വിശ്വരൂപവും 'മുസ്ലിം' പ്രതിഷേധങ്ങളും

signifier

 

ഇസ്ലാം എന്ന വലിയ വിവരണത്തിന്മേലുള്ള അധികാരം ആര്‍ക്കാണ്. വിശ്വരൂപത്തിനെതിരെ ‘മുസ്ലിം വിരുദ്ധ സിനിമ’ എന്ന പേരില്‍ സമരത്തിനിറങ്ങിയവരും ‘മുസ്ലിം സംഘടനകളുടെ’ പ്രതിഷേധം കാരണം സിനിമ പ്രദര്‍ശനം നിര്‍ത്തി വച്ചു എന്ന് പറയുന്നവരും ഈ വലിയ വിവരണത്തി•ലുള്ള അധികാരം ചിലര്‍ക്കു മാത്രം യഥാക്രമം സ്വയം എടുത്തണിയാനും ചാര്‍ത്തിക്കൊടുക്കാനും അവസരം ഒരുക്കിക്കൊടുക്കുകയാണ്.

നുഐമാന്‍

 

 

         വിശ്വരൂപം എന്ന സിനിമയെ പ്രതിയുള്ള വിവാദങ്ങള്‍ സംവിധായകന്‍ കമലഹാസനും സിനിമക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ചില മുസ്ലിം സംഘടനകളും ഏതാണ്ട് അവസാനിപ്പിച്ചു എന്നു തോന്നുന്നു. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്‍ദേശപ്രകാരം, സിനിമ മുസ്ലിം വിരുദ്ധമാണെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട ചില സംഘടനകളുടെ പ്രതിനിധികളുമായി കമലഹാസന്‍ നടത്തിയ ചര്‍ച്ചയുടെയും ആ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കമലഹാസന്‍ സിനിമയില്‍ നടത്തിയ ചില പൊടിക്കൈകളുടെയും പശ്ചാത്തലത്തില്‍ വിശ്വരൂപം തീര്‍ത്തും ‘ഇസ്ലാമിക സിനിമ’യായി മാറിയതുകൊണ്ടാകണം നിരോധനമാവശ്യപ്പെട്ടവര്‍ സമരത്തില്‍ നിന്നു പി•ാറിയത്. പക്ഷേ, സിനിമയുടെ വിവരണത്തിലോ കഥാപാത്രങ്ങളുടെ ചിത്രീകരണത്തിലോ കാര്യമായ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും തീര്‍ത്തും നിസ്സാരമായ ചില കട്ടുകള്‍ മാത്രമാണ് സിനിമയില്‍ വരുത്തിയതെന്നും കമലഹാസന്‍ വിശദീകരിക്കുന്നു. രണ്ടു ചിത്രങ്ങളും കണ്ടവര്‍ നല്‍കുന്ന സാക്ഷ്യവും കമലഹാസന്റേതില്‍ നിന്നു വ്യത്യസ്തമല്ല തന്നെ. ‘തുപ്പാക്കി’ എന്ന വിജയ് സിനിമക്കെതിരെ നടന്ന ‘മുസ്ലിം പ്രതിഷേധത്തെ’ അടുത്ത സിനിമയില്‍ താനൊരു മുസ്ലിം കഥാപാത്രത്തെ അവതരിപ്പിച്ചുകൊള്ളാം എന്നു ‘മുസ്ലിംകള്‍ക്ക്’ ഉറപ്പു നല്‍കി വിജയ് പരിഹരിച്ചതില്‍ നിന്ന് ഏറെയൊന്നും വ്യത്യസ്തമായ കാര്യങ്ങള്‍ അല്ല വിശ്വരൂപത്തിലും ഉണ്ടായത് എന്നു തോന്നുന്നു.

           പക്ഷേ, ഈ സിനിമയെ എതിര്‍ത്തും അനുകൂലിച്ചും ഉണ്ടായ വാദവിവാദങ്ങള്‍ സിനിമക്ക് പുറത്തുള്ള മറ്റു ചില വസ്തുതകളിലേക്കും പരിശോധനകളിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്. സിനിമയെ അനുകൂലിക്കുകയും സിനിമക്കെതിരെയുള്ള ‘മുസ്ലിം’ പ്രതിഷേധങ്ങളെ എതിര്‍ക്കുകയും ചെയ്തവര്‍ ഉന്നയിച്ച പ്രധാന വാദം ആവിഷ്കാര സ്വാതന്ത്യ്രത്തെ സംരക്ഷിക്കുകയെന്നതായിരുന്നു. ആവിഷ്കാര സ്വാതന്ത്യ്രം എന്ന ആദര്‍ശയോഗ്യമായ പരികല്പനയുടെ കടക്കല്‍ കത്തിവെക്കുന്ന ഒട്ടനവധി സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ നിലവിലുള്ള ഒരു രാജ്യമാണ് നമ്മുടേത്. ആ അര്‍ത്ഥത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ഓരോ സിനിമയും ആവിഷ്കാര സ്വാതന്ത്യ്രത്തിനു മുന്നില്‍ വിട്ടുവീഴ്ചകള്‍ ചെയ്തുകൊണ്ടാണ് പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുന്നത്. എന്നാല്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുന്നതിനു മുമ്പ് സിനിമ സ്വയം നടത്തിയിട്ടുള്ള വിട്ടുവീഴ്ചകളെ പ്രശ്നവത്കരിക്കാതെ സെന്‍സര്‍ഷിപ്പ് നിയമങ്ങളുടെ കൂടി ആവിഷ്കാരമായ കലാവിഷ്കാരങ്ങളെ ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ പേരില്‍ മാത്രം പ്രതിരോധിക്കുന്നതില്‍ ഒരുതരം വൈരുധ്യം ഒളിഞ്ഞിരിപ്പുണ്ട്. ആത്യന്തികമായി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്ന ഒരു സിനിമയും ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ പ്രഖ്യാപനമല്ല, മറിച്ച് അത്തരമൊരു സ്വാതന്ത്ര നിഷേധത്തിന്റെ പ്രതിഫലനമാണ് എന്നു ചുരുക്കം. സെന്‍സര്‍ ബോര്‍ഡ് നടത്തുന്ന കൈകടത്തലുകള്‍ പോലെ പ്രേക്ഷകനും ഏറ്റവും കുറഞ്ഞത് സിനിമയിലെ ആവിഷ്കാരത്തിനെതിരെ പ്രശ്നങ്ങള്‍ ഉന്നയിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം ഉണ്ട്; സിനിമ എന്നത് സെന്‍സര്‍ബോര്‍ഡും പ്രേക്ഷകനും കൂടി ഉള്‍പ്പെടുന്ന ഒരു സ്ഥാപന സമുച്ചയമാകുമ്പോള്‍ പ്രത്യേകിച്ചും. ഒപ്പം ഇന്ത്യ പോലുള്ള വളരെ സങ്കീര്‍ണമായ അധികാരഘടനയും ജാതിമത ബന്ധങ്ങളും അവ പരസ്പരവും ഭരണകൂടങ്ങളുമായും പുലര്‍ത്തുന്ന അധികാര ബന്ധങ്ങളുടെയും പശ്ചാത്തലത്തില്‍ ആവിഷ്കാര സ്വാതന്ത്യ്രത്തെ കുറേക്കൂടി പ്രശ്നവത്കരിക്കേണ്ടതുണ്ട്. ആരൊക്കെയാണ് ഈ സ്വാതന്ത്യ്രത്തിന്റെ ഇരകള്‍? ആരൊക്കെ, ഏതേത് സാഹചര്യങ്ങളിലാണ് ഈ വാദവുമായി രംഗത്തെത്തുന്നത്?

         മാത്രവുമല്ല ഒരു സിനിമ എല്ലാവരും ഒരു പോലെ കാണണം എന്നും അതേകുറിച്ച് എല്ലാവരും ഒരേ പോലെ പ്രതികരിക്കണം എന്നും ശാഠ്യം പിടിക്കുന്നത് കലാസ്വാദനത്തെക്കുറിച്ചുള്ള തീര്‍ത്തും ജനാധിപത്യവിരുദ്ധമായ നിലപാടാണ് താനും. അതു കൊണ്ടു തന്നെ സിനിമക്കു വേണ്ടിയുള്ള ആവിഷ്കാര സ്വാതന്ത്യ്രവാദം യഥാര്‍ത്ഥത്തില്‍ സിനിമ എന്ന ഫിക്ഷനെയോ സ്ഥാപനത്തെയോ ചുറ്റിപ്പറ്റിയല്ല; അതിനുപുറത്തുള്ള ചില അധികാര ബന്ധങ്ങളുമായും രാഷ്ട്രീയ ഇടപാടുകളുമായുമാണ് ബന്ധപ്പെട്ടു നില്‍ക്കുന്നത് എന്ന് സാരം.

        ഈ അന്വേഷണം സിനിമയോടുള്ള പ്രതിഷേധങ്ങളിലെ പ്രശ്നങ്ങളിലടങ്ങിയ അവയുടെ സങ്കീര്‍ണതകളിലേക്കും കൂടി വികസിപ്പിക്കേണ്ടതുണ്ട്. അതായത് സിനിമക്കെതിരെയുള്ള ‘മുസ്ലിം’ പ്രതിഷേധങ്ങളുടെ സ്രോതസ്സ് സിനിമ തന്നെയാണോ? അതോ അതിന്റെ അടിവേരുകള്‍ സിനിമക്ക് പുറത്താണോ അന്വേഷിക്കേണ്ടത്?

    ലോകത്തിന്റെ വിവിധഭാഗങ്ങളില്‍, വ്യത്യസ്ത മുസ്ലിം സമൂഹങ്ങള്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മ ദിനാഘോഷത്തിന്റെ ഭാഗമായി നബിദിന സന്ദേശയാത്രകളും പ്രകീര്‍ത്തന സദസ്സുകളും നടത്തിക്കൊണ്ടിരിക്കെയാണ് തെക്കെ ഇന്ത്യയിലെ ചിലയിടങ്ങളില്‍ ഇസ്ലാമിനെയും മുസ്ലിംകളെയും ആക്ഷേപിക്കുന്നെന്ന് ആരോപിച്ചു കമലഹാസന്‍ സംവിധാനം ചെയ്ത ‘വിശ്വരൂപം’ എന്ന സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ടു തിയേറ്ററുകള്‍ കയ്യേറുകയും സിനിമാ പോസ്ററുകള്‍ നശിപ്പിക്കുകയും കമലഹാസന്റെ ഓഫീസ് കെട്ടിടത്തിലേക്ക് കല്ലെറിയുകയും ചെയ്തത്. തമിഴ്നാട്ടില്‍, തമിഴ്നാട് മുസ്ലിം മുന്നേറ്റകഴകവും, കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ബോംബ് സ്ഥാപിക്കാന്‍ അവസരം കാത്തിരിക്കുന്ന ഒരാളായി താടിയുള്ള ഏതൊരു മുസ്ലിമിനെയും കാണാന്‍ ഈ സിനിമ കാരണമാകുമെന്ന് മുസ്ലിം മുന്നേറ്റ കഴകവും, ഭീകരവിരുദ്ധ യുദ്ധം എന്ന പേരില്‍ അമേരിക്ക നടത്തുന്ന അതിക്രമങ്ങളെ ന്യായീകരിക്കുന്ന സിനിമ, മുസ്ലിംകളുടെ ചിഹ്നങ്ങളെ അനാവശ്യമായി ദുരുപയോഗം ചെയ്യുന്നുവെന്നും ഖുര്‍ആന്‍ പാരായണം ചെയ്യുകയും നമസ്കരിക്കുകയും തക്ബീര്‍ മുഴക്കുകയും ചെയ്യുന്നവരാണ് സിനിമയിലെ മുഴുവന്‍ ചീത്ത കഥാപാത്രങ്ങളുമെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ കേരള ഘടകവും ആരോപിക്കുന്നു.

    വിശ്വാസപരവും രാഷ്ട്രീയപരവുമായ വ്യത്യസ്ത വീക്ഷണവും ആചാരങ്ങളും പുലര്‍ത്തിപ്പോരുന്ന മുസ്ലിംകള്‍ക്കിടയിലെ ഒട്ടനവധി വിഭാഗങ്ങളില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മാത്രമേ സിനിമക്കെതിരെ പ്രത്യക്ഷമായ നിലപാടെടുക്കുകയും സംഘര്‍ഷങ്ങളിലേക്കും ഏറ്റുമുട്ടലുകളിലേക്കും വഴിവെക്കുംവിധത്തിലുള്ള പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിട്ടുള്ളൂ. ആ നിലക്ക് സിനിമയോടുള്ള പ്രതിഷേധത്തെ മുസ്ലിംകളുടെ പൊതുവികാരമായി വായിക്കാതിരിക്കലാണ് ശരി. അതുകൊണ്ടു തന്നെ, എന്തുകൊണ്ടാവണം ഈ സിനിമയും അതിലെ വിവരണങ്ങളും പോപ്പുലര്‍ ഫ്രണ്ടിനെ മാത്രം പ്രകോപിപ്പിച്ചത് എന്ന അന്വേഷണത്തില്‍ നിന്നാകണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടെ സാമൂഹിക രസതന്ത്രം എന്താണെന്ന് മനസ്സിലാക്കേണ്ടത്.

     പോപ്പുലര്‍ ഫ്രണ്ടിന്റെയും അതിന്റെ സഹോദര സംഘടനകളുടെയും ആശയപ്രവര്‍ത്തന മണ്ഡലങ്ങളുമായി ഈ ചോദ്യം അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ആയതിനാല്‍ സിനിമക്കകത്തല്ല, സിനിമക്ക് പുറത്താണ് ഇപ്പോഴത്തെ, പലപ്പോഴും അക്രമാസക്തമായ പ്രതിഷേധങ്ങളുടെ കാര്യകാരണങ്ങള്‍ അന്വേഷിക്കേണ്ടത്. അതായത്, ഈ പ്രതിഷേധങ്ങളെ സിനിമയിലെ മുസ്ലിം കഥാപാത്രങ്ങളുടെയും മുസ്ലിം ചിഹ്നങ്ങളുടെയും ആവിഷ്കാരത്തിലേക്ക് (മാത്രം) ഏതു പരിധിവരെ കൂട്ടിക്കെട്ടാന്‍ പറ്റും? ഈ സിനിമയും കമലഹാസനും ഈ സമരങ്ങളിലെ കേവലം ചില ഉപകരണങ്ങള്‍ മാത്രമായാണോ മനസ്സിലാക്കേണ്ടത്?

   മുസ്ലിംകളെ പ്രത്യേകിച്ചും, ന്യൂനപക്ഷങ്ങളെ പൊതുവിലും സന്ദര്‍ഭങ്ങളില്‍ നിന്നും സാഹചര്യങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി ചിത്രീകരിക്കുന്ന ഒട്ടനവധി സിനിമകളും നോവലുകളും കഴിഞ്ഞ കാലങ്ങളില്‍ വന്നും പോയും കൊണ്ടിരുന്നിട്ടുണ്ട്. ഒരു പക്ഷേ, ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള കമ്മട്ടപ്പതിപ്പുകള്‍ ഇല്ലാത്ത സിനിമ- നോവല്‍ ആഖ്യാനങ്ങള്‍ വിരളമാണെന്നു തന്നെ പറയാം. അവയോടെല്ലാം തന്നെ, വിമര്‍ശനാത്മകവും അതിനെക്കാളേറെ വിശ്വാസപരവും ആയ ഒരകലം സൂക്ഷിക്കാന്‍ മുസ്ലിംകള്‍ ശീലിച്ചു പോരുകയും ചെയ്തിട്ടുണ്ട്. ഒരു കലാരൂപം/ ആവിഷ്കാരം എന്ന നിലയില്‍ ഈ വക ആഖ്യാനങ്ങള്‍ക്ക് മുസ്ലിംകള്‍ക്കിടയില്‍ ഇനിയും വ്യാപകമായി സ്വാധീനം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഇത്തരം വിവരണങ്ങള്‍ക്ക് കാതുകൂര്‍പ്പിക്കാതിരിക്കാന്‍ മുസ്ലിംകളെ ഒരളവോളം പ്രേരിപ്പിച്ചിട്ടുമുണ്ട് എന്നുവേണം മനസ്സിലാക്കാന്‍. മാത്രവുമല്ല, ഫിക്ഷനോട് ഒരു വിശ്വാസി സമൂഹം എന്ന നിലയില്‍ മുസ്ലിംകള്‍ പുലര്‍ത്തിപ്പോരുന്ന നിലപാടും ഇതില്‍ പ്രധാനമാണ്. ദൈവികമായി അവതീര്‍ണമായ ആഖ്യാനങ്ങള്‍ക്ക് എതിര്‍ ചേരിയിലുള്ളത് എന്ന നിലയിലാണ് മനുഷ്യ നിര്‍മിതിയായ ഫിക്ഷനുകളെ വിശ്വാസികള്‍ സമീപിക്കുന്നത്. “ആരെയാണ് പിശാച് പിടികൂടുക എന്നു ഞാന്‍ പറഞ്ഞ് തരട്ടെയോ, കളവു പറയുന്ന ഓരോരുത്തരുടെ മേലും പിശാചിറങ്ങും. കേട്ടതെന്തെന്ന് മറ്റുള്ളവരോട് പറയുന്നവരാണെങ്കിലും, അവര്‍ പറയുന്നതിലധികവും കളവാണ്. വഴിതെറ്റിപ്പോകുന്നവരേ കവികള്‍ക്ക് ചെവികൊടുക്കുകയുള്ളൂ…” എന്നാണു കവികളെക്കുറിച്ചുള്ള അധ്യായത്തില്‍ ഖുര്‍ആന്‍ തന്നെ ഫിക്ഷനെ വിശദീകരിക്കുന്നത്. മതവും ഫിക്ഷനും തമ്മില്‍ എപ്പോഴും വഴിപിരിഞ്ഞാണ് നില്‍ക്കുന്നതെന്ന് സാരം. ഫിക്ഷനെ, വസ്തുതാ വിവരണം എന്ന നിലയില്‍ കാണേണ്ടതില്ല എന്നാണു ഖുര്‍ആന്റെ തന്നെ സാരോപദേശം. അതായത്, ഇത്തരം ആഖ്യാനമണ്ഡലങ്ങളുടെ പുറത്താണ് മുസ്ലിംകള്‍ അവരുടെ ദൈനംദിന ജീവിതത്തെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതു കൊണ്ടാണ് സിനിമ, നോവല്‍ തുടങ്ങിയ എല്ലാതരം ആഖ്യായികകളെയും ആ തലത്തില്‍ നേരിടാന്‍ മുസ്ലിം പൊതുസമൂഹം തയ്യാറാകുന്നത്. അവയെ, വസ്തുത എന്ന നിലയില്‍ വായിക്കാനോ പ്രതികരിക്കാനോ അവര്‍ പൊതുവെ മെനക്കടാറില്ല. വിശ്വരൂപം മാത്രമല്ല എല്ലാ സിനിമകളും നിഷിദ്ധങ്ങളായ കലാരൂപങ്ങളാണ് എന്ന് പാരമ്പര്യ മുസ്ലിം പണ്ഡിത•ാര്‍ ഈ വിവാദത്തോട് പ്രതികരിക്കുന്നതിന്റെ പശ്ചാത്തലവും ഇതാണ്. ഒരു പക്ഷേ, ഇങ്ങനെയൊരു വിശ്വാസത്തിനു മുസ്ലിംകള്‍ക്കിടയില്‍ വേരോട്ടം ഉള്ളതുകൊണ്ടു കൂടിയാകണം വിരുദ്ധ സിനിമ എന്ന് പോപ്പുലര്‍ ഫ്രണ്ട് ആര്‍ത്തു വിളിച്ചിട്ടും, നബിദിന റാലികളില്‍ നിന്നോ, പ്രവാചക പ്രകീര്‍ത്തന സദസ്സുകളില്‍ നിന്നോ ഒരൊറ്റ മുസ്ലിമും ഇറങ്ങിവരാതിരുന്നതും സിനിമാ പോസ്ററുകള്‍ നശിപ്പിക്കാനോ തിയേറ്ററുകളിലേക്ക് പ്രകടനം നടത്താനോ മുതിരാതിരുന്നതും.

     ഈയിടെ നടന്ന പ്രതിഷേധങ്ങളുടെ മനഃശാസ്ത്രം രൂപപ്പെടുന്നത് വിശ്വരൂപത്തിനു പുറത്താണെന്ന് പറയാനുള്ള പ്രധാനകാരണം മുസ്ലിംകളെ കമ്മട്ടപ്പതിപ്പ് ചെയ്യുന്ന മറ്റൊട്ടനവധി സിനിമകളും എഴുത്തുകളും പോപ്പുലര്‍ ഫ്രണ്ടിനെ പ്രകോപിപ്പിച്ചില്ല എന്നതു കൊണ്ട് കൂടിയാണ്. ഏറ്റവും ചുരുങ്ങിയത് കഴിഞ്ഞ ഒന്നോ രണ്ടോ വര്‍ഷത്തിനിടയില്‍ മലയാളത്തില്‍ ഇറങ്ങിയ സിനിമകളുടെ കഥാപരിസരങ്ങള്‍ പരിശോധിക്കുക. മുസ്ലിം വിരുദ്ധം എന്നു പറയാവുന്ന നിരവധി സന്ദര്‍ഭങ്ങള്‍ അവയിലെല്ലാം ഉണ്ട്. അവയെല്ലാം സൌകര്യപൂര്‍വ്വം അവഗണിച്ചു കൊണ്ടാണ് ഇപ്പോഴത്തെ സമരം എന്നതില്‍ നിന്ന് മുസ്ലിം വിരുദ്ധ ആഖ്യാനങ്ങളോടല്ല പോപ്പുലര്‍ ഫ്രണ്ടിന്റെ യഥാര്‍ത്ഥ വിയോജിപ്പ് എന്നു വേണം മനസ്സിലാക്കാന്‍. മാത്രവുമല്ല, മറ്റു മത സമുദായങ്ങളുടെയും ജാതികളുടെയും വികാരങ്ങളെ വേദനിപ്പിച്ചേക്കാവുന്ന ആഖ്യാനങ്ങള്‍ ഉണ്ടായപ്പോള്‍ അവയെ ആവിഷ്കാര സ്വാതന്ത്യ്രം എന്ന വാദം ഉയര്‍ത്തി പ്രതിരോധിക്കുന്നതില്‍ ഈ സംഘടനകള്‍ മുന്‍പന്തിയിലുണ്ടായിരുന്നു താനും. ബറോഡയിലെ പ്രശസ്തമായ എംഎസ് യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥികളുടെ ഒരു ചിത്രപ്രദര്‍ശനത്തില്‍ കാളിയെ കുറിച്ചുള്ള ഒരു ചിത്രകലാവിദ്യാര്‍ത്ഥിയുടെ രചനയുടെ പേരില്‍ പ്രദേശത്തെ ആര്‍എസ്എസുകാര്‍ യൂണിവേഴ്സിറ്റിയില്‍ അതിക്രമിച്ചു കയറി പ്രദര്‍ശനം അലങ്കോലമാക്കിയപ്പോഴും, എം എഫ് ഹുസൈന്റെ രചനകളോട് ചില ഹിന്ദുത്വ സംഘടനകള്‍ സ്വീകരിച്ച സമാനമായ നിലപാടിനോടും പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ സ്വീകരിച്ച നിലപാട് ഓര്‍ക്കുക. മുസ്ലിംകള്‍ക്ക് ബാധകമല്ലാത്ത ആവിഷ്കാര സ്വാതന്ത്യ്രം എങ്ങനെയാണ് മറ്റ്, വിശ്വാസി സമൂഹങ്ങള്‍ക്ക് മാത്രം ബാധകമാവുന്നത്? അപ്പോള്‍ സിനിമകളിലെയോ നോവലുകളിലേയോ വാര്‍പ്പുമാതൃകകളോ, കഥാപരിസരമോ അല്ല പോപ്പുലര്‍ ഫ്രണ്ടിനെ പ്രകോപിപ്പിച്ചതെന്നു വ്യക്തം. പിന്നെ മറ്റെന്താണ് അവരെ അക്രമാസക്തമായ പ്രതിഷേധത്തിലേക്ക് എടുത്തു ചാടിച്ചത്?

    കേരളത്തില്‍ നിന്ന് തുടങ്ങി, പൊടുന്നനെ തന്നെ മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും തുടര്‍ന്നു മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനമണ്ഡലം വ്യാപിപ്പിച്ച ഒരു സംഘടനയാണ് നാഷണല്‍ ഡൊമോക്രാറ്റിക് ഫ്രണ്ട് എന്നു തുടക്കത്തില്‍ അറിയപ്പെട്ടിരുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. എങ്കിലും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തെന്നിന്ത്യയിലാണ്. തെന്നിന്ത്യയില്‍ ഒരേ സമയം റിലീസാകുന്ന ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ചുള്ള വാര്‍പ്പ് മാതൃകകള്‍ ഉള്ള സിനിമയെ, തെന്നിന്ത്യയിലെ തങ്ങളുടെ അടിസ്ഥാനം അരക്കിട്ടുറപ്പിക്കാനുള്ള അവസരമായി പോപ്പുലര്‍ ഫ്രണ്ട് ഉപയോഗിച്ചു എന്ന് മനസ്സിലാക്കുന്നതാവും കൂടുതല്‍ ശരി. കമലഹാസനെ പോലെ, ഒരു പാന്‍ സൌത്ത് ഇന്ത്യന്‍ പ്രതിഛായയുള്ള ഒരാളുടെ സിനിമ കാര്യങ്ങളെ കുറെക്കൂടി എളുപ്പമാക്കുമല്ലോ. സോഷ്യലിസ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പേരില്‍ രാഷ്ട്രീയ സംഘടനകൂടി രൂപീകരിച്ചു പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ തുനിയുന്ന ഒരു സംഘടനയെ സംബന്ധിച്ചിടത്തോളം മുസ്ലിം രാഷ്ട്രീയ ഭൂമികയിലെ വിശാലമായ ഒരു കൌശലത്തിന്റെ കൂടി ഭാഗമാണത്; മുസ്ലിംകളുടെ തന്നെ മുന്‍കയ്യില്‍ കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികളും മറ്റു കൂട്ടായ്മകളും ദിനം പ്രതിയെന്നോണം പെരുകിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. സംസ്ഥാനാതിര്‍ത്തികള്‍ ഭേദിച്ചും, മതത്തിനകത്തു തന്നെയുള്ള വിശ്വാസപരമായ വൈജാത്യങ്ങള്‍ ഇല്ലാതാക്കിയും ഒരു പൊതു ശത്രുവിനെ ഉണ്ടാക്കിയെടുക്കാനുള്ള ഏറ്റവും ഫലപ്രദമായ ഒരുപകരണമായി ‘വിശ്വരൂപത്തെ’ വികസിപ്പിച്ചെടുക്കാന്‍ പറ്റുമോ എന്ന അന്വേഷണമാകണം ഈ പ്രതിഷേധങ്ങളിലൂടെ സംഘടന നടത്തിയത്.

      സല്‍മാന്‍ റുഷ്ദിയുടെ സാത്തനിക് വേര്‍സസിനെതിരെ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ വിശകലനം ചെയ്തുകൊണ്ട് വന്ന ചില പഠനങ്ങള്‍, ആ വിവാദത്തെ വിവിധ മുസ്ലിം സംഘടനകളും രാഷ്ട്രങ്ങളും തങ്ങളുടെ രാഷ്ട്രീയവും മതപരവുമായ താല്‍പര്യങ്ങളെ പൊലിപ്പിച്ചെടുക്കാന്‍ എങ്ങനെയാണ് ഉപയോഗിച്ചത് എന്ന് വിശദമാക്കുന്നുണ്ട്. മുസ്ലിം ലോകത്ത് നിലനിന്ന സഊദി (സുന്നി) – ഇറാന്‍ (ശിയാ) എന്നീ രണ്ടു ചേരികള്‍ തമ്മിലുള്ള ബല പരീക്ഷണത്തിനുള്ള വേദിയായി റുഷ്ദി അഫയര്‍ മാറി. മുസ്ലിംകളോട് കൂടുതല്‍ ഉത്തരവാദിത്ത്വമുള്ള ചേരിയായി തങ്ങളെ സ്വയം അവതരിപ്പിക്കാനുള്ള മത്സരത്തിന്റെ കൂടി ഭാഗമായിരുന്നു സഊദി പണ്ഡിതന്മാരുടെ ഫത്വക്ക് മുമ്പെയുള്ള, ആയത്തുല്ല ഖുമൈനിയുടെ എടുത്തുചാട്ടമാമെന്ന് ഈ പഠനങ്ങളില്‍ ചിലത് നിരീക്ഷിക്കുന്നുണ്ട്. ആ ഫത്വയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ശിയാക്കളായിരുന്നുവെന്ന് 1989ലെ പ്രസ്തുത ഫത്വക്കു ശേഷം ശിയാ സംഘടനകള്‍ക്ക് മുസ്ലിം രാഷ്ട്രങ്ങള്‍ക്കിടയില്‍ കൂടുതല്‍ വേരോട്ടമുണ്ടാക്കാനായി എന്ന കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഈ പഠനങ്ങള്‍ അടിവരയിടുന്നു.

    ഏതാണ്ട് ഇതിന് സമാന്തരമായ ചില സ്ഥിതി വിശേഷങ്ങള്‍ ഇപ്പോഴത്തെ പ്രതിഷേധങ്ങളിലും കാണാം. മുസ്ലിംകള്‍ക്കിടയില്‍ കടുത്ത വിഭാഗീയതയും സംഘര്‍ഷങ്ങളും നടക്കുന്നിടമാണ് കേരളം. കേരളത്തിനു പുറത്തെ മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ വേരോട്ടമുണ്ടാക്കാനാണ് സമീപകാലത്തായി ഇവിടുത്തെ ചില മുസ്ലിംസംഘടനകള്‍ മത്സരിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിലെ ഇസ്ലാമിനെയാണ് മറ്റിടങ്ങളിലെ മുസ്ലിംകള്‍ മാതൃകയാക്കേണ്ടത് എന്ന വിശ്വാസം വച്ചു പുലര്‍ത്തുന്നവരാണ് ഇവിടെയുള്ള മുസ്ലിം സംഘടനകളും നേതാക്കളും. അങ്ങനെയൊരു ധൃതിയുടെ കൂടി ഭാഗമായിട്ടാവണം പോപ്പുലര്‍ ഫ്രണ്ടും സഹോദര സംഘടനകളും സിനിമക്കെതിരെ ആദ്യം രംഗത്തു വന്നത്. മുസ്ലിംകളെ ബാധിക്കുന്ന വിഷയങ്ങളില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെയും ഫലപ്രദമായും ഇടപെടുന്നവര്‍ എന്ന പ്രതീതി ഉണ്ടാക്കിയെടുക്കാനും അതവരെ തുണയ്ക്കുമെന്നും സംഘടനകള്‍ കണക്കുകൂട്ടിയിട്ടുണ്ടാവാം. ഇവിടുത്തെ മുസ്ലിം സമുദായത്തിന്റെ കാര്യശേഷിയുള്ള ഒരേയൊരു വക്താവായി സ്വയം മാറാനുള്ള പിടിവാശിയാണ്, പ്രൊഫ. എസ് ജോസഫിന്റെ കൈപ്പത്തി വെട്ടാനും വിശ്വരൂപത്തിനെതിരെയുള്ള അക്രമാസക്ത സമരങ്ങളില്‍ ഏര്‍പ്പെടാനും പോപ്പുലര്‍ ഫ്രണ്ടിനെയോ അനുഭാവം പുലര്‍ത്തുന്നവരെയോ പ്രേരിപ്പിച്ചതിന്റെ സംഘടനാപരമായ പശ്ചാത്തലം എന്ന് ചുരുക്കം. ഒപ്പം, ഇസ്ലാമിന്റെ തന്നെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നായ അതിലെ വൈവിധ്യത്തെ ഇല്ലാതാക്കി, കുറെക്കൂടി ഏകാശിലാത്മകമായ ഒരിസ്ലാമിനെ പകരം പ്രതിഷ്ഠിക്കാന്‍ ഇങ്ങനെയുള്ള ചില പൊതുശത്രുക്കളെ കണ്ടെത്തുന്നതിലൂടെ കഴിയും.

        അതേ സമയം ഈ വിവാദം സിനിമാ നിര്‍മാതാക്കള്‍ സ്വയം ഉണ്ടാക്കിയതാണ് എന്ന തരത്തിലുള്ള ജമാഅത്ത് സഹോദര സംഘടനയായ സോളിഡാരിറ്റിയുടെ അഭിപ്രായം കാര്യങ്ങളുടെ ലളിതവത്ക്കരണമാണ്. രാഷ്ട്രീയമായി കൈകാര്യം ചെയ്യേണ്ട പ്രശ്നത്തെ മതപരമായി കൈകാര്യം ചെയ്യുന്നതാണ് പ്രശ്നങ്ങളുണ്ടാകാന്‍ കാരണം എന്നും അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ മതപരമായി കൈകാര്യം ചെയ്യേണ്ട കാര്യങ്ങളെ രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നിടത്താണ് പ്രശ്നങ്ങള്‍ എന്നതാണ് നമ്മുടെ തന്നെ സമീപകാല അനുഭവങ്ങള്‍. സല്‍മാന്‍ റുഷ്ദിയോടും സാത്തനിക് വേര്‍സസിനോടും ജമാഅത്ത് സംഘടനകള്‍ സ്വീകരിക്കുകയും സ്വീകരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന നിലപാടുകള്‍ തന്നെയാണ് ഇതിന്റെ മികച്ച ഉദാഹരണം. ജയ്പൂരില്‍ ലിറ്റററി ഫെസ്റിവലില്‍ സല്‍മാന്‍ റുഷ്ദിയെ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധിക്കുന്നവരില്‍ ജമാഅത്തും മുന്‍പന്തിയിലുണ്ടായിരുന്നു. മതപരമായ കാഴ്ചപ്പാടില്‍ റുഷ്ദി കൊടും കുറ്റവാളിയാണ് എന്നാണു ജമാഅത്ത് വിശദീകരിച്ചത്.

    മതം കൈകാര്യം ചെയ്യേണ്ട പ്രശ്നങ്ങള്‍, രാഷ്ട്രീയം കൈകാര്യം ചെയ്യേണ്ട പ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള വിഭജനങ്ങള്‍ ആധുനിക മതേതരവാദമാണ്. അത്തരം വിഭജനങ്ങളെ ഇസ്ലാം നിരാകരിക്കുന്നു എന്ന വാദം ഉയര്‍ത്തിപ്പിടിച്ചാണ് പൊതുവില്‍ ജമാഅത്ത് പ്രസിദ്ധീകരണങ്ങള്‍ തങ്ങളുടെ സമീപകാലത്തെ സാംസ്കാരിക വിമര്‍ശന അജണ്ട തന്നെ രൂപീകരിച്ചിട്ടുള്ളത്. അതിനു വിരുദ്ധമായ ഒരു നിലപാട് ‘വിശ്വരൂപ’ത്തിന്റെ കാര്യത്തില്‍ മാത്രം എടുക്കുന്നത് ആ നിലപാടിനെ ദുരൂഹമാക്കുന്നുണ്ട്. മാത്രവുമല്ല പോപ്പുലര്‍ ഫ്രണ്ട് നേരത്തെ തന്നെ എടുത്ത ഒരു നിലപാടിനെക്കൂടി മുന്‍നിര്‍ത്തിയല്ലാതെ മറ്റൊരു നിലപാടെടുക്കാന്‍ സോളിഡാരിറ്റി പോലുള്ള ഒരു സംഘടനക്ക് പ്രയാസമായിരിക്കും. അതിനാല്‍ തന്നെ സിനിമയിലെ ആവിഷ്കാരവുമായി ബന്ധപ്പെട്ടല്ല, സോളിഡാരിറ്റിയുള്‍പ്പെടെയുള്ളവരുടെ സംഘടനാപരമായ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് മേല്‍ നിലപാട് എന്നു വേണം കരുതാന്‍.മാത്രവുമല്ല സിനിമയെക്കുറിച്ചുള്ള രാഷ്ട്രീയ സംവാദങ്ങളാണ് ഉയര്‍ന്നു വരേണ്ടത് എന്ന തരത്തിലുള്ള പ്രതികരണം മേല്‍പറഞ്ഞ ആവിഷ്കാര സ്വാതന്ത്യ്രത്തെ മുന്‍നിര്‍ത്തിയുള്ള സിനിമക്ക് വേണ്ടിയുള്ള വാദത്തില്‍ നിന്ന് ഏറെയൊന്നും വ്യത്യസ്തമൊന്നുമല്ല താനും. ഉയര്‍ന്ന ആസ്വാദന ബോധവും ജനാധിപത്യ ബോധവുമുള്ള പരിഷ്കൃതനായ ഒരു പ്രേക്ഷകനെയാണ് സോളിഡാരിറ്റിയും മുന്നില്‍ കാണുന്നത്. ഇത് പ്രേക്ഷകനെക്കുറിച്ചുള്ള വളരെ വരേണ്യവും ദേശീയവുമായ കാഴ്ചപ്പാടാണ് താനും. സിനിമ എല്ലാവരും ഒരേപോലെ കാണണം എന്ന കാഴ്ചപ്പാടാണ് ഇവിടെയും ഉള്ളത്.

     സമുദായത്തിന്റെ അഭിമാനം (ഇസ്സത്ത്) കാത്തുസൂക്ഷിക്കുക എന്ന പരികല്പനയെ അടിസ്ഥാനമാക്കിയാണ് പലപ്പോഴും ഇത്തരം പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാറുള്ളത്. പക്ഷേ, ഈ വക വികാരങ്ങളുടെ സ്രോതസ്സ് മുസ്ലിംകള്‍ ഭരണാധികാരികളും മുസ്ലിംകള്‍ ഭൂരിപക്ഷവുമായിരുന്ന കാലവും ദേശങ്ങളുമാണോ? അവയെ അടിസ്ഥാനമാക്കി ഈ കാലഘട്ടത്തില്‍ മുസ്ലിംകള്‍ നേരിടുന്ന സാമൂഹിക പ്രശ്നങ്ങളെ നേരിടാന്‍ പറ്റുമോ? റുഷ്ദി വിവാദത്തില്‍ ഉള്‍പ്പെടെ തങ്ങളുടെ ചിഹ്നങ്ങളെ മോശമാംവിധം ചിത്രീകരിച്ചു എന്നതിനെക്കാളേറെ, ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ ഒരു സമുദായം എന്ന നിലയില്‍ തങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ഭീതിയും സന്ദിഗ്ധതകളുമാണ് മുസ്ലിം പ്രതിഷേധങ്ങളെ നയിച്ചതും നയിച്ചുകൊണ്ടിരിക്കുന്നതും. അതുകൊണ്ടു കൂടിയാണ് മുസ്ലിം രാഷ്ട്രങ്ങളെ അപേക്ഷിച്ച്, മുസ്ലിംകള്‍ ന്യൂനപക്ഷമായി ജീവിക്കുന്ന ഇന്ത്യയിലും ബ്രിട്ടനിലും റുഷ്ദി വിരുദ്ധ സമരങ്ങള്‍ വ്യാപകമായതെന്നാണ് മാലിസ് റുത്വാനെ പ്പോലുള്ളവരുടെ അഭിപ്രായം.~

    ഇസ്ലാം എന്ന വലിയ വിവരണത്തി•ലുള്ള അധികാരം ആര്‍ക്കാണ്? മുസ്ലിം വിരുദ്ധ സിനിമ എന്ന പേരില്‍ അക്രമാസക്തമായ സമരത്തിനിറങ്ങിയവരും ‘മുസ്ലിം സംഘടനകളുടെ’ പ്രതിഷേധം കാരണം സിനിമാ പ്രദര്‍ശനം നിര്‍ത്തിവച്ചു എന്ന് പറയുന്നവരും ഈ വലിയ വിവരണത്തി•ലുള്ള അധികാരം ചിലര്‍ക്കു മാത്രം യഥാക്രമം സ്വയം എടുത്തണിയാനും, ചാര്‍ത്തിക്കൊടുക്കാനും അവസരം ഒരുക്കിക്കൊടുക്കുകയാണ്. അതേ സമയം കേരളത്തിന്റെ സാഹചര്യം പരിശോധിച്ചാല്‍ തന്നെ, ഇവിടുത്തെ ജനകീയ ഇസ്ലാം എന്ന് വിശേഷിപ്പിക്കാവുന്ന ഭൂരിപക്ഷം വരുന്ന പാരമ്പര്യ മുസ്ലിംകള്‍ പൊതുവില്‍ അക്രമാസക്തമായ പ്രതിഷേധങ്ങളുടെ വേലിക്ക് പുറത്ത് ഒരേ സമയം വ്യക്തി ജീവിതത്തെയും പൊതു ജീവിതത്തെയും കരുപ്പിടിപ്പിക്കുന്നവരാണ്. ഭക്തിരസപ്രധാനമായ ഒരു രാഷ്ട്രീയമാണ് അവര്‍ ചരിത്രപരമായി പുലര്‍ത്തിപ്പോരാറുള്ളത്. അത്തരം രാഷ്ട്രീയ ജീവിതത്തെ മതേതര സമൂഹത്തോട് സമരസപ്പെട്ടുകൊണ്ടുള്ള അരാഷ്ട്രീയ ഇസ്ലാമിക ജീവിതം എന്ന് കുറ്റപ്പെടുത്താനാണ് ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ശ്രമിച്ചു വരാറുള്ളത്. പാരമ്പര്യ മുസ്ലിം സംഘടനകളോട് പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും പോലുള്ള ആധുനിക മത പ്രസ്ഥാനങ്ങള്‍ സ്വീകരിച്ചു പോരാറുള്ള സമീപനങ്ങളില്‍ ഈ പശ്ചാത്തലം കൂടുതല്‍ തെളിഞ്ഞു കാണാം. അവരെ സംബന്ധിച്ചിടത്തോളം ആധുനികമാകാനുള്ള ഇസ്ലാമിന്റെ ശ്രമങ്ങള്‍ക്ക് ഇടംകോലിടുന്നവരാണ് പാരമ്പര്യ മുസ്ലിംകള്‍. പക്ഷേ, ദൈനംദിന ജീവിതത്തില്‍ പാരമ്പര്യ മുസ്ലിംകളുടെ വിശ്വാസമോ നിലപാടുകളോ താരതമ്യേന അതിക്രമങ്ങള്‍ ഉത്പാദിപ്പിക്കുന്നില്ല. നാട്ടിന്‍പുറങ്ങളിലെ വിവിധ വിശ്വാസി സമൂഹങ്ങളോടൊപ്പം നബിദിനമാഘോഷിച്ചവരല്ല, ആധുനിക മുസ്ലിംകളെന്നും സോഷ്യല്‍ ഡെമോക്രാറ്റിക് മുസ്ലിംകളെന്നും അവകാശപ്പെടുന്നവരാണ് പ്രൊഫ. എസ് ജോസഫിന്റെ കൈവെട്ടിയതും, സിനിമാ തിയേറ്ററുകളില്‍ അതിക്രമിച്ചു കയറി കലാപം കൂട്ടിയതും എന്നത് എഡ്വേര്‍ഡ് സെയിദ് പറഞ്ഞത് പോലെ ഒരു വൈരുധ്യമല്ല. കാരണം ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങളെക്കാള്‍ സഹിഷ്ണുതയും സഹവര്‍ത്തിത്വവും പാരമ്പര്യ മധ്യകാല ഇസ്ലാമിനുണ്ട്.

      ഒടുവില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്‍ദേശപ്രകാരം ഒരു വിഭാഗം മുസ്ലിം സംഘടനാ ഭാരവാഹികളുമായി കമലഹാസന്‍ ചര്‍ച്ച നടത്തുകയും സിനിമയിലെ ചില ഭാഗങ്ങള്‍ നീക്കാന്‍ ധാരണയിലെത്തുകയുമായിരുന്നു. (പക്ഷേ, കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന കമലഹാസന്റെ പ്രസ്താവന ഇതോടു ചേര്‍ത്ത് വായിക്കണം). സിനിമയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഉള്‍വഴക്കങ്ങള്‍ കൂടിയാണ് ജയലളിതയെക്കൊണ്ട് ഇങ്ങനെയൊരു നീക്കം നടത്തിച്ചതെന്ന് വ്യക്തം. പക്ഷേ, സിനിമയിലെ മുസ്ലിം പ്രതിനിധാനത്തെയല്ല, ‘മുസ്ലിം സംഘടനകള്‍ ഉണ്ടാക്കിയേക്കാവുന്ന ക്രമസമാധാന പ്രശ്നങ്ങളെ’യാണ് സിനിമക്കെതിരെയുള്ള സര്‍ക്കാര്‍ തല നീക്കങ്ങള്‍ക്ക് കാരണമായി ജയലളിത പൊതുവേദിയില്‍ ഉദ്ധരിച്ചത്. ആ സ്ഥിതിക്ക് ‘വിശ്വരൂപ’ത്തില്‍ ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന അതേ പ്രശ്നങ്ങളുടെ ഗുണഭോക്താക്കളായി മാറുകയാണ് പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍. മുസ്ലിംകളെക്കുറിച്ച് അക്രമാസക്തമായ പ്രതിച്ഛായ ഉല്പാദിപ്പിക്കുന്നു എന്നു പറഞ്ഞാണ് പോപ്പുലര്‍ ഫ്രണ്ട് സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. നിരോധിച്ചില്ലെങ്കില്‍ മുസ്ലിംകള്‍ അക്രമാസക്തരായേക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജയലളിത സിനിമക്കെതിരെ നിലപാടെടുത്തത്. ആത്യന്തികമായി സിനിമയും സിനിമാ നിരോധനവും മുസ്ലിംകളെക്കുറിച്ച് ഉല്പാദിപ്പിക്കുന്ന പ്രതിഛായ ഒന്നു തന്നെയാണ്. ‘വിശ്വരൂപ’ത്തിനെതിരെ ഉയര്‍ത്തിയ വാദവിവാദങ്ങള്‍ കലയെയും ആവിഷ്കാര സ്വാതന്ത്യ്രത്തെയും കുറിച്ചുള്ള പ്രതിഷേധക്കാരുടെ നയനിലപാടുകളെ എങ്ങനെയെങ്കിലും പുതുക്കിപ്പണിയുമോ? അതോ, മുസ്ലിംകളെക്കുറിച്ചുള്ള വേദനാജനകമായ പ്രതിനിധാനം മാത്രമാണോ ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ പരിധിയില്‍ വരാത്തത്?

You must be logged in to post a comment Login