രാഹുല്‍ തിരിച്ചു തുഴയുമോ?

രാഹുല്‍ തിരിച്ചു തുഴയുമോ?

കോണ്‍ഗ്രസും മുസ്ലിംകളും അറുപത്തഞ്ച് വര്‍ഷത്തെ അനുഭവങ്ങള്‍- / //രണ്ട്
ക്ഷണികമായ രാഷ്ട്രീയ മോഹങ്ങളാണ് കോണ്‍ഗ്രസിന്. ആശയാധിഷ്ഠിതമായി നീങ്ങാന്‍ പാര്‍ട്ടിയെ നിര്‍ബന്ധിക്കുന്ന ധൈഷണിക നേതൃത്വമില്ല പാര്‍ട്ടിക്ക്. രാഹുല്‍ ഗാന്ധിക്കെങ്കിലും മറിച്ചു ചിന്തിക്കാനായില്ലെങ്കില്‍ ഇന്ത്യയില്‍ രണ്ട് ബിജെപി എന്തിനെന്ന് ചോദിക്കേണ്ടിവരും.
ശാഹിദ്
ശാശ്വതമായ വോട്ടുബാങ്ക് രാഷ്ട്രീയമാണ് ഇന്ദിരാഗാന്ധിയെ ഭൂരിപക്ഷ പ്രീണനത്തിന് പ്രേരിപ്പിച്ചത്. എണ്‍പതുകള്‍ വരെ ആര്‍എസ്എസുമായി കോണ്‍ഗ്രസ് രഹസ്യബാന്ധവത്തിലായിരുന്നുവെന്നത് അങ്ങാടിപ്പാട്ടാണ്. അമ്പതുകളില്‍ രൂപംകൊണ്ട ജനസംഘം എന്ന ഹിന്ദുവലതുപക്ഷ പാര്‍ട്ടിക്ക് എണ്‍പതുകളുടെ അന്ത്യംവരെ ജനപിന്തുണ നേടാന്‍ കഴിയാതിരുന്നത് സംഘപരിവാറിന്റെ ആത്മാര്‍ത്ഥ പിന്തുണ ഉറപ്പാക്കാന്‍ കഴിയാത്തതു കൊണ്ടായിരുന്നു. കോണ്‍ഗ്രസിനെയാണ് സംഘപരിവാറും ഹിന്ദുമഹാസഭയുമടക്കമുള്ള ഭൂരിഭാഗം ഹിന്ദുക്കളും തങ്ങളുടെ പാര്‍ട്ടിയായി കണ്ടിരുന്നത്. നെഹ്റുവിയന്‍ സെക്കുലര്‍ വിചാരഗതി അദ്ദേഹത്തിന്റെ വിയോഗത്തോടെ തന്നെ പൂര്‍ണമായി കൂമ്പടിഞ്ഞിരുന്നുവെന്നു പറയുന്നത് സത്യസന്ധത ആയിരിക്കില്ലെങ്കിലും മതേതരത്വം പലതും മറച്ചുപിടിക്കാനുള്ള ഒരു മുഖംമൂടിയായിരുന്നു. ഇന്ദിരാഗാന്ധിക്ക് കാറ്റിനനുസരിച്ച് തൂറ്റാന്‍ അറിയാമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനയുടെ നാല്‍പത്തിരണ്ടാം ഭേദഗതിയിലൂടെ ആമുഖത്തില്‍ ‘സെക്കുലറിസം’ എഴുതിച്ചേര്‍ത്തത് അവരായിരുന്നു. അതേ ഇന്ദിരയെ ഒരു ദേവിയായി ഭൂരിപക്ഷത്തിന്റെ മനസ്സില്‍ പ്രതിഷ്ഠിക്കാനുള്ള ഗൂഢശ്രമങ്ങള്‍ പലതലങ്ങളിലും അക്കാലത്ത് അരങ്ങേറുന്നുണ്ടായിരുന്നു. ‘ഇന്ത്യ എന്നാല്‍ ഇന്ദിര, ഇന്ദിര എന്നാല്‍ ഇന്ത്യ’ എന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ ബറുവയുടെ അടിയന്തരാവസ്ഥയിലെ പ്രഖ്യാപനം പോലും ‘ഭാരതമാത’ എന്ന സങ്കല്‍പത്തിന്റെ പുറത്ത് ഒരു ഏകാധിപതിയെ പ്രതിഷ്ഠിക്കാനുള്ള തന്ത്രപരമായ കരുനീക്കങ്ങളുടെ ഭാഗമായിരുന്നു. ഇന്ദിരാഗാന്ധിയുടെ വധത്തോടെ സിഖ്വിരുദ്ധ വികാരം ആളിക്കത്തുകയും ദല്‍ഹിയില്‍ നാലായിരത്തോളം നിരപരാധികള്‍ കൂട്ടക്കൊലക്ക് ഇരയാവുകയും ചെയ്തു. തുടര്‍ന്ന്, നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ രാജീവ്ഗാന്ധി അധികാരത്തില്‍ വരുന്നത് തീവ്രദേശീയ-ന്യൂനപക്ഷ വിരുദ്ധ വികാരത്തിന്റെ പുലിപ്പുറത്ത് കയറിയാണ്. വന്‍മരങ്ങള്‍ വീഴുമ്പോള്‍ അതിനടിയില്‍പെട്ട് ചിലതൊക്കെ സംഭവിക്കുക. സ്വാഭാവികമാണെന്ന് പറഞ്ഞ് രാജീവ് പരോക്ഷമായി കൂട്ടക്കൊലയെ ന്യായീകരിക്കുകയായിരുന്നു.

    ഇന്ദിരയുടെ അന്ത്യകാലഘട്ടത്തില്‍ കുടത്തില്‍ നിന്ന് പുറത്തുവിട്ടു ഹൈന്ദവ പുനരുത്ഥാന ശക്തികള്‍ അവരുടെ വിയോഗത്തോടെ കൂടുതല്‍ വിഭാഗീയ പരിപാടികളുമായി രംഗം കീഴടക്കാന്‍ തുടങ്ങി. അതിന് അവര്‍ കണ്ടെത്തിയ മാര്‍ഗം രാമജ•ഭൂമി പ്രക്ഷോഭമായിരുന്നു. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലമാണ് രാമന്റെ ജ•ഗേഹമെന്നും അവിടെ ആരാധിക്കാനും പൂജ നടത്താനും ഹിന്ദുക്കള്‍ക്ക് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു കാടിളക്കിയുള്ള വരവ്. സ്വാതന്ത്യ്രലബ്ധിക്ക് തൊട്ടുപിറകെ ഹിന്ദു മഹാസഭയുടെ നേതൃത്വത്തിലുള്ള വര്‍ഗീയ വാദികള്‍ മതേതര വ്യവസ്ഥിതിയെ അട്ടിമറിക്കാന്‍ നടത്തിയ രണ്ടു ശ്രമങ്ങളുടെ ആവര്‍ത്തനമായിരുന്നു ഈ പ്രക്ഷോഭമെന്ന് ആഴത്തിലുള്ള അന്വേഷണത്തില്‍ കണ്ടെത്താനാവും. ഗാന്ധിജിയെ കൊന്നായിരുന്നു നവജാതശിശുവായ സെക്കുലര്‍ ഇന്ത്യയെ കളിത്തൊട്ടിലില്‍ തന്നെ ശ്വാസം മുട്ടിച്ചുകൊല്ലാന്‍ ആദ്യം പദ്ധതി ആസൂത്രണം ചെയ്തത്. അത് പരാജയപ്പെട്ടപ്പോഴാണ് തൊട്ടടുത്ത വര്‍ഷം, 1949 ഡിസംബര്‍ 22ന് അന്നുവരെ മുസ്ലിംകള്‍ പ്രാര്‍ത്ഥന നടത്തിയ ബാബരി മസ്ജിദിനകത്ത് രാമവിഗ്രഹം കൊണ്ടിട്ട് ദേശീയ രാഷ്ട്രീയത്തെ പുതിയൊരു വഴിത്തിരിവിലേക്ക് തിരിച്ചുവിടാനുള്ള ശ്രമമുണ്ടാവുന്നത്. അന്നു നടന്ന ഗൂഢാലോചനയുടെ ഞെട്ടിക്കുന്ന കഥ ‘അയോധ്യ; കറുത്തരാവ്’ Ayodhya, the dark Night, The Secret history of Rama’s Appearance in Babari Masjid  എന്ന അടുത്തിടെ പുറത്തിറങ്ങിയ പുസ്തകത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.

   കേന്ദ്ര ആഭ്യന്തരമന്ത്രി സര്‍ദാര്‍വല്ലഭായി പട്ടേലിന്റെയും യുപി മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പാന്തിന്റെയും തീവ്രവലത് ചിന്താഗതിക്കാരായ പുരുഷോത്തം ദാസ് ടാണ്ടറിന്റെയും മറ്റും മൌനാനുഗ്രഹത്തോടെ ഹിന്ദുമഹാസഭ 1949ല്‍ അയോധ്യയില്‍ വിതച്ചത് രാഷ്ട്രീയമായി കൊയ്യാന്‍ ഭാഗ്യമുണ്ടായത് ബിജെപിക്കാണ്. തുടക്കത്തില്‍ ഉത്തരപ്രദേശില്‍ മാത്രം ഒതുങ്ങി നിന്ന രാമജ•ഭൂമി മുറവിളി ഒരു ദേശീയ അജണ്ടയായി രൂപാന്തരപ്പെടുന്നത് 1989ല്‍ പാലംപൂര്‍ (ഹിമാചല്‍പ്രദേശ്) പ്രമേയത്തിലൂടെ ബിജെപി അതേറ്റെടുക്കുന്നതോടെയാണ്. അതിനിടയില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ ചരിത്രത്തില്‍ വഴിത്തിരിവായ മറ്റൊരു സംഭവമുണ്ടായി. ശരീഅത്ത് വിവാദം എന്ന പേരില്‍ പിന്നീട് അറിയപ്പെട്ട മുസ്ലിം വ്യക്തി നിയമ സംരക്ഷണത്തിനായുള്ള തീവ്രശ്രമത്തെ പരാമര്‍ശിക്കാതെ പോയാല്‍ ചിത്രം പൂര്‍ണമായി തെളിഞ്ഞു കിട്ടില്ല. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനി ഷാബാനുബീഗം എന്ന അറുപത്തിമൂന്നുകാരിക്ക് മുന്‍ഭര്‍ത്താവ് മുഹമ്മദ് അഹമ്മദ് ഖാന്‍ ക്രിമിനല്‍ നടപടി ചട്ടം 125-ാം വകുപ്പ് പ്രകാരം ജീവനാംശം നല്‍കണമെന്ന് ചീഫ് ജസ്റിസ് വൈ വി ചന്ദ്രചൂഡന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് വിധിച്ചതാണ് ശരീഅത്ത് വിവാദത്തിന് നിദാനം. ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ സിവില്‍ വിഷയങ്ങളില്‍ ശരീഅത്ത് നിയമമാണ് ബാധകമമെന്നും ത്വലാഖ് ചൊല്ലി വേര്‍പിരിഞ്ഞ സ്ത്രീക്ക് ചെലവിന് കൊടുക്കാന്‍ മുന്‍ഭര്‍ത്താവ് ബാധ്യസ്ഥനല്ലെന്നും മുസ്ലിം പണ്ഡിത•ാരും നേതാക്കളും ശക്തമായി വാദിച്ചു. മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പ്രക്ഷോഭം ശരീഅത്ത് സംരക്ഷണ കാമ്പയിനായി മാറിയപ്പോള്‍ ഇടതുപക്ഷമടക്കമുള്ള രാഷ്ട്രീയ നേതൃത്വവും ഭൂരിഭാഗം മീഡിയയും എതിര്‍പക്ഷത്ത് അണിനിരന്നു. രാഷ്ട്രീയമായി അത് എത്രമാത്രം ചേരിതിരിവുണ്ടാക്കി എന്നതിന്റെ വ്യക്തമായ തെളിവായിരുന്നു അതുവരെ ഇടതുമുന്നണിയോടൊപ്പമുണ്ടായിരുന്ന കേരളത്തിലെ അഖിലേന്ത്യാ മുസ്ലിം ലീഗ് മുന്നണിവിട്ട് മുസ്ലിംലീഗില്‍ ലയിക്കാന്‍ തീരുമാനിച്ചത്. ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ മുസ്ലിംകള്‍ ഒറ്റക്കെട്ടായി നിലകൊണ്ട മറ്റൊരു സംഭവികാസം ഇതിനു സമാനമായി ചൂണ്ടിക്കാണിക്കാനാവില്ല. മുസ്ലിം പണ്ഡിതന്മാരില്‍ നിന്നും നേതാക്കളില്‍ നിന്നും സമ്മര്‍ദ്ദം കനത്തപ്പോള്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ 1986ല്‍ ‘മുസ്ലിം വനിതാ നിയമം’ പാര്‍ലമെന്റില്‍ പാസാക്കി. ഏറെ വിവാദം സൃഷ്ടിച്ച ഈ നിയമനിര്‍മാണത്തോടെ രാജീവ് ഗാന്ധി മുസ്ലിം മൌലികവാദികള്‍ക്കു മുന്നില്‍ കീഴടങ്ങുകയാണെന്ന് വിമര്‍ശം നാനാഭാഗത്തു നിന്നും ഉയര്‍ന്നു. ഹിന്ദുവര്‍ഗീയവാദികള്‍ അവസരം മുതലെടുത്ത് പ്രചണ്ഡമായ പ്രചാരണങ്ങള്‍ നടത്തി. ഭൂരിപക്ഷ സമുദായത്തെ സമാധാനിപ്പിക്കാനുള്ള തിടുക്കത്തിനിടയില്‍ യുപിയിലെ ഒരു പ്രാദേശിക കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അതുവരെ പൂട്ടിക്കിടന്ന ബാബരി മസ്ജിദിന്റെ കവാടം ഹിന്ദുക്കള്‍ക്ക് ആരാധനക്കായി തുറന്നുകൊടുത്തു. അതോടെ ഹിന്ദുശക്തികള്‍ കൂടുതല്‍ കരുത്തോടെ രാമജ•ഭൂമി പ്രക്ഷോഭവുമായി ഇറങ്ങിത്തിരിച്ചു. രാമക്ഷേത്രം നിര്‍മാണത്തിനായുള്ള ഒരുക്കങ്ങള്‍ അതോടെ കൂടുതല്‍ ശക്തമായി.

   ഇന്ദിരയുടെ വിയോഗത്തോടെ വിടവ് വന്ന നേതൃശൂന്യത സ്വയം നികത്താനും മതേതര വ്യവസ്ഥയെ അട്ടിമറിക്കാനുമുള്ള ആര്‍എസ്എസിന്റെ അപകടകരമായ ചുവടുവെപ്പുകളെ കുറിച്ച് കൂടുതല്‍ ചിന്തിക്കാതെ ഭൂരിപക്ഷ പ്രീണനത്തിനായി ഏതറ്റംവരെ പോകാനും രാജീവ് തയ്യാറായി. ബൂട്ടാസിങ്ങ് ആഭ്യന്തരമന്ത്രിയായിരിക്കെ പള്ളിസ്ഥലത്ത് ‘ശിലാന്യാസം’ നടത്താന്‍ അനുമതി നല്‍കി. കര്‍സേവകരെ പള്ളിപരിസരത്തേക്ക് കയറ്റിവിടാന്‍ ഉദ്യുക്തമായത് വെടിവെപ്പിലും മരണത്തിലും കലാശിച്ചു. അതിനിടയില്‍ 1990ല്‍ എല്‍കെ അദ്വാനിയുടെ നേതൃത്വത്തില്‍ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ നിന്ന് അയോധ്യയിലേക്ക് രക്തപങ്കിലമായ രഥയാത്ര നടത്തിയപ്പോള്‍ പശ്ചിമ ഉത്തര ഇന്ത്യയില്‍ മുസ്ലിം വിരുദ്ധ കലാപം വ്യാപകമായി പൊട്ടിപ്പുറപ്പെട്ടു. നിരവധി മുസ്ലിംകള്‍ കശാപ്പിനിരയായി. 1991ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം കിട്ടിയില്ല. ജാര്‍കണ്ഠ് മുക്തിമോര്‍ച്ചയുടെയും മറ്റും പിന്തുണയോടെ പി വി നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അപ്പോഴേക്കും മുസ്ലിംകളില്‍ നിന്ന് പൂര്‍ണമായും അകന്നുകഴിഞ്ഞിരുന്നു. മണ്ഡല്‍ പ്രക്ഷോഭത്തോടെ യുപിയിലും ബീഹാറിലും അധികാരത്തിലേറിയ യാദവന്മാരുടെ (മുലായംസിങ്ങ് യാദവും ലാലു പ്രസാദ് യാദവും) പിന്നില്‍ മുസ്ലിംകള്‍ അണിനിരക്കാന്‍ തുടങ്ങി. 1992 ഡിസംബര്‍ ആറിന് സൈന്യത്തെ നോക്കുകുത്തിയാക്കി നിര്‍ത്തി ബാബരി മസ്ജിദ് നിശ്ശേഷം തച്ചുതകര്‍ക്കാന്‍ ഹിന്ദുത്വ ശക്തികള്‍ക്ക് കേന്ദ്രഭരണകൂടം മൌനാനുമതി നല്‍കിയതോടെ രാജ്യത്തൊട്ടാകെ മുസ്ലിംകള്‍ കോണ്‍ഗ്രസിനോട് സലാം പറയുകയായിരുന്നു. മുസ്ലിം രാഷ്ട്രീയ വേദിയില്‍ അതിന്റെ അനുരണനങ്ങള്‍ ആഞ്ഞടിച്ചപ്പോഴാണ് 30 വര്‍ഷം മുസ്ലിംലീഗിന്റെ അമരത്തിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ട് പാര്‍ട്ടിയെ മൊഴിചൊല്ലി ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്ന പുതിയ പരീക്ഷണത്തിന് പുറപ്പെട്ടത്.

    നിര്‍ണായക ഘട്ടങ്ങളില്‍ കോണ്‍ഗ്രസ് അതിന്റെ ജ•ദൌത്യം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടപ്പോഴാണ് മുസ്ലിംകള്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നതും പ്രാദേശിക കക്ഷികളോട് അടുത്തതും. അതോടെ അടിത്തറ തകര്‍ന്നത് കോണ്‍ഗ്രസിന്റേതാണ്. 84 ലോക്സഭ സീറ്റുളള യുപിയായിരുന്നു അതുവരെ ആര് പ്രധാനമന്ത്രിയാവണം എന്ന് തീരുമാനിച്ചിരുന്നത്. അടിയന്തിരാവസ്ഥക്കു ശേഷം പോലും കോണ്‍ഗ്രസിനെ പൂര്‍ണമായും കൈവിടാതിരുന്ന ഉത്തര്‍പ്രദേശില്‍ സോണിയാഗാന്ധിയും രാഹുലും പ്രിയങ്കയുമെല്ലാം ഭഗീരഥയത്നം നടത്തിയിട്ടും നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞില്ല. അതിനു കാരണം, മുസ്ലിംകളും ദലിതുകളും യാദവര്‍ അടക്കമുള്ള പിന്നാക്കക്കാരും മുലായമിന്റെ സമാജ്വാദി പാര്‍ട്ടിയിലോ മായാവതിയുടെ ബിഎസ്പിയിലോ ആണ് അഭയം കണ്ടെത്തിയിരുന്നത് എന്നതാണ്. ബീഹാറിലും സ്ഥിതി മറിച്ചല്ല. ബിജെപിയുമായി സഖ്യമുള്ള നിതീഷ് കുമാറിന് വോട്ടു നല്‍കാന്‍ തയ്യാറായിട്ടും കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകാന്‍ ബീഹാറിലെ മുസ്ലിംകള്‍ ഇതുവരെ സന്നദ്ധമായിട്ടില്ല.

     1996നു ശേഷം എട്ടുകൊല്ലം (2004വരെ) കോണ്‍ഗ്രസിനു അധികാരത്തില്‍ നിന്ന് പുറത്തുനില്‍ക്കേണ്ടി വന്നെങ്കില്‍ അതിനു പ്രധാനകാരണം മുസ്ലിംകളുടെയും മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും പിന്തുണ (വോട്ട്) നഷ്ടപ്പെട്ടതാണ്. അതുവീണ്ടെടുക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടാവുന്നില്ല. തന്നെയുമല്ല, ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ അവിശ്വാസം വളര്‍ത്തുന്ന നയനിലപാടുകളും തീരുമാനങ്ങളുമാണ് യുപിഎ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് അരനൂറ്റാണ്ടുകാലം രാജ്യം ഭരിച്ചിട്ടും മുസ്ലിംകളുടെ സാമൂഹികവും വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ ഉന്നതിക്കായി ഫലപ്രദമായി ഒന്നും ചെയ്തില്ല എന്നതിന്റെ സാക്ഷ്യപത്രമാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. പല സംസ്ഥാനങ്ങളിലും ദലിതരെക്കാള്‍ പരിതാപകരമാണ് മുസ്ലിംകളുടെ അവസ്ഥ എന്ന ജസ്റിസ് സച്ചാറിന്റെ കണ്ടെത്തല്‍ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കുറ്റപത്രമായിരുന്നു. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ – തൊഴില്‍ മേഖലകളില്‍ ചില നിര്‍ണായക നീക്കങ്ങള്‍ അര്‍ജുന്‍സിങ് മാനവവിഭവശേഷി മന്ത്രിയായിരിക്കെ ഉണ്ടായെങ്കിലും അദ്ദേഹം വിടപറഞ്ഞതോടെ അവയെല്ലാം നിലച്ച മട്ടാണ്. 2010 സപ്തംബര്‍ 11ന് ശേഷം ആഗോളതലത്തില്‍ ഭീകരവിരുദ്ധ പോരാട്ടത്തിന്റെ മറവില്‍ മുസ്ലിംകള്‍ക്കെതിരെ വേട്ട തുടര്‍ന്നപ്പോള്‍ അതില്‍ പങ്കാളിയാവാന്‍ അന്നത്തെ ബിജെപി സര്‍ക്കാര്‍ കാണിച്ച ഔല്‍സുക്യത്തിന്റെ പരിണതിയായിരുന്നു പോട്ട നിയമം. യുപിഎ അധികാരത്തില്‍ വന്നപ്പോള്‍ പോട്ട എടുത്തുകളഞ്ഞുവെങ്കിലും 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിന് Unlawful Activities (Prevention Act ) 1967, പല്ലും നഖവും ഘടിപ്പിച്ച് മറ്റൊരു കരിനിയമം ചുട്ടെടുത്തു. ഇപ്പോള്‍ വീണ്ടും ആ നിയമം കര്‍ക്കശമാക്കിയിരിക്കുകയാണ്.

   ഹൈന്ദവഭൂരിപക്ഷം ബിജെപിയോട് അടുത്തേക്കുമെന്ന ആശങ്കയില്‍ മൃദുഹിന്ദുത്വ എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കാറുള്ള വര്‍ഗീയ പ്രീണന നയമാണ് കോണ്‍ഗ്രസ് വ്യാപകമായി സ്വീകരിച്ചു പോരുന്നത്. ഹൈദരാബാദിലെ മക്ക മസ്ജിദ്, മലേഗാവ്, അജ്മീര്‍, സംജോത എക്സ്പ്രസ് എന്നിവിടങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങള്‍ക്കു പിന്നില്‍ സംഘ്പരിവാറുമായി അടുപ്പമുള്ള ആത്യന്തിക ശക്തികളാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടും കേന്ദ്രസര്‍ക്കാര്‍ ഒളിച്ചുകളി നടത്തുന്നത് ഭൂരിപക്ഷ സമുദായത്തെ പ്രകോപിപ്പിച്ചാല്‍ കനത്ത തിരിച്ചടി ഏല്‍ക്കേണ്ടിവരുമെന്ന ഭീതിയിലാണ്. ജയ്പൂര്‍ ചിന്താശിബിരത്തില്‍ വച്ച് ‘ഹിന്ദുഭീകരത’യെക്കുറിച്ച് ഉരിയാടിയത് പോലും കനത്ത അപരാധമായി സംഘപരിവാര്‍ സംഘടനകള്‍ ആരോപിച്ചപ്പോള്‍ പരസ്യമായി ഖേദപ്രകടനം നടത്താന്‍ ആഭ്യന്തരമന്ത്രി ഷിന്‍ഡെ തയ്യാറായത് ദലിതനായ തന്റെ രാഷ്ട്രീയ ഭാവി അടുത്ത തിരഞ്ഞെടുപ്പോടെ അസ്തമിക്കരുത് എന്ന മോഹം കൊണ്ടാവണം. അഫ്സല്‍ ഗുരുവിനെ ഇത്ര തിടുക്കത്തില്‍ തൂക്കിക്കൊന്നത് പോലും ഭൂരിപക്ഷത്തിന്റെ മനഃസാക്ഷിയെ തൃപ്തിപ്പെടുത്താനാണെന്ന് പല ഭാഗത്തു നിന്നും ആരോപണം ഉയര്‍ന്നു കഴിഞ്ഞു. ഹൈദരാബാദില്‍ ഫെബ്രുവരി 21ന് ഇരട്ട ബോംബ് പൊട്ടി പതിനാറ് പേര്‍ മരിച്ചപ്പോഴേക്കും അഫ്സല്‍ ഗുരുവിന്റെ വധത്തിന് പകരം വീട്ടാന്‍ തീവ്രവാദികള്‍ നടത്തിയ ചെയ്തിയായിരിക്കാം അതെന്ന് അദ്ദേഹം ഒറ്റശ്വാസത്തില്‍ വിധിയെഴുതിയത് ആരെ സന്തോഷിപ്പിക്കാനാണെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലായിട്ടുണ്ട്.

   കോണ്‍ഗ്രസിന്റെ തലവിധിയാണിത്. അതിന്റെ ജ•ദൌത്യം സാര്‍ത്ഥകമായി നിറവേറ്റാന്‍ ക്ഷണികമായ അധികാര മോഹങ്ങള്‍ അനുവദിക്കുന്നില്ല. നൂറ്റി ഇരുപത് കോടി ജനം അധിവസിക്കുന്ന രാജ്യം, വിശിഷ്യ, സെക്കുലര്‍ പാര്‍ട്ടികളില്‍ അശ്രിതത്വം തേടുന്ന മുസ്ലിംകളാദി ദുര്‍ബല വിഭാഗങ്ങള്‍ അഭിലഷിക്കുന്നത് നീതിയും തുല്യതയും അവസരസമത്വവും പ്രദാനം ചെയ്യുന്ന ഒരു വ്യവസ്ഥിതിയുടെ കാവലാളുകളായി കോണ്‍ഗ്രസ് ഉയര്‍ന്നു പ്രവര്‍ത്തിക്കുന്നത് കാണാനാണ്. പക്ഷേ, കോണ്‍ഗ്രസ് പലപ്പോഴും വര്‍ഗീയതയോട് രാജിയാവുന്നത് സങ്കടപ്പെടുത്തുന്നു. രാഹുല്‍ഗാന്ധിക്ക് പുതിയൊരു അരുണോദയത്തിന് നാന്ദികുറിക്കാന്‍ സാധിക്കുമോ എന്നതാണ് കാലം ചോദിക്കുന്ന വിലപിടിപ്പുള്ള ചോദ്യം.

You must be logged in to post a comment Login