വിശ്വാസത്തിന്‍റെ ഉപമ

അന്തോലിയയും വേനല്‍കാലത്ത് കൊള്ളാമെന്ന് കൊള്ളാമെന്ന് റൂമി. പക്ഷേ, അവിടെ കുറച്ചാളുകള്‍ക്കെ തന്റെ ഭാഷ അറിയൂ. എന്നിട്ടും അവരില്‍ ചിലര്‍ എന്റെ സംസാരമധ്യേ വിതുമ്പുകയും ഉന്മാദ ലക്ഷണങ്ങള്‍ കാട്ടുകയും ചെയ്യുന്നു? ഇതെങ്ങനെ? ചിലര്‍ റൂമിയോട് ചോദിക്കുന്നു. സൂഫി ദാര്‍ശനികനായ ശൈഖ് ജലാലുദ്ദീന്‍ റൂമി(റഹ്)യുടെ പ്രസിദ്ധമായ വചന സമാഹാരമാണ് ഫീഹി മാ ഫീഹി.
ശൈഖ് ജലാലുദ്ദീന്‍ റൂമി (റഹ്.)
വിവ. വി ബഷീര്‍.

“ഞാന്‍ ത്വൂസിലേക്ക് പോവാനാഗ്രഹിക്കുന്നു. വേനലില്‍ പാര്‍ക്കാന്‍ പറ്റിയ ഇടം അതാണ്. അന്തോലിയായും അനുയോജ്യമായ ഇടം തന്നെ . പക്ഷേ, അവിടെ കുറച്ചു പേര്‍ക്കേ എന്റെ ഭാഷയറിയൂ. ഒരിക്കല്‍ ഞാനവിടെ സംസാരിച്ചതോര്‍ക്കുന്നു. സദസ്സില്‍ ചില അവിശ്വാസികളുമുണ്ടായിരുന്നു. എന്റെ സംസാര മധ്യേ അവര്‍ വികാരഭരിതരായി വിതുമ്പുകയും ഉ•ാദത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്തു.” ജമാലുദ്ദീന്‍ റൂമി(റ) പറഞ്ഞു. അപ്പോള്‍ ചിലര്‍ ചോദിച്ചു: “അവര്‍ക്കെങ്ങനെ അങ്ങു പറഞ്ഞതു മനസ്സിലായി? ഇത്തരം പാഠങ്ങള്‍ വിശ്വാസികളില്‍തന്നെ അപൂര്‍വ്വമാളുകള്‍ക്കല്ലേ ഗ്രഹിക്കാനാവൂ. പിന്നെയെങ്ങനെ അവിശ്വാസികള്‍ക്ക് അങ്ങയുടെ വാക്കുകള്‍ കേട്ട് കരയാനാവുന്നു?”

റൂമി (റഹ്) പ്രതിവചിച്ചു: നാം പറയുന്നതിന്റെ ആന്തരാര്‍ത്ഥം അവര്‍ക്ക് അറിഞ്ഞുകൊള്ളണമെന്നില്ല. പൊരുളിന്റെ പാനപാത്രം പക്ഷേ, വാക്കുകളാണ് . അതവര്‍ തിരിച്ചറിയുകയും ചെയ്തു. തന്നെയുമല്ല അല്ലാഹുവിന്റെ ഏകത്വം എല്ലാവരും മനസ്സിലാക്കുന്നുണ്ട്. സ്രഷ്ടാവും നിയന്താവും അവനാണെന്നും എല്ലാറ്റിന്റെയും മടക്കം അവനിലേക്കാണെന്നുമെല്ലാം എല്ലാവര്‍ക്കുമറിയം. അതുകൊണ്ടുതന്നെ ദിവ്യ വര്‍ണ്ണനയുടെ സാക്ഷാല്‍ക്കാരമായ വാക്കുകള്‍ കേള്‍മ്പോള്‍ അതവരുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നു. കാരണം പ്രേമഭാജനത്തിന്റെ സുഗന്ധമാണല്ലോ അവ നിറയെവഴികള്‍ പലതാവാം. പക്ഷേ, ലക്ഷ്യം ഒന്നു മാത്രമേയുള്ളൂ. കഅ്ബയിലേക്കുള്ള വിവിധ പാതകള്‍ നിങ്ങള്‍ കാണുന്നില്ലേ; ചിലര്‍ സിറിയയില്‍നിന്നു വരുന്നു. മറ്റു ചിലര്‍ യമനില്‍നിന്നു വരുന്നു. ഇനിയും ചിലര്‍ ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നും വരുന്നു. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പാതകള്‍ വൈവിധ്യമാര്‍ന്നു കിടപ്പുണ്ട്. പക്ഷേ അവയെല്ലാം നീളുന്നത് ഒരൊറ്റ ലക്ഷ്യത്തിലേക്കു തന്നെയാവുന്നു.

എല്ലാ ഹുദയങ്ങളിലും കഅ്ബയുണ്ട്. അഥവാ, കഅ്ബയോടുള്ള മോഹത്തിലും പ്രണയതീവ്രതയിലും അവയെല്ലാം ഒന്നാകുന്നു. പക്ഷാന്തരങ്ങള്‍ക്കവിടെ ഇടമേയില്ല. ആ പ്രണയമാവട്ടെ, വിശ്വാസമോ അവിശ്വാസമോ അല്ല. കാരണം വിവിധ പാതകളുമായി അതിനു ബന്ധമേതുമില്ല. ഭിന്ന പാതകളിലൂടെയാണ് സഞ്ചാരമെങ്കിലും ഒടുവില്‍ തീര്‍ത്ഥാടകരെല്ലാം ഒരേ ലക്ഷ്യത്തിലെത്തിച്ചേരുന്നു. അതോടെ പാതകളുടെ ദൈര്‍ഘ്യം സംബന്ധിച്ച തര്‍ക്ക വിതര്‍ക്കങ്ങള്‍ക്കെല്ലാം വിരാമമാവുകയും ചെയ്യുന്നു.

പാനപാത്രത്തിന് ആത്മാവുണ്ടായിരുന്നുവെങ്കില്‍ അത് അതിന്റെ നിര്‍മ്മാതാവുമായി അതിയായ പ്രണയത്തിലാവുമായിരുന്നു. അതിനെ രൂപപ്പെടുത്തിയ കരങ്ങളുടെ അടിമയാവുമായിരുന്നു. എങ്കിലും ആ പാത്രം കാണുമ്പോള്‍ ചിലര്‍ പറയുന്നു; അത് ഒന്നും ചെയ്യാതെ അതുപോലെ മേശമേല്‍ വെക്കണമെന്ന്. മറ്റു ചിലര്‍ പറയുന്നു; ആദ്യമതിന്റെ അകം കഴുകിത്തുടയ്ക്കണമെന്ന്. ഇനിയും ചിലര്‍ പറയുന്നു; അകമല്ല, പുറമാണ് ആദ്യം വൃത്തിയാക്കേണ്ടതെന്ന്. വേറെ ചിലരാവട്ടെ, ഒരിക്കലുമത് കഴുകിക്കൂടെന്ന പക്ഷക്കാരാണ്. പക്ഷേ, കഴുകുകയെന്ന ബാഹ്യ വിഷയത്തില്‍ മാത്രമേ അവര്‍ക്കിടയില്‍ ഭിന്നതയുള്ളൂ. ആ പാനപാത്രം സ്വയമുണ്ടായതല്ലെന്നും, അതൊരാളുടെ സൃഷ്ടിയാണെന്നുമുള്ള കാര്യത്തില്‍ അവര്‍ക്ക് പക്ഷാന്തരമില്ല.

മനുഷ്യരെല്ലാം അവരുടെ ഹൃദയാന്തരാളങ്ങളില്‍ അല്ലാഹുവിനെ പ്രണയിക്കുകയും തേടുകയും ചെയ്യുന്നുണ്ട്. പ്രതീക്ഷകളെല്ലാം അവരര്‍പ്പിക്കുന്നതും അല്ലാഹുവിലാണ്. സകലതിന്റെയും കേന്ദ്ര യാഥാര്‍ത്ഥ്യമായി അല്ലാഹുവിനെയല്ലാതെ മറ്റൊന്നിനെയും അവര്‍ കാണുന്നുമില്ല. പക്ഷേ, ഇതൊന്നും വിശ്വാസമോ അവിശ്വാസമോ അല്ല. കാരണം ഹൃദയത്തിനകത്താവുമ്പോള്‍ ഈ വിചാരങ്ങള്‍ക്ക് നാമങ്ങളില്ല. ഹൃദയത്തില്‍നിന്നു നാവിലൂടെ വാക്കുകളായി ബഹിര്‍ഗമിക്കുമ്പോഴാണ് അവ രൂപം കൈക്കൊള്ളുകയും പ്രകാശിതമാവുകയും ചെയ്യുന്നത്. അങ്ങനെ അവയ്ക്ക് വിശ്വാസമെന്നും വിശ്വാസ വഞ്ചനയെന്നും നന്മ തിന്മകളെന്നും നാമങ്ങള്‍ നല്കപ്പെടുന്നു.

മണ്ണില്‍ നിന്നു നാമ്പെടുക്കുന്ന ചെടികളും ഇവ്വിധമാവുന്നു. ആദ്യമവയ്ക്ക് രൂപമേയില്ല. പിന്നീട് പതിയെ വെളുത്ത് മൃദുലമായ മുളകള്‍ പുറംലോകത്തേക്ക് തലയുയര്‍ത്തുന്നു. എന്നാല്‍ വളര്‍ച്ച പ്രാപിക്കുന്നതോടെ അവ വിവിധ രൂപ-വര്‍ണ്ണങ്ങള്‍ സ്വീകരിക്കുകയും അതോടെ നാമവയെ വിവിധ പേരുകള്‍ ചൊല്ലി വിളിക്കുകയും ചെയ്യുന്നു. മൌനത്തില്‍ ഒരുമിച്ചിരിക്കുമ്പോള്‍ വിശ്വാസികളും അവിശ്വാസികളും ഒരുപോലെയാണ്. അവരുടെ ചിന്തകളെ വ്യവച്ഛേദിക്കാനോ മുദ്രണം ചെയ്യാനോ നമുക്കാവില്ല. ഹൃദയം സ്വതന്ത്രമായൊരു ലോകമാവുന്നു. വിശ്വാസമാവട്ടെ വിധിതീര്‍പ്പിന്നതീതമാം വിധം നിഗൂഢവുമാകുന്നു. ബാഹ്യാവിഷ്ക്കാരങ്ങള്‍ നോക്കിക്കൊണ്ടു മാത്രമേ മനുഷ്യന് വിധിതീര്‍പ്പിലെത്താനാവൂ. ഹൃദയ നീഗൂഢതകളെ രൂപപ്പെടുത്തുന്നത് അല്ലാഹുവാകുന്നു. നിങ്ങളുടെ വിശ്വാസങ്ങള്‍ അവന്‍ നിങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെടുത്തിയാല്‍ അവ മറച്ചുവെക്കുവാന്‍ എത്ര ശ്രമിച്ചാലുമൊട്ട് ആവുകയുമില്ല. അല്ലാഹുവിന് മാധ്യമങ്ങളേതുമാവശ്യമില്ല. പേനകളോ ചായക്കൂട്ടോ ഇല്ലാതെത്തന്നെ എവ്വിധമാണവന്‍ നിങ്ങളുടെ ഹൃത്തടങ്ങളില്‍ ആശയങ്ങളും വിശ്വാസങ്ങളും വെളിപ്പെടുത്തുന്നതെന്ന് നിങ്ങള്‍ കാണുന്നില്ലേ?

വിശ്വാസങ്ങള്‍ ആകാശത്തിലെ പറവകളെപ്പോലെയോ, കാട്ടിലെ മാന്‍പേടകളെപ്പോലെയോ ആകുന്നു. അവയെ പിടികൂടുവോളം വില്ക്കാന്‍ നിങ്ങള്‍ക്കനുവാദമില്ല. അവ നിങ്ങളുടെ അധികാര പരിധിയിലല്ലെന്നിരിക്കെ നിങ്ങളവയെ എങ്ങനെ വില്ക്കാനാണ്! ഹൃദയത്തിലിരിക്കുവോളം വിശ്വാസങ്ങളും അങ്ങനെയാണ്. അവയ്ക്കപ്പോള്‍ പേരോ അടയാളങ്ങളോ ഇല്ല. അവയെക്കുറിച്ച തീര്‍പ്പുകള്‍ അസാധ്യമാണ്. ….നിന്റെയുള്ളില്‍ നീ ഇവ്വിധം തീരുമാനിച്ചിട്ടുണ്ട്. നിനക്കിങ്ങനെ ചിന്തയുണ്ട്…എന്നൊക്കെ ഒരു ന്യായാധിപന് ഒരാളോട് പറയാന്‍ കഴിയുമോ? പ്രകാശിതമായിക്കഴിഞ്ഞാല്‍ മാത്രമേ അവയിലെ ശരിതെറ്റുകളും ന• തി•കളും വ്യവച്ഛേദിക്കാനാവൂ.

ശരീരങ്ങളുടെ ഒരു ലോകമുണ്ട്. ആശയങ്ങളുടെയും ഭാവനകളുടെയും സാധ്യതകളുടെയും ഒരു ലോകവുമുണ്ട്. അല്ലാഹു അവയ്ക്കെല്ലാം അതീതനാണ്. അവക്കകത്തുമല്ല, പുറത്തുമല്ല. പേനയോ മറ്റു ഉപാധികളോ ഇല്ലാതെ അവന്‍ നമ്മുടെ വിശ്വാസങ്ങളെ രൂപപ്പെടുത്തുന്നതെവ്വിധമാണെന്നു നോക്കൂ. ഹൃദയം കീറി മുറിച്ച് കഷ്ണങ്ങളാക്കിയാലും ചിന്തകളെ കണ്ടെത്താന്‍ നിങ്ങള്‍ക്കാവില്ല. രക്തത്തിലോ സിരകളിലോ താഴെയോ മേലെയോ നിങ്ങള്‍ക്കവയെ കണ്ടെത്താനാവില്ല. അമൂര്‍ത്തവും സ്ഥല-കാലാതീതവുമാകയാല്‍ നെഞ്ചിനു ബാഹ്യമായും നിങ്ങള്‍ക്കവയെ ദര്‍ശിക്കാനാവില്ല. അല്ലാഹുവെ ആശയങ്ങളുടെയോ മറ്റോ ലോകത്ത് ഒതുക്കാനാവില്ല. അവനങ്ങനെ ആശയ ലോകങ്ങള്‍ക്ക് അധീനനായിരുന്നുവെങ്കില്‍ അവയവനെ നാനാ ഭാഗത്തുനിന്നും ആവരണം ചെയ്യുമായിരുന്നു. പിന്നെയവനെ ആശയങ്ങളുടെ സ്രഷ്ടാവെന്ന് വിളിക്കാനാവുമായിരുന്നില്ല. അതുകൊണ്ടുതന്നെ, ആശയങ്ങളുടെയും ഭാവനയുടെയുമെല്ലാം ലോകത്തിന് അതീതനാകുന്നു അല്ലാഹു.

You must be logged in to post a comment Login