ഇസ്ലാമോഫോബിയ

kewIslamophobia – noun: Islamophobia is prejudice against, hatred towards, or irrational fear of Muslims. In 1997, the British Runnymede Trust defined Islamophobia as the “dread or hatred of Islam and therefore, [the] fear and dislike of all Muslims,” stating that it also refers to the practice of discriminating against Muslims by excluding them from the economic, social, and public life of the nation. The concept also encompasses the opinions that Islam has no values in common with other cultures, is inferior to the West and is a violent political ideology rather than a religion

മുഹ്സിന്‍ എളാട്

    നവലോകക്രമത്തിലെ ഇസ്ലാമിനെച്ചൊല്ലിയുള്ള സംഭാഷണങ്ങളിലും സംവാദങ്ങളിലും ആദ്യമധ്യാന്തം പ്രധാനമായ ഒരു സംജ്ഞയാണ് ഇസ്ലാമോഫോബിയ, അഥവാ ഇസ്ലാം ഭീതി. ഇസ്ലാം മതത്തോടും മുസ്ലിം ജനവിഭാഗത്തോടുമുള്ള മുന്‍വിധി, വെറുപ്പ്, ഭയം എന്നിങ്ങനെ നേരെചൊവ്വെ ഇതിനര്‍ത്ഥം പറയാം. ഇസ്ലാം, ഫോബിയ എന്നീ രണ്ടു പദങ്ങള്‍ക്കിടയില്‍ ആംഗലേയത്തിലെ ആശയൈക്യത്തെ കുറിക്കുന്ന സ്വരാക്ഷരമായ ഓ ചേരുമ്പോഴുണ്ടാകുന്ന സങ്കലിത സ്വരമാണിത്(ഉദാ: സോഷ്യോകള്‍ച്ചര്‍). ഈ പദസംബന്ധിയായ ആദ്യ ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ച ബ്രിട്ടീഷ് റെണിമിഡെ ട്രസ്റിന്റെ നിര്‍വചന പ്രകാരം രാഷ്ട്രത്തിന്റെ നയതന്ത്രപരവും രാഷ്ട്രീയവും സാമ്പത്തികവുമായ മണ്ഡലങ്ങളില്‍ നിന്ന് ഇസ്ലാമിക സമൂഹത്തെ തഴയുന്നതും, തദ്വാരാ മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്ന വിവേചനഭീകരതയെ സംബന്ധിച്ചും ഈ പദം പ്രയോഗിക്കാറുണ്ട്. എന്നാല്‍ കേവലാര്‍ത്ഥത്തിലുള്ള ഒരു ചിത്തഭ്രമം എന്നതിലപ്പുറം സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കപ്പെടുന്ന മൂലധനഭീകരതയില്‍ അധിഷ്ടിതവും രക്തരൂക്ഷിതവുമായ അധിനിവേശശ്രമങ്ങള്‍ക്ക് മറപിടിക്കാനുള്ള ബോധപൂര്‍വമായ ഒരു സൈദ്ധാന്തിക കര്‍മപദ്ധതിയായാണ് ഇസ്ലാമോഫോബിയയെ വിലയിരുത്തേണ്ടത്.

   ഈ സംജ്ഞാനാമം ആദ്യമായി പ്രയോഗിച്ചത് ഫ്രഞ്ച് ഭാഷയിലാണ്- 1918ല്‍. മുഹമ്മദ് നബിയുടെ ജീവചരിത്രമെഴുതിയ അള്‍ജീരിയന്‍ ബുദ്ധിജീവിയായ സ്ലിമാന്‍ ബിന്‍ ഇബ്റാഹിമും അല്‍ഫോന്‍സെ ഡിനെട്ടുമായിരുന്നു അത്. പ്രസ്തുത ഗ്രന്ഥം ഇംഗ്ളീഷിലേക്ക് ഭാഷാന്തരം ചെയ്ത റോബിന്‍ റിച്ചാഡ്സെണ്‍ ഇസ്ലാമോഫോബിയ (Islamophobia) എന്ന് വിവര്‍ത്തനം ചെയ്യുന്നതിന് പകരം ഇസ്ലാം വിരുദ്ധമായ വിചാരങ്ങള്‍ (Feelings Inimical to Islam) എന്നാണെഴുതിയത്. പിന്നീട് 1985ല്‍ Orientalism Reconsidered എന്ന തന്റെ പ്രബന്ധത്തിലൂടെ എഡ്വേഡ് സൈദാണ് പ്രസ്തുത പദത്തെ പുതിയ ഭാഷാബോധത്തോടെ അവതരിപ്പിക്കുന്നത്. അമേരിക്കന്‍ ന്യൂസ് മാഗസിന്‍ 1941ലെ അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ അധിനിവേശത്തിന്റെ ബീഭത്സമുഖങ്ങളെ അനാവരണം ചെയ്യവെ ‘ഇസ്ലാമോഫോബിയ’ എന്ന് ഉപയോഗിച്ചത് ഓക്സ്ഫോര്‍ഡ് ഇംഗ്ളീഷ് ഡിക്ഷണറിയില്‍ ഇടം നേടാന്‍ നിമിത്തമായി. അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ളണ്ടിലെ റണ്ണിമിഡെ ട്രസ്റിന്റെ നേതൃത്വത്തില്‍ ‘ബ്രിട്ടീഷ് മുസ്ലിങ്ങളും ഇസ്ലാമോഫോബിയയും’ (British Muslims and Islamophobia) കേന്ദ്രവിഷയമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു കമ്മീഷനെ നിയമിച്ചു. സസെക്സ് യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ ഗോര്‍ഡന്‍ കോണ്‍വയ് ആയിരുന്നു കമ്മീഷന്‍ ചെയര്‍മാന്‍. ഒരു വര്‍ഷത്തെ ഗവേഷണ മനനങ്ങള്‍ക്കു ശേഷം ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായിരുന്ന ജാക്ക് സ്ട്രോവിന്റെ നേതൃത്വത്തില്‍ ഇസ്ലാമോഫോബിയ; നമുക്കൊരു ഭീഷണി(Islamophobia a Challange for Us) എന്ന ശീര്‍ഷകത്തോടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചതു മുതലാണ് മാധ്യമങ്ങളും കോളമിസ്റുകളും മറ്റും ‘ഇസ്ലാമോഫോബിയ’ ഏറ്റു പിടിച്ചത്്.

    ഇസ്ലാമോഫോബിയയുടെ വികാസത്തിനു പിന്നിലെ ചരിത്ര പശ്ചാത്തലങ്ങള്‍ അന്വേഷിക്കുന്നത് ഉചിതമായിരിക്കും. വാസ്തവത്തില്‍, ആദം(അ)ന്റെ പൌത്രന്മാരുടെ കാലം മുതല്‍ ബഹുദൈവാരാധനയുടെ പ്രാകൃത രൂപം ഉടലെടുത്തതായും ഇസ്ലാമിന്റെ അടിസ്ഥാനശിലയായ തൌഹീദിന് പ്രതിപക്ഷമായി പരിണമിച്ചതായുമുള്ള വസ്തുതകള്‍ അനിഷേധ്യമാണ്. നൂഹ്, ഇബ്രാഹിം എന്നീ പ്രവാചകന്മാരുടെ കാലത്ത് അവ ശക്തി പ്രാപിച്ചതും പ്രവാചക ശ്രേഷ്ഠര്‍ മുഹമ്മദ് നബിയുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ബഹുദൈവാരാധകര്‍ തുരങ്കം വെച്ചതുമെല്ലാം സ്പഷ്ടമായ ചരിത്രവസ്തുതകളാണ്.

     അഷ്ടദിക്കുകളിലേക്കുള്ള ഇസ്ലാമിന്റെ വ്യാപനവും സ്പെയിന്‍ പോലുള്ള ക്രിസ്ത്യന്‍ ആധിപത്യ മേഖലകളില്‍ അത് വന്‍ സ്വാധീനം നേടിയതുമെല്ലാം ക്രൈസ്തവ/ ജൂത പുരോഹിതരെ അത്യന്തം അസ്വസ്ഥപ്പെടുത്തുകയും പ്രകോപിതരാക്കുകയും ചെയ്തിട്ടുണ്ട്. അറബി ഭാഷയും വേഷവുമെല്ലാം ഫേഷനായ അക്കാലത്ത് ഇസ്ലാമിക നാഗരികതയുടെ പുഷ്ക്കലഭൂമികയായി മാറിയ കൊര്‍ദോവയിലേക്ക് ഇതര യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നൊഴുകിയെത്തിയ വിദ്യാര്‍ത്ഥി ബാഹുല്യം കണ്ടമ്പരന്ന പാതിരിമാര്‍ ആരോപണമുയര്‍ത്തിയത് വിശുദ്ധ പ്രവാചകരുടെ നേരെയായിരുന്നു. യൂറോജിയസ്, അല്‍വാറസ് എന്നീ രണ്ടു പുരോഹിതരായിരുന്നു ഇതിനു പിന്നില്‍. നബിയുടെ നിസ്തുലമായ സ്വഭാവ വൈശിഷ്ഠ്യത്തിലവര്‍ മദ്യത്തിന്റെയും മദിരാശിയുടെയും മായം കലര്‍ത്തി ദുര്‍വ്യാഖ്യാനിച്ചു. ഇതെല്ലാം ഇസ്ലാംഭീതിയുടെ പ്രാകൃത ചേഷ്ടകള്‍. സ്പെയിനിന്റെ പതനം പൂര്‍ണമാകുന്നത് 1492ലാണെങ്കില്‍ ഇസ്ലാമിന്റെ അചഞ്ചലമായ നിലനില്‍പിനാല്‍ ഭയചകിതരായ യൂറോപ്യന്‍ പാതിരിമാരുടെ മതതീവ്രവാദ ഗൂഢാലോചനകളെത്തുടര്‍ന്ന് അതേവര്‍ഷം അധിനിവേശ മോഹവുമായി യാത്രയാരംഭിച്ച കൊളംബസും ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 1498ല്‍ കാപ്പാട് കപ്പലിറങ്ങിയ ഗാമയുടെയും നേതൃത്വത്തില്‍ അധിനിവേശ രാഷ്ട്രങ്ങളില്‍ ഇസ്ലാം ഭീതിയുടെ വിഷവിത്തുകള്‍ വിതറി. തദ്ദേശീയരായ മുസ്ലിംകളെയും മറ്റു മതക്കാരെയും തമ്മിലടിപ്പിച്ചു. ഭരണാധികാരികളെയും പ്രമാണിമാരെയും ഇസ്ലാമിനെതിരെ തിരിച്ചുവിടാന്‍ കുതന്ത്രങ്ങള്‍ പണിതു. പിന്നീട്, ക്രമേണ വിവിധ അധിനിവേശ ശക്തികളാല്‍ നിര്‍ബാധം തുടര്‍ന്നു ഈ ദുഷ്ചെയ്തികള്‍. അങ്ങനെ ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ബ്രിട്ടന്റെ നേതൃത്വത്തില്‍ മൂന്നാം ലോക രാജ്യങ്ങളുടെ ഭൂപടങ്ങള്‍ മാറ്റിവരച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഒട്ടേറെ കോളനികള്‍ക്ക് സ്വാതന്ത്യ്രം നല്‍കിയെങ്കിലും ഇസ്ലാം ഭീതിയുടെ വിഷപ്പുക ആളിക്കത്താന്‍ പാകമായ നിലമൊരുക്കിയാണ് ബ്രിട്ടന്‍ കളമൊഴിഞ്ഞത്. പാക് വിഭജനവും അവാന്തരവിഭാഗങ്ങള്‍ക്ക് ജ•ം നല്‍കാന്‍ ഹംഫറെന്ന ചാരനെ നിയോഗിച്ചതുമെല്ലാം ഉദാഹരണം. രണ്ടാം ലോക മഹായുദ്ധാനന്തരം കമ്മ്യൂണിസത്തിനെതിരെയുണ്ടായ മൂന്നുനാലു പതിറ്റാണ്ടുകാലത്തെ ശീതയുദ്ധം സോവിയറ്റ് പതനത്തോടെ ഉറഞ്ഞുപോയപ്പോള്‍- അധിനിവേശ കാലഘട്ടങ്ങളില്‍ നോക്കിക്കണ്ടതുപോലെ- സാമ്രാജ്യത്വ ചേരിക്കെതിരെ ഇസ്ലാമിക സമൂഹങ്ങളില്‍ നിന്നുയര്‍ന്നു വരാനിടയുള്ള സമരമുറകളെ അസാധ്യമാക്കാനുള്ള ആസൂത്രിതമായ ഒരു സൈദ്ധാന്തിക യത്നത്തിന്റെ ഭാഗമായാണ് സാമുവല്‍ പി ഹണ്ടിങ്ടണ്‍ നാഗരികതയുടെ സംഘട്ടനം എന്ന(Clash of Civilisation) ആശയത്തിന്റെ തിരശ്ശീലക്കു പിറകില്‍ പടിഞ്ഞാറിന്റെ ഇസ്ലാം വിരുദ്ധയുദ്ധത്തിന് ദാര്‍ശനിക അടിത്തറ പാകുന്നത്. റണ്ണീമിഡെ ട്രസ്റ് നിയമിച്ച കമ്മീഷനിലെ അംഗമായിരുന്ന അബ്ദുല്‍ ജലീല്‍ സാജിദ് അടിവരയിടുന്നത് പോലെ, ഇസ്ലാമിന്റെ സമാരംഭം മുതല്‍ ഇക്കാലം വരെ ഭേദഭാവങ്ങളോടെ നിലനിന്നിരുന്ന പ്രതിലോമാത്മക പ്രവണതകള്‍ ഇസ്ലാമോഫോബിയ എന്ന സംജ്ഞയൊരുക്കുന്ന കുടക്കു കീഴില്‍ വികാസം പ്രാപിക്കുന്നത് ഇതേ കാലത്താണെന്നതും സവിശേഷം സ്മരണീയമാണ്.

     2001 സെപ്തംബര്‍ 11ലെ ട്വിന്‍ ടവര്‍ ധ്വംസനത്തോടെയാണ് ഇസ്ലാം ഭീതി ലോകത്തുടനീളം പരക്കെ പ്രചാരം നേടുന്നത്. ഇസ്ലാമിനെ മൂല്യരഹിതവും അക്രമാസക്തവുമായ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാക്കി ലോകത്തിനു നേരെ എതിര്‍വശത്ത് പിടിക്കാനും അപരവല്‍ക്കരിക്കാനുമുള്ള പടിഞ്ഞാറന്‍ ഗൂഡാലോചനകള്‍ക്ക് ആഗോളവല്‍ക്കരണാനന്തരം സാങ്കേതികമായി പുരോഗതി പ്രാപിച്ച നവ മാധ്യമസംസ്കാരം ഉത്തേജനം പകരുകയുണ്ടായി. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെട്ടതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് ഫലസ്തീനികള്‍ പ്രകടനം നടത്തുന്ന ഒരു ചിത്രം സി എന്‍ എന്‍ നെറ്റ്വര്‍ക്കില്‍ പ്രദര്‍ശിപ്പിച്ചത് മാധ്യമഭീകരതയുടെ ഏറ്റവും വലിയ നെറികേടുകളിലൊന്നായി വിലയിരുത്തപ്പെടുന്നു. വാസ്തവത്തില്‍ തൊണ്ണൂറുകളിലെ ഗള്‍ഫ് യുദ്ധ കാലത്ത് സദ്ദാം ഹുസൈന് പിന്തുണ പ്രഖ്യാപിച്ച് ഫലസ്തീന്‍ യുവാക്കള്‍ നടത്തിയ പ്രകടനത്തിന്റെ ദൃശ്യമായിരുന്നു അതിമാരകമാം വിധം പുനരാവിഷ്കരിക്കപ്പെട്ടത്. അങ്ങനെ ഭീകരതക്കെതിരെ യുദ്ധമെന്ന ആശയത്തിന്റെ സാധൂകരണമെന്നോണം എല്ലനെ മല്ലനാക്കി അവതരിപ്പിക്കുന്ന ഫാസിസ്റ് തന്ത്രങ്ങളുടെ ഭാഗമായി അല്‍ഖാഇദ ആഗോളഭീഷണിയും സദ്ദാം അറബ് ഹിറ്റ്ലറും എല്ലാറ്റിനുമപ്പുറം ഇസ്ലാം സര്‍വലോകവിനാശകാരിയുമാണെന്ന വ്യാഖ്യാനങ്ങള്‍ ആധിപത്യം നേടി.

    മുസ്ലിംകള്‍ വിചിത്ര വസ്ത്രധാരികളും ബഹുഭാര്യത്വം അനുഷ്ഠിക്കുന്നവരും ലൈംഗികത്തൊഴിലാളികളും അറബികള്‍ നാടോടികളും തുര്‍ക്കികള്‍ ക്രൂരരുമാണെന്നുമുള്ള മധ്യകാല വാര്‍പ്പുമാതൃകകളോട് അള്ളിപ്പിടിച്ചിരിക്കാനാണ് ഇസ്ലാമോഫോബുകള്‍ക്കെന്നും പ്രിയം. ഇസ്ലാമിനോടുള്ള ഭീതിയും ജുഗുപ്സയും കൊളോണിയല്‍ ശക്തികള്‍ക്ക് (ഇറാന്‍, പാക്കിസ്താന്‍, തുര്‍ക്കി പോലുള്ള) ചില രാഷ്ട്രങ്ങളോട് തോന്നുന്ന വിദ്വേഷത്തിന്റെ(Xenophobia) ഭാഗമാണെന്ന ചരിത്രപണ്ഡിതയായ ആനെ സോഫി റോള്‍ഡിന്റെ കണ്ടെത്തലുകള്‍ പ്രസക്തമാകുന്നതങ്ങനെയാണ്.

   ഇസ്ലാമോഫോബുകള്‍ എന്നു വിളിക്കപ്പെടുന്ന ഭീതിവ്യവസായത്തിന്റെ പ്രചാരകരെ പൊതുവെ നാലായി തിരിക്കാം. ബുദ്ധികേന്ദ്രമാണൊന്നാമത്തേത്. അല്‍പജ്ഞാനികളായ പാതിരിമാരും ക്രൈസ്തവ ബുദ്ധിജീവികളും മറ്റും ഉള്‍പ്പെടുന്ന ഈ മാസ്റര്‍ മൈന്‍ഡുകളുടെ മുഖ്യ തൊഴില്‍ ഇസ്ലാമിക നിയമങ്ങളെയും ഖുര്‍ആനെയും ദുര്‍വ്യാഖ്യാനിക്കുകയും കാലാനുസൃതമായ രീതിയില്‍ പദ്ധതികളാവിഷ്ക്കരിക്കുകയുമാണ്. അമേരിക്കയിലെ ഇരുപതിലധികം സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ നിലവിലുള്ള ശരീഅത് വിരുദ്ധ നിയമങ്ങള്‍ക്ക്(Anti Sharee a Laws) ചുക്കാന്‍ പിടിക്കുന്നതും ഇവരാണ്. ഇടനിലക്കാരായ ആക്ടിവിസ്റുകളാണ് രണ്ടാമത്തെ വിഭാഗം. ബുദ്ധികേന്ദ്രങ്ങളെയും മുഖ്യകണ്ണികളായ മാധ്യമങ്ങളെയും ഭരണാധികാരികളെയും പരസ്പരം ബന്ധിപ്പിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ധനം ശേഖരിക്കുന്നതും ഇവരാണ്. ലഘുലേഖകളും റേഡിയോ ചാനലുകളും മുതല്‍ സൈബര്‍ ലോകത്തിന്റെ തടവറകളില്‍ വരെ ഇസ്ലാം വിരുദ്ധത വമിപ്പിക്കുന്ന കോര്‍ത്തിണക്കപ്പെട്ട ഒരു മീഡിയ നെറ്റ്വര്‍ക്ക് ഇന്ന് സജീവമാണ്. ഇസ്ലാമിനെയും പ്രവാചകനെയും അപകീര്‍ത്തിപ്പെടുത്തുന്ന ഫിലിമുകള്‍ നിരന്തരം റിലീസ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അമേരിക്കന്‍ എഴുത്തുകാരനും പണ്ഡിതനുമായ ജാക്ക് ഷെഹീനിന്റെ ഗവേഷണ പ്രബന്ധം ഹോളിവുഡ് ഫിലിമുകളില്‍ മുസ്ലിങ്ങള്‍ എങ്ങനെ ആപത്കരമായി പ്രതിനിധാനം ചെയ്യപ്പെടുന്നു (how muslims are negatively represented in hollywood) എന്നതിനെ കേന്ദ്രീകരിച്ചായിരുന്നു. 1200ലധികം ഫിലിമുകള്‍ നിരീക്ഷണ വിധേയമാക്കിയ ഇദ്ദേഹം ഇസ്ലാം ഭീതിയുടെ വൈറസുകളില്‍ നിന്ന് മുക്തമായ ചിത്രങ്ങള്‍ തുലോം തുച്ഛമാണെന്ന് സമര്‍ത്ഥിക്കുന്നുണ്ട്. എഡ്വാര്‍ഡ് സൈദിന്റെ ര്ീലൃശിഴ ശഹെമാ എന്ന ഗ്രന്ഥം മുസ്ലിം സമൂഹത്തിന്റെ മാധ്യമ പ്രതിനിധാനത്തെ കുറിച്ച് വ്യക്തമായ ചിത്രം അനാവരണം ചെയ്യുന്നുണ്ട്.

   യൂറോപ്പിലെയും അമേരിക്കയിലെയും ഭൂരിപക്ഷം ഭരണാധികാരികളും ഇസ്ലാമോഫോബുകളാണ്. മൂന്ന് വര്‍ഷം മുമ്പ് പാരതന്ത്യ്രത്തിന്റെ പ്രതീകങ്ങളായ പര്‍ദയോ ബുര്‍ഖയോ സ്ത്രീകള്‍ ധരിക്കരുതെന്ന് പറഞ്ഞ് യൂറോപ്പിലാകമാനം ഹിജാബിനെതിരെ പൊതു വികാരം ഇളക്കിവിടാന്‍ ഫ്രഞ്ച് പ്രസിഡണ്ട് നിക്കോളാസ് സര്‍ക്കോസി തുനിഞ്ഞ സംഭവം ഇതിന്റെ മകുടോദാഹരണമാണ്. കന്യാസ്ത്രീകള്‍ ശിരോവസ്ത്രവും സിഖുമതക്കാര്‍ ടര്‍ബനും ധരിക്കുമ്പോള്‍ ബുര്‍ഖയെ മാത്രം അധിക്ഷേപിക്കാന്‍ സര്‍കോസിയെ പ്രേരിപ്പിച്ചിരിക്കുക ഭൂഖണ്ഡത്തില്‍ മുസ്ലിം ജനസംഖ്യ ഏറ്റവും കൂടുതലുള്ള രാജ്യം തന്റേതാണെന്ന ഭയമായിരിക്കണം.

   ലോകരാജ്യങ്ങളില്‍ അമേരിക്കയാണ് ഇസ്ലാമോഫോബിയയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഭീതി പടര്‍ത്താന്‍ സജ്ജരായ ഏകദേശം അഞ്ഞൂറോളം സംഘടനകള്‍ യു എസിലുണ്ടത്രെ. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ വര്‍ഗീയ സ്വഭാവമുള്ള സംഘടനകളുമായി അവ ബാന്ധവം കൈക്കൊള്ളുന്നുണ്ട്. വി എച്ച് പിയുടെ പടിഞ്ഞാറന്‍ പതിപ്പായ ഹിന്ദു യൂണിറ്റി ഇതിലെ പ്രധാന കണ്ണിയാണ്. ഇന്‍വെസ്റിഗേറ്റീവ് ടെററിസത്തിന്റെ തലവനായ സ്റീഫന്‍ എമേഴ്സണ്‍ അമേരിക്കന്‍ ഇസ്ലാമോഫോബുകളുടെ പ്രവാചകനായി വിശ്വസിക്കപ്പെടുന്നു.

    പ്രൊഫറ്റോഫോബിയ (പ്രവാചകഭീതി), ബുര്‍ഖോഫോബിയ (ബുര്‍ഖാ ഭയം), ഹാറ്റോഫോബിയ (തൊപ്പിപ്പേടി) തുടങ്ങിയവ ശബ്ദകോശത്തിലേക്ക് കടന്നുവന്നിട്ടില്ലെങ്കിലും ഇസ്ലാമോഫോബിയയുടെ ശാഖകളായി പലരും ഉപയോഗിക്കാറുണ്ട്. എന്നാല്‍ പാശ്ചാത്യ ലോകത്തെ പ്രമുഖ പണ്ഡിതരും ധൈഷണികരും ഉള്‍പ്പെടുന്ന വന്‍ ജനസഞ്ചയം തന്നെ ഇസ്ലാമിനെ അടുത്തറിഞ്ഞ് ആശ്ളേഷിക്കുന്നുണ്ടെന്ന വാര്‍ത്തകളും വായനകളും അടയാളപ്പെടുത്തുന്നത് ഇസ്ലാമോഫോബിയയുടെ ഫലശൂന്യതയാണെന്ന് പറഞ്ഞാല്‍ തെറ്റാവില്ല.

അധികവായനക്ക്:

1.Orientalism, Covering Islam- Edward Zaid

2. Why Muslims are mad at America- Steven Kull

3. Children of Abraham at war- Talmeez Ahmed

4. fighting Islamophobia- Deepa Kumar

5. Reel bad Arabs- Jack Shaheen

You must be logged in to post a comment Login