സമരജീവിതം…

ഹകീം വെളിയത്ത് 

ജീവിതം
വേദനയുടെ സമാഹാരം.
മുറിവുകളുടെ മുള്‍വേലിയെ
ഓര്‍മയുടെ
അടരുകളില്‍ നിന്ന്
പകുത്തുമാറ്റുമ്പോള്‍
സ്നേഹശൂന്യതയുടെ
കൊടുങ്കാറ്റ്.
വാഴ്ചയില്‍
പൊട്ടിച്ചിരിച്ചും
വീഴ്ചയില്‍
വീണ വായിച്ചും
ചതിയുടെ
പടുകുഴിയൊരുക്കി
ഇരുട്ടിന്റെ
കുരുട്ടുബുദ്ധികള്‍
കാത്തിരിക്കുന്നുണ്ടാവും.
അനുഭവത്തിന്റെ
അഗ്നിയില്‍ നിന്ന്
നീന്തിക്കയറി
സമരത്തിന്റെ
സമവാക്യം രചിച്ചവര്‍
വിജയത്തിന്റെ
രാജശില്‍പികള്‍.
നീറുന്ന നോവിനിടയിലും
നേരിനു വീര്യം പകര്‍ന്ന
സമര സഖാക്കളേ
സത്യ സാക്ഷികളേ
കാലത്തിന്റെ കൈക്കുടന്നകള്‍
നിങ്ങള്‍ക്കു നീട്ടുന്നുണ്ട്
സ്നേഹാഭിവാദനങ്ങളുടെ
ആയിരം സലാം!
മദ്യകേരളം വിരൂപ കേരളം
നടന നര്‍ത്തനമാടുമ്പോള്‍
മാനം പോയ പെങ്ങ•ാര്‍
ചോദ്യചിഹ്നമെറിയുന്നു.
കര്‍ഷകന്റെ കഴുത്തു ഞെരിക്കുന്ന
പലിശപ്പാഷാണം.
വര്‍ഗ്ഗീയ ഭ്രാന്ത•ാര്‍
ക്വട്ടേഷന്‍ കൊയ്യുന്നു.
രാഷ്ട്രീയം രാക്ഷസീയമാവുമ്പോള്‍
കേരളം കരാളമാവുന്നു.
സാമ്രാജ്യത്വത്തിന് ചരമഗീതമെഴുതിയ
മഖ്ദൂമിന്റെ തൂലികയും
സ്വാതന്ത്യ്രത്തിന്റെ
സ്വര്‍ഗത്തിലേക്ക് നയിച്ച
ഉമര്‍ഖാസിയുടെ ഉത്ഥാനവും
പെണ്ണിന്റെ മാനം കാത്ത
മാനാത്തുപറമ്പില്‍ കുഞ്ഞിമരക്കാര്‍ ശഹീദും…
പുകള്‍പെറ്റ പൂര്‍വസൂരികള്‍
പുതുകാലത്തും പുനര്‍ജനിക്കട്ടെ.
പാടവരമ്പത്തു പായ വിരിച്ച് നിസ്കരിച്ച
ഏറനാടന്‍ കര്‍ഷകപ്പെരുമകള്‍
കമ്പ്യൂട്ടറിന്റെ മുന്നിലും കരുത്തേകട്ടെ.
കണ്ണടച്ചിരുന്നാല്‍
കാലം മാപ്പുതരില്ല.
വിമോചനത്തിന്റെ
തക്ബീര്‍ മുഴക്കി
സത്യത്തിന്റെ സമരശൌര്യവുമായി
ഇസ്സത്തിന്റെ
ഇതിഹാസം രചിക്കണം.
നെറികേടുകള്‍ക്കെതിരെ
നെഞ്ചൂക്കോടെ നീങ്ങാം…
അനീതിയോട്
അരുതെന്നു പറയാന്‍
പൊരുതാന്‍ പോരിക.
ജീവിതയാത്രയില്‍
ഒരു ചന്ദനത്തിരിയാവാം.
എരിയുമ്പോഴും
സൌഗന്ധികം തീര്‍ക്കുന്ന
ചെറുത്തു നില്‍പ്പിന്റെ
ചെറുതിരിനാളം.

One Response to "സമരജീവിതം…"

  1. Asfarmahe  February 15, 2013 at 6:18 pm

    കിടിലം കവിത !! 

You must be logged in to post a comment Login