ശൈഖ് ബൂത്വി; ദയാദാക്ഷിണ്യങ്ങള്‍ക്ക് കൈനീട്ടാതെ

Boothwi

അറിവും സൂക്ഷ്മതയും വിരക്തിയും ദൈവസ്നേഹവും നിറഞ്ഞ ഹൃദയവും ഭയഭക്തിയാല്‍ നിറഞ്ഞ കണ്ണുകളുമാണ് എനിക്ക് ശൈഖ് ബൂത്വിയില്‍ കാണാനായിട്ടുള്ളത്. ലോകം അദ്ദേഹത്തിനു മുമ്പില്‍ പലതും വച്ചുനീട്ടിയെങ്കിലും അതെല്ലാം നിരസിച്ച അദ്ദേഹം ചെറിയൊരു വീടും അത്യാവശ്യ ഉപജീനോപാധികളും കൊണ്ടു തൃപ്തനായി’. 

ഒമിദ് സാഫി*

     സിറിയയിലെ ഏറ്റവും മുതിര്‍ന്ന ഇസ്ലാമിക പണ്ഡിതന്‍ ശൈഖ് മുഹമ്മദ് സഈദ് റമളാന്‍ അല്‍ ബൂത്വി ഇക്കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിയൊന്നിന് ഡമാസ്കസിലുണ്ടായ വന്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെടുകയുണ്ടായി. പള്ളിയില്‍ ആളുകള്‍ക്ക് മതനിര്‍ദേശങ്ങള്‍ നല്കുന്ന വേളയിലാണ് ശൈഖ് ബൂത്വിയും അനുയായികളും സ്ഫോടനത്തിനിരയായത്. ഒട്ടനവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തു. മിതവാദിയെന്ന നിലയില്‍ വിഖ്യാതനായ സമുന്നത പണ്ഡിതനായിരുന്നു ശൈഖ് ബൂത്വി. കൃത്യമായ അടിത്തറകളിലൂന്നിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ധൈഷണിക നിലപാടുകള്‍ ഒരു ഭാഗത്ത് കമ്യൂണിസ്റ്റുകളെയും യുക്തിവാദികളെയും മറുഭാഗത്ത് സലഫീ മുസ്ലിം വിഭാഗങ്ങളെയും ഒരുപോലെ ചൊടിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രാമുഖ്യവും പ്രാധാന്യവും വ്യക്തമാക്കിക്കൊണ്ടുള്ള ഒരു ജീവചരിത്ര ഗ്രന്ഥവും വിരചിതമായിട്ടുണ്ട്.

  അറുപതിലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട് ശൈഖ് ബൂത്വി. “ഖുര്‍ആനും പ്രവാചക ചര്യയും വ്യാഖ്യാനിച്ച് ഏതൊരാള്‍ക്കും ഇസ്ലാമിക നിയമ-നിലപാടുകള്‍ നിര്‍ധാരണം ചെയ്തെടുക്കാമെന്ന സലഫീ ചിന്താധാരയുടെ പൊതുസമീപനത്തെ ശക്തമായി എതിര്‍ത്ത അദ്ദേഹം ക്ളാസിക്കല്‍ മദ്ഹബുകളുടെ ഭൂമികയിലൂന്നി നിന്ന് ഇസ്ലാമിക ചിന്താ നിലവാരം ഉയര്‍ത്തേണ്ടത് അനിവാര്യമാണെന്ന വീക്ഷണത്തെ അതിശക്തമായി അനുകൂലിച്ചു.
ശൈഖ് ബൂത്വിയുടെ ജീവന്‍ കവര്‍ന്ന ബോംബ് സ്ഫോടനത്തില്‍ അദ്ദേഹത്തിന്റെ ചെറുമകന്‍ അഹ്മദ് ഉള്‍പ്പെടെ നാല്‍പത്തി രണ്ടു പേര്‍ക്ക് ജീവഹാനിയുണ്ടായി. ഇതുവരെ എഴുപതിനായിരത്തോളം മനുഷ്യജീവന്‍ കവര്‍ന്ന സിറിയന്‍ സംഘര്‍ഷങ്ങള്‍ക്ക് ഇനിയും അറുതിയായിട്ടില്ല.

   സിറിയന്‍ പ്രശ്നത്തില്‍ ഇരു പക്ഷത്തുമായി ഒട്ടേറെ രാജ്യങ്ങള്‍ അണി നിരന്നിട്ടുണ്ട്. ഇറാനും റഷ്യയും ബശ്ശാറുല്‍ അസദിന്റെ ഭരണകൂടത്തെ പിന്‍തുണക്കുമ്പോള്‍, അമേരിക്കയും സൌദി അറേബ്യയും മറ്റു ഗള്‍ഫ് രാജ്യങ്ങളും ‘സിറിയന്‍ ദേശീയ സഖ്യത്തെ’യാണ് പിന്‍താങ്ങുന്നത്. സിവിലിയന്‍മാര്‍ക്കു നേരെ രാസായുധങ്ങള്‍ വരെ ഉപയോഗിച്ചു നടത്തുന്ന മനുഷ്യക്കശാപ്പിന്റെ പേരില്‍ ഇരുപക്ഷവും പരസ്പരം പഴിചാരുന്നുണ്ട്. ശൈഖ് ബൂത്വിയുടെ കൊലപാതകത്തെ ബശ്ശാറുല്‍ അസദും പ്രതിപക്ഷവും ഒരുപോലെ അപലപിക്കുകയുണ്ടായി. ബശ്ശാറുല്‍ അസദിനനുകൂലമായ നിലപാടില്‍നിന്നു ശൈഖ് ബൂത്വി മാറാനിരിക്കുകയായിരുന്നെന്നും അതാണ് അദ്ദേഹത്തിന്റെ ദാരുണ മരണത്തിന് ഹേതുവായതെന്നും അദ്ദേഹത്തോടടുത്ത ചില വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ മകള്‍ അങ്ങനെയൊരു സാധ്യതയെ നിരാകരിക്കുന്നു. …”എന്റെ പിതാവിന്റെ നിലപാട് വളരെ വ്യക്തമായിരുന്നു. വിശ്വാസത്തിലും ഇസ്ലാമിക പ്രമാണങ്ങളിലുമൂന്നിയുള്ളവയായിരുന്നു ആ നിലപാടുകള്‍. ജനങ്ങള്‍ ഭരണാധികാരികളോട് അനുസരണക്കേടു കാണിക്കാന്‍ പാടില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. അത് കൂടുതല്‍ സ്പര്‍ദ്ധയിലേക്കും അക്രമ പരമ്പരയിലേക്കും നയിക്കുമെന്നതായിരുന്നു അദ്ദേഹത്തിന്റെ ന്യായം”.

   അതെന്തോ ആവട്ടെ, അഗ്രസ്ഥാനീയനായ ഒരു പണ്ഡിതനെന്ന നിലയിലും ആധുനിക ഇസ്ലാമിലെ വര്‍ത്തമാന സാഹചര്യങ്ങളെ സ്പര്‍ശിക്കുന്നുവെന്ന നിലയിലും ശൈഖ് സഈദ് റമളാന്‍ ബൂത്വിയുടെ കൊലപാതകത്തിന് വലിയ പ്രാധാന്യമുണ്ട്. അറബ് -ഇംഗ്ളീഷ് മാധ്യമങ്ങളില്‍ ചൂടേറിയ സംവാദങ്ങള്‍ക്ക് തിരി കൊളുത്തുകയുണ്ടായി അദ്ദേഹത്തിന്റെ മരണം. സിറിയന്‍ പ്രതിപക്ഷത്തിന് അധികാരത്തിലേറാന്‍ ധാര്‍മ്മികാവകാശമില്ലെന്നും, അതേ സമയം അസദ് ഭരണകൂടത്തിന്റെ നിയമസാധുത നഷ്ടമായിരിക്കുന്നുവെന്നുമുള്ള വസ്തുതകള്‍ക്ക് അടിവരയിടുന്നുണ്ട് ശൈഖിന്റെ കൊലപാതകമെന്നാണ് അനുയായികളുടെ പക്ഷം.

   ശൈഖ് ബൂത്വിയെപ്പോലെ സ്നേഹാദരണീയനായ ഒരു പണ്ഡിതന്‍ ഇവ്വിധം നിഷ്ഠൂരമായി കൊലചെയ്യപ്പെടാമെങ്കില്‍ പിന്നെ സിറിയയിലെ സാധാരണ മനുഷ്യരുടെ സ്ഥിതിയെന്താണ്? രാജ്യത്തെ പൈശാചികമായ അതിക്രമങ്ങള്‍ രണ്ടു വര്‍ഷം പിന്നിടുമ്പോഴും ശൈഖ് ബൂത്വി അസദിന് പൂര്‍ണ പിന്തുണ നല്കിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ദശകങ്ങളോളം ആദരിക്കപ്പെട്ട അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെയും ഭക്തിയെയുമെല്ലാം നിഷ്പ്രഭമാക്കിക്കളഞ്ഞിട്ടുണ്ട് ആ നിലപാടെന്നും അവര്‍ പറയുന്നു. തന്നെയുമല്ല, സിറിയയില്‍ എഴുപതിനായിരത്തോളം മനുഷ്യര്‍ കൂട്ടക്കുരുതിക്കിരയായിട്ടും ഒരു പരിഹാര ശ്രമവും നടക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഒരു നേതാവിന്റെ കൊലപാതകത്തില്‍ മാത്രം ഇത്ര ദുഃഖവും ഖേദവുമെന്തിന് എന്ന ചോദ്യവും അവരുന്നയിക്കുന്നു.

   ദുഃഖകരമായ ഈ സാഹചര്യത്തെക്കുറിച്ച് ഈയുള്ളവനും ആലോചിച്ചിരുന്നു. രണ്ടു ചിന്തകളിലൂടെയാണ് ഞാന്‍ കടന്നു പോയത് – ഒന്നാമതായി, ബശ്ശാറുല്‍ അസദിനെ വിമര്‍ശിക്കാന്‍ തയ്യാറാവാതിരുന്ന രാഷ്ട്രീയ നിലപാടില്‍ നമുക്കെന്തു തോന്നുന്നു എന്നതിരിക്കട്ടെ, അദ്ദേഹത്തിന്റെ ഭക്തിയുടെയും പാണ്ഡിത്യത്തിന്റെയും ആഴം അനിഷേധ്യമാണ്. അതു വളരെ വ്യക്തമായ സന്ദര്‍ഭങ്ങളിലൊന്നായിരുന്നു 1999ല്‍ മൊറോക്കോ രാജാവിന്റെ മുമ്പില്‍ നടത്തിയ പ്രഭാഷണം. ‘അറബ്-ഇസ്ലാമിക ലോകം നേരിടുന്ന സകല പ്രശ്നങ്ങള്‍ക്കുമുള്ള ഏക പരിഹാരം അല്ലാഹുവോടുള്ള സ്നേഹമാകുന്നു’എന്നായിരുന്നു ബൂത്വിയുടെ പ്രഭാഷണത്തിന്റെ തലവാചകം. മുസ്ലിംകള്‍ക്കിടയിലെ അനൈക്യത്തിന്റെ കാരണങ്ങളെക്കുറിച്ച് ആ പ്രഭാഷണത്തിലദ്ദേഹം വാചാലമാവുകയുണ്ടായി. രാഷ്ട്രീയവും സാമ്പത്തികവുമായ ഘടകങ്ങളെ നിരാകരിക്കാതെതന്നെ, പ്രശ്നത്തിന്റെ മൂല കാരണം ആത്മാര്‍ത്ഥവും പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തവുമായ സ്നേഹത്തിന്റെ അഭാവമാണെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന സങ്കീര്‍ണമായ പ്രശ്നങ്ങളും ദൈവസ്നേഹവും തമ്മിലെ ബന്ധത്തെക്കുറിച്ച് നമുക്ക് ആശ്ചര്യം തോന്നാം. എന്തെല്ലാം പ്രശ്നങ്ങള്‍ മുസ്ലിംകള്‍ക്കിടയിലുണ്ടോ അവയുടെയെല്ലാം മുഖ്യ കാരണം അവര്‍ക്കിടയിലെ അനൈക്യമാണെന്ന് ഏതൊരാളും സമ്മതിക്കും. സമൃദ്ധിക്കു പിറകെ ദാരിദ്യ്രവും, ശക്തിക്കു പിറകെ ക്ഷയവും, അന്തസ്സിനു ശേഷം അധഃപതനവും ഔന്നത്യത്തിനു പിറകെ പിന്നാക്കാവസ്ഥയുമെല്ലാം വന്നണയാന്‍ അതു കാരണമായി. പക്ഷേ, അത്തരം ഭിന്നതകളും അനൈക്യവും മുസ്ലിം ലോകത്ത് വളര്‍ന്നു വരാനും വേരു പിടിക്കാനും നാശം വിതക്കാനും മുസ്ലിം ലോകം അനുവദിച്ചത് എന്തു കൊണ്ടായിരുന്നു?

   തൃപ്തികരമായൊരു ഉത്തരം കണ്ടെത്താന്‍ ഞാന്‍ ദീര്‍ഘ കാലം ചിന്തിച്ചിട്ടുണ്ട്. ഒടുവില്‍, നമുക്കിടയിലെ അനൈക്യത്തിനും ഭിന്നതക്കും സ്നേഹം വറ്റി അകം ശൂന്യമായിപ്പോയ നമ്മുടെ ഹൃദയവുമായി ബന്ധമുണ്ടെന്ന തീര്‍പ്പിലാണ് ഞാനുമെത്തിയത്. നാം ബോധപൂര്‍വം നമ്മുടെ ഹൃദയത്തില്‍നിന്നും അല്ലാഹുവോടുള്ള സ്നേഹമൊഴിവാക്കി ദുനിയാവിനോടുള്ള മോഹവും കാമവും നിറച്ചിരിക്കുന്നു. ജീവിതത്തിന്റെ സകല തലങ്ങളിലും അഹംഭാവികളും സ്വാര്‍ത്ഥരും, സുഖാസക്തരുമായി മാറിയ നാം യഥാര്‍ത്ഥ സ്നേഹത്തെ കയ്യൊഴിഞ്ഞ് ഹീനമായ കലഹങ്ങളിലും കലാപങ്ങളിലും മുഴുകിയിരിക്കുന്നു. ത്യാഗ മനസ്ക്കതയും പരോപകാരശീലവും സ്വയമുപേക്ഷിച്ച് നാം തികഞ്ഞ സ്വാര്‍ത്ഥരും ദ്രോഹബുദ്ധികളുമായിത്തീര്‍ന്നിരിക്കുന്നു.

    ശൈഖ് ബൂത്വിയെക്കുറിച്ചുള്ള ഹൃദയ സ്പര്‍ശിയായ വിവരണങ്ങള്‍ അദ്ദേഹത്തിന്റെ പല സുഹൃത്തുക്കളില്‍നിന്നും കേള്‍ക്കാം. പഠനാവശ്യാര്‍ത്ഥം സിറിയയിലെത്തി ശൈഖ് ബൂത്വിയെ പരിചയപ്പെട്ട ഒരു അമേരിക്കന്‍ മുസ്ലിം പരലോകത്ത് തനിക്ക് ഗുണം ചെയ്യുന്ന ഒരു ഉപദേശം നല്കാന്‍ അദ്ദേഹത്തോടഭ്യര്‍ത്ഥിച്ച അനുഭവം ഓര്‍ത്തെടുക്കുന്നു- “ഓരോ ദിവസവും തലേ ദിവസത്തെക്കാള്‍ മെച്ചപ്പെട്ടതാക്കുക”എന്നതായിരുന്നു ആ വന്ദ്യ പണ്ഡിതന്‍ നല്കിയ ഉപദേശം.

  ലോക മുസ്ലിം പണ്ഡിതരിലെ മുന്‍ നിരക്കാരിലൊരാളായ ഹബീബ്അലി അല്‍ ജിഫ്രിയുടെ അനുസ്മരണ വാചകങ്ങളിങ്ങിനെ: “ഉദാത്ത മൂല്യങ്ങള്‍ക്ക് വിലമതിക്കുന്നവര്‍ക്ക് ഈ മഹാ ജ്ഞാന പര്‍വ്വതത്തിന്റെ വിയോഗത്തില്‍ മനം തകര്‍ന്നിരിക്കുന്നു. ലോകത്തിന്റെ കുത്തൊഴുക്കില്‍നിന്നു മാറി അദ്ദേഹം തന്റെ ജീവിതം മുഴുക്കെ രചനകള്‍ക്കും പ്രഭാഷണങ്ങള്‍ക്കും അധ്യാപനത്തിനുമായി ഉഴിഞ്ഞു വച്ചു. ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളും രോഷപ്രകടനങ്ങളും വകവെക്കാതെ തന്റെ ബോധ്യങ്ങള്‍ അദ്ദേഹം ഉറക്കെ പ്പറഞ്ഞു. അറിവും സൂക്ഷ്മതയും വിരക്തിയും ദൈവസ്നേഹവും നിറഞ്ഞ ഹൃദയവും ഭയഭക്തിയാല്‍ നിറഞ്ഞ കണ്ണുകളുമാണ് എനിക്ക് ശൈഖ് ബൂത്വിയില്‍ കാണാനായിട്ടുള്ളത്. ലോകം അദ്ദേഹത്തിനു മുമ്പില്‍ പലതും വച്ചുനീട്ടിയെങ്കിലും അതെല്ലാം നിരസിച്ച അദ്ദേഹം ചെറിയൊരു വീടും അത്യാവശ്യ ഉപജീനോപാധികളും കൊണ്ടു തൃപ്തനായി”
ശൈഖ് ബൂത്വിയെക്കുറിച്ചുള്ള സന്തുലിതമായ മറ്റൊരു നിരീക്ഷണം ശൈഖ് ഫറാസ് റബ്ബാനിയുടേതാണ്: “ശൈഖ് ബൂതിയുടെ നിലപാടുകളില്‍ നാം ശരികേടു കണ്ടേക്കാം; പക്ഷേ, തന്റെ ധൈഷണിക ജീവിതത്തിലുടനീളം തത്വാധിഷ്ഠിതമായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്‍. ഭരണകൂടത്തിനെതിരായ കലാപം ഗുണത്തിലുപരി ദോഷം ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. സ്ഥായിയായ അസ്ഥിരതയിലേക്കും , ഫിത്നകളിലേക്കും വംശീയ സംഘര്‍ഷങ്ങളിലേക്കുമെല്ലാം അതു നയിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. അദ്ദേഹം ഒരു പക്ഷേ, ചരിത്രത്തിന്റെ തെറ്റായ പക്ഷത്തായിരിക്കാം. എന്നാല്‍, അദ്ദേഹത്തിന്റെ നിലപാടുകള്‍ ഭൌതിക നേട്ടങ്ങള്‍ക്കോ താല്‍പര്യങ്ങള്‍ക്കോ വേണ്ടിയുള്ളതായിരുന്നില്ല. റസൂല്‍ (സ്വ)യുടെ സ്വഹാബത്തിന്റെ കാലം തൊട്ടേ പരസ്പര ബഹുമാനത്തോടെയും മാന്യതയോടെയുമുള്ള തത്വാധിഷ്ഠിത വിയോജിപ്പിന്റെ ഉദാത്ത വഴികള്‍ നമുക്കറിയാം. സത്യത്തോട് ഉല്‍ക്കടമായ വാഞ്ഛയുണ്ടാവുക. പക്ഷേ, യുക്തിപൂര്‍വം, ക്ഷമയോടെയും പരസ്പര ബഹുമാനത്തോടെയും, റസൂല്‍(സ്വ) കാണിച്ചുതന്ന വഴിയിലൂടെ വേണം സത്യത്തെ പിന്‍പറ്റാന്‍”. (ശൈഖ് ഫറാസ് റബ്ബാനി).

    അതേ സമയം, ശൈഖ് ബൂത്വിയുടെ രാഷ്ട്രീയമായ ഹ്രസ്വദൃഷ്ടിയും അബ്ദ്ധങ്ങളും മറിച്ചുവെക്കുന്നതിലര്‍ത്ഥമില്ല. സ്വന്തം ജനതക്കെതിരെ വംശഹത്യ എന്നു വിശേഷിപ്പിക്കാവും വിധം ഹീനവും വ്യാപകവുമായ ആക്രമണങ്ങള്‍ നടത്തുന്ന ബശ്ശാറുല്‍ അസദിനെ രണ്ടുവര്‍ഷങ്ങള്‍ പിന്നിട്ട ശേഷവും ബൂത്വി അനുകൂലിച്ചു. എന്നു മാത്രമല്ല, അസദിന്റെ സേനയെ അദ്ദേഹം സ്വഹാബികളോടുപോലും ഉപമിച്ചു. സര്‍വ്വോപരി, ഡമാസ്ക്കസിലെ പാവനമായ ഉമയ്യദ് മസ്ജിദിന്റെ പ്രസംഗ പീഠത്തില്‍ നിന്നുകൊണ്ട് അദ്ദേഹം അസദിനെ പിന്‍തുണക്കാന്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു. “നീതിമാനാവട്ടെ, അധര്‍മ്മിയാവട്ടെ, ഭരണാധികാരിക്കൊപ്പം നിന്ന് ജിഹാദ് ചെയ്യല്‍ നിങ്ങളുടെ മേല്‍ ബാധ്യതയാണ്” എന്നാണദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തത്.

   ശൈഖ് ബൂത്വിയുടെ ജീവിതം നമുക്കു മുന്നില്‍ ബാക്കിയാക്കുന്ന ദുഃഖകരമായൊരു പാഠവും ഇതുതന്നെയാകുന്നു. വിശ്വാസ വിശുദ്ധിയില്‍ മാതൃകയാവുന്ന ഒരാളില്‍തന്നെ രാഷ്ട്രീയാബദ്ധങ്ങളുടെ അഴുക്കു പുരളുന്ന വേളയില്‍ നമുക്കദ്ദേഹത്തോടെങ്ങനെ യോജിച്ചു നില്‍ക്കാനാവും? മുമ്പ് ഈജിപ്തിലെ അറബ് വസന്തകാലത്തും ഈയൊരു പ്രവണത നാം കണ്ടതാണ്. അന്ന് അല്‍ അസ്ഹറിലെ തികഞ്ഞ ഭക്തരായ മഹാ പണ്ഡിതര്‍ വിപ്ളവത്തിനെതിരായിട്ടായിരുന്നു ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

   രക്തസാക്ഷിയായ ഒരു മഹാ പണ്ഡിതനോട് വിയോജിക്കുന്നതില്‍ വേദനയുണ്ടെങ്കിലും പറയട്ടെ, “ക്രമവും” “സ്ഥിരതയും” മാത്രമല്ല ഇസ്ലാമിക മൂല്യങ്ങള്‍. നീതി കൂടി ഇസ്ലാമിന്റെ മൂല്യമാണ്. ഇസ്ലാം നമ്മെ പഠിപ്പിക്കുംപോലെ, “വിശ്വാസ വഞ്ചകരുണ്ടെങ്കിലും രാജ്യം നിലനില്ക്കും. പക്ഷേ, ഏകാധിപത്യത്തെ സഹിക്കാന്‍ അതിനാവില്ല” . ബൈബിളിലുമുണ്ട് തതുല്യമായ പാഠങ്ങള്‍. “നീതിയെ മാത്രം പിന്‍പറ്റുക. എങ്കിലേ നിങ്ങള്‍ക്ക് ജീവിതമുള്ളൂ”( ബൈബിള്‍). ചുരുക്കത്തില്‍, രക്തദാഹികളായ സ്വേച്ഛാധിപതികള്‍ക്കു കീഴീലാണെങ്കിലും സമൂഹത്തില്‍ സ്ഥിരതയും ക്രമവുമുണ്ടാവുന്നതിനെ കണ്ണടച്ച് അനുകൂലിക്കുന്ന ഭക്തരായ പണ്ഡിതരെയാണ് ബൂത്വി പ്രതീകവല്ക്കരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ ദാരുണാന്ത്യം , ഭക്തിസാന്ദ്രമായ അസംബന്ധങ്ങളും വിശുദ്ധ ഭാവത്തിലുള്ള ബാലിശനിലപാടുകളും പ്രസംഗിക്കുന്ന മതനേതൃത്വത്തിനെതിരെ ഡോ.കിങ്ങ് നല്‍കിയ മുന്നറിയിപ്പിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.

   സത്യം സംഭവ്യതകളിലൊരിക്കലും മധ്യത്തിലായിരിക്കില്ല; മറിച്ച്, രണ്ടിന്റെയും സമ്മിശ്രമായിരിക്കും. മികച്ച മതപണ്ഡിതരില്‍നിന്നുതന്നെ അബദ്ധ ജഢിലമായ രാഷ്ട്രീയ വിധിതീര്‍പ്പുകളുമുണ്ടാവാം. രാഷ്ട്രീയ വൈശിഷ്ട്യവും വ്യക്തി വിശുദ്ധിയും അവയുടെ പൂര്‍ണാര്‍ത്ഥത്തില്‍ ഒരാളില്‍തന്നെ സമ്മേളിക്കുക എന്നത് അത്യപൂര്‍വ്വമാണ്. മുസ്ലിംകളുടെ എക്കാലത്തേയും ധീര നായകന്‍ സുല്‍ത്വാന്‍ സ്വലാഹുദ്ദീന്റെ ചാരത്തു തന്നെയാണു ശഹീദ് ബൂത്വിയെയും മറമാടിയിരിക്കുന്നത്. അല്ലാഹു അദ്ദേഹത്തിന്റെ വീഴ്ചകള്‍ പൊറുക്കട്ടെ. ഭക്തിയുടെയും വിശുദ്ധിയുടെയും പേരില്‍ അദ്ദേഹം എക്കാലവും ഓര്‍മ്മിക്കപ്പെടും. നീതിക്ക് പ്രചോദകമാവും വിധം ജ്ഞാനതൃഷ്ണയും ദൈവസ്നേഹവുമുള്ള പണ്ഡിതരെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തില്‍ നമുക്കും ഭാഗഭാക്കാവാം. വംശഹത്യ നടത്തുന്ന ദുഷിച്ച സ്വാച്ഛാധിപതികള്‍ക്കും നശിച്ച യുദ്ധങ്ങള്‍ക്കും പകരം കൂടുതല്‍ അര്‍ത്ഥവത്തായ തിരഞ്ഞെടുപ്പുകള്‍ക്കുള്ള അവസരങ്ങള്‍ മനുഷ്യരാശിക്കുണ്ടാവട്ടെ. അതി പുരാതനവും മനോഹരവുമായ ഭൂമിയായിരുന്ന സിറിയക്ക് ഇപ്പോള്‍ അതകപ്പെട്ട നരകത്തില്‍നിന്നു മോചനം സാധ്യമാവട്ടെ..

*അമേരിക്കയിലെ നോര്‍ത്ത് കരോലിന യൂണിവേഴ്സിറ്റി പ്രൊഫസറും പ്രമുഖ എഴുത്തുകാരനുമാണ് ഒമിദ് സാഫി.
(വിവര്‍ത്തനം – വി.ബഷീര്‍)

2 Responses to "ശൈഖ് ബൂത്വി; ദയാദാക്ഷിണ്യങ്ങള്‍ക്ക് കൈനീട്ടാതെ"

 1. MUHAMMED  April 17, 2013 at 12:26 am

  YOU COULD HAVE SELECTED A BETTER ARTILCLE, RISALA

 2. Abdul Shaheed Azhary, Abu Dhab  April 17, 2013 at 6:09 am

  …………………………….എന്നു മാത്രമല്ല, അസദിന്റെ സേനയെ അദ്ദേഹം സ്വഹാബികളോടുപോലും ഉപമിച്ചു.
  സര്‍വ്വോപരി, ഡമാസ്ക്കസിലെ പാവനമായ ഉമയ്യദ് മസ്ജിദിന്റെ പ്രസംഗ പീഠത്തില്‍
  നിന്നുകൊണ്ട് അദ്ദേഹം അസദിനെ പിന്‍തുണക്കാന്‍ ആവര്‍ത്തിച്ച്
  അഭ്യര്‍ത്ഥിച്ചു. “നീതിമാനാവട്ടെ, അധര്‍മ്മിയാവട്ടെ, ഭരണാധികാരിക്കൊപ്പം
  നിന്ന് ജിഹാദ് ചെയ്യല്‍ നിങ്ങളുടെ മേല്‍ ബാധ്യതയാണ്” എന്നാണദ്ദേഹം
  ജനങ്ങളോട് ആഹ്വാനം ചെയ്തത്………………………

  Please it is not appropriate for a Sunni Magazine like risala to publish this kind of articles. I don’t think oppositions’s fault is not less than Bashar. Here comes the point of view from each corner. It is also opened that after- Bashar rule would be more critical. But to comment on Bouty’ stand with such an ‘immoderate way’ is not recommended….
  Any how, he is the most appreciated Shafi-Ash’ari scholar of the recent decades.

You must be logged in to post a comment Login