സമരത്തിന്റെ പൊരുള്‍; ജീവിതത്തിന്റെയും

Sadiqദീര്‍ഘദൂരം സഞ്ചരിക്കുന്ന പഥികന്റെ യാത്രയിലെ വിശ്രമ സമയത്തെ ‘ചെറിയൊരു ഇടവേള’ എന്ന നിലയിലാണ് പ്രവാചകന്‍ ലൌകിക ജീവിതത്തെ പരിചയപ്പെടുത്തിയത്. എന്നിട്ടും മനുഷ്യന്‍/ മുസ്ലിംകള്‍ എന്തുകൊണ്ടാണ് ബോധമില്ലാതെ അപഥ ജീവിതം തുടരുന്നത്?
എന്‍ എം സ്വാദിഖ് സഖാഫി

    എങ്ങനെയാണ് നാം ജീവിതത്തെ നിര്‍വ്വചിക്കേണ്ടത്? ഏതുതരം താല്‍പര്യങ്ങള്‍ക്കാണ് ജീവിതത്തില്‍ മുന്‍തൂക്കം കിട്ടുന്നത്? ആരാണ് ജീവിതം കൊണ്ട് വിജയിച്ചത്? ജീവിതത്തിന്റെ പരാജയത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്? ജീവിതം സുഖിക്കാനും ആസ്വദിക്കാനുമുള്ളതാണെന്ന ഭാവത്തിലുള്ള വര്‍ത്തമാന കാലത്തെ കൌമാര യൌവ്വനങ്ങളെ നിരീക്ഷിച്ചു കൊണ്ടുമാത്രം കണ്ടെത്താന്‍ കഴിയുന്നതല്ല മേല്‍ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍. താത്വികമായി അന്വേഷിക്കേണ്ടതും വിചാരപ്പെടേണ്ടതുമായ ഒന്നാണ് ജീവിതം.

    വെറും യാന്ത്രികമാണോ മനുഷ്യ ജീവിതത്തിന്റെ പ്രകടനങ്ങള്‍? മൂര്‍ച്ചയുള്ള വിചാരങ്ങളുടെ പ്രതിഫലനങ്ങള്‍ തന്നെയാണ് ജീവിതത്തിന്റെ ഫലമായി പുറത്തുവരുന്നത്. കാണാനുള്ള കണ്ണുകളും കേള്‍ക്കാനുള്ള കാതുകളും മാത്രമല്ല ചിന്തിക്കാനുള്ള ഹൃദയവുമാണ് മനുഷ്യനെ വേര്‍തിരിക്കുന്നത്. കണ്ണുകളെയും കൈകാലുകളെയും മറ്റ് അവയവങ്ങളെയും ചലിപ്പിക്കുന്നത് ഹൃദയമാണ്. ഹൃദയമാണ് മനുഷ്യ ജീവിതത്തിന്റെ ചാലകശക്തിയെന്നു ചുരുക്കം.

   ഹൃദയത്താല്‍ നിയന്ത്രിക്കപ്പെടുന്ന വിവേചന ശേഷിയുടെ സാന്നിധ്യമുള്ളവനെന്നാണ് ജീവികള്‍ക്കിടയില്‍ മനുഷ്യന് ഏറ്റവും ചേര്‍ന്ന വിശേഷണം. കൈ ഉയര്‍ത്തുന്നതും കാല്‍ ചലിപ്പിക്കുന്നതും കണ്ണുകള്‍ നോട്ടമിടുന്നതും കാതുകളെ കൂര്‍പ്പിച്ചു നിര്‍ത്തുന്നതുമെല്ലാം ഹൃദയത്തിന്റെ ആജ്ഞാനുസാരം മാത്രം. അപ്പോള്‍ ഹൃദയം കൊണ്ട് കീഴ്പ്പെടുത്താനാവാത്തതൊന്നും മനുഷ്യപ്പറ്റുള്ളതാവുന്നില്ല. ഹൃദയസാന്നിധ്യമില്ലാത്ത കേള്‍വിയും കാഴ്ചയും മൃഗതുല്യമാണെന്നാണ് ഖുര്‍ആന്റെ പക്ഷം. കേള്‍വിയും കാഴ്ചയും ഉള്ളപ്പോള്‍ തന്നെയാണ് ഖുര്‍ആന്റെ വിമര്‍ശം. പക്ഷേ, അവകള്‍ ഹൃദയത്തിനു വഴങ്ങുന്നതായിരുന്നില്ല. മനുഷ്യ രൂപത്തിലുള്ള ജീവിയാകയാല്‍ മൃഗത്തെക്കാള്‍ മോശം എന്നു പറയേണ്ടിവരുമെന്നാണ് ഖുര്‍ആന്റെ ഭാഷ്യം. ഹൃദയത്തിന്റെ മുദ്രയുള്ളതാകണം മനുഷ്യജീവിതത്തിന്റെ ഫലങ്ങള്‍.

എന്തുകൊണ്ട് സമരം?

   ജീവിതം സമരമാണ്. യോജിക്കാന്‍ മാത്രമല്ല വിയോജിക്കാനും മനുഷ്യന്‍ പാകപ്പെടേണ്ടതുണ്ട്. ന•യും തി•യും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ എക്കാലത്തും ഉണ്ട്. കാലം പിന്നിടുന്തോറും ഏറ്റുമുട്ടലുകള്‍ക്ക് ശക്തി കൂടിയിട്ടേ ഉള്ളൂ. ഇവിടെ മനുഷ്യന് ഒരു പക്ഷമുണ്ട്. ന•യുടെ പക്ഷമാണത്. നീതിയുടെയും സത്യത്തിന്റെയും പക്ഷം. ന• കല്‍പിക്കാനും തി•യെ പ്രതിരോധിക്കാനുമുള്ള പ്രതിബദ്ധത മനുഷ്യത്വം ഉള്‍ക്കൊള്ളുന്നു. പ്രകൃതി വിരുദ്ധ ചെയ്തികളാല്‍ മലിനപ്പെട്ട ഒരു സമൂഹത്തെ നോക്കി പ്രവാചകന്‍ ലൂത്വ്(അ) ചോദിച്ചത് ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്: “നിങ്ങളില്‍ പക്വതയുള്ള ഒരു മനുഷ്യനും ഇല്ലാതെയായോ?”

   ആന്തരികവും ബാഹ്യവുമായ ദ്വിമുഖ സമരം കൊണ്ട് അടയാളപ്പെടുത്തേണ്ടതാണ് മനുഷ്യ ജീവിതം. ഏറ്റവും ഉജ്ജ്വലവും ഉത്കൃഷ്ടവുമായ സമരം അകത്തു നടക്കേണ്ടതാണ് – ആത്മസമരം.ആത്മസമരത്തിന്റെ തേരിലേറിക്കൊണ്ടാണ് സത്യവിശ്വാസിയുടെ ജീവിതം. കണ്ണിനും കാതിനും മൂര്‍ച്ചകിട്ടുന്നതും ആത്മസമരത്തില്‍ നിന്നാണ്. തിരുത്താനുള്ള ഊര്‍ജ്ജം വീണ്ടെടുക്കുന്നതും ആത്മസമരത്തിന്റെ ഭൂമികയില്‍ നിന്നാണ്. മനസ്സും ശരീരവും ചേര്‍ന്നു നിന്നാണ് ജീവിതം മുന്നോട്ടു തുഴയുന്നത്. ശരീരത്തിന്റെ ശീലങ്ങള്‍ പലപ്പോഴും മനസ്സിന് ബാധ്യതകള്‍ വരുത്തുകയാണ് ചെയ്യുന്നത്. മുമ്പിലുള്ളതേ അത് കാണൂ. ഇന്ന് അനുഭവിച്ചു തീര്‍ക്കാനുള്ളതേ അതിന്റെ പരിധിയില്‍ വരൂ! ദീര്‍ഘവീക്ഷണമില്ലാത്ത ശരീരത്തിന്റെ ചേഷ്ടകളില്‍ ആനന്ദം കണ്ടെത്തിയാല്‍ മനസ്സ് പണിനിര്‍ത്തും. കൂടെക്കൂടെ അത് നിഷ്പ്രഭമാവും. അതോടെ ഇരുട്ടു പാഞ്ഞു കയറി മനസ്സ് കളങ്കിതമാവും. അസൂയ, വിദ്വേഷം, അഹംഭാവം, താന്‍പോരിമ തുടങ്ങിയ ദുര്‍ഗുണങ്ങളാല്‍ സ്വന്തം ജീവിതത്തെ മാത്രമല്ല, സമൂഹത്തെയും ലോകത്തെയും നശിപ്പിക്കും.

    മനസ്സിനകത്തെ ഈ കറുത്ത പാടുകളെ ചെറുക്കാന്‍ ഒരുക്കമുള്ളപ്പോള്‍ മാത്രമാണ് ജീവിതത്തിന്റെ സമരോത്സുകത പ്രവര്‍ത്തനക്ഷമമാവുക. ശരീരത്തെ കീഴ്പ്പെടുത്താനുള്ള ഊര്‍ജ്ജമാണ് മനസ്സിനു കിട്ടേണ്ടത്. ആത്മസമരത്തിന്റെ പോരാട്ട ഭൂമികയില്‍ നിന്ന് ആര്‍ജ്ജിച്ചെടുക്കേണ്ടതും ഈ ഊര്‍ജ്ജമാണ്. അതിനു വേണ്ടി ആയിരിക്കണം നാം ആയുധങ്ങളെ മൂര്‍ച്ച കൂട്ടേണ്ടത്.

ആത്മസമര വിചാരങ്ങള്‍
ഐഹികജീവിതം ശാശ്വതമല്ല. ഇവിടെ നിന്ന് നേടുന്നതിനൊന്നും നിലനില്‍പ്പില്ല. ഇന്നുള്ളതിന് നാളത്തേക്കുപോലും ആയുസ്സുണ്ടാകണമെന്നില്ല. പണവും ആയുസ്സും ആരോഗ്യവുമെല്ലാം ഉള്ളപ്പോള്‍ ഐഹിക ജീവിതത്തിന്റെ പിന്നാലെ പോകുന്നത് ബുദ്ധിയല്ല. മരണാനന്തര ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നവനാണ് ധിഷണാശാലിയെന്നാണ് മുഹമ്മദ് നബി(സ) ഓര്‍മപ്പെടുത്തിയത്. ഐഹിക ജീവിതത്തെ സുഖങ്ങളുടെ പറുദീസയാക്കിയവര്‍ നമുക്കു മുമ്പിലുണ്ട്. അവര്‍ ഒന്നും കൊണ്ടു പോവില്ല. നാലു നാണയത്തുട്ടുകള്‍ക്കുവേണ്ടി ജീവിത ഭാരമേറ്റുന്നവര്‍ക്ക് പിഴച്ചു. ഇവിടുത്തെ നീരുറവകള്‍ വറ്റും. എന്നാല്‍ ഒരിക്കലും വറ്റാത്ത നീരുറവകള്‍ മരണാനന്തരം സജ്ജമാണ്. പരലോക ചിന്തയാണ് ആത്മ സമരത്തിനു തീ കൊടുക്കേണ്ടത്.

സമരത്തിന്റെ വജ്രായുധം
അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസമാണ് സമരത്തിന്റെ വജ്രായുധം. ജീവിതത്തെ സക്രിയമാക്കുകയാണ് സ്രഷ്ടാവിലുള്ള വിശ്വാസം. അകവും പുറവും പ്രവര്‍ത്തനക്ഷമമാകുന്നു. നമുക്ക് കഴിവുകളെക്കാള്‍ കഴിവുകേടുകളാണ്. നേട്ടങ്ങളേക്കാള്‍ കോട്ടങ്ങളും. സമാധാനത്തെക്കാള്‍ സംഘര്‍ഷങ്ങളാണ് മുഴച്ചുവരുന്നത്. ചോരാത്ത ധൈര്യമോ നീങ്ങാത്ത അധികാരമോ നമുക്കില്ല. അറിവിനെക്കാള്‍ അജ്ഞതയാണ് നമ്മെ വരിഞ്ഞു മുറുക്കുന്നത്. എങ്കില്‍ എല്ലാം തികഞ്ഞ, ഒരിക്കലും മരിക്കാത്ത, ജാഗ്രത കൈവിടാത്ത, എന്നും നിലനില്‍ക്കുന്ന അധികാരമുള്ള ഒരു സ്രഷ്ടാവിനെ പ്രാപിക്കാനാണ് നാം വഴങ്ങേണ്ടത്. “നിങ്ങള്‍ അല്ലാഹുവിലേക്ക് അതിവേഗം പ്രയാണം നടത്തൂ. എങ്കില്‍ നിങ്ങള്‍ക്ക് വിജയിക്കാമെന്ന്” ഖുര്‍ആന്‍.
സ്രഷ്ടാവിലാണ് സൃഷ്ടിക്ക് അഭയമുള്ളത്. സ്രഷ്ടാവിനെ ഓര്‍ത്തുള്ള പ്രയാണത്തിന്റെ ഉന്നം പിഴക്കില്ല. അതു നമ്മെ വഞ്ചിക്കില്ല. അകവും പുറവും കഴിവും കഴിവുകേടും എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ചുള്ളതാണ് പ്രതിഭാശാലികളുടെ ജീവിതം. ആത്മസമരത്തിന്റെ മേച്ചില്‍പുറങ്ങളില്‍ അവര്‍ കണ്ടെത്തിയത് ഈ സംതൃപ്തിയായിരുന്നു. ‘അല്ലാഹുവിനെ ഓര്‍ക്കുന്നതിലൂടെ മാത്രമേ സമാധാനമുണ്ടാകൂ’വെന്നാണല്ലോ ഖുര്‍ആന്റെ ഉദ്ബോധനം.

വിശ്വാസം പാകപ്പെടുത്തുന്നത്
സ്വാര്‍ത്ഥതയാണ് മനുഷ്യനെ ദുരാഗ്രഹിയാക്കുന്നത്. ദുര്‍നടപ്പുകള്‍ ശീലിപ്പിക്കുന്നത്, ക്രൂരനും അഹങ്കാരിയുമാക്കുന്നത്. സ്വന്തത്തെയും സമൂഹത്തെയും നശിപ്പിക്കുന്ന ഈ അധമവിചാരങ്ങളെ നിര്‍ദ്ദയം വിചാരണ നടത്താന്‍ സത്യവിശ്വാസിക്ക് കഴിയും. അല്ലാഹുവാണ് മേലെയായവന്‍. പ്രശ്നങ്ങള്‍ക്ക് പരിഹാരവും പ്രയാസങ്ങള്‍ക്ക് ഒറ്റമൂലിയുമാണിത്. അധികാരമാണോ നമ്മെ വലക്കുന്ന പ്രശ്നം? എങ്കില്‍ ഓര്‍ക്കുക; പരമാധികാരി അല്ലാഹുവാണല്ലോ. (സൂറത്തുത്തീന്‍) അറിവാണോ നമ്മെ അഹങ്കാരിയാക്കുന്നത്; എങ്കില്‍ ശ്രദ്ധിക്കുക, എല്ലാ അറിവുള്ളവരുടെയും മുകളില്‍ അറിവുള്ളവനായി അല്ലാഹു ഉണ്ട്. (സൂറത്തുയൂസുഫ്). സമ്പത്താണോ ക്രൂരനാക്കുന്നത്; എങ്കില്‍ വറ്റാത്ത സമ്പല്‍ സമൃദ്ധിയാണ് അല്ലാഹുവിന്റേത്. ആകാശഭൂമികളിലെ ഖജനാവുകളുടെ അധികാരിയാണവന്‍ (സൂറത്തുല്‍ മുനാഫിഖൂന്‍). ഈ തിരിച്ചറിവാണ് സത്യവിശ്വാസിയെ ശക്തനാക്കുന്നത്. ഫറോവയും നംറൂദും ബല്‍ആമും പരാജയപ്പെട്ടിടത്ത് സുലൈമാന്‍ നബിയും മൂസാനബിയും കോടീശ്വര•ാരായിരുന്ന അബ്ദുറഹ്മാനുബ്നു ഔഫും ഉസ്മാനുബ്നു അഫ്ഫാനും വിജയിച്ചു. തിരിച്ചറിവായിരുന്നു കാരണം. മേലെയായ ഒരു റബ്ബുണ്ട്. അധികാരം അവന്റേതാണ്. സമ്പാദ്യവും അറിവും അവന്റെ ഔദാര്യമാണ്. ഒരേ തരം സൌഭാഗ്യങ്ങള്‍ ചില ജീവിതങ്ങളെ തുണക്കുന്നതും മറ്റു ചില ജീവിതങ്ങളെ തകര്‍ത്തെറിയുന്നതുമാണ് നാം കാണുന്നത്. ‘നിശ്ചയം, സത്യവിശ്വാസവും സത്കര്‍മ്മങ്ങളും കൈമുതലായുള്ളവരെ അല്ലാഹു ആദരിക്കുമെ’ന്ന് ഖുര്‍ആന്‍ ഉദ്ബോധനം നല്‍കുന്നു.

    തീക്ഷ്ണമായ സമര മുന്നേറ്റത്തിന്റെ വഴിയില്‍ സയ്യിദുനാ റസൂലുല്ലാഹി(സ)യുടെ ആവേശകരമായ മുദ്രാവാക്യം അല്ലാഹുവും പരലോക ജീവിതവുമില്ലാത്ത ഒരു ജീവിതമില്ല എന്നായിരുന്നു. ഖാദിസിയ്യയുടെ സമരയോദ്ധാവായ സഅദ്ബ്നു അബീവഖാസ്(റ) അഹങ്കാരത്തിന്റെ കൊത്തളങ്ങളില്‍ അള്ളിപ്പിടിച്ച് ഇരുന്നിരുന്ന യസ്ദുജുര്‍ദിനെ നോക്കിപ്പറഞ്ഞ വാക്കുകളുടെ മൂര്‍ച്ച അക്ഷരങ്ങള്‍ക്ക് വഴങ്ങാത്തതാണ്. “എന്റെ കൂടെയുള്ള സംഘത്തിന്റെ സവിശേഷത മറ്റൊന്നുമല്ല, നിങ്ങള്‍ എങ്ങനെയാണോ ജീവിതത്തെ പ്രണയിക്കുന്നത്, അതിനേക്കാള്‍ മനോഹരമായി മരണത്തെ പ്രേമിക്കുന്നവരാണ് ഞങ്ങള്‍.” ഉഹ്ദിന്റെ രണഭൂമിയില്‍ ശാരീരിക വൈകല്യം മറന്ന് അടരാടിയ അംറ്ബ്നുല്‍ ജമൂഹി(റ)വിന്റെ വാക്കുകള്‍ എത്രമേല്‍ ഹര്‍ഷപുളകിതമാണ്. ‘ഈ ഉഹ്ദ് കുന്നിന്റെ പിന്നാമ്പുറത്തു നിന്ന് എനിക്കു മണക്കുന്നത് സ്വര്‍ഗ്ഗമാണ്.’ പതിനാറുവയസ്സുകാരന്‍ അംറ്(റ) അടര്‍ക്കളത്തില്‍ അരങ്ങേറ്റം നടത്തിയത് ആകാശ ഭൂമികളുടെ വിശാലതയുള്ള സ്വര്‍ഗ്ഗം എന്നെ കാത്തിരിക്കുന്നുവെന്ന് പറഞ്ഞു കൊണ്ടാണ്. അല്ലാഹുവിന്റെ പൊരുത്തമാണ് എല്ലാറ്റിനേക്കാളും വലുതെന്ന ഖുര്‍ആന്റെ പ്രഖ്യാപനം നല്‍കുന്ന ആത്മ സംതൃപ്തി അവര്‍ണനീയമാണ്. സത്യവിശ്വാസി പാകപ്പെടുന്നത് ഈ വിചാരത്തിനാണ്. സമരം ഒരു ദൌത്യമാണെന്നതിനപ്പുറം മനോഹാരിതയായിട്ടാണ് വിശ്വാസിക്ക് ബോധ്യപ്പെടുന്നത്.

സമരത്തിന്റെ രണ്ടാമൂഴം
ആത്മസമരത്തിന്റെ വികാരത്തള്ളിച്ചയില്‍ നിന്നാണ് പുറത്തുള്ള സമരങ്ങള്‍ തീക്ഷ്ണമാകുന്നത്. ആത്മസമരം ജീവിതത്തെ ചില പാഠങ്ങള്‍ പഠിപ്പിക്കുന്നു. ജീവിതത്തിന്റെ ദൌത്യത്തെക്കുറിച്ചുള്ള മൂര്‍ച്ചയേറിയ വിചാരങ്ങള്‍ ഉള്ളില്‍ സൃഷ്ടിക്കുന്നു. ഐഹിക ജീവിതത്തിന്റെ സംതൃപ്തി സമര്‍പ്പണമാണ് എന്ന് തിരിച്ചറിയുന്നു. സമര്‍പ്പണത്തിന്റെ മധുരം നുണയുന്നതിലൂടെ ജീവിതവും ഒപ്പം സമരജീവിതവും കൂടുതല്‍ സര്‍ഗാത്മമാവുകയും ചെയ്യുന്നു.

    മനുഷ്യത്വത്തിന്റെ ഹൃദയഗീതമാണ് ന•യും നീതിയും. പിശാചിന്റെ ഉണര്‍ത്തു പാട്ടുകളാണ് തി•യും അനീതിയും. മനുഷ്യനും പിശാചും കൊമ്പുകോര്‍ക്കുന്ന പോര്‍നിലങ്ങളില്‍ ന•യുടെയും നീതിയുടെയും സാക്ഷ്യങ്ങളായി മനുഷ്യജീവിതത്തിന്റെ മുദ്രകള്‍ സ്ഥാനം നേടണം. സമരജീവിതങ്ങള്‍ ബാക്കിവെക്കുന്നത് ജീവിത ദൌത്യത്തിന്റെ ഈ മായാമുദ്രകളാണ്.

ചില താത്വിക വിചാരങ്ങള്‍
സ്രഷ്ടാവിന്റെ ഭൂമിയിലെ പ്രതിനിധിയാണ് മനുഷ്യന്‍. ‘എന്റെ പ്രതിനിധിയായി ഞാന്‍ മനുഷ്യനെ ഭൂമിയില്‍ നിയോഗിക്കുന്നു’വെന്നാണ് മനുഷ്യ സൃഷ്ടിപ്പിനെക്കുറിച്ചുള്ള അല്ലാഹുവിന്റെ പ്രഖ്യാപനം. പിശാചിനെയും അല്ലാഹു സൃഷ്ടിച്ചു. അന്നു മുതലേ മനുഷ്യന്റെ ശത്രുവായി പിശാച് നിലകൊണ്ടു. അധികാരവും ജീവിക്കാനുള്ള അളവറ്റ താല്‍പര്യവും മോഹനവാഗ്ദാനങ്ങളായി നല്‍കി മനുഷ്യനെ വഴിതെറ്റിക്കാന്‍ പിശാച് സദാ ഒരുമ്പെട്ടിരിക്കുകയാണ്. തി•യുടെ പ്രതീകമാണ് പൈശാചികത. നേരില്‍ നിന്നുള്ള തിരിഞ്ഞു നോട്ടത്തിലാണ് പൈശാചികതയുടെ ഇടം. ആനന്ദങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും കൂട്ടായി മനുഷ്യനൊപ്പം എക്കാലത്തും പിശാചുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമ്പത്ത് ചെലവഴിക്കുന്നതിലൂടെ ദാരിദ്യ്രമുണ്ടാകുമെന്നാണ് പിശാചിന്റെ മുന്നറിയിപ്പ്. എന്നാല്‍ നല്ല വഴിയിലേക്കുള്ള ധനവിനിയോഗം പാപമോചനത്തിനും സ്വര്‍ഗ്ഗപ്രവേശത്തിനും കാരണമാകുമെന്നാണ് അല്ലാഹുവിന്റെ ഉപദേശം.
അല്ലാഹു മനുഷ്യന് ജ•നാ നല്‍കിയ അവസരങ്ങളെ സ്വാര്‍ത്ഥമായി കയ്യടക്കുന്നേടത്ത് പിശാച് ഉണരും. ഔദാര്യമുള്ളവനൊപ്പം അല്ലാഹു എന്നുമുണ്ടാകും. ‘ഒരാള്‍ തന്റെ സഹോദരനെ സഹായിക്കുമ്പോഴെല്ലാം അല്ലാഹുവിന്റെ കരുണാകടാക്ഷം അവനുണ്ടെ’ന്നാണ് തിരുനബി പഠിപ്പിക്കുന്നത്. വിശ്വാസിയായ തന്റെ സഹോദരനെ തുണക്കുന്നതിന്റെ ശ്രേഷ്ഠഫലം വിചാരണാനാളില്‍ അവനെ തുണക്കുമെന്ന് തിരുനബി അരുള്‍ ചെയ്യുന്നു.

   സ്രഷ്ടാവിനൊപ്പം സൃഷ്ടികളോടുള്ള കടപ്പാടുകള്‍ ഉള്‍കൊള്ളുന്നതാണ് ജീവിതം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായി വ്യാപിച്ചു കിടക്കുന്നതാണീ കടപ്പാടിന്റെ പാഠങ്ങള്‍. ഓരോരുത്തരും തനിക്ക് കിട്ടുന്ന അവസരങ്ങളെ മറ്റുള്ളവര്‍ക്കു കൂടി പ്രയോജനപ്പെടുത്തുന്നതാണ് സമര്‍പ്പണത്തിലൂടെ സംഭവിക്കുന്നത്. ജീവിതത്തിന്റെ മധുരഫലമാണിതെന്നാണ് ഇസ്ലാമിന്റെ നിരീക്ഷണം. അറിവും ആരോഗ്യവും സമ്പത്തും അധികാരങ്ങളുമെല്ലാം സ്രഷ്ടാവിനും സ്രഷ്ടാവിന്റെ പൊരുത്തത്തില്‍ സൃഷ്ടികള്‍ക്കും സമര്‍പ്പിക്കപ്പെടേണ്ടതാണെന്നാണ് ഇസ്ലാമിന്റെ പക്ഷം. മനുഷ്യ പക്ഷവും അതു തന്നെ. ‘നാലുകാര്യങ്ങളെക്കുറിച്ചുള്ള വിസ്താരം പൂര്‍ത്തിയാക്കാതെ വച്ച കാല്‍ മുന്നോട്ടു വെക്കാനാകില്ലെ’ന്നാണ് തിരുനബി(സ) പഠിപ്പിച്ചത്. അറിവ്, ആരോഗ്യം, സമ്പത്ത്, സമയം എന്നിവയാണ് ആ നാലുകാര്യങ്ങള്‍. ജീവിതാവസരങ്ങളായി നാം കണക്കാക്കുന്ന ഈ നാലുകാര്യങ്ങളുടെയും സമ്പാദനവും വിനിയോഗവുമാണ് വിചാരണ നാളില്‍ മനുഷ്യന്‍ നേരിടുന്ന മൂര്‍ച്ചയേറിയ ചോദ്യങ്ങള്‍. ജീവിതത്തെ സമരോത്സുകമാക്കുന്നതും അരാഷ്ട്രീയവത്കരിക്കുന്നതും ഈ നാലുകാര്യങ്ങള്‍ തന്നെ.

തിന്മയുടെ രൂപങ്ങള്‍
തിന്മ സൃഷ്ടിക്കുന്ന ഭീഷണികള്‍ മാനവസമൂഹം ഇത്രകാലം പടത്തുയര്‍ത്തിയ മൂല്യങ്ങളെയെല്ലാം പിഴുതെറിയാന്‍ മാത്രം വണ്ണവും വലിപ്പവുമുള്ളവയാണ്. സുഖിക്കാനും ആസ്വദിക്കാനുമാണ് ജീവിതം എന്ന സന്ദേശമാണ് സാമ്രാജ്യത്വം നല്‍കുന്നത്. വര്‍ത്തമാനത്തെ സമൃദ്ധമാക്കാനുള്ള ശ്രമത്തിലാണ് അതു കൊണ്ട് തന്നെ മനുഷ്യര്‍. ബന്ധങ്ങളെ അവര്‍ വെറുക്കുന്നു. നൈതികതയും മൂല്യവും പകരുന്ന സാമൂഹിക സ്ഥാപനങ്ങളെ – കുടുംബം, മതം- മാറ്റിനിറുത്തി നൈമിഷികമായ സന്തുഷ്ടി നല്‍കുന്ന സൌഹൃദങ്ങളിലേക്ക് പോകുന്നു. കേരളീയ സമൂഹം ഈയിടെയായി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ തുടര്‍ച്ചയായി പരാമര്‍ശിക്കപ്പെടുന്നത്, നമ്മുടെ വാഴ്ത്തപ്പെട്ട വികസന മാതൃകയുടെ പേരിലല്ല, മറിച്ച് ക്രമാതീതമായ ലഹരി ഉപയോഗത്തിന്റെയും, സ്ത്രീകളോടും കുഞ്ഞുങ്ങളോടുമുള്ള ലൈംഗികാതിക്രമങ്ങളുടെയും പേരിലാണ്.

    ജീവിതത്തില്‍ വരുന്ന ചെറിയ പ്രതിസന്ധികളെ പോലും തരണം ചെയ്യാനാവാതെ മദ്യക്കോപ്പകളില്‍ അഭയം കണ്ടെത്തുന്നവനായി മലയാളി മാറിയതെന്തുകൊണ്ടാണ്? ഗവണ്‍മെന്റിന്റെ നയങ്ങളും അനിയന്ത്രിതമായ പണലഭ്യതയും സാംസ്കാരിക രംഗത്തെ നിസ്സംഗതയുമെല്ലാം കാരണങ്ങളില്‍ ചിലതാണ്. ഈയിടെ പുറത്തുവന്ന ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹൈസ്കൂള്‍ കുട്ടികള്‍ പോലും വലിയൊരു ശതമാനവും മദ്യപിക്കുന്നവരാണ്. ആദ്യഘട്ടത്തില്‍ ആസ്വാദനം, അനുകരണം തുടങ്ങിയ രൂപത്തില്‍ ആരംഭിക്കുന്ന ഈ ശീലം ഇരുള്‍മുറ്റിയ ഭാവിയാണ് കുട്ടികള്‍ക്ക് പകരുന്നത്. ആരോഗ്യപരമായും നൈതികമായും അവര്‍ ദുര്‍ബലരാകുന്നു. മനസ്സിനകത്തെ നന്മയെല്ലാം ക്ഷയിക്കുന്നു. കുഞ്ഞുങ്ങളിലെ കുറ്റകൃത്യവാസനയുടെ പ്രേരണ ഈ മദ്യപാന ശീലമാണ്. ലൈംഗികാതിക്രമ പീഡന കേസുകളിലും വാഹനക്കവര്‍ച്ചകളിലും പ്രതികളാകുന്ന കൌമാരങ്ങളുടെ പൂര്‍വ്വ ജീവിതരീതി പഠിച്ചാല്‍ ഈ വസ്തുതകള്‍ ബോധ്യപ്പെടും.

    കേരളത്തിലേക്കു പുറപ്പെടുന്ന ടൂറിസ്റുകള്‍ക്ക് അപായ സന്ദേശം നല്‍കാന്‍ തുടങ്ങിയിരിക്കുന്നു പാശ്ചാത്യ രാഷ്ട്രങ്ങള്‍. മദ്യപന്മരുടെ ആധിക്യം കാരണം സുരക്ഷ കുറഞ്ഞ ദേശം എന്നാണവര്‍ കേരളത്തെ വിലയിരുത്തുന്നത്. ‘മദ്യവും കേരളീയരും’ എന്ന പേരില്‍ മൂന്നു വര്‍ഷം മുമ്പ് ബിബിസി തയ്യാറാക്കിയ റിപ്പോര്‍ട്ട് വന്‍തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആത്മഹത്യ, കുടുംബകലഹം, വാഹനാപകടങ്ങള്‍, കരള്‍ രോഗങ്ങള്‍ തുടങ്ങിയവക്കെല്ലാം പ്രധാനഹേതുവാണ് മദ്യം എന്ന് തിരിച്ചറിഞ്ഞിട്ടും സര്‍ക്കാര്‍ മദ്യഷാപ്പുകള്‍ അടച്ചുപൂട്ടാനോ നിയമങ്ങള്‍ കര്‍ക്കശമാക്കാനോ തയ്യാറാവുന്നില്ല എന്നതാണ് ഖേദകരം. മദ്യത്തില്‍ നിന്ന് ലഭിക്കുന്ന കൂറ്റന്‍ നികുതി വരുമാനത്തില്‍ മാത്രമാണ് ഗവണ്‍മെന്റിന്റെ ശ്രദ്ധ. ജനങ്ങള്‍ ധാര്‍മികവും ആരോഗ്യപരവുമായി ശിഥിലമാകുന്നുവെന്ന ഭീതിദമായ പ്രശ്നത്തിനു നേരെ ഇവര്‍ കണ്ണടക്കുന്നു.
ഡല്‍ഹിയിലെ പെണ്‍കുട്ടി ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടത് മാത്രമാണ് മീഡിയ കണ്ടതും ആഘോഷിച്ചതും. അത്തരം നിരവധി സംഭവങ്ങള്‍ രാജ്യത്ത് ദിനേന അരങ്ങേറുന്നു. സ്ത്രീ എന്നത് പുരുഷന്റെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താനുള്ള ഉപകരണമാണ് എന്ന ബോധമാണ് സാമ്രാജ്യത്വം നല്‍കുന്നത്. പരസ്യബോര്‍ഡുകളില്‍ മുഴുവന്‍ വസ്ത്രം മുറിഞ്ഞു പോയ നിലയിലുള്ള പെണ്‍ശരീരങ്ങളാണുള്ളത്. അതോടൊപ്പം, വസ്ത്രം ധരിച്ചവര്‍ തന്നെ പുരുഷ കാമത്തെ പ്രലോഭിപ്പിക്കും വിധത്തിലാണ് വേഷം ക്രമീകരിച്ചിട്ടുള്ളത്. ഇതാരുടെ അന്തസ്സാണ് കെടുത്തിക്കളഞ്ഞത്?

    സ്വതന്ത്ര ലൈംഗികതക്കു വേണ്ടിയുള്ള വാദവും ശക്തമാണ് സമൂഹത്തില്‍. അക്കാദമിക് ബുദ്ധിജീവികള്‍ എന്നു നടിക്കുന്ന ചിലര്‍ക്ക് വിവാഹം പരമ്പരാഗത സങ്കല്‍പമാണെന്നും കുടുംബം പോലുള്ള സാംസ്കാരിക സ്ഥാപനങ്ങളെ തകര്‍ത്ത് ‘സ്വതന്ത്ര’രായി മാറണമെന്നും വാദമുണ്ട്. പ്രായപൂര്‍ത്തിയായ ഏതൊരാണിനും ഇഷ്ടമുള്ളവരുമൊത്ത് കഴിയാം, മടുക്കുമ്പോള്‍ പിരിയാം എന്ന സന്ദേശമാണവര്‍ നല്‍കുന്നത്. അതായത് പടിഞ്ഞാറന്‍ രീതിയുടെ പകര്‍പ്പെടുക്കുകയാണവര്‍, നമ്മുടെ നാട്ടില്‍.ഇത്രകാലം സൂക്ഷിച്ചു പോന്ന മഹിത മൂല്യങ്ങളെല്ലാം ബലികഴിച്ച് ആധുനികതയുടെ കൂടെ ആഘോഷപൂര്‍വ്വം സഞ്ചരിക്കാനുള്ള ചിന്തയും താല്‍പര്യവും വളര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ക്കും ഭരണകൂടത്തിനുമെല്ലാം പങ്കുണ്ട്. ഗള്‍ഫ് പണം നല്‍കുന്ന അഭിവൃദ്ധിയില്‍ മുസ്ലിംകളും വലിയൊരളവില്‍ സ്രഷ്ടാവിനെ മറന്ന് ആധുനികതയുടെ പ്രണേതാക്കളാകുന്നു. ജീവിക്കുന്ന നിമിഷങ്ങളോരോന്നും പറുദീസാവത്കരിക്കുകയാണവര്‍. പരമവും യാഥാര്‍ത്ഥ്യവുമായ സ്വര്‍ഗീയ ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ കുറഞ്ഞു കൊണ്ടിരിക്കുന്നു. ദൈവഭയം അന്യമായിക്കൊണ്ടിരിക്കുന്നു. ദീര്‍ഘദൂരം സഞ്ചരിക്കുന്ന പഥികന്റെ യാത്രയിലെ വിശ്രമ സമയത്തെ ‘ചെറിയൊരു ഇടവേള’ എന്ന നിലയിലാണ് പ്രവാചകന്‍ ലൌകിക ജീവിതത്തെ പരിചയപ്പെടുത്തിയത്. എന്നിട്ടും മനുഷ്യന്‍/ മുസ്ലിംകള്‍ എന്തുകൊണ്ടാണ് ബോധമില്ലാതെ അപഥ ജീവിതം തുടരുന്നത്?

    നന്മ കല്‍പിക്കാനുള്ള ബാധ്യതയേറുകയാണ്. പുതിയ കാലത്ത് വര്‍ദ്ധിക്കുകയാണ്. സ്വജീവചരിത്രം പ്രകാശമാനവും നൈതികതയിലധിഷ്ഠിതവും ആയവര്‍ക്കാണ് ഇരുള്‍മുറ്റിയ കാലത്ത് വിളക്കുമാടമായി കത്തിനില്‍ക്കാനാവുക. ‘സമരമാണ് ജീവിതം’ എന്ന സന്ദേശത്തിന്റെ കാതലും അതാണ്.

You must be logged in to post a comment Login