വേദനയുണ്ട്, പക്ഷേ…

Untitled-1 copyഷാവേസിനോട് ലോകം പറയുന്നു: “നിങ്ങളുടെ മരണം ഞങ്ങള്‍ക്കും വേദനയുണ്ടാക്കുന്നു. പക്ഷേ, നിങ്ങള്‍ ഉയര്‍ത്തിവിട്ട രാഷ്ട്രീയം ഞങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും.”
സി ആര്‍ നീലകണ്ഠന്‍

    “ഇവിക്ളോറിയ താമ്പിയന്‍ എല ന്യൂസ്ട്ര”. ഇത് അര്‍ജന്റീന പ്രസിഡന്റ് 2012ല്‍ പറഞ്ഞതാണ്; വെനിസ്വേലിയന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍. “നിങ്ങള്‍ ദരിദ്രരുടെ മാത്രമല്ല, ലോകത്തെങ്ങുമുള്ള ശതകോടി മനുഷ്യരുടെ വിജയമാണ്” എന്നാണതിന്റെയര്‍ത്ഥം. അതേ, ഹ്യൂഗോ റാഫേല്‍ ഷാവേസ് എന്ന മനുഷ്യന്‍ കേവലം ഒരു രാജ്യത്തെ ജനതയെയല്ല, ആഗോള സാമ്രാജ്യത്വത്തിന്റെ സമസ്തമുഖങ്ങള്‍ക്കുമെതിരായി പോരാടുന്ന മാനവികതയെയാകെ പ്രതിനിധീകരിക്കുന്നു. അതുകൊണ്ടു തന്നെ അമ്പത്തെട്ടാം വയസ്സില്‍ ആ മനുഷ്യന്‍ അകാല നിര്യാണമടഞ്ഞപ്പോള്‍ തേങ്ങിയത് ലോകത്തെ വലിയൊരു വിഭാഗം ജനങ്ങളാണ്. ‘മുതലാളിത്തത്തിനും സാമ്രാജ്യത്വ നയങ്ങള്‍ക്കും ബദലില്ല’ എന്ന് ഇടതുപക്ഷമെന്നവകാശപ്പെടുന്നവര്‍ പോലും ചിന്തിച്ചുറപ്പിച്ച കാലത്താണ് ഷാവേസ് വരക്കുന്നത്. സാധാരണ സ്കൂള്‍ അധ്യാപകരുടെ മകനായി 1954ല്‍ ജനിച്ച ഷാവേസ്, സൈനിക സേവനത്തിനു ശേഷം രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങുകയായിരുന്നു. അവിടെയും ഇടതുവലതു കക്ഷികള്‍ ഉണ്ടായിരുന്നു. പക്ഷേ, ജനങ്ങള്‍ക്ക് ഇവയെല്ലാം ഒന്നായിരുന്നു. പ്രത്യക്ഷമായും പരോക്ഷമായും വടക്കേ അമേരിക്കയുടെ ഒരു കോളനിമാത്രമായി ലാറ്റിനമേരിക്കന്‍ സമൂഹമാകെ മാറിയകാലമായിരുന്നു അത്. ഏതു പ്രതിരോധങ്ങളെയും ബദല്‍ സാധ്യതകളെയും അടിച്ചമര്‍ത്തുന്ന ഏകാധിപത്യ ഭരണകൂടങ്ങളെ സാമ്രാജ്യത്വം കലവറയില്ലാതെ പിന്താങ്ങിയിരുന്ന കാലം. ചിലിയില്‍ അലന്‍സെയെ ക്രൂരമായി കൊലചെയ്തു സൈന്യം അധികാരമേറ്റ കാലം. ലാറ്റിനമേരിക്കന്‍ സ്വതന്ത്ര പോരാട്ടത്തിന്റെ പ്രതീകമായ സിമോണ്‍ ബളിവറിനെയാണ് തന്റെ ആശയനേതൃത്വമായി ഷാവേസ് കണ്ടത് എന്നുള്ളത് ശ്രദ്ധേയമാണ്. ഇന്ത്യയിലെയും മറ്റും ഇടതുപക്ഷത്തിന്റെ അപചയത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇന്ത്യന്‍ സമരപാരമ്പര്യത്തില്‍ ഊന്നുന്നതായിരുന്നില്ല അവയുടെ പ്രവര്‍ത്തന രീതി എന്നതായിരുന്നു. ഗാന്ധിജിയെ പോലും ശരിയായി മനസ്സിലാക്കാന്‍ ഇടതുപക്ഷത്തിനായിരുന്നില്ല.

   ഫിഫ്ത് റിപ്പബ്ളിക് എന്ന പേരില്‍ രൂപീകരിക്കപ്പെട്ട കക്ഷി പിന്നീട് ഇടതുപക്ഷ ഗ്രൂപ്പുകളെയാകെ യോജിപ്പിച്ച് യുണൈറ്റഡ് സോഷ്യലിസ്റ് പാര്‍ട്ടി ഓഫ് വെനിസ്വേല (പിഎസ്യുവി) രൂപീകരിച്ചു. ആ കക്ഷിയുടെ അനിഷേധ്യ നേതാവായും ജനങ്ങളില്‍ പേരുള്ള അവരുടെ മോചനത്തിന്റെ പ്രതീകമായും ഷാവേസ് വളരുകയായിരുന്നു. 1998ലെ തിരഞ്ഞെടുപ്പില്‍ ആദ്യമായി വെനിസ്വേലയുടെ പ്രസിഡണ്ടായി ഷാവേസ് തിരഞ്ഞെടുക്കപ്പെട്ടു. ഈ വിജയം വെനിസ്വേലയുടെ മാത്രമല്ല ലാറ്റിനമേരിക്കയുടെയും ലോകത്തിന്റെ തന്നെയും ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറിയത് ചരിത്രം.

  വെനിസ്വേല ഒരു ദരിദ്ര രാജ്യമല്ല. യുഎസ് ഊര്‍ജവകുപ്പിന്റെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവുമധികം അസംസ്കൃത എണ്ണ (ക്രൂഡ്) നിക്ഷേപമുള്ള രാജ്യമാണ് വെനിസ്വേല – 1.36 ബില്യണ്‍ ബാരല്‍. എന്നാല്‍ ആ ജനത അത്യന്തം ദാരിദ്യ്രത്തിലായിരുന്നു. ആ രാജ്യത്തെ എണ്ണക്കമ്പനികളുടെ മുഴുവന്‍ ഉടമസ്ഥത യുഎസ് കോര്‍പറേറ്റ് ഭീമന്‍മാര്‍ക്കായിരുന്നു. തദ്ദേശീയര്‍ക്ക് ഇതുകൊണ്ടൊരു ഗുണവുമുണ്ടായില്ല. ഷാവേസിന് ഇത് സഹിക്കാന്‍ കഴിയുമായിരുന്നില്ല. ജനങ്ങളുടെ ഈ സമ്പത്ത് കുറച്ചു കമ്പനികള്‍ കൊള്ളയടിക്കുന്നതു തടയണം. അതിന് പ്രധാന കമ്പനികളുടെയെല്ലാം നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തു. വിദേശകമ്പനികള്‍ മൊത്തം വരുമാനത്തിന്റെ 16.6 ശതമാനം ‘റോയല്‍ട്ടി’ എന്ന പേരില്‍ മാത്രം കൊണ്ടുപോയിരുന്നത് വെറും ‘ഒരു ശതമാനം’ മാത്രമായികുറച്ചു. ഇത് എക്സല്‍, കൊന കോഫിലിറ്റ്സ് തുടങ്ങിയ കമ്പനികള്‍ ശക്തമായി എതിര്‍ത്തു. ഈ കമ്പനികളുടെ കൊള്ളയില്‍ പങ്കുകിട്ടിയിരുന്ന വെനിസ്വേലയിലെ ധനിക കുലീന വിഭാഗക്കാര്‍ ഷാവേസിനെതിരെ ആഞ്ഞടിച്ചു. ‘മറഞ്ഞിരിക്കുന്ന കമ്യൂണിസ്റ് സോഷ്യലിസ്റ് ഏകാധിപതി’ എന്നൊക്കെ അവര്‍ അദ്ദേഹത്തെ ആക്ഷേപിച്ചു.

   എന്നാല്‍ വെനിസ്വേലയിലെ ദരിദ്രക്കും പ്രാന്തവത്കൃതര്‍ക്കും ഷാവേസ് ദൈവതുല്യനായി മാറി. കാരണം വ്യക്തം. വിദേശികളില്‍ നിന്ന് തിരിച്ചു പിടിച്ച വരുമാനങ്ങള്‍ രാജ്യത്തെ ദരിദ്രര്‍ക്കു വേണ്ടി വിനിയോഗിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ സേവന സുരക്ഷാ പദ്ധതികളില്‍ സര്‍ക്കാര്‍ മുടക്കുന്ന പണത്തിന്റെ അളവ് പത്തുവര്‍ഷം കൊണ്ട് അറുപത്തിയൊന്ന് ശതമാനമായി വര്‍ദ്ധിച്ചു. 1996ല്‍ ജനസംഖ്യയുടെ 71 ശതമാനം ദാരിദ്യ്രരേഖക്കു താഴെ ആയിരുന്നെങ്കില്‍ 2011 ആയപ്പോഴേക്കും അതു കേവലം 21 ശതമാനമായി കുറഞ്ഞു. ജനസംഖ്യയുടെ പാതിയിലേറെ ജനതയുടെ ജീവിത നിലവാരം ഉയര്‍ന്നുവെന്നര്‍ത്ഥം. വൃദ്ധര്‍ക്കും അശരണര്‍ക്കുമുള്ള പെന്‍ഷന്‍ പദ്ധതികള്‍ ഏഴ് ഇരട്ടിയായി ഉയര്‍ത്തി. (നമ്മുടെ നാട്ടില്‍ സംഘടിത സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പോലും ഇല്ലാതാക്കുന്നു). കുട്ടികളുടെയും സ്ത്രീകളുടെയും ജീവിതത്തിലുണ്ടായ മാറ്റം ഒരിക്കലും പ്രതീക്ഷിക്കാത്ത വിധമായിരുന്നു. പോഷകാഹാരക്കുറവ് 1990ല്‍ എഴുപത്തിയെട്ട് ശതമാനമായിരുന്നത് കേവലം അഞ്ച് ശതമാനമായി കുറഞ്ഞു. ശിശുമരണ നിരക്ക് പാതിയില്‍ താഴെയായി. ഡോക്ടര്‍മാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായി. 10000പേര്‍ക്ക് 58 ഡോക്ടര്‍എന്നാണിപ്പോഴത്തെ കണക്ക്. ക്യൂബയുമായുള്ള അടുപ്പം ഇതിനു പ്രധാനകാരണമായി. ലോകത്തു തന്നെ, ഡോക്ടര്‍-ജനസംഖ്യാനുപാതം ഏറ്റവുമുയര്‍ന്ന രാജ്യമാണ് ക്യൂബ. തുടക്കത്തില്‍ ഡോക്ടര്‍മാരെ തന്നെ ക്യൂബയില്‍ നിന്ന് കടമെടുത്തു. പിന്നീട് മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കാനും ക്യൂബ സഹായിച്ചു. ക്യൂബയുമായി അടുക്കുന്നുവെന്നതു തന്നെ യുഎസിന്റെ വിരോധത്തിനു കാരണമായി എന്നു പറയേണ്ടതില്ലല്ലോ.

   കേവലം സൌഹൃദത്തിനപ്പുറത്ത് കോളനിവത്ക്കരണത്തില്‍ നിന്നു ലാറ്റിനമേരിക്കയെ മോചിപ്പിക്കുക തന്നെയാണ് ഷാവേസിന്റെ ലക്ഷ്യമെന്നും അതു തങ്ങളുടെ നിലനില്‍പിനു തന്നെ അപകടമാകുമെന്നും അറിയാന്‍ യുഎസ് കോര്‍പ്പറേറ്റുകള്‍ക്കും ഭരണകൂടത്തിനും യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല. ഐഎംഎഫ്, ലോകബാങ്ക് തുടങ്ങിയ വഴി നല്‍കുന്ന ‘സാമ്പത്തിക സഹായവും’ അതോടൊപ്പം വരുന്ന ‘വികസന പാക്കേജു’കളുമാണല്ലോ മൂന്നാംലോകത്തെ കൈപ്പിടിയിലൊതുക്കാന്‍ വേണ്ടി സാമ്രാജ്യത്വം ഉപയോഗിക്കുന്ന പ്രധാന ആയുധങ്ങള്‍. ഇതിന് വഴങ്ങുന്നവരെ ‘വികസന വക്താക്കളായി’ ഉയര്‍ത്തിക്കാട്ടുകയാണ് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ചെയ്യുന്നത്. മൂലധനമാണ് വികസനത്തിനടിസ്ഥാനം എന്ന സിദ്ധാന്തം (മൂലധന സൌഹൃദം – നിക്ഷേപസൌഹൃദം) പ്രയോഗത്തില്‍ കൊണ്ടുവരാനാണ് ഇന്ത്യയില്‍ പോലും ഇടതുപക്ഷക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത് ഷാവേസിന് സ്വീകാര്യമായില്ല. അദ്ദേഹമതിനെ തുറന്നെതിര്‍ത്തു. സാമ്രാജ്യത്വ വായ്പകള്‍ ബഹിഷ്കരിക്കാനും പകരം പരസ്പര സഹകരണത്തിലൂടെ വളര്‍ച്ച നേടാനും കഴിയുമെന്ന് പ്രയോഗത്തില്‍ കാണിക്കാന്‍ ഷാവേസിനായി.

  2001ല്‍ ക്യൂബെക്കില്‍ നടന്ന അമേരിക്കന്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ ചര്‍ച്ച (എഫ്ടിഎഎ)ക്കെതിരെ വ്യാപകമായ ജനകീയ പ്രതിരോധമുയര്‍ന്നു. പുറത്ത് ജനപ്രതിരോധം നടക്കുമ്പോള്‍, ഭരണകര്‍ത്താക്കളുടെ യോഗത്തില്‍ അതിനെ എതിര്‍ക്കാന്‍ ഒരൊറ്റയാളേ ഉണ്ടായിരുന്നുള്ളൂ; ഷാവേസ് മാത്രം. അദ്ദേഹം അയല്‍രാജ്യക്കാരോട് അഹ്വാനം ചെയ്തു: ഈ വായ്പകളും സഹായങ്ങളും സ്വതന്ത്ര വ്യാപാരക്കരാറുകളും തള്ളിക്കളയുക, നമുക്കൊരുമിച്ചു നിന്നാല്‍ യുഎസ് മേധാവിത്വം അവസാനിപ്പിക്കാം. പക്ഷേ, അന്ന് ലാറ്റിനമേരിക്കയില്‍ ഷാവേസിനെ പിന്തുണക്കാന്‍ മറ്റൊരു ഭരണാധികാരി ഉണ്ടായിരുന്നില്ല. എന്നാല്‍ പന്ത്രണ്ടു വര്‍ഷം കൊണ്ട് കാര്യങ്ങളാകെ മാറി. ബ്രസീലില്‍ ലുലയുടെ സര്‍ക്കാര്‍ വന്നു. ‘വാഷിംഗ്ടണ്‍ സമവായം’ എന്ന സിദ്ധാന്തത്തെ ലുലയും വെല്ലുവിളിക്കാന്‍ തുടങ്ങി. ഒരുപക്ഷേ, ഷാവേസിന്റെയത്ര പ്രകടമായി യുഎസിനെ എതിര്‍ത്തില്ലെന്ന് വാദിച്ചേക്കാം. “എന്നാല്‍ ഇവര്‍ ഒരുമിച്ചു തന്നെയാണ് പ്രവര്‍ത്തിച്ചത്. ഇവര്‍ തമ്മില്‍ എന്തെങ്കിലും വൈരുദ്ധ്യമുണ്ടെന്ന വാദം തെറ്റാണ്. ‘വിക്കിലീക്സ്’ വെളിപ്പെടുത്തലുകള്‍ പറയുന്നത്, ഇത്തരത്തിലൊരു പ്രചാരണം നടത്താന്‍ യുഎസ് ഭരണകൂടം ബോധപൂര്‍വ്വം ശ്രമിച്ചുവെന്നാണ്. അതെന്തായാലും ലുലക്ക് നിലനില്‍ക്കാനുള്ള ഊര്‍ജമായത് ഷാവേസാണ്.” ഗ്രെഗ്ഗ്രാന്‍ഡില്‍ എന്ന അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ പറയുന്നു. അത് ബ്രസീലില്‍ അവസാനിച്ചില്ല. കമ്യൂണിസ്റ് മാനിഫെസ്റോയില്‍ പറയുന്നതുപോലെ അത് ഒരു ‘ഭൂതം’ പോലെ ലാറ്റിനമേരിക്കയില്‍ പടര്‍ന്നു. 2002ല്‍ അര്‍ജന്റീനയില്‍ നെസ്റര്‍ ക്രീച്ചര്‍ അധികാരമേറ്റു. തുടര്‍ന്ന് ബൊളീവയില്‍ ഇവാമൊറേല്‍സ്, ഇക്വഡോറില്‍ റാഫേല്‍ കൊറിയ… ഇങ്ങനെ പട്ടിക നീണ്ടുവന്നു. ഇത് തീര്‍ച്ചയായും യുഎസിന് അസഹ്യമായിരുന്നു. എണ്ണയുടെ കാര്യത്തില്‍ മേല്‍ക്കൈ ഉള്ള വെനിസ്വേലക്ക് മറ്റു പല വിഷയങ്ങളിലും അയല്‍രാജ്യങ്ങളുമായി സഹകരിച്ച് മുന്നേറാന്‍ ബുദ്ധിമുട്ടില്ല. ഉറൂഗ്വേക്ക് എണ്ണ നല്‍കി പകരം പശുക്കളെ വാങ്ങിയിരുന്നത് ഒരു ഉദാഹരണം മാത്രം. അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങള്‍ക്കു പകരം സെലാക് (കമ്യൂണിറ്റി ഓഫ് ലാറ്റിനമേരിക്കന്‍ ആന്റ് കരീബിയന്‍ സ്റേറ്റ്) ബാങ്ക് ഉണ്ടാക്കുകയെന്നതായിരുന്നു ഷാവേസിന്റെ ഒരു ലക്ഷ്യം.

  കേവല വരട്ടുതത്വവാദിയായിരുന്നില്ല ഷാവേസ്. ഒരിക്കലും താനൊരു കമ്യൂണിസ്റ്കാരനാണെന്ന് ഷാവേസ് പറഞ്ഞില്ല. പകരം ബൊളീവിയന്‍, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസ്റ് എന്നൊക്കെ വിളിച്ചു അദ്ദേഹം. സ്വകാര്യസ്വത്ത് നിരോധിച്ചില്ല, പകരം സ്വകാര്യ വിദേശ മൂലധനത്തെ തന്റെ കര്‍ശന നിയന്ത്രണത്തില്‍ നിര്‍ത്തി. പ്രകൃതി വിഭവങ്ങള്‍ വ്യാപാരത്തിനല്ല, ജനതയുടെ നിലനില്‍പിനും പുരോഗതിക്കും വേണ്ടിയാണ് ഉപയോഗിക്കേണ്ടത് എന്നദ്ദേഹം പറഞ്ഞു. ധാര്‍മികത, സദാചാരം, സഹകരണം, സംഘബോധം തുടങ്ങിയവയില്‍ ഉറച്ചുവിശ്വസിച്ചു.

  ഷാവേസിനെ ‘ഏകാധിപതി’ എന്നു വിളിക്കുന്ന യുഎസ് ഭരണകൂടത്തിന്റെ ‘ജനാധിപത്യ ബോധം നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ. നാലുതവണയും തുറന്ന വോട്ടെടുപ്പിലൂടെ വന്‍ ഭൂരിപക്ഷത്തില്‍ അധികാരമേറ്റ വ്യക്തിയാണ് ഷാവേസ്. 2012ലെ തെരഞ്ഞെടുപ്പില്‍ ജിമ്മി കാര്‍ട്ടറുടെ നേതൃത്വത്തിലൊരു സംഘം വെനിസ്വേലയിലെ തിരഞ്ഞെടുപ്പ് നിരീക്ഷിക്കാനെത്തിരുന്നു. എണ്‍പത് ശതമാനം പേരാണ് അന്ന് വോട്ടുചെയ്യാനെത്തിയത്. എതിരാളിയെക്കാള്‍ പതിനൊന്ന് ശതമാനം വോട്ട് ഷാവേസിനു കൂടുതല്‍ കിട്ടി; അതും ഒരൊറ്റ പ്രചാരണ യോഗത്തില്‍ പോലും അദ്ദേഹം പങ്കെടുക്കാന്‍ കഴിയാതെ രോഗശയ്യയിലായിട്ട്. ലാറ്റിനമേരിക്കയിലും ഗള്‍ഫ്- ആഫ്രിക്കന്‍ ഏഷ്യന്‍ പ്രദേശങ്ങളിലുമെല്ലാം ഒട്ടനവധി ഏകാധിപത്യ സൈനിക ഭരണകൂടങ്ങളെ ഇന്നും പിന്തുണക്കുന്ന രാജ്യമാണ് യുഎസ്. അവരാണ് ഷാവേസിനെ അട്ടിമറിക്കാന്‍ 2002ല്‍ വെനിസ്വേലയിലെ മുഴുവന്‍ വലതുപക്ഷ പിന്തിരിപ്പന്മാരെയും ചേര്‍ത്തു ശ്രമിച്ചത്. ഒരു ജനത ഒന്നാകെ ഉണര്‍ന്ന് അന്നതിനെ പ്രതിരോധിച്ചതു നാം കണ്ടു. അല്ലായിരുന്നെങ്കില്‍ ലോകചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു. സാധാരണ മനുഷ്യര്‍, ദരിദ്രര്‍, പ്രാന്തവത്കൃതര്‍… എല്ലാം അന്നു തെരുവിലിറങ്ങി. പാവ ഭരണകൂടം തോറ്റോടി. ഷാവേസ് എങ്ങനെ വ്യത്യസ്തനാവുന്ന എന്നു അന്നു ലോകം കണ്ടു.

  ഷാവേസ് ക്രിസ്തുമത വിശ്വാസിയാണെന്നു തുറന്നു പറഞ്ഞു. എല്ലാ ഞായറാഴ്ചകളിലും അദ്ദേഹം പ്രാര്‍ത്ഥിക്കുന്നതടക്കം ദേശീയ ചാനലുകള്‍ സംപ്രേഷണം ചെയ്തു. എക്കാലത്തും സാമ്രാജ്യത്വത്തെ പിന്തുണച്ചിരുന്നവരാണ് ക്രിസ്തീയ സഭാ നേതൃത്വങ്ങള്‍. അതിനെ ചോദ്യം ചെയ്ത ‘യഥാര്‍ത്ഥ ക്രിസ്ത്യാനി’യാണ് താനെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഷാവേസിനു കഴിഞ്ഞു. ഒരിക്കല്‍ ഷാവേസ് ഒരു തമാശ കാട്ടി: രോഗബാധിതനായി കിടന്നിരുന്ന ക്യൂബന്‍ നേതാവ് ഫിദല്‍ കാസ്ട്രോയോട് ഷാവേസ് ചോദിച്ചു: ‘അടുത്തയാഴ്ച തന്നോടൊപ്പം പള്ളിയില്‍ പ്രാര്‍ത്ഥനക്കു പോരാമോ’ എന്ന്. യഥാര്‍ത്ഥത്തില്‍ കാസ്ട്രോയോടല്ല, ജോര്‍ജ് ബുഷിനോടുള്ള വെല്ലുവിളിയാണ് തന്റെ ചോദ്യമെന്ന് ഷാവേസ് പിന്നീട് പറഞ്ഞു.

   വലിയൊരു വിഭാഗം ഷാവേസിന്റെ മരണത്തില്‍ ദുഃഖിച്ചപ്പോള്‍ അതില്‍ മതിമറന്നാഹ്ളാദിച്ച ചിലരും ഉണ്ടായിരുന്നു. മരണവാര്‍ത്ത സ്ഥിരീകരിച്ച ഉടനെ യുഎസ് ചാനലായ സിഎന്‍എന്‍ നടത്തിയ ചര്‍ച്ചയുടെ വിഷയം ‘കമ്പോളത്തെയും ആപ്രദേശത്തെ ‘നമ്മുടെ’ താല്‍പര്യങ്ങളെയും ഇതെങ്ങനെ ബാധിക്കും’ എന്നതായിരുന്നു. ഇതിനെ ‘ചുടലനൃത്തം’ എന്നാണ് ചില പത്രലേഖകര്‍ വിശേഷിപ്പിച്ചത്.

  ഇതോടെ വിനിസ്വേലയാകെ തകരും, യുഎസ് വിരുദ്ധ പോരാട്ടം അവസാനിക്കും എന്നൊക്കെ കരുതിയവര്‍ക്ക് തെറ്റുമെന്നാണ് പല ലാറ്റിനമേരിക്കന്‍ വിദഗ്ധരും പറയുന്നത്. തീര്‍ച്ചയായും ഷാവേസ് എന്ന വ്യക്തി ഒരു ശക്തി തന്നെയായിരുന്നു. എന്നാല്‍ അദ്ദേഹത്തെ നിലനിര്‍ത്തിയ ജനകീയ ശക്തി ഇന്നും നിലനില്‍ക്കുന്നുണ്ട്. അതിനൊരു കോട്ടവും വന്നിട്ടില്ല. ഷാവേസിന്റെ രാഷ്ട്രീയം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന ഒരു നേതൃത്വവും വെനിസ്വേലക്കുണ്ട്. വൈസ് പ്രസിഡന്റ് നിക്കോളസ് മദുരോയായിരിക്കും തന്റെ പിന്‍ഗാമിയെന്ന് ഇക്കഴിഞ്ഞ ഡിസംബര്‍ 8ന് ഷാവേസ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. നാലാം തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടും അധികാരമേല്‍ക്കാന്‍ ഷാവേസിനു കഴിയാതെ വന്നപ്പോഴാണ് ഈ പ്രഖ്യാപനം നടത്തിയത്.

  “ഏപ്രില്‍ 15ലെ തിരഞ്ഞെടുപ്പില്‍ മദുരോ തന്നെയാകും പാര്‍ട്ടി സ്ഥാനാര്‍ത്ഥി. “എല്ലാ ബൊളിവേറിയന്‍ വിപ്ളവകാരികളും മദുരോയെ പിന്തുണക്കണം” എന്ന ഷാവേസിന്റെ ആഹ്വാനം ജനങ്ങള്‍ കൈകൊള്ളുമെന്നു തന്നെ കരുതാം. ഷാവേസിനോട് ലോകം പറയുന്നു: “നിങ്ങളുടെ മരണം ഞങ്ങള്‍ക്കും വേദനയുണ്ടാക്കുന്നു. പക്ഷേ, നിങ്ങള്‍ ഉയര്‍ത്തിവിട്ട രാഷ്ട്രീയം ഞങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും.”

You must be logged in to post a comment Login