെ സ്തുതിക്കുന്നതാണ് മൌലിദുകള്‍. എന്തുകൊണ്ട് റസൂല്‍ സ്തുതിക്കപ്പെടണം എന്നൊരാലോചന നടത്തുമ്പോള്‍ നമുക്ക് തോന്നുന്ന ഒരുപാട് സാധാരണ കാര്യങ്ങളുണ്ട്. നമ്മള്‍ ഒരു കാറ് വാങ്ങിയാല്‍ അതെപ്പറ്റി എന്തെല്ലാം മദ്ഹ് പറയും. കൊള്ളാവുന്ന ഒരു വീടുണ്ടാക്കിയാല്‍ ആയിരം നാക്കായിരിക്കും നമുക്ക്, അതെക്കുറിച്ചു പറയാന്‍. അതിന്റെ സിറ്റൌട്ട്, ഓഫീസ്, മറ്റ് സംവിധാനങ്ങള്‍. അതിന്റെ പ്രസക്തി വിശദീകരിച്ച് നമുക്ക് പൂതി കെടൂല. റസൂല്‍ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്: “മന്‍ അഹബ്ബ ശൈഅന്‍ അക്സറ ദിക്റുഹൂ” – ഒരാള്‍ക്കൊന്നിനോടുള്ള പ്രിയം കൂടിയാല്‍ അയാളതിനെപ്പറ്റി പറഞ്ഞു കൊണ്ടേയിരിക്കും.

   ഇത് മനുഷ്യപ്രകൃതിയിലുള്ളതാണ്. മുജാഹിദുകള്‍ക്ക് ഇഷ്ടപ്പെട്ടവരെ അവര്‍ മദ്ഹ് ചെയ്യും. നിങ്ങള്‍ക്കറിയുമോ, അരീക്കോട്? മുജാഹിദുകളുടെ കോട്ടയായിരുന്നു ഒരു കാലത്ത്. പത്തുപതിനഞ്ചു കൊല്ലം ഞാനും അരീക്കോട്ടുണ്ടായിരുന്നു. അന്ന് മുജാഹിദ് നേതാവ് അബ്ദുസ്സലാം മൌലവിക്ക് ഒരു അവാര്‍ഡ് കിട്ടി. വലിയ സംഖ്യയൊന്നുമല്ല; ആയിരം രൂപയുടേതാണ്. മൂന്നു ദിവസമായിരുന്നു അവിടുത്തെ ആഘോഷം. അപ്പോള്‍ അവരവര്‍ക്ക് ഇഷ്ടപ്പെട്ടതൊക്കെ അതാതാളുകള്‍ ആഘോഷിക്കുന്നുണ്ട്.

    മക്തിതങ്ങളുടെ ആണ്ട് മറന്നാലും നൂറ്റാണ്ട് അവര്‍ ആഘോഷിച്ചില്ലേ? അവര്‍ മനസ്സിലാക്കിയ രീതിയിലുള്ള മക്തിതങ്ങളുടെ സ്മരണ അവര്‍ കൊണ്ടാടുന്നു. സത്യത്തില്‍ മക്തിതങ്ങള്‍ മുജാഹിദുകള്‍ക്ക് ആഘോഷിക്കാന്‍ വകുപ്പുള്ള ആളൊന്നുമല്ല. ക്രിസ്ത്യന്‍ മിഷനെറിക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. ‘റസൂല്‍ അല്ലാഹുവിന് അത്ര അടുത്ത ആളാണെങ്കില്‍ (ഹബീബ്) റസൂലിന്റെ പേരക്കുട്ടി കര്‍ബലയില്‍ ദാരുണമായി കൊല്ലപ്പെട്ട സമയത്ത് നിങ്ങളുടെ റസൂല്‍ അതെക്കുറിച്ച് അല്ലാഹുവിനോട് വല്ലതും പറഞ്ഞോ?’ ക്രിസ്ത്യാനികളുടെ ചോദ്യമായിരുന്നു ഇത്. അപ്പോള്‍ മക്തി തങ്ങളുടെ മറുപടി ഇതായിരുന്നു: “അതേ, അല്ലാഹുവിനോട് പരാതി പറഞ്ഞു. എന്റെ പേരക്കുട്ടിയെയാണല്ലോ ആ കൊല്ലുന്നത്, നീയൊന്ന് ഇടപെടണമെന്ന്. അപ്പോള്‍ അല്ലാഹുവിന്റെ മറുചോദ്യം ഇതായിരുന്നു: ഹും, നിന്റെ പേരക്കുട്ടി. എന്റെ മകനെ ധിക്കാരികള്‍ കുരിശിലേറ്റിയിട്ട് ഞാനിടപെട്ടിട്ടില്ല. എന്നിട്ടല്ലേ നിന്റെ മോന്‍?” യേശുവിനെ ദൈവപുത്രനായിട്ടാണല്ലോ ക്രിസ്ത്യാനികള്‍ കാണുന്നത്. ഇതായിരുന്നു മക്തിതങ്ങള്‍. അല്ലാതെ മുജാഹിദുകള്‍ക്ക് ആഘോഷിക്കാനായിട്ട് മക്തിതങ്ങളുടെ രചനകളില്‍ ഒന്നും കാണുന്നില്ല. ഏതായാലും മുജാഹിദുകള്‍ ആഘോഷിച്ചു. ജമാഅത്തുകാരും അവര്‍ക്കിഷ്ടപ്പെട്ടവരെ ആഘോഷിക്കുന്നുണ്ട്. മൌലാനാ മൌദൂദിയെപ്പറ്റി പുസ്തകമെഴുതും. പതിപ്പിറക്കും. അനുസ്മരണ പരിപാടികള്‍ നടത്തും.

   അവര്‍ക്കിഷ്ടപ്പെട്ടവരെ അവര്‍ പുകഴ്ത്തും; നമ്മള്‍ നമുക്കിഷ്ടപ്പെട്ടവരെയും. റസൂല്‍ തെറ്റു പറ്റിയ ആളാണെന്നാണ് അവരുടെ വാദം. മൌദൂദിക്കാണെങ്കിലോ ഒറ്റ തെറ്റും പറ്റിയിട്ടുമില്ല. തെറ്റ് ചെയ്യുന്നത് പൂര്‍ണതക്കെതിരല്ലേ? അങ്ങനെയാണെങ്കില്‍ അല്ലാഹു എങ്ങനെയാണ് റസൂലിനെ ഇന്‍സാന്‍ കാമില്‍ – യാസീന്‍ എന്നു വിളിക്കുക? ‘തങ്ങള്‍ അത്യുന്നത സ്വഭാവത്തിനുടമയാണ്’ എന്ന് അല്ലാഹുവല്ലേ റസൂലിനെ പുകഴ്ത്തിയത്? സ്വഭാവ സര്‍ട്ടിഫിക്കറ്റ് അല്ലാഹുവല്ലേ കൊടുത്തത്?

    ജമാഅത്തെ ഇസ്ലാമിയെപ്പറ്റി ഇത് ഞാന്‍ വെറുതെ പറയുന്നതല്ല. ഒരിക്കല്‍ ഒരാള്‍ എന്റെ അടുത്തു വന്നു; എന്നെ കാണാന്‍ വേണ്ടി. അറുപതാമത്തെ വയസ്സില്‍ ജമാഅത്തായിരിക്കുന്നു ആ മനുഷ്യന്‍. മൂന്നാലു കൊല്ലം ജമാഅത്തിന്റെ ശാന്തപുരം കോളജില്‍ പഠിപ്പിച്ച ആളാണല്ലോ ഞാന്‍. അതുകൊണ്ടാണ് എന്നെ കാണാന്‍ വന്നത്. എന്തേ, ഈ അറുപതില്‍ ജമാഅത്തായത് എന്നു ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞത്, ‘മകന്‍ ശാന്തപുരം കോളജിലാണ് പഠിക്കുന്നത് എന്നായിരുന്നു. അങ്ങനെയാണെങ്കില്‍ കുട്ടികളെ ക്രിസ്ത്യാനികളുടെ ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ പഠിക്കാന്‍ നമ്മളില്‍ പലരും, വിടാറില്ലേ; അക്കണക്കിന് നമ്മള്‍ ക്രിസ്ത്യാനികളാവണോ എന്നായി ഞാന്‍. ‘എന്താ നിങ്ങള്‍ക്ക് ജമാഅത്തിനോടിത്ര വിരോധം’. അദ്ദേഹത്തിന്റെ ചോദ്യം. ‘എനിക്ക് വിരോധമില്ല. വിയോജിപ്പേയുള്ളൂ’. ‘എന്താണ് നിങ്ങളുടെ വിയോജിപ്പ്?’ ‘മൌദൂദിയാണ് റസൂലിനെക്കാള്‍ വലിയ ആള് എന്നു പറയുന്നവരാണ് നിങ്ങള്‍’. ‘ഏയ്, ഞങ്ങള്‍ അങ്ങനെയൊന്നുമല്ല, ഞങ്ങളും റസൂലിനെ വിശ്വസിക്കുന്നവരാണ്’. ‘വിശ്വസിക്കുന്നുണ്ടാവും. പക്ഷേ, ആദരവ് റസൂലിനെക്കാള്‍ മൌദൂദിയോടല്ലേ? ‘ആരു പറഞ്ഞു, അങ്ങനെയൊന്നുമല്ല.’ അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘റസൂലിന് തെറ്റ് പിണഞ്ഞിട്ടുണ്ടോ?’

    അപ്പോള്‍ തുടങ്ങി അയാള്‍ അതു പറയാന്‍. ‘അബസ വതവല്ലാ’ എന്ന് അല്ലാഹു റസൂലിനെ ആക്ഷേപിച്ചില്ലേ എന്ന്. സത്യത്തില്‍ അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം (റ) എന്ന സ്വഹാബിയെ റസൂല്‍ അവഗണിച്ചിട്ടില്ല. വലിയ ആളുകള്‍ വീട്ടില്‍ വന്ന് നമ്മളോട് പ്രധാനകാര്യങ്ങള്‍ സംസാരിക്കുന്നിടത്തേക്ക് കൊച്ചുമോന്‍ കേറിവന്നാല്‍ നമ്മള്‍ പറയും; ‘മോന്‍ അകത്തേക്ക് പൊയ്ക്കോ’ എന്ന്. അതാണിവിടെയും നടന്നത്. മാത്രമല്ല, അബ്ദുല്ലാഹിബ്നു ഉമ്മി മക്തൂം എന്ന അന്ധനായ സ്വഹാബിയുടെ മഹത്വം അന്ത്യനാള്‍ വരേക്കും വാഴ്ത്തപ്പെടാനാണ് ആ സംഭവം എടുത്തു പറയുന്നത് ഖുര്‍ആന്‍. റസൂല്‍(സ) തന്നെയും ആ സ്വഹാബിയെക്കാണുമ്പോള്‍ ഈ സംഗതി പറഞ്ഞ് സന്തോഷിപ്പിക്കാറുണ്ട്. ഈ സ്നേഹവും സന്തോഷവുമൊക്കെ എന്താ സാധനം എന്നറിയാതെയാണ് ചിലരിതൊക്കെ റസൂലിന് പറ്റിയ തെറ്റായി വ്യാഖ്യാനിക്കുന്നത്.

‘ശരി, ഇനി രണ്ടാമത്തേ തെറ്റ് പറയൂ.’ അയാള്‍ പിന്നെയും തുടങ്ങി. രണ്ടു മൂന്നെണ്ണം പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു: ‘ഇനി പറയല്ലേ; റസൂലുല്ലാഹി(സ)ക്ക് തെറ്റിയിട്ടുണ്ട് എന്ന് കേള്‍ക്കാന്‍ വല്ലാത്ത ഇടങ്ങേറുണ്ട്. ഇനി ഒരു കാര്യം ചെയ്യ്. മൌലാനാ മൌദൂദിയുടെ ഒരു മൂന്നു തെറ്റ് പറയൂ’ ഇതു പറഞ്ഞതോടെ അയാള്‍ പരുങ്ങി. ‘മൌലാനയെ പറ്റി അങ്ങനെ പറയാന്‍ കിട്ടുന്നില്ല’. ‘എന്താ കിട്ടാത്തത്?’ ‘അത് കിട്ടുന്നില്ല’.

റസൂലുല്ലാഹിയുടെ മൂന്നു തെറ്റ് എണ്ണിയില്ലേ? മൌദൂദിയുടെ ഒരു തെറ്റ് പോലും ശ്രദ്ധിക്കാതിരിക്കാനുള്ള കാരണമെന്താണ്? ഇതാണു കാര്യം. ഇഷ്ടത്തോടു കൂടെ ഒരാളെ നോക്കിയാല്‍ ഉള്ള തെറ്റുപോലും കാണില്ല. ഇഷ്ടമില്ലാതെ നോക്കിയതാണെങ്കില്‍ ഇല്ലാത്തതും കാണും. “വഐനുര്‍റിളാ അന്‍കുല്ലി ഐബിന്‍…..” എന്ന അറബി കാവ്യത്തിന്റെ താത്പര്യവും അതാണ്. റസൂലുല്ലാഹി(സ)യെ നിങ്ങള്‍ വിമര്‍ശനബുദ്ധ്യാ നോക്കി. മൌദൂദിയെ വിമര്‍ശനബുദ്ധ്യാ നോക്കിയില്ല. അപ്പോള്‍ റസൂലുല്ലാഹിയുടെ തെറ്റല്ലാത്ത സംഗതിയും തെറ്റായി തോന്നി. മൌദൂദിയുടെ ഒരു തെറ്റും കാണാന്‍ കഴിഞ്ഞതുമില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞിടത്തേക്ക് എത്തിയില്ലേ?

    ഈ സംഭവം ഞാന്‍ പറയാനിടവന്നത് മൌലിദിനോട് വച്ചു പുലര്‍ത്തുന്ന നിലപാടിനെപ്പറ്റി ആലോചിച്ചപ്പോഴാണ്. റസൂലുല്ലാഹി(സ)യോട് മാനസികമായ അടുപ്പം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്, മൌലിദിനോട് വെറുപ്പുണ്ടാവുന്നത്. എന്നാല്‍ റസൂല്‍(സ)യോട് മാനസികമായ ബന്ധമുള്ളവരായിരുന്നു നമ്മുടെ പൂര്‍വ്വിക•ാര്‍. അവര്‍ റസൂലുല്ലാഹി(സ)യെ വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്തിട്ടുണ്ടെങ്കില്‍ എങ്ങനെയാണ് അത് ശിര്‍ക്കാണെന്നു പറയുക? ‘അല്‍ഹംദുലില്ലാ’ എന്നല്ലേ നമ്മള്‍ പറയുന്നത്; സര്‍വസ്തുതിയും അല്ലാഹുവിനാണെന്ന്. ഒന്നാലോചിച്ചു നോക്കൂ, ലളിതമായിട്ട്. സര്‍വസ്തുതിയും അല്ലാഹുവിനാണ് എന്നു പറഞ്ഞാല്‍ റസൂലുല്ലാഹി(സ)യെ പുകഴ്ത്തിയാല്‍ അതും അല്ലാഹുവിനുള്ള പുകഴ്ത്തലല്ലേ? പിന്നെങ്ങനെയാണ് ഇത് ശിര്‍ക്കും ബിദ്അത്തുമൊക്കെ ആകുന്നത്?

    മുഹമ്മദ് എന്ന പേരിന്റെ അര്‍ത്ഥമെന്താണ്? ‘വാഴ്ത്തപ്പെടുന്നവന്‍’ എന്നല്ലേ. അല്ലാഹു അബ്ദുല്‍ മുത്തലിബിന് ഇല്‍ഹാമായി തോന്നിപ്പിച്ച പേരാണിത്.അപ്പോള്‍ സ്തുതിയും വാഴ്ത്തും അര്‍ഹിക്കുന്ന വ്യക്തിത്വമാണ് റസൂല്‍ എന്നു മനസ്സിലാക്കാന്‍ എവിടെയും പോവണ്ട. അല്ലാമാ ഇഖ്ബാലിന്റെ ഒരു കവിതയുടെ ആശയം ഇങ്ങനെയാണ് : ‘നിന്റെ ശരീരമാകുന്ന അബൂജഹ്ലില്‍ നിന്ന് നിനക്ക് മോചനം കിട്ടണമെങ്കില്‍ നീ നിന്റെ കൈ അഹദിലേക്കും അഹ്മദിലേക്കും ചേര്‍ത്തു വെക്കുക.’ അഹദിലേക്കു മാത്രം ചേര്‍ത്തു വച്ചാല്‍ പോരെന്നാണ് കവി പറയുന്നത്. അഹ്മദിലേക്കും ചേര്‍ത്തുവെക്കണം. എന്താണ് അഹ്മദും അഹദും തമ്മിലുള്ള വ്യത്യാസം. അഹ്മദില്‍ മീമുണ്ട്; അഹദില്‍ മീമില്ല. അതുതന്നെ വ്യത്യാസം? മീമ് എന്തിനെയാണ് സൂചിപ്പിക്കുന്നത്? മനുഷ്യനെത്തന്നെ.

    അങ്ങനെ റസൂലുല്ലാഹി(സ)യെ ഹൃദയത്തില്‍ വരിച്ചവര്‍, സ്നേഹിച്ചവര്‍, അവിടുത്തോട് അനുരാഗം വച്ചവര്‍; ഇത്തരത്തിലുള്ള ആളുകള്‍ എഴുതിയതാണ് മൌലിദ്. അവര്‍ക്ക് അവരുടെ ഹൃദയത്തിലെ നിറഞ്ഞ സ്നേഹവും അനുരാഗവും പ്രകടിപ്പിക്കേണ്ടതുണ്ട്. അതിനു വേണ്ടി പേനയെടുത്തതാണവര്‍. ആ മൌലിദുകള്‍ക്ക് അവരവര്‍ ജീവിക്കുന്ന സാഹചര്യവുമായി ബന്ധമുണ്ട്. ആ ബന്ധവും നമ്മള്‍ പഠിക്കേണ്ടതാണ്.

      ഒരു പാട് മൌലിദുകളുണ്ട്. അതില്‍ എപ്പോഴും ഓതിക്കൊണ്ടിരിക്കുന്നത് സൈനുദ്ദീന്‍ മഖ്ദൂമിന്റെ മന്‍ഖൂസ് മൌലിദാണ്. മഖ്ദൂമുമാരുടെ ജീവിത സാഹചര്യമെന്തായിരുന്നു? പോര്‍ച്ചുഗീസുകാരുടെ വരവിന്റെ കാലഘട്ടമാണത്. സാമൂതിരിപ്പാടാണ് രാജ്യം ഭരിക്കുന്നത്. കാലത്തിന്റെ ഗതിയറിഞ്ഞ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ ആദ്യമായി ‘തഹ്രീളു അഹ്ലില്‍ ഈമാന്‍’ എന്ന ഗ്രന്ഥമെഴുതി. ആളുകളെ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സമരം ചെയ്യാന്‍ പ്രേരിപ്പിക്കാനാണ് അതെഴുതിയത്. കവിതയാണത്. ആ പശ്ചാത്തലം തന്നെയാണ് മന്‍ഖൂസ് മൌലിദിന്റെയും പശ്ചാത്തലം. അക്രമികളുടെ (അദുവ്വ്) കാലഘട്ടമാണത്. മൌലിദിന്റെ അവസാനത്തിലുള്ള പ്രാര്‍ത്ഥനയില്‍ ഈ അദുവ്വിനെ – ശത്രുവിനെപ്പറ്റിയുണ്ട്. ഇബ്നു ഹജറുല്‍ ഹൈതമി റഹിമഹുല്ലാഹ് ആണ് ആ പ്രാര്‍ത്ഥന എഴുതിയത്. ‘അല്ലാഹുമ്മ ഇന്നാ നതവസ്സലു ഇലൈക ബിസ്മികല്‍ അളീം…’ ആ പ്രാര്‍ത്ഥനയില്‍ ആ സാഹചര്യമടങ്ങിയിട്ടുണ്ട്. അവിടെ ‘വബാഅ്’ എന്നു കാണാം. ‘ത്വാഊന്‍’ എന്ന് കാണാം. ‘ളുല്‍മ്, അദുവ്വ്’ ഇതൊക്കെ കാണാം. ആരാണ് അന്നത്തെ അക്രമികള്‍? സാമൂതിരിപ്പാട് ഒരിക്കലും നമ്മോട് അക്രമം ചെയ്തിട്ടില്ല. സാമൂതിരിയുടെ ഭരണത്തില്‍ മുസ്ലിംകള്‍ സുരക്ഷിതരായിരുന്നു. പള്ളിയിലെ ഉസ്താദുമാര്‍ക്കടക്കം ശമ്പളം കൊടുത്തിരുന്നു. ആരെങ്കിലും കൊല നടത്തിയിട്ടുണ്ടെങ്കില്‍ ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് ശിക്ഷ നല്‍കിയിരുന്നു. ഇന്നത്തെ സെക്കുലര്‍ സര്‍ക്കാറുകളില്‍ നിന്ന് മുസ്ലിംകള്‍ അനുഭവിക്കുന്നതിനെക്കാള്‍ കൂടുതല്‍ സ്വാതന്ത്യ്രങ്ങളും സൌകര്യങ്ങളും അനുഭവിച്ചിരുന്നു സാമൂതിരിപ്പാടിന്റെ കാലഘട്ടത്തില്‍. എന്നു മാത്രമല്ല, ഹൈന്ദവ വിശ്വാസപ്രകാരം കടലില്‍ യുദ്ധം ചെയ്യാന്‍ പറ്റില്ല. അത് അവര്‍ക്ക് തെറ്റാണ്. അതുകൊണ്ട് സാമൂതിരിപ്പാട് കടല്‍തീരത്ത് താമസിക്കുന്ന അമുസ്ലിം സഹോദര•ാരോട് ഇസ്ലാം മതം സ്വീകരിക്കാന്‍ ആഹ്വാനം ചെയ്തു. അങ്ങനെ 1000 വീട്ടുകാര്‍ ഇസ്ലാം സ്വീകരിച്ചു എന്നാണ് ചരിത്രം. അറിയില്ലേ ചെമ്മാട് പ്രദേശം? ആയിരാം വീട്ടില്‍(എ വി) അബ്ദു ഹാജിയെ അവിടുത്തുകാര്‍ക്കറിയാം. കടല്‍തീരത്ത് 1000 വീട്ടുകാര്‍ സാമൂതിരിപ്പാടിന്റെ കല്‍പനയനുസരിച്ച് ഇസ്ലാം സ്വീകരിച്ച കൂട്ടത്തില്‍ ആയിരാമത്തെ വീടാണ് അദ്ദേഹത്തിന്റേത്. അതുകൊണ്ട് അദ്ദേഹത്തിന്റെ ഇനീഷ്യല്‍ ആയിരാംവീട്ടില്‍ എന്നായി. ‘അദുവ്വിനാ’ എന്ന് പ്രാര്‍ത്ഥനയില്‍ പറയുമ്പോള്‍ അന്നത്തെ കാലത്ത് പോര്‍ച്ചുഗീസുകാരെയാണ് ഉദ്ദേശം. ഇപ്പോള്‍ കാലഘട്ടം മാറി. ഇന്ന് സാമ്രാജ്യത്വ ശക്തികളോട് നമ്മുടെ സമീപനം എന്താണെന്ന് മനസ്സിലാക്കണം.

     കുറച്ചു മുമ്പ് ലോകകപ്പ് നടക്കുന്നു. ഞാനൊരു പ്രീ പ്രസ് ഷോപ്പില്‍ ഇരിക്കുകയാണ്. ഒരു കുട്ടി ഫ്ളക്സ് ഉണ്ടാക്കാന്‍ വന്നു. വേള്‍ഡ് കപ്പ് നടക്കുകയല്ലേ; നീ ആരുടെ ഫാനാണെന്ന് ചോദിച്ചു ഞാനവനോട്. ‘ഇംഗ്ളണ്ടിന്റേതാണ്’ എന്ന് മറുപടി. ‘പാര്‍ട്ടി ഏതാണ്?’ ‘ഞങ്ങള്‍ കെ എസ് യുക്കാരാണ്’.

‘ഗാന്ധിജിയുടെ പാര്‍ട്ടിയല്ലേ. ഗാന്ധിജി ബ്രിട്ടീഷുകാരോട് ക്വിറ്റ് ഇന്ത്യ എന്നു പറഞ്ഞതല്ലേ? അവര്‍ ഇവിടെ വന്ന് അക്രമം ചെയ്ത് വാഗണ്‍ ട്രാജഡി ഉണ്ടാക്കി. എത്രയോ ആളുകളെ കൊന്നു. അതുപോലെ കുറെ ആളുകളെ നാടുകടത്തി. മമ്പുറം തങ്ങളുടെ വഫാത്ത് തന്നെ അവരുമായിട്ടുള്ള ഫൈറ്റില്‍ ഉണ്ടായതാണ്. കാല്‍ തുടക്ക് വെടി കൊണ്ട് ആ വ്രണം വലുതായിട്ടാണ് അദ്ദേഹത്തിന്റെ വിയോഗം നടക്കുന്നത്. അങ്ങനെയുള്ള മമ്പുറം തങ്ങളോട് ചെയ്തത്, സയ്യിദ് ഫള്ല്‍ പൂക്കോയ തങ്ങളോട് ചെയ്തത്, വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജിയെ മരത്തില്‍ കെട്ടിയിട്ടാ വെടിവച്ചത്. ബ്രിട്ടീഷുകാരോടുള്ള വിരോധം വച്ചു പുലര്‍ത്തിയതുകൊണ്ടാണ് അവര്‍ക്കൊക്കെ ഇങ്ങനെ സംഭവിച്ചത്. എന്നിട്ട് അവരോട് ഇന്ത്യ വിട്ടു പോവൂ എന്നു പറഞ്ഞ മഹാത്മാ ഗാന്ധിയുടെ പി•ുറക്കാരായ കെ എസ് യുക്കാര്‍ എന്തേ ഇങ്ങനെ വെള്ളക്കാരെ വെല്‍ക്കം ചെയ്യാന്‍ വേണ്ടിയിട്ട് ഫ്ളക്സ് ഉണ്ടാക്കുന്നത്’ എന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു: ‘ഇത് കളിയല്ലേ?’ കളിയല്ലേ എന്നു പറഞ്ഞാല്‍ എല്ലാറ്റിനും ജസ്റിഫിക്കേഷനായി.

അപ്പോള്‍ സാഹചര്യം മാറിയിട്ടുണ്ട്. അവരൊക്കെ ആരോടൊക്കെ പൊരുതിയോ, അവരോട് നമ്മുടെ സമീപനമെന്താണെന്ന് നമ്മള്‍ ചിന്തിക്കണം. ഇന്നത്തെ പുതിയ തലമുറ ചിന്തിക്കണം.

    വാസ്കോ ഡ ഗാമ വരുന്ന സമയത്ത് മക്കത്തു നിന്ന് ഹജ്ജ് കഴിഞ്ഞ് കുറെ ആണുങ്ങളും പെണ്ണുങ്ങളും കപ്പലില്‍ വരികയാണ്. കടലില്‍ വച്ച് ഗാമ ആ കപ്പല്‍ പിടിച്ചിട്ട് അതിലുള്ള ഹാജിമാരായ ആണുങ്ങളെയും പെണ്ണുങ്ങളെയും അങ്ങനെത്തന്നെ ചുട്ടു കൊന്നു. അവര്‍ ജീവനുവേണ്ടി കെഞ്ചി; ‘ഞങ്ങളുടെ ജീവന്‍ തരൂ, ബാക്കിയുള്ളതൊക്കെ എടുത്തോളൂ’ എന്ന്. അത്തരത്തിലുള്ള കൊള്ളത്തലവനാണ് അദ്ദേഹം. അയാളുടെയും പിന്‍ഗാമികളുടെയും ബുദ്ധിമുട്ടുകൊണ്ട് അവരെ നാട്ടില്‍ നിന്നു പറഞ്ഞയക്കാന്‍ വേണ്ടി അറബ് ലോകത്തും ഇന്ത്യയുടെ പല ഭാഗത്തുമുള്ള രാജാക്ക•ാരോടൊക്കെയും സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് എഴുതപ്പെട്ടതാണ് ‘തുഹ്ഫതുല്‍ മുജാഹിദീന്‍’. സൈനുദ്ദീന്‍ മഖ്ദൂം സ്വഗീറിന്റെതാണത്. ആ പോര്‍ച്ചുഗീസുകാരെയാണ് നമ്മള്‍ രണ്ടാമതും തിരിച്ചുകൊണ്ടുവരാന്‍ വേണ്ടി ഫ്ളക്സ് കെട്ടുന്നത്. ആ സാമ്രാജ്യത്വ ശക്തിക്കെതിരില്‍ സഹായിക്കാന്‍ വേണ്ടിയാണ് അല്ലാഹുവിനോട് മൌലിദ് ഓതി ആവശ്യപ്പെടുന്നത്.

   അതൊരു പശ്ചാത്തലം. അതേപോലെ തന്നെ നാട്ടില്‍ വളരെ വ്യാപകമായി കോളറ ബാധിച്ചു. അത് ബാധിച്ചപ്പോള്‍ അതിനെതിരില്‍ അന്ന് ഇന്നത്തേതു പോലെ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഔഷധ പ്രയോഗങ്ങളും ശക്തമായിട്ട് ഉണ്ടായിരുന്നില്ല. മൌലിദ് ഓതി പ്രാര്‍ത്ഥിച്ചാണ് അവര്‍ അക്കാലത്തെ നേരിട്ടത്. യഥാര്‍ത്ഥത്തില്‍ ഭൌതിക ലോകത്തുണ്ടാകുന്ന എല്ലാ സംഭവങ്ങള്‍ക്കും ഒരു ആധ്യാത്മികമായ കാരണമുണ്ട്.

    ഇക്കണക്കിന് നമ്മള്‍ ഇന്ന് മൌലിദ് എത്ര മാത്രം വ്യാപകമാക്കണം. മുപ്പത്തിയൊന്ന് ശതമാനം മഴകുറഞ്ഞ കാലമാണിത്. ഭരണാധികാരിക്ക് തരാന്‍ പറ്റുന്നതല്ല മഴ. അല്ലാഹു ഭൂമി ഉണ്ടാക്കിയ ശേഷം ഏറ്റവും കൂടുതല്‍ ചൂട് വന്നത് 2010 ലാണത്രെ. ഭൂമിയില്‍ ഇത്തരം വലിയ ആപത്തുകളൊക്കെ വരുന്ന സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നതിന്റെ ഏറ്റവും നല്ല പാഠമാണ് സൈനുദ്ദീന്‍ മഖ്ദൂം നമ്മെ പഠിപ്പിക്കുന്നത്.

   ആലമുല്‍ ഗൈബുമായി അഥവാ പരോക്ഷ ലോകവുമായി ലോകസംഭവങ്ങള്‍ക്ക് ബന്ധമുണ്ട് എന്നു നമ്മള്‍ കാണണം. വിലക്കയറ്റം കൂടുന്ന സമയത്ത് ഒരു വിശ്വാസി അതെങ്ങനെ കാണണം? “അല്ലാഹുവിന് സൃഷ്ടികളോട് ഇഷ്ടമുണ്ട് എന്നതിന്റെ തെളിവ് അവരുടെ മാര്‍ക്കറ്റില്‍ വിലക്കുറവ് അനുഭവപ്പെടലും അവരുടെ ഭരണാധികാരി നീതിമാനായിരിക്കലുമാണ്. ഇനി അല്ലാഹുവിന് അവന്റെ സൃഷ്ടികളോട് ഇഷ്ടക്കേടുണ്ട് എന്നതിന്റെ തെളിവോ, മാര്‍ക്കറ്റില്‍ വിലക്കയറ്റം അനുഭവപ്പെടലും അവരുടെ ഭരണാധികാരി അക്രമിയാകലുമാണ്.” ഈ ധര്‍മ്മപാഠം നാം മറക്കാന്‍ പാടില്ല. ഏതു സംഭവത്തെ വിലയിരുത്തുമ്പോഴും ഭൌതികമായ വിലയിരുത്തലുകള്‍ക്കപ്പുറം നമ്മള്‍ ആധ്യാത്മികമായ തലത്തിലേക്ക് നീട്ടണം കാര്യങ്ങളൊക്കെ. അതാണ് വിശ്വാസിയുടെ പ്രത്യേകത. സൈനുദ്ദീന്‍ മഖ്ദൂം അവര്‍കള്‍ നാട്ടില്‍ വബാഅ് ഉണ്ടായപ്പോള്‍ -കോളറ ഉണ്ടായപ്പോള്‍ മൌലിദ് ഉണ്ടാക്കി ഓതുകയാണ് ചെയ്തത്. റസൂലുല്ലാഹി(സ)യുടെ മദ്ഹായ ആ മൌലിദില്‍ തന്നെ സ്വലാത്താണ് പ്രധാനം. എല്ലാ ആപത്തുകളില്‍ നിന്നും എല്ലാ രോഗങ്ങളില്‍ നിന്നും നമുക്ക് രക്ഷ നല്‍കുന്ന സ്വലാത്ത്; അതാണ് മൌലിദിലുള്ളത്. നന്നായി സ്വലാത്ത് ചൊല്ലി മൌലിദ് ഓതി പടച്ചവനോട് പറഞ്ഞപ്പോള്‍ തീരുകയും ചെയ്തു ആ നാട്ടില്‍ പടര്‍ന്നു പിടിച്ച കോളറ. വേറെ ഒരു പ്രത്യൌഷധങ്ങളും കൊണ്ടല്ല അത് സുഖപ്പെട്ടത്. പലരുടെയും പ്രചാരണങ്ങളൊക്കെ കേട്ട് നമുക്കിടയില്‍ കുറയുന്നുണ്ട് ഇത്തരം കാര്യങ്ങളൊക്കെ.

   മുമ്പ് സ്വലാത്ത് ഉറക്കെ ചൊല്ലിയ പോലെ ഇപ്പോള്‍ ചൊല്ലുന്നുണ്ടോ? വേണ്ട എന്നു വിചാരിച്ചിട്ടല്ല. ചൊല്ലണമെന്ന് മനസ്സിലുണ്ടാകും. റസൂലുല്ലാഹി(സ)യുടെ പേര് കേള്‍ക്കുമ്പോള്‍ പറയാന്‍ തോന്നുന്നില്ല. ഒരു മടി നമ്മെയും ബാധിച്ചിരിക്കുന്നു. ചൊല്ലുക എന്ന് മറ്റുള്ളവരോട് പറയാനല്ല ബുദ്ധിമുട്ട്, പ്രാക്ടിക്കലാക്കാനാണ്. അല്ലാഹു സ്വീകരിക്കണമെങ്കില്‍ സ്വലാത്ത് അപ്പുറവും ഇപ്പുറവും ചൊല്ലണം. റസൂലുല്ലാഹി(സ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലിയിട്ടില്ലെങ്കില്‍ പ്രാര്‍ത്ഥന മേല്‍പോട്ടും പോകില്ല, കീഴ്പോട്ടും പോകില്ല എന്നാണ്.

  നമ്മുടെ എല്ലാ ന്യൂനതയും തുറന്നു പറയണം. മൌലിദിന്റെ പ്രാര്‍ത്ഥനയില്‍ അതും ഉണ്ട്. മഴ ചോദിക്കുന്നതിനു മുമ്പ് തെറ്റുകള്‍ ഏറ്റുപറഞ്ഞ് മാപ്പ് ചോദിക്കണം. നൂഹ്നബി(അ) ഇക്കാര്യം ചൂണ്ടിക്കാണിച്ചതായി പറയുന്നുണ്ട്. മഴ പെയ്യാന്‍ മരം മാത്രം പോരാ. ഭൌതികമായിട്ടുള്ള പ്രതിവിധികള്‍ കാണണ്ട എന്നല്ല പറയുന്നത്. ഒപ്പം ഒരു വിശ്വാസി ഏതു കാര്യത്തെയും അതിന്റെ ആധ്യാത്മികമായ തലത്തില്‍ നിന്നു കൊണ്ട് കാണേണ്ടതുണ്ട്. പ്രകൃതിദ്രോഹവും ഈ അധ്യാത്മിക നിമിത്തത്തില്‍ പെട്ടതാണ്. പ്രകൃതിയെ ദ്രോഹിക്കുന്നത് അല്ലാഹുവിനെ ദ്രോഹിക്കുന്നതില്‍ പെട്ടതാണ്. നാം പ്രകൃതിയെ ദ്രോഹിക്കാന്‍ പാടില്ല. അല്ലാഹു നമുക്ക് അനുഭവിക്കാന്‍ തന്നിട്ടുള്ള പ്രകൃതിയാണിത്. നബി അത് നന്നായി പഠിപ്പിച്ചിട്ടില്ലേ? യുദ്ധത്തിനു പോകുന്ന സമയത്തു പോലും ആവശ്യമില്ലാതെ മരം മുറിക്കരുത് എന്ന് റസൂല്‍ പറഞ്ഞിട്ടില്ലേ? പരിശുദ്ധ ഖുര്‍ആനില്‍ ധാരാളം പഴങ്ങളും തോട്ടങ്ങളുമൊക്കെ ഉള്ള ഒരു പ്രദേശത്തെ സംബന്ധിച്ച് വിശേഷിപ്പിച്ചത് ഏറ്റവും നല്ല രാജ്യം എന്നാണ്. മരം മുറിച്ചു എന്നു വിചാരിച്ച് മീകാഈല്‍ പണി മുടക്കുകയില്ല. പ്രാര്‍ത്ഥനയാണ് വിശ്വാസിയുടെ ആയുധം. അല്ലാഹുവിനോട് ചോദിക്കുന്നതിനു മുമ്പ് അല്ലാഹുവിന്റെ ഹബീബായിട്ടുള്ള റസൂലുല്ലാഹി(സ)യെ പ്രകീര്‍ത്തിക്കണം. വാഴ്ത്തണം. അങ്ങനെ പ്രകീര്‍ത്തിച്ച് മൌലിദ് ഓതിയതിനു ശേഷം അല്ലാഹുവിനോട് ചോദിക്കണം. അതാണ് ചരിത്ര പശ്ചാത്തലത്തില്‍ വച്ച് മൌലിദിനെ കാണുമ്പോള്‍ നാം മനസ്സിലാക്കേണ്ടത്.

  കേരളീയരായ പണ്ഡിതര്‍ തന്നെ എത്രയെത്ര മൌലിദ് എഴുതിയിട്ടുണ്ട്. റസൂലുല്ലാഹി(സ)യെ പറ്റിയുള്ള മൌലിദ് മാത്രമല്ല; ഹംസത്ത് എന്നവരെ പറ്റിയുള്ള മൌലിദുണ്ട്. ആഇശ(റ)യെപ്പറ്റി, സിദ്ദീഖ്(റ), ഉമര്‍(റ), അലി(റ), ഉസ്മാന്‍(റ), സുലൈമാന്‍ നബി(അ), ഇല്യാസ് നബി(അ)യെ പറ്റി അടക്കം കേരളീയര്‍ മൌലിദ് എഴുതിയിട്ടുണ്ട്. ഇന്ന് പുതിയ തലമുറ ഇവരില്‍ നിന്നൊക്കെ അശ്രദ്ധരായി നില്‍ക്കുകയാണ്. ഐശ്വര്യറായി എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും നിശ്ചയമുണ്ടാകും. പക്ഷേ ഇസ്ലാമിക ചരിത്രത്തിലെ മറ്റൊരു സൌന്ദര്യത്തെപറ്റി- യൂസുഫ് നബിയെ പറ്റി ആര്‍ക്കും അറിവുണ്ടാകില്ല. അത്തരത്തിലുള്ള സൌന്ദര്യത്തിന്റെ പ്രതീകങ്ങളെയൊക്കെ നമ്മുടെ കുട്ടികള്‍ അറിയണം. അതൊക്കെ മറന്നു പോയി. അതിന്റെ സ്ഥാനത്ത് ഐശ്വര്യ റായിയും മറ്റും വരികയല്ലേ ചെയ്യുന്നത്.

   മനോഹരമായി മൌലിദൊക്കെ ചൊല്ലി പഠിപ്പിക്കണം. സ്റേജില്‍ മാത്രം പോരാ; വീട്ടിലും. റബീഅ് എന്ന വാക്കിന്റെ അര്‍ത്ഥം വസന്തം എന്നാണ്. വസന്തം എന്നു പറഞ്ഞാല്‍ അതില്‍ പൂക്കളുണ്ടാകും. കായ്കളുണ്ടാകും. പക്ഷികള്‍ തോട്ടത്തില്‍ വന്ന് പാട്ടു പാടും. ഇതൊക്കെയാണ് വസന്തം. അതുപോലെ റബീഉല്‍ അവ്വല്‍ വസന്തമാക്കണം. സുഗന്ധവസ്തുക്കളുപയോഗിച്ചു കൊണ്ട് അന്തരീക്ഷം സുഗന്ധമയമാക്കിത്തീര്‍ക്കണം. പനിനീര്‍, അത്തര്‍ ഒക്കെ വേണം. റബീഇനെ അലങ്കരിക്കുക. വീടുകളില്‍ മൌലിദ് ആലപിച്ചു കൊണ്ട് ഗാനാലാപനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുക. അങ്ങനെ പുതിയ തലമുറയെ അതിലേക്ക് അടുപ്പിക്കണം. അവരുടെ മനസ്സില്‍ റസൂല്‍(സ) ഹീറോ ആകട്ടെ. അപ്പോഴേ റസൂലുല്ലാഹി(സ)യെ അനുകരിക്കുകയുള്ളൂ. ‘അല്ലാഹുവിന്റെ റസൂലില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട്’ എന്നു ഖുര്‍ആന്‍ പറഞ്ഞു. മാതൃകയെ അനുസരിക്കുന്നതിനു പകരം അനുകരിക്കുകയാണ് ചെയ്യുക. മോഡലിനെ അനുകരിക്കുകയല്ലേ ചെയ്യുക. അനുസരിക്കുന്നതിനെക്കാള്‍ വലുതാണ് അനുകരിക്കല്‍. അനുകരിക്കണമെങ്കില്‍ ഹൃദയത്തിന്റെ ഉള്ളില്‍ ഹീറോ ആയി വരണം. ക്രിക്കറ്റ് കളിക്കാരന്റെതു പോലെ തലമുടി സംവിധാനിക്കണമെന്നും താടിവെക്കണമെന്നുമാണ് ചെറുപ്പക്കാര്‍ക്കുള്ളത്. റസൂലുല്ലാഹി(സ)യുടെ സുന്നത്തല്ല, വേറെ ചിലരുടെ സുന്നത്താ. ഫര്‍ള് എടുക്കുന്നില്ലെങ്കിലും അവര്‍ ‘സുന്നത്ത്’ എടുക്കുന്നുണ്ട്. അതാണ് സുന്ദരം എന്നിടത്തേക്ക് എത്തുകയാണവര്‍. അങ്ങനെ അവരറിയാതെ റസൂലുല്ലാഹി(സ) സൌന്ദര്യമായി നമുക്ക് പഠിപ്പിച്ചു തന്നിടത്തേക്ക് അവര്‍ എത്തുകയാണല്ലോ ചെയ്യുന്നത്. അവരുടെ ഉള്ളില്‍ നിന്ന് അത്തരം ഹീറോകളെ മാറ്റിയിട്ട് തല്‍ സ്ഥാനത്ത് റസൂലുല്ലാഹി(സ)യും അവിടത്തെ സ്വഹാബത്തുമൊക്കെ ഹീറോ ആയി വരട്ടെ. എന്റെ പേര് ഹംസ എന്നാണ്. എന്റെ തലമുറയില്‍ ഒരുപാട് ഹംസകളുണ്ടാകും. ഈ കൂട്ടത്തില്‍ എത്ര ‘ഹംസ’കളുണ്ട് എന്നു ചോദിച്ചാല്‍ ഉത്തരം പൂജ്യമായിരിക്കും. കാരണം നമ്മുടെ കാലത്തിന് ഹംസത്തുല്‍ കര്‍റാര്‍ (റ) ഹീറോ അല്ല. മുമ്പതല്ല കാര്യം. ബദ്ര്‍ പടപ്പാട്ട് പൂര്‍വീകരായിട്ടുള്ള ആളുകള്‍ പാടിയിരുന്നു. അത് കേള്‍പ്പിച്ചിരുന്നു. മനോഹരമായി വ്യാഖ്യാനിച്ചിരുന്നു. ‘വമ്പുറ്റ ഹംസ റളിയല്ലാ, ആനഫോദസദുല്‍ ഇലാഹി’ തുടങ്ങി പാട്ടുകള്‍ എത്ര മുത്തഖീങ്ങളെ സൃഷ്ടിച്ചു. “ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്റെ നബിയുടെ ഹൌളില്‍ നിന്ന് വെള്ളം കുടിക്കാന്‍ ധൈര്യമുള്ളവന്‍ ഈ നാലു ദിക്കില്‍ ഒരിടത്തുമില്ല. ജിന്നിലും ഇന്‍സിലുമില്ല.” അത്രത്തോളം ശൂരത്വം നിറഞ്ഞ വാക്കുകളൊക്കെ ഹംസത്ത് (റ) പറഞ്ഞപ്പോള്‍, അത് പാട്ടിലൂടെയൊക്കെ കേട്ടപ്പോള്‍ എന്റെ ബാപ്പ തീരുമാനിച്ചു. എന്റെ കുട്ടിക്ക് ഹംസ എന്നാവട്ടെ പേര്. അങ്ങനെ എന്റെ പിതാവിന്റെ തലമുറയില്‍ പെട്ടവരൊക്കെ ചിന്തിച്ചു. ഇന്ന് അതില്‍ നിന്നൊക്കെ മാറി.

   പുതിയ നാഗരികതിയില്‍ നമുക്ക് ഒരുപാട് കാര്യങ്ങള്‍ക്ക് തേയ്മാനം വരുന്നുണ്ട്. ആ തേയ്മാനം മനസ്സിലാക്കി അതിനെ പുന:പ്രതിഷ്ഠിക്കാന്‍ സമൂഹത്തെ നമ്മള്‍ ജാഗരൂകരാക്കണം. ഒരു സമൂഹം നിലനില്‍ക്കണമെങ്കില്‍ ഏറ്റവും പ്രധാനപ്പെട്ടത് അദ്ലാണ്-നീതി. ആകാശഭൂമിയടക്കം പ്രപഞ്ചം തന്നെ നിലനില്‍ക്കുന്നത് അദ്ലിന്റെ മുകളിലാണ്. റസൂലുല്ലാഹി(സ)യെ പറ്റി ഹലീമ ബീവി പറഞ്ഞത് മൌലിദിലുണ്ട്; ‘മുലകുടിക്കുന്ന കാലത്തു തന്നെ അല്ലാഹു റസൂലുല്ലാഹി(സ)ക്ക് നീതി പഠിപ്പിച്ചിരുന്നു. അതുകൊണ്ട് മുലകൊടുക്കുന്ന സമയത്ത് ഞാന്‍ വലത്തേ മുല കൊടുത്താല്‍ കുട്ടി കുടിക്കും. ഇടത്തേ മുല കൊടുത്താല്‍ കുട്ടി കുടിക്കില്ല.’ കാരണമെന്താണ്? അവിടെ ഒരാള്‍ കൂടിയുണ്ട്; ഹലീമാ ബീവി(റ)യുടെ സ്വന്തം മകന്‍. അവനും വേണ്ടേ മുലപ്പാല്‍? അതല്ലാഹു റസൂല്‍ (സ)യെ അറിയിച്ചു. അതുകൊണ്ട് വലത്തെ മുല മാത്രം റസൂലുല്ലാഹി(സ) കുടിക്കുന്നു. ഇടത്തെ മുല കുടിക്കാന്‍ വിസമ്മതിക്കുന്നു.

മൌലിദില്‍ പറഞ്ഞ പാഠമാണിത്. അദ്ല് എന്ന ഏറ്റവും സ്ഥായിയായി നിലനില്‍ക്കേണ്ട ഒരു പാഠം ഇന്ന് പലയിടത്തും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു.

    മൌലിദ് ഓതുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി മനസ്സിരുത്തി പഠിച്ചാല്‍ നമ്മുടെ പണ്ഡിത•ാര്‍, പൂര്‍വ്വഗാമികള്‍ എന്തിനുവേണ്ടി ജീവിച്ചു, നാമെന്തിനു ജീവിക്കണം എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുത്തരം കിട്ടും. അങ്ങനെ നീതിക്ക്, ന•ക്ക്, സത്യത്തിന് ഒക്കെ വേണ്ടി ജീവിക്കാനുള്ള ത്വരയാണ്, പ്രോത്സാഹനമാണ് മൌലിദുകള്‍ നമുക്ക് നല്‍കുന്നത്. സാഹചര്യം പഠിക്കുമ്പോള്‍, മൌലിദിലൂടെ പോവുമ്പോള്‍ അതാണ് നമുക്ക് ഉരുത്തിരിഞ്ഞു കിട്ടുന്നത്. (ശൈഖുനാ കുണ്ടൂര്‍ ഉസ്താദ് ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച് ‘മൌലിദുകളുടെ സാമൂഹികത’ എന്ന വിഷയത്തില്‍ ചെയ്ത പ്രസംഗത്തില്‍ നിന്ന്)

One Response to "മൗലിദുകളുടെ സാമൂഹികത"

  1. MUHAMMAD ALI  January 13, 2015 at 7:56 am

    ലേഖനത്തിന്റെ തലക്കെട്ട്‌ പോലെത്തന്നെ ഉള്ളടക്കത്തിലും നിറഞ്ഞു നില്ക്കുന്നത് പ്രവാചകനോടുള്ള സ്നേഹമല്ല, മറിച്ച്, മൌലീദിനോടുള്ള ഇഷ്ടവും സ്നേഹവുമാണ്.
    ‘എന്റെ ചര്യ വല്ലവനും ജീവിപ്പിച്ചാല്‍ അവന്‍ എന്നെ സ്‌നേഹിച്ചു. എന്നെ ആരെങ്കിലും സ്‌നേഹിച്ചാല്‍ അവന്‍ എന്നോടൊപ്പം സ്വര്‍ഗത്തിലായി.’
    ‘നമ്മുടെ ഈ മതത്തിൽ പുതുതായി വല്ലതും ഉണ്ടാക്കിയാൽ അത് തള്ളപ്പെടെണ്ടാതാണ് ‘

    പ്രവാചകനെ അനുസരിക്കണമെന്നും അനുകരിക്കണമെന്നും പറയുമ്പോൾ തന്നെ ബിദ്അത്തിനെ അംഗീകരിക്കുക എന്ന അനുസരണക്കേടും പ്രവാചകൻ കല്പിക്കാത്ത മൌലിദ് കഴിച്ചു അനുകരണക്കേടും കാണിക്കണമെന്നാണ് പഠിപ്പിക്കുന്നത്‌. വീടിനെയും കാറിനെയും ഇഷ്ടപ്പെടുന്നത് പോലെയല്ല പ്രവാചകനെ സ്നേഹിക്കേണ്ടത്. പ്രവാചകന്റെ സുന്നത്തിനെ പിൻപറ്റലാണ്‌ യഥാർത്ഥ സ്നേഹം.

You must be logged in to post a comment Login