തിമ്പുക്തു: ജ്ഞാന ഭൂപടത്തിലെ സുവര്‍ണ ദേശം

Untitled-1 copyയൂറോപാണ്ഡിത്യം ചവിട്ടിത്തെറിപ്പിച്ച ദേശങ്ങളാണ് സഹാറക്ക് തെക്കുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍. അതിലൊന്നാണ് തിമ്പുക്തു. ഇപ്പോള്‍ ആ ദേശം ധൈഷണിക ലോകത്തെ ഞെട്ടിപ്പിക്കുകയാണ്. തൊള്ളായിരത്തി അറുപതില്‍ ശ്രദ്ധിപ്പിച്ചു തുടങ്ങിയ തിമ്പുക്തുവിന്റെ ധൈഷണിക ശേഖരങ്ങളിലേക്ക് ഒരെത്തിനോട്ടം.

ലുഖ്മാന്‍ കരുവാരക്കുണ്ട്

    ചരിത്രമെഴുത്ത് സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്. ലഭ്യമായ സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് എഴുതുമ്പോഴും, ചരിത്രകാരന്റെ/ ഗവേഷകന്റെ വംശീയവും മതപരവുമായ പ്രത്യയശാസ്ത്രത്തിനനുസരിച്ച് പലപ്പോഴും ആ വിവരണങ്ങള്‍ പരിമിതമായിത്തീരുന്നു. മൌലികമായ ഉള്ളടക്കങ്ങള്‍ തിരസ്ക്കരിക്കപ്പെടുക, എഴുത്തുകാരന്റെ മുന്‍വിധിയും ധാരണയും മേല്‍ക്കോയ്മ നേടുക, വസ്തുതകള്‍ വളച്ചൊടിക്കപ്പെടുക തുടങ്ങിയ വിമര്‍ശനങ്ങള്‍ പല ചരിത്രകാരന്മാര്‍ക്കു നേരെ നിരന്തരം ഉന്നയിക്കപ്പെടുന്നത് അതുകൊണ്ടാണ്. മധ്യകാലം മുതലേ യൂറോകേന്ദ്രീകൃത ചരിത്രകാരന്മാര്‍ കറുത്ത വംശജരോട് പൊതുവില്‍ പുലര്‍ത്തിയ വിവേചനത്തിന്റെ ഫലമായാണ് ആഫ്രിക്കക്ക് ധൈഷണികപാരമ്പര്യം ഇല്ലാത്ത, ചരിത്രാതീത കാലം തൊട്ടേ ഇരുട്ടില്‍ ജീവിക്കുന്ന ജനത എന്ന പ്രതച്ഛായ ലഭിച്ചത്.

   പതിനേഴാം നൂറ്റാണ്ട് തൊട്ടാണ് യൂറോപ്യന്‍ ചിന്തകര്‍ക്കിടയില്‍ ആഫ്രിക്ക അജ്ഞതയുടെ രൂപകമായി മാറുന്നത്. ഭീകരമായ കോളനിവത്കരണത്തിലൂടെ ഏഷ്യയിലെയും ആഫ്രിക്കയിലെയും വിഭവ സമൃദ്ധമായ ദേശങ്ങളില്‍ നിന്ന് അന്യായമായി കടത്തിക്കൊണ്ടുപോയ സമ്പത്ത് യൂറോപ്പിനെ ഭൌതിക വികാസത്തിന്റെ നെറുകയിലെത്തിച്ചു. അതേ തുടര്‍ന്ന് പടിഞ്ഞാറ് ഉണ്ടായ വ്യാവസായിക വിപ്ളവവും ജ്ഞാനോദയവും1 നല്‍കിയ അഹന്ത നിറഞ്ഞ ആത്മപ്രശംസയില്‍ നിന്നാണ് തത്വശാസ്ത്രത്തിന്റെയും ശാസ്ത്രീയ വിജ്ഞാനത്തിന്റെയും പാരമ്പര്യം യൂറോപ്പിന് മാത്രം അവകാശപ്പെട്ടതാണെന്ന് അവിടെയുള്ള തത്വചിന്തകന്മാര്‍ വാദിച്ചു തുടങ്ങിയത്. യൂറോപ്പിലെ പ്രമുഖരായ പല ചരിത്രകാരന്മാരും ഈ മുന്‍വിധിയുടെ പ്രചാരകരായി മാറി പിന്നീട്. 2തത്വചിന്തകനായ ഇമ്മാനുവല്‍ കാന്റെ (എ ഡി 1724-1804) എഴുതി: “മനുഷ്യത്വം ഔന്നത്യം പ്രാപിച്ചത് വെളുത്ത വംശജരില്‍ മാത്രമാണ്. ലോകത്തെ ഏറ്റവും അധമരാണ് കറുത്ത നീഗ്രോകള്‍.” ഹെഗല്‍(എ ഡി 1770-1831) എഴുതുന്നു: “ലോകചരിത്രത്തില്‍ ഒരു ഇടവുമില്ലാത്ത ഭൂഖണ്ഡമാണ് ആഫ്രിക്ക. വൈജ്ഞാനികമോ നാഗരികമോ ആയ യാതൊരു മുന്നേറ്റവും അവിടെ സംഭവിച്ചിട്ടില്ല.”

   ഈ തരത്തിലുള്ള യൂറോ കേന്ദ്രീകൃത ചരിത്രമെഴുത്തിനെ വിമര്‍ശിച്ചും ഹെഗലിന്റെ വാദങ്ങള്‍ ഖണ്ഡിച്ചും ദക്ഷിണാഫ്രിക്കന്‍ ചരിത്രകാരനായ സുലൈമാന്‍ മസൂദ് എഴുതുന്നു: “ഹെഗലിന്റെ നിരീക്ഷണ പ്രകാരം ചരിത്രവും തത്വചിന്തയും യൂറോപ്പിന്റെ മാത്രം സവിശേഷതയാണത്രേ. ശാസ്ത്രീയമോ ധൈഷണികമോ ആയ യാതൊരു സംഭാവനയും ആഫ്രിക്ക ലോകത്തിന് നല്‍കിയിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ‘കൊള്ളാവുന്ന ആഫ്രിക്ക’ എന്നൊരു പ്രയോഗം ഹെഗല്‍ ഉപയോഗിച്ചിട്ടുണ്ട്; വെളുത്ത നിറമുള്ള ആഫ്രിക്കക്കാര്‍ താമസിക്കുന്ന മഗ്രിബ് രാജ്യങ്ങളെ-ഈജിപ്ത്, അള്‍ജീരിയ, ടുണീഷ്യ-പരമാര്‍ശിക്കുമ്പോള്‍. എന്നാല്‍ കറുത്ത നിറമുള്ള മുസ്ലിംകള്‍ താമസിക്കുന്ന സഹാറാ മരുഭൂമിക്ക് തെക്കുള്ള രാഷ്ട്രങ്ങളിലെ വൈജ്ഞാനിക തത്വചിന്താ പാരമ്പര്യത്തെ ഹെഗല്‍ അടക്കമുള്ള യൂറോ പണ്ഡിത•ാര്‍ പൂര്‍ണമായും നിരാകരിക്കുന്നു. വെളുത്ത ആഫ്രിക്കയെ യൂറോപ്പിന്റെ തുടര്‍ച്ചയായും കറുത്ത നിറമുള്ള ആഫ്രിക്കക്കാര്‍ വസിക്കുന്ന രാഷ്ട്രങ്ങളെ അടിമത്തത്തിന്റെ സ്ഥലങ്ങളായും അവര്‍ വിഭജിച്ചു. ആധുനിക കാലഘട്ടത്തിലെ യൂറോപ്യന്‍ ചരിത്രകാരന്മാരില്‍ പോലും ഈ ബോധം ആഴത്തില്‍ സ്വാധീനം ചെലുത്തിയതിനാലാണ് ആഫ്രിക്കക്ക് ഇരുണ്ട ഭൂഖണ്ഡം എന്ന കളങ്കിതമായ അപരനാമം ലഭിച്ചത്.

ബദല്‍ രചനകള്‍: ആഫ്രിക്കയുടെ ചരിത്രം

    രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യം യൂറോപ്യന്‍ നേതൃത്വത്തിലുള്ള കോളനിവാഴ്ചയുടെ ശൈഥില്യത്തിന്റെ ആരംഭമായിരുന്നു. ഏഷ്യയിലെയും ആഫ്രിക്കയിലെയും നിരവധി രാഷ്ട്രങ്ങള്‍ ശക്തമായ വിമോചന സമരത്തിലൂടെ തങ്ങളുടെ സ്വത്വവും ഭൂപ്രദേശവും വീണ്ടെടുത്തു. ചരിത്രം, ശാസ്ത്രം, തത്വചിന്ത തുടങ്ങിയ നാഗരികതയുടെയും ധൈഷണിക വികാസത്തിന്റെയും അളവുകോലുകള്‍ യൂറോപ്പിന്റെ മാത്രം പാരമ്പര്യമാണെന്ന പ്രചാരണങ്ങളുടെ വസ്തുത തേടിയുള്ള ഗവേഷണങ്ങള്‍ അതോടെ മൂന്നാം ലോകരാജ്യങ്ങളില്‍ സജീവമായി ആരംഭിച്ചു. മിഡില്‍ ഈസ്റ് ദേശീയ യൂണിവേഴ്സിറ്റികളില്‍ ആഫ്രിക്കയെക്കുറിച്ചുള്ള അക്കാദമിക് അന്വേഷണങ്ങള്‍ക്ക് പ്രത്യേക മുന്‍ഗണന നല്‍കി. 1960 കളോടെ ഞെട്ടിപ്പിക്കുന്ന ഗവേഷണ ഫലങ്ങള്‍ പുറത്തുവരാന്‍ തുടങ്ങി. അങ്ങനെയാണ് പടിഞ്ഞാറന്‍ ആഫ്രിക്കയിലെ കറുത്ത വര്‍ഗക്കാര്‍ താമസിക്കുന്ന മാലി എന്ന രാഷ്ട്രത്തിലെ തിമ്പുക്തു എന്ന ദേശം ലോക ചരിത്രത്തില്‍ തന്നെ അനുപമമായ വിധത്തില്‍ വിജ്ഞാനത്തിന്റെയും തത്വചിന്തയുടെയും കളിത്തൊട്ടിലായിരുന്നു എന്ന അറിവ് പ്രചാരം നേടിത്തുടങ്ങിയത്.
സുലൈമാന്‍ ബഷീര്‍ ദിഅഗ്നേ എഴുതുന്നു: രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് സംഭവിച്ച യൂറോപ്യന്‍ മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ചരിത്രത്തെ മൂലസ്രോതസ്സില്‍ നിന്ന് വായിക്കാനും ഗവേഷണം ചെയ്യാനും ആഫ്രിക്കന്‍ യുവ ചരിത്രകാരന്മാര്‍ ഉത്സാഹം കാണിച്ചു. പാലിഡ് ടെംബിളിന്റെ The moral philosophy of wolof, Akan Philosophy, Yourba philosophy എന്നീ ഗ്രന്ഥങ്ങള്‍ ഉദാഹരണം. ചരിത്രത്തിന്റെയും തത്വചിന്തയുടെയും യൂറോപ്യന്‍ നിര്‍മിത വാര്‍പ്പു മാതൃകകളെ ഇത്തരം ഗ്രന്ഥങ്ങള്‍ നിശിതമായി ഖണ്ഡിച്ചു. ഫിലോസഫിയുടെ മാനദണ്ഡത്തിനകത്ത് ഒരു ഗ്രന്ഥം ഇടംപിടിക്കണമെങ്കില്‍ യൂറോപ്പ് നിര്‍വചിക്കുന്ന ഗുണങ്ങള്‍ ഇവയാണ്: അത് എഴുതപ്പെട്ടതാവണം; ശാബ്ദികമാവരുത്. വൈയക്തിക സംഭാവനകളാവണം; ഒരു സംഘം ആളുകളുടെ കണ്ടുപിടിത്തമാവരുത്. യുക്തിഭദ്രവും വിമര്‍ശന ചിന്തയിലധിഷ്ഠിതവും ആയിരിക്കണം. ഈ നിര്‍വചന പ്രകാരമുള്ള തത്വചിന്താ ഗ്രന്ഥങ്ങള്‍ പടിഞ്ഞാറ് മാത്രമേ ലഭ്യമായിരുന്നുള്ളൂ എന്നാണ് യൂറോപ്യര്‍ വിശ്വസിച്ചിരുന്നതും തത്വശാസ്ത്രത്തിന്റെ പേറ്റന്റ് അവകാശപ്പെട്ടിരുന്നതും. പക്ഷേ തിമ്പുക്തുവില്‍ നിന്ന് കണ്ടെടുക്കപ്പെട്ട ആയിരക്കണക്കിന് പൌരാണിക കൈയെഴുത്ത് പ്രതികള്‍ യൂറോപ്യന്‍ അവകാശ വാദത്തെ വേരോടെ പിഴുതെറിയാന്‍ മാത്രം വിശാലമാണ്.

ആഫ്രിക്കന്‍ പാരമ്പര്യത്തെ കൃത്യമായി വേര്‍തിരിച്ചറിഞ്ഞ സെനഗല്‍ ചരിത്രകാരനായ വാമി ആന്റണി മാപ്പില 1992 ല്‍ ഇങ്ങനെ എഴുതി: Muslims have a long history of philosophical writing much of it written in Africa. So the study of philosophy can be seen as traditional and indeginious.

    മറ്റൊരു ആഫ്രിക്കന്‍ ചരിത്രകാരനായ ശൈഖ് ആന്‍തഡോപ്പ് എഴുതുന്നതിങ്ങനെ: നൂറ്റാണ്ടുകള്‍ ആഫ്രിക്കയെ രാഷ്ട്രീയമായി അധീനതയിലാക്കിയതോടെ യൂറോപ്പ് ആഫ്രിക്കയുടെയും അവിടെ വസിക്കുന്ന മുസ്ലിംകളുടെയും വൈജ്ഞാനിക പാരമ്പര്യം കുഴിവെട്ടിമൂടാന്‍ ശ്രമിച്ചു. വാസ്തവത്തില്‍ തിമ്പുക്തു പോലുള്ള ദേശങ്ങളില്‍ അരിസ്റോട്ടിലിന്റെ തത്വചിന്തകളും അതിന്റെ പരിമിതികളും വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എ ഡി പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ തിമ്പുക്തുവിലെ സങ്കോര്‍ യൂണിവേഴ്സിറ്റി, അല്‍ അസ്ഹര്‍ കൈറോ, സ്പെയിനിലെ കൊര്‍ദോവ തുടങ്ങിയ ഇസ്ലാമിക ധൈഷണിക കേന്ദ്രങ്ങളായിരുന്നു ഏറ്റവും മുഖ്യ വൈജ്ഞാനിക സമുഛയങ്ങള്‍. ഫിലോസഫി ഇവിടെയൊക്കെ സവിശേഷമായി പഠിപ്പിക്കപ്പെട്ടു. പ്ളാറ്റോ, അരിസ്റോട്ടില്‍, പ്ളോറ്റിനി തുടങ്ങിയ ഗ്രീക്ക് തത്വചിന്തകരുടെ ദാര്‍ശനിക പരിമിതികള്‍ വെളിച്ചത്ത് കൊണ്ടുവന്ന അല്‍ ഫാറാബി (ഒമ്പതാം നൂറ്റാണ്ട്) ഇബ്നുസീന(പത്താം നൂറ്റാണ്ട്), ഇമാം ഗസ്സാലി(പതിനൊന്നാം നൂറ്റാണ്ട്), ഇബ്നു റുഷ്ദ്(പന്ത്രണ്ടാം നൂറ്റാണ്ട്), തുടങ്ങിയവരുടെ മൌലിക പാരമ്പര്യമാണ് തിമ്പുക്തുവിലെ മുസ്ലിം പണ്ഡിത•ാരും പിന്തുടര്‍ന്നിരുന്നത്.
നാഗരികതയുടെ ആരംഭം
From here to Timbakthu  എന്നത് ഇംഗ്ളീഷ് ഭാഷയിലെ പ്രസിദ്ധമായൊരു പ്രയോഗമാണ്. ‘എത്തിച്ചേരല്‍ അസാധ്യമായ ദേശം’ എന്നാണ് ഈ പ്രയോഗത്തിന്റെ അര്‍ത്ഥം. അതിനാല്‍ തന്നെ പണ്ടുകാലം മുതലേ തിമ്പുക്തു എന്ന നാമത്തെ മാര്‍ക്കോസിന്റെ ‘മക്കൊണ്ട’ പോലെ ഒരു സാങ്കല്‍പിക ദേശം എന്ന നിലയിലാണ് പലരും അനുമാനിച്ചിരുന്നത്.
തിമ്പുക്തു എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് നിരവധി വ്യാഖ്യാനങ്ങളുണ്ട്. ഒരു വ്യാഖ്യാനം ഇങ്ങനെയാണ്: നാടോടികളായിരുന്ന തുറഗ് ഗോത്രം എ ഡി അഞ്ചാം നൂറ്റാണ്ടില്‍ ഈ പ്രദേശത്തു വന്ന് ആവാസമാരംഭിച്ചു. അവര്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ബക്തു എന്നു പേരുള്ള പ്രായമുള്ള ഒരു സ്ത്രീ ആയിരുന്നു. പില്‍ക്കാലത്ത് ബക്തുവിന്റെ സ്ഥലം എന്ന നിലയില്‍ തിമ്പുക്തു എന്ന പേര് ഈ ദേശത്തിന് നല്‍കപ്പെട്ടു.

   ഇസ്ലാമിനു മുമ്പ് തിമ്പുക്തുവില്‍ വ്യാപാര വിജ്ഞാന പാരമ്പര്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഏഴാം നൂറ്റാണ്ടോടെയാണ് പടിഞ്ഞാറെ ആഫ്രിക്കയിലെ പ്രധാന കച്ചവട കേന്ദ്രമായി തിമ്പുക്തു മാറിയത്. സുഡാനില്‍ നിന്നും വടക്കെ സഹാറയില്‍ നിന്നും കൊണ്ടുവരുന്ന ഉപ്പ്, ഗോതമ്പ്, സ്വര്‍ണ്ണം, ഒട്ടകം എന്നിവയെല്ലാം ഇവിടെ വിപണിയില്‍ വ്യാപകമായി കച്ചവടം ചെയ്യപ്പെട്ടിരുന്നു3. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഏതാണ്ടെല്ലാ രാഷ്ട്രങ്ങളിലൂടെയും കടന്നു പോകുന്ന നൈജര്‍ നദിയായിരുന്നു – തിമ്പുക്തുവിനെ വലയം ചെയ്താണ് ഈ നദി ഒഴുകുന്നത് – കച്ചവട വളര്‍ച്ചയുടെയും സാംസ്കാരിക മുന്നേറ്റത്തിന്റെയും മുഖ്യ മാധ്യമം. അതോടൊപ്പം സമതലാകൃതിയിലുള്ള തിമ്പുക്തുവിന്റെ മനോഹരമായ ഭൂപ്രകൃതി കച്ചവടക്കാരെ ഏറെ ആകര്‍ഷിച്ചു. തുരാഗ് മാഗ്ഹാഷന്‍ പറയുന്നത് എ ഡി 1100 ഓടെ തിമ്പക്തു വലിയൊരു പട്ടണമായി വികസിച്ചുവെന്നാണ് അക്കാലത്തെ പ്രമുഖ സാംസ്ക്കാരിക കേന്ദ്രങ്ങളായിരുന്ന ഈജിപ്ത്, ഫെസ്, തുവാത് തുടങ്ങിയ പ്രദേശങ്ങളുമായി ഉണ്ടായിരുന്ന വ്യാപാര ബന്ധങ്ങളും നാഗരിക വികാസവും ക്രമേണ തിമ്പക്തുവിനെ വിജ്ഞാനത്തിന്റെ കൂടി ഇടമാക്കി വികസിപ്പിച്ചു.

  എ ഡി 12-ാം നൂറ്റാണ്ട് മുതലാണ് തിമ്പുക്തു അറിവിന്റെ കേന്ദ്രം എന്ന തലത്തില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. അക്കാലത്ത് മൂന്ന് യൂണിവേഴ്സിറ്റികളും4 180 ഖുര്‍ആന്‍ പഠന കേന്ദ്രങ്ങളും തിമ്പക്തുവില്‍ ഉണ്ടായിരുന്നു. 13-ാം നൂറ്റാണ്ടോടെ മാലി ഭരണകൂടത്തിലേക്ക് തിമ്പുക്തു കൂട്ടിച്ചേര്‍ക്കപ്പെട്ടു. പില്‍ക്കാലത്ത് മാലിയുടെ ഭരണാധികാരിയായിത്തീര്‍ന്ന മന്‍സ മൂസ എ ഡി 1325 ല്‍ മക്കയിലേക്ക് തീര്‍ത്ഥാനടത്തിന് പോയി. മക്കയില്‍ വെച്ച് കണ്ടുമുട്ടിയ പണ്ഡിത•ാര്‍ക്ക് തിമ്പുക്തുവിലെ പണ്ഡിത•ാരുടെ അത്ര ആഴവും പരപ്പും ഇല്ലെന്ന് മൂസക്ക് ബോധ്യപ്പെട്ടു. മൂസയുടെ ഈ മക്കാ സന്ദര്‍ശനത്തോടെയാണ് തിമ്പുക്തു ലോകശ്രദ്ധയില്‍ വരുന്നത്. അങ്ങനെ വിജ്ഞാന കുതുകികളായ പണ്ഡിതന്മാരും സഞ്ചാരികളും തിമ്പുക്തുവിലേക്ക് ഒഴുകി.
സങ്കോര്‍ യൂണിവേഴ്സിറ്റി: ആഫ്രിക്കയിലെ കൊര്‍ദോവ
എ ഡി 989 ലാണ് തിമ്പക്തുവില്‍ ഒരു കൊച്ചുപള്ളി പണിയാന്‍ ചീഫ് ജഡ്ജി ഉത്തരവിറക്കിയത്. പന്നീട് പ്രദേശത്തെ അതിസമ്പന്നയായ ഒരു വനിതയുടെ സഹായത്തോടെ പുനര്‍നിര്‍മിക്കപ്പെട്ട പള്ളി സങ്കോര്‍ മോസ്ക് എന്നാണ് അറിയപ്പെടുന്നത്. നഗരത്തിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ പള്ളി ആസ്ഥാനമാക്കിയാണ് തിമ്പുക്തുവിലെ ഏറ്റവും ഉന്നത വൈജ്ഞാനിക കേന്ദ്രം ആയിരുന്ന സങ്കോര്‍ യൂണിവേഴ്സിറ്റി പ്രവര്‍ത്തിച്ചിരുന്നത്. നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ഇന്നും നിലനില്‍ക്കുന്ന ഈ മസ്ജിദ് ഇസ്ലാമിക വാസ്തു വിദ്യയുടെ മനോഹരമായ ആവിഷ്കാരമാണ്. കളിമണ്ണില്‍ വ്യത്യസ്തമായ ആകൃതിയില്‍ പണിത പള്ളിയുടെ കൂറ്റന്‍ മിനാരമാണ് ആധുനിക കാലത്ത് തിമ്പുക്തുവിന്റെ ഏറ്റവും വലിയ ആകര്‍ഷണ കേന്ദ്രം.

   അബ്ദുറഹ്മാന്‍ അല്‍ സിദി തന്റെ പ്രശസ്തമായ ‘താരിഖെ സുഡാന്‍’5 എന്ന ചരിത്ര കൃതിയില്‍ എഴുതുന്നു: ആഗന്‍ ഗോത്രത്തില്‍ പെട്ട വളരെ സമ്പന്നയായൊരു സ്ത്രീയാണ് ഈ പള്ളി നിര്‍മിക്കാന്‍ സാമ്പത്തികമായി സഹായം നല്‍കിയത്. തിമ്പുക്തുവിലെ പൌരാണിക കെട്ടിടങ്ങളില്‍ നയനാനന്ദകരമായ ദൃശ്യം പകരുന്ന നിര്‍മിതിയാണിത്. ഒരര്‍ത്ഥത്തില്‍ ഇവിടെ വൈജ്ഞാനിക നവോത്ഥാനത്തോടൊപ്പം വാസ്തുവിദ്യയിലെ ഉജ്വലമായ വികാസം ഉണ്ടായിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് സങ്കോര്‍ മസ്ജിദ്.”

   മുസ്ലിംകളെ സാമ്പത്തികവും ധൈഷണികവുമായി വികസിപ്പിക്കുന്നതില്‍ കൊര്‍ദോവയോളം ഉന്നതമായിരുന്നു തിമ്പുക്തു അന്ന്. ഈജിപ്ത്, മൊറോക്കൊ, ഇറാഖ്, സ്പെയിന്‍ തുടങ്ങിയ വിദൂര ദേശങ്ങളില്‍ നിന്നെല്ലാം വിജ്ഞാനം തേടി പണ്ഡിത•ാരും വിദ്യാര്‍ത്ഥികളും തിമ്പുക്തുവിലേക്ക് പ്രവഹിച്ചിരുന്നു. പൌരാണിക ആഫ്രിക്കന്‍ സഞ്ചാരി യായ ലിയോ ആഫ്രിക്കനസ്6 പറയുന്നു: വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളും പ്രബോധകരും തിമ്പുക്തുവില്‍ എത്തിയിരുന്നു. വിദൂര ദിക്കുകളില്‍ എഴുതപ്പെട്ട ഇസ്ലാമിക ഗ്രന്ഥങ്ങളുടെ കൈയെഴുത്ത് പ്രതികള്‍ ഇവിടെ ലഭ്യമായിരുന്നു. പുസ്തക വില്‍പന, സ്വര്‍ണ വില്പനയെക്കാള്‍ ലാഭകരമായിരുന്നു തിമ്പക്തുവില്‍. ജനങ്ങള്‍ക്ക് പഠിക്കാനും ഗവേഷണം നടത്താനും നിരവധി പൊതു ലൈബ്രറികള്‍ പ്രവര്‍ത്തിച്ചിരുന്നു. എല്ലായിടത്തും പ്രവേശനം സൌജന്യമായിരുന്നു.

    14-16 നൂറ്റാണ്ടുകളിലാണ് സങ്കോര്‍ യൂണിവേഴ്സിറ്റിയില്‍ വൈജ്ഞാനിക വിപ്ളവം അത്യുന്നതി പ്രാപിച്ചത്. മധ്യകാലത്ത് യൂറോപ്പില്‍ നിലനിന്നിരുന്ന യൂണിവേഴ്സിറ്റികളില്‍ നിന്ന് പല സവിശേഷതകളും കൊണ്ട് വ്യതിരിക്തമായിരുന്നു സന്‍കോര്‍. യൂണിവേഴ്സിറ്റിക്ക് ഒരു കേന്ദ്രഭരണ സംവിധാനം ഉണ്ടായിരുന്നില്ല. സ്റുഡന്റ് രജിസ്റര്‍, ലിഖിത പാഠ്യപദ്ധതി എന്നിവയും അന്യമായിരുന്നു. ഒരു അധ്യാപകനു(മുദരിസ്) കീഴില്‍ പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള അനേകം സ്വതന്ത്ര സ്ഥാപനങ്ങളുടെ കൂട്ടായ്മയായിരുന്നു സങ്കോര്‍ യൂണിവേഴ്സിറ്റി. പള്ളിയിലും പള്ളി മുറ്റത്തും ഒഴിഞ്ഞ മരത്തിന്‍ ചുവട്ടിലുമൊക്കെയായിട്ടായിരുന്നു ക്ളാസുകള്‍ നടന്നിരുന്നത്.

  രജിസ്ട്രേഷനും വിദ്യാഭ്യാസ സംവിധാനവും ലളിതമെന്ന് തോന്നാമെങ്കിലും പാഠ്യവിഷയങ്ങള്‍ വിപുലവും വിശാലവുമായിരുന്നു. മത സെക്യുലര്‍ മേഖലകളുമായി ബന്ധമുള്ള എല്ലാ വിഷയങ്ങളും ഇവിടെ ആഴത്തില്‍ പഠിപ്പിച്ചിരുന്നു. മാലികീ സരണി പ്രകാരമുള്ള കര്‍മശാസ്ത്രമായിരുന്നു തിമ്പുക്തുവിലെ പണ്ഡിത•ാര്‍ പിന്തുടര്‍ന്നിരുന്നത്. ഏതു വിഷയത്തിലും കൃത്യമായ മതവിധി പറയാന്‍ തക്കവണ്ണം ആഴമുള്ള ജ്ഞാന പടുക്കളായിരുന്നു അവിടത്തെ പണ്ഡിത•ാര്‍. യൂണിവേഴ്സിറ്റിയിലെ പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന അംഗീകാരമായിരുന്നു തലപ്പാവണിയിക്കല്‍ ചടങ്ങ്. അധ്യാപകര്‍ പൂര്‍ണ തൃപ്തിയോടെ തലപ്പാവ് പഠിതാക്കള്‍ക്ക് ചാര്‍ത്തുന്നതു മുതല്‍ അവര്‍ പണ്ഡിത•ാരായി ഗണിക്കപ്പെട്ടിരുന്നു. അല്ലാഹുവില്‍ നിന്നുള്ള ദിവ്യപ്രകാശം(നൂറുല്ലാഹി), വിവേകം, ജ്ഞാനം, ധാര്‍മികത എന്നിവ ആര്‍ജിച്ചവരായി തലപ്പാവു ധാരികളെ സമൂഹം മനസ്സിലാക്കുന്നു.
തിമ്പക്തുവിലെ പ്രഫുല്ലമായ ഈ ധൈഷണിക കാലഘട്ടത്തെ അളക്കാന്‍ ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും പ്രചാരമുള്ള പഴഞ്ചൊല്ല് മാത്രം മതിയാവും. അതിങ്ങനെ: Salt comes from the north, Gold from south, But the world of god and the treasures of wisdom are only to be found in Timbakthu.

   എ ഡി 1468 ല്‍ സൊന്നി അലി എന്ന നൈജീരിയന്‍ രാജാവ് മാലി ഭരണകൂടത്തില്‍ നിന്ന് തിമ്പുക്തു പിടിച്ചെടുത്തു. വൈജ്ഞാനിക സംരംഭങ്ങളോട് താത്പര്യമില്ലാത്ത വ്യക്തിയായിരുന്നു അദ്ദേഹം. എന്നാല്‍ സൊന്നി അലിയുടെ പിന്‍ഗാമി മുഹമ്മദ് അസ്കിയ പണ്ഡിത•ാരെ ഏറെ ആദരിക്കുന്ന രാജാവായിരുന്നു. തിമ്പുക്തുവിലെ അക്കാലത്തെ മുഖ്യപണ്ഡിതനും ഗ്രന്ഥകര്‍ത്താവുമായിരുന്ന മുഹമ്മദ് അബ്ദുല്‍ കരീം മഗല്ലി അസ്കിയ രാജാവിന്റെ നിയമോപദേശകനും ആധ്യാത്മിക വഴികാട്ടിയുമായിരുന്നു. രാഷ്ട്രീയം, കര്‍മശാസ്ത്രം, നീതിന്യായ വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളില്‍ മുഹമ്മദ് അസ്കിയയോടുള്ള അബ്ദുല്‍ മഗല്ലിയുടെ ഉപദേശങ്ങള്‍, നിര്‍ദേശങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് പരാമര്‍ശിക്കുന്ന പുസ്തകമാണ് ഖീവി ീ വൌംശരസ എഴുതിയ ടവമൃശ്യമ ശി ീിഴവമ്യ, ഠവല ൃലുഹശല ീള അഹ ാമഴവശഹശ ീ വേല ൂൌലശീിെേ ീള മസെശമ ങൌവമാാലറ. അസ്കിയ ഭരണകൂടം നിലനിന്ന 1493 മുതല്‍ 1591 വരെ തിമ്പുക്തുവിന്റെ സുവര്‍ണ കാലമായിരുന്നു. ലിയോ ആഫ്രിക്കനസ് എഴുതി: ‘അസ്കിയ രാജാക്ക•ാരുടെ കാലത്ത് സുഗമമായ ജീവിതമായിരുന്നു തിമ്പുക്തുവിലെ ജനങ്ങളുടേത്. പണ്ഡിത•ാര്‍, വിദ്യാര്‍ത്ഥികള്‍, കച്ചവടക്കാര്‍ എന്നിവരാല്‍ സമൃദ്ധമായ നഗരം രാത്രി ഒരു മണിവരെ സജീവമായിരുന്നു. രാജാക്ക•ാര്‍ പണ്ഡിത•ാരെ ഏറെ ആദരിച്ചു. വൈജ്ഞാനിക ഗ്രന്ഥമെഴുതുന്ന പണ്ഡിത•ാര്‍ക്ക് ഉയര്‍ന്ന പാരിതോഷികം നല്‍കി.”

   1591 ല്‍ അഹ്മദ് മന്‍സൂര്‍ എന്ന മൊറോക്കന്‍ രാജാവ് അസ്കിയ ഭരണകൂടത്തില്‍ നിന്ന് തിമ്പുക്തു പിടിച്ചെടുത്തു. പണ്ഡിത•ാരെയും വിദ്യാര്‍ത്ഥികളെയും അടിമകളാക്കി കരിമ്പ് തോട്ടങ്ങളില്‍ പണിയെടുക്കാന്‍ മൊറോക്കയിലേക്ക് കൊണ്ടുപോയി. ഈ ആക്രമണം തിമ്പുക്തുവിന്റെ ജ്ഞാന പാരമ്പര്യത്തിന് മങ്ങലേല്‍പിച്ചു. ലൈബ്രറികളും പാഠശാലകളും കുറെയേറെ അഗ്നിക്കിരയാക്കപ്പെട്ടു. തിമ്പുക്തു കണ്ട എക്കാലത്തെയും മികച്ച പണ്ഡിതന്‍ അഹ്മദ് ബാബയെ മൊറോക്കയിലെ ഫെസിലേക്ക് നാടുകടത്തി. (ഫെസിന്റെ വൈജ്ഞാനിക ചരിത്രം മറ്റൊരു കഥയാണ്. ഇബ്റാഹീം ഇസ്സുദ്ദീന്‍ എഴുതിയ എല്വഅ (ഹശ്യ ീള കഹെമാ എന്ന പുസ്തകം ഫെസിന്റെ വൈജ്ഞാനിക ചിന്താ പാരമ്പര്യങ്ങളെ വെളിച്ചത്ത് കൊണ്ടുവരുന്നു.)

(തുടരും)

1. Timbuktu manuscripts, Rediscovering a written source of iron Law, NMI Goolam

2. Race, Slavery and Islamic Law in the early modern Atlantic – Chris Gratien, Georgetown university.

3. When Timbuktu was the paris of Islamic, Intellectuals in Africa- By Lila Azan Zanganety

4. The tomes of Timbuktu by Alan Huffman

5. The Road to Timbuktu By Philip lee

6. The Scrable fo Timbuktu – by charlotte weideman

You must be logged in to post a comment Login