സര്‍സയ്യിദില്‍ ചിറകടിച്ച കാലം

kasimയൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട പ്രാഥമിക കൂടിച്ചേരല്‍ കാമ്പസിനകത്തെ കശുമാവിന്‍ തണലിലായിരുന്നു. എസ്എസ്എഫിന്റെ കാലിക പ്രസക്തിയെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയാവുന്ന ഭാഷയില്‍ ഒരു നോട്ടീസ് അടിച്ചു വിതരണം ചെയ്യുകയുണ്ടായി. ‘പുതിയ തലമുറ വഴിതെറ്റിപ്പോകാതിരിക്കാന്‍’ എന്നു തുടങ്ങുന്ന നോട്ടീസ് വാചകത്തിന്റെ അരികില്‍ ‘കുട്ടികളുടെ ഭാവി അവരെ ഉണ്ടാക്കിയ തന്തമാര്‍ നോക്കിക്കോളും നിങ്ങള്‍ക്ക് വേറെ പണിയില്ലേ പഴഞ്ചന്മാരേ’ എന്ന അര്‍ത്ഥത്തിലുള്ള കമന്റുകള്‍ വച്ചായിരുന്നു സര്‍സയ്യിദ് കാമ്പസിന്റെ ആദ്യ പ്രതികരണം. 
കാസിം ഇരിക്കൂര്‍

     എഴുപതുകളുടെ രണ്ടാം പാദം. അടിയന്തരാവസ്ഥയുടെ പ്രക്ഷുബ്ധത കാമ്പസുകളെ എരിപൊരി കൊള്ളിച്ച നിര്‍ണായക കാലം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്യുവിന്റെ ഛോട്ടാ നേതാക്കളെ കാണുമ്പോള്‍ പ്രിന്‍സിപ്പല്‍മാര്‍ പോലും സല്യൂട്ടടിക്കുന്ന ആസുരതയാണെങ്ങും. എസ്എഫ്ഐ പോലുള്ള ഇടതു പ്രസ്ഥാനങ്ങളുടെ നേതാക്കളെ ‘പുലിക്കോട’•ാര്‍ കഴുത്തിനു പിടിച്ചു ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി ഉരുട്ടിയും മൂത്രം കുടിപ്പിച്ചും രസിച്ചുകളിച്ച ഭീകരതയെക്കുറിച്ചാണ് ഞങ്ങള്‍, തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിലെ പുതുക്കക്കാരായ കോളജ്കുമാര•ാര്‍ക്ക് എന്നും കേള്‍ക്കേണ്ടി വന്നത്; അങ്ങേയറ്റത്തെ അമ്പരപ്പോടെ. കേരളത്തിലെ മുസ്ലിം രാഷ്ട്രീയാന്തരീക്ഷമാവട്ടെ, അതിമലീമസമായി നാറുകയായിരുന്നു. പിളര്‍പ്പിനു ശേഷം യൂണിയന്‍ മുസ്ലിംലീഗിന്റെയും അഖിലേന്ത്യാ ലീഗിന്റെയും അണികള്‍ സമയവും സന്ദര്‍ഭവും കിട്ടുമ്പോഴെല്ലാം തമ്മില്‍ തല്ലിയും തെരുവില്‍ വിഴുപ്പലക്കിയും സമയവും ഊര്‍ജവും പണവും പാഴാക്കുന്നതില്‍ മത്സരിക്കുകയായിരുന്നു. രണ്ട് എംഎസ്എഫുകാര്‍ പലേടങ്ങളിലും പരസ്പരം ഏറ്റുമുട്ടി ചോരയൊഴുക്കി. കലാലയാന്തരീക്ഷം ആകപ്പാടെ കലുഷിതമായ ഒരു പരിസരത്തൂടെ കടന്നുപോകുമ്പോള്‍ അരാഷ്ട്രീയ വാദത്തിലോ സ്വയം ഉള്‍വലിയാന്‍ കഴിയുന്ന മറ്റു മേഖലകളിലോ അഭയം തേടുകയാണ് ബുദ്ധി എന്ന് മനസ്സ് കൂടെക്കൂടെ ഓര്‍മപ്പെടുത്തി. വിശേഷിച്ചും, സര്‍സയ്യിദിലെ പഠനത്തോടൊപ്പം തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്ലാം അറബികോളജില്‍ ‘മുതഅല്ലിമീങ്ങളായി’ തുടരുന്ന ഒരു ഡസനോളം വരുന്ന, ഞങ്ങളെപ്പോലുള്ള വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു ബദല്‍ കര്‍മവേദി കണ്ടെത്തുക അനിവാര്യമായി മാറുകയായിരുന്നു.

    എഴുപതുകളിലെ ഖുവ്വത്തുല്‍ ഇസ്ലാമിന്റെ പ്രത്യേകത രണ്ടു നിലയിലായിരുന്നു; ഒന്ന്, പ്രഗല്‍ഭരായ ഉസ്താദുമാരുടെ സാമീപ്യം. രണ്ട്, കഴിവുറ്റ ‘മുതഅല്ലിമീങ്ങളുടെ’ സാന്നിധ്യം. രണ്ടു ഘടകങ്ങളും ഒന്നിച്ചപ്പോള്‍ സ്ഥാപനം ഉത്തുംഗതയിലെത്തിയത് സ്വാഭാവികം. പരിനിഷ്ഠിതമായ ജ്ഞാനം കൊണ്ട് അനുഗൃഹീതനായ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരും സുന്നി ആശയങ്ങളെ സ്ഫടികസ്ഫുടതയോടെ പരാവര്‍ത്തനം ചെയ്യുന്ന വി പി എം വില്യാപ്പള്ളിയും അധ്യാപനത്തിന് നേതൃത്വം കൊടുത്ത ആ കാലഘട്ടത്തിന്റെ പ്രഭാവം ഓര്‍മയിലെത്തുന്നത് കാഞ്ഞങ്ങാട് ഖാളി പി എ അബ്ദുല്ല മുസ്ലിയാരുടെയും കോയ്യോട് അബ്ദുല്ല മൌലവിയുടെയും ചിത്താരി ഹംസ മുസ്ലിയാരുടെയും പട്ടുവം അബൂബക്കര്‍ മൌലവിയുടെയുമൊക്കെ ഇടയ്ക്കിടെയുള്ള സന്ദര്‍ശനം കാമ്പസിനു നല്‍കിയ സജീവതയാണ്. സഹസ്രശോഭിതമായ പണ്ഡിതശ്രേഷ്ഠര്‍ക്ക് പ്രതീക്ഷ നല്‍കിയ കുറെ ശിഷ്യന്മാര്‍ അന്ന് ഖുവ്വത്തിന്റെ വിളക്കായി വെളിച്ചം വിതറുന്നുണ്ടായിരുന്നു. രാമന്തളി കോയമ്മ തങ്ങള്‍, പി എ കെ മുഴപ്പാല, അബ്ദുല്ല കടമേരി, അബ്ദുല്‍കരീം വേശാല, അഹമ്മദ് കെ മാണിയൂര്‍ (രാഷ്ട്രീയ നേതാവായിരുന്ന അഡ്വ. അഹമ്മദ് മാണിയൂര്‍ അല്ല) തുടങ്ങിയ മുതഅല്ലിമീങ്ങള്‍ അറബിക്കോളജിന്റെ പ്രതിനിധാനങ്ങളായി സര്‍ സയ്യിദ് കോളജിലേക്ക് നീങ്ങുമ്പോള്‍ കാമ്പസ് സ്വയമേവ ആത്മീയ സ്പര്‍ശം ഏറ്റുവാങ്ങുകയായിരുന്നുവെന്ന് പറയാം. തൊപ്പിധരിച്ച കോളജ് വിദ്യാര്‍ത്ഥികളെക്കണ്ട് എന്നെ കോളജില്‍ ചേര്‍ത്താന്‍ വന്ന ജ്യേഷ്ഠന്‍ അത്ഭുതം കൂറിയത് ഇന്നുമോര്‍ക്കുന്നു. ഞാനും അബ്ദുല്‍ കരീമും പീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കാമ്പസിനകത്ത് സദാ ഇസ്തിരിത്തൊപ്പിയിട്ട് നടക്കാന്‍ ധൈര്യം കാട്ടിയിരുന്ന കോയമ്മ തങ്ങളും കറുത്ത വള്ളിത്തൊപ്പിയിട്ട് പ്രസംഗ മത്സരവേദികളിലും മറ്റും മതമൂല്യങ്ങളുടെ സ്വരം കേള്‍പ്പിച്ച പി എ കെ മുഴപ്പാലയും ഞങ്ങള്‍ക്ക് ആവേശവും വഴികാട്ടികളുമായിരുന്നു. പി എ കെ മുഴപ്പാല, 1973 ഏപ്രില്‍ 29ന് രൂപീകൃതമായ സുന്നി സ്റുഡന്റ്സ് ഫെഡറേഷന്റെ (എസ്എസ്എഫ്) പ്രഥമ കണ്ണൂര്‍ ജില്ലാ കാര്യദര്‍ശിയാണെന്നാണ് ഓര്‍മ.

   എങ്കിലും രാഷ്ട്രീയ കിങ്ങിണിക്കുട്ട•ാര്‍ ഉഴുതുമറിക്കുന്ന കോളജ് കാമ്പസിനകത്ത് എസ്എസ്എഫ് പോലുള്ള ഒരു വിദ്യാര്‍ത്ഥി കൂട്ടായ്മ കടന്നുകയറുക എന്നത് അക്കാലത്ത് അചിന്ത്യമായിരുന്നു. കോളജ്കുമാര•ാരെക്കുറിച്ച് അന്നത്തെ സങ്കല്‍പത്തില്‍ ഒരു നിലക്കും യോജിക്കുന്നതായിരുന്നില്ല എസ്എസ്എഫിനെക്കുറിച്ച പൊതുവായ കാഴ്ചപ്പാട്. മാത്രമല്ല, ഏതാനും മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന നാമാക്ഷരമായിരുന്നു അഞ്ചുവര്‍ഷം മുമ്പ് ഉയിരെടുത്ത പ്രസ്ഥാനം. കോളജ് കുമാര•ാര്‍ സുന്നികളുടെ പേരില്‍ പ്രസംഗിക്കുക, അല്ലെങ്കില്‍ സംഘടിക്കുക എന്നൊക്കെ പറയുമ്പോള്‍ ആര്‍ക്കും ചിരിപൊട്ടും. എന്തുകൊണ്ടോ കോയമ്മ തങ്ങളും പി എ കെ മുഴപ്പാലയും എസ്എസ്എഫിന്റെ യൂണിറ്റ് രൂപീകരിക്കാതെ പോയ ഭൂമികയില്‍ ഞങ്ങള്‍ ഒരു പരീക്ഷണത്തിനിറങ്ങി. (ഓര്‍മയില്‍ നിന്നെടുത്ത് എഴുതുന്നതാണ്; വസ്തുതാപരമായ പിഴവ് സംഭവിച്ചേക്കാം) അബ്ദുല്‍ കരീം വേശാലയും (തലയില്‍ നിന്ന് ഒരിക്കലും തൊപ്പി എടുത്തുമാറ്റാത്ത, ശുഭ്രവസ്ത്രധാരിയും ദൈവഭക്തനുമായ എന്റെ ഈ സതീര്‍ത്ഥ്യന്‍ ഇപ്പോള്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ആണെന്നാണ് അറിവ്) ചപ്പാരപ്പടവ് സ്വദേശികളായ ഹസൈനാര്‍ ഹാജിയും മുഹമ്മദ് കുഞ്ഞിയും (ഇരുവരും ഇപ്പോള്‍ അറിയപ്പെടുന്ന ഡോക്ടര്‍മാരാണ്) ഈ കുറിപ്പുകാരനുമൊക്കെ ചേര്‍ന്ന് ഒരു സായാഹ്നത്തില്‍ സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ പേരില്‍ അലീഗറിന് പുറത്തുള്ള ഏക കലാലയമായ സര്‍ സയ്യിദ് കോളജില്‍ യൂണിറ്റ് രൂപവത്കരിച്ചു. കരീം പ്രസിഡന്റും ഞാന്‍ സെക്രട്ടറിയുമാണെന്നാണ് ഓര്‍മ. യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട പ്രാഥമിക കൂടിച്ചേരല്‍ കാമ്പസിനകത്തെ കശുമാവിന്‍ തണലിലായിരുന്നു. എസ്എസ്എഫിന്റെ കാലിക പ്രസക്തിയെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയാവുന്ന ഭാഷയില്‍ ഒരു നോട്ടീസ് അടിച്ചു വിതരണം ചെയ്യുകയുണ്ടായി. രാഷ്ട്രീയ നേതാക്കളായ മുസ്ലിമിതര സുഹൃത്തുക്കളില്‍ പലരും ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഘടനയെക്കുറിച്ചു തന്നെ കേള്‍ക്കുന്നത്. ഞങ്ങള്‍ വിതരണം ചെയ്ത നോട്ടീസിലെ ഏതാനും വാചകങ്ങളില്‍ കയറിപ്പിടിച്ച് അതിന്റെ അരികില്‍ വൃത്തികെട്ടതും അശ്ളീലകരവുമായ കമന്റുകള്‍ എഴുതിച്ചേര്‍ത്താണ് ചിലര്‍ ഞങ്ങള്‍ക്ക് തിരിച്ചുതന്നത്. ‘പുതിയ തലമുറ വഴിതെറ്റിപ്പോകാതിരിക്കാന്‍’ എന്നു തുടങ്ങുന്ന നോട്ടീസ് വാചകത്തിന്റെ അരികില്‍ ‘കുട്ടികളുടെ ഭാവി അവരെ ഉണ്ടാക്കിയ തന്തമാര്‍ നോക്കിക്കോളും, നിങ്ങള്‍ക്ക് വേറെ പണിയില്ലേ പഴഞ്ചന്മാരേ’ എന്ന അര്‍ത്ഥത്തിലുള്ള കമന്റുകള്‍ വരെ കുറിച്ചിട്ടിരുന്നു.

    പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു അന്ന് സംസ്ഥാന പ്രസിഡന്റ്; എ കെ ഇസ്മാഈല്‍ വഫ ജന.സെക്രട്ടറിയും. ഞങ്ങള്‍ ആരോടെങ്കിലും ചോദിച്ചിട്ടോ ഉപദേശം തേടിയോ ആയിരുന്നില്ല ഈ ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചത്. അങ്ങനെയൊന്ന് ആവശ്യമാണെന്ന് അന്തഃകരണം സ്വയം ഉണര്‍ത്തുന്നതായിത്തോന്നി എന്നു മാത്രം. റമളാന്‍ ആഗതമായപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പ്രഭാഷണം സംഘടിപ്പിക്കാമെന്ന് ആഗ്രഹമുദിച്ചു. വേങ്ങാട് വരെ ചെന്ന് ഒരു യുവപ്രസംഗകനെ ക്ഷണിച്ചു. നോട്ടീസ് കണ്ടപ്പോള്‍ ചിലര്‍ക്ക് താല്‍പര്യമായി. അന്ന് അറബിക് വിഭാഗം തലവനായിരുന്ന പ്രൊഫ. ഹമീദ് സാഹിബ് മനസ്സുകൊണ്ട് ഞങ്ങളോടൊപ്പമുണ്ടെന്ന് അപ്പോഴാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. തളിപ്പറമ്പ് ഖുവ്വത്തില്‍ രണ്ടുമണിക്ക് എത്തുമെന്ന് വാക്കു തന്ന പ്രഭാഷകനെത്തേടി ഒരു പിരിയഡ് കട്ട് ചെയ്തു ഒരു മണിമുതലേ കാത്തിരിക്കാന്‍ തുടങ്ങി. ഇന്നത്തെപോലെ വാര്‍ത്താ വിനിമയ സൌകര്യങ്ങള്‍ ഇല്ലാത്ത കാലമല്ലേ? മൂന്നുമണിയായിട്ടും പ്രസംഗകന്‍ എത്തിയില്ല. നോമ്പുനോറ്റു ക്ഷീണിച്ചതിന്റെ കൂടെ നിരാശയും കൂടി ബാധിച്ചപ്പോള്‍ നമസ്കാര ഹാളില്‍ തളര്‍ന്നുറങ്ങിപ്പോയി. അഞ്ചുമണിക്ക് സഹപ്രവര്‍ത്തകര്‍ വന്നു മുട്ടിവിളിച്ചപ്പോഴാണ് അതിഥിയുടെ അഭാവത്തില്‍ പരിപാടി ശുഷ്ക്കമായ രീതിയിലെങ്കിലും നടന്നുവെന്നും നല്ലൊരു പ്രസംഗകന്‍ ഉണ്ടായിരുന്നുവെങ്കില്‍ നല്ലൊരു സദസ്സിനെ ലഭിക്കുമായിരുന്നുവെന്നും അറിയാന്‍ കഴിഞ്ഞത്.

    പ്രമുഖ രാഷ്ട്രീയ നേതാക്കളിലാരെങ്കിലും മരിച്ചാല്‍ സ്ഥാപനത്തിന് അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി നേതാക്കള്‍ പ്രിന്‍സിപ്പലിനെ സമീപിച്ചാല്‍ അര്‍ഹിക്കുന്നവരാണെങ്കില്‍ അവധി നല്‍കുകയാണ് പതിവ്. സിപിഎം നേതാവ് പാട്യം ഗോപാലന്‍ അടക്കം മൂന്നാലുപേരുടെ മരണത്തില്‍ അനുശോചിക്കാന്‍ അടുത്തടുത്ത കാലത്ത് അവധി കൊടുത്തത് ഓര്‍ക്കുന്നു. അതിനിടയിലാണ് സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റായിരുന്ന, സൂഫിവര്യന്‍ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍ ഇഹലോകവാസം വെടിയുന്നത്. മുസ്ലിം മാനേജ്മെന്റിനു കീഴില്‍ നടത്തപ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ ഏക കലാലയം എന്ന സ്ഥിതിക്ക് അവധിക്കുവേണ്ടി പ്രസിപ്പലിനെ സമീപിച്ചാലോ എന്ന് ഞങ്ങളാലോചിച്ചു. മൂന്നാലുപേര്‍ പ്രിന്‍സിപ്പലിന്റെ മുറിക്കടുത്ത് എത്തിയപ്പോള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പ്രഫ. ടി പി മുഹമ്മദ് കുഞ്ഞ് സാഹിബും (ഇദ്ദേഹം മുസ്ലിംലീഗ് നേതാവ് കൂടിയായിരുന്നു) പ്രൊഫ. ഹമീദ് സാഹിബും ഗൌരവമേറിയ ചര്‍ച്ചയിലായിരുന്നു. സലാം ചൊല്ലി ഞങ്ങള്‍ വിഷയം തുടങ്ങിയപ്പോള്‍ തന്നെ പറഞ്ഞു: ‘നിങ്ങള്‍ എന്തുകൊണ്ടാണ് വരാത്തതെന്ന് ഞങ്ങള്‍ ചിന്തിക്കുകയായിരുന്നു’ എന്ന്. ഉടന്‍ കോളജിന് അവധി നല്‍കി. കേരളത്തിലെ മറ്റേതെങ്കിലും കലാലയത്തിന് അന്ന് അവധിയായിരുന്നുവോ എന്നറിയില്ല.

    മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നുവെങ്കിലും സുന്നി പ്രസ്ഥാനത്തിന് വേരോട്ടമുള്ള നാടായിരുന്നില്ല തളിപ്പറമ്പ്. ഭ്രാന്തമായ സമുദായ രാഷ്ട്രീയം, തബ്ലീഗ് പ്രസ്ഥാനത്തോടുള്ള സമ്പന്നരുടെ ആഭിമുഖ്യം തുടങ്ങിയ കാരണങ്ങളാല്‍ സുന്നി പ്രസ്ഥാനങ്ങളിലേക്ക് ആളെക്കിട്ടാന്‍ പ്രയാസമായിരുന്നു. അതുകൊണ്ട് എസ്വൈഎസ്സടക്കം ഖുവ്വത്ത് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. എസ്എസ്എഫിന്റെ നേതൃത്വം ആ നിലയില്‍ എന്റെ പിരടിയില്‍ വന്നുപതിച്ചു.

    ആയിടക്ക് എസ്എസ്എഫ് ഭാരവാഹികള്‍ക്കായി തലശ്ശേരിയില്‍ ഏകദിന ക്യാമ്പ് നടന്നു. ആദ്യമായി സംഘടനയുടെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കിട്ടിയ അവസരം. അന്ന് അവിഭക്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഹമീദ് മാസ്ററുടെ (താഴെചൊവ്വ) നിര്‍ദ്ദേശപ്രകാരം ഞാനും ചെന്നു. തലശ്ശേരി- കോഴിക്കോട് റൂട്ടിലെ ഒരു പഴയ മദ്രസയിലായിരുന്നു പരിപാടി. ഏതാനും നേതാക്കള്‍, ശുഷ്ക്കമായ അംഗങ്ങള്‍. ഒട്ടും ആകര്‍ഷകമോ ആവേശദായകമോ അല്ലാത്ത അവതരണങ്ങള്‍. സംഘടന ശൈശവത്തില്‍ തന്നെ കാലഗതി പ്രാപിച്ചുകൂടായ്കയില്ല എന്ന് ഉച്ചവരെ മനസ്സ് മന്ത്രിച്ചു. എന്നാല്‍ ഉച്ചക്ക് ശേഷം പ്രത്യക്ഷപ്പെട്ട ഇസ്മാഈല്‍ വഫയുടെ ചടുലമായ ക്ളാസ്സിന് പുതുമയുണ്ടായിരുന്നു. നവീനമായ കുറെ ആശയങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചപ്പോള്‍ അത് പ്രായോഗികമാക്കുകയാണെങ്കില്‍ എസ്എസ്എഫിന് ഭാവിയുണ്ടെന്നും സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ ഇതിലേക്ക് കടന്നുവരുമെന്നുമുള്ള പ്രതീക്ഷകള്‍ നാമ്പിട്ടു.

    എസ്എസ്എഫ് കണ്ണൂര്‍ ജില്ലാ സമ്മേളനം നടത്തണമെന്ന ആശയം അവിടെ വച്ചാണ് ആരോ മുന്നോട്ടു വച്ചത്. തളിപ്പറമ്പില്‍ വച്ചാവട്ടെയെന്നും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റായിരുന്ന കാസര്‍ക്കോട് സ്വദേശി അബ്ദുല്ലക്കുഞ്ഞി മുസ്ലിയാര്‍ ഇടക്കിടെ വന്ന് ആത്മവിശ്വാസം നല്‍കുന്നുണ്ടായിരുന്നുവെങ്കിലും ജില്ലാ സമ്മേളനത്തിനായി പ്രത്യേക സ്വാഗതസംഘം പോലും രൂപവത്കരിച്ചില്ല എന്നു കേള്‍ക്കുമ്പോള്‍ ഇന്ന് സംഘടനാ രംഗത്തുള്ളവരാരും വിശ്വസിക്കണമെന്നില്ല. കൊയ്യോട് ഉസ്താദിന്റെ സഹോദരീ പുത്രനും ഖുവ്വത്തിലെ അധ്യാപകനുമായ മുഹമ്മദ് കുഞ്ഞി മുസ്ലിയാരും ഞാനും മാത്രമാണ് തളിപ്പറമ്പില്‍ കാര്യങ്ങള്‍ നിയന്ത്രിക്കാനായി ഉണ്ടായിരുന്നത്. തളിപ്പറമ്പ് മാര്‍ക്കറ്റിനകത്തെ ഗ്രൌണ്ടായിരുന്നു സമ്മേളന വേദി. ഉദ്ഘാടകനായി സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍. വേണ്ടത്ര പബ്ളിസിറ്റിയൊന്നുമില്ലാത്ത ഒരു തട്ടിക്കൂട്ടല്‍. ഇന്ന് സംഘടനയുടെ പ്രാദേശിക പരിപാടി പോലും എത്ര ശാസ്ത്രീയമായും ജനപങ്കാളിത്തത്തോടെയുമാണ് സംഘടിപ്പിക്കപ്പെടുന്നതെന്ന് ചിന്തിക്കുമ്പോള്‍ മൂന്നര പതിറ്റാണ്ടിനിടയില്‍ നടന്നുതീര്‍ത്ത കാതങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തതാണെന്ന് ആരും സമ്മതിച്ചുകൊടുക്കും. നാല്‍പതാം വാര്‍ഷിക സമ്മേളനത്തിന് കൊച്ചി മഹാനഗരി വേദിയാവുമ്പോള്‍ മെട്രോപൊളിറ്റന്‍ സിറ്റിയുടെ പ്രഭാവത്തിനനുസൃതമായ പ്രചാരണ പരിപാടികള്‍ കൊഴുപ്പിക്കുന്നത് അല്പം ദൂരെ നിന്നു വീക്ഷിക്കുമ്പോള്‍ ജഗന്നിയന്താവിന് സ്തോത്രങ്ങള്‍ ചൊല്ലുകയാണ് അന്തരാളം. കണ്ണൂര്‍ ജില്ലാ സമ്മേളനം ശുഷ്കമായ സദസ്സിനെ സാക്ഷിനിര്‍ത്തി പൂര്‍ത്തിയായപ്പോള്‍ എന്റെ ചുമതല അല്പം കൂടി; ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

   നാല്‍പതു വര്‍ഷം എത്ര പെട്ടെന്നാണ് കടന്നുപോയത്? ശൈശവത്തില്‍ ഞങ്ങളുടേത് പോലുള്ള ദുര്‍ബല കരങ്ങള്‍ താലോലിച്ച ആ പൈതല്‍, കണ്ണുചിമ്മിത്തുറന്നപ്പോഴേക്കും വളര്‍ന്നുവലുതായത് കണ്ടില്ലേ? രാഷ്ട്രീയാതിപ്രസരത്താല്‍ ഞെരിഞ്ഞമരുന്ന കേരളം പോലൊരു ഊഷര മണ്ണില്‍ എങ്ങനെ സംഘടന താഴ്വേരിറക്കുകയും പുഷ്കലമാവുകയും ചെയ്തു എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ; കാലത്തിന്റെ ചുവരെഴുത്ത് വായിച്ച്, നവംനവങ്ങളായ ആശയങ്ങളിലൂടെ പുതിയ തലമുറയിലേക്ക് കടന്നുചൊല്ലാനുള്ള ഔല്‍സുക്യം ഉത്തുംഗശൃംഗത്തിലേക്കുള്ള സരണി എളുപ്പമാക്കി. സ്വന്തം ജിഹ്വയിലൂടെ കാലത്തെ വായിച്ചെടുക്കാന്‍ നടത്തിയ അശ്രാന്തപരിശ്രമം ഉല്‍പതിഷ്ണുക്കള്‍ എന്ന് സ്വയം അവകാശപ്പെടുന്നവര്‍ക്കു പോലും മാതൃകയായി. അന്ധവും ആത്മാഭിമാനശൂന്യവുമായ പരാനുകരണത്തിന്റെ പാത തിരഞ്ഞെടുക്കാതിരുന്നത് ‘സുന്നിസ്വത്വം’ അതിന്റെ തനിമയോടെ കാത്തു സൂക്ഷിക്കാന്‍ ത്രാണി നല്‍കി.

    ഒരു കാലത്ത് സുന്നി പ്രസ്ഥാനങ്ങള്‍ക്ക് നേരിടാന്‍ ഉണ്ടായിരുന്നത് ‘പുത്തന്‍ പ്രസ്ഥാനക്കാര്‍’ എന്ന് വിശേഷിപ്പിക്കാറുള്ള വ്യതിചലനക്കാരെ മാത്രമായിരുന്നു; ആഗോളതലത്തിലാണെങ്കില്‍ കമ്യൂണിസത്തെയും. പടനിലം പിന്നീടങ്ങോട്ട് കൂടുതല്‍ പ്രവിശാലമായി. ജീവിതം തന്നെ നാനാവിധത്തിലുള്ള സമരപോരാട്ടങ്ങളുടെ ഗോദയാണെന്ന് തിരിച്ചറിഞ്ഞു. കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ മുഖ്യപ്രസംഗകനു പോലും ‘മതം കറുപ്പാണ്’ എന്ന് പറഞ്ഞ മാര്‍ക്സിനെ മാത്രമേ ഖണ്ഠിക്കാനുണ്ടായിരുന്നുള്ളൂ. ഇന്ന് ഒരു ഭാഗത്ത് സാമ്രാജ്യത്വ ശക്തികള്‍ എന്ന ദുഷ്ട അച്ചുതണ്ടിനെ നേരിടണം. പടിഞ്ഞാറിന്റെ ഈ ആസുരശക്തിയാണ് ഇബ്ലീസ് എന്ന് വ്യാഖ്യാനിച്ച മുഹമ്മദ് അസദിന് (മക്കയിലേക്കുള്ള പാതയുടെ കര്‍ത്താവ്) നമോവാകം. കഴിഞ്ഞ നൂറ്റാണ്ടില്‍ നാസിസവും ഫാഷിസവുമാണ് മനുഷ്യകുലത്തിന് മുന്നിലെ ഏറ്റവും കരുത്തുറ്റ നശീകരണ പ്രത്യയശാസ്ത്രമെങ്കില്‍ ഇന്ന് സയണിസം ആഗോളതലത്തില്‍ നാശം വിതക്കാനും ഇസ്ലാമിക ശക്തികളെ നാമാവേശമാക്കാനും ആസൂത്രിത പദ്ധതികളാവിഷ്കരിച്ച് മുന്നോട്ടു പോവുകയാണ്. ഒരു സംസ്കൃതിയെ ഇകഴ്ത്തിക്കെട്ടാനും നാഗരികതയെ രാക്ഷസീയവത്കരിക്കാനുമുള്ള കുടില തന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ് അവയെ പ്രതിരോധിക്കാന്‍ മീഡിയയെ ശക്തമായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞതാണ് എസ്എസ്എഫിനെ പോലുള്ള കൂട്ടായ്മകള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കരുത്ത് പകര്‍ന്നത്. ചിന്തയുടെ ഭ്രമണപഥത്തിലേക്ക് മൂല്യവത്തായ ഒരു സംസ്കൃതിയെ ലോഞ്ച് ചെയ്യാന്‍ വേദികള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ ശീലിച്ചതും എല്ലാറ്റിനും അടുക്കും ചിട്ടയും കൊണ്ടുവന്നതും നാല്‍പത് സംവത്സരങ്ങള്‍ കൊണ്ട് ഈ വിദ്യാര്‍ത്ഥി കൂട്ടായ്മയെ ഭാവിയുടെ കാലവിശാലതയിലേക്കുകൂടി ഇണങ്ങുന്ന പ്രസ്ഥാനമാക്കി മാറ്റിയെടുത്തു.

    സര്‍സയ്യിദ് കോളജിനോട് വിടപറയുമ്പോള്‍ ഉപരിപഠനം ഏത് കലാലയത്തിലെന്ന ചോദ്യം മനസ്സിനെ അലട്ടിയ നിര്‍ണായക ഘട്ടത്തില്‍ തുണയായതും പ്രസ്ഥാനത്തിലൂടെ നേടിയെടുത്ത സൌഹൃദമായിരുന്നു. അരീക്കോട് എളയൂര്‍ സ്വദേശിയും എസ്എസ്എഫ് സംസ്ഥാന വൈ.പ്രസിഡന്റുമായിരുന്ന ടി പി അബൂക്കറാണ് അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലേക്കുള്ള വഴി കാണിച്ചു തന്നത്. അന്ന് അദ്ദേഹം അവിടെ എംഎസ്സി വിദ്യാര്‍ത്ഥിയായിരുന്നു. അപേക്ഷാഫോറം അയച്ചുതന്നതും അലീഗര്‍ പട്ടണത്തിലേക്ക് ആദ്യമായി ഏതിരേറ്റതും ഒടുവില്‍ അഡ്മിഷന്‍ എടുത്തുതന്നതുമെല്ലാം അദ്ദേഹത്തിന്റെ രക്ഷാകര്‍തൃത്വത്തിന് കീഴിലായിരുന്നു. തണുത്തുറഞ്ഞ രാവുകളുടെ അവസാന യാമങ്ങളില്‍ ‘ഇന്‍ട്രഡക്ഷന്‍’ എന്ന പേരില്‍ റാഗിംഗിന്റെ വൃത്തികെട്ട നമ്പറുകള്‍ അനുഭവിക്കേണ്ടി വന്നപ്പോള്‍ നിറഞ്ഞ കണ്ണുകളോടെ മലയാളികളുടെ മെസ്സിന്റെ മൂലയിലോ സുലൈമാന്‍ ഹാളിലെ ഇരുപത്തൊന്നാം നമ്പര്‍ മുറിയുടെ ഇരുണ്ട കോണിലോ കുനിഞ്ഞിരിക്കുമ്പോള്‍ തോളില്‍ തട്ടി ‘സാരമില്ല, ഈ അനുഭവങ്ങളൊക്കെ പിന്നീട് ഓര്‍ക്കുമ്പോള്‍ കളിയായിത്തോന്നും’ എന്ന് ആശ്വസിപ്പിക്കാന്‍ അദ്ദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അലിഗര്‍ കേന്ദ്രമാക്കി എസ്എസ്എഫിന് ദേശീയ തലത്തില്‍ ഒരു സംഘടനാ സെറ്റപ്പിനെക്കുറിച്ച് അബൂബക്കര്‍ സാഹിബ് അന്ന് ആലോചിച്ചത് ഓര്‍ക്കുന്നു. (സിമി രൂപം കൊള്ളുന്നത് എഴുപതുകളില്‍ അലീഗര്‍ കാമ്പസില്‍ നിന്നാണല്ലോ). എന്തുകൊണ്ടോ ആ ആഗ്രഹം പൂവണിഞ്ഞില്ല. എന്നാല്‍ ഞങ്ങള്‍ വേദന അനുഭവിക്കേണ്ടി വന്ന സാഹചര്യം ഇനി ഉണ്ടാവരുത് എന്ന ചിന്തയോടെ ‘മുസ്ലിം മജ്ലിസ്’ എന്ന വ്യതിരിക്തമായ ഒരു കൂട്ടായ്മക്ക് രൂപം നല്‍കി. (ചരിത്രകാരനായ പ്രഫ. ഹബീബ് ഇംഗ്ളണ്ടില്‍ പഠിച്ച കാലത്ത് അവിടെ ആ പേരില്‍ ഒരു കൂട്ടായ്മയുണ്ടാക്കിയിരുന്നു.) പുതുതായി കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികളെ റാഗ് ചെയ്യുന്നതിനു പകരം അവര്‍ക്കുവേണ്ട സഹായ സഹകരണങ്ങള്‍ നല്‍കുകയായിരുന്നു ലക്ഷ്യം. ഒപ്പം അക്കാദമിക കാര്യങ്ങളില്‍ ചര്‍ച്ച നടത്തുക എന്നതും. ആരൊക്കെയാണ് ഈ ഉദ്യമത്തിന് പിന്നിലെന്നറിയുമ്പോള്‍ ഞങ്ങളുടെ വിചാരഗതിയുടെ അന്തര്‍ധാര എന്തെന്ന് സ്വയം മനസ്സിലാക്കാനാവും. ഹുസൈന്‍ രണ്ടത്താണി, പ്രൊഫ. അലിയസ്സന്‍കുട്ടി (ഫാറൂഖ് കോളജ്), ആബിദ് ഹുസൈന്‍ (പരേതനായ കെ കെ എസ് തങ്ങളുടെ പുത്രനും ഇപ്പോള്‍ മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റുമായ ഇദ്ദേഹവും കോളജ് അധ്യാപകനാണ്), ഡോ. ഖലീല്‍ (സര്‍സയ്യിദ് കോളജ് പ്രിന്‍സിപ്പല്‍)… നീളുന്നതല്ല ഈ പട്ടിക. ചരിത്രകാരനായ ഡോ. വി കുഞ്ഞാലി, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സൂപ്രണ്ട് കെ കെ മുഹമ്മദ് എന്നിവരായിരുന്നു ഞങ്ങളുടെ പാട്രണ്‍മാര്‍. കേരളത്തില്‍ നിന്ന് കാതങ്ങള്‍ അകലെ കഴിഞ്ഞപ്പോഴും സൂഫിസത്തെക്കുറിച്ചും സുന്നികളെക്കുറിച്ചും ആഴത്തില്‍ ചര്‍ച്ച ചെയ്യാന്‍ എന്തായിരുന്നു പ്രചോദനം എന്ന് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഉള്ളകം ചിരിക്കുകയാണ്. ‘സുന്നിസം’ എന്നത് തലമുറകള്‍ കൈമാറുന്ന ഒരു മൂല്യവിചാരത്തിന്റെ അന്തസ്സത്തയല്ലേ എന്ന് സ്വയം ചോദിച്ചു പോകുന്നു.

2 Responses to "സര്‍സയ്യിദില്‍ ചിറകടിച്ച കാലം"

  1. SHAFEEKH  May 11, 2013 at 3:02 pm

    അല്ലാഹു സാക്ഷി ഞാന്‍ ഇത് വരെ കരുതിയിരുന്നത് എന്റെ പ്രിയപ്പെട്ട എഴുത്തുകാരനായ കാസിം ഇക്ക … കാഴ്ചക്കപ്പുറം എന്ന പക്തിയിലൂടെ ലോകത്തെ പരിജയപ്പെടുത്തിയ കാസിം ഇക്ക സുന്നിയല്ല എന്നായിരുന്നു കാരണം അദ്ദേഹം ജോലി ചെയ്തിരുന്നത് മാധ്യമത്തില്‍ ആയിരുന്നല്ലോ ,,,, ഒരിക്കല്‍ ജിദ്ദയില്‍ വെച്ച് ഞാന്‍ അദ്ധേഹത്തെ കാണാന്‍ പോയി രിസാല വായിച്ച് കാസിം ഇക്ക അപ്പോഴേക്കും എനിക്കൊരു വിസ്മയം ആയി മാറിയിരുന്നു, R S C ജിദ്ദ ഓഫീസ് സെക്രടറി ആയിരുന്ന നിസാര്‍ ഇക്കയോട് കാസിം ഇക്കയുടെ ഓഫീസ്സ് നില്‍ക്കുന്ന സ്ഥലം ചോതിച്ച്‌ സ്ഥലം മനസ്സിലാക്കി, അങ്ങനെ ഒരു ദിവസം രാത്രി പത്തുമണിക്ക് ശേഷം ഞാന്‍ കാസിം ഇക്കയുടെ ഓഫീസില്‍ പോയി അദ്ധേഹത്തെ കണ്ടു , കണ്ടമാത്രയില്‍ എനിക്കൊന്നും പറയാന്‍ തന്നെ കിട്ടിയിരുന്നില കാരണം ഞാന്‍ അദ്ധേഹത്തെ അത്രമാത്രം സ്നേഹിച്ചിരുന്നു ,, ഞങ്ങള്‍ ഒരു അഞ്ഞുമിനിട്ട് സംസാരിച്ചു അപ്പോളെല്ലാം നിങ്ങള്‍ ഒരു സുന്നിയാണോ എന്ന് ചോതിക്കണം എന്ന് എനിക്കുണ്ടായിരുന്നു പക്ഷെ എന്റെ മനസ്സ് എന്നെ വിലക്കി എന്തെന്ന് വെച്ചാല്‍ അഥവാ അദ്ദേഹം സുന്നിയല്ല എന്നെങ്ങാനം എന്നോട് മറുപടി പറഞ്ഞാല്‍ എനിക്കത് താങ്ങാന്‍ കഴിയില്ലായിരുന്നു അതിനാല്‍ ബോധാപൂരവം ഞാന്‍ ആ ചോദ്യം ഒഴിവാകി, അദ്ദേഹം നമ്മുടെ പരിപാടികളില്‍ സഹകരിക്കുന്നുണ്ടെങ്കിലും മേല്പറഞ്ഞ ചോദ്യം എന്നെ അലട്ടിക്കൊണ്ടിരുന്നു …. അല്ലാഹുവിന് സ്തുതി ഞാന്‍ ഏറെ സ്നേഹിക്കുന്ന ഈ അനുഗ്രഹീത എഴുത്തുകാരന്‍ സുന്നിയാണല്ലോ എന്ന സത്യം എന്നെ വല്ലാതെ ആവേശം കൊള്ളിക്കുന്നു …

  2. yousuf  July 23, 2013 at 10:05 am

    കുമാരൻമാർ എന്ന് മേനി നടിച്ചിരുന്ന ഹിപ്പിയും ബെൽബോട്ടവും ഫാഷനായിരുന്ന രാഷ്ട്രീയ ‘കിങ്ങിണിക്കുട്ടൻമാർ’ അടക്കി വാണിരുന്ന കലാലയാന്തരീക്ഷത്തിലാണ് സ്വയം തെരഞ്ഞെടുത്ത വ്യതിരിക്തമായ വഴിയിലൂടെ ഒരുകൂട്ടം വിദ്യാർത്ഥികൾ കാമ്പസിനകത്ത് ആത്മീയ സ്പർശമാകുന്നത്, ഇതിനു പ്രേരകമായ ഖുവ്വത്തുൽ ഇസ്‌ലാമും അവിടുത്തെ പണ്ഡിതരും കാണിച്ച ധീരമായ കാൽവെപ്പ്‌ ‘കാമ്പസ് കുമാര’ സങ്കൽപത്തെതന്നെ തിരുത്തിയെഴുതി, സമന്വയ വിദ്യാഭ്യാസം എന്നോരജണ്ഡ സുന്നീ സമൂഹത്തിൽ രൂപപ്പെട്ടു…
    സർസയ്യിദിലെ ഈ വിദ്യാർത്ഥികളാണ് സുന്നി വിദ്യാർത്ഥി പ്രസ്ഥാനത്തിന് ബീജാവാപം നൽകുന്നതിലും അതിൻറെ നിർമിതിയിലും ഉൾപെട്ട പ്രമുഖ സ്ഥാനീയർ എന്നത് ഏറേ പ്രസക്തമാണ്.

    ഇന്ന് വിദ്യാഭ്യാസ മേഘലയിൽ മുസ്ലിം സമൂഹം ഏറെ മുന്നേറി
    സ്കൂൾ തലം ഏറെക്കുറെ സ്വന്തമായി രൂപപ്പെടുത്തി
    പ്രസ്ഥാനം വളർന്ന് പന്തലിച്ചു,
    കാമ്പസുകളിലേതിനേക്കാൾ ഗ്രാമങ്ങളിൽ അതിന്റെ ഘടകങ്ങൾ വികസിച്ചു

    പ്രാസ്ഥിനിക സ്ഥാപനങ്ങൾ വിദ്യ നൽകി ആയിരങ്ങളെ സമൂഹത്തിനു സമ്മാനിച്ചു

    മുസ്‌ലിം കള്‍ക്കിടയിലെ ഈ വളർച്ചക്കനുക്രമമായ ഒരു ഔട്ട് കം ഇന്ന് കാമ്പസുകളിൽ നിന്നും സമുദായത്തിനു ലഭിക്കുന്നുണ്ടോ.
    ഉന്നത വിദ്യാഭ്യാസ മേഘല ചുരക്കം തലങ്ങളിൽ ഒതുങ്ങി നിന്ന,സംഘടനാ പ്രവർത്തനങ്ങളിൽ സുന്നീ മാതൃകകളി

    ല്ലാതിരുന്ന ഒരു ‘അവികസിത’ കാലത്ത് ‘മുതഅല്ലിം കുമാരൻമാരുടെ’ ഈ അതിജീവന മാതൃക ഇന്നും പ്രസക്തമാണ്.

    നാൽപത്‌ പിന്നിടുന്ന,എണ്ണമറ്റ റിസോഴ്സുകളുള്ള കേരളത്തിലെ ഈ വടു വൃക്ഷം ‘കശുമാവിൻ ചുവട്ടിലെ ദുർബല കരങ്ങളെ’ ഗൃഹാതുരതയോടെയല്ലാതെ ഓർക്കില്ല .

    യൂസുഫ് പേരോത്തയിൽ, അബൂദാബി

You must be logged in to post a comment Login