വഴിതെറ്റിയൊഴുകുന്ന ഭൂതദയ

വഴിതെറ്റിയൊഴുകുന്ന ഭൂതദയ

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കരുണാമയനാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ശൈലിയുടെ കാതലായ അംശം ഭൂതദയയാണ്. നാടൊട്ടുക്കോടി നടന്ന് പത്തും പതിനഞ്ചും കൊല്ലമായി നീതി നിഷേധിക്കപ്പെട്ട പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഖജനാവ് തുറന്ന് ആശ്വാസം നല്‍കിയ ജനസമ്പര്‍ക്ക പരിപാടിയോടെയാണ് അദ്ദേഹം ഭരണത്തിന് തുടക്കം കുറിച്ചത്. ആര്‍ ബാലകൃഷ്ണപിള്ള, ബിജു രാധാകൃഷ്ണന്‍, സരിതാ നായര്‍ തുടങ്ങി അദ്ദേഹത്തിന്റെ ദയാവായ്പിന് പാത്രമായ നിരവധി പേര്‍ വേറെയും. നീതി നിഷേധം തുടര്‍ക്കഥയായതുകൊണ്ട് ഭൂതദയ അര്‍ഹിക്കുന്നവരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. അതാകട്ടെ എപ്പോഴും വഴിതെറ്റി ഒഴുകുന്നു.
കോഴിക്കോട്ടെ സാമൂതിരി കുടുംബത്തിലെ 826 അംഗങ്ങള്‍ക്ക് പ്രതിമാസം 2,500 രൂപ വീതം പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ ഈയിടെ തീരുമാനിക്കുകയുണ്ടായി. പ്രതിവര്‍ഷം രണ്ടരകോടി രൂപയുടെ ഭാരമാണ് ഇതിലൂടെ നികുതിദായകന്റെ തലയില്‍ വീണിരിക്കുന്നത്. ഏതെങ്കിലും ഭരണകൂടം ഇതിനു മുമ്പ് ഇത്ര ലാഘവ ബുദ്ധിയോടെ നികുതിപ്പണം ദാനം ചെയ്തിട്ടുണ്ടെന്ന് തോന്നുന്നില്ല. സാമൂതിരി കുടുംബം കേരളത്തിന് നല്‍കിയ സംഭാവന മാനിച്ചാണ് തീരുമാനമെന്നത്രെ സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ പറഞ്ഞത്. മൊട്ടയായ ഒരു പരാമര്‍ശമല്ലാതെ സാമൂതിരി കുടുംബത്തിന്റെ സംഭാവനയെക്കുറിച്ച് ഒരു വിവരവും അത് നല്‍കിയില്ല. ഇത്തരത്തിലുള്ള ആനുകൂല്യത്തിന് അര്‍ഹിക്കുന്ന സംഭാവനയൊന്നും ആ കുടുംബം നല്‍കിയിട്ടില്ലെന്നാണ് ചരിത്ര പണ്ഡിതനായ എംജിഎസ് നാരായണന്‍ പറയുന്നത്.
സദാ കണ്ണുതുറന്നിരിക്കുന്ന, എന്നാല്‍ പിന്നീട് പരിശോധിക്കാന്‍ അവസരം നല്‍കാത്ത (റിക്കോര്‍ഡിംഗ് സംവിധാനമില്ലാത്ത) വെബ് ക്യാമറയുടെ മുന്നില്‍ സുതാര്യമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ പൂഴ്ത്തിവച്ച വിവരങ്ങള്‍ സാമൂതിരി കുടുംബങ്ങള്‍ നല്‍കിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി ധാരാളം ഭൂമി വിട്ടുകൊടുത്തെന്നും അനുവദിച്ചിട്ടുള്ള പെന്‍ഷന്‍ അതിന്റെ വാടകപോലുമാകുന്നില്ലെന്നും അവര്‍ പറയുന്നു.
വിട്ടുകൊടുത്ത ഭൂസ്വത്ത് ഫ്യൂഡല്‍ കാല ഭരണാധികാരികളെന്ന നിലയില്‍ സാമൂതിരിമാര്‍ സന്പാദിച്ചവയാണെന്ന് വ്യക്തം. സ്വന്തം രാജ്യമുണ്ടായിരുന്നവരും അല്ലാത്തവരുമായ എല്ലാ രാജകുടുംബങ്ങളും കയ്യടക്കിവച്ചിരിക്കുന്ന ഭൂമി തുടര്‍ന്നും കൈവശം വെക്കാന്‍ സ്വതന്ത്ര ഭാരതസര്‍ക്കാര്‍ അനുവദിച്ച സ്ഥിതിക്ക് സാമൂതിരിയുടെ ഭൂവുടമാവകാശം ചോദ്യം ചെയ്യപ്പെടേണ്ടതില്ല. എന്നാല്‍ ഭൂമി വിട്ടുകൊടുത്ത സാഹചര്യം പരിശോധനയര്‍ഹിക്കുന്നു. ഭൂമി കൈമാറ്റം നടത്തുമ്പോള്‍ എന്ത് വ്യവസ്ഥകളിലാണ് ദാതാവ് വിട്ടുകൊടുത്തതെന്നും എന്ത് വ്യവസ്ഥകളിലാണവ സ്വീകര്‍ത്താവ് ഏറ്റെടുത്തതെന്നും രേഖപ്പെടുത്താറുണ്ട്. ഇടപാട് നടന്നത് 1956നു മുന്പാണെങ്കില്‍ ഇത് സംബന്ധിച്ച രേഖകള്‍ ചെന്നൈയിലെ ഫോര്‍ട്ട് സെന്‍റ് ജോര്‍ജിലുണ്ടാകും. അതിനു ശേഷമാണെങ്കില്‍ തിരുവനന്തപുരത്ത് കാണേണ്ടതാണ്. അവ എന്തു പറയുന്നെന്ന് സര്‍ക്കാറോ സാമൂതിരി കുടുംബമോ പറയുന്നില്ല. കുടുംബത്തിന്റെ പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും നടത്താനാണ് ഭൂമി കൊടുത്തതെന്നാണ് ലേഖകന്‍ മനസ്സിലാക്കുന്നത് പൂര്‍വ്വികര്‍ നല്‍കിയ ഭൂമിക്ക് തങ്ങള്‍ക്ക് വാടക കിട്ടണമെന്ന കുടുംബങ്ങളുടെ ദുരുപദിഷ്ടമായ ആവശ്യം നിരസിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയാഞ്ഞത് 826 വോട്ടുകള്‍ മനക്കണ്ണില്‍ കണ്ടതു കൊണ്ടാവണം.
ജീവനോടെ പിടികൂടിയ വര്‍ഗീസ് എന്ന നക്സലൈറ്റ് നേതാവിനെ കൊലപ്പെടുത്തിയിട്ട് ഏറ്റുമുട്ടലില്‍ മരിച്ചു എന്ന് പ്രചരിപ്പിച്ചതിന് സിബിഐ കോടതി ജീവപര്യന്തം ശിക്ഷ നല്‍കിയ മുന്‍ ഐജി കെ ലക്ഷ്മണയാണ് മുഖ്യമന്ത്രിയുടെ കാരുണ്യ പ്രവാഹത്തിന്റെ മറ്റൊരു ഗുണഭോക്താവ്. മറ്റ് മൂന്നു ജീവപര്യന്ത തടവുകാര്‍ക്കൊപ്പം കഴിഞ്ഞ ദിവസം അദ്ദേഹം മോചിപ്പിക്കപ്പെട്ടു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ പത്രക്കുറിപ്പും ഉമ്മന്‍ചാണ്ടി മോഡല്‍ സുതാര്യതയുടെ മകുടോദാഹരണമാണ്. പ്രായവും ആരോഗ്യവും പരിഗണിച്ച് ലക്ഷ്മണയെ മോചിപ്പിക്കണമെന്ന് വിവിധ ദലിത് സംഘടനകളുടെ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് മറച്ചുപിടിച്ചുകൊണ്ട് 75 വയസ്സിനുമേല്‍ പ്രായമുള്ള തടവുകാരുടെ കാര്യം പരിശോധിച്ച് എടുത്ത തീരുമാനമെന്ന് വരുത്തിത്തീര്‍ക്കാനാണ് പത്രക്കുറിപ്പ് ശ്രമിച്ചത്.
സുപ്രീംകോടതി ശിക്ഷിച്ച ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ കാരാഗൃഹവാസം കുറച്ചു കൊടുക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ദലിത് നേതാക്കള്‍ തങ്ങളുടെ കൂട്ടത്തില്‍ പെട്ടയാള്‍ക്കും സമാന പരിഗണന ലഭിക്കണമെന്ന് ആഗ്രഹിച്ചെങ്കില്‍ അതിനെ കുറ്റപ്പെടുത്താനാവില്ല. ലക്ഷ്മണയെ മോചിപ്പിക്കാന്‍ ശ്രമം തുടങ്ങിയപ്പോള്‍ സിപിഐ(എംഎല്‍) നേതാവ് ഉണിച്ചെക്കന്‍ എഴുപ്പത്തഞ്ച് വയസ്സിനു മുകളില്‍ പ്രായമുള്ള ജീവപര്യന്ത തടവുകാരെ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം വിവരം തേടിയിരുന്നു. തിരുവനന്തപുരം, കണ്ണൂര്‍ ജയിലുകളില്‍ ആറുപേര്‍ വീതമുണ്ടെന്നായിരുന്നു അദ്ദേഹത്തിന് കിട്ടിയ മറുപടി. ഈ കണക്ക് ശരിയാണെങ്കില്‍ സര്‍ക്കാറിന്റെ കാരുണ്യം ലഭിക്കാത്തവര്‍ ഇപ്പോഴും ജയിലുകളിലുണ്ടാവണം. ശിക്ഷയില്‍ ഇളവുകള്‍ നല്‍കുന്നതു സംബന്ധിച്ച് നിലവിലുള്ള ചട്ടങ്ങള്‍ 1957ലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തയ്യാറാക്കിയതാണ്. അതിന്‍ പ്രകാരം ലക്ഷ്മണ ഇളവിന് അര്‍ഹത നേടിയിരുന്നില്ലെന്ന് ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു.
സിബിഐ കോടതിവിധി വന്നത് 2010 ഒക്ടോബറിലാണ്. അതിനെതിരെ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളിയപ്പോള്‍ ലക്ഷ്മണ സുപ്രീംകോടതിയെ സമീപിച്ചു. ആ കോടതി അതില്‍ തീരുമാനമെടുക്കുന്നതിനു മുന്പാണ് മന്ത്രിസഭ പ്രിവികൗണ്‍സില്‍ ചമഞ്ഞ് ലക്ഷ്മണയെ മോചിപ്പിക്കാന്‍ തീരുമാനിച്ചത്. ഒരാളെ കസ്റ്റഡിയിലെടുക്കുന്ന പോലീസുദ്യോഗസ്ഥന് അയാളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ചുമതലയുണ്ട്. ആ ചുമതല മറന്നുകൊണ്ട് വര്‍ഗീസിനെ കൊന്നവര്‍ ചെയ്തത് അതിഹീനമായ കുറ്റമാണ്. വര്‍ഗീസിനെ കോടതിയിലെത്തിക്കുകയാണ് തങ്ങളുടെ കടമയെന്ന് ഒരു സാദാ പോലീസുകാരനായ രാമചന്ദ്രന്‍ നായര്‍ക്ക് തിരിച്ചറിയാനായി. അതിനു കഴിയാത്ത ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ലക്ഷ്മണ. കക്കയം ക്യാമ്പില്‍ രാജന്‍ കൊല്ലപ്പെട്ട സമയത്ത് ലക്ഷ്മണ അവിടെയുണ്ടായിരുന്നു. രാജന്റെ മൃതദേഹം എന്തു ചെയ്തെന്ന് ചോദിച്ചപ്പോള്‍ ആ രഹസ്യം തന്നോടൊപ്പം മണ്ണടിയുമെന്ന് അദ്ദേഹം പറഞ്ഞതായി ഒരു പത്രം കുറച്ചു കാലം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ രഹസ്യം വെളിപ്പെടുത്താന്‍ സര്‍ക്കാറിന്റെ കാരുണ്യ സ്പര്‍ശം അദ്ദേഹത്തെ പ്രേരിപ്പിച്ചാല്‍ ഒരു പക്ഷേ, അതിനെ അര്‍ഹിക്കാതെ നേടിയ ഇളവിനുള്ള ന്യായീകരണമായി കാണാനാകും. അദ്ദേഹത്തിനു വേണ്ടി രംഗത്തിറങ്ങിയ ദലിത് നേതാക്കള്‍ അതിന് ശ്രമിക്കണം.
ലക്ഷ്മണയുടെ ശാപമോക്ഷത്തിന്റെ ഉപകാരസ്മരണയില്‍ ഉമ്മന്‍ചാണ്ടി കുറെ ദലിത് വോട്ടുകള്‍ പ്രതീക്ഷിക്കുന്നുണ്ടാവണം. എന്നാല്‍ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തത് ലക്ഷ്മണ ദളിതനായതുകൊണ്ടല്ല, ഐജി പദവി വരെ ഉയര്‍ന്ന പോലീസുദ്യോഗസ്ഥനായതു കൊണ്ടാണെന്ന് കരുതാന്‍ ന്യായമുണ്ട്. ഐപിഎസുകാരെ ഒഴിവാക്കി താണതലങ്ങളില്‍ പെട്ട പോലീസുകാരെ കസ്റ്റഡി മരണക്കേസുകളില്‍ പ്രതികളാക്കുന്ന രീതിയാണല്ലോ ഭരണകൂടം പതിവായി പിന്തുടരുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ഗണനാ പട്ടികയില്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും ഉയര്‍ന്ന സ്ഥാനമുണ്ടെങ്കില്‍ ഭൂതദയ ഒഴുകുന്നത് അട്ടപ്പാടിയിലേക്കും വയനാട്ടിലേക്കും ചെങ്ങരയിലേക്കും അരിപ്പയിലേക്കുമൊക്കെ ആകുമായിരുന്നല്ലോ.

ബി ആര്‍ പി ഭാസ്കര്‍

You must be logged in to post a comment Login