ഉറ്റവരുടെ ഉള്ളുരുക്കങ്ങള്‍

മന്‍സൂര്‍
പരപ്പന്‍പൊയില്‍

റമളാനില്‍ പലയിടത്തുനിന്നായിക്കിട്ടിയ സംഖ്യ ഉപയോഗിച്ച് ശൌച്യാലയം നിര്‍മിച്ചതിന്റെ നിര്‍വൃതിയിലാണവന്‍. ഇനി, അന്തിമയങ്ങുമ്പോള്‍ ഉറ്റവര്‍ കേറിക്കിടക്കുന്ന റൂമിന്റെ ചുമര് ഒന്നു തേക്കണമെന്ന മോഹവുമായാണ് അവന്റെ നടപ്പ്. ഞാനോര്‍ത്തുപോയത് എന്റെ സൌഭാഗ്യത്തെക്കുറിച്ചായിരുന്നു; കാരണം ഉപ്പ പുതിയ വീട് നിര്‍മിക്കുന്നതിന്റെ തിരക്കിലായിരുന്നു.

  പലരുടെതുമെന്നപോലെ എന്റെ ജീവിതത്തിന്റെയും ഗതിമാറ്റിയത് ദഅ്വ വിജ്ഞാന മേഖലയിലേക്കുള്ള  പ്രവേശനമായിരുന്നു. അനേകം ചിത്രശലഭങ്ങള്‍, പല നാടുകളില്‍ നിന്നും അറിവിന്റെ മധു തേടിയെത്തുന്ന ഒരു വൃന്ദാവനമാണിവിടം.സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു പുതുലോകം എന്റെ മുമ്പിലും തുറക്കപ്പെട്ടു. അവിടെ ഉറ്റ മൂന്നു കൂട്ടുകാര്‍, മാതൃ-പിതൃ ബന്ധങ്ങളുടെ മൂല്യം എന്നെക്കാള്‍ അറിയുന്നവര്‍ പുകവലി എന്ന മാരക ശീലത്തിന് കീഴടങ്ങി അകാലത്തില്‍ വിടപറയേണ്ടി വന്ന ഒരു ഹതഭാഗ്യന്റെ മകനാണ് ഒന്നാമന്‍. അവന്റെ പഠനം സ്ഥാപനത്തിനു കീഴിലും മറ്റു ചിലവുകള്‍ ഒരു വ്യക്തിയുടെ കൃപയിലും നടക്കുന്നു. എങ്കിലും പെറ്റുമ്മ ക്വാറി തൊഴിലാളികളുടെ മെസ്സില്‍ കരിയും പുകയും കൊണ്ട് അന്തിപ്പട്ടിണിയെ ഉമ്മറപ്പടി ചവിട്ടിക്കാതെ നോക്കുന്നുവെന്ന് പറയുമ്പോള്‍ അവന്റെ ശബ്ദമിടറുന്നു.കയറിക്കിടക്കാന്‍ ഒരിടം കണ്ട വകയില്‍ ഒരുപാട് കടമുണ്ട്.എങ്കിലും മകന്‍ പഠിച്ച് ഉന്നതിയിലെത്തണമെന്ന് ഏതൊരു മാതാവിനെയും പോലെ ആ ഉമ്മയും ആഗ്രഹിക്കുന്നു.

    റമളാനില്‍ പലയിടത്തുനിന്നായിക്കിട്ടിയ സംഖ്യ ഉപയോഗിച്ച് ശൌച്യാലയം നിര്‍മിച്ചതിന്റെ നിര്‍വൃതിയിലാണവന്‍. ഇനി, അന്തിമയങ്ങുമ്പോള്‍ ഉറ്റവര്‍ കേറിക്കിടക്കുന്ന റൂമിന്റെ ചുമര് ഒന്നു തേക്കണമെന്ന മോഹവുമായാണ് അവന്റെ നടപ്പ്. ഞാനോര്‍ത്തുപോയത് എന്റെ സൌഭാഗ്യത്തെക്കുറിച്ചായിരുന്നു, കാരണം ഉപ്പ പുതിയ വീട് നിര്‍മിക്കുന്നതിന്റെ തിരക്കിലായിരുന്നു.

    രണ്ടാമത്തെ സുഹൃത്തിന്റെ ഉമ്മ ഹൈസ്കൂള്‍ പ്രായത്തിലെ മരിച്ചു പോയിരുന്നു. സര്‍ഗാത്മക ശേഷിയുണ്ടവന്. അവന്റെ പല രചനകളിലും ഉമ്മ കേറിവരുന്നത് ഞാന്‍ കാണാറുണ്ട്. സ്വന്തം നാട്ടില്‍,വീട്ടില്‍ അവനെ സ്വീകരിക്കാന്‍ ആരുമില്ല. ഉപ്പ ജോലി സ്ഥലത്തും ഉമ്മ മണ്ണറക്കുള്ളിലും. അവധി ദിവസങ്ങള്‍ വരുമ്പോള്‍ അവന്റെ മുഖത്ത് ഒരു ഒളിയും ഉണ്ടാവാറില്ല. അവനെന്നും സ്ഥാപനത്തിന്റെ പരിസരത്തു തന്നെ ഉണ്ടാകും. തലോടാന്‍ വല്യുപ്പയോ വല്യുമ്മയോ ഇല്ല.പിന്നെ ഒരു ആശ്വാസം ഇടക്കിടെ വരുന്ന ഉപ്പായുടെ വിളികളാണ്.

   മൂന്നാമത്തെ സുഹൃത്തിന്ന് ഉമ്മയും ഉപ്പയുമൊക്കെയുണ്ട്. പക്ഷേ, അവരൊക്കെ അവരവരുടെ ഇണകളോടൊപ്പം സുഖജീവിതം നയിക്കുന്നു. ഇവന്റെ ജീവിതം ഒരു ചോദ്യചിഹ്നമായി മഴയത്തും വെയിലത്തും നില്‍ക്കുന്നു. ഉപ്പ വിദേശത്തായതിനാല്‍ അങ്ങോട്ട് പോകാന്‍ വയ്യ. ഉമ്മ മറ്റൊരാളുടെ സഖിയായിക്കഴിയുന്നതിനാല്‍ അവിടേക്കു പോകാനും വയ്യ. ഒന്നര വയസ്സ് മുതല്‍ അനുഭവിക്കുന്ന ഈ പൂര്‍ണ അനാഥത്വത്തിന്ന് ഒരല്പം തണല്‍ തന്നിരുന്ന വല്യുപ്പയും വല്യുമ്മയും വാര്‍ധക്യത്തിന്റെ വിവശതയിലേക്ക് കടന്നിരിക്കുന്നു.

     ഒരിക്കല്‍ എന്റെ ഉപ്പയും ഉമ്മയും ഒരുമിച്ച് സ്ഥാപനത്തില്‍ വന്നു.അന്ന് അവര്‍ മടങ്ങിയ ശേഷം അവനെന്നെ വല്ലാത്ത ഒരു നോട്ടം നോക്കി. അതുകണ്ട് ഞാന്‍ ചോദിച്ചു: “’എന്താടാ പറ്റിയത്?’ അപ്പോഴാണ് കുടുംബ കലഹത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണവന്‍ എന്ന സത്യം ഞാനറിയുന്നത്.
ഞാനെത്ര ഭാഗ്യവാന്‍…….! മാതാവിന്റെയും പിതാവിന്റെയും സ്നേഹം വേണ്ടുവോളം നുകര്‍ന്നവന്‍.അവരോ?

You must be logged in to post a comment Login