ബൂത്വി; ഒഴുക്കിനെതിരായ ആര്‍ജവം

n nപടിഞ്ഞാറന്‍ നാടുകളില്‍ പുതുതായി നേതൃത്വത്തില്‍ വരുന്ന രാഷ്ട്രീയ നേതാക്കള്‍ ഇസ്ലാമിന്റെ പ്രഭാവത്തെയും മൌലികതയെയും ഭീതിയോടെ കാണുന്നവരാണ്. അതിനാല്‍ പടിഞ്ഞാറിന്റെ ദൌര്‍ബല്യങ്ങളോട് വിയോജിക്കാനോ കലഹിക്കാനോ ശേഷിയില്ലാത്ത ആധുനികവത്കരിക്കപ്പെട്ട മുസ്ലിംകളെയാണ് അവര്‍ക്കാവശ്യം. 
ലുഖ്മാന്‍ കരുവാരക്കുണ്ട്

     കര്‍മ്മശാസ്ത്രമായിരുന്നു ബൂത്വിയുടെ ഏറ്റവും ഇഷ്ടപ്പെട്ട പഠനശാഖ. ‘നിദാനശാസ്ത്രത്തെ പരിഷ്കരിക്കുന്നതിലെ പ്രശ്നങ്ങള്‍’ എന്ന കൃതി ഇസ്ലാമിക ഫിഖ്ഹിനെ കാലത്തിനനുസരിച്ച് പുനര്‍വ്യാഖ്യാനിക്കണമെന്ന് വാദിക്കുന്നവര്‍ക്കെതിരെയുള്ള ഖണ്ഡനമാണ്. പരമ്പരാഗതമായി മുസ്ലിംകള്‍ പിന്തുടരുന്ന മദ്ഹബുകളുടെ ഇമാമുമാരുടെയും മദ്ഹബുകളെ വ്യാഖ്യാനിച്ച പണ്ഡിത•ാരുടെയും കണ്ടെത്തലുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസരിച്ച് പുതുതായി ഉയര്‍ന്നു വരുന്ന പ്രശ്നങ്ങളുടെ മതവിധി തേടുന്നതിനെ അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ കര്‍മ്മശാസ്ത്രത്തിന് പുതിയ ഉപാധികളും മാനകങ്ങളും വച്ച് നവംനവങ്ങളായ പ്രശ്നങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താവുന്നതാണ് എന്ന തിയറി ബൂത്വി നിശിതമായി വിമര്‍ശിക്കുന്നു. പരിഷ്കരണം മതത്തിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്നുള്ള അകലലാണ്. കര്‍മ്മ ശാസ്ത്രത്തിന് സമകാലിക വായനയും (ഖിറാഅല്‍ മുആസിറ) പുതുവായനയും (ഖിറാഅല്‍ ജദീദ) വേണമെന്ന് വാദിക്കുന്നവര്‍ മതത്തെ ആധുനികവത്കരിക്കാന്‍ തിടുക്കം കൂട്ടുന്നവരാണ്.

     ‘ലാ മദ്ഹബിയ്യ’ എന്ന ഗ്രന്ഥത്തില്‍ പരമ്പരാഗത പണ്ഡിത•ാരെ നിരാകരിക്കുന്ന സലഫിനിലപാടുകളെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. മദ്ഹബുകളുടെ പ്രാമാണികതയെ എതിര്‍ക്കുകയും ഇജ്തിഹാദ് നവയുഗത്തിലും സാധ്യമാണെന്ന് വാദിക്കുകയും ചെയ്യുന്ന സലഫി പ്രസ്ഥാനത്തെ ‘മൌലികതയില്‍ നിന്നും പാരമ്പര്യത്തില്‍ നിന്നും വ്യതിചലിച്ച, അവധാനത നഷ്ടപ്പെട്ട വിഭാഗം’ എന്നാണ് ബൂത്വി വിശേഷിപ്പിച്ചത്.

     കര്‍മ്മശാസ്ത്ര രംഗത്ത് ബൂത്വിയുടെ ശ്രദ്ധേയമായൊരു ഇടപെടല്‍ ‘ഫിഖ്ഹുല്‍ അഖല്ലിയാത്’ എന്ന നൂതന സംജ്ഞയെ കേന്ദ്രീകരിച്ചാണ്. യൂറോപ്പിലും അമേരിക്കയിലും മുസ്ലിംകള്‍ ന്യൂനപക്ഷമാണെന്നും, അവിടെ അവരുടെ അധിവാസം സുഗമവും പ്രയാസരഹിതവും ആക്കാന്‍ കര്‍മ്മശാസ്ത്രരംഗത്ത് വ്യത്യസ്തവും പുതിയതുമായ രീതികളും ആശയങ്ങളും സ്വീകരിക്കാമെന്നും സിദ്ധാന്തിച്ച് ത്വാഹാ ജാബിറുല്‍ അല്‍വാനി, യൂസുഫുല്‍ ഖര്‍ളാവി തുടങ്ങിയവര്‍ 1990ല്‍ രൂപം നല്‍കിയ സംജ്ഞയാണ് ഫിഖ്ഹുല്‍ അഖല്ലിയാത്. (ന്യൂനപക്ഷങ്ങളുടെ കര്‍മ്മശാസ്ത്രം).

   പടിഞ്ഞാറന്‍ നാടുകളില്‍, മുസ്ലിംകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പുതിയ തലത്തില്‍ നിന്ന് പ്രതിവിധി തേടുക എന്നതായിരുന്നു ഉദ്ദേശ്യം. ഇത് നേരത്തെ ഇസ്ലാമിക് മോഡേണിസ്റുകളാല്‍ തുടക്കം കുറിക്കപ്പെട്ട, മതത്തെ യുക്തിക്കൊത്ത് വ്യാഖ്യാനിക്കുക എന്ന പ്രവണതയുടെ തുടര്‍ച്ചയായിരുന്നു. നാല് കര്‍മ്മശാസ്ത്ര ധാരകളെയും നിരാകരിച്ച് പുതിയ രൂപത്തില്‍ പ്രശ്നങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്തുക എന്നതാണ് ജാബിറുല്‍ അല്‍വാനിയുടെ വിശദീകരണം. നാല് മദ്ഹബുകളിലെ പൂക്കൂടിനകത്ത് പടിഞ്ഞാറന്‍ നാടുകളിലെ ജീവിതം പ്രയാസമായതിനാല്‍ ആധുനിക തലത്തില്‍ കര്‍മശാസ്ത്രത്തെ വ്യാഖ്യാനിക്കാം എന്ന് ‘ഫീ ഫിഖ്ഹില്‍ അഖല്ലിയാതി’ല്‍ ഖര്‍ളാവി വാദിക്കുന്നു.

   ‘ഫിഖ്ഹുല്‍ അഖല്ലിയാത്ത്’ ഇസ്ലാമിനെ ഭിന്നിപ്പിക്കുകയെന്ന പടിഞ്ഞാറന്‍ തന്ത്രത്തിന്റെ ഭാഗമായി ഉരുവം കൊണ്ട ആശയമാണെന്ന് ശൈഖ് ബൂത്വി എഴുതുന്നു. പടിഞ്ഞാറന്‍ നാടുകളില്‍ പുതുതായി നേതൃത്വത്തില്‍ വരുന്ന രാഷ്ട്രീയ നേതാക്കള്‍ ഇസ്ലാമിന്റെ പ്രഭാവത്തെയും മൌലികതയെയും ഭീതിയോടെ കാണുന്നവരാണ്. അതിനാല്‍ പടിഞ്ഞാറിന്റെ ദൌര്‍ബല്യങ്ങളോട് വിയോജിക്കാനോ കലഹിക്കാനോ ശേഷിയില്ലാത്ത ആധുനികവത്കരിക്കപ്പെട്ട മുസ്ലിംകളെയാണ് അവര്‍ക്കാവശ്യം. ഇജ്തിഹാദ് നവയുഗത്തിലും സാധ്യമാണെന്നും മദ്ഹബുകളെ നിരാകരിക്കണമെന്നും പറയുന്ന ത്വാഹാ ജാബിറുല്‍ അല്‍വാനി മുസ്ലിംകള്‍ ഒരു ‘ഉമ്മ’ എന്ന സങ്കല്‍പത്തില്‍ നിന്ന് വിഭജിക്കാന്‍ മോഹിക്കുന്ന പടിഞ്ഞാറന്‍ സ്വപ്നങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്നു. അമേരിക്കന്‍ ഇസ്ലാം, യൂറോപ്യന്‍ ഇസ്ലാം, ഏഷ്യന്‍ ഇസ്ലാം തുടങ്ങിയ പേരുകളില്‍ മുസ്ലിംകളെ ഇനംതിരിച്ച്, വ്യത്യസ്ത ആശയധാരകളും തത്വശാസ്ത്രങ്ങളും നിലനില്‍ക്കുന്ന വൈരുദ്ധ്യങ്ങളുടെ സമുഛയമാണ് ഇസ്ലാം എന്ന് ചിത്രീകരിക്കേണ്ടത് യൂറോപ്യന്‍ ആവശ്യമാണ്. അതോടെ ഇസ്ലാമിന് കളങ്കിതമായ ഒരു പ്രതിഛായയാണ് ലഭിക്കുക. മാത്രമല്ല, മുസ്ലിംകള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ രൂപം കൊള്ളുകയും ചെയ്യും. ഇജ്തിഹാദ് വാദം പോലുള്ള മോഡേണിസ്റുകളുടെ ആത്മനിഷ്ഠമായ കര്‍മ്മശാസ്ത്ര വ്യാഖ്യാനങ്ങള്‍ വാസ്തവത്തില്‍ യൂറോപ്യരുടെ മോഹങ്ങളെ പൂവണിയിക്കാനാണ് സഹായിക്കുന്നത്.

   പരമ്പരാഗതഇസ്ലാം വിരസവും സങ്കീര്‍ണവും ആണെന്ന വാദം മുഹമ്മദ് അബ്ദു, റശീദ് രിള തുടങ്ങിയ പരിഷ്കരണ പ്രവണതകള്‍ക്ക് ആദ്യകാല നേതൃത്വം നല്‍കിയവരുടെ വ്യാഖ്യാനങ്ങളാണ്. അതിന്റെ തുടര്‍ച്ചയെന്നോണമാണ് അല്‍വാനിയും ഖര്‍ളാവിയും ന്യൂനപക്ഷ ഫിഖ്ഹ് പോലുള്ള വികല ദര്‍ശനങ്ങള്‍ കൊണ്ടു വരുന്നത്. അടിസ്ഥാനപരമായി രാഷ്ട്രീയ ഇസ്ലാമിന്റെ വക്താക്കളാണവര്‍. യൂറോപ്പിലും അമേരിക്കയിലുമൊക്കെ അധികാരത്തിലെത്തുക എന്നതാണ് അവരുടെ മോഹമെന്ന് ബൂത്വി പറയുന്നു.

   ന്യൂനപക്ഷം (അഖല്ലിയാത്) എന്ന സംജ്ഞ തന്നെ പടിഞ്ഞാറന്‍ ദര്‍ശനമാണെന്ന് ബൂത്വി. ജനങ്ങളെ മതപരവും വംശീയവുമായി വേര്‍തിരിക്കാനുള്ള ഒരു ഉപാധിയാണിത്. ഭൂരിപക്ഷ വിഭാഗം മേലാള•ാരും ന്യൂനപക്ഷം രണ്ടാം തരം പൌര•ാരുമായി മുദ്രകുത്തപ്പെടുന്നു, ഈ സങ്കല്‍പപ്രകാരം. അടുപ്പത്തെയും അകലത്തെയും കുറിക്കുന്ന ഇത്തരം സംജ്ഞകള്‍ക്കൊന്നും ഇസ്ലാമിക കര്‍മ്മശാസ്ത്രത്തില്‍ യാതൊരു പ്രസക്തിയുമില്ല. പരമ്പരാഗത ഉലമാക്കളൊന്നും ഈ വിധത്തില്‍ ഫിഖ്ഹിനെ തരം തിരിച്ചിട്ടില്ല. ഇസ്ലാമിക രാഷ്ട്രത്തില്‍ (ദാറുല്‍ ഇസ്ലാം) ജീവിക്കുന്ന എല്ലാ പൌര•ാരും സമ•ാരാണ്. മുസ്ലിംകളല്ലാത്തവര്‍ അവിശ്വാസികളാണവിടെ. രണ്ടാം തരം പൌര•ാരോ ന്യൂനപക്ഷങ്ങളോ അല്ല. അതുകൊണ്ടൊക്കെ തന്നെ ന്യൂനപക്ഷം എന്ന സംജ്ഞ ഇസ്ലാമിക വീക്ഷണത്തില്‍ അപ്രസക്തവും അതിനെ കേന്ദ്രീകരിച്ച് കര്‍മ്മശാസ്ത്രം നിര്‍മിക്കല്‍ അബദ്ധവുമാണ്.

  ഖര്‍ളാവിയുടെയും അല്‍വാനിയുടെയും നിര്‍വ്വചനപ്രകാരം, കര്‍മ്മശാസ്ത്ര വിധികള്‍ പുറപ്പെടുവിക്കുക എന്ന ലക്ഷ്യത്തോടെ യൂറോപ്പില്‍ രൂപീകരിക്കപ്പെട്ട യൂറോപ്യന്‍ കൌണ്‍സില്‍ ഫോര്‍ ഫത്വ ആന്റ് റിസര്‍ച്ച് എന്ന സംഘടനയെ നിശിതമായ ഭാഷയിലാണ് ശൈഖ് ബൂത്വി വിമര്‍ശിച്ചത്. ആധുനിക കാലത്ത് രൂപം കൊണ്ട മുഴുവന്‍ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം പരമ്പരാഗത പണ്ഡിത•ാരുടെ കൃതികള്‍ നാലു മദ്ഹബുകളുടെ ചുമരുകള്‍ക്കകത്തു നിന്ന് പരിശോധിച്ചാല്‍ തന്നെ കണ്ടെത്താന്‍ സാധിക്കും. അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയിലെ ഫത്വ കൌണ്‍സില്‍ പോലുള്ള കൂട്ടായ്മകള്‍ പുതിയ പ്രശ്നങ്ങളെ സമഗ്രമായി വിശകലനം ചെയ്ത് ഇസ്ലാമിക കര്‍മ്മശാസ്ത്ര വിധി പറയുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ടതാണ്. എന്നിട്ടും പടിഞ്ഞാറിന് മാത്രമായി ‘ന്യൂനപക്ഷ ഫിഖ്ഹ്’ എന്ന സങ്കല്‍പ്പം ഏതടിസ്ഥാനത്തിലാണ് നിര്‍മ്മിച്ചതെന്ന് ബൂത്വി ചോദിക്കുന്നു.

   യൂറോപ്യന്‍ കൌണ്‍സില്‍ ഫോര്‍ ഫത്വ എന്ന സംഘടനയുടെ ആശയപരമായ സ്രോതസ്സ് ഇഖ്വാനുല്‍ മുസ്ലിമൂന്‍ ആണ്. ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ യൂറോപ്പില്‍ പതിയെപ്പതിയെ ഇടം നേടുക എന്നതാണവരുടെ ആത്യന്തിക ലക്ഷ്യം. അതിനുവേണ്ടി പടിഞ്ഞാറന്‍ മൂല്യങ്ങളുമായി പൊരുത്തപ്പെട്ടു പോവുന്ന ഫത്വകളാണ് ഇവര്‍ നല്‍കുന്നത്. ഇസ്ലാമിലേക്ക് മതം മാറിയ ശേഷവും സ്ത്രീകള്‍ക്ക് അന്യമതസ്ഥനായ പൂര്‍വ്വഭര്‍ത്താവുമായി ലൈംഗിക ബന്ധം അനുവദനീയമാണ്, ബാങ്ക് പലിശ സ്വീകരിക്കാം തുടങ്ങിയ ഇവരുടെ ഫത്വകള്‍ പടിഞ്ഞാറന്‍ നൈതികതയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ഉണ്ടാക്കപ്പെട്ടതാണെന്ന് ബൂത്വി വിമര്‍ശിക്കുന്നു.
ബൂത്വിയുടെ അധ്യാത്മിക ദര്‍ശനം
തസവ്വുഫ് എഴുത്തിലും ജീവിതത്തിലും ബൂത്വി കൊണ്ടു നടന്നിരുന്നു. ഇസ്ലാമിന്റെ യഥാര്‍ത്ഥ മാനം അധ്യാത്മികമായ കാഴ്ചപ്പാടുകളാണ്. സാത്വിക ജീവിതം നയിച്ച പിതാവ് മുല്ല റമളാന്‍ ആയിരുന്നു അധ്യാത്മിക വഴിയിലേക്ക് ബൂത്വിയെ കൊണ്ടു വന്നത്. എന്നാല്‍ സൂഫിസത്തിന്റെ പേരില്‍ ചൂഷണം നടത്തുന്ന പ്രവണതയെ ബൂത്വി ശക്തമായി എതിര്‍ത്തു.
സൂഫികളുടെ മൌലികമായ ലക്ഷ്യം ഇസ്ലാമിക പ്രബോധനം (ദഅ്വത്ത്) ആകണമെന്ന ആശയക്കാരനായിരുന്നു ബൂത്വി. ലളിതവും ശുദ്ധവുമായ ജീവിതത്തിലൂടെ ഇസ്ലാമിനെ മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കുക എന്നതായിരിക്കണം പ്രബോധനം. ‘ന• കല്‍പിക്കലും തി• വിരോധിക്കലും’ അദ്ദേഹത്തിന്റെ ഭാഷണങ്ങളില്‍ നിരന്തരം ആവര്‍ത്തിക്കപ്പെട്ടിരുന്നു.
ദഅ്വത്തിന് ‘ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക’ എന്ന വ്യാഖ്യാനം നല്‍കുന്ന ആധുനിക ഇസ്ലാമിസ്റ് ഗ്രൂപ്പുകളെ ബൂത്വി നിശിതമായി വിമര്‍ശിച്ചു. നിലനില്‍ക്കുന്ന ഭരണകൂടങ്ങള്‍ക്കെതിരെ പ്രക്ഷോഭം സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുകയും, രാജ്യങ്ങളെ അരക്ഷിതമാക്കുകയും ചെയ്യുക എന്നതാണവരുടെ പ്രവര്‍ത്തനം. (സിറിയയില്‍ അസദ് ഭരണകൂടത്തിന് മൌനമായിട്ടായിരുന്നെങ്കിലും, ബൂത്വി നല്‍കിയ പിന്തുണയെ ഒമിദ് സാഫി വിമര്‍ശിച്ചു കാണുന്നു. സിറിയയുടെ ഭരണകൂടത്തെക്കുറിച്ചും അട്ടിമറിക്കൊരുങ്ങിനില്‍ക്കുന്ന ഇസ്ലാമിസ്റുകളുടെ വന്യമായ സാന്നിധ്യത്തെക്കുറിച്ചുമെല്ലാം നന്നായി ബോധ്യം ഉണ്ടായിരുന്ന ബൂത്വി, സ്വദേശത്തിന്റെ ചരിത്രവും വര്‍ത്തമാനവും ഭാവിയുമെല്ലാം ആലോചിച്ചാണ് അത്തരമൊരു തീരുമാനമെടുത്തത്. സിറിയന്‍ രാഷ്ട്രീയത്തില്‍ ബൂത്വിയുടെ ഇടപെടലുകളെക്കുറിച്ച് പിന്നീട് എഴുതാം.)
ഇഖ്ബാലിനൊപ്പം ഒരു രാത്രി
സാഹിത്യം ശൈഖ് ബൂത്വിക്ക് ഏറെ ആഭിമുഖ്യമുള്ള മേഖലയായിരുന്നു 1972ല്‍ പുറത്തിറങ്ങിയ ‘മിനല്‍ ഫിക്രി വല്‍ ഖല്‍ബ്’ എന്ന കൃതി. അന്‍പതുകളിലും അറുപതുകളിലും വിവിധ അറബി മാഗസിനുകളില്‍ ബൂത്വി എഴുതിയ സാഹിത്യ സംബന്ധമായ ലേഖനങ്ങളുടെയും ആസ്വാദനക്കുറിപ്പുകളുടെയും സമാഹാരമാണ്.

    അല്ലാമാ ഇഖ്ബാലിനെ അദ്ദേഹം അഗാധമായി സ്നേഹിച്ചു. അസാധാരണവും മനോഹരവുമായ കവിതകള്‍ക്ക് ബീജാവാപം നല്‍കിയ എഴുത്തുകാരന്‍ എന്നതിനപ്പുറം ഇസ്ലാമിക മൂല്യങ്ങളോടും മതത്തിന്റെ സൌന്ദര്യ ദര്‍ശനങ്ങളോടും ഇഖ്ബാല്‍ പുലര്‍ത്തിയ ആഭിമുഖ്യമാണ് ബൂത്വിയെ ആകര്‍ഷിപ്പിച്ചത്. അല്‍ അസ്ഹര്‍ പഠനകാലത്തെഴുതിയ ‘ഇഖ്ബാലിനൊപ്പം ഒരു രാത്രി’ എന്ന ബൂത്വിയുടെ ലേഖനം പ്രസിദ്ധമാണ്. അതീവ ഹൃദ്യവും ഭാവനാത്മകവുമായ ആ കുറിപ്പ് ആരംഭിക്കുന്നതിങ്ങനെ : ” ഇന്നലെ ഇഖ്ബാലിനൊപ്പമായിരുന്നു ഞാന്‍. അനേകം കാതങ്ങള്‍ ഞാനദ്ദേഹത്തെ അനുഗമിച്ചു. കൊര്‍ദോവ മസ്ജിദില്‍ വച്ച് അപമാനിതനായപ്പോള്‍, ഇഖ്ബാല്‍ അനുഭവിച്ച വേദനയും സങ്കടവും എന്നെ നോവിക്കുന്നു.” (ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പ്രതിനിധിയായി സ്പെയിനിലെത്തിയ അല്ലാമാ ഇഖ്ബാല്‍, കൊര്‍ദോവ മസ്ജിദ് സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ ക്രിസ്ത്യാനികള്‍ ആരാധനകള്‍ക്കനുവദിക്കാതെ അപമാനിക്കുകയുണ്ടായി. ആ സംഭവത്തെക്കുറിച്ച് ഇഖ്ബാല്‍ എഴുതിയ കവിതയാണ് ‘ഖുര്‍തുബ മസ്ജിദ്’). ഇഖ്ബാലിനെക്കുറിച്ചെഴുതിയ ഈ ലേഖനത്തില്‍ അദ്ദേഹത്തിന്റെ ചില കവിതകളുടെ സ്വതന്ത്ര പരിഭാഷ നിര്‍വ്വഹിക്കുന്നുണ്ട് ബൂത്വി, കാവ്യാത്മകമായ അറബിയില്‍. യൂറോപ്പിലെ വേശ്യാലയങ്ങള്‍ക്കും വൈന്‍ഷാപ്പുകള്‍ക്കും മുന്നില്‍ ആസ്വാദ്യത തേടിയെത്തുന്ന മനുഷ്യരോട്, പരമമായ സത്യവും സന്തോഷവും നേടാന്‍ നിങ്ങളാഗ്രഹിക്കുന്നുവെങ്കില്‍ ഇഖ്ബാലിന്റെ കവിത ഒരാവര്‍ത്തി പാരായണം ചെയ്യൂ എന്നുണര്‍ത്തിയാണ് ഈ ആസ്വാദനക്കുറിപ്പ് ബൂത്വി അവസാനിപ്പിക്കുന്നത്. വേറൊരു ലേഖനത്തില്‍ ബൂത്വി എഴുതുന്നു: “ഇഖ്ബാലിനെ വായിക്കാന്‍ തുടങ്ങിയത് മുതല്‍ ഞാന്‍ ആ കവിതകളില്‍ അനുരക്തനായി. മറ്റൊരു കവിയും ഇവ്വിധം എന്നെ സ്വാധീനിച്ചിട്ടില്ല. നിര്‍മ്മലവും നിഷ്കളങ്കവുമായ സ്നേഹമാണ് ആ കവിതകളുടെ സത്ത. ഹൃദയത്തിന്റെ അകത്തേക്ക് തുറക്കുന്ന അധ്യാത്മികമായ ആശയങ്ങളും സാരാംശങ്ങളും അനിര്‍ഗ്ഗളമായി ഒഴുകുന്നു ഇഖ്ബാല്‍ കവിതകളില്‍.”
ബൂത്വിയുടെ ഫിക്ഷനിലുള്ള വാസനയും താല്‍പര്യവും ഏറ്റവുമധികം പ്രകടമാകുന്നത് കുര്‍ദിഷ് ഭാഷയിലെ കൃതികള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തപ്പോഴാണ്. 1955-65 കാലത്ത് ഡസന്‍ കണക്കിന് കുര്‍ദിഷ് കവിതകളും നോവലുകളും അദ്ദേഹം അറബിയിലേക്ക് ഭാഷാന്തരം ചെയ്തു. ഒരര്‍ത്ഥത്തില്‍ തന്റെ പ്രപിതാക്കളുടെ സ്വത്വത്തെയും ഭാഷയെയും അറബിവത്കരിച്ച് അതിന്റെ ഗരിമ വര്‍ദ്ധിപ്പിക്കുക അദ്ദേഹത്തിന്റെ ഉദ്ദേശ്യമായിരുന്നു. കുര്‍ദിഷ് വിവര്‍ത്തനങ്ങള്‍ക്ക് ബൂത്വി തുനിഞ്ഞതിന്റെ വേറൊരു കാരണം, സിറിയയിലെ കുര്‍ദിഷ് വംശജരെ രണ്ടാംതരം പൌര•ാരായി അവഗണിക്കുന്ന ഭരണകൂടത്തോടുള്ള പ്രതിഷേധമാണ്. തുര്‍ക്കിയില്‍ നിന്ന് കുടിയേറിയ ബൂത്വിയടക്കമുള്ള കുര്‍ദിഷ് വംശജര്‍ക്ക്, പൊതു സ്ഥലങ്ങളിലും ഔദ്യോഗിക സ്ഥാപനങ്ങളും ആ ഭാഷ സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. സിറിയന്‍ ഭരണപ്രദേശത്ത് അറബി മാത്രം മതിയെന്ന ശാഠ്യമായിരുന്നു ഭരണകൂടത്തിന്. അതിനാല്‍ കുര്‍ദുകളുടെ ഐഡന്റിറ്റി അസ്തമിക്കാന്‍ അനുവദിക്കരുത് എന്ന നിശ്ചയം കാരണമാണ് ബൂത്വിയുടെ ഈ വിവര്‍ത്തന പരമ്പരകള്‍ ഉണ്ടായത്.

    1957ല്‍ ബൂത്വി വിവര്‍ത്തനം ചെയ്ത, കുര്‍ദിഷ് സാഹിത്യത്തിലെ ക്ളാസിക് നോവലായ ‘സനി മെമൂസിന്‍’ അറേബ്യന്‍ ലോകത്ത് വന്‍ പ്രചാരം നേടി. വിവര്‍ത്തനം പുറത്തിറങ്ങിയ വര്‍ഷം തന്നെ വായനക്കാരുടെ വര്‍ദ്ധനവ് കാരണം രണ്ടും മൂന്നും പതിപ്പുകള്‍ പുറത്തിറങ്ങുകയുണ്ടായി. ആത്യന്തികമായി മിസ്റിക് ഭാവത്തെ അവതരിപ്പിക്കുന്നതെങ്കിലും, ഫിക്ഷനില്‍ വരാവുന്ന ചില രാസത്വരകങ്ങള്‍ അടങ്ങിയതിനാല്‍ മതത്തെ കണിശമായി വീക്ഷിക്കുന്നവരുടെ ഭാഗത്തുനിന്ന് ബൂത്വിക്കെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടായി. അതുകൊണ്ടുതന്നെ 1965ന് ശേഷമുള്ള കാലത്ത് ഇത്തരം ഫിക്ഷനുമായുള്ള ബന്ധം കുറച്ചു കൊണ്ട് വരികയും മതത്തിന്റെ വൈജ്ഞാനിക പഠനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്തു ബൂത്വി.
റജാഗരോഡിയും വിവാദങ്ങളും
1982ല്‍ ഇസ്ലാം സ്വീകരിച്ച ഫ്രഞ്ച് ബുദ്ധിജീവിയും മാര്‍ക്സിസ്റ് സൈദ്ധാന്തികനുമായ ഡോ. റജാഗരോഡിയുമായി ബന്ധപ്പെട്ട് ഗൌരവതരമായൊരു വിവാദം അറബ് ലോകത്ത് ഉയര്‍ന്നുവന്നിരുന്നു തൊണ്ണൂറുകളില്‍. മുസ്ലിം ഉമ്മത്തിന്റെ ആധുനിക കാലത്തെ അപചയത്തിന് കാരണം പ്രവാചകചര്യ പൂര്‍ണമായി പിന്‍പറ്റിയതാണെന്നും, ഹദീസുകളിലെ യുക്തിരഹിതമായ ചില പരാമര്‍ശങ്ങള്‍ നിവേദകര്‍ക്ക് സംഭവിച്ച കൈയബദ്ധമാണെന്നുമാണ് ഗരോഡി ‘ഇസ്ലാം’ എന്ന കൃതിയില്‍ എഴുതി. പല പണ്ഡിതരും വാസ്തവ വിരുദ്ധമായ ഈ പരാമര്‍ശത്തിന്റെ പേരില്‍ ഡോ. ഗരോഡിയില്‍ കുഫ്റ് ആരോപിച്ചു. 1996ല്‍ മാര്‍ച്ചില്‍ സഊദിയില്‍ നിന്ന് പുറത്തിറങ്ങിയ അല്‍-മജല്ല മാഗസിനില്‍ ഗരോഡിയുടെ ഇസ്ലാമിലേക്കുള്ള കടന്നുവരവ് ഉപരിപ്ളവമായിരുന്നുവെന്നുവരെ എഴുതി. എന്നാല്‍ പ്രശ്നത്തെയും സന്ദര്‍ഭത്തെയും വിലയിരുത്തി ശ്രദ്ധേയവും സൂക്ഷ്മവുമായ നിലപാടാണ് ബൂത്വി സ്വീകരിച്ചത്.

   ‘എന്നെ ആഴത്തില്‍ സ്വാധീനിച്ച വ്യക്തികള്‍’ എന്ന ബൂത്വിയുടെ ഗ്രന്ഥത്തില്‍ ഗരോഡി ഉള്‍പ്പെടെ ഏഴ് മുസ്ലിം നേതാക്കള്‍ക്കു നേരെ ഉന്നയിക്കപ്പെട്ട കുഫ്റ് ആരോപണം ശരിയല്ലെന്ന് ബൂത്വി സമര്‍ത്ഥിക്കുന്നു.മാര്‍ക്സിസത്തിന്റെ ഔന്നത്യത്തില്‍ നിന്നാണ് ഗരോഡി ഇസ്ലാമിലേക്കു വരുന്നത്; അതും എഴുപതാം വയസ്സില്‍. ഉറച്ച ഭൌതിക വാദിയില്‍ നിന്ന് മതത്തിന്റെ തണലിലേക്ക് മാറിയപ്പോള്‍ വായനയിലും ധാരണയിലും സംഭവിച്ച പിശകുകളാണ് അവ്വിധം എഴുതാന്‍ ഗരോഡിയെ പ്രേരിപ്പിച്ചത്. മാത്രമല്ല, ഇംഗ്ളീഷ് ഭാഷയില്‍ ഇസ്ലാമിനെക്കുറിച്ച് എഴുതപ്പെട്ട കൃതികള്‍ ഗരോഡിയെ സ്വാധീനിച്ചിട്ടുണ്ടാകാം. അത്തരം കൃതികളില്‍ ആധുനികതയുടെ അംശം കൂടുതലാകാന്‍ സാധ്യതയുണ്ടെന്നും ബൂത്വി നിരീക്ഷിക്കുന്നു. അതിനാല്‍ ഗരോഡിയുടെ പിഴവുകള്‍ ധാരണയില്‍ വന്നുചേര്‍ന്ന ചില അപാകതകള്‍ മൂലം വന്നു ചേര്‍ന്നതാണ്. അതേ സമയം എന്നെ ‘ആഴത്തില്‍ സ്വാധീനിച്ച വ്യക്തികള്‍’ എന്ന പുസ്തകത്തില്‍ ഗരോഡിയുടെ വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ മറുപടിയും ബൂത്വി നല്‍കുന്നു. മുഹമ്മദ് നബി(സ്വ) കേവലം ഒരു സന്ദേശവാഹകന്‍ മാത്രം ആയിരുന്നില്ലെന്നും വാക്കിലും പ്രവൃത്തിയിലും അനക്കത്തിലുമൊക്കെ അനുചരര്‍ക്കും ഉമ്മത്തിനും പൂര്‍ണാര്‍ത്ഥത്തില്‍ അനുകരിക്കേണ്ട സമ്പൂര്‍ണ പ്രവാചകനാണെന്നും ഖുര്‍ആനിന്റെയും ഹദീസുകളുടെയും പിന്‍ബലത്തില്‍ ബൂത്വി സമര്‍ത്ഥിക്കുന്നു.
അവലംബം

1.Al –Bouti’s attitude towards Fiqh al-aqalliyath by Zekeriya Budak ,2011

2.Islamic Scholar and Religious Leader: A Portrait of Muhammad Sa’id Ramadan al-Buti”, in: J. Cooper, R. Nettler, M. Mahmoud (eds), Islam and Modernity. Muslim Intellectuals Respond, London: I.B. Tauris, pp. 57-81. (1998)

3.Muhammad Iqbal’s Mysticism in Shaikh Muhammad Sa’id Ramadan al-Buti’s Work”, Iqbal-Namah, 3:2, 1-8. (2003)

4.“A Plea for Circumstantial Innocence: Muhammad Sa’id Ramadan al-Buti’s Defence of Roger Garaudy”, in A. Christmann, R. Gleave (eds), Studies in Islamic Law: A Festschrift for Colin Imber, Journal of Semitic Studies Supplement (No 23), Oxford: Oxford University Press, pp. 51-72. (2007)

5.Transnationalising personal and religious identities: Muhammad Sa‘id Ramadan al-Buti’s adaptation of E. Xanî’s ‘Mem û Zîn’”, in Sufism Today: Heritage and Tradition in the Global Community, edited by Catharina Raudvere and Leif Stenberg, London: I.B. Tauris, 31-46. (2009

6. A critical analysis of Prof. Dr. Muhammad Said Ramadan Al Buti’s study:”Jurisprudence in Muhammad’s Biography.”* Eberhard Troeger

You must be logged in to post a comment Login