ഒരു ജന്മം പല ജീവിതങ്ങള്‍

    ജീവിതത്തില്‍ പ്രണയിച്ചിട്ടേ ഇല്ലാത്ത ഒരാള്‍ക്ക് പ്രണയ കവിത എഴുതാന്‍ കഴിയുമോ? ഒരു ഉറുമ്പിനെ പോലും കൊന്നിട്ടില്ലാത്ത ഒരാള്‍ക്ക് ഒരു കൊലപാതകിയുടെ മാനസിക വ്യാപാരങ്ങളെ ജീവന്‍ ചോരാതെ പകര്‍ത്താന്‍ കഴിയുമെങ്കില്‍ പ്രണയിക്കാത്ത ഒരാള്‍ക്കും പ്രണയ കവിത എഴുതാന്‍ കഴിയും. മരിക്കുന്നതിനു മുമ്പാണ് മരണത്തെക്കുറിച്ച് കവി എഴുതിയത്. സ്വന്തം കഥ അല്ലെങ്കില്‍ കവിത ആര്‍ക്കുമെഴുതാം. എന്നാല്‍ മറ്റനേകം ഹൃദയങ്ങളിലേക്ക് കടന്നുചെന്ന് അനേകായിരം വികാരങ്ങളുമായി ലയം കണ്ടെത്തുന്നവനാണ് കവി. എഴുതുമ്പോള്‍ നിങ്ങള്‍ നിങ്ങളല്ലാതാകുന്നു. നിങ്ങള്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങളോ ജീവിതങ്ങളോ ആയിത്തീരുന്നു. ഒരു ജ•ം കൊണ്ട് പരകോടി ജ•ങ്ങള്‍ ജീവിക്കാനുള്ള സാധ്യത കലയിലുണ്ട്, എഴുത്തിലുണ്ട്. സ്വന്തം വ്യക്തിത്വത്തില്‍ നിന്നുള്ള പുറത്തുകടക്കലാണ് സാഹിത്യമെന്ന്  Tradition and Individual Talent  എന്ന ഉപന്യാസത്തില്‍ ടി എസ് എലിയറ്റ് പറയുന്നു. കവി ഹൃദയം ഒരു മാധ്യമമാണ്. അനേകം ജീവിതങ്ങള്‍ക്ക് പുറത്തുവരാനുള്ള ഒരു മാധ്യമം. സ്വന്തം ജീവിതം മനോഹരമായി മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ തന്നെ മറ്റു ജീവിതങ്ങള്‍ക്ക് മുളപൊട്ടാനും വളരാനും പുഷ്പിക്കാനും കായ്ക്കാനുമുള്ള വിസ്താരം നിങ്ങള്‍ക്കുള്ളിലുണ്ടാവണം. അതിരുകള്‍ക്കപ്പുറത്തേക്ക് ഹൃദയത്തെ വിശാലമാക്കുന്നതിലൂടെ നിങ്ങള്‍ക്കത് സാധിക്കും.

    അനസിന്റെ ‘വളര്‍ത്തച്ഛന്‍’ എത്ര അനായാസമാണ് ഹൃദയത്തില്‍ കടന്നുകൂടി നമ്മുടെ കൂടി വളര്‍ത്തച്ഛനാകുന്നത്! ശാരീരിക പ്രണയത്തിനപ്പുറത്ത് പ്രണയത്തിന്റെ സാധ്യത കണ്ടെത്തിയിരിക്കുന്നു സ്വാദിഖലി കെ സി. സത്യവും ദര്‍ശനവുമൊക്കെ വിഷയമാക്കുമ്പോള്‍ അവ അനുവാചകനു കൂടി ബോധ്യപ്പെടുത്താനുള്ള സമഗ്രികള്‍ കവിയുടെ കൈയില്‍ വേണം. ടാഗോറിന്റെ ഗീതാഞ്ജലി സ്വാദിഖലി വായിക്കണം. അനശ്വര പ്രണയത്തെക്കുറിച്ച് ജലാലുദ്ദീന്‍ റൂമിയുടെ കവിതകളും ഒന്നു രുചിച്ചു നോക്കണം. രണ്ടും മലയാളത്തില്‍ ലഭ്യമാണ്. മറവിയെക്കുറിച്ചെഴുതിയ മുര്‍ഷിദിനെ ചങ്ങാതി മറക്കില്ല. ‘സീനിയോറിറ്റി’ സമൂഹത്തിലേക്ക് തുറന്നുവച്ച എഴുത്തുകാരന്റെ കണ്ണാണ്. ഭാഷ നന്ന്; ശില്‍പം ചെത്തിമിനുക്കാനുണ്ട്.
കൂടെയുണ്ട് ചങ്ങാതി

പ്രണയം

ഞാന്‍
മരണത്തെ പ്രണയിക്കുന്നു
നീ ജീവിതത്തെയും
എന്റെ കാമുകി
എന്നെ പ്രണയിക്കുന്നു
നിന്റെ കാമുകി
നിന്നെ വഞ്ചിക്കുന്നു

ഞാന്‍
പ്രണയത്തെ പ്രണയിക്കുന്നു
നീ പ്രണയിക്കുന്നവനെയും
എന്റെ പ്രണയം
അനശ്വരമാണ്
നിന്റെ പ്രണയം
നശ്വരവും.

സ്വാദിഖലി കെ സി
അരീക്കോട്

സീനിയോറിറ്റി

“ഡാ…..
അന്റെ ഞെരിയാണിക്ക് താഴെക്കെടക്ക്ണ പാന്റ്സ് മേലോട്ടു കയറ്റിവെക്ക്… നെനക്കിതൊന്നും ബാധകമല്ലേ…?”
മേലാസകലം ഞെട്ടിത്തരിപ്പിച്ച ശബ്ദവുമായിട്ടാണ് നാട്ടിലെ സീനിയര്‍ അര്‍മാനിക്ക കല്‍പന പുറപ്പെടുവിച്ചത്. ഞെട്ടിത്തരിച്ച ശരീരത്തില്‍ നിന്ന് ദിവാസ്വപ്നം ഗുഡ്ബൈ പറഞ്ഞിറങ്ങി. മനസ്സില്‍ ഖത്തീബിന്റെ ‘വെള്ളിയാഴ്ച വഅള്’ നിഴലിച്ചു.
‘ഞെരിയാണിയുടെ താഴെ വസ്ത്രം ധരിക്കുന്നവന്‍ അഹങ്കാരിയാണ്. അവന്റെ കാല്‍ നരകത്തിലാണ്’ എന്നൊക്കെ ഖത്തീബ് വഅളില്‍ പറഞ്ഞിരുന്നു.
ഹും… അതിനിപ്പോ അര്‍മാനിക്കക്കെന്താ…?
പിറുപിറുത്താണെങ്കിലും അവന്‍ കല്‍പന കേട്ടിടത്തേക്ക് നീരസത്തോടെ തിരിഞ്ഞു നോക്കി.
സമീപത്തെ ചായ മക്കാനിയിലതാ കള്ളി ഷര്‍ട്ടും മുട്ടിനു മേലെ മാടിക്കുത്തിയ കള്ളിമുണ്ടുമുടുത്ത് അഹങ്കാരമുറ്റുന്ന ശരീരവുമായി അര്‍മാനിക്ക നില്‍ക്കുന്നു.
കണ്ടമാത്രയില്‍ ആ നില്‍പ് അവന് പിടിച്ചില്ല. അതുകണ്ടാല്‍ ആര്‍ക്കും പിടിക്കില്ല. തൊട്ടു മുമ്പുണ്ടായ നീരസം കലിക്ക് വഴിമാറാന്‍ നിമിഷം പോലും വേണ്ടിയിരുന്നില്ല.
പാന്റ്സ് അരയില്‍ നിന്ന് കുറച്ചുകൂടി താഴോട്ടിറക്കി ‘ജോക്കി ജഡ്ഢി’ പുറത്തുകാണിച്ച് അടിഭാഗം നിലത്തുരസുന്ന പാന്റ്സുമായി ‘പടിഞ്ഞാറിന്റെ മണി കെട്ടി’ അവന്‍ സമീപത്തെ മൊബൈല്‍ കടയിലേക്ക് കയറി.
*************
ദേഷ്യം കടിച്ചമര്‍ത്തിപ്പിടിച്ച് അര്‍മാനിക്ക ചായക്ക് ഓര്‍ഡര്‍ കൊടുത്തു. ശേഷമയാള്‍ നിരാശയുടെയും ദു:ഖത്തിന്റെയും കനലില്‍ കത്തിച്ച സിഗരറ്റിന് തിരികൊളുത്തി. സമീപത്തെ മൂലയിലിരുന്ന് ആഞ്ഞുവലിച്ച് പുക പുറത്തേക്ക് വിട്ടുകൊണ്ട് അടുത്ത ഇരക്കായി അര്‍മാനിക്ക കാത്തുനിന്നു.

മുഹമ്മദ് ശഫീഖ്, കൊടിയത്തൂര്‍

വളര്‍ത്തച്ഛന്‍

വായന നമുക്കൊരു
വളര്‍ത്തച്ഛന്‍
വായിക്കണം നിങ്ങളെ-
ന്നെഴുത്തച്ഛന്‍.
വിളയും വായിച്ചവന്‍
വളയാതെ.
വളരും വ്യോമാസമം
അറിയാതെ.
വായനയുടെ വായ്ചുവ
ചവയ്ക്കാതറിയില്ല.
ചവച്ചോരൊരിക്കലും
ഇറക്കാതിരിക്കില്ല.
മൌന വായന, മൌലിക വായന
വായന പലതരം
വായിക്കണം
പതിവിലും

അനസ് കെ മൂര്‍ക്കനാട്

You must be logged in to post a comment Login