പെങ്ങളേ, ഓടിക്കൊള്ളുക

പെങ്ങളേ, ഓടിക്കൊള്ളുക
ബസില്‍ കയറരുത്,
ടാക്സി പിടിക്കരുത്, ഇരുട്ടില്‍-
കൂട്ടുകാരോടൊപ്പം കൂടരുത്.

ഒറ്റയ്ക്ക് നടക്കരുത്,
വിശ്വസിച്ചാരെയും-
കൂടെക്കൂട്ടുകയുമരുത്.

ഡോക്ടറെ കാണരുത്,
ഗുരുവിനെ വണങ്ങരുത്,
പോലീസില്‍പ്പോകരുത്,
അച്ഛനെപ്പോലും വിശ്വസിച്ചീടരുത്.

തിരിഞ്ഞുനോക്കരുത്,
മുമ്പില്‍ വരുന്നൊരു
നിഴലിനോടുപോലും മിണ്ടിപ്പോകരുത്.

സ്റാന്റില്‍ നില്‍ക്കരുത്,
പാര്‍ക്കിലിരിക്കരുത്,
തനിച്ചെവിടെയുമുറങ്ങിപ്പോകരുത്.

പെങ്ങളേ, ഓടിക്കൊള്ളുക…
ചുറ്റിലുമുണ്ട്
തുറിച്ചുനോട്ടങ്ങള്‍, ക്യാമറക്കണ്ണുകള്‍,
തോണ്ടല്‍, തലോടല്‍,
അശ്ളീല ഭാഷണങ്ങള്‍,
കാമരൂപം പൂണ്ട മനുഷ്യ മൃഗങ്ങള്‍…
പെങ്ങളേ, ഓടിക്കൊള്ളുക…
ചില നേരത്തെങ്കിലും
മാംസം നിറഞ്ഞൊരുടലായിട്ടാണ്
നിന്നെക്കാണുന്നത്, ‘ഞാനും’!!!
പെങ്ങളേ, ഓടിക്കൊള്ളുക.

You must be logged in to post a comment Login