ശേഷിപ്പുകള്‍

കവിത അശ്റഫ് കാവില്‍

ശേഷിപ്പുകള്‍

മയില്‍
പീലി ബാക്കിവെക്കുന്നു…
കസ്തൂരിമാന്‍
അതിന്റെ സുഗന്ധം
വച്ചു പോകുന്നു…
കുയില്‍
പാടിയ പാട്ടുകള്‍
അവശേഷിപ്പിക്കുന്നു…

കര്‍മ്മ കാണ്ഡങ്ങളുടെ
കറുത്ത വിഴുപ്പുകള്‍
ഉപേക്ഷിച്ചു പോകുന്നു
ദുര്‍വൃത്തര്‍…
അതിന്റെ ദുര്‍ഗന്ധം
തലമുറകളോളം
നിലനില്‍ക്കുന്നു…

കാരുണ്യത്തിന്റെ
ഇളം തൂവലുകളും
സ്നേഹത്തിന്റെ
തീരാത്ത സുഗന്ധവും
നല്ല വാക്കുകളും,
ചുണ്ടുകളില്‍ നിന്ന്
പടര്‍ന്നേറുന്ന
സ്വഭാവ മഹിമയുടെ
മഹത്വങ്ങളും
പിന്നിലിട്ട്
വിശ്വാസികള്‍
കടന്നു പോകുന്നു…
പിന്‍നിലാവിന്റെ
പാല്‍വെളിച്ചത്തില്‍
വഴിതെളിയുന്നു.

You must be logged in to post a comment Login