സമരജീവിതത്തിന്റെ കുറ്റ്യാടി പാഠങ്ങള്‍

usthad

       അമ്പതു കൊല്ലത്തോളം കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളായ പാലേരി, ചെറിയ കുമ്പളം, ശാന്തിനഗര്‍, അടുക്കത്ത്,വളയന്നൂര്‍,ഊരത്ത്, തോട്ടത്താങ്കണ്ടി, മണ്ണൂര്‍, ചെറുകുന്ന്, പറക്കടവ്, ആയഞ്ചേരി, വാണിമേല്‍ എന്നീ പ്രദേശങ്ങളിലൊന്നും തന്നെ സുന്നികള്‍ക്ക് ഒരു മദ്രസയോ പള്ളിയോ ഇല്ലാതെ എല്ലാം ജമാഅതുകാര്‍ കയ്യടക്കി. അന്ന് എസ്എസ്എഫുണ്ടായിരുന്നില്ല. പത്രങ്ങളോ സ്ഥാപനങ്ങളോ ഉണ്ടായിരുന്നില്ല. സംഘടിത മുന്നേറ്റത്തിന്റെ അഭാവമായിരുന്നു ഈ ദുരന്തഫലങ്ങളുടെ ഹേതുവെന്ന് ഇന്നു നാം തിരിച്ചറിയുന്നു.

      ഒരവസരം കൈവന്നപ്പോള്‍ ജമാഅത്തെ ഇസ്ലാമി എങ്ങനെയാണ്
കുറ്റ്യാടിയെ മാറ്റിയത്? സുന്നികള്‍ എങ്ങനെയാണ് മാറ്റിക്കൊണ്ടിരിക്കുന്നത്?

അഭിമുഖം: പേരോട് അബ്ദുറഹ്മാന്‍ സഖാഫി/ 
മുഹമ്മദ് ഫൈസല്‍ അഹ്സനി രണ്ടത്താണി

മുഹമ്മദ് ഫൈസല്‍ അഹ്സനി രണ്ടത്താണി: സമരമാണ് ജീവിതം എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനം(എസ്.എസ്.എഫ്) നാല്പതാം വാര്‍ഷികം ആഘോഷിക്കുകയാണല്ലോ.ഈ സന്ദര്‍ഭത്തില്‍ സമര ജീവിതങ്ങള്‍ പരിചയപ്പെടുത്തുന്നത് പുതിയ തലമുറക്ക് ഏറെ ഗുണപ്രദമാവും എസ്എസ്എഫിന്റെ സംസ്ഥാന പ്രസിഡണ്ട് പദവി വഹിക്കുകയും പ്രസ്തുത കാലയളവിലും അതിന് മുമ്പും ശേഷവും ഫലപ്രദമായ ഏറെ സമരങ്ങള്‍ നടത്തുകയും ചെയ്തയാളാണല്ലോ ഉസ്താദ്…

പേരോട് അബ്ദുറഹ്മാന്‍ സഖാഫി: (ചിരിച്ചു കൊണ്ട്) ഏയ്… ഞാനൊരു സമരവും ചെയ്തിട്ടില്ല.

അഹ്സനി : ആദര്‍ശ സമരങ്ങളെ കുറിച്ചാണ് ഞാന്‍ പറഞ്ഞു വരുന്നത്.സുന്നത്ത് ജമാഅത്ത് ഒരാദര്‍ശമായി സ്വീകരിക്കുകയും അതിന്റെ പ്രചരണത്തിന് പ്രസംഗത്തോടൊപ്പം തന്നെ പ്രായോഗികമായ രീതി ആവിഷ്ക്കരിക്കുകയും ചെയ്ത അനുഭവം എല്ലാവര്‍ക്കുമറിയുന്നതാണല്ലോ. ഏറ്റവും മികച്ച ഉദാഹരണമാണ് കുറ്റ്യാടി ഓപ്പറേഷന്‍. മര്‍ഹൂം പി എം കെ ഫൈസി പറയുന്നത് കേട്ടിട്ടുണ്ട്; സംഘടനാ രംഗത്ത് ഞാനേറെ സ്നേഹിക്കുന്ന ആളാണ് പേരോടുസ്താദെന്ന്. പണ്ഡിതന്മാര്‍ക്ക് തലപ്പാവു ധരിച്ച് അങ്ങാടിയിലേക്ക് പോലും ഇറങ്ങാന്‍ പറ്റാത്ത നാടാണത്.ഒരിക്കല്‍ എന്റെ തലപ്പാവും അവര്‍ തട്ടിത്തെറിപ്പിച്ചിട്ടുണ്ട്.പക്ഷേ, ആ നാട് തലപ്പാവുധാരികളായ പണ്ഡിതരെക്കൊണ്ട് നിറക്കാന്‍ പേരോടിന് കഴിഞ്ഞു.തീര്‍ച്ചയായും ചരിത്രപരമായ ഒരു മാറ്റമായിരുന്നു ഇത്. ഈ കുറ്റ്യാടി വിപ്ളവത്തിന്റെ പശ്ചാതലം ഒന്ന് വിശദീകരിക്കാമോ ?

പേരോട്: മറ്റു നാടുകളെ പോലെ സുന്നികള്‍ മാത്രമുള്ള നാടായിരുന്നു കുറ്റ്യാടിയും പരിസര പ്രദേശങ്ങളും. മുജാഹിദ് ആശയമാണ് ആദ്യം കുറ്റ്യാടിയില്‍ പ്രചരിക്കപ്പെട്ട ആദ്യത്തെ വിഷവിത്ത്.1921 കലാപ കാലഘട്ടത്തില്‍ വളപട്ടണത്തേക്ക് ഒളിച്ചോടിയ അബ്ദുല്ലക്കുട്ടി മൌലവിയാണ് ഇതിന്റെ മുഖ്യഹേതു. വളപട്ടണവും കുറ്റ്യാടിയും നല്ല കച്ചവട ബന്ധം നിലനിന്ന പ്രദേശങ്ങളായിരുന്നു.നാട്ടിലെ പൌരപ്രമുഖനായിരുന്ന മൊയ്തീന്‍ ഹാജിയുടെ കാറിലാണ് അബ്ദുല്ലക്കുട്ടി മൌലവി വളപട്ടണത്തു നിന്ന് കുറ്റ്യാടിയിലെത്തുന്നത്.കുറ്റ്യാടി താവളമാക്കിയ മൌലവി പയ്യെ പയ്യെ ഇതിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി.‘മൊയ്തീന്‍ ഹാജിയുടെ കാറില്‍ വന്ന ആളായത് കൊണ്ട് മൌലവിയുടെ ആശയങ്ങളെ എതിര്‍ക്കാന്‍ ആര്‍ക്കും ധൈര്യം വന്നതുമില്ല. മൌലവിയുടെ ആശയങ്ങള്‍ പരിസര പ്രദേശങ്ങളിലേക്കു കൂടി വ്യാപരിക്കാന്‍ തുടങ്ങിയതോടെ നാദാപുരത്ത് ശംസുല്‍ ഉലമ ഖുതുബിയും പാറക്കടവില്‍ അവിടുത്തെ വലിയ ഖാളി പുതിയവീട്ടില്‍ അബ്ദുല്ല മുസ്ലിയാരും ചെറുത്തുനില്‍പ്പ് ആരംഭിച്ചു.തെക്കുനിന്ന് പതി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ വന്ന് മുജാഹിദുകള്‍ക്കെതിരെ തേരോട്ടം നടത്തുന്ന കാലമായിരുന്നു അത്.ഈ ചെറുത്തുനില്‍പ്പുകള്‍ ഒരു വാദപ്രതിവാദത്തില്‍ കലാശിച്ചു.

അഹ്സനി: മുജാഹിദുകള്‍ ‘ലാ’ കട്ട സംവാദത്തെ കുറിച്ചായിരിക്കുമല്ലേ പറയുന്നത് ?

പേരോട്: അതെ, ശംസുല്‍ ഉലമാ ഖുതുബി, തറക്കണ്ടി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, കണ്ണിയത്ത് ഉസ്താദ് തുടങ്ങിയ പ്രമുഖരായിരുന്നു സുന്നി പക്ഷത്തുണ്ടായിരുന്നത്. കെ എം മൌലവി, കട്ടിലശ്ശേരി മൌലവി, അബ്ദുല്ലക്കുട്ടി മൌലവി തുടങ്ങിയവരാണ് മറുപക്ഷത്ത്. ഔലിയാക്കളും കറാമതുമായിരുന്നു വിഷയം. മുജാഹിദുകള്‍ തങ്ങളുടെ വാദം സമര്‍ത്ഥിക്കാനായി തന്‍ഖതിഉ കറാമാതുല്‍ ഔലിയാഇ ബി മൌതിഹിം (മരണത്തോടെ ഔലിയാക്കളുടെ കറാമത് മുറിഞ്ഞുപോകും) എന്ന് ഒരു ഇബാറത് വായിച്ചു. തറക്കണ്ടി ഉസ്താദ് ‘ലാ’ ഒഴിവാക്കിയത് ശ്രദ്ധയില്‍പെടുത്തി. ഉടനെ കണ്ണിയത്ത് ഉസ്താദ് ‘ലാ’ കട്ടതോ വിട്ടതോ എന്ന് ഉറക്കെ ചോദിച്ചു.(‘ലാ’ തന്‍ഖതിഉ കറാമാതുല്‍ ഔലിയാഇ ബി മൌതിഹിം (മരണത്തോടെ ഔലിയാക്കളുടെ കറാമത് മുറിഞ്ഞുപോകുകയില്ല) എന്ന ഇബാറതില്‍ മറുപക്ഷം നടത്തിയ വന്‍ചതി സുന്നിപക്ഷം കയ്യോടെ പിടികൂടുകയായിരുന്നു.അതോടെ സംവാദം ബഹളമയമായി. മുജാഹിദുകള്‍ ‘ലാ’ കട്ടതിന്റെ പേരില്‍ സംവാദം തടസ്സപ്പെട്ടതായി വാര്‍ത്തപരന്നു. ഇത് കേട്ട് ചില അമുസ്ലിംകള്‍ മുജാഹിദുകള്‍ സുന്നികളുടെ ലാംബ് (വിളക്ക്)കട്ടു എന്നു പോലും തെറ്റിദ്ധരിച്ചു.

    ആയിടക്കാണ് അഥവാ 1945ന് ശേഷം മുഹമ്മദലി ഹാജി കുറ്റ്യാടിയിലെത്തുന്നത്.കേരളത്തിലെ ജമാഅതെ ഇസ്ലാമിയുടെ സ്ഥാപകനാണദ്ദേഹം. അദ്ദേഹം ജമാഅത് സാഹിത്യങ്ങള്‍ പ്രചരിപ്പിക്കുകയും ജമാഅതിന്റെ ആശയങ്ങള്‍ക്ക് വേരോട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തു. കുറ്റ്യാടിയില്‍ മുജാഹിദ് ആശയം കൊണ്ട് വന്ന അബ്ദുല്ലക്കുട്ടി മൌലവിയെ അദ്ദേഹം വലവീശിപ്പിടിച്ചു.അതോടെ മുജാഹിദുകള്‍ കൂട്ടത്തോടെ ജമാഅതിലേക്ക് മാറുന്ന സ്ഥിതി വിശേഷമുണ്ടായി.
നാടിന്റെ ആള്‍ബലവും സമ്പത്തും കരുത്തും തങ്ങളോടൊപ്പമാണെന്ന് മനസ്സിലാക്കിയ മൌദൂദികള്‍ സുന്നീ ആചാരങ്ങള്‍ മുറപോലെ നടന്നു വന്നിരുന്ന പള്ളി പിടിച്ചടക്കാന്‍ ഗൂഢാലോചന നടത്തി..വെള്ളിയാഴ്ച ജുമുഅക്ക് അകത്തെ പള്ളി നിറയെ ജമാഅത് അനുകൂലികളെ ഇരുത്തുകയും ഗുണ്ടായിസത്തിലൂടെ പള്ളി പിടിച്ചടക്കുകയുമായിരുന്നു മൌദൂദികളുടെ ലക്ഷ്യം.മുക്രി മൊയ്തീന്‍ മുസ്ലിയാര്‍ ‘മആശിറ’ വിളിക്കാനായി ഒരുങ്ങിയപ്പോഴേക്ക് അദ്ദേഹത്തെ കയ്യേറ്റം ചെയ്ത് പടിഞ്ഞാറു ഭാഗത്തേക്ക് ബലമായി തിരിച്ചുനിറുത്തി, ‘നിറുത്തെടാ മആശിറ, കൊടുക്കടാ വാങ്ക്…’ എന്ന് അലറുകയായിരുന്നു ജമാഅത് ഗുണ്ടകള്‍. അപ്പോഴേക്കും ഖതീബായ നേര്‍ച്ച കുഞ്ഞബ്ദുല്ല മുസ്ലിയാരെ അത്ഭുതപ്പെടുത്തി കൊണ്ട് മുഹമ്മദലി ഹാജി മിമ്പറില്‍ കയറി ഇരുന്ന് കഴിഞ്ഞിരുന്നു. തുടര്‍ന്ന് മലയാള ഖുതുബ നടത്തി മൌദൂദികള്‍ സുന്നീപള്ളി പിടിച്ചടക്കുകയായിരുന്നു.പി സൂപ്പി പ്രസിദ്ധീകരിച്ച കുറ്റ്യാടിയുടെ ഓര്‍മകള്‍ എന്ന പുസ്തകത്തില്‍ കുറ്റ്യാടി ഖാളി കൂടിയായ കെ മൊയ്തു മൌലവി ഇക്കാര്യം വിശദമായി പ്രതിപാദിക്കുന്നുണ്ട്.ജമാഅത് ഭീകരതയെ കുറിച്ച് നാട്ടില്‍ ചെറിയൊരു നോട്ടീസ് ഇറങ്ങിയെന്നതൊഴിച്ചാല്‍ പറയത്തക്ക പ്രതികരണങ്ങളൊന്നും അന്ന് സുന്നികളുടെ ഭാഗത്തു നിന്നുണ്ടായില്ല. ഇതവര്‍ക്ക് വളമായി. അങ്ങനെ 1964ല്‍ പള്ളിയുടെ പരിസരത്തുണ്ടായിരുന്ന വിശ്രുതമായൊരു മഖ്ബറയടക്കം മൌദൂദികള്‍ തകര്‍ത്തു.

    ചുരുക്കത്തില്‍ അമ്പതു കൊല്ലത്തോളം കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളായ പാലേരി,ചെറിയ കുമ്പളം, ശാന്തിനഗര്‍, അടുക്കത്ത്,വളയന്നൂര്‍,ഊരത്ത്, തോട്ടത്താങ്കണ്ടി, മണ്ണൂര്‍, ചെറുകുന്ന്, പറക്കടവ്, ആയഞ്ചേരി, വാണിമേല്‍ എന്നീ പ്രദേശങ്ങളിലൊന്നും തന്നെ സുന്നികള്‍ക്ക് ഒരു മദ്രസയോ പള്ളിയോ ഇല്ലാതെ എല്ലാം ജമാഅതുകാര്‍ കയ്യടക്കി. അന്ന് എസ്എസ്എഫുണ്ടായിരുന്നില്ല. പത്രങ്ങളോ സ്ഥാപനങ്ങളോ ഉണ്ടായിരുന്നില്ല. സംഘടിത മുന്നേറ്റത്തിന്റെ അഭാവമായിരുന്നു ഈ ദുരന്തഫലങ്ങളുടെ ഹേതുവെന്ന് ഇന്ന് നാം തിരിച്ചറിയുന്നു. ഈ ദീര്‍ഘമായ അമ്പതു കൊല്ലത്തിനിടക്ക് വൈലിത്തറ മൌലവിയുടെ ഏതാനും ദിവസത്തെ പ്രഭാഷണവും എ പി .ഉസ്താദിന്റെ രണ്ടു ദിവസത്തെ പ്രസംഗവും മാറ്റിവെച്ചാല്‍ സുന്നികളുടേതായി ഒരു ചലനവും നടന്നിട്ടില്ലായിരുന്നു.

അഹ്സനി: ഇരുട്ട് നിറഞ്ഞാടിയ ഈ മലിനാന്തരീക്ഷത്തെ പിന്നീട് വെളുപ്പിച്ചെടുത്തതെങ്ങനെയാണ് ?

പേരോട്: 1983ല്‍ ഞാന്‍ തലശ്ശേരി താലൂക്കില്‍ എസ്എസ്എഫിന്റെ പ്രസിഡണ്ടായിരുന്ന കാലത്ത് അടുക്കത്ത് ഒരു വീട്ടില്‍ മൌലിദ് നടന്നു. അത് നാട്ടില്‍ മൌദൂദികള്‍ വലിയ പ്രശ്നമാക്കി. ബഹുസ്വര സമൂഹത്തില്‍ വെളുക്കെ ചിരിക്കുകയും അധികാരം കിട്ടുമ്പോള്‍ ഹുങ്ക് കാണിക്കുകയും ചെയ്യുന്നതാണല്ലോ മൌദൂദിസം. മൌലിദിനെ കുറിച്ച് ഒരു പ്രസംഗം നടത്തുവാന്‍ വേണ്ടി ഏതാനും സുന്നികള്‍ എന്നെ ക്ഷണിച്ചു. പുല്ലൂക്കര മുതഅല്ലിമായിരുന്നു ഞാന്‍. അവിടെ വെച്ച് മൌലിദിന്റെ മഹത്വവും സുന്നി വിരുദ്ധരുടെ ആശയപ്പാപ്പരത്തവും അവതരിപ്പിച്ച് കൊണ്ട് ഞാന്‍ പ്രസംഗിച്ചു. തുരുതുരാ ചോദ്യങ്ങള്‍ വന്നു. അല്ലാഹുവിന്റെ തൌഫീഖ് കൊണ്ട് എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയും പറഞ്ഞു. അവിടെ ഒരു പള്ളിയുടെ അനിവാര്യതയെ കുറിച്ച് ഞാന്‍ പ്രസംഗിച്ചു. ഒരാള്‍ പള്ളിക്കുള്ള സ്ഥലം ഓഫര്‍ ചെയ്തു.അങ്ങനെ അടുക്കത്ത് കുളിക്കുന്നപാറ സുന്നി ജുമാമസ്ജിദ് നിലവില്‍ വന്നു. പിന്നെ കാര്യമായ ചലനമൊന്നും നടന്നില്ല. അവിടെയും ജമാഅത് മദ്രസയുമായി തുടര്‍ന്നു.

     1989 കാലഘട്ടം,ഞാന്‍ കുറ്റ്യാടി ടൌണില്‍ ഒരു സ്ഥാപനം എന്ന ആശയവുമായി ഇറങ്ങി. സുന്നികള്‍ക്കിടയിലുളള സംഘടനാ ഭിന്നത മൂര്‍ധന്യതയില്‍ നില്‍ക്കുന്ന കാലം. നെല്ലിക്കുത്ത് ഉസ്താദിന് കുത്തേല്‍ക്കുകയും കുണ്ടൂരുസ്താദിന്റെ മകന്‍ കുഞ്ഞു കൊല്ലപ്പെടുകയും ചെയ്ത സന്ദര്‍ഭം. കുറ്റ്യാടിയിലെ എന്റെ തുടക്കം അക്കാലത്തായിരുന്നു. ഈ സങ്കീര്‍ണ ഘട്ടത്തില്‍ പോലും കുറ്റ്യാടിയിലെ സുന്നികള്‍ക്കിടയില്‍ ഐക്യമുണ്ടാക്കാന്‍ ഞാന്‍ ശ്രമം നടത്തി. ബിദ്അതാണ് മുഖ്യശത്രുവെന്നും അതിനെതിരെ നാം ഒന്നിക്കണമെന്നും പറഞ്ഞു ഫലിപ്പിച്ചു. ഇരുസുന്നികളും മുജാഹിദുകള്‍ക്കെതിരെ പരിപാടി സംഘടിപ്പിച്ചു.ഓരോ പരിപാടികളിലും മറ്റേ പരിപാടിയുടെ പ്രചരണം നടത്തണമെന്ന ധാരണയായി. പി സി എസ് തങ്ങള്‍, തെക്കേക്കര കുഞ്ഞബ്ദുല്ല ഹാജി എന്നിവര്‍ ഈ വിഷയത്തില്‍ നമുക്ക് ആത്മാര്‍ത്ഥതയുണ്ടെന്നു മനസ്സിലാക്കി പിന്തുണ നല്‍കി. കുറ്റ്യാടി ടൌണില്‍ സുന്നി പള്ളി എന്ന ആശയം അങ്ങനെ ബലപ്പെട്ടുവന്നു.ഈ ആവശ്യത്തിനായി തെക്കേക്കര ഹാജിയുടെ വീട്ടില്‍ ഞാനൊരു മീറ്റിംഗ് വിളിച്ചു. മീറ്റിംഗില്‍ പന്ത്രണ്ടോളം പേര്‍ പങ്കെടുത്തു. അവര്‍ക്ക് ‘സുന്നത്ത് ജമാഅത്തിന്റെ പ്രസക്തി’ എന്ന വിഷയത്തില്‍ ഞാനൊരു ക്ളാസ്സെടുത്തു. അവസാനം, പള്ളി നിര്‍മിക്കണമെന്ന ആശയം അംഗീകരിക്കപ്പെടുകയും ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കമ്മിറ്റിക്ക് ഒരു ഭരണഘടന വേണമെന്ന് ഞാന്‍ നിര്‍ദ്ദേശിക്കുകയും അടുത്ത മീറ്റിംഗില്‍ അത് തയ്യാറാക്കി അവതരിപ്പിക്കാമെന്ന് ഏല്‍ക്കുകയും ചെയ്തു.അടുത്ത മീറ്റിംഗില്‍ പകുതി ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.സംഘടനാ ഭിന്നത മാറ്റിവെക്കണമെന്നും ആദര്‍ശത്തിന് പ്രാധാന്യം നല്‍കണമെന്നും തറപ്പിച്ചു പറഞ്ഞു.പത്തൊമ്പത് സെന്റ് സ്ഥലത്തിന് അഡ്വാന്‍സ് കൊടുത്തു.തറക്കല്ലിടല്‍ കര്‍മത്തിന് ഇ കെ ഉസ്താദ്, എ പി ഉസ്താദ്, കീഴന ഉസ്താദ് എന്നിവരെ ക്ഷണിക്കാന്‍ തീരുമാനിച്ചു. എ പി ഉസ്താദ് ഒരു വൈമനസ്യവുമില്ലാതെ വരാമെന്നേറ്റു. എല്ലാ സംഘടനാ പ്രതിനിധികളും പങ്കെടുക്കുന്നതില്‍ സന്തോഷം അറിയിച്ചു. ക്ഷണിക്കാന്‍ പോയവര്‍ക്കു സംതൃപ്തിയായി. പക്ഷേ, ആരോ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടായിരിക്കാം ഇ കെ ഉസ്താദ് വരില്ലെന്ന് അറിയിച്ചു. കീഴന ഉസ്താദും പിന്‍മാറിയപ്പോള്‍, ഒരു റമളാനിലെ അസ്വ്റ് നിസ്ക്കാരത്തിന് ശേഷം കൂട്ടുപ്രാര്‍ത്ഥന നടത്തിയതിന്റെ പേരില്‍ മുജാഹിദുകള്‍ തന്നെ തെറിവിളിച്ച അനുഭവം പറഞ്ഞ് പി സി എസ് തങ്ങള്‍ പൊട്ടിക്കരഞ്ഞു. അപ്പോള്‍ കീഴന ഉസ്താദ് വരാമെന്നേറ്റെങ്കിലും ചിലര്‍ പാര പണിതതു കാരണം അതു നടന്നില്ല. അവസാനം അലി ബാഫഖി തങ്ങള്‍ സ്ഥാപനത്തിന് തറക്കല്ലിട്ടു. അങ്ങനെ അമ്പത് കൊല്ലങ്ങള്‍ക്കു ശേഷം നിരന്തരമായ സമരത്തിന്റെ ഫലമെന്നോണം കുറ്റ്യാടി ടൌണില്‍ ഒരു സുന്നി സ്ഥാപനത്തിന് ശിലയിട്ടു.

    പ്രസംഗവും പ്രവര്‍ത്തനവും അനവരതം തുടര്‍ന്നു. ഓല ഷെഡ്ഡുകളില്‍ മദ്രസയും പള്ളിയും കോളജും പ്രവര്‍ത്തനമാരംഭിച്ചു. വിദ്യാര്‍ത്ഥികളുടെയും ഉസ്താദുമാരുടെയും താമസവും ഭക്ഷണവും പഠനവും എല്ലാം ഈ ഷെഡ്ഡുകളിലായിരുന്നു. നാല് കൊല്ലം ഈ അവസ്ഥ തുടര്‍ന്നു. ഇടക്കിടെ വഅളുകളും ഖണ്ഡന പ്രസംഗങ്ങളും നടത്തിക്കൊണ്ടിരുന്നു. പതുക്കെ പതുക്കെ അകന്നു നിന്നവര്‍ അടുക്കാന്‍ തുടങ്ങി.പരിസര പ്രദേശത്തുനിന്നെല്ലാം ആളുകള്‍ വഅളു കേള്‍ക്കാന്‍ എത്തിത്തുടങ്ങി. ഒരുപാട് ആളുകള്‍ സുന്നത് ജമാഅതിലേക്ക് കടന്നുവന്നു. ജമാഅത് ട്രസ്റ് മെമ്പര്‍ അടക്കം സുന്നത് ജമാഅതില്‍ ചേര്‍ന്ന് പ്രവര്‍ത്തനമാരഭിച്ചു.ജമാഅത് പാഠപുസ്തകങ്ങളിലെ സ്ഖലിതങ്ങള്‍ തുറന്നുകാട്ടി പ്രസംഗിക്കാന്‍ തുടങ്ങി. ജമാഅത് പാഠപുസ്തകങ്ങള്‍ മലയാള ഭാഷയിലായത് കൊണ്ട് അറബി അക്ഷരങ്ങളുടെ യഥാര്‍ത്ഥ ഉച്ചാരണം കുട്ടികള്‍ക്കറിയാതെ പോകുമെന്നും അല്ലാഹുവിനെയും റസൂലിനെയും ചൊവ്വായി പറയാന്‍ വയ്യാതെ അവര്‍ വളരുമെന്നും വിശദീകരിക്കപ്പെട്ടപ്പോള്‍ ജമാഅത് മദ്രസകളില്‍ നിന്ന് കുട്ടികള്‍ കൂട്ടത്തോടെ സുന്നി മദ്രസകളിലേക്കൊഴുകി.ധാരാളം ഓലഷെഡ്ഡുകള്‍ അങ്ങനെ നിര്‍മിക്കപ്പെട്ടു.

അഹ്സനി: പ്രതിസന്ധികളുണ്ടായിരുന്നില്ലേ ?

പേരോട്: തീര്‍ച്ചയായും ! കാലവര്‍ഷം കനത്തപ്പോള്‍ വെള്ളം കയറി ഓല ഷെഡ്ഡുകള്‍ വെള്ളത്തിലായ സന്ദര്‍ഭം.കുട്ടികളെ ഹസന്‍ ഹാജിയുടെ ബില്‍ഡിംഗിനു മുകളിലേക്ക് മാറ്റി. ഞാന്‍ എന്റെ അംബാസിഡര്‍ കാറില്‍ ഇരുന്നുറങ്ങി നേരം വെളുപ്പിച്ചു. ഷെഡ്ഡിലെ വെള്ളം തുടച്ചെടുത്ത് ചാക്കു വിരിച്ച് ജുമുഅ നിസ്ക്കാരം. അങ്ങനെ പലതും പലതും.

അഹ്സനി: എതിര്‍പ്പുകള്‍ ?

പേരോട്: എന്തെല്ലാം എതിര്‍പ്പുകള്‍ ! മണ്ണൂരിലൊരാള്‍ മദ്രസക്ക് സ്ഥലം തന്നു. പക്ഷെ ബി ജെ പി ഒഴികെ എല്ലാ സംഘടനകളും ജമാഅത് കുതന്ത്രത്തില്‍ അകപ്പെട്ടു.

അഹ്സനി: ബി ജെ പി ഒഴികെ ?

പേരോട്: അവര്‍ക്കതില്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. കാരണം മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു അത്. അവര്‍ക്കതില്‍ ഒന്നും കിട്ടാനില്ലായിരുന്നു. പിന്നീട് കോണ്‍ഗ്രസ്സും പി•ാറി. മറ്റു രാഷ്ട്രീയക്കാരും ബിദഇകളും ശക്തമായ എതിര്‍പ്പുമായി മുന്നോട്ട് നീങ്ങി. ഞാന്‍ കോടതിയില്‍ ചെന്നു സ്റേ വാങ്ങി. തറയിലിരുന്ന് ബദര്‍ മൌലിദ് ഓതി പണി വീണ്ടും തുടങ്ങി. കേസ് വിശദീകരണ പ്രഭാഷണം നടത്തി.എതിര്‍പ്പുകാര്‍ സമരവുമായി രംഗത്തെത്തി. അവസാനം സംഘട്ടനത്തിന്റെ വക്കോളമെത്തിയപ്പോള്‍ അനുരജ്ഞനമാകാമെന്നു വെച്ചു. കോടതി വിധി വരുന്നത് വരെ ജമാഅതിന്റെ മദ്രസയില്‍ സുന്നി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ സുന്നിയായ കുഞ്ഞമ്മദാജി കൊടുത്ത സ്ഥലത്ത് ജമാഅതുകാര്‍ സുന്നികളോടും പണം വാങ്ങി നിര്‍മിച്ച് സ്വയം കൈവശമാക്കിയ മദ്രസയില്‍ സ്ഥലം അനുവദിക്കണമെന്ന് ആവശ്യമുന്നയിച്ചു.ആവശ്യം അംഗീകരിക്കപ്പെട്ടു.അങ്ങനെ എന്തെല്ലാം !

അഹ്സനി: ഈ സമരത്തിന്റെ വര്‍ത്തമാന കാല ഫലം?

പേരോട്: ഇന്ന്, അല്‍ഹംദുലില്ലാഹ്.. കുറ്റ്യാടിയില്‍ മുപ്പത് ഏക്കര്‍ സ്ഥലത്ത് കുറ്റ്യാടി സിറാജുല്‍ ഹുദ വിജ്ഞാന വിസ്മയം തീര്‍ക്കുന്നു. വിവിധ സ്ഥാപനങ്ങളിലായി ഒമ്പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.ഇതില്‍ അഞ്ച് ഏക്കര്‍ സ്ഥലം കുറ്റ്യാടി ടൌണിന്റെ ഹൃദയ ഭാഗത്താണ്.ബാക്കിയും മെയിന്‍ റോഡില്‍ തന്നെ.

അഹ്സനി: ഇംഗ്ളീഷ് മീഡിയങ്ങള്‍ തുടങ്ങാനുള്ള പശ്ചാത്തലം ?

പേരോട്: പെണ്‍കുട്ടികള്‍ മുട്ടുവരെയുള്ള പാവാട ധരിച്ച് പള്ളികളില്‍ പോയി നിസ്ക്കരിക്കുകയും അങ്ങനെ തന്നെ കലയുടെ പേരില്‍ പൊതുവേദികളില്‍ സകലമാന കൂത്താട്ടങ്ങളും നടത്തുകയും ചെയ്യുന്നതറിഞ്ഞപ്പോള്‍ മനസ്സ് നൊന്തു.കൂടെ മദ്രസാ വിദ്യാഭ്യസമില്ലാതെ വെറും ഇംഗ്ളീഷ് മാത്രം എന്ന ദുരവസ്ഥയും.

അഹ്സനി: സലഫിയുടെ ഖണ്ഡന പ്രസംഗ പരമ്പരകള്‍ മുജാഹിദുകള്‍ക്കനുകൂലമായ വല്ല അനക്കവും സൃഷ്ടിച്ചോ?

പേരോട്: ഇല്ല! ഒരില പോലും അനങ്ങിയില്ല.എന്നല്ല സുന്നത്ത് ജമാഅതിന് ശക്തമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുകയും ചെയ്തു. അവസാനം എന്തുണ്ടായി? ഹുസൈന്‍ സലഫിയെ ഖണ്ഡനത്തിന് പറ്റില്ലെന്നും അയാള്‍ക്ക് തൌഹീദ് തിരിഞ്ഞിട്ടില്ലെന്നും ആക്ഷേപിച്ച് എ.പി അബ്ദുല്‍ ഖാദിര്‍ മൌലവി മുജാഹിദില്‍ നിന്ന് പുറത്താക്കി ! സിറാജുല്‍ ഹുദയിലേക്ക് പ്രസംഗ വേദികളില്‍ നിന്ന് ലഭിക്കുന്ന സംഭാവനയും നേര്‍ച്ചയും കീശയിലിടുന്നുവെന്ന് ക്ളിപ്പ് കാണിച്ച് പരിഹസിച്ച മൌലവിയുടെ ആഗമന കാലത്ത് രണ്ടു ലക്ഷം രൂപ നേര്‍ച്ച കിട്ടിയിരുന്ന സിറാജുല്‍ ഹുദക്ക് ഇപ്പോള്‍ ഇരുപത് ലക്ഷം മാസം തോറും നേര്‍ച്ച കിട്ടുന്ന പുരോഗതിയിലെത്തിച്ചു.

അഹ്സനി: ഈ സമരത്തിന്റെ പിന്നിലെ ചാലക ശക്തി എന്തായിരുന്നു ?

പേരോട്: പറഞ്ഞില്ലേ, എസ്.എസ്.എഫ്! എസ്.എസ്.എഫിന്റെ താലൂക്ക് ഭാരവാഹിയായിരുന്ന കാലത്താണല്ലോ അടുക്കത്ത് പള്ളിയുണ്ടാക്കിയത്.പിന്നീടുള്ള ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും എസ്എസ്എഫ് പകര്‍ന്ന ധൈര്യമാണ് കൂട്ടിനുണ്ടായത്. ശേഷം എസ്.വൈ.എസിന്റെ സംഘടനാ ശക്തിയും.

അഹ്സനി: ജീവിതം സമരമാണെന്ന് മുമ്പേ തന്നെ തോന്നിയിട്ടുണ്ടോ ?

പേരോട്: എസ്എസ്എഫില്‍ പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ സമരങ്ങളുടെ നൈരന്തര്യമായിരുന്നു.എല്ലാ വെള്ളിയാഴ്ചയും പള്ളികളില്‍ പോയി പ്രസംഗിക്കും.അങ്ങനെ യൂണിറ്റ്,താലൂക്ക്,ജില്ലാ കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന ഫണ്ട് സ്വരൂപിക്കും.പ്രസംഗങ്ങളുണ്ടാകുന്ന സ്ഥലങ്ങളില്‍ രണ്ട് മുഅല്ലിമീങ്ങളുടെ സഹായത്താല്‍ മൊബൈല്‍ ബുക്ക്സ്റാളുകള്‍ സ്ഥാപിക്കും.രിസാല കലണ്ടര്‍ എന്നിവ പ്രചരിപ്പിക്കും.റസീപ്റ്റ് വഴി സംഭാവനകള്‍ സ്വീകരിക്കുകയും ചെയ്തു.

    സംഘടനയുടെ സാമ്പത്തിക ഭദ്രതക്ക് വേണ്ടി തലശ്ശേരി ടൌണില്‍ ഒരു ബുക്ക്സ്റാള്‍ നടത്താന്‍ തീരുമാനിച്ചു.പലരില്‍ നിന്നും പതിനായിരം രൂപയുടെ ഷെയര്‍ സ്വീകരിച്ചു.അവസാനം ഭീമമായ സംഖ്യ നഷ്ടം വന്നു.ഷെയറുടമകള്‍ക്കെല്ലാം സംഖ്യ പരിപൂര്‍ണമായി തിരിച്ച് കൊടുത്തു. നഷ്ടം മുഴുവന്‍ സ്വന്തം സഹിച്ചു. അല്‍പ്പം എന്റെ സഹപ്രവര്‍ത്തകന്‍ ഒ.ഖാലിദിനും നഷ്ടം സംഭവിച്ചു. അക്കാലത്ത് അറബിപാഠ പുസ്തകത്തിലെ സുന്നിവിരുദ്ധ ആശയം നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ശക്തമായ സമരമായിരുന്നു നടത്തിയിരുന്നത്.

   മുമ്പൊക്കെ ബസിലും ലോറിയിലുമൊക്കെയായിരുന്നു. സര്‍വയാത്രകളും. പലപ്പോഴും പല വാഹനങ്ങളും കയറി പരിപാടി സ്ഥലത്തെത്തുമ്പോഴാണ് അവിടെ പരിപാടി ഇല്ല എന്നറിയുക. വണ്ടിച്ചാര്‍ജ്ജും അധ്വാനവും നഷ്ടപ്പെട്ടതു മിച്ചം.
തൃശൂരില്‍ ഒരിടത്ത് പരിപാടിക്ക് പോയത് ഓര്‍ക്കുന്നു. ബസിറങ്ങി കൊച്ചിയില്‍ നിന്ന് ബോട്ടില്‍ കയറി കടവു കടന്ന് നിശ്ചിത സ്ഥലത്ത് എത്തിയപ്പോള്‍ ആരെയും കാണുന്നില്ല.ഒരു നമ്പര്‍ തന്നിട്ടുണ്ടായിരുന്നു.തൊട്ടടുത്ത ഹോട്ടലില്‍ നിന്ന് ആ നമ്പറില്‍ വിളിച്ചു.റിങ് ചെയ്യുന്നില്ല,ബിസിയാണ്.പിന്നെയാണ് അറിയുന്നത് അത് പ്രസ്തുത ഹോട്ടലിലെ നമ്പറായിരുന്നുവെന്ന്.ഞാന്‍ കുടുങ്ങി, എന്ത് ചെയ്യും? ഇവിടെ വല്ല പരിപാടിയുമുണ്ടോ എന്ന് കടയുടമയോട് അന്വേഷിച്ചു. ഇല്ല എന്നായിരുന്നു മറുപടി !. ഞാന്‍ ഒന്നുകൂടി കൃത്യമായി ചോദിച്ചു; പേരോട് അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ വല്ല പരിപാടിയും ? അദ്ദേഹം നിഷേധാത്മകമായി തലയാട്ടി. പിന്നെ വൈകിയില്ല. ചാവക്കാട്ടേക്ക് ബസ് കയറി. പാതിരയ്ക്ക് ചാവക്കാട്ടിറങ്ങി അവിടെ ലണ്ടന്‍ അബൂബക്കര്‍ ഹാജിയുടെ വീട്ടില്‍ അന്തിയുറങ്ങി. രാവിലെ ഗുരുവായൂരിലേക്ക്. ശേഷം കാസര്‍കോട്ടേക്കും ബസ് കയറി. അന്ന് മൊഗ്രാലിലായിരുന്നു പരിപാടി.വഅ്ളിന് ശേഷം സംഘാടകര്‍ക്ക് വേണ്ടി പിരിവ് നടത്തിയതിന് ശേഷം സിറാജുല്‍ ഹുദയിലെ അധ്യാപകരുടെ ശമ്പളത്തിന് വേണ്ടി പിരിവെടുത്തു.ആയിരത്തില്‍ താഴെ രൂപ ലഭിച്ചു.!

അഹ്സനി: അക്രമങ്ങളോ ഭീഷണികളോ മറ്റോ ?

പേരോട്: ഐവ! ജീവിതം സമരമാണെന്ന് തിരിച്ചറിഞ്ഞ എത്രയെത്ര നിമിഷങ്ങള്‍! കൂക്കുവിളിയും കല്ലേറും ഭീഷണികളും തുരുതുരാ പെയ്തുകൊണ്ടിരുന്ന തൊണ്ണൂറുകളിലെ സംഘടനാ ജീവിതം ഓര്‍ക്കുമ്പോള്‍ ഹരം തോന്നുന്നു.ചിലപ്പോള്‍ സ്റേജില്‍ നിന്ന് ഇറങ്ങിയോടി.മറ്റു ചിലപ്പോള്‍ ഷട്ടര്‍ താഴ്ത്തി ഉള്ളിലിരിക്കേണ്ടി വന്നു.വേറെ ചിലപ്പോള്‍ അക്രമികളുടെ ഏറുകളേറ്റ് പ്രവര്‍ത്തകര്‍ പൊറുതി കെടുന്നതിന് ദൃക്സാക്ഷിയായി.

   ഒരിക്കല്‍ തളിപ്പറമ്പിനടുത്ത് കൊപ്പത്ത് ഒരു പരിപാടിക്ക് അവിചാരിതമായി പങ്കെടുക്കേണ്ടി വന്നു.ചിത്താരി ഉസ്താദിന്റെ നിര്‍ദ്ദേശ പ്രകാരം വൈകുന്നേരമാണ് രാത്രിയിലെ പരിപാടി ഏല്‍ക്കുന്നത്.ഞാന്‍ ചെല്ലുമ്പോള്‍ പ്രൊഫ. പി എ അഹ്മദ് സഈദ് ആണ് പ്രസംഗിക്കുന്നത്. ഞാന്‍ സ്റേജിലെത്തിയപ്പോഴേക്ക് ഒരു വിഭാഗം ആളുകള്‍ ആര്‍ത്തു കൂക്കിവിളിക്കുകയാണ്. മഗ്രിബ് വാങ്ക് കൊടുത്തു. സംഘാടകരോട് സ്റേജില്‍ വെച്ച് തന്നെ നിസ്ക്കരിക്കാമെന്ന് ഞാന്‍ നിര്‍ദ്ദേശിച്ചു. അവര്‍ സമ്മതിച്ചില്ല.അങ്ങനെ നിസ്ക്കരിക്കാന്‍ പള്ളിയിലേക്ക് നീങ്ങിയപ്പോള്‍ പുരുഷാരം കൂടെക്കൂടി. അതിനിടെ മുഗ്രാല്‍ അലി എന്ന പ്രവര്‍ത്തകനെ അവര്‍ അടിച്ചുവീഴ്ത്തി. അലി നിലത്തു വീണു പിടച്ചു. സഈദിന്റെ ഷൂ ഒളിപ്പിച്ചു വെച്ചു. പോലീസ് എത്തി. പോലീസ് സംരക്ഷണത്തില്‍ പരിപാടി തുടരാമെന്ന് കരുതി ഞാന്‍ സ്റേജിനടുത്തേക്ക് നീങ്ങി. തക്ബീര്‍ ആരവങ്ങളോടെ ‘വിപ്ളവകാരികള്‍’ തന്നെ എന്നെ ആനയിച്ചു.പ്രസംഗം തുടങ്ങിയതോടെ ഏറും തുടങ്ങി.ഏറു തുടര്‍ന്നപ്പോള്‍ ഇറങ്ങിയോടി. കയ്യില്‍ കാശുണ്ടായിരുന്നില്ല.നൂറു രൂപ ഒരാളില്‍ നിന്നും കടം വാങ്ങി. ഒരു ബസില്‍ ഓടിക്കയറി.ബസില്‍ തൂങ്ങിപ്പിടിച്ചു കണ്ണൂരിലെത്തി. പിന്നീട് യാത്ര സുഖകരമായിരുന്നു; ബസിലും ജീപ്പിലുമൊക്കെയായി അവസാനം വീട്ടിലെത്തി.രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഇന്‍ലന്റില്‍ ഒരു കത്ത് എന്നെ തേടിയെത്തിയിരിക്കുന്നു. ചുവന്ന അക്ഷരത്തില്‍ ഇങ്ങനെയെഴുതിയിരിക്കുന്നു: ‘നിന്നെ ഞങ്ങള്‍ കൊല്ലും ! സിറാജ് ദിനപത്രത്തില്‍ വെണ്ടക്കാക്ഷരത്തില്‍ വരും : പേരോട് അബ്ദുറഹ്മാന്‍ സഖാഫി കുത്തേറ്റു മരിച്ചു.’

അഹ്സനി: സമരത്തിലെ സുപ്രധാന ഇനമായിരുന്നല്ലോ പ്രസംഗം.പ്രസംഗ ജീവിതത്തിലേക്ക് കടന്നത് എങ്ങനെയായിരുന്നു ?

പേരോട്: പുല്ലൂക്കര ഉസ്താദിന്റെയടുക്കല്‍ ചെറിയ കിതാബുകള്‍ ഓതുന്ന കാലം.പള്ളിയിലെ സാഹിത്യസമാജ്യങ്ങളില്‍ പ്രസംഗിക്കാറുണ്ടായിരുന്നു.ഉസ്താദ് അത് കേള്‍ക്കാറുണ്ടായിരുന്നു.ഒരിക്കല്‍ അവിടെ എസ്എസ്എഫിന്റെ ഓഫീസുദ്ഘാടനം നിശ്ചയിച്ചിരുന്നു.അന്നത്തെ സ്റേറ്റ് നേതാക്കള്‍ പങ്കെടുക്കാമെന്ന് ഏറ്റിരുന്നു.പക്ഷേ അവര്‍ പങ്കെടുത്തില്ല. പ്രവര്‍ത്തകര്‍ നിസ്സഹായരായി. പുല്ലൂക്കര ഉസ്താദ് എന്നെ പ്രസംഗകനായി നിര്‍ദ്ദേശിച്ചു.ഉമര്‍ മൌലവിയുടെ ഖുര്‍ആന്‍ പരിഭാഷ തലേന്ന് നോക്കിയിട്ടുണ്ടായിരുന്നു.അതില്‍ ഫാതിഹയുടെ അര്‍ത്ഥം പറഞ്ഞിടത്ത് തന്നെ തെറ്റുണ്ട്.അത് വെച്ച് ഞാന്‍ പ്രസംഗിച്ചു.ഇതായിരുന്നു എന്റെ ആദ്യ പൊതുപ്രസംഗം.

   പിന്നീട് പുല്ലൂക്കര നീണ്ട വഅള് പരമ്പര നടന്നപ്പോള്‍ ടി സി മുഹമ്മദ് മുസ്ലിയാര്‍ക്ക് രണ്ട് ദിവസം വരാന്‍ പറ്റാതെ വന്നു. ഉസ്താദ് എന്നെ വിളിക്കാന്‍ സംഘാടകരോട് പറഞ്ഞു.എനിക്ക് ദുആ പോലും കൂടുതല്‍ കാണാതെ അറിയാത്ത കാലമാണത്.തലേന്നത്തെ പ്രസംഗത്തിലെ ദുആ ഞാന്‍ കേട്ടെഴുതിയെടുത്ത് കാണാതെ പഠിച്ചു.ആലു ഇംറാന്‍ പതിനാലാം ആയത്താണ് വഅളിന് വേണ്ടി തെരഞ്ഞെടുത്തത്.കുറേ ചരിത്രങ്ങളും പോയിന്റുകളും എഴുതി നോട്ട് ചെയ്തിരുന്നു.ഇടക്കു വെച്ച് തീര്‍ന്നു പോയാലോ! പക്ഷേ, ഒന്നാം ദിവസം കഴിഞ്ഞപ്പോള്‍ കുറേ പോയിന്റുകള്‍ ബാക്കിയുണ്ട്.അത് രണ്ടാം ദിവസവും പറഞ്ഞു.

അഹ്സനി: സമരത്തിലെ സുപ്രധാനമായ മറ്റൊരു ഇനമാണല്ലോ വിദേശയാത്രകള്‍ ? അതിന്റെ തുടക്കമെങ്ങനെയായിരുന്നു ?

പേരോട്: എസ്.എസ്.എഫിന്റെ സംസ്ഥാന പ്രസിഡണ്ടായ കാലത്താണ് ആദ്യമായി വിദേശപര്യടനം നടത്തുന്നത്.സ്റേറ്റ് കമ്മിറ്റി നേരിട്ട് നടത്തിയിരുന്ന സ്റുഡന്റ്സ് സെന്റര്‍,അരീക്കോട് മജ്മഅ്,ഇരിങ്ങല്ലൂര്‍ മജ്മഅ് എന്നിവക്ക് വേണ്ടിയും സിറാജുല്‍ ഹുദക്ക് വേണ്ടിയുമായിരുന്നു ആ യാത്ര. ഇതേ കുറിച്ച് പറയുമ്പോള്‍ രസകരമായ ഒരനുഭവം ഓര്‍മ വരുന്നു.ആദ്യമായി വിദേശപര്യടനം നടത്തുന്നയാള്‍ എന്ന ഉദ്ദേശ്യത്തില്‍ അവിടെ ഏറെ പരിചയമുള്ള മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസിയെ കാണുക എന്ന നിലക്ക് അദ്ദേഹത്തിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. രാത്രി മൂന്നു മണിക്ക് പട്ടാമ്പിയില്‍ ബസ്സ് ഇറങ്ങി. സുന്നീ സംഘടനകള്‍ക്ക് നേരെ പലരും അക്രമോത്സുകമായ നിലപാട് സ്വീകരിച്ച കാലമായിരുന്നു അത്.പല വാഹനങ്ങളും വിളിച്ചെങ്കിലും ആരും വരാന്‍ തയ്യാറായില്ല.അവസാനം ഒരു ജീപ്പ് വന്നു, നിറുത്തി. ഞാന്‍ അതില്‍ കയറി. എന്നെ തിരിച്ചറിയാതിരിക്കാന്‍ തലപ്പാവ് കൊണ്ട് മുഖത്തിന് ചുറ്റും കെട്ടിയിരുന്നു.ജീപ്പ് ഡ്രൈവര്‍ സുന്നികള്‍ക്കിടയിലെ ഭിന്നിപ്പിനെ കുറിച്ചും എ പി ഉസ്താദിന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ചുമൊക്കെ എന്നോട് ചോദിച്ചുകൊണ്ടിരുന്നു.ഞാന്‍ ഉസ്താദിനെ കുറ്റപ്പെടുത്താതെ,കളവു വരാതെ എന്നാല്‍ എന്റെ നിലപാട് വ്യക്തമാക്കാതെ,മറുപടി പറഞ്ഞുകൊണ്ടിരുന്നു.അവസാനമയാള്‍ ചോദിച്ചു: നിങ്ങളല്ലേ ഈയടുത്ത് താനൂരില്‍ പ്രസംഗിച്ചിരുന്നത് ? ഞാന്‍ അതെയെന്ന് പറഞ്ഞു പോയി.!പക്ഷേ പിന്നീടയാള്‍ നമ്മുടെ അനുകൂലിയാണെന്ന് മനസ്സിലായി.അദ്ദേഹം പരമാവധി സഹകരിച്ച് എനിക്ക് വേണ്ടി ത്യാഗം സഹിച്ച് എന്നെ അവിടെ എത്തിച്ചു.ഞാന്‍ ഉസ്താദിനെ കണ്ടു.പക്ഷേ…

അഹ്സനി: പക്ഷേ…?

സഖാഫി: അങ്ങനെ ഒമാനിലെത്തിയപ്പോള്‍ അതിനേക്കാള്‍ അപകടകരമായ മറ്റൊരു വാര്‍ത്തയായിരുന്നു എന്നെ കാത്തിരുന്നത്. അതിപ്പോള്‍ ഞാന്‍ വെളിപ്പെടുത്തുന്നില്ല.

4 Responses to "സമരജീവിതത്തിന്റെ കുറ്റ്യാടി പാഠങ്ങള്‍"

  1. അബ്ദുല്‍ മാജിദ്  May 4, 2013 at 7:09 pm

    ലേഖനം പൂര്‍ണമല്ലല്ലോ.?

  2. Noufal ap  May 6, 2013 at 11:34 am

    ലേഖനം പൂര്‍ണമല്ല

  3. Ihsankm  January 9, 2015 at 4:08 pm

    ഈ ലേഖനത്തിന്റെ ആകത്തുക മനസ്സിലാക്കാൻ ഈ ഒരൊറ്റ വാചകം മതിയാകും
    “…എന്തെല്ലാം എതിര്‍പ്പുകള്‍ ! മണ്ണൂരിലൊരാള്‍ മദ്രസക്ക് സ്ഥലം തന്നു. പക്ഷെ ബി ജെ പി ഒഴികെ എല്ലാ സംഘടനകളും ജമാഅത് കുതന്ത്രത്തില്‍ അകപ്പെട്ടു….”

    കാരണം ഇസ്ലാമിനെ ശത്രു പക്ഷത്തു നിരത്തുന്ന ബി.ജെ.പിക്കറിയാം കാന്തപുരം സമസ്ത വികല ഇസ്ലാമിനെയാണ് പ്രതിനിധീകരിക്കുന്നതെന്ന്. അത് കൊണ്ട് ബി.ജെ.പി കാന്തപുരം സമസ്തയെ സപ്പോര്ട്ട് ചെയ്യും

  4. shafeek  January 10, 2015 at 1:55 pm

    ബലൂണ്‍ സഖാഫി

You must be logged in to post a comment Login