ആരോഗ്യ രംഗത്തെ മുതലാളിത്ത മുഷ്ക്കുകള്‍

    Medicine

   ആരോഗ്യം നിലനിര്‍ത്തുന്നതിന് ആശുപത്രികളില്‍ മുടങ്ങാതെ വരുന്നുണ്ട് മലയാളികള്‍. പലരുടെയും വീടു തന്നെ ആശുപത്രിയാണ്. എല്ലാ വീട്ടുപകരണങ്ങളും കൊണ്ടവര്‍ ആശുപത്രികളില്‍ ചെന്നുപാര്‍ക്കുകയാണ്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഉള്‍ഗ്രാമങ്ങളില്‍ ഇപ്പോഴും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ പോലും ഇല്ലാതിരിക്കുന്ന അവസ്ഥയിലാണ് മലയാളികളുടെ തള്ളിക്കയറ്റം. പോഷകാഹാരക്കുറവ് കാരണം ഒട്ടേറെ കുഞ്ഞുങ്ങള്‍ മൃതിയടയുന്നിണ്ടിവിടെ.

   പണമുണ്ടെങ്കിലേ ആരോഗ്യമുള്ളൂ എന്ന മൂഢധാരണയിലാണ് ഭൂരിപക്ഷം ആളുകളും. ശുദ്ധജലവും ശുദ്ധവായുവും ശുദ്ധഭക്ഷണവും കിട്ടാന്‍ ഇത്രയേറെ പണം മുടക്കേണ്ട കാര്യമെന്ത്? ശുദ്ധജലത്തിന് നാട്ടിലെ കുടിവെള്ളം ഊറ്റുകയും നദികള്‍ മലിനമാക്കുകയും ചെയ്യുന്ന മുതലാളിത്തമാണുത്തരവാദി. ശുദ്ധവായു നശിപ്പിക്കുന്നത് മാലിന്യപ്പുകയൂതുന്ന കമ്പനികളാണ്. ശുദ്ധഭക്ഷണം നശിപ്പിച്ചതോ രാസവളിമിറക്കി വിളവ് കൂട്ടി കീശ വീര്‍പ്പിക്കുന്ന മുതലാളിമാര്‍. ഇത് മൂന്നും വീണ്ടെടുക്കാനായാല്‍ രോഗമില്ലാതെ ജീവിക്കാം. പക്ഷേ ഇത് മുതലാളിത്തം പറഞ്ഞുതരില്ല. അവര്‍ ആശുപത്രിയില്‍ ചെന്നാല്‍ രോഗം മാറുമെന്ന് പറയും. രോഗം നിര്‍ണയിക്കാന്‍ തന്നെ കോടികള്‍ ചെലവാണിപ്പോള്‍. അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാറിന് കഴിയാത്തത് മന്ത്രിമാരുടെ ചങ്കില്‍ മുതലാളിത്തത്തിന്റെ നഖങ്ങളാഴ്ന്നു നില്‍ക്കുന്നതു കൊണ്ടാണ്. മുതലാളിമാരുടെ ദാക്ഷിണ്യത്തിലാണ് സര്‍ക്കാറുകള്‍ പോലും നാളെണ്ണുന്നത്. ന്യൂനപക്ഷ സര്‍ക്കാറുകള്‍ വീഴാതെ നില്‍ക്കുന്നത്. പാര്‍ട്ടികള്‍ വിരലു വെച്ചിടത്ത് ഒപ്പിടുന്നത്.

   ആതുര സേവന മേഖലയില്‍ ഗവണ്‍മെന്റിന്റെ നിയന്ത്രണങ്ങള്‍ കൈവിടുമ്പോള്‍ ജീവിക്കാന്‍ കൊതിക്കുന്ന പാവപ്പെട്ട രോഗികളുടെ നട്ടെല്ലിലൂടെയാണ് വിറ പായുന്നത്. ഇത്രയേറെ രോഗികളെ കാര്‍ന്നു തിന്നിട്ടും മുതലാളിമാര്‍ക്ക് പണം തികയുന്നില്ല. ആശുപത്രി സ്റാഫിനാണെങ്കിലോ തുഛ ശമ്പളവും. ഇങ്ങോട്ട് വാരുന്ന മിടുക്ക് അങ്ങോട്ട് കൊടുക്കാനില്ല. ഈ ആശുപത്രികളിലെ നഴ്സുമാരുടെ കരളലിയിക്കുന്ന കഥകള്‍ ഒരു ഭരണാധികാരിയെയും ഞെട്ടിക്കാതിരിക്കുന്നതും ഒരു കോടതിയെയും അലട്ടാതിരിക്കുന്നതും ഒരു സംസ്കാരിക നായകനെയും വിരട്ടാതിരിക്കുന്നതും മുതലാളിമാരുടെ പണത്തിന്റെ കോച്ചിപ്പിടുത്തം കൊണ്ടു തന്നെയാണ്.

റാഷിദ് തരുവണ
(കേരള. ഗവ. സ്റുഡന്റ്സ് നഴ്സസ് അസോസിയേഷന്‍ സെക്രട്ടറി)

You must be logged in to post a comment Login