ജാരന്മാര്‍ കേരളത്തില്‍

   കേരളത്തില്‍ വേനല്‍ചൂട് മുറുകുകയാണ്. നദികളെല്ലാം വറ്റിവരണ്ടു. കൃഷികള്‍ വെള്ളംകിട്ടാതെ കരിഞ്ഞുണങ്ങുന്നു. നിത്യോപയോഗസാധനങ്ങളുടെ വില വേനല്‍ച്ചൂടുപോലെ കുതിച്ചു കയറുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെ മലയാളിയുടെ വെപ്പും കുടിയും നിലച്ചു തുടങ്ങി. വിപണിയിലാണെങ്കില്‍ മൊത്തവ്യാപാരി ഒരു രൂപ കൂട്ടിയാല്‍ ചില്ലറ വ്യാപാരി പത്തുരൂപ കൂട്ടുന്നു. തരാതരം പോലെ പിടിച്ചുപറിക്കുന്നു. വിലവര്‍ധന നിയന്ത്രിക്കാനോ പൂഴ്ത്തിവെപ്പും കരിച്ചന്തയും തടയാനോ ആരുമില്ല. പൊതുവിതരണവകുപ്പ് ‘ആകെമൊത്തം’ അഴിമതി ആരോപണത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്നു. വകുപ്പു മന്ത്രി ഒന്നിനു പിറകെ ഒന്നായി വിജിലന്‍സ് അന്വേഷണങ്ങള്‍ നേരിടുന്നു. റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക് ഒഴുകുന്നു. പാവങ്ങള്‍ക്ക് വിതരണം ചെയ്യേണ്ട അരി പുഴുവരിച്ചു നശിക്കുന്നു. ഇതാണോ ‘നമ്മ’ കരുതുന്ന മാവേലി ഭരണം?. കച്ചവടക്കാരന്‍ എന്ത് പറയുന്നുവോ അതാണ് വില. ഇറക്കുമതി നിയന്ത്രണങ്ങള്‍ വ്യവസായലോബിക്ക് അനുകൂലമായി മാറ്റി മാറ്റി, നാണ്യവിളകളുടെ വിലകള്‍ കുത്തനെ ഇടിയുന്നു. ഉണ്ണികള്‍ ഇപ്പോഴും ഉറക്കത്തിലാണ്. തലയില്‍ വെള്ളമൊഴിക്കാന്‍ ആരുമില്ല. ഒഴിക്കേണ്ടവര്‍ പഠനത്തിലാണ്. പഠനം കഴിയുമ്പോഴേക്കും പിന്നെ കുഴിയിലേക്ക് എടുത്താല്‍ മതി. വേനലില്‍ വിയര്‍ത്തുകുളിക്കുമ്പോള്‍ അല്പം കാറ്റുകൊള്ളാന്‍ ഫാനിടാമെന്നു വച്ചാല്‍ കറണ്ടില്ല. ഇരുട്ടത്തിരിക്കാതെ വെളിച്ചമിടാന്‍ നോക്കിയാല്‍ കട്ടാണ്… കറണ്ടില്ല. ഇരുപത്തിനാലില്‍, ഇരുപതുമണിക്കൂറും പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ കട്ടുകള്‍ വിലസുന്നു. നാടുവിടാമെന്ന് വിചാരിച്ചാല്‍ ബസ്, ടാക്സി, ഓട്ടോ, റെയില്‍ നിരക്കുകള്‍ ദിവസേന കൂടുന്നു. സ്വന്തം വാഹനത്തില്‍ പുറത്തിറങ്ങാമെന്നു വച്ചാല്‍ വലിക്കാന്‍ പറ്റിയ കാളകളെ കിട്ടാനില്ല. വരിയൊടച്ച കാളകളെല്ലാം വിത്തുകാളകളുടെ അവിഹിതം തേടി അലയുമ്പോള്‍, വണ്ടിയും വണ്ടിക്കാരനും ആലിന്‍ചോട്ടില്‍ വാ പൊളിച്ചു നില്‍ക്കുന്നു… ഇതിന്റെ പേരാണ് വികസനം…

   സാമാന്യം തെറ്റില്ലാത്ത ഒരുസംഘം ഡല്‍ഹിക്ക് വണ്ടി കയറിയിട്ടുണ്ട്. അവിടെയിപ്പോള്‍ നല്ല കാലാവസ്ഥയാണ്. മുഗള്‍ഗാര്‍ഡനും, താജ്മഹലുമൊക്കെ കണ്ടിട്ടില്ലാത്ത പുതുമുഖങ്ങള്‍ക്ക് കാണാന്‍ പറ്റിയ സമയം. പോയ സംഘം വന്നിട്ടു വേണം, അടുത്ത സംഘത്തിന് യാത്ര തിരിക്കാന്‍. ബജറ്റില്‍ ഒന്നും കിട്ടാത്തതിനാല്‍ കാലുപിടിക്കാന്‍ പോകുകയാണ്. പോകുമ്പോള്‍ കുറച്ചു കുഴമ്പുകൂടി കൊണ്ടുപോയാല്‍ നന്നായിരിക്കും. ‘ഉളുക്ക്, ഒടിവ്, ചതവ്, നീര്, വാതം, പിത്തം, കഫം ഏതിനും ഉത്തമം’ എന്നൊരു ബോര്‍ഡും തൂക്കിയാല്‍ ആ കച്ചോടമെങ്കിലും പൊടിപൊടിക്കും. ഇതിപ്പോള്‍ കീറിയ വലയുമായി മീന്‍പിടിക്കാന്‍ പോയ അവസ്ഥയാണ്. വീശലും വലിക്കലും ഭംഗിയായി നടക്കുന്നുണ്ട്. വലിച്ചു കരയ്ക്കുകയറ്റുമ്പോള്‍ വല ശൂന്യം. പ്രതിപക്ഷത്തിനു മാത്രമല്ല, നാട്ടുകാര്‍ കൂട്ടത്തിലുള്ളവര്‍ക്കു പോലും തോന്നിത്തുടങ്ങി, ബജറ്റില്‍ ഒന്നും തടഞ്ഞിട്ടില്ലായെന്ന്. ബ്ളാ ബ്ളാ അടിക്കാന്‍ പോലും ഒന്നുമില്ല. അതുകൊണ്ട് പതിവ് ശൈലിയില്‍ ഒരു സംഘം ഡല്‍ഹിക്ക് തിരിച്ചു. എന്തായാലും കുറെ ‘ഉറപ്പു’ കിട്ടാന്‍ വകുപ്പുണ്ട്. കിട്ടിയ ഉറപ്പെല്ലാം ഉപ്പിട്ടുപുഴുങ്ങി കഴിച്ചാല്‍ മതി. എല്ലാ വികസനങ്ങളും ഓടിവരും. നാം കെട്ടവന്റെ ആസനത്തില്‍ ആലുമുളച്ചാല്‍ അതും തണല്‍ തന്നെ. പരിവാരസമേതമുള്ള പോക്കായതിനാല്‍ അടുത്ത പോക്കുവരെയുള്ള വീട്ടുസാമാനങ്ങളും പലവ്യഞ്ജനങ്ങളുമെല്ലാം വാങ്ങിപ്പോരാം. ജനങ്ങളുടെ നികുതിപ്പണം പോകുന്നതുമിച്ചം. ഈ പോക്കോടുകൂടി കെഎസ്ആര്‍ടിസിയുടെ കാര്യത്തില്‍ ഒരു തീരുമാനമായി. ഡീസലിനു പകരം സിഎന്‍ജിയും വാങ്ങി ആര്യാടന്‍ അടങ്ങി. കേരളത്തില്‍ മുട്ടിനുമുട്ടിനു സിഎന്‍ജി പമ്പുകള്‍ ഉള്ളതുകൊണ്ട് കുഴപ്പമില്ല. സംഗതി ലാഭമാണ്. നൂറുകോടിയുടെ ഉറപ്പും കിട്ടിയിട്ടുണ്ട്. എന്നാലും ശരി മറ്റു പമ്പുകളില്‍ നിന്ന് എണ്ണയടിച്ച് ആനവണ്ടി ഓടിക്കില്ല; കട്ടായം. പമ്പുകാരൊന്നും കാണേണ്ടപോലെ കണ്ടില്ലായെന്നര്‍ത്ഥം. കണ്ടിട്ടും കാര്യമില്ല. എണ്ണിക്കൊടുത്താല്‍ പണം നഹി നഹി… ആനവണ്ടിക്കു ഡീസലല്ല പ്രശ്നം; പമ്പാണ് പ്രശ്നം. ഏതു പമ്പില്‍ നിന്നു ഡീസല്‍ അടിച്ചാലും വണ്ടിയോടും എന്ന സാമാന്യബുദ്ധിപോലും ഇല്ലെങ്കില്‍ എന്തു ചെയ്യാന്‍. എല്ലാം നമ്മുടെ തലവര.

     മന്ത്രിമാരുടെയൊക്കെ വകുപ്പുകളെ വിശകലനം ചെയ്യാനേ പാടുള്ളൂ! വ്യക്തിപരമായ ചുറ്റിക്കളികളോ ശൃംഗാരകേളികളോ അറിഞ്ഞാല്‍ തന്നെ അറിഞ്ഞില്ലായെന്നു നടിക്കുകയും പരിപാടി തുടര്‍ന്നു കൊണ്ടുപോകാന്‍ ആവശ്യമായ സപ്പോര്‍ട്ടുകള്‍ ചെയ്തു കൊടുക്കുകയുമാണ് ചെയ്യേണ്ടതെന്നാണ് പി പിയെ പോലുള്ള മുതിര്‍ന്ന മൂത്താപ്പമാരുടെ അഭിപ്രായം. ഇതില്‍ ലൈക്ക് അടിക്കാമോ ഇല്ലയോ എന്നുള്ള കാര്യം മന്ത്രിസഭയുടെ പരിഗണനയിലാണ്. മാനം ഇല്ലാത്ത സ്ഥിതിക്ക് മാനനഷ്ടത്തിനു കേസുവരാന്‍ സാധ്യതയില്ല. നേതാക്കന്മാരുടെ ശൃംഗാര വിലാസങ്ങള്‍ വെളിപ്പെടുത്തുന്നത് രാഷ്ട്രീയ സദാചാരത്തെ പ്രതികൂലമായി ബാധിക്കും എന്നൊരു വെളിപ്പെടുത്തലും മേലാവില്‍ നിന്ന് ഉണ്ടായിട്ടുണ്ട്.

   നാറ്റം എല്ലാവരും കൂട്ടുത്തരവാദിത്വത്തോടെ ഏറ്റെടുക്കണമെന്നു സാരം. അതിനാണല്ലോ ഈ മുന്നണി മര്യാദ എന്നൊക്കെ പറയുന്നത്. ഭര്‍ത്താക്കന്മാ ര്‍, വിദേശത്തുള്ള ഭാര്യമാര്‍ക്ക് ഫോണ്‍ ഉപദേശങ്ങള്‍, അനുഗ്രഹ ദര്‍ശനങ്ങള്‍ തുടങ്ങിയവ കൊടുക്കാന്‍ ശ്രമിക്കുന്ന പുണ്യാത്മാക്കളെ തൂണിലും മാവിലും പിടിച്ചുകെട്ടി ചതച്ചുവിടുന്ന കാലമായതുകൊണ്ട് ‘ജാരന്മാര്‍’ എന്ന വിഭാഗം തന്നെ തകര്‍ച്ചയുടെ വക്കിലായിരുന്നു. മന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ അതിനൊരു പുനരുദ്ധാരണം നടത്തിയതില്‍ സന്തോഷിക്കാം. മുന്‍നിര പ്രതികരണത്തൊഴിലാളികളുടെ അഭിപ്രായത്തില്‍ ജാരസംസര്‍ഗം ഭരണഘടന പ്രകാരം തെറ്റുമല്ല… അപ്പോള്‍ പിന്നെ നഷ്ടം ചില ഭര്‍ത്താക്കന്മാ ര്‍ക്ക് മാത്രമായി ചുരുങ്ങുന്നു. സ്ത്രീപീഡനം ചായകുടിപോലെ സര്‍വസാധാരണമായ ഇക്കാലത്ത് ഭാര്യ കാമുകന്റെ കൂടെ പോകുന്ന വേറിട്ട കാഴ്ചകളും സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ‘സ്വന്തം ഇഷ്ടപ്രകാരം’ എന്നൊരു വാക്കുമതി; മക്കളെയും പവിത്രമായി കരുതുന്ന കെട്ടുതാലിയും പൊട്ടിച്ചെറിഞ്ഞ് ഇന്നലെ പരിചയപ്പെട്ട വല്ലവന്റെയും കൂടെ പോകാനുള്ള നിയമസാധുതക്ക്. ഇതൊരു കുറ്റമല്ലയെന്നും വ്യക്തിസ്വാതന്ത്യ്രത്തിന്റെ പ്രശ്നം മാത്രമാണെന്നും പറഞ്ഞുകൊണ്ട് കുടുംബബന്ധങ്ങളെ നിസ്സാരവത്കരിക്കുന്ന ചാനല്‍ എമ്പോക്കികളും വിശകലന ത്തൊഴിലാളികളും അവര്‍ക്ക് എറാന്‍ മൂളുന്ന പുരോഗമനക്കാരും കുടുംബംപോറ്റാന്‍ വേണ്ടി വിദേശത്തു പോയി ചോരനീരാക്കുന്ന ഭര്‍ത്താക്കന്മാര്‍ക്കും, ആഗ്രഹങ്ങളും അഭിലാഷങ്ങളും അടക്കിവച്ച് ഭര്‍ത്താക്കന്മാരെ കാത്തിരിക്കുന്ന ഭാര്യമാര്‍ക്കും നാണക്കേട് സമ്മാനിക്കുന്നത്.

  ഒന്നിച്ചിരിക്കുമ്പോള്‍ ചട്ടിപൊട്ടിച്ചതും, തേങ്ങാമുറി കടിച്ചതും, പഞ്ചസാരപ്പാത്രത്തില്‍ കയ്യിട്ടതും അഛന്റെ കീശയില്‍ നിന്നു ചില്ലറ അടിച്ചുമാറ്റിയതും, മുറിബീഡി വലിച്ചതുമൊക്കെ തമ്മില്‍ പിണങ്ങുമ്പോള്‍ കുടുംബസദസ്സുകളില്‍ പൊങ്ങിവരാറുണ്ട്. വീട്ടുകാരുടെ നല്ലകുട്ടി എന്ന അഭിപ്രായം മാറി തനിസ്വരൂപം അപ്പോഴാണ് വെളിപ്പെടുന്നത്. അതുപോലെ കാര്യങ്ങളെല്ലാം പുറത്തുവരട്ടെ, ഏവനൊക്കെ ചെറ്റപൊളിക്കാന്‍ പോയി, ആരൊക്കെ കയ്യിട്ടുവാരി, ഏതൊക്കെ കുടുംബം കലക്കി എന്നൊക്കെ ജനം അറിയട്ടെ… അടുത്ത തവണ വോട്ടു ചോദിക്കാന്‍ വരുമ്പോള്‍ ആട്ട് കൊടുത്തുവിടാന്‍ കാര്യങ്ങള്‍ എല്ലാം നാട്ടുകാര്‍ അറിയണം. പുരകത്തുമ്പോള്‍ വാഴ വെട്ടണം. പറ്റിയില്ലെങ്കില്‍ ഇക്കിളിപ്പുരാണം വായിച്ച് ചിരിക്കാം. (അപൂര്‍ണം)

You must be logged in to post a comment Login