ബാജിയുടെ തലയില്‍ പപ്പില്ല

തുളസി

      നിയമവിദഗ്ധര്‍ അരിച്ചു ഗണിച്ചു നോക്കിയിട്ടും രക്ഷയില്ല. കോഴിയെ കട്ട വകയില്‍ തലയില്‍ പപ്പുണ്ടോന്ന് എല്ലാവരും തപ്പി നോക്കി. ഇല്ലേയില്ല. ബാജി നീതിമാന്‍ തന്നെ. ബാജി ഉടനെ തന്നെ പെണ്‍കുട്ടിക്കെതിരെ പീഡനത്തിനു കേസ് കൊടുക്കുന്നതായിരിക്കും. അങ്ങനെ ഒരു വകുപ്പ് ഏതോ വകുപ്പിന്റെ ഉപ വകുപ്പില്‍ കിടപ്പുണ്ടെന്നാണ് സര്‍ക്കാറിനു കിട്ടിയ നിയമോപദേശം. സര്‍ക്കാര്‍ തന്നെ ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കും. മൊഴി മാറ്റി പറയാത്ത കുറ്റത്തിന് പെണ്‍കുട്ടിയെ അകത്താക്കാം എന്നൊരു ഉപദേശവും കിട്ടിയിട്ടുണ്ട്. അതുകൊണ്ട് സൂര്യനെല്ലി കേസില്‍ ഒരു തീരുമാനം ഉടനെ ഉണ്ടാകും. ഒരേ മൊഴി തന്നെ 17 വര്‍ഷമായി പറയുന്നത് വളരെ വലിയ കുറ്റമാണ്. നമ്മുടെ വലിയ നേതാക്കള്‍ വരെ മണിക്കൂറിനു മണിക്കൂറിനു മൊഴി മാറ്റുന്ന സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടി പതിനേഴ് വര്‍ഷമായി മൊഴി മാറ്റാത്തത് കുഴപ്പം തന്നെ. നിയമത്തോടും നീതിയോടും വളരെ പ്രതിബദ്ധത പുലര്‍ത്തുന്ന മുഖ്യമന്ത്രി അടക്കമുള്ളവര്‍ ചര്‍ച്ച ചെയ്തിട്ടും ഫലമില്ല. സൂര്യനെല്ലി കേസില്‍ പി ജെ കുര്യന്റെ പങ്കിനെ പറ്റി പുനരന്വേഷണം നടത്താനുള്ള ഒരു സാഹചര്യവുമില്ലായെന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞിരിക്കുന്നത്. ജനങ്ങള്‍ പലതും പറയും; അതൊന്നും അന്വേഷിക്കാന്‍ കഴിയില്ലായെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരിക്കുന്നു. അന്വേഷണം വേണമെങ്കില്‍ കരയോഗം പ്രസിഡന്റ്, ഗുരുകുലം ഗുരുക്ക•ാര്‍, പാതിരികള്‍, ചീഫ് വിഴുപ്പുകള്‍ തുടങ്ങിയ യോഗ്യ•ാര്‍ പറയണം. അല്ലാതെ ചുമ്മാ കിടന്നു കൂവിയിട്ടു കാര്യമില്ല. എന്നാലും ചില കാര്യങ്ങള്‍ അറിയണമെന്നുണ്ട്. സൂര്യനെല്ലി കേസ് എന്നൊരു കേസും 42 നിരപരാധികള്‍ 40 ദിവസം പീഡിപ്പിച്ച ഒരു പെണ്‍കുട്ടി ഉണ്ടോയെന്നു വ്യക്തമാക്കണം. അതോ ഇതൊക്കെ വെറും ഭാവനാ വിലാസങ്ങള്‍ മാത്രമാണോ? പി ജെ കുര്യന്‍ എന്ന വ്യക്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമായി ഒരു മറുപടി ഗസറ്റിലൂടെ തന്നാല്‍ കൊള്ളാം. കോടതി പറഞ്ഞു ഇല്ല. കുര്യന്‍ പറഞ്ഞു ഇല്ല. പോലീസ് പറഞ്ഞു ഇല്ല. ഇങ്ങനെയുള്ള മറുപടിയല്ല വേണ്ടത്. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ മറുപടിയാണ് വേണ്ടത്. കുര്യന്‍ പീഡിപ്പിച്ചിട്ടുണ്ടോ ഇല്ലയോ? വിലക്കയറ്റം, കറന്റ് കട്ട്, കെ എസ് ആര്‍ ടി സി കട്ടപ്പുറത്ത് തുടങ്ങിയ കാര്യങ്ങളിലൊന്നും വാ തുറക്കാതെ കുര്യന്‍ നിരപരാധിയാണെന്നു പറയാന്‍ പത്രസമ്മേളനം നടത്തിയ മുഖ്യന് കാര്യങ്ങളുടെ കിടപ്പ് എന്തായാലും അറിയാം. അതുകൊണ്ടാണല്ലോ തലയില്‍ പപ്പ് ഉണ്ടോന്ന് തപ്പി നോക്കുന്നത്. പെണ്‍കുട്ടി പറയുന്നു കുര്യന്‍ തന്നെ പീഡിപ്പിച്ചുവെന്ന്. മുഖ്യമന്ത്രി പറയുന്നു പിഡിപ്പിച്ചില്ലായെന്ന്. പെണ്‍കുട്ടി 17 വര്‍ഷമായി ഇത് തന്നെ പറയുന്നു. കുര്യന്‍ 17 വര്‍ഷമായി പെണ്‍കുട്ടിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. പക്ഷെ എന്താണ് പ്രാര്‍ത്ഥിക്കുന്നതെന്ന് പറഞ്ഞിട്ടില്ല. ഇത്രയും പറഞ്ഞ സ്ഥിതിക്ക് അതുകൂടി വ്യക്തമാക്കേണ്ടതായിരുന്നു. മാത്രമല്ല, മഹിളാ കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ സ്ത്രീ പീഡകര്‍ക്കെതിരെ കുര്യന്‍ വാളെടുത്തിട്ടുണ്ട്. ഓര്‍മ നഷ്ടപ്പെട്ടാല്‍ അമ്ളേഷ്യ അമ്ളേഷ്യ.

   രാഷ്ട്രീയത്തിലെ സര്‍വ രോഗസംഹാരിയായ തുലാഭാരം ഇവിടെയും പ്രയോഗിക്കാവുന്നതാണ്. സര്‍ക്കാറിന്റെ ആരോഗ്യത്തിനും ക്ഷത്രിയ നായ•ാരാല്‍ ആക്രമിക്കപ്പെട്ട് താക്കോലും ദ്വാരവും എല്ലാം നഷ്ടപ്പെട്ട് പരിക്ഷീണിതനായ ചെന്നിത്തലക്കു വേണ്ടിയും ആസ്ഥാന വിഴുപ്പാണ് ഇക്കുറി തുലാസിന്റെ തട്ടില്‍ കയറിയത്. തട്ടിലിരുന്ന് ആടുമ്പോള്‍ കേരളത്തിലെ കര്‍ഷകര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാനും അദ്ദേഹം മറന്നില്ല. എന്നാല്‍ നിഷ്കളങ്കനായ കുര്യനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന കാര്യം മറന്നു പോയിയെന്നാണ് തൂങ്ങുന്ന വേളയില്‍ അദ്ദേഹം പറഞ്ഞത്. അമ്ളേഷ്യ…

   ഇതിനിടയില്‍ സ്ത്രീ പീഡന കേസുകള്‍ വേഗത്തിലാക്കാന്‍ സ്ഥാപിച്ച ബെഞ്ചില്‍ നിന്ന് ആദ്യത്തെ വിധി വന്നു. അഡീഷണല്‍ സെഷന്‍സ് കോടതി 10 വര്‍ഷം തടവിനു വിധിച്ച പ്രതിയെ വെറുതെ വിട്ടുകൊണ്ടാണ് ആദ്യ ലഡു പൊട്ടിയത്. പീഡനത്തിനു ഇരയായ യുവതിയും മാതാവും നല്‍കിയ പരാതി നിയമാനുസൃതമല്ലായിരുന്നുവെന്നാണ് പുതിയ കോടതിയുടെ നിരീക്ഷണം. പീഡനത്തില്‍ യുവതി ഒരു കുഞ്ഞിന് ജന്മം  നല്‍കിയിരുന്നു. ആ കുഞ്ഞിന്റെ വിധി ഇനി എന്താകുമെന്ന് കണ്ടറിയാം. അതുകൂടി വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു.

    സൂര്യനെല്ലി കേസില്‍ പുനരന്വേഷണം ഇല്ലായെന്ന് പറയുന്ന സര്‍ക്കാര്‍ തങ്ങള്‍ക്കു രാഷ്ട്രീയ ലാഭം ഉണ്ടാക്കുന്ന മറ്റു കേസുകളില്‍ പുനരന്വേഷണം നടത്തുകയും ചെയ്യുന്നു. 17 വര്‍ഷമായി നീതികിട്ടാത്ത ഒരു പെണ്‍കുട്ടിയുടെ യാചനക്കു മുന്നില്‍ മുഖം തിരിക്കുന്ന സര്‍ക്കാര്‍ നടപടി ന്യായീകരിക്കത്തക്കതല്ല. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കേസുകളില്‍ ഇരക്ക് നീതി കിട്ടുകയില്ലായെന്ന ധാരണയെ ഊട്ടിയുറപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍. കിളിരൂര്‍, വിതുര പീഡനക്കേസുകളിലും അന്വേഷണത്തിന്റെ തുടക്കത്തില്‍ പല രാഷ്ട്രീയ പ്രമുഖരുടെയും പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും പിന്നീടതെല്ലാം വിസ്മൃതിയിലായി. കോടതിയില്‍ കുറ്റപത്രം എത്തുമ്പോള്‍ ചെറുമീനുകള്‍ അകത്തും തിമിംഗലങ്ങള്‍ പുറത്തും എന്ന രീതിയിലാണ് കാര്യങ്ങള്‍. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാതെ കേള്‍വിക്കാരനെ ആശയക്കുഴപ്പത്തിലാക്കുന്ന മറുപടി പറഞ്ഞുകൊണ്ട് ആളുകളെ പറ്റിക്കുന്ന ആഭ്യന്തരമന്ത്രിയുടെ പതിവ് നമ്പറുകള്‍ ഈ കേസിലും കണ്ടു. അദ്ദേഹം ഈ കേസിനെ പറ്റി പഠിച്ചു കൊണ്ടിരിക്കുകയാണു പോലും. പഠനം കഴിയാത്തതിനാല്‍ ഒന്നും പറയാന്‍ പറ്റുന്നില്ല പോലും. ഇനിയുള്ള കാലം അദ്ദേഹം പഠനത്തിലായിരിക്കുമെന്ന് സാരം. ഇക്കൊല്ലത്തെ ബെസ്റ് മിനിസ്റര്‍ പട്ടം കൊടുക്കാന്‍ എന്തുകൊണ്ടും യോഗ്യനായ വ്യക്തി ഇദ്ദേഹം തന്നെ. ഒരു കാര്യം ഉറപ്പാണ്; സത്യത്തിന്റെ വായ എത്ര മൂടിക്കെട്ടിയാലും ഒരു ദിവസം അതു മറനീക്കി പുറത്തുവരും. (അപൂര്‍ണം)

You must be logged in to post a comment Login