ശുജാഇയുടെ രചനാവഴികള്‍

ശുജാഇയുടെ രചനാവഴികള്‍

ധൈഷണിക മഹാത്മ്യവും ഇസ്ലാമിക സാഹിത്യത്തിന്‍റെ വശ്യസൗകുമാര്യതയും കൊണ്ട് എക്കാലത്തെയും കയ്യിലാക്കാന്‍ പോന്ന സര്‍ഗാത്മക സംഭാവനകള്‍ നല്‍കിയിട്ടുള്ള പണ്ഡിതനാണ് ശുജാഇ മൊയ്തു മുസ്ലിയാര്‍. പത്തൊന്പതാം നൂറ്റാണ്ടിലെ പരിഷ്കാര പ്രക്രിയകള്‍ക്ക് കാര്‍മികത്വം വഹിക്കുകയും അറിവന്വേഷണത്തിന്‍റെ നവീന മാതൃകകള്‍ സൃഷ്ടിക്കുകയും ചെയ്ത അദ്ദേഹത്തിന്‍റെ നാമമാത്ര സാന്നിധ്യം മാത്രമാണ് പക്ഷേ, സമീപകാല പൈതൃക പഠനങ്ങളില്‍ കാണുന്നത്. ശുജാഇയെക്കുറിച്ചുള്ള അജ്ഞതയോ അദ്ദേഹത്തെ വായിക്കാനുള്ള ധൈഷണിക സര്‍ഗാത്മക സിദ്ധിയുടെ അഭാവമോ അതല്ലെങ്കില്‍ കേരളത്തിന്‍റെ സാന്പ്രദായിക ഇസ്ലാമിക ചരിത്രമെഴുത്തുകാരുടെ വര്യേ കാഴ്ചപ്പാടുകളോ കൊണ്ട ശുജാഇ ഏറെയൊന്നും രേഖപ്പെടുത്തിക്കണ്ടില്ല. അല്ലാമാ ജലാലുദ്ദീന്‍ റൂമിയുടെയും ഇബ്നു ഖല്‍തൂനിന്‍റെയും വിചാരധാരകളെ സ്വാംശീകരിച്ച് മുസ്ലിം അനുവാചക ലോകത്തിന് സമര്‍പ്പിച്ച സ്മര്യ പുരുഷന്‍ അറുപത് വര്‍ഷം കൊണ്ട് നടന്നു തീര്‍ത്ത സര്‍ഗാത്മക യാത്രയുടെ ഹൃസ്വവിവരണം തന്നെ ഉദ്വേഗജനകമാണ്.
നടപ്പുശീലങ്ങളില്‍ നിന്നും അല്‍പം ഭിന്നമായിരുന്നു സാഹിത്യത്തിലെ ശുജാഇ മാതൃകകള്‍. നിര്‍മാണാത്മകമായ സാമൂഹിക മാറ്റങ്ങള്‍ക്ക് ചാലകശക്തിയാവാനുള്ള ശക്തിയെ അഭിനിവേശമായിരുന്നു. ആ മഹാമനീഷിയുടെ ഉള്ളം നിറയെ.
വൈജ്ഞാനിക പോഷണത്തിനും ആത്മീയ വികാസത്തിനും വേണ്ടി അറബി മലയാള സാഹിത്യത്തെ ഒരു പുരുഷായുസ് മുഴുവന്‍ എണ്ണവാര്‍ന്ന് ജ്വലിപ്പിച്ച ശുജാഈ മൊയ്തു മുസ്ലിയാരുടെ രചനാ പരിസരങ്ങളിലൂടെയുള്ള ഒരു തീര്‍ത്ഥ യാത്രയാണ് ഈ ലേഖനം.
പൊന്നാനിയുടെ പൗത്രന്‍
മഖ്ദൂമീ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ പൊന്നാണിദേശത്തിന് തെക്ക് അണ്ടത്തോട് പ്രദേശത്ത് ശുജാഇ മൊയ്തു മുസ്ലിയാരുടെ ജനനം. പൗരപ്രമുഖനായ അബ്ദുല്‍ ഖാദിര്‍ സാഹിബാണ് പിതാവ്. വീട്ടില്‍ നിന്നാണ് മതത്തിന്‍റെ ബാലപാഠങ്ങള്‍ അറിയുന്നത്. അണ്ടത്തോട് ജുമുഅക്ക് പള്ളിയിലായിരുന്നു ആദ്യ ജീവിതം. ശേഷം എരമംഗലം, വെള്ളിയയോട്, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളിലെ ദര്‍സുകളില്‍ ചെന്നു പഠിച്ചു. സിയാമു മുസ്ലിയാര്‍,ചെറിയ കുഞ്ഞന്‍ ബാവ മുസ്ലിയാര്‍, തുന്നല്‍ വീട്ടില്‍ മുസ്ലിയാര്‍ എന്നിവരായിരുന്നു അക്കാലത്തെ ഉസ്താദുമാര്‍.
ഔദ്യോഗിക പാഠ പരിശീലന ക്രമങ്ങള്‍ക്ക് പുറമെ തസവ്വുഫ്, ആഗോള ഇസ്ലാമിക ചരിത്രം, ഭാഷാ പഠനം, പ്രസംഗം, കവിത തുടങ്ങിയ കാര്യങ്ങള്‍ക്കൂടി അദ്ദേഹം ശ്രദ്ധിച്ചു. ഇതിലൂടെ ഉലമാ ശ്രേണിയിലെ മുന്‍
അദ്ദേഹത്തെ സഹായിച്ചു. ശുജാഇ(പരിഷ്കാരി, ധീരന്‍) എന്ന കീര്‍ത്തി പേരിന്‍റെ കൂടെ അങ്ങനെ വന്നു ചേര്‍ന്നതാണ്.
സംവാദ വേദികളില്‍ സ്ഥിര സാന്നിധ്യമായിരുന്നു. തന്‍റെ സ്വതസിദ്ധമായ വാഗ്വിലാസം കൊണ്ട് നിരവധി സന്ദര്‍ഭങ്ങളില്‍ എതിരാളികളെ നിശ്പ്രഭരാക്കി. കൊണ്ടോട്ടി തങ്ങള്‍ തീര്‍ത്ത നിര്‍ലോമകരമായ ശീഇസത്തെ നിശ്കാസനം ചെയ്തവരില്‍ ഒരാള്‍ ശുജാഇയായിരുന്നു.വിവിധ ഘട്ടങ്ങളില്‍ നടന്ന ഖണ്ഡന പ്രസംഗങ്ങള്‍ക്കൊടുവില്‍ ഇരുപക്ഷവും തുറന്ന ചര്‍ച്ചക്ക് തയ്യാറായി. കൊണ്ടോട്ടി പഴയങ്ങാടിയില്‍ നടന്ന സംവാദത്തില്‍ പൊന്നാനി പക്ഷത്തെ പ്രതിനിധീകരിച്ച് ശുജാഇയായിരുന്നു പങ്കെടുത്തത്. പ്രതിപക്ഷത്തിന്‍റെ വാദഗതികളെ അനായാസം കൈകാര്യം ചെയ്ത മഹാനവര്‍കള്‍ കൊണ്ടോട്ടികക്കാരുടെ വിശ്വാസ വൈകല്യങ്ങള്‍ തുറുന്നുകാണിച്ചു. തങ്ങളുടെ അനുയായികള്‍ പിന്നീട് അത്തരം ആചാരനുഷ്ഠാനങ്ങളില്‍ നിന്നും സന്പൂര്‍ണമായും പിന്മാറി. ഫതാവാ ബുസ്താനിയ എന്ന ഗ്രന്ഥത്തില്‍ ഈ സംഭവം വിശദമായി പറയുന്നുണ്ട്.
മലയാളം, അറബി, ഉറുദു, തമിഴ്, ഹിന്ദി, പേര്‍ഷ്യന്‍ ഭാഷകളില്‍ ആശയവിനിമയത്തിന് കഴിവുണ്ടായിരുന്ന അദ്ദേഹം പ്രസ്തുത ലിപികളിലെ അവശ്യ പുസ്തകങ്ങളത്രയും ശേഖരിച്ചിരുന്നു. അത്തരം ഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരം ഇപ്പോഴും അണ്ടത്തോട് കുളങ്ങര വീട്ടിലുണ്ട്.
തൂലികാ വിലാസം
കൊളോണിയലിസത്തിന്‍റെ പ്രത്യയശാസ്ത്ര വേലിയേറ്റത്തിനിടയില്‍ സ്വത്വപ്രകാശത്തിനുള്ള ഉപാധികള്‍ വിസ്മരിക്കാന്‍ പലരും തത്രപ്പെടുന്ന ഒരു സങ്കീര്‍ണദശയിലാണ്. ശുജാഇ മൊയ്തുമുസ്ലിയാര്‍ ധീരമായ നിലപാടുകളോടെ ജീവിക്കുന്നത്. പ്രതിസന്ധികളില്‍ നിസംഗരാകേണ്ടവരല്ല പ്രത്യുത ആത്മിക ചോദനകള്‍ക്ക് ഇന്ധനം പകര്‍ന്ന് കരുത്താര്‍ജിക്കേണ്ടവരാണ് വിശ്വാസികളെന്ന സന്ദേശമാണ് ശുജാഇ കൃതികളുടെ അകക്കാന്പ്. ഭൗതികലോകത്തെ വികാസ പരിണാമങ്ങളെ പാരന്പര്യ നിഷ്ഠകളില്‍ ഊന്നിനിന്നുകൊണ്ട് എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി അവയുടെ അന്തര്‍ധാരയായ നിലനില്‍ക്കുന്നു. കല്ലച്ചുകള്‍ കേരളത്തില്‍ രംഗപ്രവേശം ചെയ്തപ്പോള്‍ അവയില്‍ മുദ്രണം ചെയ്യാനുള്ള ആദ്യസൗഭാഗ്യം വാങ്ങാന്‍ ഫൈളുല്‍ ഫയ്യാള് ഫത്ഹുല്‍ ഫത്താഹ് തുടങ്ങിയ കൃതികള്‍ക്ക് അര്‍ഹതയുണ്ടായത് ആ ഒറ്റക്കാരണം കൊണ്ട് തന്നെ. ഇസ്ലാമിക ചരിത്രത്തെ കൃത്യമായി ചിത്രീകരിച്ചെടുക്കാന്‍ അദ്ദേഹം കാണിച്ച അനിതര സാധാരണമായ മിടുക്ക് പ്രശംസനീയമാണ്.
ഖുര്‍ആനിക സൂക്തങ്ങളുടെ അവതരണക്രമം സവിസ്തരം പ്രതിപാദിക്കുന്ന മഅ്ദനുല്‍ ജവാഹിര്‍ മഹാരത്ത മാലയാമ് ശുജാഇയുടെ ആദ്യകൃതി. പ്രമുഖ വ്യാഖ്യാതാക്കളുടെ വിവരണങ്ങള്‍ ആസ്പദമാക്കി മക്കീമദനീ അധ്യായങ്ങളെ വിശകലനം ചെയ്യുന്ന രത്നമാല വിവിധ ഘട്ടങ്ങളില്‍ വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യേണ്ടതിന്‍റെ ശ്രേഷ്ഠതകളെ കുറിച്ചും പ്രധാനപ്പെട്ട സൂറതുകളുടെ ഔന്നത്യത്തെക്കുറിച്ചും പറയുന്നുണ്ട്. ഹിജ്റ 1305 ല്‍ പൊന്നാനി മുടിക്കല്‍ കുഞ്ഞിമ്മു മുസ്ലിയാരുടെ ഉടമസ്ഥതയിലുള്ള ലിത്തോ പ്രസിലാണ് ആ കൃതി മുദ്രണം ചെയ്യുന്നത്.
ഹിന്ദുസ്ഥാനീ ഭാഷാപഠനം
വ്യത്യസ്ത ഭാഷകളുടെ സംഗമസ്ഥലമാണ് അറബി മലയാള സാഹിത്യം. പത്തൊന്പതാം നൂറ്റാണ്ടിലെ മാപ്പിള മുസ്ലിംകള്‍ ഭാഷാപഠനങ്ങളില്‍ പ്രത്യേകം താത്പര്യമെടുത്തതിന് നിരവധി ചരിത്ര രേഖകള്‍ സാക്ഷിയാണ്. ശുജാഇ മൊയ്തു മുസ്ലിയാരുടെ ഗുരുസ്ഥാനി എന്ന ഹിന്ദുസ്ഥാനി ഭാഷാപഠനം ഇവ്വിഷയകമായി ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ കൃതിയാണ്. അറുപത് പേജുകളുള്ള ഗുരുസ്ഥാന നാല്‍പത് അധ്യായങ്ങളിലാണ് ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത്. ഹിജ്റ 1308 ല്‍ പൊന്നാനിയില്‍ നിന്നാണ് ഇതിന്‍റെ പ്രസിദ്ധീകരണം നടക്കുന്നത്. അക്കാലത്തെ മിക്ക ദര്‍സുകളിലെയും പാഠപുസ്തകങ്ങളിലൊന്നായി ഈ കൃതി ഗണിക്കപ്പെട്ടിരുന്നുവെന്ന് കെ കെ കരീമും സി എന്‍ അഹ്മദ് മൗലവിയും ചേര്‍ന്നെഴുതിയ മഹത്തായ മാപ്പിള സാഹിത്യ പാരന്പര്യത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഭാഷാ വിരോധത്തിന്‍റെ പേരില്‍ അറിവുകളോട് പുറം തിരിഞ്ഞു നിന്നവര്‍ എന്ന അപഖ്യാതി ഏതായാലും മാപ്പിളമാക്ക് ചേരില്ലെന്നതിന് ഗുരുസ്ഥാനിയും സാക്ഷി.
ഫൈളുല്‍ ഫയ്യാള്
ഇസ്ലാമിക നാഗരികതയുടെ നിറപൗര്‍ണമി കത്തിനില്‍ക്കുന്ന രചനയാണ് ഫൈളുല്‍ ഫയ്യാള്. പ്രപഞ്ചോല്‍പത്തി മുതല്‍ അബ്ബാസീ ഭരണകര്‍ത്താവായ സുല്‍ത്തന്‍ നാസര്‍ ബില്ല വരെയുള്ളവരുടെ ചരിത്രമാണ് പ്രമേയം. വിശ്വപ്രസിദ്ധമായ പതിനഞ്ച് ചരിത്രസമാഹാരങ്ങളില്‍ നിന്നും ക്രോഡീകരിച്ച പ്രസക്തമായ വിഷയങ്ങള്‍ സമര്‍ത്ഥിക്കുന്ന ഈ ഗ്രന്ഥം ആറുമാസക്കാലത്തെ നിരന്തര അധ്വാനത്തിന്‍റെ പരിണതിയാണ്. കാലഗണനയനുസരിച്ച് നാല് ഭാഗങ്ങളായി വിഭജിക്കപ്പെട്ട ഫൈളുല്‍ ഫയ്യാള് 628 പേജുള്ള ബൃഹത്തായ ഒരു ചരിത്ര സംഭാവനയാണ്.
ഗ്രന്ഥരചനയുടെ പ്രേരകനിദാനങ്ങളെ ഉസ്താദ് തന്നെ പരിചയപ്പെടുത്തുന്നത് കാണുക: ഹഖ് തആലാന്‍റെ പൊരുത്തത്തോട് പടപ്പുകളെ ചേര്‍ക്കുന്ന ഇടയാള്‍ നിബ(സ) തങ്ങള്‍ ആയിരിക്കേ തങ്ങളുടെ ആദ്യമക്ത്യ കഥകള്‍ നടപടിക്രമങ്ങള്‍ ഇതുകളെ അറിയാന്‍ ഉത്സാഹിക്കുകയും പഠിക്കുകയും നടക്കുകയും ചെയ്യുന്നത് അറിവുകളില്‍ മേലായ അറിവും അറിവുകളില്‍ വലിയ അറിവുമാണ്. ഇതുകളെ പ്രസിദ്ധം ചെയ്യുന്നതില്‍ ഉലമാക്കല്‍ അനേകാസീറാകിതാബുകളെ(ചരിത്രഗ്രന്ഥങ്ങള്‍) അധ്വാനിച്ചുണ്ടാക്കിയിരിക്കുന്നു. ഖുലാസതുസ്സിയറ, സീറതുസ്സഹ്രി, സീറതുശവാഹിദുന്നുബുവ്വ, മവാഹിബുല്ലദുന്നിയ്യ, സീറതു സുര്‍ഖാനി, സീറതു റൗളതില്‍ അഹ്ബാബ്, സീറതു ഇസ്തീആസ്, സീറതു യഅ്മിര, സീറതു ദിയാത്വി, സീറതു മുഗ്ലതായി, സീറതു മിനഹ്, സീറതു ഇബ്നു ഹിഷാം, സീറതുല്‍ ഹലബി, സീറതു താരീഖില്‍ ഖമീസ്, സീറതുല്‍ ഗുററി വദ്ദുറര്‍ തുടങ്ങിയ ചരിത്ര കിതാബുകളില്‍ ചിലത് രണ്ടും നാലും എട്ടും പത്തും ജില്‍ദുകളാകയാല്‍ (വാള്യം) ഉപയോഗിക്കാന്‍ എളുപ്പമെന്നല്ല നമുക്ക് അത് പ്രയാസമായി കണ്ടതില്‍ മേല്‍ പറഞ്ഞ കിതാബുകളില്‍ നിന്നും ഏതാനും കിതാബുകളില്‍ നോക്കി പരപ്പ് വിട്ട് സാരത്തെ മാത്രം പാടുള്ള വിധം ഉറപ്പിച്ചെടുത്തു ഉള്ളുടമയില്‍ ഫൈളുല്‍ ഫയാള് എന്നും പ്രസിദ്ധത്തില്‍ സീറകിതാബ് എന്നും പേര്‍ വെക്കപ്പെട്ട ഈ തര്‍ജമ കിതാബിനെ ഒരുമിച്ചു കൂട്ടിയിരിക്കുന്നു. (പേ 23).
തികഞ്ഞ പാരന്പര്യ വിശ്വാസിയായിരുന്നു ശുജാഇ. പ്രവാചക പിറവിയുടെയും അതോടനുബന്ധിച്ച് റബീഉല്‍ അവ്വല്‍ പന്ത്രണ്ടിലെ ആഘോഷങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ഭാഗം പേജ് 79 ല്‍ നിന്നെടുത്ത് വായിക്കാം. തങ്ങളെ പിരിഷം വെച്ച് തങ്ങളെ മൗലിദ് എന്ന പിറവി മദ്ഹിനെ സന്തോഷിച്ചു പറയുകയും ആ മദ്ഹിനെ പറയുന്നതില്‍ ചിലവ് ചെയ്യുകയും ചെയ്യുന്ന ഇസ്ലാമായ ഉമ്മതികള്‍ക്ക് കിട്ടുന്ന പ്രതിഫലം കോളര്‍ കുട ഉടയതന്പുരാന്‍ ഈ മുഅ്മിനീങ്ങള്‍ക്ക് ജന്നാത്തുന്നഈം എന്ന സ്വര്‍ഗത്തെ കൊടുക്കും. ഇസ്ലാമായ ജനങ്ങള്‍ തങ്ങളെ മൗലിദ് മാസം റബീഉല്‍ അവ്വലില്‍ ഒരുമിച്ചു കൂടുകയും മൗലിദ് മദ്ഹിനെ ഓതുകയും അതിനു വേണ്ടി ഒജീനം(ഭക്ഷണം) ഉണ്ടാക്കികൊടുക്കുകയും സ്വദഖ(ദാനം) ചെയ്യുകയും സന്തോഷങ്ങളെ വെളിപ്പെടുത്തുകയും വന്ദിക്കുകയും ചെയ്താല്‍ ദുന്‍യാവിലും ആഖിറത്തിലും ബഹുമാനം എത്തുമെന്നും വിശേഷിച്ചും ആ കൊള്ളം മുഴുവന്‍ ആഫത് മുസ്വീബതുകളെ തൊട്ട് കക്കപ്പെടുകയും ഹാജതുകള്‍ വീടപ്പെടുമെന്നും ഉലമാക്കള്‍ വെളിപ്പെടുത്തി പറഞ്ഞിരിക്കുന്നു.
പുരാതന ഭരണാധിപന്മാരെ പ്രതിയുള്ള വിവരണം ഇസ്ലാമിക ചരിത്രത്തില്‍ അദ്ദേഹത്തിനുള്ള അവഗാഹം അടയാളപ്പെടുത്തുന്നതാണ് റൂം രാജാക്കള്‍ക്ക് ഖൈസര്‍ എന്നും തുര്‍ക്ക് രാജര്‍ക്ക് ഹാഖാന്‍ എന്നും ഫാര്‍സി രാജര്‍ക്ക് കിസ്റാ എന്നും ശാം രാജര്‍ക്ക് ഹിര്‍ഖല്‍ എന്നും ഖിബ്ത്വി രാജര്‍ക്ക് ഫിര്‍ഔന്‍ എന്നും യമന്‍ കെട്ട് രാജര്‍ക്ക് തബഅ് എന്നും ഹബ്ശി രാജര്‍ക്ക് നജാശി എന്നും ഫര്‍ഗാനത് രാജര്‍ക്ക് അഖ്ഷിദ് എന്നും പേര് പറയുന്നു. (പേ 465).
ഫത്ഹുല്‍ ഫത്താഹ്
ഫൈളുല്‍ ഫയ്യാളിന്‍റെ രചന വായനാ ലോകത്ത് വ്യാപകമായ പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്. ഗ്രന്ഥത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചും സരളമായ ഭാഷയെക്കുറിച്ചും നിരവധി ചര്‍ച്ചകള്‍ നടന്നു. ആലപ്പുഴ സുലൈമാന്‍ മൗലവിയുടെ മണിവിളക്ക് മക്തിതങ്ങളുടെ പരോപകാരി തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ ഈ കൃതിയെ പ്രകീര്‍ത്തിച്ചെഴുതി. ശ്രമകരമായ ഒരു ദൗത്യത്തിന് കൂടി നാന്ദി കുറിക്കാന്‍ ഇത് അദ്ദേഹത്തെ നിര്‍ബന്ധിതനാക്കി. ഒടുവില്‍ ഫതുഹുല്‍ ഫത്താഹ് എന്ന പേരില്‍ ഒരു സീറാ വിസ്തീര്‍ണം ക്രോഡീകരിക്കാന്‍ ശുജാഇ തീരുമാനിച്ചു. ആദം നബി(അ)യുടെ സൃഷ്ടിപ്പ് മുതല്‍ ഒന്നാം ലോക മഹായുദ്ധത്തിന്‍റെ പ്രാരംഭ കാരണങ്ങള്‍ വരെ സമഗ്രമായി ചര്‍ച്ച ചെയ്യുന്ന ഫത്ഹുല്‍ ഫത്താഹിനെ മലയാളത്തിലെ ആദ്യത്തെ വിജ്ഞാന കോശമായി വിശേഷിപ്പിക്കുന്നതായിരിക്കും ഉചിതം.
ശുജാഇ പറയുന്നു: ഹിജ്റ 1304 ല്‍ ഹഖ് തആല ഉദവി ചെയ്തു ഉലമാക്കളുടെ മഹാവാചക ചിത്രങ്ങളായ പത്രങ്ങളില്‍ ഫഖീര്‍ ഭയന്ന് പ്രവേശിച്ചു ഫൈളുല്‍ ഫയ്യാള് എന്ന സീറാ തര്‍ജമയെ മുഖന്ധിമ എന്നൊരു മുന്നണിയായും അര്‍ബഅത് മഹല്ല് എന്ന നാലു ഖണ്ഡത്താലും ഇതില്‍ നാലാം ഖണ്ഡത്തെ പതിനൊന്ന് അംശമാക്കിയ വിഭാഗങ്ങളാലും മുഅഖിറത് എന്നൊരും പിന്നണിയാലും ഖാതിമത് എന്നൊരു അവസാന കോര്‍വയാലും കോര്‍വ ചെയ്ത് പരോജന സമൂഹം അരങ്ങേറിക്കണ്ടതില്‍ വാചക ചുരുക്കത്തോട് വിവരണ ലഘുത്വവും യോജിച്ചിരിക്കയാല്‍ വായന മഹത്തുക്കളായ ഇഷ്ടന്മാരില്‍ സഹായിച്ച മനോവിലാസക്കുറവ് നിമിത്തം അതിനെ അല്‍പം വിസ്തീര്‍ണപെടുത്തുന്നതില്‍ അവരുടെ വാത്സല്യം അന്നേ മുതല്‍ എന്നെ ഉന്തി ഉണര്‍ത്തിക്കൊണ്ടിരുന്നു. കടല്‍കുളി എന്ന നീരാട്ടമോഹം തിരമാല കൊള്ളെ ഒഴിഞ്ഞ് സാധിക്കയില്ലെന്നും മുത്ത് വ്യാപാരലഭ്യം മുങ്ങുന്നവര്‍ക്ക് മാത്രമാമെന്നും കണ്ട് ഹഖ് തആലാന്‍റെ തൗഫീഖില്‍ ചാരണം ചെയ്തു ഈ സീറാ വിസ്തീര്‍ണം പ്രവര്‍ത്തിക്ക് ഒരുങ്ങുന്നു. (വാ 1 പേ 5).
മൂന്ന് വാള്യങ്ങളിലുള്ള ഫത്ഹുല്‍ ഫത്താഹ് രണ്ടു വര്‍ഷത്തെ നിരന്തര ഉദ്യമങ്ങളുടെ ബഹിര്‍സ്ഫുരണമായിരുന്നു. ഹി 1328 തലശേരിയില്‍ നിന്നാണ് ഈ ബൃഹദ് ഗ്രന്ഥത്തിന്‍റെ പ്രിന്‍റിംഗ് നടക്കുന്നത്.
നഹ്ജുദ്ദഖാഇഖ്
പശ്ചാത്യ അധിനിവേശം പാരന്പര്യ വിശ്വാസങ്ങള്‍ക്കേല്‍പിച്ച ആഘാതങ്ങളില്‍ നിന്ന് സമൂഹത്തെ വിമലീകരിക്കാനുള്ള പ്രയത്നമാണ് നഹ്ജുദ്ദഖാഇഖിന്‍രെ പിറവിക്ക് പിന്നില്‍. ചില രാഷ്ട്രീയക്കാരും പണ്ഡിത നാമധാരികളും ദാരിദ്ര്യത്തിലകപ്പെട്ട് വഞ്ചനാത്മക സമീപനത്തിന്‍റെ വക്താക്കളായപ്പോള്‍ മഹാനവര്‍കള്‍ക്ക് മൗനം ദീക്ഷിക്കാന്‍ സാധിക്കുമായിരുന്നില്ല. (* അത്തരക്കാരെ അപലപിക്കാകന്‍ അദ്ദേഹം പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യം സ്തുത്യര്‍ഹമാണ്. ശുജാഇ ഉസ്താദ് പറയുന്നത് കാണുക.) ഈ സമാനി(കാലഘട്ടം) ല്‍ ചിലര്‍ മുസ്ലിയാര്‍മാര്‍ എന്ന നാമവും അറിവുകാര്‍ എന്ന നാട്യവുമായി ദുന്‍യാ ഫിരിഷത്തില്‍ മുഴുകിയ പ്രഭുക്കളോടു ഇടകലര്‍ന്നു കീഴടങ്ങി അവരുടെ ഇഷ്ട അനിഷ്ടത്തോട് യോജിച്ച അറിവും നിര്‍മിച്ചു അല്ലാന്‍റെ പൊരുത്തത്തെ തേടണ്ടതിനുള്ള ഇല്‍മ് കൊണ്ട് ലോകര്‍ പൊരുത്തത്തെയും ദുന്‍യാവിനെയും തേടി ശര്‍ഇന്‍റെ(മതനിയമം) അതിര്‍ത്തി വിട്ടുകടക്കല്‍ സാധാരണയായിത്തീര്‍ന്നിരിക്കുന്നു. ബദ്ധിനു വണങ്ങുന്ന കാഫിറിനെ ശിക്ഷിക്കും മുന്പ് ഇവരെ ശിക്ഷിക്കും എന്നുള്ള പ്രമാണം ഇവര്‍ക്ക് എത്താത്തതു പോലെ ഇരിക്കുന്നു. (നഹ്ജ് പേ 14).
ഗ്രന്ഥനിര്‍മിതിക്ക് വേണ്ടി അദ്ദേഹം അവലംബിച്ച കൃതികളുടെ ബാഹുല്യം അത്ഭുതപ്പെടുത്തുന്നതാണ്. നഹ്ജിന്‍റെ ആമുഖത്തില്‍ രചയിതാവ് വിശദീകരിക്കുന്നു. “അഹ്ലുസ്സുന്നത്തി വല്‍ ജമാഅ എന്ന സാധാ വഴിക്കാരുടെ ഈമാന്‍ ഇസ്ലാം ഉറപ്പ് എന്ന അഖീദയിലും ഹഖ്തആലാ ഒരുവന്‍ എന്ന മഅ്രിഫതിലും ശൈഖ് മുഹ്യുദ്ദീനുബ്നു അറബി അവരുടെ ഫുതുആത് ഖുസൂസുഖൈസരീ, ശൈഖ് അബ്ദുല്‍ കരീം ജീലീ അവരുടെ ഇന്‍സാനുല്‍ കാമില്‍, രിസാലതുല്‍ കുബ്റ, അബ്ദുല്‍വഹാബ് ശഅ്റാനി അവരുടെ യവാഖീത് വല്‍ ജവാഹിര്‍, ഫുലുകുല്‍ മശ്ഹൂര്‍, കശ്ഫുല്‍ ഗുമ്മ, ലത്വാഇഫുല്‍ മിനന്‍, മുഹമ്മദ് ബ്നു ഫള്ല്‍ അവരുടെ തുഹ്ഫതുല്‍ മുര്‍സല, ഉമര്‍ബ്നുല്‍ ഫാരിള് അവരുടെ ദീവാനുല്‍ കുബ്റ, ഇമാം ഗസ്സാലി അവരുട ഇഹ്യാഉലൂമിദ്ദീന്‍, മറ്റും പലേ കിതാബുകള്‍ അറബി ഭാഷയായും മറ്റു ചില കിതാബുകള്‍ പേര്‍ഷ്യന്‍, ഹിന്ദി, തമിഴ് ഭാഷകളായും കണ്ടതില്‍ നമ്മുടെ മലയാളക്കാരില്‍ മേല്‍പറഞ്ഞ ഭാഷകള്‍ അറിയാത്തവര്‍ക്കും ഗ്രഹിക്കാന്‍ പ്രയാസമായവര്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കുവാനായി ഈ ഭാഷയില്‍ മേല്‍ പറഞ്ഞ അറബി കിതാബുകളില്‍ നിന്ന് നഹ്ജുബുദ്ദഖാഇഖ് ഫീ ഇല്‍മില്‍ ഹഖാഇഖ് എന്നു അറബി ഭാഷയിലും ഉള്‍സാര വഴി എന്നു സ്വയഭാഷയിലും പേര്‍കൊടുക്കപ്പെട്ട ഒര തര്‍ജമയെ കേര്‍വ ചെയ്യുന്നു. കീളക്കര മാപ്പിള ലബ്ബയുടെ മഗാനീ, ഇബ്റാഹീം സാഹിബ് ലബ്ബ അവര്‍കളുടെ ഫൈളുറഹ്മാന്‍ എന്നീ രണ്ട് തമിഴ് കിതാബുകള്‍ നമ്മുടെ ഈ തര്‍ജമക്ക് ഉപകരിച്ചിരിക്കുന്നു.’ ( പേ 5).
നൂറ്റാണ്ടുകളായി മുസ്ലിംകള്‍ അനുവര്‍ത്തിച്ചു വരുന്ന വിശ്വാസ സരണികളെ അനുധാവനം ചെയ്യാനാണ് നഹ്ജ് സമൂഹത്തോടാവശ്യപ്പെടുന്നത്. ഹനഫീ, മാലികി, ശാഫിഈ, ഹന്പലി കര്‍മശാസ്ത്ര വഴികളും അശ്അരീ, മാതുരീദി, വിശ്വാസ ധാരകളുമാണ് അതിന് അവലംബിക്കേണ്ടതെന്നും ശുജാഇ ഉസ്താദ് ഉത്ബോധിപ്പിക്കുന്നു. നൂറിലധികം പുറങ്ങളുള്ള നഹ്ജ് ഹി 1311 ലാമ് പ്രകാശിതമാവുന്നത്.
മലയാളത്തിലെ മസ്നവി
ദാര്‍ശനിക രചനകള്‍ അറബി മലയാളത്തില്‍ അപര്‍വമാണ്. പതിനാറാം നൂറ്റാണ്ടിലെ വിശ്രുത കവിയായ കുഞ്ഞായിന്‍ മുസ്ലിയാരുടെ നൂല്‍മദ്ഹ് കപ്പപ്പാട്ട്, എന്നീ കൃതികളാണ് അത്തരത്തില്‍ എഴുതപ്പെട്ട ആദ്യകൃതികള്‍ അവയോട് താദാത്മ്യം പുലര്‍ത്തുന്ന പദ്യകൃതികള്‍ രൂപപ്പെടാന്‍ പിന്നീട് നൂറ്റാണ്ടുകള്‍ കഴിഞ്ഞു. മാലപ്പാട്ടുകള്‍ ഇടക്കിടെ പ്രസിദ്ധീകൃതമായെങ്കിലും അവക്ക് ദാര്‍ശനിക രചനകളോട് ചില വ്യത്യാസങ്ങളുണ്ടായിരുന്നുവെന്ന് പറയാം. ശുജാഇ മൊയ്തു മുസ്ലിയാരുടെ സഫല മാലയാണ് അത്തരമൊരു ശൂന്യതക്ക് അറുതി വരുത്തുന്നത്. ദുര്‍ഗ്രഹമായ രൂപകല്‍പനയാണെങ്കിലും ശുജാഇയുടെ ശ്രമദാനങ്ങളോട് സമരസപ്പെടാന്‍ അനുവാചക വൃന്ധത്തിന് ശരവേഗം സാധിച്ചു. കേരളത്തിലുടനീളം ഈ കൃതിക്ക് ലഭിച്ച വന്പിച്ച സ്വാധീനം അതിന് തെളിവാണ്. ഗാനാത്മകമായ അവതരണത്തിനിടക്ക് ഗദ്യശൈലിയിലുള്ള വിശദീകരണവും അദ്ദേഹം നല്‍കിയിട്ടുണ്ട്.
ആദം നബി(അ) മുതല്‍ മുഹമ്മദ് നബി(സ) വരെയുള്ള പ്രവാചക പരന്പരയുടെ ചരിത്രമാണ് കവിതയുടെ ആദ്യഭാഗത്ത്. സൂഫികളുടെ ദാര്‍ശനിക വീക്ഷണം അവതരിപ്പിക്കുന്ന വരികളാണ് അവസാന അധ്യായങ്ങളിലെ ചര്‍ച്ചാവിഷയം. സുദീര്‍ഘമായ മാലയില്‍ നിന്നും ചില വരികള്‍:
ചൊല്ലി പിരിന്തുതയ് സഫലമാല
സാരം ധരിക്കാത്തോര്‍ക്ക് അഫലമാല
മല്ലാലെതിര്‍ക്കുകില്‍ സകലമാല
മോഹം മികച്ചോരില്‍ സഹലമാല
കല്ലാന്‍ കിബ്രീത്തുല്‍ അഹ്മര്‍ മാല
കനകം ബവാഖീത്തും ജവാഹിര്‍ മാല
അല്ലള്ളാ ഫനാ ഫലം പണിന്തെ മാല
അതിരം ബഖാദാരില്‍ അണിന്തെ മാല
(പിരിന്തുതയ്=അവസാനിപ്പിക്കുന്നു, അഫലമാല= നിരര്‍ത്ഥക രചന, മല്ല്=ഗൗരവം, കല്ലാന്‍ കിബ്രീത്തുല്‍ അഹ്മര്‍ മാല=ശ്രേഷ്ഠമായ പ്രതാപത്തിന്‍റെ ചുവപ്പുമാല, ബവാഖീത്=ഉണ്മാവസ്ഥ, ജവാഹിര്‍=രത്നം, മുത്ത്, ഫനാ=സ്വത്വനിരാസം, ബാഖദാര്‍=ദൈവീകമായ അസ്ഥിത്വത്തെ സ്വീകരിക്കുന്ന അവസ്ഥ).
പ്രമാണ പിന്തുണയില്ലാല്ല ചരിത്ര കാവ്യങ്ങളെ ശക്തമായ വിമര്‍ശിക്കുന്നുണ്ട് കവി. ഇസ്ലാമിക ചരിത്ര രചനരംഗം കരഗതമാക്കിയ വിശ്വാസ്യതയെയാമ് അവ പ്രണപ്പെടുത്തുന്നതെന്നും അദ്ദേഹം സഫലമാലയില്‍ അഭിപ്രായപ്പെടുന്നുണ്ട്. മുഹമ്മദ് നബി(സ) കൂടി ചെയ്യാത്ത പട കൂടി ചെയ്തുവെന്നും പെടാത്തത് വെട്ടി എന്നും കൊലപ്പെടുത്തി എന്നും മാത്രമല്ല ഉണ്ടാവാത്ത യുദ്ധങ്ങള്‍ നിര്‍മിച്ചും കാണപ്പെടുന്ന ചില കവിതകള്‍ തങ്ങളെ അനിഷ്ടപെടുത്തുന്ന ക്രിയകളില്‍ പെട്ടിരിക്കും എന്ന് തീര്‍ച്ചയായി പറയാം. യുദ്ധത്തില്‍ ശത്രുക്കളെ കൊലവര്‍ധന മദ്ഹ് എന്ന് ധരിക്കല്‍ തങ്ങളുടെ നീതിന്യായ നിയമത്തിന് വിരോധമാണ്. ഇവിടെ കവിത നിര്‍മാണ വാത്സല്യക്കാര്‍ പ്രത്യേകം മനസ്സിരുത്തി ആലോചിക്കട്ടെ. ഈ അപകടത്തില്‍ പെട്ടവര്‍ പശ്ചാത്തപിക്കേണ്ട യാഥാര്‍ത്ഥ്യം അറിഞ്ഞിരിക്കേണ്ടതുമാണ്. (സഫലമാല പേ 60).
അനന്തരാവകാശ തര്‍ജമ
കര്‍മശാസ്ത്ര വിഷയങ്ങളിലെ അതിസങ്കീര്‍ണ മേഖലയാണ് അനന്തരാവകാസ പ്രശ്നങ്ങള്‍. ആ വിഷയം ലളിതമായി പരിചയപ്പെടുത്തുന്ന കൃതിയാണ് അനന്തരാവകാശ തര്‍ജമ. ഇവിഷയകമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള മിക്ക രചനകളുടെയും സഹായത്തോടെയാണ് പ്രസ്തുത ഉദ്യമത്തിന് ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുള്ളത്. തുഹ്ഫതുല്‍ മുഹ്താജ്, മഹല്ലി, ബഗ്വി, ബഹ്ജ, റഹ്ബിയ, ഷിന്‍ഷൗരി, ഹാശിയതുല്‍ ഖുദ്രി, ഫത്ഹുല്‍ ജവാദ്, ഫത്ഹുല്‍ മുഈന്‍, ഇര്‍ശാദുല്‍ ഗാവി എന്നീ കിതാബുകളാണ് പഠനവഴിയിലെ സഹയാത്രികര്‍. ഹിജ്റ 1307 ല്‍ പൊന്നാനിയില്‍ നിന്നാണ് തര്‍ജമ പ്രകാശിതമാവുന്നത്. കൂടാതെ തജ്വീദുല്‍ ഖുര്‍ആന്‍, മനാഫിഉല്‍ മൗത് എന്നീ രണ്ട് പുസ്തകങ്ങളും സി സൈതാലിക്കുട്ടി മാസ്റ്ററുടെ സ്വലാഹുല്‍ ഇക്വാന്‍ മാസികയിലെ തുടര്‍ലേഖനങ്ങളും ശുജാഇയുടേതായുണ്ട്.
ലിപി പരിഷകര്‍ത്താവ്
അറബി മലയാളത്തില്‍ രചനാത്മ സാന്നിധ്യം മാത്രമല്ല ശുജാഇക്കുള്ളത്. നിരന്തര പരിശ്രമങ്ങള്‍ക്കൊടുവില്‍ ലിപി പരിഷ്കാരത്തിന് തുടക്കം കുറിക്കാനും അദ്ദേഹത്തിന് സാധിച്ചു. അറബി ഭാഷയിലെ അക്ഷരക്രമങ്ങള്‍ക്കനുസൃതമായി അറബി മലയാള ഉച്ചരാണവും എഴുത്തും ക്രമീകരിച്ചതായിരുന്നു പുതിയ ലിപിയുടെ അടിസ്ഥാനം. മഹാരത്ന മാല മുതല്‍ അനന്തരാവകാശ തര്‍ജമ വരെയുള്ള സ്മര്യ പുരുഷന്‍റെ മുഴുവന്‍ പുസ്തകങ്ങളിലും പ്രസ്തുത മാതൃകയിലുള്ള എഴുത്തുരൂപങ്ങളാണ് കാണുന്നത്. ഫൈളുല്‍ ഫയാള് എന്ന ചരിത്ര ഗ്രന്ഥത്തില്‍ ഭേദപ്പെടത്തിയിരിക്കുന്ന അക്ഷരങ്ങള്‍, എഴുത്തുകള്‍, വാചകങ്ങള്‍, ഈ കിതാബിലും ഭേദപ്പെടുത്തിയിരിക്കുന്നു. അറബ് അക്ഷരം ഇരുപത്തെട്ടില്‍ പതിനാല് അക്ഷരം കൊണ്ട് മലയാളം വാക്കില്‍ ഉപയോഗമില്ലാത്തതിനാല്‍ അതുകള്‍ മലയാളം തര്‍ജമയില്‍ എഴുതുന്നില്ല. ഇതിന് വിപരീതമായി തര്‍ജമയില്‍ എവിടെയെങ്കിലും എഴുതി കാണുന്നുവെങ്കില്‍ മലയാള ഭാഷ അനുസരിച്ചു തന്നെ ഉച്ചരിക്കണം എന്നു വായക്കാരെ പ്രത്യേകം ഓര്‍മപ്പെടുത്തുന്നു. (അനന്തരാവകാശ തര്‍ജമ പേ 2).
ലിപി പരിഷ്കരണത്തിന്‍രെ പ്രാധാന്യം ത്യെപ്പെടുത്തുന്നതിനിടെ അറബി മലയാളത്തില്‍ കടുതല്‍ രചനകള്‍ പ്രകാശനം ചെയ്യപ്പെടേണ്ടതിന്‍റെ അനിവാര്യതയെക്കുറിച്ചും അദ്ദേഹം സചിപ്പിക്കുന്നുണ്ട്. അറബിയിലുള്ള പുസ്തകങ്ങള്‍ക്കു പുറമെ മാതൃഭാഷയിലുള്ള ഗഹനമായ അന്വേഷണങ്ങള്‍ ഉണ്ടാകണമെന്ന അദ്ദേഹത്തിന്‍റെ ആഹ്വാനം ശ്രദ്ധേയമാണ്. അനന്തരാവകാശ തര്‍ജമയില്‍ നിന്നും തുടര്‍ന്നു വായിക്കാം. ഇസ്ലാം ഉടപ്പിറപ്പുകളായ പ്രിയവായനക്കാര്‍ അല്‍പ വാചകത്തില്‍ ഒന്നു മനസ്സിരുത്തി ആലോചിക്കുക. നമ്മുടെ സ്വയം ഭാഷയായ മലയാളവാക്കില്‍ തര്‍ജമചെയ്യപെടുന്നത് എല്ലാം നിസാരമെന്നും അറബ് എഴുത്തിലുള്ള അറിവുകള്‍ മാത്രം സാരമെന്നും അതിനെ പഠിച്ചവര്‍ മാത്രം അറിവുകാര്‍ എന്നും സാധാരണ ബഹുജനം ധരിക്കുന്നു. ഇതു ഒരു ആലോചനക്ക് വക തന്നെ. അറബ് ഭാഷയില്‍ ആയത് ഹദീസ് മുതലായ അനേക സാരാര്‍ത്ഥങ്ങളെ എഴുതപ്പെട്ടു. അന്യഭാഷക്കാര്‍ക്ക് അതിനെ അവരവരുടെ വാചകത്തില്‍ പറയുകയോ എഴുതുകയോ ചെയ്തു കിട്ടാതെ എങ്ങനെ ഗ്രഹിക്കും. പേര്‍ഷ്യന്‍, ഹിന്ദി, തമിഴ് മുതലായ ഭാഷകളില്‍ അനേ കിതാബുകള്‍ ഉലമാക്കള്‍ കോര്‍വ്വ ചെയ്തു. പരോജനം അറിവ് സന്പാദിക്കുന്നു. അതിനാല്‍ മേല്‍ പറഞ്ഞ അഭിപ്രായ പിഴവില്‍ ആരും പെട്ടുപോകാതിരിക്കട്ടം.
അന്ത്യം
ഹിജ്റ 1338 ല്‍ ഹജ്ജ് യാത്രക്കിടെ ജിദ്ദയില്‍ വെച്ചാണ് കേരള മുസ്ലിം പരിഷ്കാരത്തിന് അനിര്‍വചനീയമായ സംഭാവനകളര്‍പിച്ച ശുജാഇ ഉസ്താദ് നിര്യാതനാവുന്നത്. അവിടെ തന്നെ ഖബ്ര്‍ സ്ഥിതി ചെയ്യുന്നതും.
ഉമൈര്‍ ചെറുമുറ്റം

You must be logged in to post a comment Login