ജീവിതവും പ്രതിനിധാനവും

bu6ഡോ. ശൈഖ് സഈദ് റമളാന്‍ ബൂത്വി

ഡോ. സഈദ് റമളാന്‍1 ബൂത്വി അതിശയമായിരുന്നു. മൂന്ന് പതിറ്റാണ്ട് സിറിയന്‍ ജനത ഏറ്റവുമധികം ആദരിച്ച പണ്ഡിതന്‍. പരമ്പരാഗതമായി ഭരണകൂടവും പൊതുജനങ്ങളും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തപ്പോഴൊക്കെ സഹിഷ്ണതയെക്കുറിച്ച് സംസാരിച്ച മിതവാദി. ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ അഗാധമായ അറിവും ആധുനിക ജ്ഞാനധാരകളെക്കുറിച്ച് കൃത്യമായ ബോധ്യവും ഉണ്ടായിരുന്ന ബൂത്വി, പശ്ചിമേഷ്യയിലെ തന്നെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ശബ്ദമായിരുന്നു. അദ്ദേഹത്തിന്റെ വൈജ്ഞാനികവും സാമൂഹികവുമായ ജീവിതത്തെക്കുറിച്ച് അനേകം അക്കാദമിക് അന്വേഷണങ്ങള്‍ നടത്തിയ ആന്‍ഡ്രൂസ് ക്രിസ്റ്മാന്‍ സഈദ് റമളാനെ വിശേഷിപ്പിച്ചത് Staunch Traditionalist        ( ഉറച്ച പാരമ്പര്യ വിശ്വാസി) എന്നായിരുന്നു. അവിവേകികളായ ചില ഭീകരരുടെ ബോംബാക്രമണത്തില്‍ 2013 മാര്‍ച്ച് ഇരുപത്തൊന്നിന് ബൂത്വി മരണമടയുകയുണ്ടായി. ഡോ. സഈദ് റമളാന്റെ ജീവിതത്തെയും നിലപാടുകളെയും കുറിച്ചുള്ള അന്വേഷണമാണ് ഈ ലേഖനം.
ലുഖ്മാന്‍ കരുവാരക്കുണ്ട്

1929ല്‍ തുര്‍ക്കിയിലെ ബൂട്ടാന്‍2 പ്രവിശ്യയില്‍പെട്ട ജെലീക ഗ്രാമത്തിലാണ് മുഹമ്മദ് സഈദ് റമളാന്‍ ബൂത്വിയുടെ ജനനം. കുര്‍ദ് സ്വത്വവും കുര്‍ദിഷ്3 ഭാഷയും പരമ്പരാഗതമായി നിലനില്‍ക്കുന്ന ദേശമായിരുന്നു ജെലീക. സഈദ് റമളാന്റെ പിതാവ് ശൈഖ് മുല്ല റമളാന്‍ ബൂട്ടാന്‍ പ്രവിശ്യയിലെ വിശ്രുതനായ ഇസ്ലാമിക പണ്ഡിതനായിരുന്നു. കര്‍മ്മശാസ്ത്ര രംഗത്ത് ശാഫിഈ സരണിയായിരുന്നു അദ്ദേഹം പിന്തുടര്‍ന്നിരുന്നത്.

   മുല്ല റമളാന്റെ കുടുംബ പാരമ്പര്യത്തില്‍ പണ്ഡിതന്മാരാരും ഉണ്ടായിരുന്നില്ല. കര്‍ഷകരായിരുന്നു പ്രപിതാക്കളെല്ലാം. എന്നാല്‍ അദ്ദേഹത്തിന്റെ മാതാവ് അധ്യാത്മികതയെയും വിജ്ഞാനത്തെയും ഏറെ സ്നേഹിച്ച മഹതിയായിരുന്നു. ഇസ്ലാമിക വിജ്ഞാന ശാഖകളില്‍ സാമാന്യം അവഗാഹം നേടിയ അവര്‍ മകനെ പണ്ഡിതനാക്കണമെന്ന മോഹത്തോടെ ചെറുപ്പത്തിലേ മനസ്സുവച്ചു. അങ്ങനെയാണ് മുല്ലാ റമളാന്‍ ജ്ഞാനസരണിയില്‍ പ്രവേശിച്ചതും മാതാവ് കൊതിച്ചത് പോലെ കാമ്പുള്ള പണ്ഡിതനായിത്തീര്‍ന്നതും.

   1934ല്‍ ശൈഖ് മുല്ല റമളാന്‍ കുടുംബത്തോടൊപ്പം സിറിയയിലെ ഡമസ്കസിലേക്ക് പലായനം ചെയ്തു. തുര്‍ക്കിയില്‍ ആ വര്‍ഷം അധികാരമേറ്റ മുസ്തഫ കമാല്‍ പാഷയുടെ അപകടകരമായ മതേതരവത്കരണം, തങ്ങളുടെ മതപരമായ സ്വത്വത്തെ മുറിവേല്‍പിക്കുമെന്ന് തിരിച്ചറിഞ്ഞായിരുന്നു ആ നാടുവിടല്‍. കമാല്‍പാഷ തുര്‍ക്കിയില്‍ അടിച്ചേല്‍പിച്ച മതവിരുദ്ധവും ആധുനികവുമായ വ്യവസ്ഥിതികളെ പില്‍ക്കാലത്ത് ആത്മകഥയില്‍ സഈദ് റമളാന്‍ പരിചയപ്പെടുത്തുന്നതിങ്ങനെ : “കമാല്‍പാഷ തുര്‍ക്കിയില്‍ ബാങ്കുവിളിക്കുന്നത് നിരോധിച്ചു. അറബി ഭാഷയെ പൊതുജീവിതത്തില്‍ നിന്ന് പറിച്ചു മാറ്റി ലാറ്റിന്‍ പഠനം നിര്‍ബന്ധമാക്കി. ഖുര്‍ആന്‍ ടര്‍ക്കിഷ് ഭാഷയിലാക്കി. സ്ത്രീകള്‍ ഹിജാബും നിഖാബും ധരിക്കുന്നത് നിരോധിച്ച്, പകരം യൂറോപ്യന്‍ മാതൃകയിലുള്ള വസ്ത്രധാരണ രീതി പ്രോത്സാഹിപ്പിച്ചു. നൂറ്റാണ്ടുകളായി നിലനിന്ന തുര്‍ക്കിയുടെ ഇസ്ലാമിക പാരമ്പര്യത്തെ ശിഥിലമാക്കി യൂറോപ്പിനെ തൃപ്തിപ്പെടുത്തുക എന്നതായിരുന്നു കമാല്‍ പാഷയുടെ ലക്ഷ്യം.”

   ഡമസ്കസില്‍ കുര്‍ദുകള്‍ കുടിയേറി താമസിക്കുന്ന റുകുനുദ്ദീന്‍ ഭാഗത്തായിരുന്നു ശൈഖ് റമളാന്റെ ജീവിതം. 1936ല്‍ സഈദ് റമളാന്റെ ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചു. സമീപത്തെ വിദ്യാലയത്തില്‍ നിന്ന് അറബി, ഗണിത ശാസ്ത്രം എന്നിവ അഭ്യസിച്ചു കൊണ്ടായിരുന്നു തുടക്കം. അതോടൊപ്പം വീട്ടില്‍ വച്ച് പിതാവ് മതവിഷയങ്ങളും പകര്‍ന്നു നല്‍കി. പിതാവിന്റെ ശിക്ഷണത്തില്‍ ഏഴാം വയസ്സില്‍ ആറ് മാസത്തിനുള്ളില്‍ സഈദ് റമളാന്‍ ഖുര്‍ആന്‍ മനഃപാഠമാക്കി. ഏതാണ്ട് നാലുവര്‍ഷം നീണ്ടു നിന്ന ഈ പഠനകാലത്ത്, പ്രവാചക ചരിത്രങ്ങളും ഖുര്‍ആന്‍ കഥകളും പകര്‍ന്നു നല്‍കി ഏക മകന്റെ മനസ്സില്‍ മത വിഷയങ്ങളോടുള്ള താല്‍പര്യം വര്‍ദ്ധിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു ശൈഖ് മുല്ല റമളാന്‍.അനന്തരം ഡമസ്കസിലെ പ്രശസ്തമായ മഅ്ഹദു തൌജീഹുല്‍ ഇസ്ലാമിയ്യ എന്ന സ്ഥാപനത്തിലായിരുന്നു സഈദ് റമളാന്റെ പഠനം,1940 മുതല്‍. സിറിയയില്‍ അക്കാലത്ത് പ്രശസ്തനായിരുന്ന ശാഫിഈ പണ്ഡിതന്‍ ശൈഖ് ഹസന്‍ ഹബന്നാക്ക് അവിടെ ഗുരുനാഥനായിരുന്നു. ഹോസ്റല്‍ വാസമായിരുന്നതിനാല്‍ ആഴ്ചയിലൊരിക്കല്‍ (വ്യാഴാഴ്ച) സഈദ് റമളാന്‍ കുടുംബത്തോടൊപ്പം ചെലവഴിക്കും. ഖുര്‍ആന്‍ വ്യാഖ്യാനം, തര്‍ക്കശാസ്ത്രം, ഹദീസ്, അലങ്കാര ശാസ്ത്രം, നിദാനശാസ്ത്രം, കര്‍മശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ അഗാധമായ അറിവ് നേടാന്‍ പതിമൂന്നു വര്‍ഷം നീണ്ട് നിന്ന ഈ പഠനകാലം സഊദ് റമളാനെ സഹായിച്ചു.

    1953ല്‍ ഉന്നത പഠനത്തിന് വേണ്ടി സഈദ് റമളാന്‍ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയിലെത്തി. ശാഫിഈ കര്‍മ്മശാസ്ത്രത്തില്‍ സവിശേഷ ശ്രദ്ധ നല്‍കി മൂന്നു വര്‍ഷം അസ്ഹറില്‍ പ്രഗല്‍ഭരായ പണ്ഡിത•ാര്‍ക്കു കീഴില്‍ പഠനം നടത്തി. 1956ല്‍ അസ്ഹറില്‍ നിന്ന് തിരിച്ചെത്തിയ സമയത്താണ് സിറിയയിലെ വിദ്യാഭ്യാസ മന്ത്രാലയം ഉയര്‍ന്ന മതപഠന ശാലകളില്‍ അധ്യാപകരായി നിയമനം നടത്താന്‍ ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നത്. അദ്ദേഹം അപേക്ഷ നല്‍കുകയും സെലക്ഷനില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിക്കുകയും ചെയ്തു. പിന്നീട് മൂന്ന് വര്‍ഷം, ഗവണ്‍മെന്റിനു കീഴിലെ വിവിധ മതകലാലയങ്ങളില്‍ അധ്യാപകനായിരുന്നു സഈദ് റമളാന്‍.

     1961ല്‍ ഇസ്ലാമിക കര്‍മ്മശാസ്ത്രത്തില്‍ പിഎച്ച്ഡി നേടാന്‍ വേണ്ടി സഈദ് റമളാന്‍ അല്‍ അസ്ഹറില്‍ തിരികെയെത്തി. നാലുവര്‍ഷം നീണ്ട പഠനത്തിനൊടുവില്‍ ഉയര്‍ന്ന മാര്‍ക്കോടെ ഡോക്ടറേറ്റ് നേടി സിറിയയില്‍ തിരികെയെത്തിയ റമളാന്‍ 1965ല്‍ സിറിയയിലെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനം. ഡമസ്കസ് യൂണിവേഴ്സിറ്റിയില്‍ പ്രഫസറായി നിയമിതനായി. നിദാനശാസ്ത്രം, വിശ്വാസ ശാസ്ത്രം, ശാഫിഈ മദ്ഹബ് പ്രകാരമുള്ള കര്‍മ്മ ശാസ്ത്രം എന്നീ വിഷയങ്ങളിലായിരുന്നു പ്രധാനമായും അദ്ദേഹത്തിന്റെ ക്ളാസുകള്‍. വൈജ്ഞാനിക ആഴവും പെരുമാറ്റത്തിലെ ലാളിത്യവും കാരണം വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട അധ്യാപകനായിരുന്നു റമളാന്‍. 1977 മുതല്‍ 1983 വരെ ഡമസ്കസ് യൂണിവേഴ്സിറ്റിയിലെ ശരീഅ ഡിപ്പാര്‍ട്ട്മെന്റിന്റെ തലവനായിരുന്നു അദ്ദേഹം.
സ്വാധീനിച്ച പണ്ഡിതന്മാര്‍
ശൈഖ് സഈദ് റമളാന്റെ ജീവിതത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയത് മൂന്നു പണ്ഡിത•ാരായിരുന്നു. പിതാവും പ്രഥമ ഗുരുനാഥനുമായ ശൈഖ് മുല്ല റമളാന്‍. പതിമൂന്ന് വര്‍ഷം പഠനം നടത്തിയ മഅ്ഹദു തൌജീഹുല്‍ ഇസ്ലാമിയ്യയിലെ പ്രധാനാധ്യപകന്‍ ശൈഖ് ഹസന്‍ ഹബന്നാക്ക്, തുര്‍ക്കിയെ ആധുനികവത്കരിക്കാനുള്ള മുസ്തഫാ കമാല്‍ പാഷയുടെ ശ്രമത്തിനെതിരെ മതപക്ഷത്ത് നിന്ന് കലഹിച്ച ഇസ്ലാമിക പണ്ഡിതന്‍ ബദീഉസ്സമാന്‍ സഈദ് നൂര്‍സി എന്നിവരായിരുന്നു അവര്‍. പിതാവും മകനും തമ്മിലുള്ള ഗാഢമായ ആത്മബന്ധത്തിന്റെ ചിത്രങ്ങള്‍ മനോഹരമായി വിവരിക്കുന്ന പുസ്തകമാണ് സഈദ് റമളാന്റെ ‘ഹാദാ വാലിദി’ (ഇതെന്റെ പിതാവ്) എന്ന ഗ്രന്ഥം. പിതാവിന്റെ ജീവചരിത്രം എന്നതിനപ്പുറം സഈദ് റമളാന്റെ ആത്മകഥ എന്ന തലത്തിലും ഈ കൃതി വിലയിരുത്തപ്പെട്ടിട്ടുണ്ട്. സഈദ് റമളാന് പതിമൂന്നു വയസ്സുള്ളപ്പോള്‍ തന്നെ മാതാവ് അസുഖം ബാധിച്ച് വിടപറഞ്ഞിരുന്നു. പിന്നീട് 1990ല്‍ 102-ാം വയസ്സില്‍ മരിക്കുവോളം അദ്ദേഹത്തിന് താങ്ങും തണലുമായിരുന്നത് പിതാവായിരുന്നു.

   പിതാവിനെക്കുറിച്ച് സഈദ് റമളാന്‍ എഴുതുന്നതിങ്ങനെ: “ഉന്നതമായ പണ്ഡിതനായിരുന്നു ഉപ്പ മുല്ല റമളാന്‍. ഖുര്‍ആന്‍ പാരായണം, തഹജ്ജുദ് നിസ്കാരം, ദിക്റുകള്‍, വിര്‍ദുകള്‍ തുടങ്ങിയ ആരാധനകള്‍ പതിവായിരുന്നു. പിതാവിന്റെ നേതൃത്വത്തില്‍ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും വീട്ടില്‍ സൂറത്ത് യാസീന്‍ ഓതുമായിരുന്നു. അതോടൊപ്പം തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ സുബ്ഹ് നിസ്കാരാനന്തരം തഹ്ലീലും ഉണ്ടാകും. ജീവിതത്തിലെ നിര്‍ണ്ണായകമായ എല്ലാ ഘട്ടങ്ങളിലും ഉത്തമമായ മാര്‍ഗം അദ്ദേഹമെനിക്ക് കാണിച്ചു തന്നു. വിവാഹപ്രായമെത്തിയിട്ടും പഠനതാല്‍പര്യം കാരണം ഞാനതവഗണിച്ചു നടക്കുകയായിരുന്നു. എന്നാല്‍ ഉപ്പയെന്നെ ഉപദേശിച്ചു. ഇമാം ഗസ്സാലിയുടെ ഇഹ്യാ ഉലൂമുദ്ദീന്‍ എടുത്ത് വിവാഹത്തിന്റെ അനിവാര്യതയെ ബോദ്ധ്യപ്പെടുത്തി. സാമ്പത്തികമായി ഏറെ പ്രയാസമനുഭവിച്ച അക്കാലത്ത് സ്വന്തം ലൈബ്രറിയിലെ കുറെ ഗ്രന്ഥങ്ങള്‍ വില്പന നടത്തിയാണ് വിവാഹത്തിനുള്ള ചെലവുകള്‍ പിതാവ് സ്വരൂപിച്ചത്. 1990ല്‍ വിടപറയുവോളം വീട്ടിലും കുടുംബത്തിലും പ്രഭചൊരിഞ്ഞ് ജീവിതത്തെ സമ്പന്നമാക്കി അദ്ദേഹം.” (പിതാവ് കുട്ടിക്കാലം മുതലേ പകര്‍ന്ന ദിക്റുകളും വിര്‍ദുകളും അവസാന ദിവസം വരെ സഈദ് റമളാന്‍ ജീവിതത്തില്‍ പതിവാക്കിയിരുന്നു.)
ശൈഖ് സഈദ് റമളാന്റെ വൈജ്ഞാനികവും രാഷട്രീയവുമായ നിലപാടുകള്‍ രൂപപ്പെടുത്തിയതില്‍ നിര്‍ണായകമായ പങ്കു വഹിച്ച പണ്ഡിതനാണ് ശൈഖ് ഹസന്‍ ഹബന്നാക്ക്. ശാഫിഈ മദ്ഹബുകാരനായിരുന്നു ഹബന്നാക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകരുക എന്നതിനപ്പുറം സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളിലെല്ലാം മതപണ്ഡിതര്‍ നൈതികതയുടെ പക്ഷത്തു നിന്ന് ഇടപെടേണ്ടതുണ്ട് എന്ന വീക്ഷണക്കാരനായിരുന്നു അദ്ദേഹം. 1963ല്‍ സിറിയയില്‍ അധികാരത്തില്‍ വന്ന ബാത്ത് പാര്‍ട്ടി, കമാല്‍ പാഷയുടെ പരിഷ്കാരങ്ങള്‍ മാതൃകയാക്കി രാജ്യത്ത് മതേതരവത്കരണം നടപ്പാക്കാനുള്ള ശ്രമമാരംഭിച്ചപ്പോള്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കാനും സാമാന്യ ജനങ്ങളെ രംഗത്തിറക്കാനും ധീരമായി ശ്രമിച്ച പണ്ഡിതനായിരുന്നു ഹബന്നാക്ക്. ബാത്ത് പാര്‍ട്ടിക്കെതിരെ 1964, 1967, 1973 വര്‍ഷങ്ങളില്‍ നടന്ന ശക്തമായ ജനകീയ പ്രക്ഷോഭത്തിന്റെ പ്രധാന നേതൃത്വം അദ്ദേഹത്തിന്നായിരുന്നു. നീണ്ട പതിമൂന്നു വര്‍ഷം ശൈഖ് ഹബന്നാക്കിന്റെ ശിഷ്യനായിരുന്നതിനാല്‍, സഈദ് റമളാനെ ഈ ‘ഉലമ ആക്ടിവിസം’ ഏറെ സ്വാധീനിച്ചിരുന്നു.

    ആധുനിക കാലത്ത് തുര്‍ക്കി കണ്ട ഏറ്റവും ഉന്നതനായ മുസ്ലിം പണ്ഡിതനും ധിഷണാശാലിയുമായിരുന്ന ബദിഉസ്സമാന്‍ സഈദ് നൂര്‍സി, ശൈഖ് റമളാനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഓട്ടോമന്‍ ഖിലാഫത്ത് കാലത്തും കമാല്‍ പാഷയുടെ ഭരണകാലത്തും അദ്ദേഹം നിരവധി തവണ അറസ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 1958ല്‍ പ്രസിദ്ധീകരിച്ച സഈദ് നൂര്‍സിയുടെ ആത്മകഥ കുര്‍ദിഷില്‍ നിന്ന് അറബിയിലേക്ക് വിവര്‍ത്തനം ചെയ്തത് ശൈഖ് റമളാന്‍ ആയിരുന്നു. സഈദ് റമളാന്‍ ഒരെഴുത്തില്‍ നൂര്‍സിയെ സ്മരിക്കുന്നതിങ്ങനെ : “ജീവിതത്തെ അധ്യാത്മികവും രാഷ്ട്രീയവുമായ ഇടപെടലുകളിലൂടെ അസാധാരണ അനുഭവമാക്കിയ പ്രതിഭാശാലിയായിരുന്നു സഈദ് നൂര്‍സി. ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്ന അദ്ദേഹം മതപ്രബോധനം ജീവിതലക്ഷ്യമായി കണ്ടു. സമൂഹത്തിന്റെ ധൈഷണികവും ആത്മീയവുമായ വികാസത്തിന് വേണ്ടി ആത്മാര്‍ത്ഥതയോടെ ഇടപെട്ട പണ്ഡിതന്‍ എന്ന നിലയില്‍ അദ്ദേഹം സ്മരിക്കപ്പെടും.” ഒരു ഇസ്ലാമിക പണ്ഡിതന്‍ എന്ന നിലയില്‍ നൂര്‍സി പ്രദര്‍ശിപ്പിച്ച അസാധാരണ ധൈര്യവും കരുത്തും സഈദ് റമളാന്റെ വ്യക്തിത്വം വികസിപ്പിക്കുന്നതില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

എഴുത്തും പ്രഭാഷണവും
കഴിഞ്ഞ മുപ്പതുവര്‍ഷമായി സിറിയന്‍ മുസ്ലിംകളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച പണ്ഡിതനായിരുന്നു സഈദ് റമളാന്‍. രാഷ്ട്രീയവും സാംസ്കാരികവുമായ ഏതേത് പ്രശ്നങ്ങളിലും അദ്ദേഹം ഇടപെടുകയും തന്റെ നിലപാട് തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ആധുനിക മുസ്ലിം അക്കാദമിക് ചിന്തകരില്‍ നിന്ന് വ്യത്യസ്തമായി. കര്‍മ്മശാസ്ത്രത്തിലായിരുന്ന അദ്ദേഹത്തിന്റെ പ്രധാന ശ്രദ്ധയും ഊന്നലും. ശാഫിഈ കര്‍മ്മശാസ്ത്രത്തില്‍ രചിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ ആഴമുള്ള അറിവും മറ്റു മദ്ഹബുകളെക്കുറിച്ച് വിപുലമായ ബോധ്യവും റമളാനുണ്ടായിരുന്നു. ഇസ്ലാമിക ചരിത്രത്തിന് ആധ്യാത്മികവും ധൈഷണികവുമായ വൈജ്ഞാനിക സംഭാവനകള്‍ നല്‍കിയ ഇബ്നു അറബി, ഇമാം ഗസ്സാലി, ഇമാം ശാഫിഈ, ഇമാം നവവി എന്നീ പണ്ഡിത•ാരോട് പ്രത്യേകമായൊരു ആഭിമുഖ്യം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.
മനോഹരമായ പ്രഭാഷണങ്ങളായിരുന്നു സഈദ് റമളാന്റേത്. സാഹിത്യ ശോഭയുള്ള വാക്കുകളെ അദ്ദേഹം സൂക്ഷ്മമായി ഉപയോഗിച്ചു. ഡമസ്കസിലെ പ്രധാന പള്ളികളില്‍ ആഴ്ചയിലൊരിക്കലോ രണ്ടുതവണയോ ആയി നടക്കുന്ന സഈദ് റമളാന്റെ വൈജ്ഞാനിക വാഗ്ധോരണികള്‍ കേള്‍ക്കാന്‍ ആയിരങ്ങള്‍ ഒരുമിച്ചു കൂടുമായിരുന്നു. ശ്രോതാക്കളില്‍ പലരുടെയും കൈകളില്‍ കുറിപ്പെഴുതാനുള്ള പേപ്പറുകള്‍ കാണാം. മിക്കപ്പോഴും കണ്ണീരൊലിപ്പിച്ചു കൊണ്ടുള്ള റമളാന്റെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയോടെയാണ് പ്രഭാഷണ സദസ്സുകള്‍ പിരിഞ്ഞിരുന്നത്. അറബി ഭാഷയെ അദ്ദേഹം അഗാധമായി സ്നേഹിച്ചു. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ അറബിയുടെ പ്രാധാന്യം കുറയ്ക്കാന്‍ യുനസ്കോ ശ്രമം നടത്തിയപ്പോള്‍ ‘നവഅധിനിവേശ കുതന്ത്രം’ എന്നു പറഞ്ഞാണ് റമളാന്‍ ആ പ്രക്രിയയെ വിമര്‍ശിച്ചത്. നൂറു കണക്കിന് യൂണിവേഴ്സിറ്റികളില്‍ അദ്ദേഹം പ്രഭാഷണം നടത്തിയിട്ടുണ്ട്.

      അന്താരാഷ്ട്ര മുസ്ലിം സമ്മേളനങ്ങളില്‍ സിറിയയില്‍ നിന്നു സ്ഥിരം ക്ഷണിതാവായിരുന്നു റമളാന്‍. വിശ്വാസ ശാസ്ത്രം, ഇമാം നവവിയുടെ റിയാളുസ്വാലിഹീന്‍ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ പ്രസിദ്ധമാണ്.
1949ല്‍ ഇരുപതാം വയസ്സില്‍ എഴുത്താരംഭിച്ച സഈദ് റമളാന്‍ അറുപതിലധികം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശ്വാസ ശാസ്ത്രം, കര്‍മ്മശാസ്ത്രം, തത്വചിന്ത, ഖുര്‍ആന്‍ വ്യാഖ്യാനം, പ്രവാചക ചരിത്രം, അധ്യാത്മികം, ഉപദേശങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് അധികം ഗ്രന്ഥങ്ങളും വ്യാപരിക്കുന്നത്. സിറിയയില്‍ നിന്നു പുറത്തിറക്കുന്ന, ത്വബീബാക് മെഡിക്കല്‍ മാഗസിനില്‍ 1991 ജനുവരി മുതല്‍ വിവിധ വിഷയങ്ങളെ പരാമര്‍ശിക്കുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയിരുന്നു. സ്വവര്‍ഗ ലൈംഗികത, ദയാവധം, ഗര്‍ഭഛിദ്രം തുടങ്ങിയ സങ്കീര്‍ണമായ പല ആധുനിക പ്രശ്നങ്ങളുടെയും മതവിധി ഈ കോളത്തില്‍ വിശദമായി തന്നെ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അതോടൊപ്പം, ‘അല്‍ ഇജ്തിഹാദ്’ പോലുള്ള അറേബ്യന്‍ മാഗസിനുകളില്‍ സ്ഥിരമായി ലേഖനങ്ങളും എഴുതിയിരുന്നു.

    1990കള്‍ മുതല്‍ ഡമസ്കസിലെ അല്‍ ഈമാന്‍, ബനൂ ഉമയ്യ മസ്ജിദുകളില്‍ ആഴ്ചതോറും സഈദ് റമളാന്‍ നടത്തിയിരുന്ന പ്രഭാഷണങ്ങള്‍ നാഷണല്‍ ടി വി, ഇഖ്റ, രിസാല തുടങ്ങിയ ചാനലുകളിലൂടെ സ്ഥിരമായി സംപ്രേക്ഷണം ചെയ്തിരുന്നു. അവസാന നാള്‍വരെ ഡമസ്കസ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജ്ഞാനം പകര്‍ന്നു നല്‍കി. ഒക്സ്ഫോഡ് യൂണിവേഴ്സിറ്റിയിലെ ഉന്നത വിദ്യാഭ്യാസ ബോര്‍ഡിലും റോയല്‍ സൊസൈറ്റി ഓഫ് ഇസ്ലാമിക് സിവിലൈസേഷന്‍ റിസേര്‍ച്ചിലും അംഗമായിരുന്നു.

ഇസ്ലാമും പടിഞ്ഞാറും
ആധുനിക ഇസ്ലാമിക സമൂഹത്തിന്റെ ചലനങ്ങള്‍ സഈദ് റമളാന്‍ കൃത്യമായി നിരീക്ഷിച്ചിരുന്നു. വ്യാവസായിക വിപ്ളവത്തിന്റെ ഫലമായി പടിഞ്ഞാറ് ഉണ്ടായ ഉത്ഥാനവും ഏതാണ്ടതേ കാലങ്ങളില്‍ മുസ്ലിം ദേശങ്ങളില്‍ സംഭവിച്ച പിന്നാക്കാവസ്ഥയും സംബന്ധിച്ച് ശ്രദ്ധേയമായ ചില നിഗമനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. മുസ്ലിം സമൂഹത്തിന്റെ ധൈഷണികവും രാഷ്ട്രീയവുമായ വീഴ്ചക്ക് കാരണം പടിഞ്ഞാറിനെ അന്ധമായി അനുകരിച്ചതാണ്. ക്രൈസ്തവ ചര്‍ച്ചുകളുടെ മതാധിപത്യത്തിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും ഫലമായി പാശ്ചാത്യലോകത്ത്, യുക്തിയിലധിഷ്ഠിതമായ ബോധരൂപീകരണം നടക്കുകയും ഭൌതിക വാദത്തിലേക്ക് (ങലലൃേശമഹശാ) വന്‍തോതില്‍ ജനങ്ങള്‍ ആകൃഷ്ടരാവുകയും ചെയ്തു. അതോടൊപ്പം യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ ആഫ്രോ-ഏഷ്യന്‍ രാഷ്ട്രങ്ങളില്‍ അധിനിവേശം നടത്തുകയും അവിടുത്തെ വിഭവവും സമ്പത്തും അന്യായമായി കടത്തിക്കൊണ്ടു പോവുകയും ചെയ്തു. തുടര്‍ന്ന് പടിഞ്ഞാറ് ഉണ്ടായ വ്യാവസായിക വിപ്ളവം ഭൌതിക വികാസത്തിലും ജീവിത നിലവാരത്തിലും യൂറോപ്യരെ ഏറെ ഉയര്‍ത്തി. ക്രമേണ മതവിരുദ്ധതയിലേക്കും നാസ്തികതയിലേക്കുമാണ് യൂറോപ്യന്‍ ജനതയെ ഈ വികാസം കൊണ്ടെത്തിച്ചത്. പല മുസ്ലിം ഭരണകൂടങ്ങളെയും പൊതുജനങ്ങളെയും യൂറോപ്പിന്റെ ഈ ഉയിര്‍പ്പ് സ്വാധീനിച്ചു. മതത്തിന്റെ പ്രാധാന്യം കുറഞ്ഞ് വരികയാണെന്നും യൂറോപ്പ്യന്‍ മാതൃകയെ പിന്‍തുടര്‍ന്നാലേ സുഖദമായ ജീവിതം സാധ്യമാവുകയുള്ളൂ എന്നുമുള്ള ബോധം അവരില്‍ ശക്തമായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശങ്ങളില്‍ മുസ്ലിം രാഷ്ട്രങ്ങളില്‍ പലയിടത്തും മതേതരവത്കരണ ശ്രമങ്ങള്‍ നടന്നത് ഇതേ തുടര്‍ന്നാണെന്ന് റമളാന്‍ നിരീക്ഷിക്കുന്നു.
എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും വാഴ്ത്തപ്പെട്ട യൂറോപ്യന്‍ മാതൃക സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ എന്തെല്ലമായിരുന്നുവെന്ന് സഈദ് റമളാന്‍ വരച്ചിടുന്നു. “സാംസ്കാരിക ശൈഥില്യം, കുടുംബങ്ങളുടെ തകര്‍ച്ച, ലഹരി ഉപയോഗം വഴി സൃഷ്ടിക്കപ്പെടുന്ന ആരോഗ്യപരവും നൈതികവുമായ പ്രശ്നങ്ങള്‍, കുത്തഴിഞ്ഞ ലൈംഗിക അരാജകത്വത്തിലൂടെ വ്യാപകമായ രതിജന്യരോഗങ്ങള്‍ എന്നിവയെല്ലാം പടിഞ്ഞാറന്‍ ജനതയുടെ സ്വൈരം കെടുത്തിയിരിക്കുന്നു ഇന്ന്.”

    ഈ വസ്തുതകള്‍ ചൂണ്ടിക്കാട്ടി പടിഞ്ഞാറിനെപ്പോലെ ‘വികസിക്കാന്‍’ തിടുക്കം കൂട്ടിയ ഇസ്ലാമിക മോഡേണിസ്റുകളോടും നാമമാത്രമായി മതത്തെ പിന്തുടര്‍ന്നവരോടും റമളാന്‍ ചോദിക്കുന്നു : “യൂറോപ്പിലേക്ക് കണ്ണും നട്ടിരുന്നവര്‍ മിഥ്യാ പ്രഭയില്‍ അടങ്ങിയിരുന്ന ശൂന്യതയുടെ ആഴം കണ്ട് അമ്പരക്കുന്നു മതത്തെ ശരീരത്തില്‍ നിന്നും മനസ്സില്‍ നിന്നും പറിച്ചു മാറ്റിയതിന്റെ ദോഷങ്ങള്‍ ഓരോ പടിഞ്ഞാറുകാരനും അനുഭവിക്കുകയാണ്.” പുതിയ ലോകത്ത് മതം, വിശേഷിച്ചും ഇസ്ലാം കൂടുതല്‍ കരുത്താര്‍ജിക്കുകയാണെന്ന് അദ്ദേഹം പ്രഭാഷണങ്ങളില്‍ എപ്പോഴും പറയുമായിരുന്നു.
പടിഞ്ഞാറും ഇസ്ലാമും തമ്മില്‍ പോരടിക്കാതെ ഗുണാത്മകമായ പാരസ്പര്യവും സഹകരണവും നിലനിര്‍ത്തണമെന്ന് റമളാന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സംഘര്‍ഷങ്ങള്‍ മനസ്സുകളെ അകറ്റുന്നു. മാനവികരെന്ന നിലയില്‍ പരസ്പരം ഒരുമിക്കുന്നത് സമാധാനവും ശാന്തിയും വിടരുന്ന സുഗമമായ ജീവിതത്തിന് അനിവാര്യമാണ്. പടിഞ്ഞാറിനെ അന്ധമായി അനുകരിക്കാതെ, അവരുടെ നല്ല വശങ്ങള്‍ മുസ്ലിംകള്‍ ഉള്‍ക്കൊള്ളണം. അതോടൊപ്പം മുസ്ലിംകളെ വെറുപ്പിന്റെയും ശത്രുതയുടെയും മുദ്രനല്‍കി അരികുവത്കരിക്കാതെ വിശാലമായ മനസ്സോടെ സ്വീകരിക്കാന്‍ പടിഞ്ഞാറും തയ്യാറാവേണ്ടതുണ്ട്.
(തുടരും)
1. അറബിയിലെ റമളാന്‍ എന്ന പദത്തിലെ ‘ള’ക്ക് സമാനമായ സ്വരം നല്‍കുന്ന അക്ഷരമില്ലാത്തതിനാല്‍ ഇംഗ്ളീഷില്‍ ഞമാമറമി എന്നാണ് ഉപയോഗിച്ചു കാണുന്നത്.
2. ജ•നാടായ ബൂട്ടാനിനെ സൂചിപ്പിച്ചാണ് പില്‍ക്കാലത്ത് ‘ബൂത്വി’ എന്ന പേരില്‍ സഈദ് റമളാന്‍ പ്രശസ്തനായത്.
3. തുര്‍ക്കി, ഇറാന്‍, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിലായി ജീവിച്ചിരുന്ന വിഭാഗമാണ് കുര്‍ദുകള്‍. കുര്‍ദിഷ് ഭാഷയിലാണ് ഇവരുടെ വിനിമയം. തുര്‍ക്കിയുടെ ജനസംഖ്യയില്‍ പതിനെട്ട് ശതമാനവും കുര്‍ദുകളാണ്. അതില്‍ ഭൂരിഭാഗവും സുന്നികളും ശാഫിഈ അശ്അരി സരണി പിന്തുടരുന്നവരുമാണ്.

You must be logged in to post a comment Login